യുദ്ധകാലത്തെ ‘വിശുദ്ധ നുണകൾ’
മുജീബ് ഒട്ടുമ്മൽ
2025 മെയ് 17, 1446 ദുൽഖഅദ് 19

ഞങ്ങളുടെ നിർദേശങ്ങൾ സ്വീകരിച്ചില്ലെങ്കിൽ ഭൂമിയിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത നാശത്തിന്റെ പെരുമഴ കാണാൻ തയ്യാറായിക്കോളൂ’-1945 ഓഗസ്റ്റ് 6ന് ഹിരോഷിമയിലും ആഗസ്റ്റ് 9ന് നാഗസാക്കിയിലും ബോംബുകൾ വർഷിക്കുമ്പോൾ, ഫ്രാങ്ക്‌ലിൻ റൂസ് വെൽറ്റിന്റെ മരണത്തെ തുടർന്ന് അമേരിക്കയുടെ പരമാധികാരത്തിൽ കയറിയിട്ട് കേവലം മൂന്നുമാസം മാത്രം പ്രായമായ അന്നത്തെ അമേരിക്കൻ പ്രസിഡണ്ട് ഹാരി ട്രൂമാൻ മുഴക്കിയ ഭീഷണിയാണിത്. കേവലം ജപ്പാൻ ജനതയോടു മാത്രമായിരുന്നില്ല, മറിച്ച് അമേരിക്കയെ എതിർക്കുന്ന ലോകജനതയോട് തന്നെയായിരുന്നുവെന്ന് ലോകചരിത്രം വ്യക്തമാക്കുന്നുണ്ട്.
പെഹൽഗാമിലെ ഭീകരാക്രമണത്തിന് ശേഷം ഉണ്ടായ ഇന്ത്യ-പാക്ക് സംഘർഷത്തിൽ വെടി നിർത്താൻ തീരുമാനമായെന്ന് ഇന്നത്തെ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിക്കുമ്പോൾ ലോക പോലീസെന്ന ആഖ്യാനത്തെ അന്വർഥമാക്കാൻ ശ്രമിക്കുകയാണ് എന്നതിൽ സംശയമില്ല. വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ ഉണ്ടായിട്ടില്ല എന്ന് കേന്ദ്രസർക്കാർ ഉറപ്പിച്ചു പറയുന്നുണ്ട്. എന്നാൽ ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും നേതാക്കളുമായി ബന്ധപ്പെട്ടിരുന്നുവെന്ന് യുഎസ് സെക്രട്ടറി മാർക്ക് റൂബിയോ എക്‌സിൽ കുറിക്കുകയുണ്ടായി. രാജ്യത്തിന് നേരിട്ട വെല്ലുവിളിക്കെതിരെ എല്ലാവരും ഒറ്റക്കെട്ടാണെന്ന് പ്രതിപക്ഷ പാർട്ടികളും പൊതുജനങ്ങളും പ്രഖ്യാപിച്ച സാഹചര്യത്തിൽ അവരെ സംശയത്തിന്റെ മുനമ്പിലേക്ക് തള്ളിയിട്ടിരിക്കയാണ് കേന്ദ്ര സർക്കാർ. ഭീകരരെ മുൻനിറുത്തി പാക്കിസ്ഥാൻ നടത്തുന്ന അക്രമങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകാൻ നമ്മുടെ സൈന്യത്തിന് സാധിച്ചുവെന്നത് ഏറെ അഭിമാനമാണ്. ലോകത്തിന് മുന്നിൽ തലയുയർത്തി നിന്ന നമ്മുടെ സൈനിക ശക്തിയിൽ നിഴൽ വീഴ്ത്തിയാണ് വെടി നിറുത്തൽ വിഷയത്തിൽ അമേരിക്കയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. വ്യാജവർത്തമാനങ്ങളുടെ ലോകത്ത് നമ്മുടെ സൈന്യത്തിൽനിന്ന് തന്നെ യാഥാർഥ്യമറിയാൻ കാതോർത്തിരുന്ന ജനങ്ങളുടെ പ്രതീക്ഷയെ തകർത്താണ് മൂന്നാം കക്ഷിയുടെ പ്രഖ്യാപനം ഉണ്ടായത്. പെഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ, ട്രംപിന്റ വെടിനിറുത്തൽ പ്രഖ്യാപനം തുടങ്ങിയവയെ കുറിച്ചുള്ള സത്യം അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്.
ഒമ്പത് ഭീകരതാവളങ്ങൾ തകർക്കാൻ സാധിച്ചുവെന്നത് അഭിമാനമാണ്. അതോടൊപ്പം ഇന്ത്യയുടെ വ്യത്യസ്ത സംസ്ഥാനങ്ങളിൽനിന്ന് വിനോദ യാത്രക്കായി പെഹൽഗാമിലെത്തിലെ 26 നിരപരാധികളെ ക്രൂരമായി കൊലപ്പെടുത്തിയ ഭീകരരെ കുറിച്ചുള്ള യാതൊരു വിവരവും പൊതുജനങ്ങളോട് പങ്കു വെക്കാതെ പോകുന്നതിലും സംശയമുണ്ട്. ഭീകരരുടെ രേഖാചിത്രങ്ങളും അവരുടെ സഞ്ചാരപഥങ്ങളും അവർ ഉരുവിട്ട വാക്കുകളുമടക്കം ഗോഡിമീഡിയകൾ കളറുകൾ നൽകി വിശദീകരിച്ചിട്ടും ഭീകരർക്ക് എന്ത് സംഭവിച്ചുവെന്ന് പറയാൻ ഭരണകൂടം തയ്യാറാവാത്തതിലും ദുരൂഹതയേറെയുണ്ട്.
ഓപ്പറേഷൻ സിന്ദൂറിലൂടെ പാക്കിസ്ഥാനിലെ ഭീകരരുടെ ചില താവളങ്ങൾ തകർക്കാൻ സാധിച്ച, നമ്മുടെ സൈന്യത്തെ നാണം കെടുത്തുന്ന വിധമാണ് ഭീകരരെ ഇപ്പോഴും പിടിക്കാൻ സാധിച്ചില്ലെന്ന പ്രചാരണം. ഭീകരരെ വളഞ്ഞെന്നും ജീവനോടെ പിടികൂടാൻ കേന്ദ്ര സർക്കാറിെൻറ നിർദേശമുണ്ടെന്നുമുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഭീകരർ എവിടെ എന്ന ചോദ്യത്തിന് ഇപ്പോൾ ഉത്തരമില്ല. പാക്ക് അധീന കാശ്മീരിലേക്ക് ഇവർ രക്ഷപ്പെട്ടുവെന്ന വാർത്ത ശരിയാണെങ്കിൽ എങ്ങനെയാണ് ഇവർ രക്ഷപ്പെട്ടതെന്ന ചോദ്യം പ്രസക്തവുമാണ്. അവരെ പിടിച്ച് ചോദ്യം ചെയ്താൽ ഭീകരതയുടെ അടിവേരറുക്കാൻ കഴിയുമെന്നിരിക്കെ അതിന് നാം അശക്തരാകുന്നതെന്തുകൊണ്ടെന്ന ചോദ്യവും പ്രസക്തമാണ്. വിനോദസഞ്ചാര മേഖലയായ പെഹൽഗാമിലുണ്ടായ സുരക്ഷാവീഴ്ച എങ്ങനെ സംഭവിച്ചു?
ഏപ്രിൽ 16ന് വിവാഹം കഴിഞ്ഞ് ഹണിമൂൺ ആഘോഷിക്കാനെത്തിയ നാവിക സേനാ ഉദ്യോഗസ്ഥനായ ലെഫ്റ്റനന്റ് വിനയ് നർവാളിന്റെ പങ്കാളി ഹിമാൻഷിയെ വിധവയാക്കിയ, കർണാടകയിലെ ശിവമോഗയിൽ നിന്ന് അവധിക്കാലം ആഘോഷിക്കാനെത്തിയ മഞ്ചുനാഥിനെ പങ്കാളിയായ പല്ലവിയുടെയും അവരുടെ കുഞ്ഞിന്റെയും മുന്നിൽ വെച്ച് കൊലപ്പെടുത്തിയ, ടൂറിസ്റ്റുകളെ രക്ഷിക്കാൻ ധീരതയോടെ പൊരുതി വീണ പെഹൽഗാമിലെ സയ്യിദ് ആദിൽ ഹുസൈൻ ഷായെ ക്രൂരമായി കൊലപ്പെടുത്തിയ, മലയാളികളുടെ പ്രിയപ്പെട്ട എൻ പ്രേമചന്ദ്രനെ മക്കളുടെ മുന്നിൽവെച്ച് കൊന്നുതള്ളിയ, മറ്റു 23 പേരെയും കൊലപ്പെടു ത്തിയ ഭീകരൻമാർ എങ്ങനെ രക്ഷപ്പെട്ടുവെന്ന് അറിയാനും അവർക്കെതിരെ ശക്തമായ ശിക്ഷാ നടപടി സ്വീകരിക്കുന്നത് കാണാനും ഇന്ത്യൻ ജനതക്ക് അവകാശമുണ്ട്.
ഭീകരാക്രമണം നടക്കുന്നതിന് മൂന്നു ദിവസം മുമ്പുതന്നെ വിജിലൻസ് ആ വിവരം അധികാരികളെ അറിയിച്ചിട്ടുണ്ടെന്ന, ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റ് ഖാർഗെയുടെ ആരോപണവും അതീവ ഗൗരവമുള്ളതാണ്. കേന്ദ്ര സർക്കാറിന്റെ നിസ്സംഗതയോ കഴിവുകേടോ ആണ് കാരണമെങ്കിൽ അധികാരത്തിൽ തുടരാനുള്ള അർഹതയെന്താണ്? ഇങ്ങനെ കുറെ ചോദ്യങ്ങൾ ജനങ്ങളുടെ മനസ്സുകളിൽ തങ്ങിനിൽക്കുന്നുവെങ്കിൽ അതിന് മറുപടി പറയാനും സംശയ ദുരീകരണത്തിനും അധികാരികൾ തയാറാകണം.
‘വിശുദ്ധനുണ’യുടെ മാലപ്പടക്കം
പെഹൽഗാം ഭീകരാക്രമണത്തിന് ശേഷമുള്ള ഇന്ത്യാ-പാക്ക് സംഘർഷങ്ങളോടനുബന്ധിച്ച് നടത്തിയ മീഡിയാ പ്രചാരണങ്ങൾ ജോസഫ് ഗീബൽസിനെ പോലും നാണിപ്പിക്കുന്നതായിരുന്നു. രണ്ട് മുട്ടനാടുകൾ പരസ്പരം ഏറ്റുമുട്ടുമ്പോൾ ഉറ്റിവീഴുന്ന രക്തത്തുള്ളികൾക്ക് വേണ്ടി നാവു നീട്ടിയ ചെന്നായയെ പോലെ മാധ്യമങ്ങൾ റേറ്റ് കൂട്ടാൻ നുണകൾ പ്രചരിപ്പിക്കുകയായിരുന്നു. അതിർത്തികളിൽ പോരാടുന്ന ഇന്ത്യൻ ജവാൻമാരുടെ ജീവനു വിലകൽപിക്കാത്ത വിധം, അവരുടെ കുടുംബങ്ങളുടെ കണ്ണുനീരിനെയും നെടുവീർപ്പിനെയും അവഗണിക്കും വിധം കേവലം ചില ഗെയ്‌മുകളുടെ ആരവത്തോടെ തകർത്താടിയ ചില അവതാരകർ സമൂഹത്തിന് നൽകിയ സന്ദേശമെന്തായിരുന്നു? യുദ്ധത്തിന് പുറപ്പെടുന്ന അച്ഛനെ യാത്രയാക്കുന്ന പിഞ്ചോമനകളുടെ മുഖവും അവരുടെ പ്രിയതമമാരുടെ നൊമ്പരങ്ങളും ശീതികരിച്ച റൂമിൽ അഭിരമിക്കുന്ന ഇത്തരം രക്തദാഹികൾക്ക് എങ്ങനെ പരിഗണിക്കാനാകും? അതുകൊണ്ട് ഇവർക്ക് റീച്ച് കൂടുമെന്നതിലപ്പുറം രാജ്യത്തിനും സമൂഹത്തിനും സുരക്ഷയ്ക്കും നൽകിയ സംഭാവനയെന്തെന്ന് വിശദീകരിക്കാൻ ഇവർ തയ്യാറാകേണ്ടതുണ്ട്.

ഗോഡിമീഡിയകളും സംഘപരിവാരങ്ങളുമാണ് ഈ അവസരങ്ങളെ മുതലെടുപ്പിന്റെ രാഷ്ട്രീയത്തിന് വേണ്ടി ആഘോഷമാക്കുന്നത്. പ്രചാരണത്തിനായി നുണകൾ പടച്ചുവിടുകയാണ് അവർ ചെയ്തത്.
2024 ഒക്ടോബറിൽ ഇറാൻ ഇസ്‌റായേലിലേക്ക് നടത്തിയ വ്യോമാക്രമണങ്ങളുടെ ദൃശ്യങ്ങളാണ് ഓപ്പറേഷൻ സിന്ദൂറിന്റെ പേരിൽ പ്രചരിപ്പിക്കപ്പെട്ടത്. പാക്കിസ്ഥാനിലെ ഭീകരവാദ കേന്ദ്രങ്ങൾ ഇന്ത്യൻ സൈന്യം തകർക്കുന്നുവെന്നാണ് ഈ വ്യാജദൃശ്യം പ്രചരിപ്പിച്ചുകൊണ്ട് ഇവർ വ്യക്തമാക്കിയത്. കേരളത്തിലെ ബിജെപി നേതാക്കളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. പിന്നീട് ഇന്ത്യൻ സൈന്യം തന്നെ യഥാർഥ വിവരങ്ങൾ പുറത്ത് വിടുകയായിരുന്നു.
ഇന്ത്യയുടെ 7 വിമാനങ്ങൾ പാക് സൈന്യം വെടിവെച്ച് വീഴ്ത്തിയെന്നു പറഞ്ഞ് വീഡിയോ പ്രചരിപ്പിച്ചത് ക്രിസംഘിയായ യൂട്യുബർ മാത്യു സാമുവലായിരുന്നു. ദി ഹിന്ദു പത്രവും അതിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സും ചൈനീസ് മാധ്യമങ്ങളും ഈ വ്യാജ വാർത്ത പ്രചരിപ്പിക്കുകയുണ്ടായി. ദി ഹിന്ദു പിന്നീടത് പിൻവലിച്ചു. മാത്യു സാമുവലിന്റ യുട്യൂബ് ചാനൽ കേന്ദ്ര സർക്കാർ ബാൻ ചെയ്തു.
ഇന്ത്യൻ സൈന്യം കറാച്ചി തുറമുഖം ആക്രമിച്ചുവെന്ന് മാതൃഭൂമി ന്യൂസും മറ്റു പലരും വ്യാജവാർത്ത നൽകിയിരുന്നു. ഫിലഡൽഫിയയിലെ ഒരു വിമാനാപകടത്തിന്റെ ദൃശ്യങ്ങളാണ് ഇതിനൊപ്പം നൽകിയിരുന്നത്. എന്നാൽ ഇതുവരെ കറാച്ചി ആക്രമിച്ചിട്ടില്ലായെന്ന് ഇന്ത്യൻ സൈന്യം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടുണ്ട്. വ്യാജവാർത്ത മാതൃഭൂമി പിന്നീട് തിരുത്തി.
പാക്ക് മിസൈലുകളെ ഇന്ത്യ നിർവീര്യമാക്കുന്നതിന്റെ ദൃശ്യങ്ങൾ എന്ന മട്ടിൽ ‘24 ന്യൂസ്’ വ്യാജ വിഡിയോ പ്രചരിപ്പിച്ചിരുന്നു. ഇസ്രയേലിന്റെ അയേൺ ഡോം വ്യോമാക്രമണങ്ങളെ പ്രതിരോധിക്കുന്ന തിന്റെ ദൃശ്യങ്ങളാണ് ഇങ്ങനെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്.
ഇന്ത്യയിലെ എല്ലാ എയർപോർട്ടുകളും അടച്ചിരിക്കുന്നു എന്ന് വ്യാജ വാർത്ത നൽകി റിപ്പോർട്ടർ ടിവിയും ബിനീഷ് കോടിയേരിയുമൊക്കെ ജനങ്ങളെ പരിഭ്രാന്തരാക്കി. എന്നാൽ എയർപോർട്ടുകളിലെ സുരക്ഷ വർധിപ്പിക്കുകയും ടെർമിനലുകൾക്കകത്ത് സന്ദർശകരെ നിയന്ത്രിക്കുകയുമാണ് യഥാർഥത്തിൽ ഉണ്ടായിട്ടുള്ളത്.
അമൃതസർ മിലിറ്ററി ബേസ് ബോംബിട്ട് തകർത്തു എന്ന് പാക്ക് മാധ്യമങ്ങൾ വ്യാജ പ്രചരണം നടത്തുന്നുണ്ട്. എന്നാൽ 2024ലെ ഒരു കാട്ടുതീയുടെ ദൃശ്യങ്ങളാണ് ഈ നുണപ്രചരണത്തിനായി ഉപയോഗിക്കപ്പെടുന്നത്.
ജമ്മു എയർബേസ് ബോംബിട്ട് തകർത്തു എന്ന നിലയിലും പാകിസ്ഥാൻ വ്യാജ പ്രചരണം നടത്തുന്നുണ്ട്. എന്നാൽ ഇതിന്റെതെന്ന നിലയിൽ നൽകുന്ന ദൃശ്യങ്ങൾ കാബൂൾ എയർപോർട്ടിൽ മുമ്പുണ്ടായ ഒരു അപകടത്തിന്റെതാണ് എന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കിയിട്ടുണ്ട്.
ഗുജറാത്തിലെ ഹസീറ തുറമുഖം പാക്കിസ്ഥാൻ തകർത്തു എന്ന പേരിലും വ്യാജ വിഡിയോ പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ വിഡിയോ യഥാർഥത്തിൽ 2021ലെ ഒരു ഓയിൽ ടാങ്കർ സ്‌ഫോടനത്തിന്റെതാണ്.
‘പാക്ക് സൈനിക മേധാവി കസ്റ്റഡിയിൽ എന്ന് റിപ്പോർട്ട്’ എന്ന് റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്തു. മലയാളി പൊതുബോധത്തെ പോലും കൊള്ളയടിച്ച് മുതലെടുപ്പിനുള്ള ശ്രമങ്ങളാണ് ഇത്തരം മാധ്യങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പും കായിക മൽസരങ്ങളുമെല്ലാം റിപ്പോർട്ട് ചെയ്തു കൊണ്ടിരിക്കുന്ന പ്രതീതിയിൽ അതിർത്തിയിലെ പോരാട്ടങ്ങൾക്കും നിറം പകരുകയാണ്.
യുദ്ധക്കെടുതിയിൽ പൊരിയുന്ന ജനത
‘ബുദ്ധിശൂന്യരായ ആളുകൾ യുദ്ധത്തിനായി മുറവിളികൂട്ടും. പക്ഷേ, അതൊരിക്കലും സൈന്യത്തെയോ രാജ്യത്തെയോ പ്രചോദിപ്പിക്കില്ല. യുദ്ധം ബോളിവുഡ് സിനിമയല്ല’- മുൻ കരസേനാ മേധാവി മനോജ് നരവാനെയുടെ വാക്കുകളാണിത്.
യുദ്ധത്തിന്റെ കെടുതിയനുഭവിക്കുന്നവരിൽനിന്ന് ഉയർന്നുപൊങ്ങുന്ന രോദനങ്ങളും കണ്ണുനീരും നിശ്വാസങ്ങളും ജീവിതം അസഹ്യമാക്കുമെന്ന തിരിച്ചറിവുള്ളവർ ഒരിക്കലും യുദ്ധത്തെ പ്രോൽസാഹിപ്പിക്കില്ല. കേരളത്തിലെ സിപിഎം നേതാവ് എം സ്വരാജിന്റ യുദ്ധത്തിനെതിരെയുള്ള പ്രസ്താവന വളരെ ചിന്തനീയമാണ്:
‘യുദ്ധം ക്ഷാമവും ദാരിദ്ര്യവും അരക്ഷിതാവസ്ഥയുമാണ്. കണ്ണീരും ചോരയും നിലയ്ക്കാത്ത വിലാപങ്ങളുമാണ്. അനാഥരും അഭയാർഥികളും പലായനങ്ങളും ശ്മശാനങ്ങളുമാണ് യുദ്ധത്തിന്റ ശേഷിപ്പുകൾ. ഭീകരതയ്ക്കും ഭീകരത സൃഷ്ടിക്കുന്ന യുദ്ധത്തിനുമെതിരെ മനുഷ്യ സ്‌നേഹത്തിലധിഷ്ഠിതമായ മുന്നേറ്റങ്ങൾ ഉയർന്നുവരേണ്ടതുണ്ട്. ഭീകരതയില്ലാത്ത സമാധാനത്തിന്റെ പുലരികൾ പിറക്കട്ടെ.’
മനോഹരമായ, മാനവികതയുടെ ഈ ശബ്ദത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ സംഘികൾ തകർത്താടുകയായിരുന്നു. അദ്ദേഹത്തിന്റെ രാജ്യസ്‌നേഹവും കൂറും ചോദ്യം ചെയ്യപ്പെട്ടു. പരമത വിദ്വേഷവും വെറുപ്പും ദർശനമായി സ്വീകരിച്ച സംഘ് രാഷ്ട്രീയത്തിന്റെ സൈബർ ആക്രമണത്തിന് വിധേയമാകാൻ ഈ കുറിപ്പുകൾ കാരണമായിട്ടുണ്ടെങ്കിൽ യഥാർഥ രാജ്യദ്രോഹികളാരെന്ന് വളരെ വ്യക്തവുമാണ്.
യഥാർഥത്തിൽ യുദ്ധത്തിന്റെ കെടുതി താങ്ങാവുന്നതിലുമപ്പുറമാണെന്ന് ചരിത്രം പറഞ്ഞ് തരുന്നുണ്ട്. ഒന്നാം ലോകയുദ്ധം രണ്ടു കോടി ജനങ്ങളെ കൊലപ്പെടുത്തി. രണ്ടാം യുദ്ധത്തിൽ എണ്ണം അതിന്റെ ഇരട്ടിയായിരുന്നു. കൊറിയൻ യുദ്ധത്തിലെ മരണസംഖ്യ 30 ലക്ഷം. വീയറ്റ്‌നാം യുദ്ധത്തിൽ കൊല്ലപ്പെട്ടതാകട്ടെ 25 ലക്ഷം ജനങ്ങൾ. ഇറാക്ക്-അഫ്ഗാൻ യുദ്ധം തകർത്തെറിഞ്ഞത് 10 ലക്ഷത്തോളം ആളുകളെ.
യുദ്ധത്തിന്റെ കെടുതികൾ പരിസ്ഥിതിയിലുണ്ടാക്കുന്ന ദുരന്തങ്ങൾ മനസ്സിലാക്കുവാൻ ഹിരോഷിമ- നാഗസാക്കി ബോബിംഗ് അനുഭവങ്ങൾ പരിശോധിച്ചാൽ മതിയാകും. Little Boy, Fat Man എന്നീ രണ്ട് ആണവ ബോംബുകൾ 1945 ആഗസ്റ്റ് 6,9 തീയതികളിൽ ജപ്പാൻ നഗരങ്ങളിൽ പതിച്ചപ്പോൾ ആദ്യ ദിവസങ്ങളിൽ മരിച്ചത് 2 ലക്ഷത്തിധികം ആളുകളായിരുന്നു. ബോംബുകളുടെ ശക്തി (U235) 15000 ടണ്ണും (Pu-239) 21000 ടണ്ണും. ഹിരോഷിമയിൽ 25000 അടി ഉയരത്തിൽ എത്തിയ പൊടിപടലങ്ങൾ സൂര്യനെ മറച്ചു. ദശകങ്ങളോളം ആണവ വികിരണം തുടർന്നതിനാൽ വിവിധ തരത്തിലുള്ള രോഗങ്ങൾ ശക്തമായി. തകർന്നടിഞ്ഞ നഗരത്തിന്റെ ചിത്രം വാക്കുകൾകൊണ്ട് വിവരിക്കുവാൻ കഴിയില്ല. ഹിരോഷിമയുടെ ഓട്ട നദിയും ആണവ വികിരണങ്ങൾകൊണ്ട് നിറഞ്ഞു. ഇന്നു ലോകത്തിലെ വിവിധ രാജ്യങ്ങൾ സൂക്ഷിച്ചു വെച്ചിരിക്കുന്ന ആണവ ആയുധങ്ങളുടെ ശക്തിയാൽ ഭൂമിയെ 500 തവണ ചുട്ടു കരിക്കുവാൻ കഴിയും. റഷ്യയുടെ സാർ എന്ന പേരിലുള്ള ആറ്റം ബോംബിന്റെ ശക്തി ജപ്പാനിൽ ഉപയോഗിച്ചതിന്റെ 3330 ഇരട്ടിയാണ്. (50 മെട്രിക്ക് ton= 50 ലക്ഷം ടൺ). മറ്റൊരു ആണവയുദ്ധം ഉണ്ടായാൽ ഭൂമുഖത്ത് എന്തായിരിക്കും അവശേഷിക്കുക എന്നത് വിവരണാതീതമാണ്.
രണ്ടാം ലോക യുദ്ധകാലത്ത് ഒട്ടുമിക്ക ഭൂഖണ്ഡങ്ങളിലും നടത്തിയ ബോംബ് വർഷങ്ങൾ, അതുണ്ടാക്കിയ മലിനീകരണങ്ങൾ, പട്ടാള കൂട്ടങ്ങളുടെ ക്യാമ്പ് സ്ഥാപിക്കൽ, അധികമായി യുദ്ധ മുഖത്ത് കത്തിച്ചുകളഞ്ഞ ഇന്ധനം ഇവയൊന്നും തന്നെ പ്രകൃതിക്ക് ആശാവഹമായിരുന്നില്ല.
രണ്ടാം ലോകയുദ്ധത്തിൽ ഉപയോഗിച്ച സ്‌ഫോടന വസ്തുക്കൾ 2 കോടി ടണ്ണിലധികമാണ്. കൊറിയൻ യുദ്ധത്തിൽ 33 ലക്ഷം ടണ്ണും വിയറ്റ്‌നാമിൽ അതിൽ എത്രയോ അധികവും പ്രയോഗിച്ചു. വിയറ്റ്‌നാം ആകാശത്തുനിന്നും 2 കോടി ബോംബുകളും 23 കോടി ആർട്ടിലറി ഷെല്ലുകളും 10 ഗ്രനേഡുകളും അമേരിക്ക വിക്ഷേപിച്ചു. Agent orange എന്ന 2-4-5 T+2-4 D മിശ്രിതം 35 ലക്ഷം ഏക്കർ കാടുകളെ കരിച്ചു.
ഒന്നാം ലോകയുദ്ധത്തിൽ നിരവധി രാസവസ്തുക്കൾ ഉപയോഗിച്ചു. ക്ലോറിൻ, ഫോസ്ജീൻ, ക്ലോറോ മീതയിൽ ക്ലോറോ ഫോർമേറ്റ്, ക്ലോറോ പൈറിസിൻ, മസ്റ്റാഡു ഗ്യാസ് എന്നിവ ഒരുലക്ഷം ആളുകളുടെ മരണത്തിനും 13 ലക്ഷം ആളുകൾക്ക് മുറിവേൽക്കുവാനും ഇടയുണ്ടാക്കി.
രണ്ടാം ലോകയുദ്ധകാലത്ത് ആണവായുധങ്ങൾ ഉപയോഗിക്കുവാൻ ലോക രാജ്യങ്ങൾ മടിച്ചപ്പോഴും ആണവ പരീക്ഷണങ്ങൾ വിവിധ സ്ഥലങ്ങളുടെ ഘടനകളെ മാറ്റിമറിച്ചു എന്ന് ആണവ നിയന്ത്രണ സമിതി വിശദമാക്കുന്നു. അമേരിക്കയിലെ ന്യൂ മെക്‌സിക്കോ, മാർഷൽ ദ്വീപ്, ബിക്കിൻ അറ്റോൾ, മ്യൂറോമ അറ്റോൾ, നോവയ്യ സേമലിയ തുടങ്ങിയവ ആണവ പരീക്ഷണത്താൽ നിരവധി വ്യതിയാനങ്ങൾ ഉണ്ടായ ഇടങ്ങളാണ്. യുദ്ധത്തിൽ ഉപയോഗിക്കുന്ന സ്‌ട്രോൺഷിയം90 ശരീരത്തിൽ കടന്ന് എല്ലിനെയും മറ്റും തകർക്കുന്നു. ലോകത്ത് ഏറ്റവുമധികം ക്യാൻസർ രോഗികൾ ജീവിക്കുന്നത് ഇന്നത്തെ ഇറാക്കിലാണ്. അവിടെ അമേരിക്ക നടത്തിയ യുറേനിയം മാലിന്യം(Depleted Uranium) നിറച്ച ബോംബുകളുടെ വർഷം നാട്ടുകാരെ രോഗികളാക്കി.
യുദ്ധ സന്നാഹങ്ങൾക്കായി Yellow നദിയിൽ കൃത്രിമ വെള്ളപ്പൊക്കം ഉണ്ടാക്കിയിരുന്നു. (ചൈന-ജപ്പാൻ യുദ്ധത്തിൽ) ലബനോനെ ഇസ്രായേൽ ആക്രമിച്ചപ്പോൾ ഉണ്ടായ എണ്ണ ചോർച്ചയും കത്തിക്കലും കുവൈറ്റ്-ഇറാക്ക് യുദ്ധത്തിലും കണ്ടതാണ്. ഇറാൻ-ഇറാക്ക് യുദ്ധത്തിലും എണ്ണക്കിണറുകൾ കത്തിയമർന്നു.
ഇൻഡോ-പാക്ക് യുദ്ധങ്ങളും ചൈന-ഇന്ത്യ യുദ്ധങ്ങളും ഹിമാലയൻ മലനിരകളിൽ വലിയ ആഘാതങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. പട്ടാളത്തിനായി റോഡുകൾ, ബാരിക്കേഡുകൾ, യുദ്ധ പരിശീലനങ്ങൾ, വെടിയൊച്ചകൾ, രാസ, വെടി മരുന്നുകളുടെ സാന്നിധ്യം അങ്ങനെ നീണ്ടു പോകുന്ന പ്രശ്‌നങ്ങൾക്കൊപ്പം മരങ്ങൾ വെട്ടുന്നതും ഹിമാലയൻ കാടുകളെ പ്രതിസന്ധിയിലാക്കി. ഹിമാലയത്തിൽനിന്നും ഉത്ഭവിക്കുന്ന നദികളും പോഷക നദികളും ഏറ്റുവാങ്ങുന്ന തിരിച്ചടികളിൽ സുരക്ഷാ ഏറ്റുമുട്ടലുകൾക്കും അനുബന്ധ സംഭവങ്ങൾക്കും പങ്കുണ്ട്. ഹിമാലയത്തിൽ മാത്രം കണ്ടുവരുന്ന ജീവി വർഗങ്ങൾക്ക് യുദ്ധവും അനുബന്ധ കാര്യങ്ങളും ഭീഷണിയാണ്.

പാക്കിസ്ഥാനിൽ നിന്നുള്ള തീവ്രവാദികളുടെ നുഴഞ്ഞുകയറ്റവും പ്രതിരോധ തയ്യാറെടുപ്പുകളും ഭീകര വാദികളുടെ പരിശീലനവും പ്രതിരോധത്തിനായുള്ള പട്ടാളത്തിന്റെ ചെറുത്തുനിൽപ്പുകളും മലനിരകളുടെ സംതുലിതത്തെ പ്രതികൂലമായി ബാധിക്കും. യുദ്ധം മനുഷ്യകുലത്തിന് മാത്രമല്ല, എല്ലാ ജീവ ജാലങ്ങൾക്കും നദികൾക്കും മറ്റു നീരുറവകൾക്കും കാടിനും ദുരന്തം മാത്രമെ വരുത്തി വെക്കുന്നുള്ളൂ. ഹിമാലയനിരകളിൽ ഡാമുകൾ, റോഡുകൾ എന്നിവയുടെ നിർമാണം അമിതമായി വർധിക്കുന്നതിൽ അതിർത്തി തർക്കങ്ങൾ പ്രധാന പങ്കുവഹിച്ചു വരുന്നു.
രാജ്യസുരക്ഷയുടെ മാർഗം യുദ്ധമല്ല, എല്ലാതരം ഭീകരവാദികളെയും ഒറ്റപ്പെടുത്തുവാൻ സമൂഹത്തെ തയ്യാറാക്കുക. അധികാരിവർഗങ്ങളുടെ യുദ്ധക്കൊതി ജനം തിരിച്ചറിയുക. രാജ്യാന്തര തർക്കങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുക തുടങ്ങിയ തീരുമാനങ്ങളിലേക്ക് ലോകം എത്തിച്ചേരേണ്ടതുണ്ട്. യുദ്ധങ്ങൾക്ക് പരാജിതരുടെ കഥകളേ ലോകത്തോട് പറയുവാനുള്ളൂ.
അപരനെ തേടുന്ന ദേശീയത
സയ്യിദ് ആദിൽ ഹുസൈൻ ഷാ; പെഹൽഗാമിലെ പോണിവാല (കുതിര സവാരിക്കാരൻ). പ്രായം ചെന്ന ഉമ്മയുടെയും വാപ്പയുടെയും ഭാര്യയുടെയും കുഞ്ഞിന്റെയും ഏക ആശ്രയം. പതിവുപോലെ പെഹൽഗാമിൽനിന്നും സഞ്ചാരിയെയും കയറ്റി ബൈസാരൻ പുൽമേട്ടിലെത്തിയതാണ്. പൈൻ മരക്കൂട്ടങ്ങൾക്കിടയിൽനിന്നും പാഞ്ഞുവന്ന ഭീകരർ പേര് ചോദിച്ച് വെറുതേ വിട്ടപ്പോൾ ഓടി മറഞ്ഞില്ല ആദിൽ. താൻ കൊണ്ടുവന്ന സഞ്ചാരിക്കെതിരെ അവർ തിരിഞ്ഞപ്പോഴാണ് ആദിൽ അവരിലൊരാളുടെ റൈഫിൾ തട്ടിത്തെറിപ്പിച്ചത്. ഏറെ ദുർഘടമായ പെഹൽഗാം-ബൈസരൻ കാട്ടുപാത നടന്നു കയറിയിറങ്ങി ഉറച്ച ആദിൽ അയാളെ നിഷ്പ്രയാസം കീഴടക്കി എന്നു തോന്നിയ നിമിഷമാണ് മറ്റൊരു തോക്കിൻകുഴലിലെ വെടിയുണ്ട ആദിലിന്റെ ഹൃദയം തുളച്ചു പോയത്. ആദിലിന്റെ ആരായിരുന്നു അവൻ ജീവൻ നൽകി രക്ഷിക്കാൻ ശ്രമിച്ച ആ സഞ്ചാരി? നിശ്ചയമായും ആദിൽ അയാളുടെ പേരോ മതമോ തിരക്കിയിട്ടുണ്ടാവില്ലെന്നുറപ്പ്. ‘ഭായി സാബ്’ എന്നല്ലാതെ യാത്രയിലൊന്നും വിളിച്ചിട്ടുണ്ടാവില്ല. സയ്യിദ് ആദിൽ ഹുസൈൻ ഷാ ഒരു മുസ്‌ലിമായിരുന്നു. അയാൾക്കെതിരെ ഉന്നം പിടിച്ചയാൽ ഒരു ഭീകരവാദിയും.
കൊല്ലപ്പെട്ട ശിവമോഗ സ്വദേശി മഞ്ജുനാഥ റാവുവിന്റെ ഭാര്യ പല്ലവി പറഞ്ഞു: ‘എന്റെ കൺമുന്നിൽ വെച്ചാണ് തീവ്രവാദികൾ എന്റെ ഭർത്താവിനെ വെടിവെച്ചുകൊന്നത്. ആ സമയത്ത് സൈനികരാരും അവിടെ ഉണ്ടായിരുന്നില്ല. വെടിയൊച്ച കേട്ട് മൂന്ന് കാശ്മീരി പുരുഷന്മാർ ഓടിയെത്തി. ബിസ്മില്ലാഹ്, ബിസ്മില്ലാഹ് എന്ന് വിളിച്ചുകൊണ്ട് എന്നെയും മകനെയും രക്ഷിച്ചു. അവർ എന്റെ സഹോദരന്മാരെപ്പോലെയാണ്.’
മതം ചോദിച്ച് കൊന്നുകൊണ്ടിരുന്ന ഭീകരരുടെ വാക്കുകളിൽ മതം തെരഞ്ഞ് ഒരു സമുദായത്തെ ക്രൂശിക്കാൻ പഴുതുകൾ തേടിയ സംഘ് രാഷ്ട്രീയത്തിന് ഇടിത്തീയാണ് മേൽപറഞ്ഞ നാല് മുസ്‌ലിം സഹോദരങ്ങൾ. മോഡീമീഡിയകളുടെ കള്ളപ്രചാരണം സമുദായത്തെ ലക്ഷ്യമാക്കിയപ്പോൾ മനുഷ്യത്വത്തിന്റെ പ്രോജ്വലത വിളിച്ചോതിയ നാല് പേരുടെ സമീപനം എല്ലാ കുതന്ത്രങ്ങളെയും നിഷ്പ്രഭമാക്കുകയായിരുന്നു. ഭീകരാക്രമണത്തിന് പിന്നിലെ മതം തെരയുന്നതിന് പകരം അവരുടെ ലക്ഷ്യത്തെ തിരിച്ചറിയുകയാണ് വേണ്ടത്. ഏകദേശം 13 ദശലക്ഷം ആളുകൾ ജീവിക്കുന്ന നാടാണ് ജമ്മു ആൻഡ് കാശ്മീർ. അതിൽ ഏതാണ്ട് 7 ദശലക്ഷം ആളുകൾ കാശ്മീരിലും 6 ദശലക്ഷം ആളുകൾ ജമ്മുവിലും താമസിക്കുന്നു. 68%നു മുകളിൽ ഇസ്‌ലാം മത വിശ്വാസികളും 28%നു മുകളിൽ ഹിന്ദുമത വിശ്വാസികളും അവശേഷിക്കുന്നവർ ഇതര മതസ്ഥരുമാണവിടുത്തെ ജനത. വർഷങ്ങളായി ഭീകരവാദത്തിന്റെ നിഴലിൽ ജീവിക്കുന്നവരും അതിന്റെ അനന്തരഫലങ്ങളുടെ ബലിയാടുകളുമാണവർ. 2024ലെ കണക്കനുസരിച്ച് ഏകദേശം 2.35 കോടി ടൂറിസ്റ്റുകളാണ് ജമ്മു കാശ്മീർ സന്ദർശിച്ചത്. ചെനാബ് നദിക്ക് കുറുകെ നിർമിച്ചിരിക്കുന്ന പാലം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലങ്ങളിൽ ഒന്നായി ഇടം പിടിക്കുവാൻ പോകുന്നു. കത്ര-ശ്രീനഗർ വന്ദേഭാരത് വിനോദസഞ്ചാരികൾക്കും പൊതുജങ്ങൾക്കും ഉടൻ സഞ്ചാരയോഗ്യമാകും. ഓൾ ഇൻഡ്യ ഇൻസ്റ്റിറ്റ്യൂട്ട്, മെഡിക്കൽ സയൻസിന്റെ സർവസജ്ജമായ ആരോഗ്യ കേന്ദ്രത്തിന്റെ പണി പുരോഗമിക്കുന്നു. അങ്ങനെ ഒരു നാട് പുരോഗമനത്തിന്റെ പാതയിലൂടെ കുതിക്കുമ്പോൾ അരക്ഷിതാവസ്ഥയുണ്ടാക്കി നാടിന്റെ സാമ്പത്തിക-നയതന്ത്ര അടിസ്ഥാനങ്ങളെ തകർക്കുക എന്ന ലക്ഷ്യമാണ് ഈ ഭീകരാക്രമണത്തിനു പുറകിലെന്നതും നാം മറക്കരുത്.
തീവ്രദേശീയതയിൽ ന്യൂനപക്ഷങ്ങൾക്കും ഇതര മതവിശ്വാസികൾക്കും അപരത്വം കൽപിച്ച് നൽകുന്നവർ ഭീകരവാദത്തെ തലോടുകയാണ്. രാജ്യത്തെ ഒറ്റിക്കൊടുത്തും അതീവ രഹസ്യങ്ങളെ ചോർത്തിയും ദേശദ്രോഹം ചെയ്തവർ പിടിക്കപ്പെട്ടപ്പോൾ, അധികവും തീവ്രദേശീയ ഹിന്ദുത്വരായിരുന്നുവെന്ന് സമകാലിക സംഭവങ്ങൾ വിളിച്ചോതുന്നു. അതിനാൽ അക്രമികളാരായാലും അവർ മാനവവിരുദ്ധരും ദേശദ്രോഹികളുമാണ്. അതിന് മതങ്ങളുടെ പരിവേഷം ചേരുകയില്ല.

