ബഹുസ്വരതയുടെ നിരാകരണവും ഫാസിസത്തെ മാതൃകയാക്കലും
മുജീബ് ഒട്ടുമ്മൽ
2025 നവംബർ 08, 1447 ജമാദുൽ അവ്വൽ 17

മാനവചരിത്രത്തിൽ തുല്യതയില്ലാത്തവിധം കോടിക്കണക്കിന് മനുഷ്യരെ കൊന്നുതള്ളിയ സ്വേഛാധി പതികളായ ഹിറ്റലറെയും മുസോളനിയെയും മാതൃകയാക്കിയാണ് ആർഎസ്എസ് പ്രവർത്തിക്കുന്നത്. അതിന്റെ രൂപീകരണ ലക്ഷ്യവും അതിനു വേണ്ടിയുള്ള ആചാര്യൻമാരുടെ സഞ്ചാരവും ഇതിന് വ്യക്തമായ തെളിവുകളാണ്.
1931 മാർച്ച് 15 മുതൽ 24 വരെ ആർഎസ്എസ് സൈദ്ധാന്തികനും ഹിന്ദു മഹാസഭ നേതാവുമായ ബി.എസ് മൂഞ്ചെ ഇറ്റലി സന്ദർശിക്കുകയുണ്ടായി. അക്കാലത്ത് ഇറ്റലിയുടെ പ്രധാനമന്ത്രിയായിരുന്ന ബെനിറ്റോ മുസോളനിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. രാജ്യത്തെ സൈനികവൽകരിക്കുന്നതിനുള്ള ഫാസിസ്റ്റ് മാർഗങ്ങളെകുറിച്ച് പഠിക്കാനായിരുന്നു അദ്ദേഹം കൂടുതൽ സമയം കണ്ടെത്തിയത്. ഇറ്റലി യിൽ നിലവിലുണ്ടായിരുന്ന ഫാസിസ്റ്റ് യുവജന സംഘടനയായ ‘ഓപ്പറ നാസിയേണലെ ബലില്ല’ (Opera Nazionale Balilla) പോലുള്ള സൈനിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ മൂഞ്ചെ സന്ദർശിച്ചു. ഇറ്റലിയെ സൈനികമായി പുനരുജ്ജീവിപ്പിക്കാൻ നടപ്പിലാക്കിയ പദ്ധതികളെക്കുറിച്ച് അദ്ദേഹം നേരിട്ട് മനസ്സിലാക്കി.
ഇന്ത്യക്കാരെ പോലെ പൊതുവെ സമാധാന പ്രേമികളായ ഇറ്റലിക്കാരെ സൈനിക ശക്തിയുള്ളവരാക്കി മാറ്റാൻ മുസോളനി ‘വലില്ലാ’ എന്ന സംഘടന രൂപീകരിച്ചതായി മൂഞ്ചെ തന്റെ ഡയറിക്കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ആശയം ഹിന്ദുക്കളുടെ സൈനിക പുനരുജ്ജീവനത്തിന് ഇന്ത്യയിലും ആവശ്യമാണെന്ന് അദ്ദേഹം വിലയിരുത്തുകയുണ്ടായി. അങ്ങനെ ഇറ്റലിയിലെ ഫാസിസ്റ്റ് സംഘടനകളിൽ ആകൃഷ്ടനായി ഇന്ത്യയിലും സമാനമായ ഒരു സൈനികവൽക്കരണ പ്രസ്ഥാനം ആരംഭിക്കാൻ അദ്ദേഹം തീരുമാനിച്ചു. ഇന്ത്യയിലെ ആഭ്യന്തരവും ബാഹ്യവുമായ ഭീഷണികളെ നേരിടാൻ ഹിന്ദുസമൂഹത്തെ സൈനികമായി സജ്ജമാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഇറ്റലി സന്ദർശനത്തിനുശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ മൂഞ്ചെ നാസിക്കിൽ ഭോൻസാല മിലിട്ടറി സ്‌കൂൾ സ്ഥാപിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘവും (ആർഎസ്എസ്) പിന്നീട് ഈ മാതൃക പിന്തുടർന്ന് കൂടുതൽ വിപുലമായ സംഘടനാ സംവിധാനങ്ങളും രൂപീകരിച്ചിട്ടുണ്ട്. ഈ കൂടിക്കാഴ്ചയും അതിലെ ചർച്ചകളും മൂഞ്ചയുടെ രാഷ്ട്രീയ വീക്ഷണങ്ങളെയും തുടർന്നുള്ള പ്രവർത്തനങ്ങളെയും കാര്യമായി സ്വാധീനിച്ചു എന്നാണ് ചരിത്രകാരന്മാർ വിലയിരുത്തുന്നത്.
ഗോൾവാൾകറുടെ രചനയിലും ഫാസിസം
‘യഹൂദർ മനുഷ്യരല്ല: അവർ ജീർണതയുടെ പ്രതിരൂപങ്ങളായ പിശാചുക്കളാണ്.’
ലക്ഷക്കണക്കിന് ജൂതരെ കൂട്ടക്കൊല ചെയ്യുന്നത് കണ്ടു മനസ്സുമടുത്ത ഫാസിസ്റ്റുകൾക്കിടയിൽ തന്നെയുള്ള, പൂർണമായും മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ഒരു യുവാവ് ‘യഹൂദരും മനുഷ്യരല്ലേ’ എന്ന് പതുക്കെ ചോദിച്ചപ്പോൾ ജോസഫ് ഗീബൽസ് പറഞ്ഞ വാക്കുകളാണിത്. രാജ്യത്തുള്ള ജനങ്ങളിൽ നിന്ന് ഒരു പ്രത്യേക ശത്രുവിനെ സൃഷ്ടിച്ച് ആ ശത്രുവിനെ കുറിച്ചു കൃത്രിമ ഭീതി പടർത്തുകയെന്നത് ഫാസിസത്തിന്റെ മുന്നോട്ടുള്ള ഗമനത്തിന് ഉപയോഗപ്പെടുത്തുന്ന ഒരു തന്ത്രമാണ്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ കുറിച്ച് ഭീതി പടർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ആർഎസ്എസിന്റെ നേതൃത്വത്തിലുള്ള സംഘപരിവാരങ്ങൾ എല്ലാം മാർഗങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ട്. ഇന്ത്യൻ ബഹുസ്വരതയെ ദുർബലമാക്കുക എന്നത് അവരുടെ പ്രധാനമായ അജണ്ടയാണ്. ഇന്ത്യയുടെ വൈവിധ്യമാർന്ന ചരിത്രത്തെയും സംസ്‌കാരത്തെയും ഏകപക്ഷീയമായ ‘ഹിന്ദു’ കാഴ്ചപ്പാടിലേക്ക് ഒതുക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ലോകത്തെ ഞെട്ടിച്ചുകൊണ്ട് ലക്ഷക്കണക്കിന് ജനങ്ങളെ അതിക്രൂരമായി കൊന്നുകളഞ്ഞ ഫാസിസത്തെയും നാസിസത്തെയും ആദർശമായി സ്വീകരിച്ചുകൊണ്ടാണ് സംഘപരിവാരങ്ങൾ ഇന്ത്യയിൽ കരുക്കൾ നീക്കുന്നത്.
ആർഎസ്എസിന്റെ ദാർശനികമായ മാതൃകാ പുരുഷൻമാർ ബെനിറ്റോ മുസോളനിയും അഡോൾഫ് ഹിറ്റ്‌ലറുമാണെന്നർഥം. ഹിറ്റ്‌ലർ തന്റെ ‘മെയിൻകാഫി’ലെഴുതിയത് ഇങ്ങനെയാണ്: “ആൽപസ് പർവത നിരയുടെ ദക്ഷിണ ഭാഗത്ത് ഉദിച്ചുയർന്നുവന്ന മഹാനായ വ്യക്തിയെക്കുറിച്ച് എന്റെ മനസ്സിൽ അങ്ങേയറ്റം ആഴമുള്ള ആരാധനാഭാവം വേറിട്ടു വന്ന കാര്യം ഞാൻ മറച്ചുവെക്കുന്നില്ല. സ്വന്തം ജനതയോടുള്ള കറ തീർന്ന സ്‌നേഹം മുൻനിറുത്തി മാതൃ രാജ്യത്തിന്റെ ശത്രുക്കളുമായി ഒത്തുതീർപ്പ് ഉണ്ടാക്കാൻ വിസമ്മതിക്കുകയും അവരെ ഉന്മൂലനാശം വരുത്താൻ നാനാപ്രകാരേണ യത്‌നിക്കുകയും ചെയ്യുന്ന മഹാനായ ബെനിറ്റോ മുസോളനിയാണ് എന്റ മനസ്സിൽ ഈ ഭൂമുഖത്തെ ഏറ്റവും മഹാന്മാരായ വ്യക്തികളുടെ മുൻനിരയിൽ, അദ്ദേഹം മാനിക്കപ്പെടും.’’
സംസ്‌കാരങ്ങളുടെയും വംശങ്ങളുടെയും വൈവിധ്യങ്ങളെ നിരാകരിച്ച് ഏകാത്മകത സാധ്യമാ ക്കുക എന്നതാണ് ഹിറ്റ്‌ലർ, മുസോളിനി പോലെയുള്ള സ്വേഛാധിപതികളുടെ ദർശനം. അതേ ഹിംസാത്മക പാതയിലൂടെ സഞ്ചരിക്കാനാണ് സംഘ്പരിവാര ആചാര്യൻ ഗോൾവാൾക്കറും ലക്ഷ്യമിട്ടത്.
‘ജർമനി അതിന്റെ വംശത്തിന്റെയും സംസ്‌കാരത്തിന്റെയും പരിശുദ്ധി കാത്തുസൂക്ഷിക്കുന്നതിന് വേണ്ടി സെമിറ്റിക് മതങ്ങളെ -ജൂതന്മാരെ -ഉച്ഛാടനം ചെയ്തുകൊണ്ട് ലോകത്തെ ഞെട്ടിച്ചു. വംശാഭിമാനം അതിന്റെ പരമകാഷ്ഠയിൽ പ്രത്യക്ഷീഭവിക്കുകയായിരുന്നു അവിടെ. അടിവേരോളം ഭിന്നതകൾ ഉള്ള മതങ്ങളെയും സംസ്‌കാരങ്ങളെയും ഒരു ഐക്യപൂർണിമയിൽ ഏകീകരിക്കുക എത്രകണ്ട് അസാധ്യമാണെന്ന് ജർമനി കാണിച്ചുതന്നിരിക്കുന്നു. അത് ഹിന്ദുസ്ഥാനിലെ നമുക്ക് പഠിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യാവുന്ന നല്ലൊരു പാഠമാണ്’’ (വി ഓർ അവർ നാഷ്യൻ ഹുഡ് ഡിഫൈൻഡ്).
ജർമനിയുടെ മണ്ണിൽ ജർമനിയുടെ ഉപ്പും ചോറും തിന്ന് ജീവിക്കുന്ന യഹൂദർക്ക് ജർമനി ഒരിക്കലും പിതൃരാജ്യമായിരുന്നില്ലെന്ന ചിന്ത തന്നെ വിറളി പിടിപ്പിച്ചിരിക്കുന്നു എന്നും ഹിറ്റ്‌ലർ എഴുതിയ വരികളിൽ ഉണ്ട്. ഗോൾവാൾക്കർ വിചാരധാരയിൽ ഇതേ വികാരം തന്നെ ആവർത്തിക്കുന്നുമുണ്ട്: “അവർ (മുസ്‌ലിംകൾ, ക്രിസ്ത്യാനികൾ) ഈ നാട്ടിലാണ് ജനിച്ചത്, സംശയമില്ല. പക്ഷേ, ഈ നാടിനോട് കൂറുള്ളവരാണോ? തങ്ങൾ വളർത്തിക്കൊണ്ടുവരുന്ന ഈ നാടിനോട് കൃതജ്ഞതയുള്ളവരാണോ അവർ? തങ്ങൾ ഈ നാടിന്റെയും അതിന്റെ പാരമ്പര്യത്തിന്റെയും സന്താനങ്ങളാണെന്നും അതിനെ സേവിക്കുവാൻ അവസരം കിട്ടുന്നത് മഹാഭാഗ്യമാണെന്നും അവർക്ക് തോന്നുന്നുണ്ടോ? ഈ മാതൃഭൂമിയെ സേവിക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് അവർ കരുതുന്നുണ്ടോ? ഇല്ല, അവരുടെ കണ്ണിൽ തങ്ങളുടെ അനിയന്ത്രിത വാഴ്ച സ്ഥാപിക്കപ്പെട്ട സ്ഥലം മാത്രം.’’
നാസിസത്തിൽനിന്നും ഫാസിസത്തിൽനിന്നും ആശയം ഉൾക്കൊണ്ട് രാജ്യത്തെ മതന്യൂനപക്ഷ ങ്ങളെ അരികുവൽകരിക്കാനും തങ്ങളുടെ ചൊൽപടിക്ക് നിർത്താനും ഗോൾവാൾക്കർ തന്റെ രചനയിലൂടെ ആഹ്വാനം നൽകുകയാണ്:
“ഹിന്ദുസ്ഥാനിലെ അഹിന്ദുക്കൾ ഒന്നുകിൽ ഹിന്ദു സംസ്‌കാരവും ഭാഷയും സ്വീകരിക്കണം. ഹിന്ദു മതത്തെ ബഹുമാനിക്കാനും ആദരവോടെ നിലനിർത്താനും പഠിക്കണം. ഹിന്ദു വംശത്തെയും സംസ്‌കാരത്തെയും മഹത്ത്വപ്പെടുത്തുക എന്ന ആശയം മാത്രമെ സ്വീകരിക്കാവൂ-ഒറ്റവാക്കിൽ പറഞ്ഞാൽ അവർ വിദേശികളാകുന്നത് അവസാനിപ്പിക്കണം. അല്ലെങ്കിൽ രാജ്യത്ത് തന്നെ തുടരണം. ഹിന്ദു രാഷ്ട്രത്തിന് പൂർണമായും കീഴ്‌പ്പെട്ട്, ഒന്നും അവകാശപ്പെടാതെ, ഒരു പ്രത്യേകാവകാശത്തിനും അർഹതയില്ലാതെ, വളരെ കുറച്ച് പോലും മുൻഗണനാ പരിഗണനയ്ക്ക് അർഹതയില്ലാതെ-പൗരാവകാശങ്ങൾ പോലും അർഹിക്കാതെ’’ (we or our nationhood difined).
ബഹുസ്വരതയെ നിരാകരിക്കുന്ന ‘ദാർശനികത’ അദ്ദേഹത്തിന്റ തൂലികയിലൂടെ യഥേഷ്ടം നിർഗളിക്കുകയാണ്. ആർഎസ്എസിന്റെ സ്ഥാപകൻ ഹെഡ്‌ഗേവാറിന്റെ പിൻഗാമിയായി 1940ൽ പ്രസ്ഥാനത്തിന്റെ നായകസ്ഥാനം ഏറ്റെടുത്ത ഗുരുജി എന്നറിയപ്പെടുന്ന എംഎസ് ഗോൾവാക്കർ സാംസ്‌കാരിക ദേശീയത എന്ന ആശയത്തിന് കൂടുതൽ വ്യക്തത നൽകിയാണ് ഈ രചനകൾ നടത്തിയത്. ആർഎസ്എസിന്റെ നാസിസത്തോടും ഫാസിസത്തോടും ഉള്ള പ്രണയം ഇതിൽനിന്ന് വ്യക്തമാണ്.
ഫാസിസത്തിന്റെ ആർഎസ്എസ് സാമ്യതകൾ

സാമൂഹ്യ വിഭജനങ്ങൾകൊണ്ട് കീറിമുറിഞ്ഞ ഹിന്ദുസമുദായത്തെ ഏകീകരിക്കാനുള്ള ഏകമാർഗമായി കണ്ടത് മുസ്‌ലിംകളുടെ അപരവൽക്കരണവും അവർക്കെതിരായ ശത്രുതയുമാണ്. ഡോ. ബിആർ അംബേദ്കറുടെ രചനകളിൽ ഹിന്ദുമതത്തിന്റെ ജാതീയതയെയും വർഗീകരണത്തെയും അനുസ്മരിക്കുന്നുണ്ട്. അദ്ദേഹം ഇങ്ങനെ എഴുതി:
“ഹിന്ദു സമൂഹം നിലനിന്നിരുന്നില്ല. അത് ജാതികളുടെ സമാഹാരം മാത്രമായിരുന്നു. ഓരോ ജാതിക്കാരും അവരവരുടെ അസ്തിത്വത്തെ പറ്റി ബോധവാന്മാരായിരുന്നു. അസ്തിത്വത്തിന്റെ എല്ലാം അതിന്റെ അതിജീവന ലക്ഷ്യമായിരുന്നു. ജാതികൾക്ക് ഒരു ഫെഡറേഷൻ രൂപവൽക്കരിക്കുക പോലും ചെയ്യുന്നില്ല. ഒരു മുസ്‌ലിം-ഹിന്ദു ലഹളയുടെ ഘട്ടത്തിലല്ലാതെ ഒരു ജാതിക്ക് മറ്റേ ജാതിയുമായി ബന്ധമുണ്ടെന്ന തോന്നലേയില്ല. മറ്റു അവസരങ്ങളിലെല്ലാം ഒരു ജാതി ഇതര ജാതികളിൽനിന്നും വേറിട്ട് നിൽക്കാനും വ്യതിരിക്തത പുലർത്താനും ശ്രമിക്കുന്നു.’’
ഈ യാഥാർഥ്യത്തെ സ്ഥാപനവൽക്കരിച്ചു കൊണ്ടാണ് ഹെഗ്‌ഡേവാർ, സംഘപരിവാരങ്ങളുടെ മാതൃ സംഘടനയായ രാഷ്ട്രീയ സ്വയംസേവക സംഘം (ആർഎസ്എസ്) രൂപീകരിച്ചത്. 1921ലെ മലബാർ കലാപത്തെ ദുർവ്യാഖ്യാനിച്ചുകൊണ്ട് അയാൾ ഇതിനുവേണ്ടി ഉപയോഗപ്പെടുത്തുകയായിരുന്നു. ഇന്ത്യാ വിഭജനവും തുടർന്നുണ്ടായ മുസ്‌ലിം-ഹിന്ദു ലഹളകളും പാക്കിസ്ഥാൻ രൂപീകരണവുമെല്ലാം ഇതിനു സഹായകമാകുകയായിരുന്നു. മുസ്‌ലിംകളെ പ്രതിസ്ഥാനത്ത് നിറുത്തി തങ്ങളുടെ സംഘടനയ്ക്ക് വളർച്ചയുണ്ടാക്കാൻ വർഗീയ രാഷ്ട്രീയവുമായി അവർ ഇറങ്ങി. വംശീയ ഉന്മൂലനം മാത്രം ലക്ഷ്യമാക്കിയുള്ള തേരോട്ടങ്ങൾക്ക് നാസിസത്തെയും ഫാസിസത്തെയും മാതൃയാക്കുകയായിരുന്നു. അതുകൊണ്ടുതന്നെ
ഇന്ത്യയിലെ ആർഎസ്എസും ഫാസിസവും നാസിസവും തമ്മിൽ വളരെ വലിയ സാമ്യതകളുള്ളതായി കാണാൻ സാധിക്കും.
സമുദായത്തിന്റെ അപരവൽകരണ ഭൂമികയിൽ നാനാത്വത്തിൽ ഏകത്വം എന്ന ദേശീയ പരികൽ പനയെയും ഗാന്ധിസമടക്കമുള്ള പ്രത്യയശാസ്ത്ര നിഗമനങ്ങളെയും നിരാകരിച്ച്, അതിന്റെ സ്ഥാനത്ത് രാഷ്ട്രീയത്തെ ഹൈന്ദവവൽക്കരിക്കുക, ഹിന്ദുത്വത്തെ ആയുധമണിയിക്കുക എന്ന സവർക്കരുടെ മുദ്രാവാക്യം ആർഎസ്എസ് സ്വീകരിക്കാനുള്ള കാരണം മതത്തിന്റെ അംഗീകാരം നേടിയെടുക്കലാ യിരുന്നു. ഏതാണ്ട് ഇതേ കാലത്ത് യൂറോപ്പിലെ മറ്റുചില രാജ്യങ്ങളിലും ഫാസിസ്റ്റ് പ്രസ്ഥാനങ്ങൾ പിറവിയെടുക്കുകയുണ്ടായി. എന്നാൽ അധികാരം പിടിച്ചെടുക്കാൻ മാത്രം അവയ്‌ക്കൊന്നും ശേഷിയു ണ്ടായിരുന്നില്ല. ബ്രിട്ടൻ, സ്വിറ്റ്‌സർലന്റ്, സ്വീഡൻ, ഡെൻമാർക്ക് തുടങ്ങിയ രാഷ്ട്രങ്ങളിലും ഫാസിസ്റ്റ് പ്രവർത്തനങ്ങൾ സജീവമാക്കാൻ ശ്രമിച്ചിട്ടുണ്ടായിരുന്നു. എന്നാൽ അവിടങ്ങളിലെ ജനാധിപത്യ ശക്തികൾ കരുത്തുള്ളവരായതുകൊണ്ട് ഫാസിസത്തെ അകറ്റിനിർത്താൻ അവർക്ക് സാധിച്ചു. എല്ലാ രാഷ്ട്രങ്ങളിലെയും ഇത്തരം പ്രവർത്തനങ്ങൾക്കും സംഘടനകൾക്കും ഒരേ രൂപവും സാമ്യതയും ഉള്ളതായി കാണാൻ സാധിക്കും. ചില സാമ്യതകളെ സാമൂഹിക നിരീക്ഷകർ വിശദികരിച്ചത് ഇങ്ങനെയാണ്:
അവയുടെ രാഷ്ട്രീയ സിദ്ധാന്തങ്ങൾ പരിഷ്‌കരണവാദത്തിന്റെയും ഒപ്പം ആധ്യാത്മിക വാദത്തിന്റെയും ഒരു മിശ്രണമയിരിക്കും. ഇടതുപക്ഷ സ്വഭാവമുള്ള മുദ്രാവാക്യങ്ങൾ, അതേസമയം യാഥാസ്ഥിതിക സ്വഭാവവും.
അവയ്‌ക്കെല്ലാം അതിശക്തനായ ഒരു നായകൻ ഉണ്ടായിരിക്കും. ജനാധിപത്യരീതിയിലുള്ള കൂടിയാലോചനകൾ കാണുകയില്ല.
സോഷ്യലിസം, സാഹോദര്യം തുടങ്ങിയ ആശയങ്ങളോടും വർഗസ്വഭാവമുള്ള പ്രസ്ഥാനങ്ങളോടും ഇവർക്ക് ഒട്ടും താൽപര്യമുണ്ടാവില്ല.
ഇവരുടെ പ്രസ്ഥാനങ്ങളുടെ പാർട്ടി ഘടന പോലും അർധസൈനിക രീതിയിലുള്ളതാകും.
അക്രമവാസനയെ പ്രോത്സാഹിപ്പിക്കുന്ന ഒരു മനോഭാവം പൊതുവേ ഇവരിൽ കാണും. ആ രീതിയിലുള്ള പരിശീലനങ്ങളിലും താൽപര്യമുണ്ടാകും. അച്ചടക്കം, അനുസരണം, വണക്കം എന്നതാവും അവരുടെ മന്ത്രം. സമൂഹത്തെ സൈനികവൽക്കരിക്കുകയെന്നതാകും ആത്യന്തിക ലക്ഷ്യം.
സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളിൽ പഴമയെ പ്രകീർത്തിക്കാനും പ്രതിഷ്ഠിക്കാനുമുള്ള ത്വര പ്രകടമായിരിക്കും.
പിന്നാക്കാവസ്ഥയും ദാരിദ്ര്യവുമെല്ലാം മറച്ചുവച്ചുകൊണ്ട് ആരോഗ്യകരമായ ജീവിതത്തിനുള്ള മാതൃകയായി ഗ്രാമജീവിതത്തെ ഉയർത്തിക്കാട്ടും.
വൻ വ്യവസായികളും ഭൂപ്രഭുക്കരുമാണ് സാമ്പത്തിക സ്രോതസ്സുകളെങ്കിലും വോട്ടർമാർ അഥവാ അണികൾ അധികവും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇടത്തരക്കാരിലെ സാധാരണ വിഭാഗമായിരി ക്കും.
സമൂഹത്തിലെ പ്രശ്‌നങ്ങൾക്കെല്ലാം കാരണമായി ചൂണ്ടിക്കാണിക്കാൻ ഒരു ശത്രു ഈ വക പ്രസ്ഥാനങ്ങൾക്ക് നിർബന്ധമാണ്. ആ ശത്രുവിനെതിരെ സമൂഹത്തിൽ വിദ്വേഷം വളർത്തിയെടുക്കുക എന്നതാകും മുഖ്യ കർമപരിപാടി.
പാർലമെന്ററി ജനാധിപത്യത്തിന്റെ ചമയങ്ങൾ വലിച്ചെറിഞ്ഞ് ഒരു ഭീകര ഭരണക്രമമാണ് ഫാസിസം മുന്നോട്ടുവെക്കുന്നത്. അണികൾ നിരാശരാകുമ്പോൾ മുഖ്യവിഷയങ്ങളിൽനിന്ന് ശ്രദ്ധ മറ്റൊന്നിലേക്ക് തിരിച്ചുവിടുക എന്നത് ഈ പ്രസ്ഥാനങ്ങളുടെ ഒരു പതിവു ശൈലിയാണ്.

