പ്രപഞ്ചം ആസൂത്രിതമോ യാദൃച്ഛികമോ?
നാസിർ സ്വലാഹി
2025 ആഗസ്റ്റ് 23, 1447 സഫർ 29

തനിയെ ഒരു കപ്പൽ യൂഫ്രട്ടീസിൽ പോയി ഭക്ഷണവും മറ്റു സാധനങ്ങളും ശേഖരിച്ച് തിരിച്ചു വരികയും അവ ഇറക്കിവെക്കുകയും ചെയ്യും എന്ന് വിശ്വസിക്കാനാകാത്ത നിങ്ങൾ എങ്ങനെയാണ് പ്രപഞ്ചം തനിയെ പ്രവർത്തിക്കുന്നു എന്ന് വിശ്വസിക്കുന്നത് ‘ - ഒരു നാസ്തികനുമായുള്ള സംവാദത്തിൽ ഇമാം അബൂഹനീഫ(റഹി) പറഞ്ഞു.
‘ഞാനൊരു നിരീശ്വരവാദിയോ പ്രപഞ്ചം തന്നെയാണ് ദൈവം എന്ന് വാദിക്കുന്ന പാൻതീയിസ്റ്റോ അല്ല. വിവിധ ഭാഷയിലെ പുസ്തകങ്ങൾ അടുക്കിവെച്ച ലൈബ്രറി കാണുന്ന കുട്ടിക്ക് ഭാഷകളൊന്നും അറിയില്ലെങ്കിലും അവയ്ക്ക് രചയിതാക്കൾ ഉണ്ടാകും എന്ന് മനസ്സിലാകും. അടുക്കിവെച്ചത് ഒരു ക്രമത്തിൽ ആണെന്നും ആ കുട്ടി കരുതും. പ്രപഞ്ചത്തിന്റെ ക്രമവും അതിലെ നിയമങ്ങളും കാണുമ്പോൾ, പഠിക്കാൻ ശ്രമിക്കുമ്പോൾ ഇതിന്റെയൊക്കെ പുറകിലെ നിഗൂഢശക്തിയെ ആരും അംഗീകരിച്ചുപോകും’ (ആൽബർട്ട് ഐൻസ്റ്റീൻ).
വീടിന്റെ വാതിലുകൾ ഭദ്രമായി അടച്ച് രാത്രി ഭക്ഷണം കഴിക്കാൻ കുടുംബത്തോടൊപ്പം ടൗണിലേക്ക് പോയി തിരിച്ചു വന്നപ്പോൾ വീടിന്റെ മുന്നിലെ വാതിൽ തുറന്നു കിടക്കുന്നത് കണ്ടാൽ നിരീശ്വരവാദിയും ചോദിച്ചു പോകും; ആരാണ് വാതിൽ തുറന്നത്?
ഇണയുമായി പിണങ്ങി ഓഫീസിലേക്ക് പോയ യുക്തിവാദി തിരിച്ചു വരുമ്പോൾ ‘I LOVE HUS’ എന്ന് ചോക്ലേറ്റുകൊണ്ട് എഴുതിയ കേക്ക് തന്റെ മേശപ്പുറത്ത് കണ്ടാൽ തന്റെ ഇണ ചെയ്തതാണ് ഈ പണി എന്നദ്ദേഹം ധരിക്കും; അല്ലാതെ മേശപ്പുറത്ത് കേക്ക് തനിയെ ഉണ്ടായതും ചോക്ലേറ്റ് മുകളിൽ നിന്നും തനിയ താഴെ വീണപ്പോൾ അപ്രകാരം എഴുതപ്പെട്ടതുമാണെന്ന് അയാൾ ഒരിക്കലും പറയില്ല. എങ്കിൽ, ഈ മഹാപ്രപഞ്ചം താനെ ഉണ്ടായി എന്നും ജീവൻ നിലനിൽക്കാൻ സഹായകമായ എല്ലാ ഘടകങ്ങളും ഭൂമിയിൽ സ്വയം രൂപപ്പെട്ടതാണെന്നും കരുതുന്നത് ബുദ്ധിപരമാണോ?
പ്രപഞ്ചം എന്നത് ഗ്രഹങ്ങൾ, ഉപഗ്രഹങ്ങൾ, നക്ഷത്രങ്ങൾ, ഗ്യാലക്‌സികൾ, നെബുലകൾ, ബ്ലാക്ക് ഹോളുകൾ, അളക്കാനാവാത്ത ഇടങ്ങൾ...ഇങ്ങനെ എല്ലാം ഉൾപ്പെട്ടതാണ്. ശാസ്ത്രത്തിന്റെ അഭിപ്രായത്തിൽ പ്രപഞ്ചത്തിന്റെ കാണാവുന്ന ഭാഗം 93 ബില്യൺ പ്രകാശവർഷമാണ്. നമ്മുടെ ഗ്യാലക്‌സിയായ മിൽക്കി വേയിൽ ഏകദേശം 100 ബില്യൺ നക്ഷത്രങ്ങൾ ഉണ്ട് എന്നാണ് കണക്കാക്കുന്നത്. ഒരു ബില്യൺ എന്ന് പറഞ്ഞാൽ 100 കോടിയാണ്. ഇതുപോലെതന്നെ 200 ബില്യണിലധികം ഗ്യാലക്‌സികൾ പ്രപഞ്ചത്തിൽ ഉണ്ടാകാം എന്നാണ് സാങ്കേതിക കണക്കുകൾ പറയുന്നത്.
അവയെല്ലാം നിലനിൽക്കുന്നതിനു പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടെന്നത് തീർച്ചയാണ്. അതായത്, അലക്ഷ്യമായല്ല പ്രപഞ്ചഘടനയുടെ ആസൂത്രണവും സൃഷ്ടിപ്പും. എല്ലാം കൃത്യമാണ്. ഇതര ഗോളങ്ങളിൽനിന്ന് ഭിന്നമായി ഭൂമിയിൽ മാത്രം ജീവൻ നിലനിൽക്കുന്ന കാരണങ്ങൾ അന്വേഷിച്ചാൽ തന്നെ മതി ഇത് ബോധ്യമാവാൻ. സൂര്യനും ഭൂമിയും തമ്മിലുള്ള അകലം അൽപം കൂടിയാൽ കൊടും തണുപ്പാകും. കുറഞ്ഞാൽ അതികഠിനമായ ചൂടും. രണ്ടിലും ജീവന് നിലനിൽക്കാനാവില്ല. കാരണം ജീവികൾക്ക് നിലനിൽക്കാൻ ദ്രാവകരൂപത്തിലുള്ള വെള്ളം വേണം. സൂര്യൻ അടുത്താൽ ജലം വാതക രൂപത്തിലും അകന്നാൽ ഐസ് രൂപത്തിലുമായിത്തീരും. ഭൂമി 23 ഡിഗ്രി ചെരിഞ്ഞു കറങ്ങുന്നതിനാലാണ് കാലാവസ്ഥ വ്യതിയാനങ്ങൾ സംഭവിക്കുന്നത്. ജൂപ്പിറ്റർ എന്ന അയൽഗ്രഹം ഭൂമിയിലേക്ക് പതിക്കാൻ ശ്രമിക്കുന്ന ഉൽക്കകളെയും ചെറുഗ്രഹങ്ങളെയും വലിക്കുന്നത് യാദൃച്ഛികമാണെന്ന് പറയാൻ പറ്റുമോ?.
ഭൂമി സ്വന്തം അച്ചുതണ്ടിൽ കറങ്ങുന്നതിന്റെ ഫലമായാണല്ലോ രാവും പകലും ഉണ്ടാവുന്നത്. എത്ര സൂക്ഷ്മവും കൃത്യവുമാണ് അതിന്റെ കറക്കം! ഒരു സെക്കൻഡ് പോലും വ്യത്യാസമില്ല. ഏതാനും ഗ്രാം മാത്രം തൂക്കമുള്ള ലോഹവാച്ചിന്റെ സൂചികളുടെ കറക്കത്തിൽ സെക്കന്റുകളുടെയോ മിനുട്ടുകളുടെയോ വ്യത്യാസമുണ്ടാകുന്നത് നാം കാണുന്നു. എന്നാൽ, കോടാനുകോടി ടൺ തൂക്കമുള്ള ഭൂമിയാകുന്ന വാച്ച് കറങ്ങാൻ തുടങ്ങിയിട്ട് കാലമെത്രയായി! അതിൽ വല്ല മാറ്റവും വന്നിട്ടുണ്ടോ? ഈ കൃത്യത യാദൃച്ഛികമാണെന്ന് ബുദ്ധിയുള്ളവർക്ക് എങ്ങനെ അംഗീകരിക്കാനാകും?
ഭൂമിയുടെ കറക്കം അതിന്റെ ഉപരിതലത്തിലെ ജീവിതത്തിൽ ഗണ്യമായ സ്വാധീനം ചെലുത്തുന്നു. ക്രമീകൃതമായ ഈ കറക്കമില്ലെങ്കിൽ മഹാസമുദ്രങ്ങൾ പോലും വറ്റിപ്പോയേനെ. ഭൂമിയുടെ കറക്കത്തിന്റെ നിലവിലുള്ള സ്പീഡ് കൂടിയാൽ ഉപരിതലത്തിലുള്ളതെല്ലാം തകരും. കുറഞ്ഞാലോ, വർധിച്ച ചൂടും തണുപ്പും കാരണം ജീവജാലങ്ങൾ നശിച്ചൊടുങ്ങും.
“പർവതങ്ങളെ നീ കാണുമ്പോൾ അത് ഉറച്ചു നിൽക്കുന്നതാണന്ന് നീ ധരിച്ചുപോകും. എന്നാൽ അവ മേഘങ്ങൾ ചലിക്കുന്നതുപോലെ ചലിക്കുന്നതാണ്. എല്ലാ കാര്യവും കുറ്റമറ്റതാക്കി തീർത്ത അല്ലാഹുവിന്റെ പ്രവർത്തനമത്ര അത്’’ (27:88).
ഇതിൽ പറയുന്ന ‘പർവതങ്ങളുടെ ചലനം’ അന്ത്യനാളിൽ സംഭവിക്കുന്നതാണെന്നും അതല്ല നിലവിലെ അവസ്ഥ വിവരിച്ചതാണെന്നുമുള്ള വ്യത്യസ്ത അഭിപ്രായം പണ്ഡിതന്മാർക്കിടയിലുണ്ട്. രണ്ടു വ്യാഖ്യാനവും വസ്തുതാപരമായി ശരിതന്നെയാണല്ലോ. ഭൂമിയിൽ ഏറ്റവും പ്രകടമായി കാണുന്നത് പർവതങ്ങളാണ്. അതുകൊണ്ട് ഭൂമിയുടെ കറക്കത്തെ പർവതങ്ങളുടെ ചലനത്തിലൂടെ അല്ലാഹു ചിത്രീകരിച്ചിരിക്കുന്നു. ഭൂമിയോട് ബന്ധിച്ചു നിൽക്കുന്നതുകൊണ്ട് ഭൂഗോളം തിരിയുമ്പോൾ പർവതങ്ങളും അതിൽ പങ്കുചേരുന്നു എന്നർഥം.
ക്വുർആനിലെ ചില സൂക്തങ്ങളിൽ ഭൂമിയെ ‘പരവതാനി’ എന്നും ‘വിരിപ്പ്’ എന്നും വിശേഷിപ്പിച്ചിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടി ക്വുർആനിലെ ഭൂമി പപ്പടം പോലെ പരന്നതാണെന്ന് ചില വിമർശകർ ആരോപിക്കാറുണ്ട്. എന്നാൽ, ഈ പ്രയോഗങ്ങൾ മനുഷ്യർക്ക് ജീവിക്കാൻ പാകത്തിൽ ഭൂമിയെ സജ്ജമാക്കിയിരിക്കുന്നു എന്നതിനെയാണ് സൂചിപ്പിക്കുന്നത്. വിശാലമായ ഭൂപ്രദേശങ്ങളെ നാം കാണുന്നു എന്നത് വസ്തുതയല്ലേ?
ഭൂമി ഗോളാകൃതിയാണെന്ന് സൂചിപ്പിക്കുന്ന ഒരു ആയത്ത് കാണുക: “ആകാശങ്ങളും ഭൂമിയും അവൻ യാഥാർഥ്യപൂർവം സൃഷ്ടിച്ചിരിക്കുന്നു. രാത്രിയെക്കൊണ്ട് അവൻ പകലിൻമേൽ ചുറ്റിപ്പൊതിയുന്നു (യുകവ്വിറു). പകലിനെക്കൊണ്ട് അവൻ രാത്രിമേലും ചുറ്റിപ്പൊതിയുന്നു. സൂര്യനെയും ചന്ദ്രനെയും അവൻ നിയന്ത്രണവിധേയമാക്കുകയും ചെയ്തിരിക്കുന്നു. എല്ലാം നിശ്ചിതമായ പരിധിവരെ സഞ്ചരിക്കുന്നു...’’ (39:5).
‘യുകവ്വിറു’ എന്നതിന്റെ അർഥം ഒരു വസ്തുവിനെ ചുറ്റുക അല്ലെങ്കിൽ ഉരുട്ടുക എന്നാണ്. ഇത് ഭൂമി ഉരുണ്ടതാണെന്നും അത് കറങ്ങുന്നുണ്ടെന്നും സൂചിപ്പിക്കുന്നു.
“സൂര്യന് ചന്ദ്രനെ പ്രാപിക്കാനൊക്കുകയില്ല. രാവ് പകലിനെ മറികടക്കുന്നതുമല്ല. എല്ലാം ഓരോ (നിശ്ചിത) ഭ്രമണപഥത്തിൽ നീന്തിക്കൊണ്ടിരിക്കുന്നു’’ (36:40). ഇതിലെ ‘എല്ലാം’ എന്ന് അർഥമുള്ള പദം, ഇതിൽ ഭൂമിയും ഉൾപ്പെടുന്നുണ്ടെന്ന് അറിയിക്കുന്നു.
മണ്ണും വെള്ളവും ഒരേ രീതിയിലായിട്ടും സസ്യങ്ങൾ വ്യത്യാസപ്പെടുന്നു. രുചി, നിറം, മണം തുടങ്ങി എന്തിലെല്ലാം എന്തെല്ലാം വൈജാത്യങ്ങൾ! സസ്യങ്ങളിലുമുണ്ട് ഇണകൾ. ചില സസ്യങ്ങളിൽ സ്വയം പരാഗണം നടക്കുന്നു. ചിലതിന്റെ പരാഗണത്തിന് കാറ്റ്, പ്രാണികൾ, അന്യസസ്യങ്ങൾ എന്നിവയുടെ സഹായം ആവശ്യമാണ്.
അല്ലാഹു പറയുന്നു: “ഭൂമിയിലേക്ക് അവർ നോക്കിയില്ലേ? എല്ലാ മികച്ച സസ്യവർഗങ്ങളിൽനിന്നും എത്രയാണ് നാം അതിൽ മുളപ്പിച്ചിരിക്കുന്നത്! തീർച്ചയായും അതിൽ ഒരു ദൃഷ്ടാന്തമുണ്ട്. എന്നാൽ അവരിൽ അധികമാരും വിശ്വാസികളായില്ല’’ (26:7,8).
“എന്നാൽ മനുഷ്യൻ തന്റെ ഭക്ഷണത്തെ പറ്റി ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നാം ശക്തിയായി മഴ വെള്ളം ചൊരിഞ്ഞു കൊടുത്തു. പിന്നീട് നാം ഭൂമിയെ ഒരു തരത്തിൽ പിളർത്തി. എന്നിട്ടതിൽ ധാന്യവും മുന്തിരിയും പച്ചക്കറികളും ഒലീവും ഈത്തപ്പനയും ഇടതൂർന്നു നിൽക്കുന്ന തോട്ടങ്ങളും പഴവർഗങ്ങളും മുളപ്പിച്ചു. നിങ്ങൾക്കും നിങ്ങളുടെ കന്നുകാലികളുടെ ഉപയോഗത്തിന്നുമായിട്ട്’’ (80:24-30).
വ്യത്യസ്ത തരത്തിലുള്ള സസ്യങ്ങളും ചെടികളും വള്ളികളും എങ്ങനെ വളരുന്നു എന്ന് അമേരിക്കൻ മണ്ണ് ഗവേഷണ വിദഗ്ധ സമിതി അംഗമായ ഡോക്ടർ ലിസ്റ്റർ ജോൺ സമർമാൻ വിശദീകരിക്കുന്നത് ഇങ്ങനെ: “സസ്യ വളർച്ചക്ക് പ്രകാശം, രാസപദാർഘങ്ങൾ, ജലം, വായു എന്നിവ മാത്രം പോരാ. അനുകൂലമായ സാഹചര്യത്തിൽ തലയുയർത്തി, സങ്കീർണങ്ങളായ പല രാസപരിണാമങ്ങൾക്കും വിധേയമാവുകയും വിസ്മയാവഹമായ രമ്യതയോടെ പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു ശക്തി വിത്തിൽ ഒളിഞ്ഞുകിടപ്പുണ്ട്. അനേകം ധാതുക്കളും പ്രക്രിയകളും ചേർന്നുണ്ടാകുന്ന രണ്ട് സെല്ലുകളുടെ സംയോജനത്തിൽനിന്നും ഉത്ഭവിച്ച വിത്ത് പുതിയ അംഗമായി ജീവിതത്തിലേക്ക് പ്രവേശിക്കുന്നു. ഉൽപാദനം നടത്തിയ സസ്യത്തിന്റെ ഇനത്തിൽ പെട്ടതുതന്നെയായിരിക്കും ഇത്. ഗോതമ്പു വിത്തിൽ നിന്ന് ഗോതമ്പ് ചെടിയും ഓക്ക് കുരുവിൽനിന്ന് ഓക്ക് വൃക്ഷവും മാത്രമാണുണ്ടാകുന്നത്. സസ്യങ്ങൾക്ക് പൊതുവായ ചില സാമ്യതകൾ ഉള്ളതിനോടൊപ്പം തന്നെ ഓരോ സസ്യത്തിനും അതിന്റെതായ പ്രത്യേകം ചില സവിശേഷതകളും ഗുണങ്ങളുമുണ്ട്. ജലം, കാർബൺ ഡൈ ഓക്‌സൈഡ് എന്നിവയിൽ ഭക്ഷ്യ പദാർഥങ്ങൾ ഉൽപാദിപ്പിക്കുന്ന പ്രകാശസംശ്ലേഷണം, വിത്തുകളുടെയും കാണ്ഡങ്ങളുടെയും ഇലകളുടെയും പൂക്കളുടെയും ഘടന, ബാഹ്യപ്രേരകങ്ങളോടുള്ള ഏകീകൃതസമീപനം, പ്രകാശത്തോടുള്ള ആഭിമുഖ്യം, പ്രകാശമോ ഓക്‌സിജനോ ലഭിക്കാതെ വന്നാൽ നശിച്ചുപോകൽ തുടങ്ങിയ അനേകം ഗുണങ്ങൾ സസ്യങ്ങൾക്ക് പൊതുവെയുള്ളതാണ്.

സസ്യത്തിന്റെ വളർച്ചയെയും ഗുണപാരമ്പര്യത്തെയും നിയന്ത്രിക്കുന്ന നിയമങ്ങൾ ആര് നിശ്ചയിച്ചു? ഈ ചോദ്യം കൂടുതൽ സങ്കീർണവും ഗഹനവുമായ മറ്റൊരു ചോദ്യത്തിലേക്ക് നമ്മെ എത്തിക്കുന്നു. ആദ്യ സസ്യങ്ങൾ എവിടെനിന്നു വന്നു? മറ്റൊരു ശൈലിയിൽ പറഞ്ഞാൽ പ്രഥമ സസ്യം എങ്ങനെയുണ്ടായി?
ഈ വസ്തുക്കൾ തന്നെത്താൻ ഉണ്ടായവയാണെന്നോ കേവലം യാദൃച്ഛികമായി ജന്മമെടുത്തവയാണെന്നോ ഉള്ള നിഗമനത്തിൽ എത്താൻ നൈസർഗികമായ ബുദ്ധിയും നിർമലമായ യുക്തിവിചാരവും നമ്മെ അനുവദിക്കുകയില്ല. ഇവയെ സൃഷ്ടിച്ച ഒരു ശക്തിയെ കണ്ടെത്താൻ നാം നിർബന്ധിതരാകുന്നു. സ്രഷ്ടാവിന്റെ ആസ്തിക്യം സമ്മതിക്കാൻ ബുദ്ധിപരമായി നാം കടപ്പെട്ടിരിക്കുന്നു’’ (ഇസ്‌ലാമിക ചൈതന്യം, പേജ് 90).
പ്രപഞ്ചത്തിന്റെ പ്രവിശാലതയും സസ്യങ്ങളുടെ സങ്കീർണതകളും രണ്ടു ഉദാഹരണങ്ങളായി എടുത്തതാണ്. കരയിലും കടലിലുമായി കോടാനുകോടി ജീവജാലങ്ങളുണ്ട്. നിസ്സാരമായ അമീബ മുതൽ നീലത്തിമിംഗലം വരെയുള്ള സ്ഥൂലവും സൂക്ഷ്മവുമായ ജീവികളെ എടുത്ത് പരിശോധിച്ചാൽ ഓരോന്നിന്റെയും നിലനിൽപ്പും അവയുടെ ഘടനയും ഭക്ഷണവും നിറവും രൂപവുമെല്ലാം വളരെ സങ്കീർണമാണെന്ന് കാണാൻ സാധിക്കും.
ഏറ്റവും ചെറിയ ചെടിയായ വോൾഫിയ മുതൽ വലിപ്പമേറിയ General sherman tree വരെയുള്ള സങ്കീർണതകളോടെ സൃഷ്ടിക്കപ്പെട്ട ഓരോന്നും അത്ഭുതമാണ്. അവയൊക്കെ യാദൃച്ഛികമായി ഉണ്ടായതാണോ?
2025ലെ പുതിയ കണക്കനുസരിച്ച് 11000 മുതൽ 11500 വരെ ഇനം പക്ഷികളുണ്ട്. അതിലെ ഏറ്റവും ചെറിയ പക്ഷിയായ, ക്യൂബയിൽ കാണപ്പെടുന്ന ഹമ്മിങ് ബേർഡ് മുതൽ ഏറ്റവും വലിയ പക്ഷിയായ ആഫ്രിക്കൻ സമതല പ്രദേശങ്ങളിൽ കാണപ്പെടുന്ന ഓസ്ട്രിച്ച് വരെയുള്ളവയും ഏറ്റവും കൂടുതൽ ദേശാടനം നടത്തുന്ന; അതായത് പ്രതിവർഷം 70000 മുതൽ 90000 കിലോമീറ്റർ വരെ സഞ്ചരിക്കുന്ന പക്ഷികളുടെ സങ്കീർണതകളും യാദൃച്ഛികമാണോ?
പക്ഷികളുമായി ബന്ധപ്പെട്ട, ക്വുർആനിലെ ഒരു പരാമർശം കാണുക: “അവർക്കു മുകളിൽ ചിറകുവിടർത്തിക്കൊണ്ടും ചിറകു കൂട്ടിപ്പിടിച്ചുകൊണ്ടും പറക്കുന്ന പക്ഷികളുടെ നേർക്ക് അവർ നോക്കിയില്ലേ? പരമകാരുണികനല്ലാതെ മറ്റാരും അവയെ താങ്ങി നിർത്തുന്നില്ല. തീർച്ചയായും അവൻ എല്ലാ കാര്യവും കണ്ടറിയുന്നവനാകുന്നു’’(67:19).
Food and agricultural organization കണക്കുപ്രകാരം കന്നുകാലികൾ ആയിരം ഇനങ്ങളുണ്ട്. നെതർലാൻഡിന്റെ ഫ്രീസിയൻ പ്രദേശങ്ങളിൽ താമസിക്കുന്ന HF cow ഹോൾസ്റ്റീൻ പശുവും ഇന്ത്യയിലെ പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, ഉത്തരാഖണ്ഡ്, ബീഹാർ പ്രദേശങ്ങളിൽ വ്യാപകമായി കാണുന്ന സാഹിബാൽ പശുവും ഉൾപ്പെടുന്ന അനേകയിനം കന്നുകാലികളുണ്ട്. അവ നിറം, വലിപ്പം, തൊലിയുടെ ഘടന തുടങ്ങി പല കാര്യങ്ങളിലും വൈവിധ്യം നിറഞ്ഞവയാണ്.
നമ്മുടെ ചുറ്റുപാടിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും കാണപ്പെടുന്ന ആടുകൾ 300 മുതൽ 600 വരെ ഇനങ്ങളുണ്ട്. അവയുടെ വൈവിധ്യങ്ങളും നമ്മെ അത്ഭുതപ്പെടുത്തും. മാംസത്തിനും പാലിനും തോലിനും വേണ്ടിയാണ് കന്നുകാലികളെ വളർത്തുന്നത്. കന്നുകാലികളുമായി ബന്ധപ്പെട്ട ഒരു ക്വുർആൻ വചനം ഇങ്ങനെയാണ്: “കാലികളുടെ കാര്യത്തിൽ തീർച്ചയായും നിങ്ങൾക്ക് ഒരു പാഠമുണ്ട്. അവയുടെ ഉദരങ്ങളിലുള്ളതിൽ നിന്ന് -കഷ്ടത്തിനും രക്തത്തിനും ഇടയിൽനിന്ന്-കുടിക്കുന്നവർക്ക് സുഖദമായ ശുദ്ധമായ പാൽ നിങ്ങൾക്ക് കുടിക്കുവാനായി നാം നൽകുന്നു’’ (16:66).
അതായത് കാലികൾ തിന്നുന്ന ഭക്ഷ്യവസ്തുക്കളിൽ ഒരു ഭാഗം കാഷ്ഠവും മൂത്രവുമായി പുറന്തള്ളപ്പെടുന്നു. ഒരു ഭാഗം ശരീരത്തിലേക്ക് വലിച്ചെടുക്കപ്പെടുന്നു. അതിൽ ഒരു ഭാഗം രക്തമായി മാറുന്നു. ഒരു ഭാഗം പാലായും മാറുന്നു. ഒരേവിധം തീറ്റക്കുതന്നെ എന്തൊക്കെ അവസ്ഥാന്തരങ്ങൾ! ഇതെല്ലാം യാദൃച്ഛികമാണെന്ന് പറയുന്നതാണോ ബുദ്ധി?
നമ്മുടെ ചുറ്റും കാണപ്പെടുന്ന കോടാനുകോടി സൃഷ്ടികളിൽ അൽപം ചില ജീവികളെ കുറിച്ചാണ് നാം ചർച്ച ചെയ്തത്. ഓരോന്നിന്റെയും സൃഷ്ടിപ്പും ആന്തരിക പ്രവർത്തനങ്ങും വൈവിധ്യങ്ങളും അത്ഭുതകരമാണ്. ഇതെല്ലാം യാദൃച്ഛികമായി ഉണ്ടായതാണ് എന്നാണ് ഭൗതികവാദികളും മതനിഷേധികളും ദൈവനിഷേധികളും പറയുന്നത്. ഇത് യുക്തിസഹമാണോ? യാദൃച്ഛികമായി എങ്ങനെയാണ് അതിസങ്കീർണവും അതിസൂക്ഷ്മവും വളരെ കൃത്യവും കണിശവുമായ സൃഷ്ടികളും പ്രവർത്തനങ്ങളും ഉണ്ടാകുന്നത്?
ഏകനായ സ്രഷ്ടാവിനെ അംഗീകരിക്കാൻ മടിക്കുന്നവർ യാദൃച്ഛികതയെ ദൈവമാക്കുകയാണ് ഫലത്തിൽ ചെയ്യുന്നത്. ദൈവത്തെ നിഷേധിച്ച് ഊഹങ്ങളിലും അന്ധവിശ്വാസങ്ങളിലും അകപ്പെട്ടവരാണവർ. യുക്തിക്കു പകരം യുക്തിനിഷേധവും യഥാർഥ വിശ്വാസത്തിനു പകരം അന്ധവിശ്വാസവും ശാസ്ത്രത്തിന്റെ പേരിൽ പ്രചരിപ്പിക്കുകയാണ് യുക്തിവാദികൾ ചെയ്യുന്നത്.
അത്ഭുതകരമായ പ്രപഞ്ചം അടക്കമുള്ള സകല സൃഷ്ടികളുടെയും സ്രഷ്ടാവിനെ അംഗീകരിക്കുക എന്ന യുക്തിക്ക് പകരം ഊഹങ്ങളും അന്ധവിശ്വാസങ്ങളും പടച്ചുവിടുന്ന നാസ്തികരെ നാം തിരിച്ചറിയുക.

