EMI, ക്രെഡിറ്റ് കാർഡുകൾ ആശ്വാസമോ ബാധ്യതയോ?

മുജീബ് ഒട്ടുമ്മൽ

2025 ജൂലൈ 19, 1447 മുഹറം 23

ആഗ്രഹങ്ങളെ അത്യാവശ്യങ്ങളായി കാണുന്ന തരത്തിലേക്ക് ഉപഭോഗത്വര സമൂഹത്തിൽ വളർന്നുകൊണ്ടിരിക്കുന്നു. പുതിയ സമ്പദ് വ്യവസ്ഥയിൽ പണമുപയോഗിച്ചുള്ള ക്രയവിക്രയങ്ങൾ ഏറെ സൂക്ഷ്മത പുലർത്തി മാത്രം നിർവഹിക്കേണ്ട ഒന്നാണ്‌. ക്രെഡിറ്റ് കാർഡുകളുപയോഗിച്ചുള്ള ട്രാൻസേക്ഷൻസും ഇ.എം.ഐ വ്യവസ്ഥയിലുള്ള പർച്ചേസുമെല്ലാം ഇതിൽ നിന്ന് ഭിന്നമല്ല.

നമ്മുടെ ആഗ്രഹങ്ങളെ ആവശ്യങ്ങളായി നമ്മൾ തെറ്റിദ്ധരിച്ചു. ‘സാമ്പത്തിക തകർച്ചയിൽ ഇന്ത്യൻ മധ്യവർഗത്തിന്റെ ബോധപൂർവമായ പങ്കാളിത്തമെന്ന് വിശേഷിപ്പിച്ച് മുംബൈയിലെ ഡാറ്റാ സയന്റിസ്റ്റായ മോനിഷ് ഗോസാർ ലിങ്കിഡ് ഇനിൽ പോസ്റ്റ് ചെയ്ത കുറിപ്പിലെ ഒരു വാചകമാണിത്.

‘യഥാർഥ കെണി പണപ്പെരുപ്പമോ നികുതിയോ അല്ല, പത്ത് ലക്ഷം രൂപയുടെ കാറാണ്. കഠിനാധ്വാനത്തിനുള്ള ന്യായമായ പ്രതിഫലമാണിതെന്ന വിശ്വാസമാണ്.’

ശമ്പള വർധനവില്ലാത്തതോ നയപരമായ കാഴ്ചപ്പാടിലെ വീഴ്ചയോ അല്ല, സുഖസൗകര്യങ്ങൾക്കും സോഷ്യൽ സ്റ്റാറ്റസിനും വേണ്ടിയുള്ള പരക്കംപാച്ചിലും അതേ തുടർന്നുണ്ടാകുന്ന കടബാധ്യതയുമൊക്കെയാണ് ഇതിന്റെ പിന്നിലെന്നും അദ്ദേഹം എഴുതി. ആഡംബര വാഹനങ്ങൾ, ഐഫോണുകൾ അടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കൾ വാങ്ങുന്നതിനെയാണ് ഇത്തരം ആളുകൾ അഭിമാനമായി കാണുന്നത്. പരിമിതമായ വരുമാനങ്ങളെ ഗൗനിക്കാതെയാണ് മനുഷ്യരിൽ ഉപഭോഗത്വര വർധിച്ചുവരുന്നത്. ആഡംബര വസ്തുക്കൾ വേഗത്തിൽ ഉടമപ്പെടുത്താൻ ഇഎംഐ, ബാങ്ക് ക്രെഡിറ്റു കാർഡുകൾ തുടങ്ങിയവ ഉപയോഗപ്പെടുത്തുകയാണ്. വൈകിയെത്തുന്ന വരുമാനത്തെക്കാൾ ഉടനടി കിട്ടുന്ന സംതൃപിയാണ് മനുഷ്യർ തെരഞ്ഞെടുക്കുന്നത്. വർധിച്ചുവരുന്ന ചെലവുകളുടെ ഇരകളാണ് ഇന്ത്യയിലെ ശമ്പള വരുമാനക്കാർ എന്ന ചിന്താഗതിയെ ഗോസർ ചോദ്യം ചെയ്യുന്നുണ്ട്. എടുത്തുചാടിയുള്ള തീരുമാനങ്ങൾ, ജീവിതശൈലി, ബാഹ്യമോടിയിലുള്ള അമിതമായ താത്പര്യം എന്നിവയെ ഗോസാർ കുറ്റപ്പെടുത്തുന്നുണ്ട്.

സാമ്പത്തിക മുൻഗണനകൾ നിർണയിക്കാൻ സോഷ്യൽ മീഡിയയെ അനുവദിച്ചു. ഇന്ത്യയിലെ ഏറ്റവും ഉയർന്ന വരുമാനം നേടുന്ന പത്തു ശതമാനത്തിൽ ഉൾപ്പെട്ടവരായിരുന്നിട്ട് പോലും ഇൻസ്റ്റാഗ്രാം അവരെ ദരിദ്രരായി തോന്നിപ്പിച്ചു. നേരിട്ട് അറിയാത്തവരോട് പോലും മത്സരിക്കാനുള്ള മനോഭാവം വളർന്നുവന്നു. വെറും നാലു വർഷത്തിനുള്ളിൽ ഇന്ത്യയുടെ ക്രെഡിറ്റ് കാർഡ് കടം 2.92 ലക്ഷം കോടിയായി ഉയർന്നു. വ്യക്തിഗത വായ്പകൾ 75% ആയും ഉയർന്നു. ഈ വിപത്തിനുള്ള കാരണങ്ങളെ വിശകലനം ചെയ്താൽ ആരാണ് കുറ്റക്കാരെന്ന് ബോധ്യപ്പെടും. ബാങ്കും ഫിനാൻഷ്യൽ സംവിധാനങ്ങളും മുന്നോട്ട് വെച്ചിട്ടുള്ള വ്യവസ്ഥകൾ സാധാരണക്കാർക്ക് ഉപകാരം ലഭിക്കുന്നതിന് വേണ്ടിയാണെന്ന് അവകാശപ്പെടുന്നുണ്ട്. ആരും നിർബന്ധിതരല്ലെന്നും ആഡംബരജീവിതം പ്രാപ്യമാകാനും അതിന് ആവശ്യമായ ബജറ്റ് തയ്യാറാക്കുന്നതിൽ സഹായിക്കുവാനുമാണ് ഇത്തരം പദ്ധതികൾ ആവിഷ്‌കരിച്ചതെന്നും അധികൃതർ അവകാശപ്പെടുന്നുണ്ട്. സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനുമുള്ള അവകാശങ്ങൾ വകവെച്ചുകൊടുത്തുകൊണ്ടാണ് ഇത്തരം സംവിധാനങ്ങളൊരുക്കുന്നതെന്നും വിശദീകരണമുണ്ട്. എന്നാൽ രാജ്യത്തെ 5 മുതൽ 10 ശതമാനം വരെയുള്ള മനുഷ്യരും കടക്കെണിയിലാണിപ്പോൾ. ഉത്തരവാദിത്തബോധത്തോടെയുള്ള മാറ്റം വ്യക്തിയിലും സമൂഹത്തിലും ഉണ്ടെന്ന് ഉറപ്പുവരുത്താൻ പുതുതലമുറയും സമൂഹവും രക്ഷിതാക്കളും തയ്യാറാക്കണം. കുടുംബ ബജറ്റിൽ സാമ്പത്തിക അച്ചടക്കം സാധ്യമാകുമ്പോൾ തന്നെ ഉപഭോഗത്വരയെ നിയന്ത്രിക്കുന്നതിൽ മനുഷ്യരും സമൂഹവും തയ്യാറാകണം.

ഇഎംഐ, ക്രെഡിറ്റ് കാർഡ് സ്വീകാര്യമോ?

ഇഎംഐ Equated monthly installment))നിലവിലെ സാമ്പത്തിക ക്രയവിക്രയങ്ങളിൽ അനിവാര്യമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. വളരെ ലാഘവത്തോടെയാണ് ഈ സംവിധാനത്തെ പലരും നോക്കിക്കാണുന്നത്. ആഗ്രഹങ്ങളെ അത്യാവശ്യമായി കാണുന്നവിധം സമൂഹത്തിൽ ഉപഭോഗത്വര വളർന്നുവന്നിട്ടുണ്ട്. യഥാർഥത്തിൽ ഇഎംഐ പലിശാധിഷ്ഠിതമാണെന്ന് പലരും മനസ്സിലാക്കുന്നില്ല. തുഛമായ വരുമാനം കൊണ്ട് എത്തിപ്പെടാനാവാത്ത പലതും നേടിയെടുക്കാൻ ഈ സംവിധാനം കൊണ്ട് സാധിക്കുന്നുവെന്ന് അവകാശപ്പെടുന്നുണ്ട്. ഇതിൽ രണ്ട് അപകടങ്ങൾ ഒളിഞ്ഞുകിടപ്പുണ്ട്. അതിൽ ഒന്ന് പലിശയാണ്. വായ്പയുടെ മുതൽ തിരിച്ചടവിന്റെയും അതിന്റെ പലിശയുടെയും സംയോജനമാണ് ഇഎംഐ. ഒരു വായ്പയുടെ ആദ്യവർഷങ്ങളിൽ പലിശ ഇഎംഐയുടെ പ്രധാന ഘടമാണ്. വായ്പ എടുക്കുന്നത് വസ്തുവിന്റ യഥാർഥ വിലയ്ക്കാവുകയും അതുമാത്രം തവണ വ്യവസ്ഥയിൽ അടവാക്കുകയും ചെയ്യാമെന്ന സൗകര്യവും ഉണ്ട്. ഈ വിഷയത്തിലാണ് പല നിഷ്‌കളങ്കരും പെട്ടു പോകാറുള്ളത്. എന്നാൽ അതിലെ വ്യവസ്ഥയിൽ പലിശ വിഷയമായി വരുന്നതിനെ ഇത്തരം ആളുകൾ ശ്രദ്ധിക്കാറില്ല. അഥവാ വ്യവസ്ഥ പ്രകാരം ഒരു അടവ് തെറ്റിയാൽ സ്വാഭാവികമായ പലിശ അതിൽ ഈടാക്കുമെന്ന നിബന്ധനയാണ് ഇവർ നിസ്സാരമാക്കാൻ ശ്രമിക്കാറുള്ളത്. പലിശ വ്യവസ്ഥയിൽ വന്നതോടെ അത് നിഷിദ്ധമായിയെന്ന മതപരമായ അധ്യാപനത്തെ ഇവർ വിസ്മരിക്കുകയാണ് ചെയ്യുന്നത്. അതിനാൽ ഇഎംഐ സംവിധാനത്തിൽ പലിശയുണ്ട്; പലിശയാകട്ടെ നിഷിദ്ധവുമാണ്. ബാങ്കുകൾ നൽകുന്ന ക്രെഡിറ്റ് കാർഡുകളും കടബാധ്യതകളിലേക്കും പലിശയിലേക്കും തള്ളിവിടുന്നവയാണ്. നിശ്ചിത തീയതിക്കകം തിരിച്ചടവ് സാധ്യമാകാതെ വന്നാൽ പലിശ ഈടാക്കുന്ന രീതിയാണ് അതിലും നടപ്പിലാകുന്നത്. ഇങ്ങനെ പലിശയുടെ നീരാളിപ്പിടുത്തത്തിൽ നമ്മുടെ ഇഹലോകജീവിതവും പരലോകജീവിതവും പ്രയാസപൂർണമാകും.

ക്വുർആൻ പറയുന്നു: “പലിശ തിന്നുന്നവർ പിശാചുബാധ നിമിത്തം മറിഞ്ഞുവീഴുന്നവൻ എഴുന്നേൽ ക്കുന്നത് പോലെയല്ലാതെ എഴുന്നേൽക്കുകയില്ല. കച്ചവടവും പലിശ പോലെത്തന്നെയാണ് എന്ന് അവർ പറഞ്ഞതിന്റെ ഫലമത്രെ അത്. എന്നാൽ കച്ചവടം അല്ലാഹു അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയുമാണ് ചെയ്തിട്ടുള്ളത്. അതിനാൽ അല്ലാഹുവിന്റെ ഉപദേശം വന്നുകിട്ടിയിട്ട് (അതനുസരിച്ച്) വല്ലവനും (പലിശയിൽനിന്ന്) വിരമിച്ചാൽ അവൻ മുമ്പ് വാങ്ങിയത് അവന്നുള്ളത് തന്നെ. അവന്റെ കാര്യം അല്ലാഹുവിന്റെ തീരുമാനത്തിന്ന് വിധേയമായിരിക്കുകയും ചെയ്യും. ഇനി ആരെങ്കിലും (പലിശയിടപാടുകളിലേക്ക് തന്നെ) മടങ്ങുകയാണെങ്കിൽ അവരത്രെ നരകാവകാശികൾ. അവരതിൽ നിത്യവാസികളായിരിക്കും’’ (2:275).

മുഹമ്മദ് നബിﷺയുടെ അധ്യാപനം ഇങ്ങനെയാണ്: “ഔന് ബിൻ അബീജുഹൈഫ(റ) പറയുന്നു: ‘എന്റെ പിതാവ് കൊമ്പ് വെക്കുന്ന ഒരടിമയെ വിലയ്ക്കു വാങ്ങി. ഇതിനെക്കുറിച്ച് ഞാൻ അദ്ദേഹത്തോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: നബിﷺ നായയുടെയും രക്തത്തിന്റെയും വില വിരോധിച്ചിരിക്കുന്നു. അവിടുന്ന് പച്ച കുത്തുന്നതും കുത്തിക്കുന്നതും പലിശതിന്നുന്നതും പലിശ തീറ്റിക്കുന്നതും വിരോധിച്ചിരിക്കുന്നു. അതുപോലെ രൂപങ്ങൾ നിർമിക്കുന്നവനെ ശപിച്ചിരിക്കുന്നു’’ (ബുഖാരി).

രണ്ടാമത്തെ അപകടം ധൂർത്താണ്. വരുമാനത്തിനുമപ്പുറം ആഡംബര ജീവിതവും വിഭവവും സ്വപ്നം കണ്ട് അതിന്റെ സാക്ഷാത്കാരത്തിനായി പണമന്വേഷിക്കുന്നവന്റെ മനസ്സിനെ ചൂഷണം ചെയ്തുകൊണ്ടാണ് ഇഎംഐയും ക്രെഡിറ്റ് കാർഡുമെല്ലാം രംഗപ്രവേശനം ചെയ്തിരിക്കുന്നത്. സാമ്പത്തിക അടിമയാക്കാൻ, വ്യാമോഹങ്ങളിൽ അഭിരമിക്കുന്ന മനസ്സുകളെ ഉപയോഗപ്പെടുത്തുകയാണ് ബാങ്കുകളും സ്ഥാപനങ്ങളും ചെയ്തുകൊണ്ടിരിക്കുന്നത്. ധൂർത്തിലേക്കും സർവോപരി നാശത്തിലേക്കും ഉപഭോഗത്വര കൊണ്ടെത്തിക്കുമെന്നതാണ് അനുഭവം. മാനസിക സംഘർഷങ്ങളിലേക്കും സമ്മർദങ്ങളിലേക്കും ഇത് നയിക്കും. മതബോധവും ദൈവവിശ്വാസവുമില്ലാത്തവർ ഒരു തുണ്ട് കയറിലോ മറ്റോ ജീവിതമവസാനിപ്പിക്കുന്നതിലേക്കായിരിക്കും കാര്യങ്ങളുടെ പര്യവസാനം. അതുകൊണ്ട് യഥാർഥ മുസ്‌ലിം ഇത്തരം കെണികളിൽനിന്ന് രക്ഷപ്പെടുന്നവനായിരിക്കും. കാരണം വിശുദ്ധ ക്വുർആൻ ധൂർത്തിനെതിരെ ശക്തമായ താക്കീത് നൽകുന്നുണ്ട്. അല്ലാഹു പറയുന്നു:

“കുടുംബബന്ധമുള്ളവന്ന് അവന്റെ അവകാശം നീ നൽകുക. അഗതിക്കും വഴിപോക്കന്നും (അവരുടെ അവകാശവും). നീ (ധനം) ദുർവ്യയം ചെയ്ത് കളയരുത്. തീർച്ചയായും ദുർവ്യയം ചെയ്യുന്നവർ പിശാചുക്കളുടെ സഹോദരങ്ങളാകുന്നു. പിശാച് തന്റെ രക്ഷിതാവിനോട് ഏറെ നന്ദികെട്ടവനാകു ന്നു’’ (ക്വുർആൻ 17:26,27).

ജീവിത വിഭവങ്ങൾ സംതൃപ്തി നൽകുന്നുവോ?

ലഭ്യവും പരിമിതവുമായ ജീവിത വിഭവങ്ങൾകൊണ്ട് സംതൃപ്തമായ ജീവിതം നയിക്കാനുള്ള മാനസികശേഷി നേടിയെടുക്കാൻ സാധിക്കേണ്ടതുണ്ട്. ആർത്തിപൂണ്ട മനസ്സുമായി ജീവിക്കുന്നവർ എത്ര കിട്ടിയാലും മതിവരാതെ വ്യാമോഹങ്ങളിൽ അഭിരമിക്കുകയാണ് പതിവ്. അനസ് ഇബ്‌നു മാലികി(റ)ൽ നിന്ന് നിവേദനം, നബിﷺ പറഞ്ഞു: “മനുഷ്യന് സ്വർണത്തിന്റെ ഒരു താഴ്‌വര ലഭിച്ചാൽ, രണ്ടു താഴ്‌വരകൾ ഉണ്ടാകാൻ അവൻ ആഗ്രഹിക്കും. മണ്ണല്ലാതെ അവന്റെ വായ നിറക്കുകയില്ല. പശ്ചാത്തപിക്കുന്നവന്റെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കും’’ (ബുഖാരി).

അനസി(റ)ൽനിന്ന് നിവേദനം, നബിﷺ പറഞ്ഞു: “ആദമിന്റെ പുത്രൻ വൃദ്ധനാകുന്നു. എന്നാൽ രണ്ടു കാര്യങ്ങൾ അവനെ ചെറുപ്പമായി നിലനിർത്തുന്നു: ജീവിതത്തോടുള്ള ആഗ്രഹവും സമ്പത്തിനോടുള്ള ആഗ്രഹവും’’ (തിർമിദി).

ആർത്തിപൂണ്ട മനസ്സുകൾക്ക് ഒരിക്കലും സംതൃപ്തിയോടെ ജീവിക്കാനാകില്ല. സംതൃപ്തിയെന്നത് അല്ലാഹു നൽകിയതും വിധിച്ചതുമായ കാര്യങ്ങളിൽ തൃപ്തിപ്പെടുകയെന്നതാണ്. ഉള്ളതുകൊണ്ട് ധന്യരാവുകയും അനാവശ്യമായ ചെലവുകൾ വരുത്താതിരിക്കുകയും നിഷിദ്ധമായതും അവകാശമില്ലാത്തതുമായ ഏതൊരു വസ്തുവും വെടിയുകയും ചെയ്യുക, ഏറ്റവും നല്ലതിനെയും അവകാശപ്പെട്ടതിനെയും മാത്രം സ്വീകരിക്കുകയും അനുവദനീയമായവയെ അവലംബിക്കുകയും ചെയ്യുക എന്നതാണ്.

ജീവിതവിഭവങ്ങളിലെ സംതൃപ്തി

ജീവിതത്തിലെ സാമ്പത്തികവും ശാരിരികവുമായ പരിമിതിയിലും ദുർബലതയിലും സന്തോഷവും സംതൃപ്തിയും ലഭിക്കാൻ ഇസ്‌ലാം നിർദേശിക്കുന്ന ചില മാർഗങ്ങളുണ്ട്. ജീവിതത്തിൽ അവ പ്രായോഗികമാക്കുന്നതിലൂടെ സംതൃപ്തമായ ജീവിതം സാധ്യമാകും. അവയിൽ ചിലത് പരിശോധിക്കാം:

1) ഉപജീവനം നൽകുന്നവൻ പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവാണ് എന്ന വിശ്വാസം.

അല്ലാഹു പറയുന്നു: “തീർച്ചയായും അല്ലാഹു തന്നെയാണ് ഉപജീവനം നൽകുന്നവനും ശക്തനും പ്രബലനും’’ (ക്വുർആൻ 51:58).

“അല്ലാഹു മനുഷ്യർക്ക് വല്ല കാരുണ്യവും തുറന്നുകൊടുക്കുന്നപക്ഷം അത് പിടിച്ചുവെക്കാനാരുമില്ല. അവൻ വല്ലതും പിടിച്ചുവെക്കുന്ന പക്ഷം അതിനു ശേഷം അത് വിട്ടുകൊടുക്കാനും ആരുമില്ല. അവനത്രെ പ്രതാപിയും യുക്തിമാനും’’ (ക്വുർആൻ 35:2).

“നിനക്ക് അല്ലാഹു വല്ല ദോഷവും ഏൽപിക്കുന്നപക്ഷം അവനൊഴികെ അത് നീക്കം ചെയ്യാൻ ഒരാളുമില്ല. അവൻ നിനക്ക് വല്ല ഗുണവും ഉദ്ദേശിക്കുന്നപക്ഷം അവന്റെ അനുഗ്രഹം തട്ടിമാറ്റാൻ ഒരാളുമില്ല. തന്റെ ദാസൻമാരിൽനിന്ന് താൻ ഇച്ഛിക്കുന്നവർക്ക് അത് (അനുഗ്രഹം) അവൻ അനുഭവിപ്പിക്കുന്നു. അവൻ ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനുമത്രെ’’ (10:107).

‘ഭൂമിയിൽ യാതൊരു ജന്തുവും അതിന്റെ ഉപജീവനം അല്ലാഹു ബാധ്യത ഏറ്റതായിട്ടല്ലാതെ ഇല്ല. അവയുടെ താമസസ്ഥലവും സൂക്ഷിപ്പുസ്ഥലവും അവൻ അറിയുന്നു. എല്ലാം സ്പഷ്ടമായ ഒരു രേഖയിലുണ്ട്’’ (11:6).

“അല്ലാഹു ഞെരുക്കത്തിനുശേഷം എളുപ്പം ഏർപെടുത്തിക്കൊടുക്കുന്നതാണ്’’ (65:7).

സൃഷ്ടിജാലങ്ങൾക്ക് അല്ലാഹു നിശ്ചയിച്ച ഉപജീവനമുണ്ട്. അത് ആരു തടഞ്ഞാലും അല്ലാഹുവിന്റെ തീരുമാനങ്ങളാണ് നടപ്പിലാകുക എന്ന് വിശ്വസിക്കുന്ന വിശ്വാസികൾ ഒരിക്കലും വിഭവങ്ങളുടെ കുറവിൽ നിരാശപ്പെടില്ല.

2) ഇഹലോകം നശ്വരവും പെട്ടെന്ന് നശിക്കുന്നതുമാണെന്ന ബോധമുണ്ടാവുക.

സമ്പത്തും ആരോഗ്യവും പൊടുന്നനെ പൊലിഞ്ഞ് പോകുന്നവയാണെന്ന തിരിച്ചറിവ് ഉണ്ടാകുമെങ്കിൽ ഏത് പ്രതിസന്ധികളിലും നിരാശ ബാധിക്കുകയില്ല.

പ്രകൃതിദുരന്തങ്ങളും അപകടങ്ങളും യുദ്ധവുമെല്ലാം കാരണമായി എത്ര പെട്ടെന്നാണ് പലരും ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് ആപതിച്ചുകൊണ്ടിരിക്കുന്നത്. രാജ്യങ്ങൾ തമ്മിലുള്ള യുദ്ധത്തിൽ മിസൈലുകളും ബോംബുകളുമെല്ലാം നിലം തൊടുമ്പോൾ കൂറ്റൻ കെട്ടിടങ്ങളും ഫ്‌ളാറ്റുകളും നിലം പൊത്തുകയാണ്. അവിടെ തകർന്നുവീഴുന്നത് ആഡംബര ജീവിതവും വിഭവങ്ങളുമാണ്.

പ്രകൃതി ദുരന്തം ബാധിച്ച പ്രദേശത്ത് ഭക്ഷണ വിതരണം നടത്തിയ സാമൂഹിക പ്രവർത്തകർ പങ്കു വെച്ച ഒരു അനുഭവം കാണുക:

‘ഭക്ഷണ വിതരണ കേന്ദ്രത്തിന് മുന്നിലുണ്ടായിരുന്ന വരിയിലെ അവസാനമുണ്ടായിരുന്ന രണ്ട് കുട്ടികൾ. വിതരണ ഉദ്യോ

ഗസ്ഥരുടെ കൈയിലാവട്ടെ അവസാനത്തെ ഒരു പൊതിയും. മുന്നിലുണ്ടായിരുന്ന കുട്ടി പിന്നിലെ കുട്ടിക്ക് വേണ്ടി ഒഴിഞ്ഞു നിൽക്കുകയും അവന് നൽകാൻ ആവശ്യപ്പെടുകയും ചെയ്തു! ഭക്ഷണപ്പൊതി വാങ്ങി പിന്നിലെ കുട്ടി നടന്ന് നീങ്ങിയപ്പോൾ ഉദ്യോഗസ്ഥർ തന്റെ കൂട്ടുകാരന് വേണ്ടി മാറിക്കൊടുത്ത കുട്ടിയോട് ചോദിച്ചു: ‘വിശപ്പുണ്ടായിരുന്നിട്ടും അവനു വേണ്ടി ഒഴിഞ്ഞുകൊടുത്തതെന്തേ?’ അവൻ പറഞ്ഞു: ‘സാറേ, ഞാൻ ദരിദ്രകുടുംബത്തിൽ പെട്ടവാണ്. എനിക്ക് വിശപ്പു സഹിച്ച് ശീലമുണ്ട്. എന്നാൽ അവൻ അങ്ങനെയല്ല. എനിക്കറിയാവുന്ന സമ്പന്ന കുടുംബത്തിലെ ഒരംഗമാണവൻ. അവനിൽ ആ ശീലമുണ്ടായിക്കൊള്ളണമെന്നില്ല. അവന്റ ദയനീയ ഭാവമാണ് മാറിനിൽക്കാൻ എന്നെ പ്രേരിപ്പിച്ചത്. പ്രകൃതിദുരന്തം കാരണം എല്ലാ സ്വപ്നങ്ങളും തകർന്നടിഞ്ഞ ഹതഭാഗ്യരാണവർ.’

നോക്കൂ! ഒരു നിമിഷം കൊണ്ടാണ് എല്ലാം നഷ്ടപ്പെടുന്നത് എന്ന ബോധ്യമുള്ളവൻ വിഭവങ്ങളിലെ കുറവുകൊണ്ട് ഒരിക്കലും നിരാശപ്പെടില്ല.

3) സമ്പത്തിലും ആരോഗ്യത്തിലും വിഭവങ്ങളിലും തന്നെക്കാൾ കുറവുള്ളവരിലേക്ക് നോക്കുക:

അബൂഹൂറയ്‌റ(റ)യിൽ നിന്ന് നിവേദനം, പ്രവാചകൻﷺ പറഞ്ഞു: “നിങ്ങൾ നിങ്ങളെക്കാൾ താഴെയുള്ളവരിലേക്ക് നോക്കുക, നിങ്ങളെക്കാൾ മുകളിലുള്ളവരിലേക്ക് നോക്കരുത്. അത് അല്ലാഹു നിങ്ങൾക്കു നൽകിയ അനുഗ്രഹങ്ങളെ നിസ്സാരമായി ഗണിക്കാൻ കാരണമാകും’’ (മുസ്‌ലിം).

ഇസ്‌ലാമിക അധ്യാപനങ്ങൾ മനുഷ്യമനസ്സുകൾക്ക് ശക്തി പകർന്ന് കരുത്തോടെ ജീവിക്കാൻ പ്രാപ്തമാക്കുന്നുവെന്നതിന് തെളിവാണിത്. പാവങ്ങളും അശരണരും നിരാലംബരും രോഗികളുമായവരുടെ വേദനകൾ നേരിട്ടറിയാനുള്ള പാഠങ്ങളും ഇസ്‌ലാം പകർന്ന് നൽകുന്നുണ്ട്. രോഗികളെ സന്ദർശിക്കലും അവരെ ആശ്വസിപ്പിക്കലും പുണ്യപ്രവർത്തനമാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. അത് വിശ്വാസികളെ കരുണയുള്ളവരും സമൂഹത്തോട് പ്രതിബദ്ധതയുള്ളവരുമാക്കുന്നു.

4) ചെലവ് മിതമാക്കാനും ധൂർത്തിൽനിന്ന് വിമോചിതമാകാനും മനസ്സിനെ പരിശീലിപ്പിക്കണം:

ക്വുർആൻ പറയുന്നു: “ആദം സന്തതികളേ, എല്ലാ ആരാധനാലയത്തിങ്കലും (അഥവാ എല്ലാ ആരാധനാവേളകളിലും) നിങ്ങൾക്ക് അലങ്കാരമായിട്ടുള്ള വസ്ത്രങ്ങൾ ധരിച്ചുകൊള്ളുക നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക. എന്നാൽ നിങ്ങൾ ദുർവ്യയം ചെയ്യരുത്. ദുർവ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല’’ (7:31).

ഇഷ്ടദാസൻമാരെ കുറിച്ച് അല്ലാഹു പുകഴ്ത്തി പറയുന്നതും ധൂർത്തിൽനിന്ന് മുക്തരായവർ എന്ന വിശേഷണത്തോടെയാണ്. ക്വുർആൻ പറയുന്നു:

“ചെലവുചെയ്യുകയാണെങ്കിൽ അമിതവ്യയം നടത്തുകയോ പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായ മാർഗം സ്വീകരിക്കുന്നവരുമാകുന്നു അവർ’’ (25:67).

5) ഉപജീവന മാർഗങ്ങളും സൗകര്യങ്ങളും അനുഭവിക്കുന്നതിൽ ജനങ്ങൾക്കിടയിൽ വ്യത്യസ്തതയും ഏറ്റക്കുറച്ചിലുമുണ്ടെന്ന സത്യം മനസ്സിലാക്കണം.

പ്രകൃതിനിയമമായി അല്ലാഹു സംവിധാനിച്ച രീതിയാണത്. ജീവിതവ്യവഹാരങ്ങളുടെ പ്രകൃതിപരമായ സംതുലിതാവസ്ഥ നിലനിർത്താൻ സ്രഷ്ടാവ് സ്വീകരിച്ച ശൈലിയാണത്. അല്ലാഹു പറയുന്നു:

“അവരാണോ നിന്റെ രക്ഷിതാവിന്റെ അനുഗ്രഹം പങ്കുവെച്ചു കൊടുക്കുന്നത്? നാമാണ് ഐഹികജീവിതത്തിൽ അവർക്കിടയിൽ അവരുടെ ജീവിതമാർഗം പങ്കുവെച്ചു കൊടുത്തത്. അവരിൽ ചിലർക്ക് ചിലരെ കീഴാളരാക്കി വെക്കത്തക്കവണ്ണം അവരിൽ ചിലരെ മറ്റു ചിലരെക്കാൾ ഉപരി നാം പല പടികൾ ഉയർത്തുകയും ചെയ്തിരിക്കുന്നു. നിന്റെ രക്ഷിതാവിന്റെ കാരുണ്യമാകുന്നു അവർ ശേഖരിച്ചു വെക്കുന്നതിനെക്കാൾ ഉത്തമം’’ (43:32).

മനുഷ്യന്റ വിചാരങ്ങൾക്കും ചിന്തകൾക്കും അപ്പുറമാണ് സംഭവിച്ചുകൊണ്ടിരിക്കുന്ന പല കാര്യങ്ങളും. ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായിരുന്ന വിമാന ദുരന്തത്തിൽനിന്ന് നമുക്ക് പഠിക്കാനുള്ള ഒരു പാഠമതാണ്. ഭൂമി ചൗഹാൻ എന്ന യാത്രക്കാരി കയറേണ്ടിയിരുന്ന വിമാനമായിരുന്നു അപകടത്തിൽ പെട്ടത്. റോഡിലെ ബ്ലോക്കിൽ പെട്ട് 10 മിനുട്ട് വൈകിയതു കാരണം അവർക്ക് അതിൽ കയറാനായില്ല. എയർപോർട്ട് അധികൃതരോട് ശക്തമായി സംസാരിച്ചു നോക്കിയെങ്കിലും അവർ സമ്മതിച്ചില്ല. ആ സമയത്ത് അവരുടെ മനസ്സ് സങ്കടവും നിരാശയുംകൊണ്ട് സംഘർഷഭരിതമായിട്ടുണ്ടാകും. അവർ വിചാരിച്ചത് വിമാനത്തിൽ കയറലാണ് തനിക്ക് ഗുണം എന്നാണ്. എന്നാൽ അത് വലിയ വിപത്തായിരുന്നുവെന്ന് പിന്നീടാണ് അവർക്ക് മനസ്സിലായത്.

ക്വുർആൻ പറയുന്നതെത്ര കൃത്യമാണ്! “എന്നാൽ ഒരു കാര്യം നിങ്ങൾ വെറുക്കുകയും (യഥാർഘത്തിൽ) അത് നിങ്ങൾക്ക് ഗുണകരമായിരിക്കുകയും ചെയ്യാം. നിങ്ങളൊരു കാര്യം ഇഷ്ടപ്പെടുകയും (യഥാർഥത്തിൽ) നിങ്ങൾക്കത് ദോഷകരമായിരിക്കുകയും ചെയ്‌തെന്നും വരാം. അല്ലാഹു അറിയുന്നു. നിങ്ങൾ അറിയുന്നില്ല’’ (2:216).

6) ധന്യതയും ദാരിദ്ര്യവും സുഭിക്ഷതയുമെല്ലാം പരീക്ഷണമാണെന്ന സത്യം നാം അറിയണം.

മനുഷ്യനെ പരീക്ഷണങ്ങൾക്ക് വിധേയമാക്കുന്ന വ്യത്യസ്ത ഘട്ടങ്ങളുണ്ട്. അവിടെ വിജയിക്കുകയാണ് മനുഷ്യധർമം.

“കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുകതന്നെ ചെയ്യും. (അത്തരം സന്ദർഭങ്ങളിൽ) ക്ഷമിക്കുന്നവർക്ക് സന്തോഷവാർത്ത അറിയിക്കുക. തങ്ങൾക്ക് വല്ല ആപത്തും ബാധിച്ചാൽ അവർ (ആ ക്ഷമാശീലർ) പറയുന്നത്; ‘ഞങ്ങൾ അല്ലാഹുവിന്റെ അധീനത്തിലാണ്. അവങ്കലേക്കുതന്നെ മടങ്ങേണ്ടവരുമാണ്’ എന്നായിരിക്കും’’ (2:155,156).

കിട്ടുന്നതനുസരിച്ച് ജീവിതത്തെ ക്രമീകരിക്കുകയും ഉള്ളതുകൊണ്ട് തൃപ്തിപ്പെടുകയും ചെയ്യുന്നതിലൂടെ ഭീകരമായ കടബാധ്യതകളിൽനിന്ന് രക്ഷപ്പെടാനാകും. നബിﷺയുടെയും അനുചരൻമാരുടെയും ജീവിതത്തിൽനിന്ന് ഈ വിഷയത്തിൽ മാനവരാശിക്ക് ധാരാളം പഠിക്കാനും പകർത്താനുമുണ്ട്. രണ്ടോ മൂന്നോ മാസങ്ങളിൽ തുടർച്ചയായി പ്രവാചന്റെ വീട്ടിലെ അടുക്കളയിൽ തീപുകയാത്ത സാഹചര്യമുണ്ടായിട്ടുണ്ട്; ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ അധികാരിയായിരുന്നിട്ടുകൂടി! ലളിത ജീവിതം നയിച്ച, ദാരിദ്ര്യത്തിലും വിശ്വാസം മുറുകെ പിടിച്ചു ജീവിച്ച പ്രവാചകാനുരചൻമാർ മാനവരാശിക്ക് മാതൃകയാണ്. കടക്കെണിയിൽ വീർപ്പുമുട്ടുന്ന ലോകത്തിന്, അതിൽനിന്നുള്ള മോചനമാർഗം ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥ തുറന്നുകാട്ടുന്നുണ്ട്.