ലിബറൽ സാംസ്‌കാരിക ഫാസിസത്തോട് ഒത്തുതീർപ്പിനില്ല
ഡോ. അബ്ദുല്ല ബാസിൽ
2025 ജൂലൈ 05, 1447 മുഹറം 09

കൊറോണ വൈറസിനെ തുരത്താൻ പാത്രം കൊട്ടൽ, സ്‌കൂൾ ടൂർ ആക്‌സിഡന്റുകൾ സംഭവിക്കാതിരിക്കാൻ ബസ്സിന്റെ പെയിന്റ് മാറ്റൽ തുടങ്ങിയ പ്രശ്‌നപരിഹാരമാർഗങ്ങൾക്കു ശേഷം അവതരിപ്പിക്കപ്പെട്ട ഒന്നാണ് ‘ലഹരി ഇല്ലാതാക്കാൻ സൂംബാ ഡാൻസ്!’ എന്നത്.
വളരെ വിശാലമായ കാര്യകാരണങ്ങളുള്ള, പല തലങ്ങളിൽ പരിഹാരങ്ങൾ ആവശ്യമുള്ള ഒരു വിഷയത്തെ എത്ര നിസ്സാരമായാണ് നമ്മുടെ സംവിധാനങ്ങൾ കണ്ടതും പരിഹാരം അടിച്ചേൽപിക്കുന്നതും! വേറെ ഒരു പരിഹാരമാർഗവുമില്ലേ?
1. ‘സ്ട്രസ് റിലീഫ്’ ആണ് ഉദ്ദേശ്യമെങ്കിൽ നിലവിലുള്ള കായിക പരിശീലനങ്ങൾ
കാര്യക്ഷമമാക്കാനുള്ള നടപടികളായിരുന്നു എടുക്കേണ്ടിയിരുന്നത്. ആ വഴിക്കു ചിന്തിക്കാതെ ഡാൻസ് കളിപ്പിക്കാനിറങ്ങുന്നത് ഒരുതരം പ്രഹസനമാണ്.
2. ഒരു പഠനവും അന്വേഷണവുമില്ലാതെ ഏതെങ്കിലുമൊരിനം എല്ലാവരിലും അടിച്ചേൽപിക്കുന്നതിന് പകരം ചോയ്‌സ് നൽകുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. പങ്കെടുക്കാൻ താൽപര്യമില്ലാത്തവർക്ക് മറ്റു തീരുമാനങ്ങളെടുക്കാൻ സ്വാതന്ത്ര്യം നൽകാതിരിക്കൽ ശരിയായ നിലപാടല്ല.
3. വാസ്തവത്തിൽ ഇന്നത്തെ തലമുറയെ ഗ്രസിച്ചിരിക്കുന്ന വലിയ ലഹരി ‘പ്ലഷർ സീക്കിങ്’ ആണ്. അതിന് ജീവിതത്തെ കുറിച്ചുള്ള സമൂലമായ കാഴ്ചപ്പാടുകൾ നൽകുകയും ഇൻസ്റ്റന്റ് ഗ്രാറ്റിഫിക്കേഷന്റെ പ്രശ്‌നങ്ങൾ ബോധ്യപ്പെടുത്തൽ പോലുള്ള ആഴത്തിലുള്ള പരിഹാരങ്ങളുമാണാവശ്യം. അതിനുപകരം മറ്റൊരു ഇൻസ്റ്റന്റ് ഗ്രാറ്റിഫിക്കേഷനുള്ള അവസരമുണ്ടാക്കിക്കൊടുത്താൽ എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച് ആലോചിക്കുക; കുട്ടികൾ നന്നായി ഡാൻസ് കളിക്കും, അത് കഴിഞ്ഞാൽ അടുത്ത പ്ലഷർ തേടിപ്പോകും!
പൊതുവിൽ ഇത്തരം കൺസേർണുകൾ മുസ്‌ലിംകളുടെ ഭാഗത്തുനിന്നുണ്ടാകുമ്പോൾ മാധ്യമപ്രവർത്തകർക്കുണ്ടാകുന്ന ഒരുതരം അസ്‌ക്യതയാണ് പല ചാനൽ ചർച്ചകളിലും കണ്ടത്. ‘ഗവണ്മെന്റ് ഒരു തീരുമാനമെടുത്താൽ മതപരമായ കാരണങ്ങൾ കൊണ്ട് എതിർക്കുകയോ, നിങ്ങൾക്ക് മാത്രമെന്താ ഇങ്ങനെ’ എന്നൊക്കെ എന്ന് അവർ വിസ്മയം കൊള്ളുന്നത് കാണുമ്പോൾ നമുക്ക് വിസ്മയം തോന്നുന്നു!
24 ചാനലിലെ ചർച്ചയിൽ ആങ്കറുടെ ‘വിചാരണ’ കഴിഞ്ഞപ്പോൾ ഞാൻ ആലോചിച്ച ഒരു കാര്യമുണ്ട്; ഞാനാണോ ഈ സൂംബാ ഭൂതത്തെ ഇവിടേക്ക് കൊണ്ടുവന്നത്? സർക്കാർ ഒരു പരിഷ്‌കാരം കൊണ്ടുവരുന്നു, അതിനെതിരെ വിമർശനമുയരുന്നു. ഇത്തരം ഘട്ടത്തിൽ പരിഷ്‌കാരം കൊണ്ടുവന്നവരെ വിളിച്ചല്ലേ അതിന്റെ ഗുണദോഷങ്ങൾ ചോദിച്ചറിയേണ്ടത്? ശാസ്ത്രീയ പഠനങ്ങൾ ചോദിക്കേണ്ടത്? ജനകീയ ചർച്ചകൾ നടന്നോ എന്നന്വേഷിക്കേണ്ടത്? വിമർശിക്കുന്നവരെ മാത്രം വിളിച്ചുവരുത്തി വിചാരണ ചെയ്യുന്നതാണോ മാധ്യമങ്ങളുടെ ഉത്തരവാദിത്തം? ചിലർക്ക് താൽപര്യമില്ലാത്തത്, ഒട്ടും അനിവാര്യമല്ലാത്തത് എന്തിന് അടിച്ചേൽപിക്കുന്നു എന്നൊക്കെ വിചാരണ ചെയ്യേണ്ടത് ജനാധിപത്യ മര്യാദകളെ കാറ്റിൽ പറത്തിയ അധികാരികളെ വിളിച്ചിരുത്തിയല്ലേ?
പുരോഗമനം എന്ന പേരിൽ എന്തു കൊണ്ടുവന്നാലും കണ്ണുംപൂട്ടി സ്വീകരിക്കുന്നവർ ഉണ്ടായേക്കാം. പക്ഷേ, എല്ലാവരും അങ്ങനെയല്ല. കൃത്യമായ കൾച്ചറൽ എലമന്റുകളുള്ള ഒന്ന് അടിച്ചേൽപിക്കാൻ ശ്രമിച്ചാൽ ആ കൾച്ചറിനോട് വിയോജിപ്പുള്ളവർ പ്രതികരിക്കുകതന്നെ ചെയ്യും.
‘ഏത് ലോകത്താണ് ഇവരൊക്കെ ജീവിക്കുന്നത്’ എന്ന് ആശ്ചര്യപ്പെട്ട മാധ്യമ പ്രവർത്തകൻ അരുൺകുമാർ എന്തിനാണ് യുക്തിവാദി നേതാക്കളുടെ കൂടെ യോഗയെ എതിർത്ത് യുദ്ധം നയിച്ചത്? യോഗയുടെ രീതികളോടും അതിൽ അന്തർലീനമായിട്ടുള്ള കൾച്ചറൽ എലമെന്റുകളോടും വിയോജിപ്പാവാമെങ്കിൽ സൂംബയോടുമാവാം.
ആ കൾച്ചറൽ എലമെന്റുകളിൽ വസ്ത്രവും സംഗീതവും ആൺ-പെൺ ഇടകലരലുമെല്ലാം വരും. സൂംബ പഠിപ്പിക്കാൻ അധ്യാപകർ വഴി കുട്ടികൾക്ക് അയച്ച വീഡിയോകളിലെ വസ്ത്രധാരണത്തെ പറ്റി ആശങ്ക തോന്നുന്നവർ അതും പറയുക തന്നെ ചെയ്യും. പുരോഗമന കൊട്ടാരങ്ങൾക്ക് ഇളക്കം തട്ടുമോ എന്നു ഭയന്ന് അത് മൂടിവെക്കണം എന്ന തിട്ടൂരമൊന്നും ഇനിയങ്ങോട്ട് ചെലവാകില്ല.
കൊറോണക്ക് പാത്രം മുട്ടിനെ എതിർത്തവർ രാജ്യദ്രോഹി! ലഹരിക്ക് സൂംബാ ഡാൻസിനെ എതിർക്കുന്നവർ തീവ്രവാദി! ജനങ്ങൾ ഇതെല്ലാം നിരീക്ഷിക്കുന്നുണ്ട്. കേരളത്തിലെ പൊതുസമൂഹത്തെ നിരീക്ഷിക്കുന്നവരോടും സാധാരണക്കാരോടും ഒരപേക്ഷയുണ്ട്; വിവിധ ചാനലുകളിൽ ഈ വിഷയത്തിൽ നടന്ന ചാനൽ ചർച്ചകൾ നിങ്ങൾ ഒരു പഠനത്തിന്റെ ഭാഗമായി ഇരുന്ന് കാണണം.
സമൂഹത്തിലെ ഒരു വിഭാഗത്തിൽനിന്ന് സർക്കാർ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഒരു വിയോജിപ്പ് വരുന്നു. അതിനോട് യോജിക്കാം, വിയോജിക്കാം. പ്രസ്തുത വിഷയത്തെ അതിന്റെ മെറിറ്റിൽ ചർച്ചയുമാവാം. അതിശക്തമായി സൂംബയെ എതിർക്കുന്നവരുടെ വാദങ്ങളെ ‘പൊളിച്ചടുക്കി’ വിജയഭേരി മുഴക്കുകയുമാവാം.
ഏഷ്യാനെറ്റിലും റിപ്പോർട്ടറിലും നടന്ന ചർച്ചകൾ ശ്രദ്ധിക്കുക. വിശ്വാസത്തിന്റെ ഭാഗമായി എന്തിനോടെങ്കിലും എതിർപ്പ് പ്രകടിപ്പിക്കുന്നതിനോടുള്ള പുച്ഛവും പരിഹാസവും നിറഞ്ഞതായിരുന്നു അവതാരകരുടെ സംസാരങ്ങൾ. ലഹരിക്കെതിരെ സൂംബ പരിഹാരമാണോ എന്ന വിഷയത്തെ കുറിച്ച് ചർച്ച വെക്കുകയും പ്രസ്തുത പരിഷ്‌കാരം നടപ്പിലാക്കിയതിന്റെ രീതിയെ പറ്റിയും അതിനോടുള്ള സാംസ്‌കാരികമായ വിയോജിപ്പിനെ പറ്റിയുമെല്ലാം പറയുമ്പോൾ ഒരു മിനുട്ട് പോലും സംസാരിച്ച് പൂർത്തിയാക്കാൻ സമ്മതിക്കാതെ ഇടപെടുകയായിരുന്നു അവതാരകർ. അതേസമയം; സൂംബയെ അനുകൂലിക്കുന്ന ഒരാൾക്ക് വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത, പണ്ടത്തെ കളർ ടിവി വാങ്ങിയ കഥയും ഹജ്ജിന് പോയ ‘പുരാണവും’ രണ്ടാം നിക്കാഹ് ചെയ്ത അനുഭവവുമടക്കം പറയാൻ അഞ്ചും പത്തും മിനുട്ട് സമയം നൽകുന്നു. അത് ആസ്വദിച്ച് കേൾക്കുന്ന അവതാരകർ വിഷയവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ നാം പറയുമ്പോൾ ചാടിക്കേറി ഇടപെടുന്നു!
മതരഹിതരും മതസമൂഹത്തെ പരിഹാസത്തോടെ കാണുന്നവരുമായ ഇത്തരക്കാരുടെ മുന്നിൽ മുസ്‌ലിം വിശ്വാസങ്ങളും കർമശാസ്ത്രവുമടക്കം സമർപ്പിച്ച് ‘അപ്രൂവൽ’ വാങ്ങണമത്രെ! സ്മൃതിക്കും സിപിഎം നേതാവിനും എന്താണ് തസ്‌വീർ എന്നും അതിൽ ഫോട്ടോ എടുക്കൽ പെടുമോ ഇല്ലേ എന്നുമൊക്കയുള്ള കർമശാസ്ത്ര മസ്അല ടിവി ചർച്ചയിൽ ബോധ്യപ്പെടുത്തിക്കൊടുക്കണമത്രെ!
ഇടയ്ക്ക് സിപിഎം നേതാവ് അരുൺകുമാർ പരിഹാസത്തോടെ ചോദിച്ചത് ‘മുസ്‌ലിം വിശ്വാസത്തിൽ ഭൂമി ഉരുണ്ടതാണോ പരന്നതാണോ’ എന്നാണ്! സൂംബ ഡാൻസ് ലഹരിക്ക് പരിഹാരമായി കൊണ്ടുവന്നതിനെ എതിർത്തതിനാണ് ഞാൻ അരുൺകുമാറിന് ക്വുർആനിലെ ഭൂമിയുടെ ആകൃതി ബോധ്യപ്പെടുത്തിക്കൊടുക്കേണ്ടത്!
ഒരു സമുദായത്തോടും അവരുടെ വിശ്വാസ, ആചാര, അനുഷ്ഠാനങ്ങളോടും ഇത്രമാത്രം പുച്ഛവും പരിഹാസവും പേറി നടക്കുന്നവർ മുസ്‌ലിംകൾ അടക്കമുള്ള പൊതു ഇടങ്ങളിൽ തന്നെയല്ലേ ജീവിക്കുന്നതും പ്രവർത്തിക്കുന്നതും എന്നോർത്ത് അത്ഭുതം തോന്നി. അത്തരം മുഖംമൂടികൾ അഴിഞ്ഞുവീഴുന്നത് നല്ലതാണ്.
സാംബയും സൂംബയും മാറിപ്പോയതാവാം എന്ന പരിഹാസത്തിന് ‘നിങ്ങളുടെ ആദർശപ്രകാരം സാംബ തന്നെയാണെങ്കിൽ എന്താ പ്രശ്‌നം’ എന്ന് ചോദിച്ചപ്പോൾ സിപിഎം പ്രതിനിധിക്കും ആങ്കറിനും അതും ഒരു പ്രശ്‌നമായിരുന്നില്ല. സൂംബ ഒരു മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും ഇവരുടെ ഇത്തരം തോന്ന്യാസങ്ങൾ മുഴുവൻ പാവപ്പെട്ട പൊതുവിദ്യാലയങ്ങളിലെ കുട്ടികളിൽ അടിച്ചേൽപിക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നും തിരിച്ചറിയുന്നത് നല്ലതാണ് .
ലിബറൽ സാംസ്‌കാരിക ഫാസിസം അടിച്ചേൽപ്പിക്കുന്ന എന്തിനോടും അഡ്ജസ്റ്റ് ചെയ്യാനും കോമ്പ്രമൈസ് ചെയ്യാനും ഉപദേശിക്കുന്നവർ ഈ വിഷയത്തിൽ നടന്ന ചർച്ചകളിൽ ഇടത് പ്രതിനിധികളുടെയും ചാനൽ അവതാരകരുടെയും മനോനിലയും കാഴ്ചപ്പാടും പരിശോധിച്ച് എത്രകാലം, എത്രത്തോളം അഡ്ജസ്റ്റ് ചെയ്യാനാണ് തീരുമാനം എന്നാലോചിക്കുന്നത് നല്ലതാണ്.

