ഓണം: ആഘോഷത്തിന്റെ മതവും രാഷ്ട്രീയവും

പി.വി അനിൽ പ്രിംറോസ്

2025 സെപ്തംബർ 06, 1447 റബീഉൽ അവ്വൽ 12

ഇതര വിഭാഗങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിക്കാതെ സ്വന്തം ആചാരാനുഷ്ഠാനങ്ങള്‍ നിർവഹിക്കാന്‍ തങ്ങള്‍ എത്രത്തോളം തല്‍പരരാണോ അതേയളവില്‍ മറ്റുള്ളവര്‍ക്ക് അവരുടെ അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാനുള്ള സ്വാതന്ത്ര്യ ത്തിനായി ശ്രമിക്കാന്‍ കൂടി തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് മനസിലാക്കുമ്പോഴേ സഹിഷ്ണുതയെ കുറിച്ചുള്ള മതപാഠങ്ങള്‍ പൂര്‍ണമാകൂ എന്ന് വിശ്വസിക്കുന്നവർക്ക് മുമ്പിൽ ഓണാഘോഷത്തെ കുറിച്ച് ഒരു പുനർവായന.

ഓണം കേരൾ കാ ദേശീയ ത്യോഹാർ ഹേ!

അക്ഷരപ്പിച്ച വെച്ച് വളർന്ന കുഞ്ഞുനാൾ മുതൽ മലയാളിയുടെ സാമാന്യബോധത്തിൽ ഉറച്ചുപോയ പ്രമേയമാണ് ഓണം കേരളത്തിന്റെ ദേശീയ ഉത്സവമാണ് എന്നത്. ഓണം മലയാളി സ്വത്വത്തിന്റെ ഭാഗമായും സംസ്‌കാരത്തിന്റെ പ്രതീകമായും പൈതൃകം, പാരമ്പര്യം, ആർഷസംസ്‌കാരം, ദേശീയബോധം, ഭാരതീയം തുടങ്ങിയ മലയാള സംജ്ഞകൾക്ക് കാവൽനിൽക്കുന്നതുമായ സമകാലിക സാഹചര്യത്തിൽ സ്തുതിപാഠങ്ങളല്ലാത്ത ഏതൊരു പരാമർശവും ക്യാപിറ്റൽ പണിഷ്മെന്റോളം ശിക്ഷ വിധിക്കാൻ ഇടയാക്കുന്ന ഭീകരക്കുറ്റമാണെന്ന സവർണബോധത്തെ ഉൾക്കൊണ്ട് തന്നെയാണ് ഇത്തരമൊരു കുറിപ്പെഴുതുന്നത്.

ഓണത്തെ സമൂഹത്തിൽ ജ്വലിപ്പിച്ച് നിർത്തുന്നത് രണ്ട് ഘടകങ്ങളാണ്. ദേശീയത എന്നത് തങ്ങളുടെ നടുമുറ്റത്തോളം ‘വിശാല’മാണെന്നും അതിൽ പൂക്കളം തീർത്തല്ലാതെ യാതൊരു ആചാരവും ആഘോഷങ്ങളും വരരുതെന്നും അതിനു പുറംതിരിഞ്ഞു നിൽക്കുന്നവരെല്ലാം കുലംകുത്തികളാണെന്നും വിശ്വസിക്കുന്ന വരേണ്യബോധമാണ് ഒന്നാമത്തെത്. ഇരട്ടപെറ്റ ഒന്നാം പത്രത്താള് പോലെ ഇരട്ടിക്കിരട്ടി ലാഭം കൊയ്യുന്ന കമ്പോള കേന്ദ്രീകൃതമായ മാധ്യമവ്യവസ്ഥിതിയാണ് രണ്ടാമത്തെത്. ഈ രണ്ട് ഘടകങ്ങളും മാറ്റിനിർത്തിയാൽ പണ്ടത്തെ ഓണപ്പാട്ടിൽ പറയുന്നത് പോലെ ‘നമ്പൂരാർക്കെല്ലാർക്കും നല്ലൊരു കമ്പിത്തായവും, നായന്മാർക്കെല്ലാർക്കും നല്ലൊരു കയ്യാങ്കളിയും, പെണ്ണുങ്ങൾക്കെല്ലാർക്കും നല്ലൊരു പാട്ടും കളീം, കുട്ടികൾക്കെല്ലാർക്കും പൂവും പാട്ടു’’മായി ആഘോഷിച്ചു തീരേണ്ടതാണ് ഓണം.

ബലിപെരുന്നാളും ക്രിസമസും പോലെ തികച്ചും മതപരമായ ചട്ടക്കൂടുള്ള ഓണമെന്ന ആഘോഷത്തെ സ്വാതന്ത്ര്യദിനം, റിപബ്ലിക്ക് ദിനം തുടങ്ങിയ ദേശീയമാനമുള്ള ഉത്സവങ്ങളുടെ ഗണത്തിലേക്ക് കൈപിടിച്ച് കയറ്റിയത് 1960ലെ പട്ടം താണുപിള്ളയുടെ സർക്കാറാണ്. കൊച്ചി, കോഴിക്കോട് രാജാക്കന്മാർ ചിങ്ങമാസത്തിലെ അത്തത്തോടനുബന്ധിച്ച് നടത്തിയിരുന്ന അത്തച്ചമയം നിർത്തലാക്കിയ ശേഷം 1961 മുതൽ സർക്കാർതലത്തിൽ ആഘോഷിച്ച് വരുന്നതാണ് ‘അത്താഘോഷ’മെന്ന് ആചാരാനുഷ്ഠാനകോശത്തിൽ വിശദീകരിക്കുന്നുണ്ട്.

എന്നാൽ ഓണമാഘോഷിക്കാത്തവരെല്ലാം രാജ്യദ്രോഹികളും പാരമ്പര്യവിമർശകരും നാനാത്വത്തിൽ ഏകത്വത്തിലെ തെറിച്ച കൊള്ളികളുമായി വിലയിരുത്തപ്പെടുമ്പോൾ അത്തരമൊരു ആഘോഷത്തിന്റെ ഐതിഹ്യത്തെ കുറിച്ചും അതിലെ രാഷ്ട്രീയക്കളികളെ കുറിച്ചും പഠിക്കേണ്ടി വരും. അതല്ലാതെ ഒരു ബഹുമത സമൂഹത്തിലെ ഇതര മതവിഭാഗങ്ങളുടെ ആഘോഷങ്ങളോടുള്ള വിരോധമോ അതാഘോഷിക്കുന്നവരോടുള്ള പ്രതിലോമ നിലപാടോ ഈ കുറിപ്പിന്റെ പ്രേരകമല്ല. ഇതര വിഭാഗങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിക്കാതെ സ്വന്തം ആചാരാനുഷ്ഠാനങ്ങൾ നിർവഹിക്കാൻ തങ്ങൾ എത്രത്തോളം തൽപരരാണോ അതേയളവിൽ മറ്റളുള്ളവർക്ക് അവരുടെ അനുഷ്ഠാനങ്ങൾ നിർവഹിക്കാനുള്ള സ്വാതന്ത്ര്യത്തിനായി ശ്രമിക്കാൻ കൂടി തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് മനസ്സിലാക്കുമ്പോഴേ സഹിഷ്ണുതയെ കുറിച്ചുള്ള മതപാഠങ്ങൾ പൂർണമാകൂ എന്ന് വിശ്വസിക്കുന്നവനാണ് ഈ ലേഖകനും.

ഓണത്തെ ‘സർവദേശീയ പീഠ’ത്തിൽ പ്രതിഷ്ഠിച്ചതിനെ ക്രാന്തദർശിത്വമുള്ള സാംസ്‌കാരിക നായകർ തുടക്കം മുതലേ എതിർത്തുപോന്നിട്ടുണ്ട്. “എല്ലാ ജനങ്ങളെ കൊണ്ടും ഭസ്മം തൊടീപ്പിക്കുകയും തുളസിത്തറ വലം വെപ്പിക്കുകയും രാമനാമം ജപിപിക്കുകയുമല്ല ദേശീയോദ്ഗ്രഥനം’’(തായാട്ട് ശങ്കരൻ: ഓണം വരുന്നു കൈകൊട്ടിക്കളിയും) എന്ന് തായാട്ട് എഴുതിയതും, “ഓണം കേരളത്തിന്റെ ദേശീയാഘോഷമാണെന്നാണ് എല്ലാവരും പറയുന്നത്. ഇത് ശുദ്ധനുണയാണ്. കാരണം, ആര്യന്മാർ പറയുന്ന കഥ പരിശോധിച്ചാൽ, ഓണാഘോഷം തികച്ചും ഹിന്ദുക്കളുടേതു മാത്രമാണെന്നു കാണാം. ബഹുഭൂരിപക്ഷം വരുന്ന തീയനും പുലയനും പറയനും ആശാരിയും മൂശാരിയും തട്ടാനും കൊല്ലനും വണ്ണാനും ക്രിസ്ത്യാനിയും മുസ്‌ലിമും മറ്റും അഹിന്ദുക്കളാണ്. ചെറുന്യൂനപക്ഷം വരുന്ന ഹിന്ദുക്കളുടെ ആഘോഷം എങ്ങനെയാണ് ദേശീയാഘോഷമാകുന്നത്? അതു ഭീകരവാദമല്ലേ? വിശേഷിച്ച്, ഈ മണ്ണിന്റെ മക്കളെ അടിമകളാക്കിയതിന്റെ ചരിത്രം പറയുന്ന ഓണാഘോഷം എങ്ങനെയാണ് അടിമകളാക്കപ്പെട്ടവരുടെയും ആഘോഷമാവുക? ഏതാനും അഹിന്ദുക്കൾ കാര്യമറിയാതെ സവർണരെ ഓണാഘോഷത്തിൽ അനുകരിക്കുന്നെന്നു കരുതി, ഓണം കേരളത്തിന്റെ ദേശീയാഘോഷമാകുന്നതെങ്ങ

നെ?’’ (കെ. മുകുന്ദൻ പെരുവട്ടൂർ, കെ.ഇ.എൻ എഴുതിയ ഉത്സവങ്ങളുടെ വ്യാകരണം എന്ന കൃതിയിൽ നിന്നെടുത്തു ചേർത്തത്) എന്ന് മുകുന്ദനെഴുതിയതും ഈയൊരു പരിപ്രേക്ഷ്യത്തിലാണ്. സ്വന്തം മതത്തിൽനിന്ന് മാത്രമല്ല ഇതരമതസ്ഥരുടെ ഭാഗത്തുനിന്നും ‘നിർബന്ധ ഓണ’ത്തിനെതിരെ ശക്തമായ പ്രതികരണങ്ങളുണ്ടായിട്ടുണ്ട്. ഉദയം പേരൂർ സുനഹദോസിലെ ഒരു കാനോൻ അനുശാസിക്കുന്നത് ഓണമാഘോഷിക്കരുത് എന്ന് തന്നെയാണ്.

മതപരമായ ഒരാഘോഷമെന്ന നിലയിൽ ഓണം കൊണ്ടാടുന്നതിനെ വിമർശിക്കുകയല്ല ഇവരൊന്നും ചെയ്തതെന്നും, മറിച്ച് അതിന്റെ മതലേബൽ മാറ്റിവെച്ച് മലയാളിയുടെ പൊതുപ്ലാറ്റ്ഫോമിലേക്ക് അതിനെ ഒളിച്ചുകടത്താനും ദേശീയക്കുപ്പായം തയ്പ്പിച്ചു നൽകാനുമുള്ള ശ്രമങ്ങളെ എതിർക്കുകയാണ് ചെയ്തതെന്നും വ്യക്തം. സർക്കാർ ചടങ്ങുകളിൽ നിലവിളക്ക് കൊളുത്തുന്നതിനെതിരെ ഇ.എം.എസ് പ്രതികരിച്ചതും തുമ്പയിൽ തേങ്ങയുടച്ച് റോക്കറ്റ് വിക്ഷേപിച്ചതിനെ സക്കറിയ്യ ആക്ഷേപിച്ചതും സർക്കാർ പരിപാടികളിൽ സെറ്റ് മുണ്ടുടുത്ത മങ്കമാരും മാവേലി സ്റ്റോറിൽ പൂണൂലിട്ട മഹാബലിമാരും വിമർശിക്കപ്പെട്ടതുമെല്ലാം ഈയൊരു ഭൂമികയിൽ നിന്നു കൊണ്ടാണ്. അതല്ലാതെ ഗോബലിയുടെ നിയമതടസ്സം നീക്കാൻ ഹരജി നൽകുമ്പോൾ സസ്യഭക്ഷണത്തിന്റെ പോഷകത്തെ കുറിച്ചും, തുളസിത്തറ വലം വയ്ക്കാൻ നിസ്സഹകരിക്കുമ്പോൾ തുളസിയിലയുടെ ഔഷധമൂല്യത്തെ കുറിച്ചും വാചാലരാകുന്നവരോട് പാവക്കയെ ഞങ്ങൾ ബലിയറുക്കാറില്ലെന്നും വിറ്റാമിൻ ഗുളികയെ ഞങ്ങൾ വലംവയ്ക്കാറില്ലെന്നും പറഞ്ഞ് ഉദാരമനസ്സോടെ രംഗമൊഴിയാനേ നിവൃത്തിയുള്ളു.

ഓണം: ഐതിഹ്യങ്ങൾ പറയുന്നത്...

ഒരു പ്രദേശത്തോ സമൂഹത്തിലോ കാതോടുകാതോരം പ്രചരിച്ച് വേരുറച്ച കഥകൾക്കാണ് ഐതിഹ്യം എന്ന് പറയുന്നത്. ‘എന്നിങ്ങനെയാണു പോൽ’ എന്നാണ് ഐതിഹ്യ ശബ്ദത്തിന്റെ നിഷ്പത്തി. അതു കൊണ്ട് തന്നെ പൂർവഗാമികൾ മുതൽ പറഞ്ഞ് പ്രചരിച്ച ഒരു കഥയെന്നതിലുപരി ഐതിഹ്യങ്ങളെയും ഇതിഹാസങ്ങളെയും വിലയിരുത്തുന്നത് വിവരക്കേടാവും. ഓണത്തെ കുറിച്ചുള്ള ഐതിഹ്യമെടുത്തു നോക്കിയാലും ഈ പൊരുത്തക്കേടുകൾ വ്യക്തമാവും.

നിരവധി കഥകളും കഥാശാഖകളുമുള്ള ആഘോഷമാണ് ഓണം. പല ഐതിഹ്യങ്ങളും തമ്മിൽ സാരമായ അന്തരങ്ങളുണ്ട് താനും. അതേസമയം ഓരോ ഐതിഹ്യത്തിനും പിൻബലമേകുന്ന ലിഖിതരേഖകൾ ഹൈന്ദവപ്രമാണങ്ങളിൽ നിന്ന് കണ്ടെടുക്കാനും കഴിയും. കേരളം ഭരിച്ചിരുന്ന നിരവധി സദ്സ്വഭാവങ്ങളുള്ള അസുര ചക്രവർത്തിയായിരുന്നു മഹാബലി എന്ന കാര്യത്തിൽ എല്ലാ ഐതിഹ്യങ്ങളും യോജിക്കുന്നുണ്ട്. ഓണ ഐതിഹ്യവുമായി ബന്ധപ്പെട്ട് അൽപമെങ്കിലും ആധികാരികത അവകാശപ്പെടാവുന്നതും കുറച്ചെങ്കിലും പൂർവപര ബന്ധം പാലിക്കുന്നതുമായ ഐതിഹ്യം ശ്രീ മഹാഭാഗവതത്തിലേതാണ്. ശ്രീമദ് മഹാഭാഗവതത്തിൽ അഷ്ടമസ്‌കന്ധത്തിൽ 18 മുതൽ 23 വരെയുള്ള അധ്യായങ്ങളിലായി വിവരിക്കുന്ന പുരാണകഥ ഇങ്ങനെയാണ്.(ശ്രീ മഹാഭാഗവതം അഷ്ടമസ്‌കന്ധത്തിൽ 18 മുതൽ 23 വരെയുള്ള അധ്യായങ്ങളുടെ ആശയം:)

കശ്യപമഹർഷിക്ക് ദിതി എന്നും അദിതി എന്നും പേരായി രണ്ടു ഭാര്യമാർ ഉണ്ടായിരുന്നു. ദിതിയുടെ പുത്രന്മാർ അസുരന്മാരും അദിതിയുടെ പുത്രന്മാർ ദേവന്മാരുമായി അറിയപ്പെട്ടു.

അസുരന്മാരിൽ പിറന്ന ഗുരുഭക്തനും അതിസമർഥനുമായ ചക്രവർത്തിയായിരുന്നു മഹാബലി. സ്വർഗമുൾപ്പെടെ വിശ്വം മുഴുവൻ കീഴടക്കി മഹാബലി വാണു. സ്വർഗത്തിൽനിന്നും പുറത്താക്കപ്പെട്ട ദേവന്മാർ ദുഃഖിതരായിത്തീർന്നു. ദേവന്മാരെല്ലാവരും ചേർന്ന് മഹാമേരുവിലുള്ള ബ്രഹ്‌മസഭയെ അഭയം പ്രാപിച്ചു. ബ്രഹ്‌മദേവന്റെ ഉപദേശപ്രകാരം ഭഗവാൻ ശ്രീഹരിയുടെ തത്ത്വം പാടി സ്തുതിച്ചു ദേവസമൂഹത്തിനു മുമ്പിൽ പ്രത്യക്ഷനാക്കി. അസുരന്മാർക്ക് ഇപ്പോൾ നല്ല കാലമാണെന്നും കാലാനുകൂല്യം ഉണ്ടാകുന്നതുവരെ അവരോട് സന്ധിചെയ്യാനും അസുരന്മാരുടെ സഹായത്തോടു കൂടി സ്വർണവർണമായ മന്ദാരപർവതത്തെ കടക്കോലായും സർപ്പരാജാവായ വാസുകിയെ കയറായും സങ്കൽപിച്ച് പാലാഴിമഥനം ചെയ്ത് അമൃത് നേടി ഫലം അനുഭവിക്കാനും ശ്രീഹരി ഉപദേശിച്ചു.

ശേഷം ദേവന്മാർ ഇന്ദ്രന്റെ നേതൃത്വത്തിൽ മഹാബലി ചക്രവർത്തിയെ ചെന്നുകണ്ട് പൂർവവൈരം വെടിഞ്ഞു മിത്രങ്ങളായി ഭവിച്ചിട്ട് അമൃതമഥനം ചെയ്യാൻ തയ്യാറായി. മഥനത്തിൽ നിന്ന് പുറപ്പെട്ട കാമധേനുവിനെ ഋഷികളും ഉച്ഛൈശ്രവസ്സ് എന്ന കുതിരയെ മഹാബലിയും ഐരാവതം എന്ന ശ്രുഭ്രനിറമുള്ള ഗജാപധിപനെ ഇന്ദ്രനും കൌത്സുഭം എന്ന പദ്മരാഗന്തത്തെ മഹാവിഷണുവും സ്വീകരിച്ചു. മഥനത്തിൽ നിന്ന് ഉദ്ഭവിച്ച ഹാലാഹലം എന്ന വിഷം ഭഗവാൻ പരമശിവൻ ഭക്ഷിച്ചു. തുടർന്ന് പുറത്തുവന്ന ശ്രീദേവിയെ താമരദളമാല ചാർത്തി മഹാവിഷ്ണു വരിച്ചു.

സമുദ്രമഥനത്തിൽ നിന്നും പിന്നീടുണ്ടായ വാരുണീദേവി എന്ന മദ്യത്തിന്റെ അധിഷ്ഠാന ദേവതയെ അസുരന്മാർ ഗ്രഹിച്ചു. തുടർന്ന് കയ്യിൽ അമൃതമകുംഭവുമായി മഹാവിഷ്ണുവിന്റെ അംശാവതാരമായ ധന്വന്തരി അവതരിച്ചു. ധന്വന്തരിയിൽ നിന്നും അമൃതംകുംഭം അപഹരിച്ചു അസുരന്മാർ കടന്നുകളഞ്ഞു. അവർണനീയമായ സൗന്ദര്യമുള്ള ഒരു സ്ത്രീരൂപം സ്വയമേവ സ്വീകരിച്ച് ഭഗവാൻ വിഷ്ണു അമൃതകുംഭം അസുരന്മാരിൽനിന്നും കൈക്കലാക്കി ദേവന്മാർക്ക് അമൃത് വിളമ്പി. അങ്ങനെ അമൃതപാനം സാധിച്ചതുകൊണ്ട് ദേവന്മാരുടെ ജരാനരകൾ നീങ്ങി, ശക്തരായി.

പാലാഴിമഥനത്തിനു കഷ്ടതകൾ അനുഭവിച്ചതല്ലാതെ അമൃതഭാഗം ലഭിക്കാത്തതുകൊണ്ട് അസുരന്മാർ ദേവന്മാരോട് യുദ്ധത്തിനു തയ്യാറായി. മായയെ സൃഷ്ടിച്ച് സ്വയം മറഞ്ഞും ദേവസൈന്യങ്ങളുടെ നടുവിൽ പർവതങ്ങളെ സൃഷ്ടിച്ചും അഗ്‌നിപടർത്തിയും മഹാബലിയും അസുരസേനയും ദേവസേനയെ ദഹിപ്പിച്ചു. ഭഗവാൻ ശ്രീഹരി ദേവസേനയിൽ പ്രവേശിച്ചതോടെ അസുരന്മാരുടെ തന്ത്രപ്രയോഗങ്ങൾ നിശ്ശേഷം ശമിച്ചു. തദനന്തരം ഇന്ദ്രൻ തന്റെ വജ്രായുധം പ്രയോഗിച്ച് മഹാബലിയെ നിശ്ചേഷ്ടനാക്കി.

തുടർന്ന് നാരദമുനിയുടെ വാക്കിനെ മാനിച്ച് കോപം ഉള്ളിലൊതുക്കി ദേവന്മാർ സ്വർഗത്തിലേക്ക് പോയി. അവശേഷിച്ച അസുരന്മാർ മൃതപ്രജ്ഞനായ മഹാബലിയും എടുത്തുകൊണ്ട് ഗുരുവായ ശ്രുക്രമഹർഷിയെ സമീപിച്ചു. ശ്രുക്ര മഹർഷി തന്റെ മൃതസഞ്ജീവനി എന്ന വിദ്യകൊണ്ട്, കൈകാൽ മുതലായ അവയവങ്ങളും കണ്ഠവും മുറിഞ്ഞ് വേറിട്ട് പോകാതിരുന്നവരെയെല്ലാം ജീവിപ്പിച്ചു. ശുക്ര മഹർഷി സ്പർശിച്ച മാത്രയിൽത്തന്നെ മഹാബലിയുടെ ഇന്ദ്രിയങ്ങൾക്ക് ബലവും ബുദ്ധിക്ക് ഉണർവും സിദ്ധിച്ചു. ചക്രവർത്തിയുടെ ശക്തി വീണ്ടെടുത്ത് സ്വർഗത്തെ കീഴടക്കാനാഗ്രഹിച്ച അസുരകുലം മഹാബലിയെ മഹാഭിഷേകവിധിപ്രകാരം അഭിഷേകം ചെയ്തശേഷം വിശ്വജിത്ത് എന്നുപേരായ യാഗം നടത്തി യുദ്ധത്തിനാവശ്യമായ സർവസാമഗ്രികളും സമ്പാദിച്ചു. അന്തരം ശക്തരായ അസുരസേനയോടുകൂടി മഹാബലി ദേവന്മാരുടെ ഐശ്വര്യം നിറഞ്ഞ സ്വർഗം പിടിച്ചടക്കാനെത്തി. ഇന്ദ്രിയശക്തി, മനഃശക്തി, ദേഹശക്തി, പ്രഭാവം എന്നിങ്ങനെയുള്ള ഗുണങ്ങളോടുകൂടിയ മഹാബലിയെ എതിർക്കാൻ കഴിയില്ലെന്നറിയാവുന്ന ദേവഗുരു ബൃഹസ്പതിയുടെ ഉപദേശാനുസരണം ദേവന്മാർ സ്വർഗം ഉപേക്ഷിച്ച് വേഷം മാറി സഞ്ചരിച്ചു കാലം കഴിച്ചു. അനന്തരം മഹാബലി സ്വർഗത്തിൽ വസിച്ച് മൂന്നുലോകത്തെയും അടക്കിവാണു. യുദ്ധത്തിലൂടെ അധീനപ്പെടുത്തിയ ഈ ഇന്ദ്രപദം സ്ഥിരപ്പെടുത്താനായി ശുക്രമഹർഷി മഹാബലിയെ നൂറ് അശ്വമേധംകൊണ്ട് യജിപ്പിച്ചു. അങ്ങനെ മഹാബലി ചക്രവർത്തി അഭിവൃദ്ധിയോടും കീർത്തിയോടും കൂടി വിരാജിച്ചു.

ദേവന്മാരുടെ ദുരവസ്ഥയിൽ മനംനൊന്ത് ദേവമാതാവായ അദിതി, കശ്യപന്റെ നിർദേശപ്രകാരം വ്രതം അനുഷ്ഠിച്ച് ഭഗവാൻ വിഷ്ണുവിനെ പ്രസാദിപ്പിച്ചു. ശക്തരും ഗുരുഭക്തരുമായ അസുരന്മാർ മഹാബലിയുടെ നേതൃത്വത്തിൽ ഇപ്പോൾ ധർമമാർഗത്തിലാണ് ജീവിക്കുന്നതെന്നും അതിനാൽ അവരോട് പക്ഷപാതം കാണിച്ചു ദേവന്മാരെ സഹായിക്കാൻ കഴിയില്ലെന്നും ഭഗവാൻ പറഞ്ഞു. എന്നിരുന്നാലും ഭഗവാനോട് വരം ചോദിച്ച സ്ഥിതിക്ക് അത് നടപ്പാക്കാതിരിക്കാൻ കഴിയാത്തതിനാൽ ഭഗവാൻ തന്നെ അദിതിയുടെ മകനായി ദേവേന്ദ്രന്റെ അനുജനായി, അവതരിച്ചു. അതാണ് വാമനാവതാരം. ഭഗവാൻ ദേവേന്ദ്രന്റെ സഹോദരനാവുമ്പോൾ ദേവേന്ദ്രനെ സഹായിക്കുക എന്നത് സഹോദരധർമം കൂടിയായി മാറി.

ഭിക്ഷ തേടുന്ന ബ്രഹ്‌മണകുമാരന്റെ വേഷത്തിൽ വാമനൻ ബലിചക്രവർത്തിയുടെ യജ്ഞശാലയിലെത്തി. നർമദാതീരത്തുളള ഭൃഗുകച്ഛമെന്നു പേരായ ക്ഷേത്രത്തിലാണ് ശുക്രാചാര്യർ തുടങ്ങിയ മഹാബലിയുടെ ഋത്വിക്കുകൾ അശ്വമേധയാഗം നടത്തിയിരുന്നത്. അനേകം ധർമകർമങ്ങളും ദാനകർമങ്ങളുമൊക്കെ നടക്കുന്ന ആ യാഗസ്ഥലത്തേക്ക് വാമനൻ കടന്നുചെന്നു. ഭഗവാന്റെ തേജസ്സുകണ്ട് ഋഷികളും ശിഷ്യന്മാരുമെല്ലാം എഴുന്നേറ്റുനിന്ന് സ്വാഗതം ചെയ്തു. മഹാബലി വാമനന്റെ കാൽ കഴുകി ജലം തീർഥമെന്നോണം ശിരസ്സിൽ തളിച്ചു.

മഹാബലി ചക്രവർത്തി പറഞ്ഞു: “യജ്ഞം വിജയകരമായി അവസാനിച്ച ആ ദിവസം ഇവിടെ എഴുന്നള്ളിയ അങ്ങ് നമ്മുടെ അതിഥിയാണ്. താങ്കൾക്ക് വേണ്ടതെല്ലാം ദാനമായി ആവശ്യപ്പെട്ടാലും. നാം എന്തും നൽകാൻ തയ്യാറാണ്. പശുവോ, ഭൂമിയോ, സ്വർണമോ, കൊട്ടാരമോ, ആനയോ കുതിരയോ, രഥമോ, വിവാഹം കഴിക്കാൻ കന്യകമാരെയോ എല്ലാമെല്ലാം തരാൻ നാം ഒരുക്കമാണ്.’’

വാമനൻ പറഞ്ഞു: “സർവോത്തമനായ, കീർത്തിമാനായ, പരമഭക്തനായ പ്രഹ്ലാദന്റെ കുലത്തിൽ തന്നെയാണ് അങ്ങും ജീവിച്ചത്. ഈ കുലത്തിലെ എല്ലാവരും ദാനവീരന്മാർ ആയിരുന്നു. അങ്ങനെയുള്ള അങ്ങയോടു കൂടുതലൊന്നും ആവശ്യപ്പെടുന്നില്ല. വാമനായ എനിക്ക് മൂന്നടി മണ്ണ് മാത്രം മതി(ശ്രീ മഹാഭാഗവതം). കേവലം രണ്ടടി കൊണ്ട് മഹാബലിയുടെ സാമ്രാജ്യമായ ഭൂമിയും സ്വർഗവും അളന്ന് തന്റെതാക്കിയ വാമനൻ മൂന്നാമത്തെ അടിവെക്കാൻ സ്ഥലമന്വേഷിക്കുകയും കൊടുക്കാൻ കഴിയാതെ സുതലത്തിൽ പ്രവേശിക്കേണ്ടി വരികയും ചെയ്യുന്ന സംഭവങ്ങളാണ് തുടർന്ന് ഭാഗവതത്തിൽ കാണുന്നത്.

ശുക്രാചാര്യരുടെ വിലക്ക് വകവെക്കാതെ ശിരസ്സ് കുനിച്ച മഹാബലിയെ വാമനൻ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയെന്നും പ്രജാതൽപരനായ മാവേലി ആണ്ടുതോറും അദൃശ്യനായി കേരളം സന്ദർശിക്കുമെന്നും മറ്റ് ഐതിഹ്യങ്ങൾ പറയുന്നു.

ഇതു കൂടാതെ വാമനിൽ നിന്ന് കേരളക്ഷേത്രത്തെ മോചിപ്പിച്ച് ബ്രാഹ്‌മണർക്ക് ദാനം നൽകിയ പരശുരാമൻ വർഷത്തിലൊരിക്കൽ തൃക്കാക്കരയിൽ അവതരിക്കുന്ന ചടങ്ങായും(വി.വി.കെ വാലത്ത്: സ്ഥലനാമ ചരിത്രങ്ങൾ, എറണാകുളം ജില്ല, കേരള സാഹിത്യ അക്കാദമി), സിദ്ധാർഥ രാജകുമാരൻ ബോധോദയത്തിന് ശേഷം ശ്രവണപദത്തിലേക്ക് പ്രവേശിച്ച ശ്രാവണമാസത്തിലെ തിരുവോണ നാളായും(വേലായുധൻ പണിക്കശ്ശേരി: അന്വേഷണം, ആസ്വാദനം-ലേഖനങ്ങൾ, കറന്റ് ബുക്സ്), ചേരമാൻ പെരുമാളിന്റെ ഇസ്‌ലാം മതാശ്ലേഷണവുമായി ബന്ധപ്പെട്ട് ചിങ്ങ മാസത്തിലെ ഉത്സവമായും(പി.ഒ പുരുഷോത്തമൻ: ബുദ്ധന്റെ കാൽപാടുകൾ), ഭൂമിയിൽ ആഴ്ന്ന് കിടന്ന് വർഷത്തിലൊരിക്കൽ മുളക്കുന്ന വിത്തിന്റെ ദേവതാരൂപത്തിലുള്ള സാമാന്യവത്കരണമായുമെല്ലാം (ഡോ: പി. രഞ്ജിത്ത്: പ്രാചീന കേരളത്തിന്റെ കാർഷികസംസ്‌കാരം ഒരു മുഖവുര) ഓണത്തെ പരിചയപ്പെടുത്തുന്ന പഠനങ്ങൾ നടന്നിട്ടുണ്ട്.

ഐതിഹ്യങ്ങളിലും പുരാണങ്ങളിലും ശാസ്ത്രീയത തിരയുന്നത് ഭൂഷണമല്ല. അതേസമയം ഐതിഹ്യമായാലും സാമാന്യയുക്തിയെ വെല്ലുവിളിക്കുന്ന പൊരുത്തക്കേടുകൾക്കും വൈരുധ്യങ്ങൾക്കും നേരെ കണ്ണടയ്ക്കുന്നത് ഉദ്ബുദ്ധരായ ആളുകൾക്ക് ഭൂഷണമല്ല താനും. മഹാബലിയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിന്റെ നാരായവേര് തന്നെ അബദ്ധങ്ങളുടെ മണ്ണിലാണെന്നത് എത്രമാത്രം സങ്കടകരമല്ല!

ത്രേതായുഗത്തിലെ വിഷ്ണുവിന്റെ മൂന്ന് അവതാരങ്ങളിൽ ഒന്നാമത്തെത് വാമനനും രണ്ടാമത്തെത് പരശുരാമനും, മൂന്നാമത്തെത് ശ്രീരാമനുമാണ്. ഇതിൽ രണ്ടാമത്തെ അവതാരമായ പരശുരാമൻ മഴുവെറിഞ്ഞ് സൃഷ്ടിച്ചു എന്ന് പറയപ്പെടുന്ന കേരളത്തിലെ രാജാവായ മഹാബലിയെയാണ് ആദ്യാവതാരമായ വാമനൻ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയെന്ന് പറയുന്നത്! 3600 ദേവവർഷങ്ങളടങ്ങിയ ത്രേതായുഗത്തിനെ മൂന്ന് ഭാഗമായി തിരിച്ചാൽ വാമനാവതാരം പൂർത്തിയായതിന് ശേഷം പിറവിയെടുത്ത പരശുരാമനാണ് കേരളം സൃഷ്ടിച്ചതെന്ന് പറഞ്ഞാൽ എങ്ങനെയാണ് വിശ്വസിക്കാൻ കഴിയുക?

ഓണാഘോഷം ഹൈന്ദവമല്ലെന്നോ?

ഓണാഘോഷത്തിൽ പങ്കുചേരാൻ വിമുഖത കാണിക്കുന്നവരെ രാജ്യദ്രോഹികളാക്കാൻ തത്രപ്പെടുന്നവർക്കും ഓണം ഹൈന്ദവവിശ്വാസത്തെ ഉപജീവിക്കുന്നില്ലെന്നും മതേതരത്വത്തിന്റെ വിശാലമായ ക്യാൻവാസിലാണ് അതിന്റെ സ്ഥാനമെന്ന് ഗീർവാണം മുഴക്കുന്നവർക്കും ഓണവുമായി ബന്ധപ്പെട്ട ആചാരകർമങ്ങൾ ഒന്നു വിലയിരുത്തിയാൽ മതിയാവും, അതിന്റെ മതകീയത ബോധ്യപ്പെടാൻ.

ആചാരങ്ങളിലെ മതബിംബങ്ങൾ

ഏതൊരു ആഘോഷത്തിന്റെയും ചടങ്ങുകൾ അതുൾക്കൊള്ളുന്ന ദർശനത്തിന്റെ പ്രകടരൂപമാണ്. ചടങ്ങുകളിലെ കർമങ്ങൾ വീക്ഷിച്ചാൽ അത് മുന്നോട്ടുവെക്കുന്ന ആദർശമെന്തെന്ന് മനസ്സിലാക്കാൻ കഴിയും. ഓണാഘോഷത്തിന്റെ ഭാഗമായുള്ള ചടങ്ങുകളും ഇതിൽ നിന്ന് ഭിന്നമല്ല. പ്രാദേശികമായി വ്യത്യസ്തങ്ങളായ പല ഐതിഹ്യങ്ങളും ചടങ്ങുകളുമുള്ള ഉത്സവമാണ് ഓണം. ഹൈന്ദവാചാരങ്ങളിൽ പൊതുവെ കണ്ടുവരുന്ന ഈ വസ്തുത ഓണത്തിന്റെ കാര്യത്തിൽ ഒട്ടധികമുണ്ട് താനും. അതുകൊണ്ട് തന്നെ ഓണാഘോഷ ചടങ്ങുകൾക്ക് നിയതമായ ഒരു രൂപം നിർദേശിക്കുക സാധ്യമല്ല. അതേസമയം ഏതുതരം ഭേദങ്ങൾക്കും പ്രാമാണികമായി പിൻബലമവകാശപ്പെടാനും വലിയ പ്രയാസമൊന്നുമില്ല.

ഓണവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങുകൾ ഹ്രസ്വമായി ഒന്നു പരിചയപ്പെടാം.

തൃക്കാക്കരയപ്പൻ

ഓണാഘോഷവുമായി ബന്ധപ്പെട്ട പ്രധാന ആഘോഷമാണ് തൃക്കാക്കരയപ്പനെ വണങ്ങുക എന്നത്. തിരുവോണ പുലരിയിൽ കുളിച്ച് കോടിവസ്ത്രമണിഞ്ഞ് ഓണപ്പൂക്കളത്തിനു മുമ്പിൽ ആവണിപ്പലകയിലിരുന്ന് സാങ്കൽപിക ഓണത്തപ്പന്റെ കളിമൺ ബിംബത്തിന് മുമ്പിൽ മാവ് ഒഴിച്ച് പൂക്കുല നിരത്തി പൂവട നിവേദിക്കുന്നത് തൊട്ട് തുടങ്ങുന്നു ഈ ചടങ്ങ്. തൂശനിലയിൽ ദർഭപ്പുല്ല് വിരിച്ചാണ് തൃക്കാക്കരയപ്പനെ ഇരുത്തുക. തെക്കൻ കേരളത്തിലെ ചില ജില്ലകളിൽ തൃക്കാക്കരയപ്പനെ ഒരുക്കുന്ന ചടങ്ങുമുണ്ട്. വീട്ട് മുറ്റത്തോ ഇറയത്തോ ആണ് ‘ഓണം കൊള്ളുക’ എന്ന ചടങ്ങ് നടക്കുന്നത്. അരിമാവു കൊണ്ട് കോലം വരച്ച് അതിനു മുകളിൽ തൃക്കാക്കരയപ്പനെ ചെറിയ പീഠത്തിലിരുത്തി തുമ്പക്കുടം, പുഷ്പങ്ങൾ തുടങ്ങിയവ കൊണ്ട് അലങ്കരിക്കുന്നു. നിലവിളക്ക് ചന്ദനത്തിരി, വേവിച്ച അട, മുറിച്ച നാളികേരം, അവിൽ, മലർ തുടങ്ങിയവയും ഇതിനോടൊപ്പം നേദിക്കുന്നു. തുടർന്ന് ഒരു പ്രത്യേക പ്രാർഥന മൂന്ന് തവണ ചൊല്ലി ആർപ്പ് വിളിച്ച് അടയുടെ ഒരു കഷ്ണം ഗണപതിക്കും മറ്റൊന്ന് മഹാബലിക്കും നിവേദിക്കുന്നു. ഐശ്വര്യത്തിന്റെ പ്രതീകമായി നേദിച്ചതിന് ശേഷം മാത്രമേ ഈ ഭക്ഷണം മനുഷ്യർക്കും മൃഗങ്ങൾക്കും നൽകൂ.

തൃക്കാക്കരയപ്പന്റെ ചരിത്രത്തെ കുറിച്ചും തൃക്കാക്കര ക്ഷേത്രത്തെ കുറിച്ചുമെല്ലാം പഠനം നടത്തിയാൽ ഹിന്ദു ഐതിഹ്യവുമായി അതിനുള്ള നാഭീ-നാള ബന്ധം ബോധ്യമാവും. ദേശീയ ബോധമുണർത്തുന്ന ചടങ്ങളുകൾക്ക് ഇവയിലൊന്നും യാതൊരു സ്ഥാനവുമില്ലെന്ന് മാത്രമല്ല സവർണതയെ പുൽകുന്ന ഐതിഹ്യങ്ങളും കർമങ്ങളും ഇതിൽ എമ്പാടുമുണ്ട് താനും.

ഓണപ്പൂക്കളം

തിരുവോണ ദിവസം ആഗമനാവുന്ന മാവേലി മന്നനെ സ്വീകരിക്കാനാണ് ഓണപ്പൂക്കളം തയ്യാറാക്കുന്നത്. മുറ്റത്ത് തറയുണ്ടാക്കി ചാണകം മെഴുകിയാണ് പൂക്കളമൊരുക്കുന്നത്. ഇതിന് പ്രത്യേക രൂപവും ആകൃതിയുമെല്ലാമുണ്ട്. ആദ്യദിനമായ അത്തംനാളിൽ ഒരു നിര പൂ മാത്രമെ പാടുള്ളൂ. തുടർന്ന് ഓരോ ദിവസവും പൂക്കളം കൂടി വരുന്നു. ചോതിനാൾ മുതൽ മാത്രമെ ചെമ്പരത്തിപ്പൂ പാടുള്ളൂ. ഉത്രാടനാളിൽ പൂക്കളം പരമാവധി വലുതാകും.

പത്തുനിലയിലാണ് പൂക്കളം ഒരുക്കേണ്ടതെന്നും ഒന്നാം നിലയിൽ ഗണപതി, രണ്ടാമത്തേതിൽ ശിവശക്തി, മൂന്നാമത്തേതിൽ ശിവൻ, നാലാമത്തേതിൽ ബ്രഹ്‌മാവ്, അഞ്ചാമത്തേതിൽ പഞ്ചപ്രാണങ്ങൾ, ആറിൽ ഷൺമുഖൻ, ഏഴിൽ ഗുരുനാഥൻ, എട്ടിൽ ദിക്പാലകന്മാർ ഒമ്പതിൽ ഇന്ദ്രൻ, പത്തിൽ വിഷ്ണു എന്നീ ക്രമത്തിൽ സങ്കൽപിച്ചു വേണമെന്നും വ്രതചൂഡാമണിയിൽ പ്രസ്താവിച്ചിരിക്കുന്നു. (വ്രതചൂഡാമണി: ഉദ്ധരണം: സർവ വിജ്ഞാനകോശം).

ഓണവുമായി ബന്ധപ്പെട്ട അത്തച്ചമയത്തിലും ഓണക്കാഴ്ചയിലും ഉത്രാടപ്പാച്ചിലിലുമെല്ലാം ഈ ഹൈന്ദവബിംബങ്ങൾ കാണാം. മാത്രമല്ല ഓണാഘോഷവുമായി ബന്ധപ്പെട്ടു നടത്തുന്ന അനുഷ്ഠാന കലകളായ ഓണത്തെയ്യം, വേലൻതുള്ളൻ തുടങ്ങിയവയിലും ഓണക്കുമ്മാട്ടിക്കളി, ഓണക്കളി, ഓച്ചിറക്കളി, കമ്പിത്തായം കളി, ഭാരക്കളി, കൈകൊട്ടിക്കളി, പുലിക്കളി, കിളിത്തട്ടുക്കളി... തുടങ്ങിയ കളികളിലും ഹൈന്ദവ ഐതിഹ്യങ്ങൾ കാണാൻ കഴിയും. കേരളത്തിൽ നിലവിലുള്ള ധാരാളക്കണക്കിന് ഓണപ്പാട്ടുകളെടുത്ത് പരിശോധിച്ചാൽ ഈ ഐതിഹ്യങ്ങളുടെ നല്ലൊരു വാഗ്മയ ചിത്രം ലഭിക്കും.

ചരിത്രത്തിലെ ഓണം

ഓണവുമായി ബന്ധപ്പെട്ട് സമൂഹത്തിൽ നിലനിൽക്കുന്ന ഐതിഹ്യങ്ങളും ആചാരങ്ങളുമാണ് ഇത്രയും വിലയിരുത്തിയത്. ഐതിഹ്യങ്ങളിൽ നിന്നും ആചാരങ്ങളിൽ നിന്നും ചരിത്രത്തെ മോചിപ്പിച്ചെടുത്താലും ഹൈന്ദവോത്സവമെന്ന വൃത്തത്തിനുള്ളിൽ മാത്രമായിരിക്കും അതിന്റെ സ്ഥാനം. ഒരിക്കലും ഭാരതത്തിന്റെയോ കേരളത്തിന്റെയോ വിശാലമായ മതേതരഭൂമികയിലേക്ക് ഓണത്തെ പറിച്ചുനടാൻ കഴിയില്ല എന്നതാണ് വസ്തുത.

ബി.സി 300 മുതൽ രേഖപ്പെടുത്തപ്പെട്ട സംഘകാല കൃതികളെ വ്യക്തമായി അപഗ്രഥിച്ച ചരിത്രകാരന്മാർ ഓണത്തെകുറിച്ചുള്ള പ്രാചീന പരാമർശങ്ങൾ കണ്ടെടുത്തിട്ടുണ്ടെന്നും ‘ഇന്ദ്രവിഴ’ എന്നാണ് അന്ന് ഓണത്തിന് പറഞ്ഞിരുന്നത് എന്നുമാണ് ഈ വാദത്തെ ഖണ്ഡിക്കുന്നവർ എടുത്തുപറയാറുള്ളത്. എന്നാൽ മേൽപറഞ്ഞ ആഘോഷം ഓണമായിരുന്നില്ലെന്നും മറിച്ച് വറുതിയുടെ നാളുകൾക്ക് ശേഷം വൈദേശിക നാവികർ നാട്ടിലെത്തുന്നതിനോടുള്ള സന്തോഷ സൂചകമായി സംഘടിപ്പിക്കുന്ന ചടങ്ങാണിതെന്നും അതിന്റെ സ്വഭാവം പഠനവിധേയമാക്കിയാൽ ബോധ്യപ്പെടും. കേരളത്തിൽ പണ്ടുമുതൽക്കേ ഇടവമാസം മുതൽ കർക്കിടകം അവസാനിക്കുന്നത് വരെ മഴക്കാലമാണ്. ഈ കാലത്ത് വ്യാപാരങ്ങൾ നടക്കുമായിരുന്നില്ല. ഇത് മൂലം കുരുമുളക് നശിച്ചു പോവുമെന്നതിനാലും കപ്പലുകൾക്ക് സഞ്ചാരം ദുഷ്‌കരമാകുമെന്നതിനാലും കപ്പലോട്ടവും വിദേശരാജ്യങ്ങളിൽ നിന്നുള്ള ഇടപെടലുകളും നിർത്തിവെക്കും. കപ്പലുകളെല്ലാം മഴക്കാലം മാറാനായി മറ്റു രാജ്യങ്ങളിൽ കാത്തിരിക്കും. പിന്നീട് വ്യാപാരം ആരംഭിക്കുന്നത് ചിങ്ങമാസാരംഭത്തോടുകൂടിയാണ്. സാഹസികരായ നാവികർ വിദേശത്ത് നിന്ന് പൊന്നുകൊണ്ടുവരുന്നതിനെ സൂചിപ്പിക്കാനായാണ് ഇക്കാലത്ത് പൊന്നിൻ ചിങ്ങമാസം എന്നു പറയുന്നത്. ഈ മാസം മുഴുവനും സമൃദ്ധിയുടെ നാളുകളാണ്.’ചിങ്ങമാസത്തിലെ പൗർണമി നാളിൽ കപ്പലുകൾ കടലിലിറക്കുന്നതും നാളികേരവും പഴങ്ങളും കടലിലെറിഞ്ഞ് ആഹ്ലാദം പങ്കുവെക്കുന്നതും വിദേശവ്യാപാരികളെ സ്വീകരിക്കുന്നതുമായ സംഭവങ്ങൾ അകനാനൂറ് എന്ന കൃതിയിൽ വായിക്കാൻ കഴിയും. ഇതിനെ ഓണത്തിന്റെ പ്രാകൃതരൂപമായി പരിചയപ്പെടുത്തുന്നത് അതിന്റെ മതകീയസ്വഭാവം ഇല്ലായ്മ ചെയ്യാനാണ്.

അതേസമയം സംഘസാഹിത്യത്തിലെ തന്നെ പത്തുപാട്ടുകളിലുൾപ്പെടുന്ന മധുരൈ കാഞ്ചിയിൽ ഓണത്തിനെ കുറിച്ച് പരാമർശമുണ്ട്. ബി.സി രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മാങ്കുടി മരുതനാർ എന്ന പാണ്ഡ്യരാജാവിന്റെ തലസ്ഥാന നഗരമായ മധുരയിൽ ഓണമാഘോഷിച്ചിരുന്നതായി അതിൽ വർണനയുണ്ട്. മഹാബലിയെ ജയിച്ച വാമനന്റെ സ്മരണയിൽ ശ്രാവണ പൗർണമി നാളിലായിരുന്നു മധുരയിലെ ഈ ഓണാഘോഷം. ഒമ്പതാം ശതകത്തിന്റെ ആദ്യഘട്ടത്തിൽ ജീവിച്ചിരുന്ന പെരിയാഴ്വരുടെ തിരുമൊഴി എന്ന ഗ്രന്ഥത്തിലും ഓണത്തെകുറിച്ച് പരാമർശമുണ്ട്. ചേരന്മാരെ അനുകരിച്ചായിരിക്കാം അവർ ഓണാഘോഷം നടത്തിയിരുന്നത് എന്നാണ് ചരിത്രകാരന്മാർ നിരീക്ഷിക്കുന്നത്.

ഈയിടെ വിട പറഞ്ഞ പ്രശസ്ത ചരിത്രകാരൻ എം.ജി.എസ് നാരായണൻ ഈ നിരീക്ഷണത്തോട് യോജിക്കുന്നുണ്ട്. “ഓണം മഹാവിഷ്ണുവിന്റെ അവതാരമായ വാമനന്റെ ജന്മനക്ഷത്രത്തെ പ്രതിനിധാനം ചെയ്യുന്നതിനാൽ വൈഷ്ണവർക്ക് ഏറെ പ്രധാനമാണ്. തമിഴകത്തെ ഏറ്റവും പ്രാചീനമായ ബ്രഹ്‌മണക്ഷേത്രം സ്ഥാപിതമായത് തിരുപ്പതിയിലാണ്. അവിടുത്തെ ബാലാജി എന്ന ബാലദേവൻ (കുട്ടിദൈവം) അസുരരാജാവായ മഹാബലിയെ തന്ത്രപൂർവം ചവിട്ടിത്താഴ്ത്തി ബ്രഹ്‌മണദേവന്മാർക്കും അവരുടെ അനുയായികൾക്കും ലോകം നേടിക്കൊടുത്ത വാമനൻ ബ്രാഹ്‌മണബാലൻ തന്നെയാകുന്നു.

വാമനന്റെ ജന്മദിനത്തിലെ ഉത്സവമായ ശ്രാവണഉത്സവം പ്രസ്തുത ക്ഷേത്രത്തിൽ കൃത്യമായി ആഘോഷിച്ചുവരുന്നു. വാമനൻ മുഖ്യദേവനായി ഗണിക്കപ്പെട്ടു പോരുന്ന മധ്യകേരളത്തിലെ തൃക്കാക്കര വിഷ്ണുക്ഷേത്രത്തിലും ഓണം ആഘോഷിക്കാറുണ്ട്. ഒമ്പതാം ശതകത്തിന്റെ ഒടുവിലെ നാമ്മാൽവാറിൽ ഈ ക്ഷേത്രത്തിന്റെ വർണനയുള്ളതിൽ നിന്ന് ഇത് ഒമ്പതാം നൂറ്റാണ്ടിൽ നിലവിൽ വന്നിട്ടുണ്ടെന്ന് മനസ്സിലാക്കാം. 10-11 നൂറ്റാണ്ടുകളിലെ ഏതാനും ലിഖിതങ്ങൾ ഈ ക്ഷേത്രത്തിന്റെ തറകളിൽ രേഖപ്പെട്ട് കാണുന്നു. (അയ്യർ,1992:2(7) ഡി. ജി,എച്ച്,എൽ,എം); 3(35-37,39,41-42,44). കുലശേഖരപ്പെരുമാൾ തന്നെ നിർമിച്ചതായിരിക്കണം ഈ ക്ഷേത്രം. വാമനനോട് ഒരു പ്രത്യേക താൽപര്യം വെച്ചുപുലർത്തിയിരുന്നയാളാണ് അദേഹമെന്നതിന് തെളിവുണ്ട്. താപതിസംവരണ എന്ന തന്റെ നാടകത്തിൽ വാമനനെ പുകഴ്ത്താൻ അദ്ദേഹം വഴിവിട്ട് അവസരം സൃഷ്ടിക്കുന്നുണ്ട്. കേരളത്തിലെ തിരുവോണാഘോഷങ്ങളുടെ മുഖ്യകേന്ദ്രം തൃക്കാക്കര വിഷ്ണുക്ഷേത്രം തന്നെയാണ്. ഇതിനു പുറമെ, പ്രസ്തുത ദിവസം കളിമണ്ണുകൊണ്ടുണ്ടാക്കിയ തൃക്കാക്കരയപ്പന്റെ പ്രതിമ കേരളത്തിലെ എല്ലാ വീടുകളിലും ആരാധിക്കപ്പെടുന്നു. ആകയാൽ, എല്ലാ വിഭാഗം ജനങ്ങളുടെയും ഏറ്റവും പ്രസിദ്ധപ്പെട്ട പൊതു ആഘോഷമായ ഓണോത്സവം വൈഷ്ണവ ചക്രവർത്തിയായ കുലശേഖരപ്പെരുമാളിന്റെ സംഭാവനയാണെന്നൂഹിക്കാവുന്നതാണ്. കുടിയാന്മാർ ഭൂവുടമകൾക്കു നൽകുന്ന തിറക്ക് ഓണോത്സവവുമായുള്ള ബന്ധം ക്രമേണ വികസിച്ചുവന്നതായിരിക്കണം. കുലശേഖരൻ വൈഷ്ണവഭക്തി സമ്പ്രദായം പരിചയപ്പെടുത്തിയതോടെ തന്നെ ഒരാഘോഷം എന്ന നിലയിൽ ഓണം ആരംഭിച്ചിരിക്കണം’’ (എം.ജി.എസ് നാരായണൻ: The Impact of Vaishnava Bhakti Movement in Kerala: Evolution of Onam Festival in Medieval & Modern Times: Journal of the Institute for Resear-ch in Social Science & Humanities (Volume 1, November 1, Jan 2006).

വിഷ്ണുവിന്റെ പിറന്നാളാഘോഷവുമായി ബന്ധപ്പെട്ട ചരിത്രമാണ് ഓണത്തിനുള്ളത് എന്നും വിഷ്ണു-കൃഷ്ണ-വാമനന്റെ ജന്മനാളാണ് ഓണാഘോഷ മാസമെന്നുമാണ് ചരിത്രകാരനായ രവിവർമ്മ സമർഥിക്കുന്നത്. “ഒരു കാലത്ത് ഓണമെന്ന പേരിൽ അറിയപ്പെട്ടിരുന്ന ഉത്സവമാണ് ഇന്നത്തെ ബ്രഹ്‌മോത്സവം (തിരുപ്പതിയിലെ ഉത്സവം) എന്ന് കരുതുന്നതിൽ തെറ്റുണ്ടാവില്ല. ഭാദ്രമാസത്തിൽ ശുക്ലദ്വാദശിയും തിരുവോണവും ഒന്നിച്ചുവന്ന ദിവസമായിരുന്നു വിഷ്ണുവിന്റെ പിറന്നാൾ എന്നാണല്ലോ പുരാണപ്രശസ്തി. ഇന്നത്തെ കേരളത്തിലെപ്പോലെ പഴയ തമിഴകത്ത് നക്ഷത്രമനുസരിച്ചായിരുന്നു പിറന്നാളുകൾ ആഘോഷിച്ചിരുന്നത്. ശുക്ലദ്വാദശിയും തിരുവോണവും എല്ലാ കൊല്ലങ്ങളിലും ഒരുമിച്ചുവരാഞ്ഞതുകൊണ്ട് വിഷ്ണുവിന്റെ പിറന്നാൾ തീരുമാനിക്കുന്നതിൽ അന്ന് തിരുവോണത്തിനായിരുന്നു പ്രാഥമ്യം കൊടുത്തിരുന്നത്-അതായത് ശുക്ലദ്വാദശിയല്ലെങ്കിലും തിരുവോണനാളിലാണ് പിറന്നാൾ ആചരിച്ചു പോന്നത്. അങ്ങനെ, ആഘോഷത്തിന് ഓണം എന്ന പേരുണ്ടായി. ഇടക്കാലത്ത് തമിഴ്നാട്ടിൽ നക്ഷത്രത്തെ വിട്ടുകളഞ്ഞ് പിറന്നാളുകൾ തിഥിയനുസരിച്ച് ആചരിക്കുന്ന സമ്പ്രദായം നടപ്പിലായി. അപ്പോൾ വിഷ്ണുവിന്റെ പിറന്നാളാഘോഷം ഭാദ്രപദത്തിലെ തിരുവോണത്തിന് പകരം അതേമാസത്തിലെ ശുക്ലദ്വാദശിയിലായി. അതോടു കൂടി ഓണമെന്ന പേര് നിരർഥകമാവുകയും അത് ഉപേക്ഷിക്കപ്പെടുകയും ചെയ്തു.’’(കെ.ടി രവിവർമ്മ: ഋഗ്വേദം മുതൽ ഓണപ്പാട്ടുകൾ വരെ: ത്രിവിക്രമ-ബലിമിത്തിന്റെ വികാസപരിണാമങ്ങൾ, ഡി.സി ബുക്സ് കോട്ടയം).

ഓണം കേരളീയമോ ഭാരതീയമോ ആയ ആചാരമല്ല എന്നാണ് എൻ.വി കൃഷ്ണവാര്യർ പറഞ്ഞുവെച്ചിട്ടുള്ളത്.(എൻ.വി കൃഷ്ണവാര്യർ കലോത്സവം, പൂർണ പബ്ലിക്കേഷൻ). പുരാതന ഇറാഖിലെ അസീറിയയിൽ നിന്നാണത്രെ ഓണാചാരങ്ങൾ തുടങ്ങുന്നത്. അവിടത്തെ സിഗുറായി എന്നറിയപ്പെടുന്ന ഗോത്രങ്ങളോട് ബന്ധപ്പെട്ടായിരുന്നു ഈ ആചാരം. അസീറിയക്കാർ ക്രിസ്തുവിന് ഏതാണ്ട് 200 വർഷങ്ങൾക്കുമുമ്പ് തെക്കേ ഇന്ത്യയിൽ സ്ഥാനമുറപ്പിച്ചതോടുകൂടിയാണ് ഓണാചാരങ്ങൾ ഇന്ത്യയിലേക്ക് സംക്രമിച്ചതെന്നും സിഗുറായി ക്ഷേത്രങ്ങളുടെ മാതൃകയിലാണ് നാം തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ചതെന്നും എൻ.വി തെളിവായി സൂചിപ്പിക്കുന്നുണ്ട്.

എന്നാൽ ‘കേരളീയരുടെ വംശനാഥനായ മാവേലി ജനിച്ചതും തിരുവോണനാളിലായിരുന്നിരിക്കാം അതുകൊണ്ട് പൊന്നും പൊരുളും കൊണ്ടുതരുന്ന ആ ആഘോഷനാളിനെ അദ്ദേഹത്തിന്റെ പിറന്നാളുമായി ബന്ധപ്പെടുത്തി ആഘോഷിച്ചിരുന്നിരിക്കാം’(സോമൻ ഇലവംമൂട്: പ്രാചീന കേരള സംഗ്രഹം, ധന്യാ ബുക്സ്, പുതുപ്പള്ളി) എന്നാണ് ചരിത്രകാരനായ സോമൻ ഇലവംമൂട് സമർഥിക്കുന്നത്.

മലബാർ മാന്വലിന്റെ കർത്താവ് വില്യം ലോഗന്റെ അഭിപ്രായത്തിൽ എ.ഡി 825 മുതലാണ് ഓണം ആഘോഷിച്ചുതുടങ്ങിയത്. മഹാബലിയുടെ ഓർമക്കായ് ഭാസ്‌കരൻ രവിവർമ്മയാണ് ഇത് ആരംഭിച്ചതെന്നും ലോഗൻ അഭിപ്രായപ്പെടുന്നു. കേരളചരിത്ര കർത്താവ് കെ.കെ കൃഷ്ണപിഷാരടി എ.ഡി 620നും 670നും ഇടയിൽ ഓണം ആഘോഷിക്കാൻ തുടങ്ങിയതായി പറയുന്നു. പതിനൊന്നാം നൂറ്റാണ്ടിൽ കേരളം സന്ദർശിച്ച അറബി സഞ്ചാരി അൽബിറൂണിയും 1154ൽ വന്ന ഈജിപ്ഷ്യൻ സഞ്ചാരി അൽ ഇദ്രീസിയും 1159ൽ ഫ്രഞ്ച് സഞ്ചാരി ബെഞ്ചമിനുമെല്ലാം മലയാളിയുടെ ഓണത്തെക്കുറിച്ചും ആഘോഷങ്ങളെ കുറിച്ചും വിവരിക്കുന്നുണ്ട്.

പത്താം നൂറ്റാണ്ടിൽ കണ്ടെടുത്ത സ്ഥാണു രവികുലശേഖരൻ എന്ന രാജാവിന്റെ ലിഖിതത്തിൽ വിദേശ നിർമിത വസ്തുക്കൾ ഓണക്കാഴ്ച നൽകി പന്ത്രണ്ടു വർഷത്തെ ദേശീയോത്സവത്തിന്റെ മേൽനോട്ടം ഏറ്റുവാങ്ങിയിരുന്നതായി കാണാം. കേരളത്തിലെ രാജാക്കന്മാരെല്ലാം ആ പള്ളി ഓണത്തിൽ പങ്കുചേരാൻ തൃക്കാക്കര എത്തിച്ചേർന്നിരുന്നു. കാലക്രമത്തിൽ ഇത് കനകക്കുന്ന് കൊട്ടാരത്തിൽ നടത്തിവരികയും പിന്നീട് കേരളസർക്കാർ ഏറ്റെടുക്കുകയും ചെയ്തു (Onam: Carnival of Kerala: www.about.com).

പതിനാലം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഉണ്ണുനൂലി സന്ദേശത്തിലും അഞ്ചാം ശതകത്തിലെഴുതിയ ഉദ്ദണ്ഡ ശാസ്ത്രികളുടെ (സംസ്‌കൃത സാഹിത്യത്തിനും ഭാഷയ്ക്കും അമൂല്യമായ പോഷണം നടത്തിയിട്ടുള്ള ദക്ഷിണഭാരത പണ്ഡിതൻ. ക്രിസ്തുവർഷം 15ാം ശതകത്തിനടുത്ത് ജീവിതകാലം. പതിനെട്ടരക്കവികളിൽ പ്രമുഖൻ) കൃതികളിലും ഓണത്തെകുറിച്ച് പരാമർശമുണ്ട്. 1286ൽ മതപ്രചരണാർഥം കേരളത്തിലെത്തിയ ഫ്രയർ ഒഡോറിക്കും 1347ൽ കോഴിക്കോട് താമസിച്ചിരുന്ന റീഗ് നെല്ലിയും മഹാബലിയുടെ തിരിച്ചുവരവുകളെപ്പറ്റി തങ്ങളുടെ ഗ്രന്ഥങ്ങളിൽ വിവരിക്കുന്നുണ്ട്.(അവലംബം: http://ml.wikipedia.org)

ചുരുക്കത്തിൽ, ഓണത്തെ കുറിച്ചുള്ള ഐതിഹ്യമെടുത്തു പരിശോധിച്ചാലും ചരിത്രം വിലയിരുത്തിയാലും ആചാരാനുഷ്ഠാനങ്ങൾ പഠനവിധേയമാക്കിയാലും ചെന്നെത്തുന്നത് ഓണം ഹൈന്ദവ സംസ്‌കാരവുമായി ഇഴുകിചേർന്ന ആഘോഷമാണ് എന്നതിലേക്കാണ്. മാത്രമല്ല, ഓണമാഘോഷിക്കാത്ത ഇതര വിഭാഗങ്ങൾ ദേശവിരുദ്ധരാണെന്ന തരത്തിലേക്ക് വരെ വളർന്ന സവർണ വർഗീയത നിലനിൽക്കുവോളം ‘ഭാർഗവ ക്ഷേത്രത്തിൽ ശ്രീ ചക്രമായി, ഭാസുര സംസ്‌കാര ദർപ്പണമായ്’ പരിചയപ്പെടുത്തുന്ന ഓണാഘോഷത്തെ ദേശീയോത്സവമായി മനസ്സിലാക്കാൻ മറ്റുള്ളവർക്ക് കഴിയില്ല.