ലഹരി, ആക്രമണം, കൊലപാതകം! കേരളത്തിലെ കൗമാരത്തിന് എന്തു പറ്റി

പി.വി അനിൽ പ്രിംറോസ്

2025 മാർച്ച് 15, 1446 റമദാൻ 14

ഏതൊരു അക്രമത്തിന്റെയും നാരായവേര് തേടിപ്പോയാൽ ചെന്നെത്തുന്നത് സിന്തറ്റിക് ലഹരിയുടെ ചാരത്തേക്കാണ്. വ്യക്തിയെ സ്വയം നശിപ്പിക്കുകയും മറ്റുള്ളവരുടെ സ്വസ്ഥജീവിതത്തിന് അലോസരം സൃഷ്ടിക്കുകയും ചെയ്യുന്ന ലഹരി ഇന്ന് കൗമാരക്കാരിലും വ്യാപകമായിരിക്കുന്നു. അവബോധത്തിന്റെ അഭാവവും നിയമത്തിന്റെ പഴുതുകളുമാണ് ആഘാതത്തിന്റെ വ്യാപ്തിക്ക് കാരണം.

സുരേശാ,
പുതിയ ചെല പുള്ളമ്മാര്ടെ പോക്ക് കാണ് മ്പോ എനക്ക്
വല്ലാണ്ട് പേട്യാവ്ന്ന്ണ്ട്.
ഇന്നലെ ഒര്ത്തൻ വണ്ടിക്ക് ചാടിച്ചത്തു.
മിനിഞ്ഞാന്ന് ഒര്ത്തി ഒര് കാരണവുമില്ലാതെ തൂങ്ങിച്ചത്തു.
കഴിഞ്ഞാഴ്ച ഒരുത്തിയെ ഒര്ത്തൻ വീട്ടിക്കയറി വെട്ടിക്കൊന്നു.
മര്ന്നടിച്ച് ബൈക്കോടിച്ച്
നട്‌റോട്ടിൽച്ചിതറിപ്പോയി വേറൊരുത്തൻ.’
‘മുമ്പൊക്കെ
കലയായിരുന്നു മ്മക്ക് ലഹരി,
പുകയിലയായിരുന്നില്ല.
പദ്യം ചൊല്ലലായിരുന്നു ലഹരി,
മദ്യം ചെല്ലലായിരുന്നില്ല.
കുഞ്ചൻ നമ്പ്യാരായിരുന്നു ലഹരി,
കഞ്ചാവായിരുന്നില്ല.
എം.ടിയായിരുന്നു ലഹരി,
എം.ഡി.എം.എയായിരുന്നില്ല.
മയക്കോവ്സ്‌ക്കിയായിരുന്നു ലഹരി,
മയക്കുമരുന്നും വിസ്‌കിയുമായിരുന്നില്ല.
ചങ്ങമ്പുഴയും
ചങ്ങാതിമാരുമായിരുന്നു ലഹരി,
ചരസ്സും ചാരായവുമായിരുന്നില്ല.’
(പോയത്തക്കാരുടെ പോയട്രി, സോമൻ കടലൂർ)

ആമുഖം

പ്രകൃതി സൗന്ദര്യവും ഉയർന്ന സാക്ഷരതാ നിരക്കും കൊണ്ട് ലോകപ്രശസ്തമായ നാടാണ് കേരളം. പക്ഷേ, അടുത്ത കാലത്ത് കേൾക്കുന്ന വാർത്തകളൊന്നും അത്ര ശുഭോദർക്കമല്ല- കൗമാരക്കാരിലും കുട്ടികളിലും കൊലപാതക പ്രവണതകളും അക്രമ വാസനകളും വർധിച്ചു വരുന്നു. ലഹരി അവരെ മുച്ചൂടും മുടിച്ചിരിക്കുന്നു. സമൂഹത്തിൽ ആപാദചൂഢം ആശങ്കയും ഭയവും ഗ്രസിച്ചിരിക്കുന്നു. പ്രശ്‌നത്തിന്റെ വ്യാപ്തി വിശകലനം ചെയ്‌ത്, വസ്തുതാപരമായ കണക്കുകളും വാർത്തകളും അവലംബിച്ച് ഇതിന്റെ കാരണങ്ങളും പരിഹാര മാർഗങ്ങളും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. കേരളത്തിന്റെ സാമൂഹിക ഘടനയിൽ ഈ പ്രവണത എങ്ങനെ പ്രതിഫലിക്കുന്നുവെന്നും ഇതിനെ നേരിടാൻ എന്തൊക്കെ നടപടികൾ സ്വീകരിക്കാമെന്നും ഗൗരവപരമായി ആലോചിക്കേണ്ടതുണ്ട്.

കുറ്റകൃത്യങ്ങളുടെ കണക്കുകൾ

കേരളത്തിൽ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്നതായുള്ള ഔദ്യോഗിക കണക്കുകൾ താഴെ പറയുന്ന പ്രകാരമാണ്: 2018ൽ ജയിലുകളിലെ അന്തേവാസികളുടെ എണ്ണം ഏകദേശം 7,500 ആയിരുന്നുവെങ്കിൽ, 2023-ഓടെ അത് 10,589 ആയി ഉയർന്നു. 2023ൽ കേരള പോലീസ് രജിസ്റ്റർ ചെയ്ത മൊത്തം 5,87,000 കേസുകളിൽ 1,04,493 എണ്ണം ലഹരി-അബ്കാരി കേസുകളാണ്, അതായത് മൊത്തം കേസുകളുടെ അഞ്ചിലൊന്നോളം. മൂന്ന് വർഷത്തിനിടെ ലഹരി സംബന്ധമായ കേസുകൾ ആറിരട്ടിയായി വർധിച്ചു- 2020ൽ 17,000ൽ താഴെ കേസുകൾ ഉണ്ടായിരുന്നത് 2023ൽ 1,04,493 ആയി ഉയർന്നു.

ഈ കണക്കുകൾ കേരളത്തിൽ കുറ്റകൃത്യങ്ങളുടെ വർധനവിനെ മാത്രമല്ല, പ്രത്യേകിച്ച് ലഹരിവസ്തുക്കളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ ആഴത്തെയും വ്യക്തമാക്കുന്നു.

ലഭ്യമായ, 2022ലെ NCRB ഡാറ്റ പ്രകാരം കൗമാരക്കാരിലെ കുറ്റകൃത്യങ്ങളുടെ കണക്ക് താഴെ പറയുന്ന പ്രകാരമാണ്:

മൊത്തം ജുവനൈൽ കുറ്റകൃത്യങ്ങൾ 443
IPC കുറ്റകൃത്യങ്ങൾ 328
കൊലപാതക ശ്രമം 7
പരിക്കേൽപിക്കൽ 44
കിഡ്‌നാപ്പിംഗ് 11
ലൈംഗിക അതിക്രമം 17
SLL കുറ്റകൃത്യങ്ങൾ 115
POCSO ആക്ട് 104

 

കൗമാരക്കാരുടെയും കുട്ടികളുടെയും പങ്കാളിത്തത്തെ കുറിച്ചുള്ള പുതിയ കണക്കുകൾ ലഭ്യമല്ലെങ്കിലും വൻതോതിൽ കൂടിയതായി വാർത്തകളിലൂടെ നമുക്ക് ബോധ്യപ്പെടും. ലഹരി ഉപയോഗവും അക്രമവും തമ്മിലുള്ള ബന്ധമാണ് യുവാക്കളുടെ പങ്കാളിത്തം വർധിക്കുന്നതിന് കാരണമായി അനുമാനിക്കാൻ കഴിയുന്നത്. മാത്രമല്ല, കേരള പോലീസിന്റെ റിപ്പോർട്ടുകൾ പ്രകാരം മൊത്തം കൊലപാതകങ്ങളുടെ എണ്ണത്തിൽ കൗമാരക്കാർ ഉൾപ്പെടുന്ന അക്രമ സംഭവങ്ങൾ ഗണ്യമായി വർധിച്ചിട്ടുണ്ട്.

ലഹരിവസ്തുക്കളുടെ ഉപയോഗവും ആഘാതവും

കേരളത്തിൽ ലഹരിവസ്തുക്കളുടെ ഉപയോഗം, പ്രത്യേകിച്ച് എം.ഡി.എം.എ (MDMA), മെത്താംഫെറ്റാമിൻ, കൊക്കെയ്ൻ തുടങ്ങിയ രാസലഹരിവസ്തുക്കൾ കൗമാരക്കാരിലും യുവാക്കളിലും വർധിച്ചുവരികയാണ്. ഈ ലഹരിവസ്തുക്കൾ മറ്റ് സംസ്ഥാനങ്ങളിൽനിന്നും വിദേശരാജ്യങ്ങളിൽനിന്നും കേരളത്തിലേക്ക് എത്തുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ലഹരിവസ്തുക്കൾ തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുകയും വ്യക്തികളുടെ പെരുമാറ്റത്തിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നു. ഉദാഹരണത്തിന്, എം.ഡി.എം.എ പോലുള്ള ലഹരിവസ്തുക്കൾ, അമിതമായ ആക്രമണോത്സുകത, ഭയത്തിന്റെ അഭാവം, നിയന്ത്രണം നഷ്ടപ്പെടൽ എന്നിവയ്ക്ക് കാരണമാകാറുണ്ട് എന്ന് പഠനങ്ങൾ തെളിയിക്കുന്നു.

കൗമാരക്കാരിൽ ലഹരി ഉപയോഗം വർധിക്കുന്നത് അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു. ഇത് അവരെ പഠനത്തിൽ പിന്നാക്കം വലിക്കുകയും കുടുംബബന്ധങ്ങളിൽ വിള്ളലുകൾ ഉണ്ടാക്കുകയും അക്രമാസക്തമായ പെരുമാറ്റത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. കേരളത്തിൽ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെടുന്നവരിൽ ഗണ്യമായ ശതമാനം 15-25 വയസ്സിനിടയിലുള്ളവരാണ് എന്നത് ഈ പ്രശ്‌നത്തിന്റെ ആഴം വ്യക്തമാക്കുന്നു. ലഹരി ഉപയോഗവും അക്രമവും തമ്മിലുള്ള ബന്ധം ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചതാണ്. ഇത് കേരളത്തിലെ കൗമാരക്കാരിലെ അക്രമണ പ്രവണതക്ക് പ്രധാന കാരണമായി കണക്കാക്കപ്പെടുന്നു.

2025ൽ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രധാന സംഭവങ്ങൾ

പുതുവർഷത്തിൽ ഏതാനും മാസങ്ങൾ പിന്നിടുമ്പോൾ മാത്രം വന്ന പ്രധാനപ്പെട്ട അക്രമ സംഭവങ്ങളുടെ റിപ്പോർട്ടുകൾ ശ്രദ്ധിക്കൂ:

1. കൊച്ചിയിലെ ബുള്ളിയിംഗ് മൂലമുള്ള ആത്മഹത്യ: 2025 ജനുവരിയിൽ കൊച്ചിയിൽ 15 വയസ്സുള്ള മിഹിർ അഹമ്മദ് എന്ന വിദ്യാർഥി സഹപാഠികളുടെ നിരന്തരമായ ഭീഷണി നിമിത്തം ആത്മഹത്യ ചെയ്തു. ഉമ്മയുടെ വെളിപ്പെടുത്തലനുസരിച്ച്, മിഹിറിനെ ശുചിമുറിയിലെ ക്ലോസറ്റിൽ തല മുക്കുകയും അവിടെനിന്ന് വെള്ളം കുടിപ്പിക്കാൻ നിർബന്ധിക്കുകയും ചെയ്തിരുന്നു. സ്‌കൂൾ അധികൃതർ ഈ ബുള്ളിയിംഗിനെതിരെ കടുത്ത നടപടി എടുക്കാത്തതും ആത്മഹത്യക്ക് ശേഷവും ആക്രമണം തുടർന്നതും വലിയ വിവാദമായി.

2. തിരുവനന്തപുരത്ത് ബസ്സിനുള്ളിൽ വിദ്യാർഥിയെ കുത്തിയ സംഭവം: 2025 ജനുവരിയിൽ തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർഥി സ്‌കൂൾ ബസ്സിനുള്ളിൽ വച്ച് ജൂനിയർ വിദ്യാർഥിയെ കത്തി ഉപയോഗിച്ച് കുത്തി പരിക്കേൽപിച്ചു. സ്‌കൂളിലെ ഒരു വാക്കേറ്റമാണ് ഈ ആക്രമണത്തിന് കാരണമായത്.

3. താമരശ്ശേരിയിലെ മുഹമ്മദ് ഷഹബാസിന്റെ കൊലപാതകം: 2025 ഫെബ്രുവരിയിൽ കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിൽ പത്താം ക്ലാസ്സ് വിദ്യാർഥിയായ മുഹമ്മദ് ഷഹബാസ് എന്ന 15 വയസ്സുകാരനെ സഹപാഠികൾ ക്രൂരമായി കൊലപ്പെടുത്തിയത് കേരളത്തെ ഞെട്ടിച്ച സംഭവമാണ്. ഒരു ട്യൂഷൻ സെന്ററിലെ വിടവാങ്ങൽ പരിപാടിക്കിടെ ഉണ്ടായ വാക്കേറ്റം വലിയ സംഘർഷത്തിലേക്ക് വഴിവയ്ക്കുകയും തെരുവിൽ നടന്ന ഏറ്റുമുട്ടലിൽ ഷഹബാസ് കൊല്ലപ്പെടുകയുമാണ് ചെയ്തത്.

4. തിരുവനന്തപുരത്ത് അഞ്ച് പേരെ കൊലപ്പെടുത്തിയ 23 വയസ്സുകാരൻ: 2025 മാർച്ചിൽ തിരുവനന്തപുരത്ത് യുവാവ് തന്റെ സഹോദരനടക്കം നാല് കുടുംബാംഗങ്ങളെയും കാമുകിയെയും ചുറ്റിക ഉപയോഗിച്ച് അടിച്ചുകൊന്ന സംഭവം കേരളത്തിൽ നടന്ന തുല്യതയില്ലാത്ത ക്രൂരതയുടെ നേർ സാക്ഷ്യമാണ്.

കാരണങ്ങൾ ചികയുമ്പോൾ

കേരളത്തിലെ കൗമാരക്കാരിലും കുട്ടികളിലുമുള്ള അക്രമ വാസനകൾ വർധിക്കുന്നതിന് പിന്നിലുള്ള കാരണങ്ങൾ ചികയുമ്പോൾ നാമെത്തിച്ചേരുന്നത് ഗൗരവപരമായ ചില വസ്തുതയിലേക്കാണ്:

a) ലഹരിവസ്തുക്കളുടെ ലഭ്യത

ലഹരിവസ്തുക്കളുടെ പ്രയാസരഹിതമായ ലഭ്യതയും പാർട്ടി സംസ്‌കാരത്തിന്റെ വളർച്ചയും കൗമാരക്കാരെ ഇതിലേക്ക് ആകർഷിക്കുന്നു.

b) കുടുംബഘടനയിലെ മാറ്റങ്ങൾ

ആധുനിക ജീവിതശൈലിയിൽ മാതാപിതാക്കൾ തിരക്കിലായതിനാൽ കുട്ടികളുടെ വൈകാരിക ആവശ്യങ്ങൾ പലപ്പോഴും അവഗണിക്കപ്പെടുന്നു. ഇത് കാലക്രമേണെ കുറ്റകൃത്യങ്ങളിലേക്ക് തള്ളിവിടുന്നു.

c) മാധ്യമങ്ങളുടെ സ്വാധീനം

ടെലിവിഷൻ, സിനിമ, വീഡിയോ ഗെയിമുകൾ എന്നിവയിലൂടെ അക്രമം മഹത്ത്വവത്കരിക്കപ്പെടുന്നത് കുട്ടികളുടെ മനസ്സിൽ അക്രമാസക്തമായ ചിന്തകളെ പ്രോത്സാഹിപ്പിക്കുന്നു.

പ്രത്യാഘാതങ്ങൾ വിലയിരുത്തുമ്പോൾ

a) വ്യക്തിഗത പ്രശ്‌നങ്ങൾ

കുട്ടികളുടെ മാനസികാവസ്ഥയിൽ വരുന്ന ഈ മാറ്റങ്ങൾ പഠന സമ്മർദം, സാമൂഹിക അസമത്വം, ഒറ്റപ്പെടൽ എന്നിവയിലേക്ക് നയിക്കുകയും കടുത്ത മാനസിക പ്രശ്‌നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. ഇത് പെരുമാറ്റ ദൂഷ്യത്തിലേക്ക് നയിക്കുന്നു.

b) മാനസികാഘാതം മറ്റുള്ളവരിലേക്കും

ദുഃശ്ശീലങ്ങൾ സഹപാഠികളിലേക്കും അടുത്തിടപഴകുന്ന മറ്റുള്ളവരിലേക്കും വ്യാപിക്കുന്നു. മറ്റ് കുട്ടികളിലും മാതാപിതാക്കളിലും ഇത്തരം സംഭവങ്ങൾ മാനസിക ആഘാതമുണ്ടാക്കുന്നു, ഇത് അവരുടെ ജീവിത നിലവാരത്തെ ബാധിക്കുകയും ക്രിയാത്മകമല്ലാത്ത ഭാവിയെ രൂപപ്പെടുത്തുകയും ചെയ്യും.

c) ഭാവി തലമുറയുടെ നഷ്ടം

അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കുട്ടികൾ അവരുടെ വിദ്യാഭ്യാസവും ഭാവിയും നഷ്ടപ്പെടുത്തുന്നു. അതുവഴി ക്രിയാത്മകമല്ലാത്ത ഒരു തലമുറയെ സൃഷ്ടിക്കുകയും സാമൂഹികമായ വിപത്തിലേക്ക് നാടിനെ വലിച്ചെറിയുകയും ചെയ്യുന്നു.

d) സാമൂഹിക ആഘാതം

കൗമാരക്കാരിലും കുട്ടികളിലും വർധിച്ചുവരുന്ന ഈ അക്രമ പ്രവണതകൾ വ്യക്തികളിൽനിന്ന് തുടങ്ങി സമൂഹത്തിൽ ആഴത്തിലുള്ള പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് ചുരുങ്ങിയ കാലത്തിനിടയിൽ വന്ന കേരളത്തിന്റെ സാമൂഹിക ഘടനയിൽ വന്ന മാറ്റം ശ്രദ്ധിച്ചാൽ മനസ്സിലാവും.

e) സുരക്ഷാ ഭീഷണി

ഇത്തരം സംഭവങ്ങൾ സമൂഹത്തിൽ ഭയത്തിന്റെയും അരക്ഷിതാവസ്ഥയുടെയും അന്തരീക്ഷം സൃഷ്ടിക്കുന്നു. അതുവഴി പരസ്പര വിശ്വാസമില്ലാത്ത കുടുംബകങ്ങൾ സൃഷ്ടിക്കപ്പെടുന്നു. നാടിനും നാട്ടാർക്കും രാജ്യത്തിന് തന്നെയും ഭീഷണിയായി ഇവർ പിന്നീട് മാറുകയും ചെയ്യുന്നു.

പരിഹാര മാർഗങ്ങൾ

കേരളത്തിന്റെ സാമൂഹിക ഘടനയെ തന്നെ അടിമുടി ദുർബലപ്പെടുത്തുന്നതിനാൽ അടിയന്തര ഇടപെടൽ ആവശ്യമാണ്. സർക്കാരും അധികാരികളും ഈ പ്രശ്‌നത്തെ നേരിടാൻ നിലവിൽ വിവിധ നടപടികൾ സ്വീകരിച്ചുവരുന്നു. അതോടൊപ്പം പൊതുജന പങ്കാളിത്തത്തെയും ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നതിലൂടെ മാത്രമെ ഫലപ്രദമായ പരിഹാരങ്ങൾ ഉയർന്നുവരൂ.

1. സർക്കാർ തല പരിഹാരങ്ങൾ

∙ ലഹരി വിരുദ്ധ പ്രചാരണവും നിയന്ത്രണവും

‘ഓപ്പറേഷൻ ക്ലീൻ’ പോലുള്ള പദ്ധതികൾ ശക്തിപ്പെടുത്തി ലഹരിവസ്തുക്കളുടെ വിതരണ ശൃംഖല തകർക്കുക. അതിർത്തി പരിശോധന കർശനമാക്കുക.

∙ സ്‌കൂൾ തല പരിപാടികൾ

‘വിമുക്തി’ പദ്ധതി വിപുലീകരിച്ച് എല്ലാ സ്‌കൂളുകളിലും ലഹരി വിരുദ്ധ ക്ലബ്ബുകൾ ആരംഭിക്കുക.

∙ ശിക്ഷാ നടപടികൾ

ലഹരി വിൽപനക്കാർക്ക് കർശന ശിക്ഷ ഉറപ്പാക്കുക, കൗമാരക്കാർക്ക് റിഹാബിലിറ്റേഷൻ സൗകര്യങ്ങൾ നൽകുക.

2. മാനസികാരോഗ്യ പിന്തുണ വർധിപ്പിക്കൽ

∙ കൗൺസിലിംഗ്

‘മനസ്’ പദ്ധതി വിപുലീകരിച്ച് എല്ലാ സ്‌കൂളുകളിലും കൗൺസിലർമാരെ നിയമിക്കുക.

∙ ഹോട്ട്‌ലൈൻ സേവനങ്ങൾ

24 മണിക്കൂറും പ്രവർത്തിക്കുന്ന മാനസികാരോഗ്യ ഹോട്ട്‌ലൈൻ ആരംഭിക്കുക.

∙ പരിശീലന പ്രോഗ്രാമുകൾ

അധ്യാപകർക്കും മാതാപിതാക്കൾക്കും കുട്ടികളുടെ മാനസിക പ്രശ്‌നങ്ങൾ തിരിച്ചറിയാനുള്ള പരിശീലനം നൽകുക.

3. പരിഹാരം കുടുംബങ്ങളിലേക്ക്

∙ കുടുംബ ബന്ധങ്ങൾ ശക്തിപ്പെടുത്തൽ

മാതാപിതാക്കൾക്ക് ബോധപൂർവം കുട്ടികളുമായി കൂടുതൽ സമയം ചെലവഴിക്കാൻ പ്രോത്സാഹനം നൽകുന്ന പദ്ധതികൾ ആവിഷ്‌കരിക്കുക.

∙ വർക്ക്‌ഷോപ്പുകൾ

കുടുംബങ്ങൾക്കായി പോസിറ്റീവ് പാരന്റിംഗ് വർക്ക് ഷോപ്പുകൾ സംഘടിപ്പിക്കുക.

∙ സാമൂഹിക പിന്തുണ

ഒറ്റപ്പെട്ട കുടുംബങ്ങൾക്ക് കമ്മ്യൂണിറ്റി പിന്തുണ ശൃംഖലകൾ ഒരുക്കുക.

4. മാധ്യമങ്ങൾക്ക് നിയന്ത്രണം

∙ മാധ്യമ സെൻസർഷിപ്പ്

അക്രമം മഹത്ത്വവത്കരിക്കുന്ന മാധ്യമ ഉള്ളടക്കങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തുക.

∙ അവബോധ പരിപാടികൾ

മാധ്യമ സാക്ഷരതാ ക്ലാസുകൾ സ്‌കൂളുകളിൽ നടപ്പാക്കുക, കുട്ടികളെ വിമർശനാത്മകമായി ചിന്തിക്കാൻ പഠിപ്പിക്കുക.

∙ പോസിറ്റീവ് ഉള്ളടക്കം

സമാധാനവും സഹകരണവും പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കാൻ മാധ്യമ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലേക്ക് സിസ്‌കഷൻസ് കൊണ്ടുവരിക.

5. വിദ്യാഭ്യാസ സമ്പ്രദായത്തിൽ മാറ്റങ്ങൾ

∙ പാഠ്യപദ്ധതി പരിഷ്‌കരിക്കുക

പഠന സമ്മർദം കുറയ്ക്കാൻ പാഠ്യപദ്ധതി പരിഷ്‌കരിക്കുക, മൂല്യബോധവും ഉത്തരാവാദിത്വ ചിന്തയും ഉൾക്കൊള്ളുന്ന പാഠങ്ങൾ ഉൾപ്പെടുത്തുക.

∙ ലൈഫ് സ്‌കിൽ പരിശീലനം

സ്‌കൂളുകളിൽ വൈകാരിക നിയന്ത്രണവും സംഘർഷ പരിഹാരവും പഠിപ്പിക്കുന്ന ക്ലാസുകൾ നടപ്പാക്കുക.

∙ സേഫ് സ്‌കൂൾ പദ്ധതി

സ്‌കൂളുകളിൽ അക്രമ വിരുദ്ധ അവബോധ പരിപാടികൾ ശക്തിപ്പെടുത്തുക.

6. നിയമപരമായ ഇടപെടലും പുനരധിവാസവും

∙ കൗമാരക്കാർക്കും ശിക്ഷ

കൗമാരക്കാർക്ക് ശിക്ഷയ്ക്ക് പകരം പുനരധിവാസവും കൗൺസലിംഗും നൽകുന്ന സിസ്റ്റം പുനഃപരിശോധിക്കുക. ആവശ്യ സമയങ്ങളിൽ മാതൃകാപരമായ ശിക്ഷയ്ക്ക് വിധേയമാക്കാവുന്ന വിധത്തിൽ നിയമത്തിൽ ഭേദഗതി കൊണ്ടുവരിക.

∙ ജുവനൈൽ ജസ്റ്റിസ് ബോർഡ്

ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കി, കുറ്റവാളികളെ നന്നാക്കിയെടുത്ത് സമൂഹത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ പദ്ധതികൾ ആവിഷ്‌കരിക്കുക.

∙ കമ്യൂണിറ്റി സർവീസ്

ചെറിയ കുറ്റങ്ങൾ അവഗണിക്കുന്നതിന് പകരം അവർക്ക് പണിഷ്‌മെന്റായി സാമൂഹിക സേവനം നിർബന്ധമാക്കുക.

7. സാമൂഹികവും സാമ്പത്തികവുമായ പിന്തുണ

∙ സാമ്പത്തിക സഹായം

കേരളീയ പശ്ചാത്തലത്തിൽ ദാരിദ്ര്യം പലപ്പോഴും തെറ്റിലേക്കുള്ള ചാലകശക്തിയായി മാറിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള കുടുംബങ്ങൾക്ക് കൃത്യമായ മോണിറ്ററിംഗോടെ ധന സഹായവും തൊഴിൽ അവസരങ്ങളും നൽകുക.

∙ യുവജന പദ്ധതികൾ

കൗമാരക്കാർക്ക് ക്രിയാത്മകമായി ഏർപ്പെടാൻ തക്ക കായിക, സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കുക. അതുവഴി മെച്ചപ്പെട്ട കൂട്ടായ്മകൾ രൂപപ്പെടുത്തുക.

∙ തൊഴിൽ പരിശീലനം

അഭ്യസ്തവിദ്യരും പ്രാപ്തിയുള്ളവരുമായ കൗമാരക്കാർക്ക് തൊഴിൽ പരിശീലന പദ്ധതികൾ ആരംഭിക്കുക.

ഉപസംഹാരം

കേരളത്തിലെ കൗമാരക്കാരിലും കുട്ടികളിലും വർധിച്ചുവരുന്ന കൊലപാതക പ്രവണതകളും അക്രമ വാസനകളും കനത്ത സാമൂഹിക വെല്ലുവിളി തന്നെയാണ്. ലഹരി ഉപയോഗം, മാനസിക പ്രശ്‌നങ്ങൾ, കുടുംബ ധ്രുവീകരണം എന്നിവയാണ് ഇതിന്റെ പ്രധാന കാരണങ്ങൾ. എന്നാൽ, ലഹരി നിയന്ത്രണം, മാനസിക പിന്തുണ, കുടുംബ ബന്ധങ്ങൾ ശക്തിപ്പെടുത്തൽ, വിദ്യാഭ്യാസ പരിഷ്‌കരണം... തുടങ്ങി വ്യത്യസ്തങ്ങളായ മാർഗങ്ങളിലൂടെ ക്രിയാത്മകമായി പരിശ്രമിച്ചാൽ ഈ പ്രശ്‌നം പരിഹരിക്കാൻ കഴിയുമെന്നതിന് സംശയമില്ല.

കേരളത്തിന്റെ സാമൂഹിക മൂല്യങ്ങൾ നിലനിർത്താനും ഭാവിതലമുറയെ സംരക്ഷിക്കാനും, മത-സാമൂഹിക-രാഷ്ട്രീയ-സന്നദ്ധ പ്രവർത്തകരുടെ ഒരുമിച്ചുള്ള ശ്രമം അനിവാര്യമാണ്. അതിലൂടെ മാത്രമെ പുതിയ തലമുറയെയും അതുവഴി ഭാവി കേരളത്തെയും രക്ഷിച്ചെടുക്കാൻ സാധിക്കൂ. ദുഷ്‌കൃത്യങ്ങളുടെ ആധിക്യം കണ്ട് ‘ദുഷ് പ്രഭുപ്പുലയാടികൾ പാർക്കും ഇപ്പുരയ്ക്കിടിവെട്ടു കൊള്ളട്ടെ’ എന്ന് പ്രാകി ഇറങ്ങിപ്പോകുന്നതിന് പകരം ശുഭാപ്തി വിശ്വാസം കൈവെടിയാതിരിക്കുക എന്നതാണ് ഗുണപരമായ മാറ്റത്തിലേക്കുള്ള ആദ്യ ചുവട് എന്ന് നാം തിരിച്ചറിയുക.

‘സുരേശാ എന്താന്നറിയില്ല,
മ്മളെ കാലത്തിന്റെ പോക്ക് കണ്ടിറ്റ്
എനക്ക് ഒര് എത്തും പിടീം കിട്ട്ന്നില്ല
ഇപ്പം ഞാൻ വിചാരിക്കുന്നത് -
പൊത്തന കത്തിച്ചാമ്പലായ ഒര് പൊരേന്റുള്ളില്
പെട്ടുപോയിട്ടും ആരെങ്കിലും
തീ കെട്ത്താൻ വെരും വെരും എന്ന് കാത്തിരിക്കുന്ന പോയത്തക്കാരാണ് മ്മളൊക്കെ എന്ന്...’
‘എന്നാലും വെര്മായിരിക്കും
കവിതയും കരുണയുമായി
ആരെങ്കിലും...’
(പോയത്തക്കാരുടെ പോയട്രി, സോമൻ കടലൂർ)