തൗഹീദ് അദ്വൈതം സമസ്ത
മൂസ സ്വലാഹി കാര
2025 ആഗസ്റ്റ് 09, 1447 സഫർ 15

അഹ്‌ലുസ്സുന്നയുടെ ആദർശ പാരമ്പര്യത്തിലേക്കും നാളിതുവരെയുള്ള നവോത്ഥാന പ്രവർത്തനങ്ങൾക്ക് മുന്നിൽ നിന്നവരുടെ ശ്രേണിയിലേക്കും വലിഞ്ഞുകയറാൻ തക്കം പാർത്തിരിക്കുന്നവരാണ് സമസ്ത മുസ്‌ലിയാക്കന്മാർ. ശിയാ, സൂഫീ, ബറേൽവി എന്നീ വ്യതിയാന വിഭാഗങ്ങളുടെ പിഴച്ച വാദങ്ങളെ പിൻപറ്റുന്ന ഇക്കൂട്ടർ അഹ്‌ലുസ്സുന്നക്ക് ഏൽപിച്ച പരിക്ക് ചില്ലറയൊന്നുമല്ല. നേർമാർഗത്തിൽനിന്ന് പാടെ അകന്നുള്ള ഇവരുടെ പോക്ക് വളരെ അപകടം പിടിച്ചതാണ്.
അല്ലാഹു പറയുന്നു: “അല്ലാഹു അവതരിപ്പിച്ചതിലേക്കും റസൂലിലേക്കും വരുവിൻ എന്ന് അവരോട് പറയപ്പെട്ടാൽ, ‘ഞങ്ങളുടെ പിതാക്കളെ ഏതൊരു നിലപാടിലാണോ ഞങ്ങൾ കണ്ടെത്തിയത്, അതു മതി ഞങ്ങൾക്ക് എന്നായിരിക്കും അവർ പറയുക: അവരുടെ പിതാക്കൾ യാതൊന്നുമറിയാത്തവരും സന്മാർഗം പ്രാപിക്കാത്തവരും ആയിരുന്നാൽ പോലും (അത് മതിയെന്നോ?)’’ (5:104).
ഇബ്‌നു കസീർ(റഹ്)പറയുന്നു: “അല്ലാഹുവിന്റെ ദീനിലേക്കും അവൻ നിർബന്ധമാക്കിയതും വിലക്കിയതുമായ നിയമത്തിലേക്കും അവർ വിളിക്കപ്പെട്ടാൽ ഞങ്ങളുടെ പൂർവപിതാക്കൾ പ്രവേശിച്ച വഴികൾ ഞങ്ങൾക്ക് മതിയായതാണെന്ന് അവർ പറയും; അക്കൂട്ടർ സത്യം അറിയാത്തവരും ഗ്രഹിക്കാത്തവരും പ്രാപിക്കാത്തവരായിരുന്നാലും. ഈ അവസ്ഥയിലുള്ളവരെ എങ്ങനെ പിൻപറ്റാനാകും? അവരെക്കാൾ അജ്ഞനും വഴിപിഴച്ചവനുമല്ലാതെ അവരെ തുടരുകയില്ല.’’
അഹ്‌ലുസ്സുന്നയുടെ പാരമ്പര്യവും സമസ്തക്ക് തോന്നിയ അതൃപ്പവും
അല്ലാഹുവിന് അവകാശപ്പെട്ടതിൽ ഒന്നിനെയും പങ്കുചേർക്കാതെയും നബിﷺയുടെ അധ്യാപനങ്ങളിൽ മായം ചേർക്കാതെയും പ്രമാണങ്ങൾ കൊണ്ട് നിലപാടുറപ്പിച്ചും ജീവിക്കുക എന്നതാണ് അഹ്‌ലുസ്സുന്നയുടെ സവിശേഷത. എന്നാൽ ശിയാ ആശയങ്ങളെ പിൻപറ്റുന്ന പുരോഹിതന്മാർ യഥാർഥ ആദർശത്തോട് പുറംപൂച്ച് കാണിച്ച് സമൂഹത്തിൽ ഇടപഴകുകയും ഞങ്ങൾ അഹ്‌ലുസ്സുന്നയാണെന്ന് വരുത്തിവെക്കാനുള്ള പ്രസ്താവനകൾ മുട്ടില്ലാതെ തട്ടിവിടുകയും ചെയ്യുന്നു. ഉദാഹരണമെന്നോണം ചിലത് വായിക്കാം:
“പാരമ്പര്യ ഇസ്‌ലാമിനെ പ്രതിനിധാനം ചെയ്യുകയാണ് സമസ്ത. മതത്തിന്റെ പേരിൽ സ്വന്തമായി നിർമ്മിച്ചെടുത്ത ഒരു പ്രത്യേകമായ ആദർശമോ ഐഡിയോളജിയോ സമസ്തക്കില്ല. ലോകത്തെ മുസ്‌ലിം മഹാഭൂരിപക്ഷം നാളിതുവരെ പ്രതിനിധാനം ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതുമായ പാരമ്പര്യ ഇസ്‌ലാമിന്റെ നയനിലപാടുകളും സമീപന രീതികളും സംരക്ഷിച്ചു നിർത്തുക എന്നതാണ് സമസ്തയുടെ ദൗത്യം. ഒരു നൂറ്റാണ്ടുകാലമായി സമസ്ത കേരളത്തിൽ നിർവഹിച്ചുകൊണ്ടിരിക്കുന്ന ദൗത്യമതാണ്’’ (സുപ്രഭാതം പ്രത്യേക പതിപ്പ്/2025 ജൂൺ 26 വ്യാഴം/പേജ് 3).
“സമസ്ത പ്രവർത്തനം സജീവമാക്കിയപ്പോൾ കേരളത്തിലെ മുഴുവൻ പണ്ഡിതന്മാരും അതിന്റെ പ്രവർത്തകരായി മാറി. പൊതുജനങ്ങൾ അവർക്കു പിന്നിൽ അണിനിരന്നു. അഹ്‌ലുസ്സുന്നയുടെ ആദർശം സംരക്ഷിക്കുന്നതിലും മതപരിഷ്‌കരണ വാദങ്ങളെ പ്രതിരോധിക്കുന്നതിലും സമസ്ത വിജയിച്ചു’’ (സുന്നിവോയ്‌സ്/2025 ഫെബ്രുവരി 1-15/പേജ് 24).
“എന്നാൽ, അത്തരം വിവാദങ്ങളും പ്രശ്‌നങ്ങളും കടന്നുവരാതെ കേരളത്തെ കോട്ടകെട്ടി സംരക്ഷിക്കുന്നതിൽ ഇവിടുത്തെ പണ്ഡിത മഹത്തുക്കൾ ഏറെ ജാഗ്രത പുലർത്തി. പക്ഷേ, അതിനെയെല്ലാം തകർത്തുകൊണ്ട് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വഹാബിസം പോലെയുള്ള ചിന്താപ്രസ്ഥാനങ്ങൾ കേരള മുസ്‌ലിംകളിലേക്കും നുഴഞ്ഞുകയറാൻ തുടങ്ങി. ആ സന്ദർഭത്തിലാണ് പാരമ്പര്യ ഇസ്‌ലാമിന്റെ ആദർശ സംരക്ഷണത്തിനായി പണ്ഡിതന്മാർ രംഗത്തിറങ്ങുന്നതും അവർ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ രൂപീകരിക്കുന്നതും’’ (സുപ്രഭാതം പ്രത്യേക പതിപ്പ്/2025 ജൂൺ 26 വ്യാഴം/പേജ് 3).
തങ്ങളുടെ പാരമ്പര്യം ശിയാഇസമാണെന്ന ഉത്തമ ബോധ്യത്തോടെ തുടരെ തുടരെ ‘പാരമ്പര്യ ഇസ്‌ലാം’ അവകാശപ്പെടുന്നത് ജാള്യത മറച്ചുവെക്കാനാണ്. ‘മതത്തിന്റെ പേരിൽ സ്വന്തമായി നിർമിച്ചെടുത്ത ഒരു പ്രത്യേകമായ ആദർശമോ ഐഡിയോളജി സമസ്തക്കില്ല’ എന്ന് വിളിച്ചുപറയേണ്ടിവരുന്നതു തന്നെ മതത്തിൽ പുതുനിർമിതികൾ കടത്തിക്കൂട്ടുന്നവരായതു കൊണ്ടാണ്. അവിശ്വാസ ത്തിന്റെ അടിസ്ഥാനമായ ‘കൊടുത്ത കഴിവ്’ തത്ത്വമാക്കി ആരാധനയാകുന്ന പ്രാർഥനയും സഹായ തേട്ടവുമൊക്കെ വ്യാജ ഔലിയാക്കന്മാരെ അടക്കം ചെയ്ത ജാറങ്ങൾക്ക് മുമ്പിൽ സമർപ്പിക്കാൻ മുന്നിൽ നിൽക്കുന്നവരാണിവർ. സാധാരണക്കാർക്ക് പോലും എളുപ്പത്തിൽ മനസ്സിലാകുന്ന പ്രാർഥനയെ ഇവർ ദുർവ്യാഖ്യാനിച്ച് ശിർക്കിന് വഴിയൊരുക്കുന്നത് കാണുക:
“ഇമാം റാസി പറയുന്നു: അടിസ്ഥാനപരമായി ദുആ എന്നാൽ ഒരു അബ്ദ് റബ്ബിനോട് തേടുന്ന അർത്ഥനയാണ്’’ (റാസി 5262). ഈ നിർവചനാടിസ്ഥാനത്തിൽ ബദ്‌രീങ്ങളേ കാക്കണേ എന്ന അർത്ഥന ദുആയാവുന്നത് ചോദിക്കുന്ന വ്യക്തി ചോദിക്കപ്പെടുന്ന ബദ്‌രീങ്ങളുടെ അടിമയും ബദ്രീങ്ങൾ ചോദിക്കുന്ന വ്യക്തിയുടെ ഉടമയും എന്ന് ചോദിക്കുന്നവൻ വിശ്വസിക്കുമ്പോൾ മാത്രമാണ്’’ (സുന്നിഅഫ്കാർ/2023 ആഗസ്റ്റ് 16/പേജ് 36).
പ്രാർഥനയാകുന്ന ഇസ്തിഗാസയെയും ഇതേപോലെ ദുർവ്യാഖ്യാനിച്ചിട്ടുണ്ട്. നാട്ടിക വി. മൂസ മുസ്‌ലിയാർ എഴുതിയത് കാണുക:
“ജീവിതകാലത്തെന്ന പോലെ മരണാനന്തരവും ദൈവേതരരൊക്കെ ദൈവാശ്രയത്തിന് വിധേയമാണെന്ന സത്യവിശ്വാസം വെച്ചുപുലർത്തുന്നവർ സഹായം തേടുന്നതിൽ യാതൊരു വിരോധവുമില്ല’’ (സുന്നത്ത് ജമാഅത്തിനൊരു മുഖവുര/പേജ് 35).
ശഫാഅത്ത് എന്നു പേരിട്ട്, മരണപ്പെട്ടവരുടെ ആത്മാക്കളോട് പാപമോചന തേട്ടം നടത്താമെന്ന ഗുരുതരമായ പാപത്തെയും ഇവർ ന്യായീകരിക്കുന്നു:
“പ്രവാചകന്മാരുടെയും ഇമാമുമാരുടെയും ദർഗകളുമായി അടുപ്പം പുലർത്തുന്നതിന്റെ ലക്ഷ്യം സിയാറത്തും സഹായം തേടലുമാണ്. അവരുടെ ആത്മാക്കളോട് പാപമോചനവും ലക്ഷ്യ പൂർത്തീകരണവും ആവശ്യപ്പെടലാണ് സയാഹം തേടൽ. ഈ സഹായത്തിന് ശഫാഅത്ത് എന്നു പറയുന്നു. ഇതിന് ഒരു ഭാഗത്തുനിന്ന് സഹായം തേടലും മറുഭാഗത്തുനിന്ന് സഹായിക്കലുമുണ്ടായിരിക്കണം’’ (സുന്നിവോയ്‌സ്/2025 ഫെബ്രുവരി 1-15/പേജ് 13).
ശിയാക്കളെ അനുഗമിക്കുന്ന സൂഫികൾ യഥാർഥ തൗഹീദിനെ വലിച്ചെറിഞ്ഞ് ‘ശരീഅത്തിലൂടെ ത്വരീക്വത്തിൽ കയറി അല്ലാഹുവിൽ ലയിക്കുക’ എന്ന പുതിയ വിശ്വാസം മെനഞ്ഞെടുത്തു. ആ വിശ്വാസം അക്ഷരം പ്രതി സമസ്തക്കാരും ചുമന്ന് നടക്കുന്നു:
“അൽ ഫനാ, വൽ ബഖാ: യഥാക്രമം ലയനം, സ്ഥിരത. മഹാത്മാക്കൾ അല്ലാഹുവിൽ ലയിക്കുന്നു; സ്വന്തമായി അവർക്കൊന്നുമില്ല; എന്നല്ല അവരേയില്ല. വെള്ളത്തിൽ ലയിക്കുന്ന പഞ്ചസാര അതിൽ ശാശ്വതമാണ്; സ്ഥിരമാണ്. ഔലിയാക്കളിൽ ചിലർ പൂർണ ലയനം പ്രാപിച്ചാൽ അല്ലാഹു ഞാൻ, ഞാൻ അല്ലാഹു എന്നു തിരിച്ചും മറിച്ചും പറയും. തീയലിട്ട ഇരുമ്പ് തീ പോലാകുമല്ലോ’’ (ത്രിമാന തീർത്ഥം/മുസ്തഫൽ ഫൈസി/പേജ് 117,118).
‘ഫനാ’ എന്ന സൂഫീ പ്രയോഗ പ്രകാരം വ്യാജ ഔലിയ അല്ലാഹുവിൽ ലയിച്ച് അയാളും മുന്നിൽ കാണുന്നതുമെല്ലാം അല്ലാഹു എന്ന ചിന്തയിലേക്ക് പ്രവേശിക്കും. ‘ലാ മൗജൂദ ഇല്ലല്ലാ’(അല്ലാഹുവല്ലാതെ ഒന്നുമില്ല) എന്ന സൂഫീ മുദ്രാവാക്യം പിറവിയെടുത്തതും ഇതിൽനിന്നാണ്! അങ്ങനെ ശങ്കരാചാര്യരുടെ അദ്വൈത വാദത്തെയും സമസ്ത കോപ്പിയടിച്ചു!
“നിഗൂഢ സൂഫീവ്യവഹാരങ്ങളിൽ അധികവും കടന്നുവരുന്ന ഒരു താരതമ്യമാണ് ഇബ്‌നു അറബിയുടെ വഹ്ദത്തുൽ വുജൂദ്, ഇമാം സുഹ്‌റവർദിയുടെ ഹിക്മത്തുൽ ഇശ്‌റാഖ്, ശങ്കരന്റെ അദ്വൈത വാദം എന്നിവ. ആദ്യം പറഞ്ഞവയുടെ വിപരീതമാണ് അവസാനത്തേത് എന്നിരിക്കെ മൂന്നും ഒന്നാണെന്ന് വരുത്തുന്ന ഗവേഷണങ്ങൾ അതിന്റെ ഉപജ്ഞാതാക്കളോട് ചെയ്യുന്ന പാതകമാണ്. ഒന്നേ കൂട്ടണം ഒന്നേ കൂട്ടണം ഒന്ന് സമം എന്ന് വായിക്കാതെ ഒന്നേ ഗുണിക്കണം ഒന്നേ ഗുണിക്കണം ഒന്ന് സമം ഒന്ന് എന്ന കപട യുക്തിയാണത്’’ (സുപ്രഭാതം, 2024 ഒക്‌ടോബർ 18, വെള്ളി/ പേജ് 6).
എന്താണ് അദ്വൈത സിദ്ധാന്തം? “വേദാന്തത്തിന്റെ മൂന്ന് ഉപദർശനങ്ങളിൽ ഒന്നാണ് അദ്വൈത സിദ്ധാന്തം. ദ്വൈതവും വിശിഷ്ടാദ്വൈതവുമാണ് വേദാന്തത്തിന്റെ മറ്റ് രണ്ട് ഉപദർശനങ്ങൾ. അദ്വൈതം എന്നാൽ രണ്ട് അല്ലാത്തത് എന്നാണർഥം. മനുഷ്യനും ഈശ്വരനും ഒന്നാകുന്ന ഭാവം. അദ്വൈതം എന്ന വാക്ക് സൂചിപ്പിക്കുന്നത് ആത്മവും ബ്രഹ്‌മവും ഒന്നാണ് എന്നതാണ്. അതായത് ജീവാത്മാവായ മനുഷ്യനും പരമാത്മാവായ ഭഗവാനും ഒന്നാണെന്ന സങ്കല്പം. ഇതിനെ ജീവാത്മാ-പരമാത്മാ ഐക്യം എന്ന് പറയുന്നു.
വേദാന്തത്തിന്റെ എല്ലാ ദർശനങ്ങളുടെയും അടിസ്ഥാന സ്രോതസ്സ് പ്രസ്ഥാനത്രയിയാണ്. അദ്വൈത തത്ത്വങ്ങളെ വ്യക്തമായി സംയോജിപ്പിച്ച ആദ്യ വ്യക്തി ആദി ശങ്കരനാണ്. എന്നാൽ ചരിത്രപരമായി ഈ ആശയത്തിന്റെ ആദ്യ വക്താവ് ശങ്കരാചാര്യന്റെ ഗുരുവിന്റെ ഗുരുവായ ഗൗഡപാദരാണ്.
അദ്വൈതം വിശിഷ്ടാദ്വൈതവും ഒഴികെയുള്ള എല്ലാ സിദ്ധാന്തങ്ങളും ദ്വൈതമാണ്. ദ്വൈത സിദ്ധാന്തമനുസരിച്ച് ദൈവം എന്ന സ്രഷ്ടാവും, സൃഷ്ടി എന്ന പ്രപഞ്ചവും വെവ്വേറെയാണ്. സ്രഷ്ടാവ് സൃഷ്ടിച്ചതിനാൽ ഇവ തമ്മിൽ സൃഷ്ടിക്കുക എന്ന പ്രക്രിയയിലൂടെ ഒരു കാര്യകാരണ ബന്ധവുമുണ്ട്. ദൈവവും സത്യമാണ്, ലോകവും സത്യമാണ്. ഈ കാര്യകാരണ ബന്ധത്തെ അദ്വൈതം അംഗീകരിക്കുന്നില്ല. സത്യം എന്ന വാക്കിന് താത്വികമായി മൂന്നു കാലങ്ങളിലും മാറാതെ നിൽക്കുന്നത്എന്നു കൂടി അർഥമുണ്ട്.. മാറ്റം എന്നത് മുമ്പത്തെ അവസ്ഥയുടെ മരണവും ഇപ്പോഴത്തെ അവസ്ഥയുടെ ജനനവുമാണ്. അതുകൊണ്ട് മാറ്റമില്ലാത്തതു മാത്രമെ ജനന മരണത്തിന്ന് അതീതമായിരിക്കൂ. അദ്വൈതസിദ്ധാന്ത പ്രകാരം സത്യമായത് ഒന്നു മാത്രമേയുള്ളൂ. ലോകം മിഥ്യയാണ്. എന്തെന്നാൽ സൃഷ്ടി നടന്നിട്ടേയില്ല’’ (വിക്കിപീഡിയ).
ഞങ്ങളുടെത് ശങ്കരന്റെ അദ്വൈത സിദ്ധാന്തമല്ല എന്നു പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചിട്ട് കാര്യമില്ല. അല്ലാഹുവിന്റ മതം പഠിപ്പിക്കാത്ത ദൈവവിശ്വാസം തന്നെയാണ് സൂഫികളിൽനിന്നും കടംകൊണ്ട് നിങ്ങൾ പ്രചരിപ്പിക്കുന്നത്.
കൂട്ടിയാലും ഗുണിച്ചാലും ശരി ഇത് പുത്തൻവാദമാണ്. ഞാൻ അല്ലാഹുവാണെന്ന് ഒരാൾ പറഞ്ഞാൽ അയാൾക്ക് ഇസ്‌ലാമിൽ എന്തു സ്ഥാനമാണുള്ളത്. അല്ലാഹുവിന്റെ റസൂലിﷺനോ ഖലീഫമാർക്കോ ‘അല്ലാഹുവിൽ പൂർണമായി ലയിക്കുക’ എന്ന എന്ന അവസ്ഥയുണ്ടായിട്ടുണ്ടോ? ഞാനാണ് നിങ്ങളുടെ റബ്ബ് എന്നു പറഞ്ഞ ഫിർഔൻ സമസ്തക്കാരുടെ വാദപ്രകാരം തെറ്റുകാരനാകുമോ? സ്രഷ്ടാവും സൃഷ്ടികളും ഏതെങ്കിലും അവസ്ഥയിൽ ഒന്നായിത്തീരുമെന്നതിന് എന്തെങ്കിലും തെളിവ് സമസ്തക്കാർക്ക് ഹാജറാക്കാൻ കഴിയുമോ?
അല്ലാഹു ചോദിക്കുന്നു: “അപ്പോൾ, സൃഷ്ടിക്കുന്നവൻ സൃഷ്ടിക്കാത്തവരെപ്പോലെയാണോ? നിങ്ങളെന്താണ് ആലോചിച്ച് മനസ്സിലാക്കാത്തത്?’’ (ക്വുർആൻ 16:17).
അന്ധവിശ്വാസികൾ അന്ധവിശ്വാസങ്ങളെ ചെറുക്കുകയോ?
തെറ്റു ചെയ്യുന്നവർ എപ്പോഴും സമൂഹത്തിനു മുന്നിൽ ഞാൻ നല്ലവനാണ് എന്നു വരുത്തിത്തീർക്കാൻ ശ്രമിക്കും; താൻ ചെയ്യുന്ന തെറ്റുകളെ ന്യായീകരിക്കാൻ പാടുപെടുകയും ചെയ്യും. അതുതന്നെയാണ് സമസ്തയും ചെയ്തുകൊണ്ടിരിക്കുന്നത്.
“വഹാബിസം, ഖാദിയാനിസം, മൗദൂദിസം, തബ്‌ലീഗിസം, എം.ഇ.എസ്, സി.എൻ മൗലവിയാദികളുടെ മോഡേണിസം, ചേകന്നൂരിസം, കപട സൂഫിസം തുടങ്ങിവയ്‌ക്കെതിരെ രംഗത്തിറങ്ങാനും പ്രതിരോധ നൈരന്തര്യത്തിൽ ഏർപ്പെടാനും സമസ്ത പണ്ഡിതന്മാരെ പ്രചോദിപ്പിച്ചത്, സമുദായത്തിന്റെ ഐക്യവും കെട്ടുറപ്പും തകരരുതെന്ന ചിന്തയാണ്. സമുദായത്തിനകത്ത് പുതിയൊരു ചിന്താധാര കൂടി ഉടലെടുക്കുന്നു എന്നതിന്റെ അർഥം പുതിയൊരു ചേരിതിരിവുകൂടി രംഗപ്രവേശം ചെയ്യുന്നു എന്നാണ്. ഓരോ പുതിയ വാദക്കാർ വരുമ്പോഴും ആഭ്യന്തര വിള്ളലുകളും ആന്തരിക വിടവുകളും കൂടുന്നു എന്നാണ് അർഥം. ഇതു തിരിച്ചറിഞ്ഞതുകൊണ്ടാണ് ശൈഥില്യത്തിന്റെ വൈറസ് ബാധിച്ച ബിദഇകളെ സമുദായം മാറ്റിനിർത്തണമെന്ന് ഗൗരവം ചോരാത്ത ഭാഷയിയിൽ തന്നെ സമസ്ത ആഹ്വാനം ചെയ്തത്’’ (സുപ്രഭാതം പ്രത്യേക പതിപ്പ്/2025 ജൂൺ 26, വ്യാഴം/പേജ് 3).
ജിഫ്രി മുത്തുക്കോയ തങ്ങൾ അഭിപ്രായപ്പെട്ടത് കാണുക: “ബിദ്അത്ത് - അനാചാരങ്ങളിൽ നിന്നും മുസ്‌ലിംകളെ തടയാൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ശക്തമായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. മുസ്‌ലിം ലോകം അഗീകരിക്കുകയും ചെയ്തുപോരുന്നതുമായ സുന്നത്തുകളിൽനിന്നും അംഗീകരിക്കപ്പെട്ട ആചാരങ്ങളിൽനിന്നും മുസ്‌ലിംകളെ പിന്നോക്കം കൊണ്ടുവരാൻ ഇവിടുത്തെ ബിദഈ പ്രസ്ഥാനങ്ങൾ ശ്രമിച്ചിട്ടുണ്ട് എന്നുള്ളത് ഒരു യഥാർഥ്യമാണ്. അപ്പോൾ യഥാർഥത്തിൽ നവോത്ഥാനത്തിന് എതിരായിട്ടാണ് ബിദഈ പ്രസ്ഥാനങ്ങൾ പ്രവർത്തിച്ചിട്ടുള്ളത്. ഇത് നവോത്ഥാനത്തിന് കോടാലി വെക്കലാണ്’’ (അൽമുനീർ’22/പേജ് 31).
“സമുദായത്തിന്റെ ന്യായമായ അവകാശങ്ങൾക്കു വേണ്ടി നിലകൊള്ളാനും മതേതര വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പ്രവർത്തിക്കാനും സമസ്ത എക്കാലത്തും ശ്രമിച്ചിട്ടുണ്ട്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാക്കുക എന്നത് സമസ്തയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണ്’’ (മാധ്യമം, 2025 ജൂൺ 12 വ്യാഴം/പേജ് 11).
അനാചാരങ്ങളുടെ മൊത്തക്കുത്തക സ്വന്തമാക്കിയ ഇക്കൂട്ടർ അഹ്‌ലുസ്സുന്നയുടെ അനുയായികളെ പ്രതി ചേർത്ത് ജനപ്രീതി നേടുകയാണ്. സത്യത്തിൽ ഇവരല്ലേ ‘വൈറസ് ബാധിച്ച ബിദഇകൾ?’ സമൂഹത്തെ സംസ്‌ക്കരണത്തിന്റെ വഴിയിലേക്ക് നയിക്കാൻ ഒറ്റക്കെട്ടായി നിന്ന പണ്ഡിതന്മാരിൽനിന്ന് ‘ശൈഥില്യം’ പിടികൂടി കണ്ണിമുറിച്ചോടിയ മുസ്‌ലിയാക്കന്മാരുടെ പിന്മുറക്കാരല്ലേ ഇവർ. നിലയ്ക്കാത്ത നവോത്ഥാന പ്രവർത്തനങ്ങളെ ഇപ്പോഴും അടിച്ചമർത്താൻ ശ്രമിക്കുന്ന ഇവർ അതിന്റെ തണൽപറ്റി ജീവിക്കുന്നു എന്നതും വാസ്തവമാണ്. പുത്തനാചാരങ്ങൾക്ക് പുതുവസ്ത്രമണിയിക്കുന്ന പണി ഇതുവരെയും ഇവർ നിർത്തിയിട്ടില്ലെന്നതിന്റെ തെളിവുകൾ കൂടി വായിക്കാം:
“മനുഷ്യന്റെ ആത്മീയ ഉന്നതിക്ക് വേണ്ടി ഔലിയാക്കൾ ആവിഷ്‌കരിച്ച ആചാരങ്ങളിലൊന്നാണ് റാത്തീബ്. ഹള്‌റ/ ഹൽഖ, മജ്‌ലിസ് എന്നീ പേരുകളിലെല്ലാം ഇതറിയപ്പെടുന്നു. റാതീബ് എന്ന പദത്തിന്റെ ഭാഷാർത്ഥം പതിവുള്ളത് എന്നാണ്. സാങ്കേതികാർത്ഥത്തിൽ അല്ലാഹുവിനെ കുറിച്ചുള്ള അറിവ് കരസ്ഥമാക്കൽ, പാരാത്രിക വിജയം നേടൽ, തെറ്റു കുറ്റങ്ങളിൽ നിന്നും മോചനം നേടൽ, പ്രയാസങ്ങളിൽ നിന്ന് രക്ഷ നേടൽ, നന്മകൾ സ്വായത്തമാകൽ എന്നിവക്കായി ക്രോഡീകരിക്കപ്പെട്ട ദിക്‌റുകളുടെയും പ്രാർത്ഥനകളുടെയും സമാഹാരമാണ് റാത്തീബ്. കേരളത്തിൽ 15,16 നൂറ്റാണ്ടുകളിൽ സംഘടിത സൂഫീ ത്വരീഖത്തുകൾ സജീവമായപ്പോഴാണ് റാതീബ് പുര അഥവാ ഖാനസ്/ഹള്‌റ പ്രചാരം നേടിയത്. ഹദ്ദാദ് റാതീബ്, കുത്ത് റാതീബ്, മുഹിയുദ്ദീൻ റാതീബ്, ശാദുലി റാതീബ്, ജലാലിയ്യ റാതീബ് തുടങ്ങിയ ഒരുപാട് റാതീബുകൾ കേരളത്തിൽ പ്രചരിച്ചിട്ടുണ്ട്. റാതീബുകൾക്ക് പുറമേ ഔലിയാക്കളുടെ പേരിൽ രചിക്കപ്പെട്ട വിവിധ മാലകൾ, മൗലിദുകൾ, ഖുത്ബിയ്യത്ത്, ഖിസ്സപ്പാട്ടുകൾ തുടങ്ങിയ നിരവധി ആചാരങ്ങൾ കേരളത്തിന്റെ ആത്മീയ ഭൂപടത്തിലെ വലിയ സ്വാധീന ശക്തികളാണ്. മഹാന്മാരുടെ ആണ്ട് നേർച്ചകൾ മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു’’ (അല്ലിവാഅ്’25/വലിയല്ലാഹി മുഹമ്മദ് മുസ്‌ലിയാർ 14-ാം ഉറൂസ് ഉപഹാരം/പേജ് 40).
“മൗലിദുകൾ, മാലപ്പാട്ടുകൾ, മൗലിദ് കിതാബുകളിൽ കാണുന്ന റാതീബുകൾ, വിർദുകൾ, ദുആകൾ എന്നിവയെ ഖുറാഫാത്ത്, കെട്ടുകഥകൾ, പഴഞ്ചൻ സമ്പ്രദായം എന്നൊക്കെ പറഞ്ഞ് തള്ളിക്കളയുന്ന ഉൽപതിഷ്ണുക്കളും ബിദഈ പ്രസ്ഥാനക്കാരും മുസ്‌ലിം സമുദായത്തിന്റെ പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും കടക്കൽ കത്തി വെക്കുകയാണ് ചെയ്യുന്നതെന്ന് പ്രത്യേകം ഓർക്കേണ്ടതാണ്. ഈ രീതിയിൽ ഖുറാഫത്ത് ആരോപണം നടത്തി അവഗണിക്കപ്പെടേണ്ടവയല്ല മൗലിദ്’’ (അൽ മുനീർ/പേജ് 323).
വായനക്കാർ ഈ ഉദ്ധരണികൾ മനസ്സിരുത്തി വായിക്കുക; മതം പഠിപ്പിച്ചതിൽപെട്ട വല്ലതും ഇതിലുണ്ടോ? റസൂലിനോ സ്വഹാബത്തിനോ പരിചയമുള്ള, ക്വുർആനിലോ സുന്നത്തിലോ തെളിവുള്ള വല്ല വല്ലതും ഇവർ എണ്ണിപ്പറഞ്ഞ പോരിശയാക്കപ്പെട്ട കാര്യങ്ങളിലുണ്ടോ? ഇല്ല എന്നതല്ലേ വാസ്തവം? അപ്പോൾ ‘പുത്തൻ വാദികൾ,’ ‘ബിദഇകൾ’ എന്നൊക്കെ വിളിക്കപ്പെടാൻ അർഹർ ആരാണ്? ചിന്തിക്കുക.
പ്രസ്താവനകളിലൂടെ പ്രസിദ്ധരാകാൻ പ്രയത്‌നിച്ച ഇവർക്ക് പ്രമാണങ്ങളും പള്ളികളുമല്ല മാലകളും മക്വ‌്‌ബറകളുമാണ് മുഖ്യം. ഇസ്‌ലാമിന്റെ തിളക്കമുള്ള തനതായ പൈതൃകത്തെക്കാൾ ഇവർക്കാവശ്യം ശിയാ-സൂഫീ കെട്ടുകഥകളാണ്.
സൃഷ്ടികളിൽ ലയിച്ചു ചേരുന്ന അല്ലാഹുവിലാണ് ഇവർ വിശ്വസിക്കുന്നതെങ്കിൽ അത് ഇസ്‌ലാമിക വിശ്വാസത്തിലെ അല്ലാഹുവല്ല. അങ്ങനെയൊരു ദൈവവിശ്വാസം ഇസ്‌ലാം പഠിപ്പിക്കുന്നില്ല. അല്ലാഹു പറയുന്നു:
“തങ്ങളുടെ രക്ഷിതാവിന്റെ മുഖം ലക്ഷ്യമാക്കിക്കൊണ്ട് കാലത്തും വൈകുന്നേരവും അവനോട് പ്രാർഥിച്ചുകൊണ്ടിരിക്കുന്നവരുടെ കൂടെ നീ നിന്റെ മനസ്സിനെ അടക്കി നിർത്തുക. ഇഹലോകജീവിതത്തിന്റെ അലങ്കാരം ലക്ഷ്യമാക്കിക്കൊണ്ട് നിന്റെ കണ്ണുകൾ അവരെ വിട്ടുമാറിപ്പോകാതിരിക്കട്ടെ. ഏതൊരുവന്റെ ഹൃദയത്തെ നമ്മുടെ സ്മരണയെ വിട്ടു നാം അശ്രദ്ധമാക്കിയിരിക്കുന്നുവോ, ഏതൊരുവൻ തന്നിഷ്ടത്തെ പിന്തുടരുകയും അവന്റെ കാര്യം അതിരുകവിഞ്ഞതായിരിക്കുകയും ചെയ്തുവോ, അവനെ നീ അനുസരിച്ചു പോകരുത്’’ (18:28).
തൗഹീദിലേക്ക് മടങ്ങുക
തൗഹീദിൽനിന്നുള്ള വ്യതിചലനം വ്യക്തികളുടെയും സമുദായത്തിന്റെയും അധഃപതനത്തിനു കാരണമാകുമെന്നതിൽ സംശയമില്ല. ‘നിങ്ങൾ വിശ്വാസികളാണെങ്കിൽ നിങ്ങൾ തന്നെയാണ് ഉന്നതൻമാർ’ എന്നാണ് അല്ലാഹു പഠിപ്പിച്ചിട്ടുള്ളത്. പക്ഷേ, പൗരോഹിത്യത്തിന്റെ തെറ്റായ നിലപാടു കാരണം സമുദായം തൗഹീദിൽനിന്ന് അകലുന്നു. രോഗം വന്നാലും മറ്റു പ്രയാസങ്ങൾ ഉണ്ടായാലും മക്കളുണ്ടാകാത്ത അവസ്ഥയിലുമൊക്കെ അല്ലാഹുവിനോട് മാത്രം പ്രാർഥിച്ച്, അവനിൽ മാത്രം പ്രതീക്ഷയർപ്പിച്ച് കഴിയേണ്ടതിനു പകരം സൃഷ്ടികളോടു തേടുന്നു. അല്ലാഹുവല്ലാത്തവരോട് പ്രാർഥിച്ചും അവരുടെ പേരിൽ നേർച്ചവഴിപാടുകൾ നേർന്നും അവരിൽ ഭരമേൽപിച്ചും തൗഹീദിന് നേർവിപരീതമായ ശിർക്കിൽ ആപതിച്ചു പോകുന്നു. അല്ലാഹുവിന്റെ സഹായം ലഭിക്കുവാനും വിശ്വാസികളുടെ അഭിമാനം ഉയരുവാനും അവരുടെ മുമ്പിൽ ഏക പരിഹാരമാർഗമായിട്ടുള്ളത് തൗഹീദിലേക്ക് മടങ്ങുക എന്നുള്ളതാണ്. ഇഹലോകത്തുള്ള അപമാനത്തിനു പുറമെ പരലോകത്തുള്ള വലിയ ശിക്ഷക്കും മനുഷ്യൻ ചെയ്യുന്ന ശിർക്ക് കാരണമായി മാറും. ശിർക്ക് ചെയ്യുന്നവനെയാകട്ടെ കാത്തിരിക്കുന്നത് കത്തിയാളുന്ന നരകത്തീയാണ്.
അല്ലാഹു പറയുന്നു: “അല്ലാഹുവോട് വല്ലവനും പങ്കുചേർക്കുന്ന പക്ഷം തീർച്ചയായും അല്ലാഹു അവന്ന് സ്വർഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികൾക്ക് സഹായികളായി ആരും തന്നെയില്ല’’ (ക്വുർആൻ 5:72).

