ജാതി സെൻസസിന്റെ രാഷ്ട്രീയം; പരിണിതിയും
മുജീബ് ഒട്ടുമ്മൽ
2025 മെയ് 10, 1446 ദുൽഖഅദ് 12

ഹിന്ദുസമൂഹത്തെ വിഭജിക്കാനുള്ള കോൺഗ്രസ് തന്ത്രമാണ് ജാതി സെൻസസ് എന്ന് ഇതുവരെ ആക്ഷേപിച്ചിരുന്ന ബിജെപിയും നരേന്ദ്രമോഡിയും ഇപ്പോൾ ചുവട് മാറ്റിയിരിക്കുകയാണ്.
പെഹൽഗാം ഭീകരാക്രമണ പശ്ചാത്തലത്തിൽ വിളിച്ചുചേർത്ത കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനമറിയിക്കാൻ നടത്തിയ വാർത്താ സമ്മേളനത്തിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ആണ് ജാതിസെൻസസ് പ്രഖ്യാപിച്ചത്. പ്രതിപക്ഷത്തിന്റെ ശക്തമായ ആവശ്യത്തിന് മുന്നിൽ കീഴടങ്ങിയതല്ല തങ്ങളെന്ന് ബോധ്യപ്പെടുത്താൻ വളരെ നാടകീയമായാണ് കേന്ദ്രമന്ത്രി ഈ വിഷയം പത്രക്കാർക്ക് മുന്നിൽ അവതരിപ്പിച്ചത്.
ജാതി സെൻസസ് ബിജെപി രാഷ്ട്രീയം ശക്തമായി എതിർത്ത ഒന്നായിരുന്നു. കഴിഞ്ഞ ലോക്‌സഭാ ബജറ്റ് സമ്മേളനത്തിൽ ജാതിസെൻസസിന്റെ ആവശ്യകത വിശദീകരിച്ചുകൊണ്ട് രാഹുൽ ഗാന്ധി നടത്തിയ പ്രഭാഷണത്തിന് മറുപടി പറഞ്ഞ ധനമന്ത്രി നിർമലാ സീതാരാമൻ ഈ ആവശ്യത്തെ പരിഹസിച്ച് തള്ളുകയായിരുന്നു. അതിനു മുമ്പ് കേന്ദ്ര ആഭ്യന്തരസഹമന്ത്രിയും ജാതി സെൻസസ് എന്ന ആവശ്യത്തെ നിരാകരിച്ച് സംസാരിക്കുകയുണ്ടായി.
ഇന്ത്യൻ നാഷണൽ കോൺഗ്രസ്, സമാജ് വാദി പാർട്ടി, ആർജെഡി പോലെയുള്ള പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ ഈ ആവശ്യമുന്നയിച്ച് ബിജെപിയെ വെല്ലുവിളിച്ച് മുന്നോട്ട് വന്നിരുന്നു. ഇന്ത്യയിലെ ദളിതുകൾ, ആദിവാസികൾ, പിന്നാക്ക വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ, മറ്റു സമുദായങ്ങളിലെ ദരിദ്രർ അടക്കമുള്ള 90% ജനങ്ങളും ആഗ്രഹിക്കുകയും ശബ്ദിക്കുകയും ചെയ്ത അവകാശമായിരുന്നു ജാതി സെൻസസ്. ബീഹാർ, തെലങ്കാന, കർണാടക പോലെയുള്ള സംസ്ഥാനങ്ങളിൽ നടന്ന സെൻസസും അതിന്റെ സുതാര്യതയും ഉയർത്തിപ്പിടിച്ചാണ് കോൺഗ്രസ് സെൻസസിന് വേണ്ടി വാദിച്ചത്. ബീഹാർ നിയമസഭാ തെരെഞ്ഞെടുപ്പ് സമാഗതമായപ്പോഴാണ് സർക്കാർ ഈ ആവശ്യത്തിന് മുന്നിൽ മുട്ടുമടക്കിയതെന്ന ചർച്ചകളും നടക്കുന്നുണ്ട്. ചരിത്രപരമായി തന്നെ ആർഎസ്എസും ബിജെപിയും ജാതി തിരിച്ചുള്ള സെൻസസിനെതിരായിരുന്നു. ഹിന്ദു ഐക്യം, അഖണ്ഡത എന്നീ ആശയങ്ങളുമായി ആർഎസ്എസിനെ സമർഥമായി ബന്ധിപ്പിച്ചുകൊണ്ടാണ് സെൻസസ് ഹിന്ദു വിഭാഗത്തെ സംബന്ധിച്ച് സെൻസിറ്റീവ് ആയ വിഷയമാണെന്ന് സംഘപരിവാരങ്ങൾ പ്രഖ്യാപിച്ചിരുന്നത്. പാലക്കാട് നടന്ന ആർഎസ്എസിന്റെ അഖില ഭാരതീയ സമന്വയ ബൈഠക്കിനു ശേഷം പ്രചാർ പ്രമുഖ് സുനിൽ അംബേക്കർ നടത്തിയ പ്രസ്താവനയിൽ ഇത് ഊന്നിപ്പറഞ്ഞിരുന്നു.
സാമൂഹ്യനീതിക്കും സംവരണ തത്ത്വങ്ങൾക്കുമെതിരായ മനുവാദാധിഷ്ഠിതമായ ഹിന്ദുത്വ രാഷ്ട്രീയമാണ് ജാതി സെൻസസിനെ ഭയപ്പെട്ടിരുന്നതും അതിനെ അട്ടിമറിക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞു കൊണ്ടിരുന്നതും. ജാതി സെൻസസ് നടപ്പിലാക്കാമെന്ന സംഘപരിവാരങ്ങളുടെ അപ്രതീക്ഷിതമായ നയം മാറ്റത്തിന് പല കാരണങ്ങളുണ്ട്. ജാതിരാഷ്ട്രീയത്തിന് കാര്യമായ വളക്കൂറുള്ള മണ്ണായ ബീഹാറിൽ തുടർഭരണത്തിന് ഈ നീക്കം ഗുണം ചെയ്യുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. വർഷങ്ങളോളം മാറ്റിവെച്ച ഈ സംവിധാനം ഇപ്പോൾ നടപ്പിലാക്കാനുള്ള ശ്രമം ബീഹാറിലെ സമാഗതമായ തെരഞ്ഞെടുപ്പാണ് എന്നതിൽ സംശയമില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് നേട്ടം ഉണ്ടാക്കാൻ സാധിച്ചതിന്റെ ഒരു കാരണം ജാതി സെൻസസ് ഉയർത്തിപ്പിടിച്ച് അതിന്റെ ആവശ്യകതയുമായി ജനങ്ങളിലേക്ക് ഇറങ്ങിയതാണ് എന്ന് ബിജെപി രാഷ്ട്രീയം വിലയിരുത്തുന്നുണ്ട്. ഇത് പരിഗണിച്ചുകൊണ്ടായിരിക്കാം ബീഹാർ തെരഞ്ഞെടുപ്പിനു മുമ്പ് തന്നെ ജാതി സെൻസസ് പ്രഖ്യാപിച്ചത്.1951 മുതൽ രാജ്യത്ത് നടക്കുന്ന സെൻസസിൽ പട്ടികജാതി പട്ടികവർഗങ്ങളുടെയും വ്യത്യസ്ത മതവിഭാഗങ്ങളുടെയും കണക്കുകൾ കൃത്യമായി രേഖപ്പെടുത്തുന്നു. എന്നാൽ എസ് സി, എസ് ടി വിഭാഗം എന്ന നിലയിൽ അല്ലാതെ ഉപവിഭാഗങ്ങളുമായി ബന്ധപ്പെട്ട കണക്കെടുപ്പൊന്നും നടന്നിട്ടില്ല എന്നതാണ് സത്യം. 1931ൽ നടന്നിട്ടുള്ള സെൻസസിലാണ് രാജ്യത്ത് അവസാനമായിയി ജാതി തിരിച്ചുള്ള കണക്ക് ലഭ്യമായിട്ടുള്ളത്. 1941ൽ ലോകമഹായുദ്ധകാലത്ത് ജാതി തിരിച്ചുള്ള വിവരങ്ങൾ ലഭ്യമാകുന്ന തരത്തിൽ സെൻസസ് നടന്നുവെങ്കിലും ചില വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ലായിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സെൻസസ് മുതൽ ജാതി തിരിച്ച് വിവരങ്ങൾ ശേഖരിച്ചിട്ടില്ല.
സർക്കാറിന്റെ ക്ഷേമപ്രവർത്തനങ്ങൾക്കുള്ള ഡാറ്റാ ശേഖരണമായാണ് ജാതി സെൻസസിനെ ആർഎസ്എസ് ഇപ്പോൾ വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നത്. വെൽഫയർ രാഷ്ട്രീയത്തിന്റെ ഡാറ്റ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആദിവാസി-ദളിത് ഒബിസി വോട്ട് ബാങ്കുകളെ ഉറപ്പിച്ചു നിർത്താൻ ബിജെപി പയറ്റുന്ന ക്ഷേമ രാഷ്ട്രീയം എന്ന ലക്ഷ്യമാണ് ആർഎസ്എസ് മുന്നോട്ട് വെക്കുന്നത്. സവർണ വിഭാഗങ്ങൾ കൈയടക്കി വച്ചിരുന്ന വിഭവാധികാരത്തെക്കുറിച്ച് നിശ്ശബ്ദമാകുന്ന ആർഎസ്എസ് ജാതി സെൻസസിന്റെ ലക്ഷ്യത്തെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: ‘ജാതീയമായി പിന്നാക്കം നിൽക്കുന്നവർ അടക്കമുള്ളവർക്ക് വേണ്ടിയുള്ള ക്ഷേമ പദ്ധതികൾ ആസൂത്രണം ചെയ്യാൻ സർക്കാറിന് കണക്കുകൾ ആവശ്യമാണ്. മുമ്പും അത്തരം ഡാറ്റകൾ ശേഖരിച്ചിരുന്നു. ഇനിയും അത് തുടരാം.’ പിന്നാക്ക വിഭാഗങ്ങളുടെ അധികാര പങ്കാളിത്തമോ ഉദ്യോഗ പ്രാതിനിധ്യമോ അല്ല ബിജെപിയെ ജാതി സെൻസസിന് പ്രേരിപ്പിച്ച ഘടകം എന്നത് ഇതിൽനിന്ന് വ്യക്തമാണ്.
ജാതി സെൻസസ് അനിവാര്യം
ഭരണഘടനയുടെ ആർട്ടിക്കിൾ 15(4), 16(4) പ്രകാരം, വിദ്യാഭ്യാസ-ഉദ്യോഗ മേഖലകളിൽ ദലിത്, പിന്നാക്ക വിഭാഗങ്ങൾക്ക് പ്രവേശനത്തിനും നിയമനത്തിനും സംവരണവും പ്രത്യേക പരിരക്ഷകളും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ വിഭാഗങ്ങൾക്ക് വരുമാനത്തിന്റെ കാര്യത്തിലുള്ള അന്തരം ലഘുകരിക്കണമെന്നും പദവികളിലും അവസരങ്ങളിലുമുള്ള അസമത്വം ഇല്ലാതാക്കണമെന്നും ആർട്ടിക്കിൾ 38(2) പറയുന്നു. ഇതൊക്കെ കൃത്യമായി കണക്കാക്കാൻ നിലവിൽ ഓരോ വിഭാഗത്തിന്റെയും എണ്ണവും സാമൂഹ്യാവസ്ഥയും അറിയണം. ഏതൊക്കെയാണ് ജാതികൾ, വിവിധ ജാതികളുടെ സാമൂഹിക-സാമ്പത്തിക-തൊഴിൽ-വിദ്യാഭ്യാസ അവസ്ഥകൾ എന്തൊക്കെയാണ്, ഭരണകൂടത്തിന്റെ കൈകൾ എത്താത്തത് എവിടെ, വിഭവങ്ങളുടെ വിതരണം ഏതു നിലയ്ക്കാണ് നടക്കുന്നത് എന്നിങ്ങനെ ഒട്ടനവധി ചോദ്യങ്ങൾക്ക് സൂക്ഷ്മമായ ഉത്തരം നൽകാൻ ജാതി സെൻസസിന് സാധിക്കും.
ഇന്ത്യൻ ജനതയിൽ എഴുപത്തി അഞ്ചു ശതമാനത്തിലധികം വരുന്ന പിന്നാക്ക വിഭാഗങ്ങളുടെ കാലങ്ങളായുള്ള ആവശ്യമാണ് ജാതി സെൻസസ്. അർഹരായവരെ സംവരണ ആനുകൂല്യങ്ങളിൽ ഉൾപ്പെടുത്തുക എന്നത് സാമൂഹ്യനീതിയാണ്. അധികാര പങ്കാളിത്തവും ഉദ്യോഗ പ്രാതിനിധ്യവും ജനസംഖ്യാനുപാതികമായി ലഭിക്കാത്ത വിഭാഗങ്ങൾക്ക് അനിവാര്യമായും പരിഗണന നൽകണമെന്ന നമ്മുടെ ഭരണഘടനയുടെ നിർദ്ദേശത്തെ മാനിക്കാൻ അധികാരികൾ തയ്യാറാവേണ്ടതുണ്ട്. വികസന പദ്ധതികൾ സന്തുലിതമാക്കുവാനും അർഹരിലേക്ക് എത്തിക്കുവാനും ഭരണാധികാരികൾക്ക് ഉത്തരവാദിത്തമുണ്ട്. അതിനാൽ ജാതി തിരിച്ചുള്ള സെൻസസ് രാജ്യത്ത് അനിവാര്യമാണ്. നിലവിൽ ലഭ്യമായ ജാതി തിരിച്ചുള്ള ഡാറ്റകൾക്ക് 90 വർഷം പഴക്കമുണ്ട്. അതേസമയം നിരവധി ക്ഷേമ പ്രവർത്തനങ്ങൾക്ക് ജാതീയത അടിസ്ഥാനമാക്കുന്നുണ്ട്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്കും മതന്യൂനപക്ഷങ്ങൾക്കും പ്രത്യേകം പരിരക്ഷകളും അവകാശങ്ങളും ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകിയിട്ടുണ്ട്.
ബ്രിട്ടീഷ് ഇന്ത്യയിൽ 1931വരെ ജാതി സെൻസസ് നടന്നിട്ടുണ്ട്. ഭരണഘടനയുടെ 340ാം അനുഛേദ പ്രകാരം ഇന്ത്യയിലെ പിന്നാക്ക ജനവിഭാഗങ്ങളുടെ (Other Backward Communities)അവസ്ഥയെയും പ്രാതിനിധ്യത്തെയും പറ്റി വിലയിരുത്താൻ ജനുവരി 29, 1953ൽ കേന്ദ്ര സർക്കാർ കാക്കാ-കലേൽക്കർ കമ്മീഷനെ നിയോഗിക്കുകയും 1955 മാർച്ച് 30ന് കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, അതിലുള്ള നിഗമനങ്ങളോട് സർക്കാറിനുള്ള വിയോജിപ്പുമൂലം തള്ളിക്കളയുകയാണുണ്ടായത്. പിന്നീട് വിവിധ തലങ്ങളിൽനിന്നുള്ള സമ്മർദ ഫലമായി 1979ൽ അന്നത്തെ പ്രധാനമന്ത്രി മോറാർജി ദേശായി മേൽപ്പറഞ്ഞ വിഷയത്തെത്തന്നെ ആധാരമാക്കി പുതിയൊരു റിപ്പോർട്ട് സമർപ്പിക്കാൻ ബി.പി മണ്ഡലിനെ നിയമിച്ചു. 1980ൽ ഈ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടെങ്കിലും ഒന്നര പതിറ്റാണ്ടോളം അതിന്മേൽ നടപടിയൊന്നുമുണ്ടായില്ല. സാമൂഹിക ക്രമത്തിൽ ഉയർന്ന ജാതിക്കാർക്കും ദലിതുകൾക്കുമിടയിൽ ധാരാളമായുള്ള മറ്റു പിന്നാക്ക ജാതികൾ എന്ന വിഭാഗത്തിന് അധികാരത്തിലും പദവിയിലും തക്കതായ പ്രാതിനിധ്യം ലഭിക്കാൻ ഉതകും വിധം സംവരണത്തിന്റെ ഗണ്യമായ വിപുലീകരണത്തിന് കമ്മീഷൻ ശിപാർശ ചെയ്തിരുന്നു.
1931ലെ അവസാന ജാതി സെൻസസിലെ ഡാറ്റ ഉപയോഗിച്ച് കമ്മീഷൻ നിർണയിച്ച ഇക്കൂട്ടർ ഇന്ത്യൻ ജനസംഖ്യയുടെ 52% ആയിരുന്നു. 1955ലെ കാക്കാ-കലേൽക്കർ കമ്മീഷൻ സർക്കാരിന് മുമ്പാകെ വെച്ച ശിപാർശകളിൽ ആദ്യത്തെത് 1961 മുതൽ ജാതി സെൻസസ് എടുക്കണമെന്നുള്ളതായിരുന്നു. എന്നാൽ, ഇതുവരെയായിട്ടും അങ്ങനെയൊന്ന് നടന്നിട്ടില്ല. എൺപതുകളിൽ മണ്ഡൽ കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ശേഷം ജാതി സെൻസസ് എന്നത് വീണ്ടും സജീവ ചർച്ചാവിഷയമായി. 1990ൽ ഇന്ത്യയിലെ രണ്ടാമത്തെ കോൺഗ്രസ്സ് ഇതര സർക്കാരായ വി.പി സിങ് സർക്കാർ, മറ്റ് പിന്നാക്ക വിഭാഗങ്ങൾ എന്ന പുതിയ വിഭാഗത്തെ ഉൾപ്പെടുത്തി മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കി. മൂന്ന് പതിറ്റാണ്ടിലേറെ കഴിഞ്ഞ് ദലിത്, ആദിവാസി സംവരണങ്ങൾക്കൊപ്പം ഇന്ന് ഒബിസി സംവരണവും ഭരണഘടനാപരമായി സാധുതയുള്ള ഒരു സംവരണ വിഭാഗമാണ്.
ജാതി സെൻസസിന്റെ പ്രാധാന്യം
1) സാമൂഹിക അസമത്വം പരിഹരിക്കുന്നതിന്:
ഇന്ത്യയുടെ പല ഭാഗങ്ങളിലും ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം ഇപ്പോഴും നിലനിൽക്കുന്നു. ജാതി സെൻസസ് പിന്നാക്കാവസ്ഥയിലുള്ള വിഭാഗങ്ങളെ തിരിച്ചറിയാനും നയരൂപീകരണത്തിൽ അവരെ മുൻപന്തിയിലേക്ക് കൊണ്ടുവരാനും സഹായിക്കും.
വ്യത്യസ്ത ജാതി ഗ്രൂപ്പുകളുടെ വിതരണം മനസ്സിലാക്കുന്നതിലൂടെ, സാമൂഹിക അസമത്വം പരിഹരിക്കുന്നതിനും അരികുവൽക്കരിക്കപ്പെട്ട സമൂഹങ്ങളെ ഉയർത്തുന്നതിനും ലക്ഷ്യമിട്ടുള്ള നയങ്ങൾ നടപ്പിലാക്കാൻ കഴിയും.
2) വിഭവങ്ങളുടെ തുല്യമായ വിതരണം ഉറപ്പാക്കാൻ:
ഒബിസികളുടെയും മറ്റ് വിഭാഗങ്ങളുടെയും ജനസംഖ്യയെക്കുറിച്ചുള്ള കൃത്യമായ ഡാറ്റ ഇല്ലാതെ, വിഭവങ്ങളുടെ തുല്യമായ വിതരണം ഉറപ്പാക്കാൻ പ്രയാസമാണ്.
വ്യത്യസ്ത ജാതിവിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളെയും ആവശ്യങ്ങളെയും കുറിച്ചുള്ള ഉൾക്കാഴ്ചകൾ നൽകുന്നതിലൂടെ ജാതി സെൻസസ് ഇക്കാര്യത്തിൽ സഹായിക്കും .
ഓരോ ഗ്രൂപ്പിന്റെയും പ്രത്യേക ആവശ്യകതകൾ നിറവേറ്റുന്ന നയങ്ങൾ രൂപീകരിക്കുന്നതിൽ നയരൂപകർത്താക്കളെ നയിക്കാനും അതുവഴി സമഗ്ര വികസനം പ്രോത്സാഹിപ്പിക്കാനും ഇതിന് കഴിയും.
3) സ്ഥിരീകരണ പ്രവർത്തന നയങ്ങളുടെ ഫലപ്രാപ്തി നിരീക്ഷിക്കുന്നതിന്:
ഒബിസികൾക്കും മറ്റ് ഗ്രൂപ്പുകൾക്കും സംവരണം പോലുള്ള സ്ഥിരീകരണ നയങ്ങൾ സാമൂഹിക നീതി പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നു. എന്നിരുന്നാലും, ജനസംഖ്യയെക്കുറിച്ചുള്ള ശരിയായ ഡാറ്റയില്ലാതെ, ഈ നയങ്ങളുടെ സ്വാധീനവും ഫലപ്രാപ്തിയും വിലയിരുത്തുന്നത് വെല്ലുവിളി നിറഞ്ഞതായി മാറുന്നു.

അത്തരം നയങ്ങളുടെ നടത്തിപ്പും ഫലങ്ങളും നിരീക്ഷിക്കാൻ ജാതി സെൻസസ് സഹായിക്കും, അതുവഴി നയരൂപകർത്താക്കൾക്ക് അവയുടെ തുടർച്ചയും പരിഷ്‌കരണവും സംബന്ധിച്ച് അറിവുള്ള തീരുമാനങ്ങൾ എടുക്കാൻ കഴിയും.
4) ഇന്ത്യൻ സമൂഹത്തിന്റെ സമഗ്രമായ ഒരു ചിത്രം നൽകുന്നതിന്:
ഇന്ത്യൻ സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണ് ജാതി, സാമൂഹിക ബന്ധങ്ങളെയും സാമ്പത്തിക അവസരങ്ങളെയും രാഷ്ട്രീയ ചലനാത്മകതയെയും അത് സ്വാധീനിക്കുന്നു.
ഇന്ത്യൻ സമൂഹത്തിന്റെ വൈവിധ്യത്തിന്റെ സമഗ്രമായ ചിത്രം നൽകാൻ ഒരു ജാതി സെൻസസിന് കഴിയും, അത് സാമൂഹിക ഘടനയിലേക്കും വ്യത്യസ്ത ജാതി വിഭാഗങ്ങൾ തമ്മിലുള്ള ഇടപെടലിലേക്കും വെളിച്ചം വീശുന്നു.
സാമൂഹിക ചലനാത്മകതയെക്കുറിച്ച് നന്നായി മനസ്സിലാക്കാൻ ഈ ഡാറ്റ സഹായിച്ചേക്കാം.
5) ഭരണഘടനാപരമായ ഉത്തരവ്
നമ്മുടെ ഭരണഘടനയും ജാതി സെൻസസ് നടത്തുന്നതിന് അനുകൂലമാണ്.സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ അവസ്ഥകൾ അന്വേഷിക്കുന്നതിനും സർക്കാറുകൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ശുപാർശകൾ നൽകുന്നതിനും ഒരു കമ്മീഷനെ നിയമിക്കണമെന്ന് ആർട്ടിക്കിൾ 340 അനുശാസിക്കുന്നു.
സംഘപരിവാരവും ജാതി സെൻസസും
പാർലമെന്ററി ജനാധിപത്യത്തിന്റ ചമയങ്ങൾ വലിച്ചെറിഞ്ഞ ഒരു ഭീകരഭരണക്രമാണ് ഫാസിസം എന്ന് സാമൂഹ്യ ശാസ്ത്രജ്ഞർ വിലയിരുത്തുന്നുണ്ട്. അണികൾ നിരാശരാകുമ്പോൾ മുഖ്യവിഷയങ്ങളിൽനിന്ന് ശ്രദ്ധ മറ്റൊന്നിലേക്ക് തിരിച്ചുവിടുകയെന്നത് ഈ പ്രസ്ഥാനങ്ങളുടെ ഒരു പതിവ് ശൈലിയാണ് എന്ന നിരീക്ഷണം അന്വർഥമാക്കുന്നതാണ് ജാതിസെൻസസിന് വേണ്ടിയുള്ള ബിജെപി സർക്കാറിന്റെ പ്രഖ്യാപനം.
പെഹൽഗാമിൽ ഭീകരർക്ക് വാതായനങ്ങൾ മലർക്കെ തുറന്നുകൊണ്ടുള്ള സുരക്ഷാ വീഴ്ചയും മതിയായ തോതിൽ സുരക്ഷാഭടൻമാരെ റിക്രൂട്ട് ചെയ്യാതെയുള്ള സർക്കാറിന്റെ നിസ്സംഗതയും രാജ്യത്ത് ചർച്ചയായ വേളയിൽ തന്നെ സമൂഹം ആവശ്യപ്പെട്ട സെൻസസിന് തങ്ങൾ തയ്യാറാണെന്ന് വിളിച്ച് പറയുമ്പോൾ ആർക്കാണതിൽ സംശയമില്ലാതിരിക്കുക. പെഹൽഗാം ഭീകരാക്രമണ സംബന്ധമായി വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ എല്ലാം കഴിഞ്ഞെന്ന് ഉറപ്പിച്ച് ഇറങ്ങാനിരിക്കുന്ന സമയത്ത് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് തന്റെ പാന്റിന്റെ പോക്കറ്റിൽനിന്ന് കടലാസ് തുണ്ടമെടുത്ത് പത്രക്കാരോട് വായിച്ച് കേൾപിച്ചതിൽ ഒരു തിരക്കഥയുണ്ടെന്ന് സംശയിച്ചാൽ കുറ്റം പറയാനാവില്ല. ഒരുപക്ഷേ, സർക്കാറിന്റെ ഭീകരമായ വീഴ്ചയെ ചൂണ്ടിക്കാട്ടിയുള്ള പത്രപ്രവർത്തകരുടെ ചോദ്യങ്ങൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന നിരീക്ഷണം അടവ് നയത്തിലേക്ക് സർക്കാറിനെ പ്രേരിപ്പിച്ചതാകാം. സംഘപരിവാര രാഷ്ട്രീയം എന്നും ജാതിസെൻസസിനെതിരായിരുന്നു. ഹിന്ദുമതത്തിലെ തൊഴിൽ അടിസ്ഥാനമാക്കിയുള്ള ജാതിവ്യവസ്ഥക്കും മേലാള-കീഴാള സങ്കൽപങ്ങൾക്കും ന്യായീകരണം കണ്ടെത്താറുള്ള മനുസ്മൃതിയുടെ കർത്താവായ മനുവിനോടുള്ള ആരാധന മറച്ചുവെക്കാതെ മനുവിന്റെ നിയമങ്ങൾ ലോകത്തിലുള്ള ഇന്ത്യയുടെ മഹത്തായ സംഭാവനയാണ് എന്ന് ഉദ്‌ഘോഷിക്കുന്ന എംഎസ് ഗോൾവാൾക്കറിന്റെ പ്രത്യയശാസ്ത്ര വാക്താക്കൾ ജാതി സെൻസസിനെ പിന്തുണക്കുമെന്നത് വിശ്വസിക്കാനാവാത്തതാണ്.
മഹാത്മാഗാന്ധി നിസ്സഹകരണ സമരം പ്രഖ്യാപിച്ചപ്പോൾ ദേശീയതയുടെ ആവേശം കെടുത്തുന്നതും ഹിന്ദുക്കൾക്കും മുസ്‌ലിംകൾക്കും ഇടയിലും ബ്രാഹ്‌മണർക്കും അബ്രാഹ്‌മണർക്കും ഇടയിലും സംഘർഷം വളർത്തുന്ന നടപടിയായാണ് ആർഎസ്എസിന്റെ സ്ഥാപക നേതാക്കൾ അതിനെ കണ്ടത്. ഈ പശ്ചാത്തലത്തിലാണ് 1925ൽ ഹെഡ്‌ഗേവാർ ഏതാനും ആഢ്യബ്രാഹ്‌മണരുമായി ചേർന്ന് ആർഎസ്എസ് എന്ന സംഘടന രൂപീകരിച്ചത്. കായിക പരിശീലനത്തിന് മുഖ്യമായും ഈ സംഘടന പ്രാധാന്യം നൽകാനുള്ള കാരണം കീഴ്ജാതിക്കാരെ ഇനിയും വിശ്വാസത്തിലെടുക്കാനാവില്ല എന്ന തിരിച്ചറിവായിരുന്നു.
ബ്രാഹ്‌മണർ, പരമ്പരാഗത വ്യാപാരി വർഗമായ ബനിയമാർ തുടങ്ങിയ സവർണ വിഭാഗങ്ങളുടെ പ്രശ്‌നങ്ങളിലാണ് ആർഎസ്എസ് കൂടുതൽ താല്പര്യം കാണിച്ചിരുന്നത്. ഈ വിഭാഗങ്ങൾ തന്നെയാണ് എല്ലാ കാലത്തും സംഘപരിവാറിന്റെ കരുത്തും. ഗുജറാത്തിൽ ജാതി ബന്ധങ്ങളിൽ അടുത്തകാലത്ത് ഉണ്ടായ മാറ്റം ശ്രദ്ധിച്ചാൽ തന്നെ സവർണരുടെ ക്ഷേമവും അധികാരവുമാണ് ഇവർ ലക്ഷ്യമാക്കുന്നത് എന്ന് മനസ്സിലാകും. പാരമ്പര്യമായി നാണ്യവിളകൾ കൃഷിചെയ്യുന്ന പട്ടിദാർ വിഭാഗത്തെ അവർണർക്കൊപ്പമാണ് ഇക്കാലമത്രയും പരിഗണിച്ചിരുന്നത്. ഇന്നിപ്പോൾ ആ സമുദായം ബ്രാഹ്‌മണർ, ബനിയമാർ തുടങ്ങിയ സവർണർക്ക് സമാനമായി ഉയർന്നിരിക്കുന്നു. അവർണ വിഭാഗങ്ങൾക്ക് പ്രത്യേക സംവരണം ഏർപ്പെടുത്താനുള്ള നീക്കമുണ്ടായപ്പോൾ 1980കളിൽ ഇവരുടെ ഐക്യം പ്രകടമായി. സംവരണ നീക്കത്തിനെതിരെ ബ്രാഹ്‌മണർക്കും ബനിയകൾക്കും ഒപ്പം പട്ടിദാർമാരും അണിനിരക്കുന്ന കാഴ്ചയാണ് അന്ന് കണ്ടത്. സവർണ വിഭാഗങ്ങൾ കീഴാള സമുദായങ്ങൾക്കെതിരെ വ്യാപകമായ ആക്രമണങ്ങൾ അഴിച്ചുവിട്ട കാലം കൂടിയായിരുന്നു അത്. അതിനാൽ സംഘപരിവാരങ്ങളുടെ ജാതിസെൻസസിന് പ്രത്യേക മാനങ്ങളുണ്ടെന്നർഥം.
സെൻസസിന്റെ രാഷ്ട്രീയം
1865ൽ ഇന്ത്യയുടെ വടക്ക്-പടിഞ്ഞാറൻ പ്രോവിൻസുകളിൽ ബ്രിട്ടീഷുകാർ നടത്തിയ കണക്കു ശേഖരമാണ് ആദ്യത്തെ സെൻസസ്. 1872 ആകുമ്പോഴേക്കും ബംഗാൾ പ്രൊവിൻസ് ഒഴികെ മറ്റെല്ലാ ഏരിയകളിലെയും സെൻസസ് അവർ പൂർത്തീകരിച്ചിരുന്നു. അതിനുശേഷം 1881ലെ സെൻസെസ് മുതൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നുവരെ ഓരോ പത്തുവർഷവും ബ്രിട്ടീഷുകാർ കൃത്യമായ ഇടവേളകളിൽ സെൻസസ് നടത്തിയിരുന്നു. അതിൽ 1941ലെ സെൻസസിൽ മാത്രമാണ് രണ്ടാം ലോകമഹായുദ്ധം കാരണം പൂർണമായ വിവരങ്ങൾ പുറത്തുവരാതെ പോയത്. തങ്ങളുടെ അധീനതയിലുള്ള കോളനികളെ കുറിച്ചും അവിടെയുള്ള ജനങ്ങളെക്കുറിച്ചും വിശദമായി അറിയാനുള്ള ത്വരയിൽനിന്നാണ് ബ്രിട്ടീഷുകാർ ഇന്ത്യ ഉൾപ്പെടെയുള്ള ആഫ്രോ-ഏഷ്യൻ രാജ്യങ്ങളിൽ സെൻസസ് നടപ്പിലാക്കിയത്. തുടക്കം മുതൽ തന്നെ വംശം, മതം, ജാതി തുടങ്ങിയ വിവരങ്ങൾ അവർ ബ്രിട്ടനിൽനിന്ന് വിഭിന്നമായി ഇവിടെ ശേഖരിക്കുകയുണ്ടായി. ഇത്തരം വിവരങ്ങൾ യൂറോപ്പ്യൻ സെൻസസിൽനിന്ന് ബോധപൂർവം ഒഴിവാക്കിയ സംഗതികളാണ്. എന്നാൽ സംസ്‌കാര ശൂന്യരായ ഒരു പ്രാചീന സമൂഹമാണ് ഇന്ത്യക്കാർ എന്ന യൂറോപ്യൻ കൊളോണിയൽ ബോധത്തിൽ അധിഷ്ഠിതമായ ബ്രിട്ടീഷുകാരുടെ കാഴ്ചപ്പാടാണ് ഇത്തരമൊരു വിവരശേഖരണം നടത്താൻ അവരെ പ്രേരിപ്പിച്ചത്. അന്നുമുതൽ ഈ കണക്കെടുപ്പിന് പിന്നിലെ ലക്ഷ്യങ്ങളെക്കുറിച്ച് ആളുകൾക്ക് സംശയമുണ്ടായിരുന്നു.
പുതിയ നികുതികൾ ഈടാക്കുക, പട്ടാളത്തിലേക്ക് റിക്രൂട്ട് ചെയ്യുക, ഫാക്ടറികളിലേക്ക് കൊണ്ടുപോവുക, ക്രിസ്ത്യാനിയായി മതം മാറ്റുക തുടങ്ങി വിവിധ സംശയങ്ങൾ നിലനിന്നിരുന്നതിനാൽ ആളുകൾ വിവരം നൽകാൻ മടിച്ചിരുന്നു. പ്രധാനമായും മൂന്ന് ലക്ഷ്യങ്ങളായിരുന്നു കൊളോണിയൽ സെൻസസിനുണ്ടായിരുന്നത്. ഒന്ന്, ഇന്ത്യയിലെ മത-ജാതി വിഭാഗങ്ങളെ തിരിച്ചറിയുകവഴി ആധിപത്യം ഊട്ടിയുറപ്പിക്കുക. രണ്ട്, സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ വിഭവങ്ങളെക്കുറിച്ച് കൃത്യമായ വിവരം ലഭ്യമാക്കുക. മൂന്ന്, എണ്ണത്തിൽ കുറവാണെങ്കിലും ക്രിസ്ത്യൻ സമുദായത്തിന് നല്ല വിസിബിലിറ്റി നൽകുക.
ഇതിനായി പ്രത്യേകം കോളം അനുവദിക്കുകയും സെൻസസ് റിപ്പോർട്ടുകളിൽ മറ്റു ന്യൂനപക്ഷങ്ങളെ കുറിച്ച് പറയുന്നതിലേറെ വിവരങ്ങൾ അവരെക്കുറിച്ച് ലഭ്യമാക്കുകയും ചെയ്തിരുന്നു. മതം, ജാതി, ഗോത്രം തുടങ്ങി നാനാജാതി സമുദായങ്ങൾ ഇന്ത്യയിൽ ഉണ്ടായിരുന്നുവെങ്കിലും അവയെല്ലാം അവ്യക്തമായ സമൂഹങ്ങളായിട്ടാണ് നിലനിന്നിരുന്നത്. സെൻസസിൽ കൂടിയാണ് ആദ്യമായി അവർ വ്യതിരിക്തവും പരസ്പര വിരുദ്ധമായ സമൂഹങ്ങളുമായി യഥാർഥത്തിൽ മാറിയത്. ബ്രിട്ടീഷുകാർ മതം തിരിച്ചുള്ള സെൻസസ് വിവരങ്ങൾ പുറത്തുവിട്ടതോടെ ഓരോ സമുദായവും അവരുടെ ഭൂമിശാസ്ത്ര വിന്യാസത്തെക്കുറിച്ചും ജനസംഖ്യാപരമായ വലിപ്പത്തെക്കുറിച്ചും പെട്ടെന്ന് ബോധവാന്മാരായി. അക്കങ്ങളെ ഒരു രാഷ്ട്രീയ ആയുധമാക്കി മാറ്റുകയായിരുന്നു ബ്രിട്ടീഷുകാർ ഇതിലൂടെ സമർത്ഥമായി ചെയ്തത്. അതുവഴി ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലുള്ള മതസ്പർദക്കും സെൻസസ് കാരണമായി. സമർഥമായി ഒരു ജനതയെ ഭിന്നിപ്പിക്കുകയും അതിലൂടെ അധികാരം നിലനിറുത്തുകയും ചെയ്തു. പല കാര്യങ്ങളിലും ബ്രിട്ടീഷ് അനുകൂല നിലപാട് സ്വീകരിച്ച സംഘപരിവാരങ്ങൾ പെട്ടെന്ന് ജാതി സെൻസസിലേക്ക് തിരിയാനുള്ള കാരണം സമുദായത്തെയോ സമൂഹത്തേയോ ലക്ഷ്യമാക്കിയതാകാം. പ്രതിപക്ഷ പാർട്ടികളും രാജ്യത്തെ മതേതര ചേരിയിലുള്ളവരും ഒരേ ശബ്ദത്തോടെ ആവശ്യപ്പെട്ട ജാതി സെൻസസ് അംഗീകരിക്കുക വഴി അക്രമ രാഷ്ട്രീയത്തിന് അവസരമൊരുക്കലാകുമെന്ന് നിരീക്ഷിക്കുന്നതും ശരിയല്ലെന്ന് പറയാൻ നിർവാഹമില്ല.
1941ൽ ജപ്പാൻ അമേരിക്കയുടെ പേൾ ഹാർബറിൽ നടത്തിയ മിന്നൽ ആക്രമണം രാജ്യത്ത് അധിനിവേശത്തിന്റെ ഭീതി പരത്തി. കാലിഫോർണിയയിലെ സൈനിക വൃത്തങ്ങൾ ഉടൻതന്നെ സെൻസസ് ഡിപ്പാർട്ട്‌മെന്റിനോട് അമേരിക്കയിലെ ജപ്പാൻ വംശജരുടെ വിവരങ്ങൾ ആവശ്യപ്പെടുകയാണ്. ജപ്പാൻ വംശജരുടെ കൃത്യമായ ജനസംഖ്യ സൈന്യം ശേഖരിച്ചു. തുടർന്ന് ഈ ജപ്പാൻ വംശജരെ കോൺസെൻട്രേഷൻ ക്യാമ്പിൽ അയക്കാൻ പ്രസിഡണ്ട് ഫ്രാങ്ക്‌ലിൻ റൂസ് വെൽറ്റ് 1942ൽ ഉത്തരവ് പുറപ്പെടുവിച്ചു. യുദ്ധകാല കോൺസെൻട്രേഷൻ ക്യാമ്പുകളിലാണ് അവർ അടക്കപ്പെട്ടത്.
ഇങ്ങനെ സെൻസസിന്റെ രാഷ്ട്രീയത്തിൽ പ്രതീക്ഷയും ആശങ്കയുമുണ്ടെന്ന് ചരിത്രം വിളിച്ചോതുന്നു.

