ഇന്ത്യൻ ജുഡീഷ്യറിയും ചില യാഥാർഥ്യങ്ങളും

സുഫ്‌യാൻ അബ്‌ദുസ്സലാം

2025 ഫെബ്രുവരി 22, 1446 ശഅ്ബാൻ 24

കക്ഷിരാഷ്ട്രീയത്തിന്റെ മേലുടുപ്പിൽ നിന്ന് മുക്തമാകാത്ത ഭരണകൂട നിലപാടുകളിൽ രാജ്യത്തെ പൗരന്മാർക്കുള്ള ഏക ആശ്വാസമാണ്‌ ഇന്ത്യൻ ജുഡീഷ്യറി. എന്നാൽ ജുഡീഷ്യറി പോലും പ്രമാദരഹിതമല്ലെന്നതിലേക്ക് വെളിച്ചം വീശുന്നതാണ്‌ മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ ച ന്ദചൂഡ്, ബി.ബി.സി ജേർണലിസ്റ്റ് സ്റ്റീഫൻ സാക്കൂറുമായി നടത്തിയ ‘ഹാർഡ് ടോക്ക്‘. ഒരു നിഷ്പക്ഷ അവലോകനം.

രാജ്യത്തെ പൗരന്മാർക്ക് ആത്മവിശ്വാസം പകരുന്ന സംവിധാനമാണ് ഇന്ത്യൻ ജുഡീഷ്യൽ സംവിധാനമെങ്കിലും ഒട്ടേറെ പ്രതിസന്ധികളെയാണ് അത് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത് എന്ന് ഈയിടെ വിരമിച്ച ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വെളിപ്പെടുത്തുകയുണ്ടായി. ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ മാത്രമല്ല; തിരുവനന്തപുരത്ത് നടന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലും അദ്ദേഹം അത് അവർത്തിച്ചിരിക്കുന്നു. ധനജ്ഞയ് യശ്വന്ത് ചന്ദ്രചൂഡ് എന്ന പ്രഗത്ഭനായ മുൻ ചീഫ് ജസ്റ്റിസ് സർവീസിൽനിന്നും വിരമിച്ച കേവലം ഒരു ജഡ്ജ് മാത്രമല്ല; ഒരു നിയമപണ്ഡിത കുടുംബത്തിലെ അംഗം കൂടിയാണ്. ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് പദവിയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച ഇന്ത്യയുടെ പതിനാറാമത് ചീഫ് ജസ്റ്റിസ് യശ്വന്ത് വിഷ്ണു ചന്ദ്രചൂഡിന്റെ മകനാണ് അദ്ദേഹം. സി.എ.എ വിരുദ്ധ പ്രസംഗത്തിലൂടെ പ്രശസ്തനായ അഭിനവ് ചന്ദ്രചൂഡ് അദ്ദേഹത്തിന്റെ മകനാണ്.

ബി.ബി.സി ഹാർഡ്‌ടോക്ക്

ബി.ബി.സി ജേർണലിസ്റ്റ് സ്റ്റീഫൻ സാക്കൂറുമായി നടത്തിയ ‘ഹാർഡ് ടോക്കി’ലാണ് ചന്ദ്രചൂഡിന്റെ സുപ്രധാന വെളിപ്പെടുത്തലുകൾ. ജുഡീഷ്യറിയിലെ സവർണ മേൽക്കോയ്മ, ബി.ജെ.പി സർക്കാറിന്റെ ജുഡീഷ്യറിയിലേക്കുള്ള നുഴഞ്ഞുകയറ്റം, നരേന്ദ്ര മോദിയുടെ സ്വകാര്യ സന്ദർശനം, ബാബരി വിധിയിലെ ‘ദൈവിക’ ഇടപെടൽ, കശ്മീർ ആർട്ടിക്കിൾ 370 റദ്ദാക്കിയത്, രാഹുൽഗാന്ധിയെ അയോഗ്യനാക്കിയ നടപടി തുടങ്ങി വിവിധ വിഷയങ്ങളിൽ കടുത്ത ചോദ്യങ്ങൾ അദ്ദേഹത്തിന് ബി.ബി.സിയിൽനിന്നും നേരിടേണ്ടിവന്നു.

ബി.ബി.സി പ്രതിനിധി ഉയർത്തിവിട്ട വിഷയങ്ങളിൽ പൂർണവും വ്യക്തവുമായ മറുപടികൾ നൽകാൻ ചന്ദ്രചൂഡിന് സാധിച്ചില്ലെങ്കിലും ഒട്ടനവധി വെല്ലുവിളികൾക്കിടയിലും നിയമവാഴ്ച ഉയർത്തിപ്പിടിക്കുന്നതിനും ഓരോ പൗരന്റെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ജനാധിപത്യ ഭരണസംവിധാനത്തിന്റെ സുപ്രധാന സ്തംഭമെന്ന നിലക്ക് ജുഡീഷ്യറിയുടെ പദവി ശക്തിപ്പെടുത്തുന്നതിനും വേണ്ടി ആത്മാർഥമായി പ്രവർത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

പത്രപ്രവർത്തകന്റെ ചോദ്യങ്ങളും ചന്ദ്രചൂഡിന്റെ ഉത്തരങ്ങളും ശ്രദ്ധിക്കുമ്പോൾ ചില കാര്യങ്ങൾ വ്യക്തമാണ്. ഇന്ത്യൻ ജുഡീഷ്യറിയിൽ ഈയിടെ സംഭവിച്ച പുഴുക്കുത്തുകൾ ലോക മാധ്യമങ്ങൾ പോലും സസൂക്ഷ്മം വിലയിരുത്തുന്നുണ്ട്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളും പ്രതിപക്ഷ പാർട്ടികളും ആശങ്കപ്പെടുന്ന ത് പോലെയുള്ള പല കാര്യങ്ങളിലും കൃത്യവും വ്യക്തവുമായ പ്രതികരണങ്ങൾ ഇന്ത്യയുടെ ഔദ്യോഗിക പദവികളിലിരുന്നവർക്ക് പോലും നൽകാൻ സാധിക്കുന്നില്ല. ബി.ബി.സി ലേഖകന്റെ ചോദ്യങ്ങളും മുൻ ചീഫ് ജസ്റ്റിസിന്റെ മറുപടികളും അപഗ്രഥനം ചെയ്തുനോക്കാം.

ജുഡീഷ്യറിയിൽ സവർണ മേധാവിത്തമോ?

ഇന്ത്യൻ ജുഡീഷ്യറിയിൽ ചന്ദ്രചൂഡിനെപ്പോലെ വരേണ്യ, പുരുഷ, ഉന്നതജാതി ഹിന്ദുക്കൾ ആധിപത്യം പുലർത്തുന്ന പ്രശ്‌നമുണ്ടോ എന്നായിരുന്നു സ്റ്റീഫൻ സാക്കൂറിന്റെ ഒരു ചോദ്യം. അത്തരമൊരു പ്രചാരണത്തെ മുൻ ചീഫ് ജസ്റ്റിസ് നിരസിച്ചു.

ജില്ലാതലത്തിൽ നടക്കുന്ന പുതിയ ജഡ്ജി നിയമനങ്ങളിൽ പകുതിയിലധികവും സ്ത്രീകളാണെന്നായിരുന്നു അതിന് തെളിവായി അദ്ദേഹം നിരത്തിയത്. ഇന്ത്യയുടെ യശസ്സിനെത്തന്നെ ചോദ്യം ചെയ്യുന്ന ഇത്തരം ചോദ്യങ്ങളെ നിഷേധസ്വരത്തിൽ തള്ളിക്കളയുകയല്ലാതെ മറ്റൊരു മാർഗവുമില്ല എന്നത് ശരിയാണ്. ഗാന്ധിയും അംബേദ്കറും രൂപകൽപന നടത്തി വികസിപ്പിച്ചെടുത്ത, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രത്തിൽ ജാതിവിവേചനവും സ്ത്രീവിരുദ്ധതയും മതവർഗീയതയും ഇപ്പോഴും സജീവമാണോ എന്ന ചോദ്യത്തിന് മറ്റൊരു മറുപടിയില്ല. ആത്യന്തികമായി ഇന്ത്യ നയപരമായി ജാതിവിവേചനത്തെയും മതവർഗീയതയെയും സ്ത്രീ പക്ഷപാതിത്വത്തെയും അംഗീകരിക്കുന്നില്ല എന്നത് ശരിതന്നെയാണ്. എന്നാൽ പ്രായോഗികമായി ഇന്ത്യയിൽ നടക്കുന്ന കാര്യങ്ങളെ കണ്ണടച്ച് നിഷേധിക്കുന്നതൂകൊണ്ട് ലോകം ഇതൊന്നും ശ്രദ്ധിക്കില്ലെന്ന് കരുതുന്നത് മൗഢ്യവുമാണ്.

കണക്കുകൾ എന്തുപറയുന്നു?

ഡി.വൈ.ചന്ദ്രചൂഡിന് മാത്രമല്ല, ചീഫ് ജസ്റ്റിസ് പദവി വഹിച്ചവർക്കും ഇപ്പോൾ വഹിക്കുന്നവർക്കും രാജ്യത്തിന്റെ പരമോന്നത സ്ഥാനങ്ങളിലിരിക്കുന്ന ആർക്കുംതന്നെ കൃത്യമായ മറുപടി പറയാൻ സാധിക്കാത്ത വിഷയമാണിത്. കാരണം വിവിധ മതങ്ങളും ജാതികളും വസിക്കുന്ന വൈവിധ്യത്തിന്റെ മഹത്ത്വം പറയുന്ന ഇന്ത്യയുടെ ഉന്നത നീതിപീഠങ്ങളിലെ കണക്കുകൾ അമ്പരപ്പിക്കുന്നതാണ്. സുപ്രീംകോടതിയിൽ ഇപ്പോൾ നിലവിലുള്ള 34 ജഡ്ജിമാരിൽ 30 പേരും ഹൈന്ദവ സമുദായത്തിൽ നിന്നുള്ളവരാണ്. അവശേഷിക്കുന്ന മൂന്നു പേർ മാത്രമാണ് മുസ്‌ലിം, ക്രിസ്ത്യൻ, പാർസി സമുദായത്തിൽ നിന്നുള്ളവർ. 2017നു ശേഷം സിഖ് പ്രാതിനിധ്യമില്ല.

മുസ്‌ലിം സമുദായവും സുപ്രീംകോടതിയും

രാജ്യം റിപ്പബ്ലിക് ആയ 1950ൽ സുപ്രീംകോടതിയിൽ 8 ജഡ്ജുമാരായാണുണ്ടായിരുന്നത്. അന്ന് 12.5% ഉണ്ടായിരുന്ന മുസ്‌ലിം സമുദായത്തിൽനിന്ന് ഒരാൾക്ക് ജഡ്ജ് ആവാൻ അവസരമുണ്ടായി. 1970ൽ ജഡ്ജുമാരുടെ എണ്ണം 16 ആയപ്പോൾ മുസ്‌ലിം സമുദായത്തിൽനിന്ന് രണ്ട് ജഡ്ജുമാർക്ക് അവസരം ലഭിച്ചു. ഇന്ന് 34 ജഡ്ജുമാർ ആയ സന്ദർഭത്തിൽ ഒരാൾക്ക് മാത്രമെ അവസരം ലഭിച്ചുള്ളൂ എന്ന കാര്യം മറച്ചുപിടിച്ചിട്ട് കാര്യമില്ല. അതിന് വനിതാ ജഡ്ജുമാർ ജില്ലാ തലങ്ങളിൽ വർധിക്കുന്നു എന്ന മറുപടി ഒട്ടും ഉചിതമാവില്ല. 2021ൽ നാല് വനിതാ ജഡ്ജുമാർ സുപ്രീം കോടതിയിൽ ഉണ്ടായിരുന്നുവെങ്കിൽ ഇപ്പോൾ അവരുടെ എണ്ണം രണ്ട് മാത്രമാണ് എന്നുകൂടി ഓർക്കേണ്ടതുണ്ട്.

ബ്രാഹ്‌മണമേധാവിത്വം ഒരു യാഥാർഥ്യമോ?

കഴിഞ്ഞവർഷം കർണാടകയിലെ മുതിർന്ന അഭിഭാകൻ എസ്.ബാസവരാജ് കേന്ദ്ര നിയമമന്ത്രിക്ക് അയച്ച കത്തിൽ സുപ്രീംകോടതിയിലെ 34 ജഡ്ജുമാരിൽ 14 പേർ ബ്രാഹ്‌മണരാണെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. കർണാടകയിൽ ക്രിസ്ത്യൻ, മുസ്‌ലിം വിഭാഗങ്ങളിൽനിന്ന് അർഹരായ ജഡ്ജുമാർ ഉണ്ടായിട്ടും അവരെ ഹൈക്കോടതിയിൽ പരിഗണിക്കുന്നില്ലെന്നും അദ്ദേഹം കത്തിൽ എടുത്തുപറഞ്ഞി രുന്നു. എല്ലാവരെയും ഉൾക്കൊള്ളുന്നതും പക്ഷപാതമില്ലാത്തതുമായി കരുതപ്പെടുന്ന ഒരു ജുഡീഷ്യറിക്ക് മാത്രമെ നിയമവ്യവസ്ഥയിൽ പൊതുജനവിശ്വാസം വളർത്താൻ സഹായിക്കുകയുള്ളൂവെന്നും അതുകൊണ്ടുതന്നെ എല്ലാ വിഭാഗങ്ങളിൽനിന്നുമുള്ള അർഹരായവർക്ക് സുപ്രീംകോടതി ജഡ്ജുമാരാകാനുള്ള അവസരം ഉണ്ടാകണമെന്നും ബസവരാജിന്റെ കത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു.

ജനസംഖ്യയുടെ അഞ്ച് ശതമാനം മാത്രം വരുന്ന ബ്രാഹ്‌മണ വിഭാഗമാണ് പരമോന്നതകോടതിയിലെ ജഡ്ജുമാരിൽ 37 ശതമാനവും. അവർക്ക് ശേഷം ബനിയ, കയസ്ത, രജപുത്ര തുടങ്ങിയ ഉന്നതജാതികളിൽ പെട്ടവരാണ് പ്രസ്തുത സ്ഥാനത്ത് അവരോധിക്കപ്പെട്ടിട്ടുള്ളത്.

പ്രാദേശിക അവഗണനകൾ

ജാതിമത മാനദണ്ഡങ്ങളിൽ മാത്രമല്ല, പ്രാദേശികമായും അവഗണയുണ്ട് എന്നതും വ്യക്തമാണ്. എപ്പോഴും കൂടുതൽ ജഡ്ജുമാർ സുപ്രീംകോടതിയിൽ നിയമിക്കപ്പെടുന്നത് ഉത്തര സംസ്ഥാനങ്ങളിൽ നിന്നാണ്. മറ്റു സംസ്ഥാനങ്ങൾക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല എന്ന പരാതി വളരെക്കാലമായി കേട്ടുകൊണ്ടിരുന്നു. ബിബിസിയുടെ ചോദ്യത്തിൽനിന്നും തന്ത്രപൂർവം രക്ഷപ്പെടാൻ ശ്രമിച്ച ഡി.വൈ.ചന്ദ്രചൂഡിന്റെ മകൻ അഭിനവ് ചന്ദ്രചൂഡ് എഴുതിയ ‘Supreme Whispers’ എന്ന പുസ്തകത്തിൽ അദ്ദേഹം പറയുന്നു: ‘വലിയ സംസ്ഥാനങ്ങളിലെ ജഡ്ജിമാർക്ക് ലഭിക്കുന്നതുപോലെ സുപ്രീം കോടതിയിൽ നിയമിക്കപ്പെടാൻ തുല്യ അവസരം തങ്ങൾക്ക് ലഭിക്കുന്നില്ലെന്ന് ചെറുതും രാഷ്ട്രീയമായി പ്രാധാന്യം കുറഞ്ഞതുമായ സംസ്ഥാനങ്ങളിലെ ജഡ്ജിമാർ പരാതിപ്പെടുന്നുണ്ട്.’

അവഗണിക്കപ്പെടുന്ന ദളിത്, പട്ടിക വിഭാഗങ്ങൾ

സ്വാതന്ത്ര്യം നേടി 33 വർഷങ്ങൾക്ക് ശേഷം മാത്രമാണ് ദളിത് വിഭാഗത്തിൽ നിന്നൊരാൾ പ്രസ്തുത സ്ഥാനത്ത് എത്തിയിട്ടുള്ളത്. തമിഴ്‌നാട്ടിൽ നിന്നുള്ള ജസ്റ്റിസ് എ.വരദരാജനായിരുന്നു അത്. രാജ്യത്തെ ഏറ്റവും കൂടുതൽ പട്ടികവർഗ വിഭാഗമുള്ള ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ഒഡീഷ, അസം ഒഴികെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽനിന്നും ജഡ്ജിമാർ അധികം കടന്നുവരുന്നില്ല. അതുകൊണ്ടുതന്നെ പട്ടികവർഗ വിഭാഗക്കാർക്ക് അവസരം ലഭിക്കുന്നില്ല.

ചന്ദ്രചൂഡ് തന്നെ വ്യക്തമാക്കിയത്

2023 ആഗസ്റ്റിൽ ജസ്റ്റിസ് ചന്ദ്രചൂഡ് തന്നെ നടത്തിയ പ്രസ്താവന ഓർമക്കായി പങ്കുവയ്ക്കുന്നു: ‘People will start trusting the judiciary only when they see a reflection of themselves in the people who dispense justice’ (നീതി നടപ്പാക്കുന്നവരിൽ സ്വന്തം പതിബിംബങ്ങളെ കൂടി കാണുമ്പോൾ മാത്രമെ ആളുകൾ ജുഡീഷ്യറിയെ വിശ്വസിക്കാൻ തുടങ്ങുകയുള്ളൂ). ഭരണഘടനയുടെ പതിനാലാം അനുച്ഛേദം വളരെ കൃത്യമായി സമത്വവും തുല്യതയും (Equality) ഉദ്‌ഘോഷിക്കുന്നുണ്ടെങ്കിലും അത് നടപ്പിൽ വരുത്തുന്നെന്ന് ഉറപ്പുവരുത്താൻ ഏറ്റവും കൂടുതൽ ബാധ്യതയുള്ള ജുഡീഷ്യറിയുടെ അകത്തളങ്ങളിൽ അത് നടപ്പാകുന്നില്ലെങ്കിൽ അതിലപ്പുറം കാപട്യം വേറെയുണ്ടോ? ഇക്കാര്യങ്ങളിൽ വളരെ മുമ്പുതന്നെ വലിയ തുറന്നുപറച്ചിലുകൾ നടത്തിയ വ്യക്തിത്വമാണ് മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. ജുഡീഷ്യറിയിലെ നൈതികതക്ക് വേണ്ടി ഏറെ പണിപ്പെട്ട ഒരു പിതാവിന്റെ പുത്രൻ കൂടിയാണ് അദ്ദേഹം.

കേന്ദ്രസർക്കാറിന്റെ നുഴഞ്ഞുകയറ്റം

ജുഡീഷ്യറിയെ സ്വന്തം വരുതിയിൽ നിറുത്താൻ വേണ്ടി നരേന്ദ്രമോദിയും കേന്ദ്രസർക്കാരും പലവുരു ശ്രമിച്ചതാണ്. കൊളീജിയത്തെ തകർക്കാൻ ശ്രമിച്ചുകൊണ്ടും ജഡ്ജിമാരുടെ നിയമനകാര്യങ്ങളിൽ ഇടപെട്ടുകൊണ്ടും വിവിധ കേസുകൾ സംഘപരിവാറിന് അനുകൂലമാകുന്നതിന് വേണ്ടിയുള്ള ഇടപെടലുകൾ കേന്ദ്രസർക്കാർ നടത്തിയതിന് ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. അമിത്ഷാ പ്രതിയായിരുന്ന സൊഹ്റാബുദ്ദീൻ കേസ് സിബിഐക്ക് വിടാൻ ഉത്തരവിട്ട ജസ്റ്റിസ് ഗോപാൽ സുബ്രഹ്‌മണ്യനെ കൊളീജിയം സുപ്രീംകോടതി ജസ്റ്റിസായി നോമിനേറ്റ് ചെയ്തതിനെതിരെ ശക്തമായി ഇടപെടുകയും കൊളീജിയവുമായി കൊമ്പുകോർക്കുകയും ചെയ്തു.

ജഡ്ജിമാരെ നിയമിക്കുന്ന കാര്യത്തിൽ പുതിയ ഒരു നാഷണൽ ജുഡീഷ്യൽ അപ്പോയിന്മെന്റ് കമ്മീഷൻ (NJAC) ഉണ്ടാക്കുകയും അതിൽ ചീഫ് ജസ്റ്റിസിന് പുറമെ പ്രധാനമന്ത്രി, നിയമമന്ത്രി, പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി നോമിനേറ്റ് ചെയ്യുന്ന രണ്ടുപേർ എന്നിവരെയെല്ലാം ഉൾപ്പെടുത്തി തീർത്തും രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമങ്ങളുണ്ടായി. നിയമജ്ഞരും അഭിഭാഷകസമൂഹവും കോടതികളും ശക്തമായി എതിർത്തതിനെത്തുടർന്നാണ് അത് ഉപേക്ഷിക്കാൻ സർക്കാർ തയ്യാറായത്. രാജ്യത്തിന്റെ നിരവധി കോടതികളിൽ പുതിയ ജഡ്ജുമാരെ നിയമിക്കുമ്പോഴെല്ലാം തങ്ങൾക്ക് താല്പര്യമില്ലാത്തവരെ ലിസ്റ്റിൽനിന്നും വെട്ടിമാറ്റുകയും ലിസ്റ്റ് തിരിച്ചയക്കുകയും ചെയ്ത സംഭവങ്ങൾ ധാരാളമാണ്.

സൊഹ്‌റാബുദീൻ കേസ് അന്വേഷിച്ചുവരികയായിരുന്ന ജസ്റ്റിസ് ലോയയുടെ ‘മരണ’വും ലോയ കേസ് അട്ടിമറിക്കാൻ കേന്ദ്രസർക്കാർ ശ്രമിച്ചതുമെല്ലാം മാധ്യമങ്ങൾ ഏറെ ചർച്ച ചെയ്ത വിഷയങ്ങളാണ്.