വ്യാജ മുടിയുടെ വളർച്ചയും സമസ്തയുടെ വിളർച്ചയും

മൂസ സ്വലാഹി കാര

2025 സെപ്തംബർ 13, 1447 റബീഉൽ അവ്വൽ 20

പൊടിയും മുടിയും ‘കവടി’യുമായി പുരോഹിതന്മാർ വീണ്ടും ചൂഷണത്തിനിറങ്ങിയിരിക്കുകയാണ്‌. നിർമിത ബുദ്ധിയുടെ കാലത്തും, നിസ്സാര കാര്യങ്ങളിൽ പോലും ബുദ്ധി പ്രയോഗിക്കാത്ത അനുയായികളാണ്‌ ആത്മീയത്തമ്പുരാക്കന്മാരുടെ ആത്മധൈര്യം.

അല്ലാഹുവിലും അവന്റെ ദൂതനിലുമുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാനും മറ്റെന്തിനെക്കാളും അവരോടുള്ള സ്‌നേഹം അനുസരണയിലൂടെ അധികരിപ്പിക്കാനും കൽപിക്കപ്പെട്ടവരാണ് വിശ്വാസികൾ. അല്ലാഹു പറയുന്നു: “നിങ്ങൾ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുക. നിങ്ങൾ അനുഗൃഹീതരായേക്കാം’’ (3:112).

നബിﷺക്ക് അല്ലാഹു നൽകിയ സവിശേഷതകളെ ഉൾക്കൊള്ളാനും ആ ജീവിതത്തെ മാതൃകയാക്കാനും സാധിക്കുന്ന ഏതൊരാളും അദ്ദേഹത്തെ നിന്ദിക്കാനോ അപകീർത്തിപ്പെടുത്താനോ ഒരിക്കലും മുതിരില്ല.

നബിﷺയുടെ ആസാറുകൾ(ശേഷിപ്പിക്കുകൾ)ക്ക് അല്ലാഹു നിശ്ചയിച്ച പുണ്യമുണ്ടെന്നതും അവ ആദരിക്കപ്പെടേണ്ടവ തന്നെയാണെന്നതും പ്രമാണങ്ങളിൽ സ്ഥിരപ്പെട്ടതാണ്. സ്വഹാബത്ത് അവകൊണ്ട് ബറകത്തെടുത്തിരുന്നു എന്നത് പ്രാമാണികമായി സ്ഥിരപ്പെട്ടതാണ്. ഹുദൈബിയ്യ സന്ധിയിലും ഹജ്ജത്തുൽ വദാഇന്റെ വേളയിലും മറ്റു പല സന്ദർഭങ്ങളിലും ഇതുണ്ടായിട്ടുണ്ട്. ഹിജ്‌റ പത്താം വർഷം ഹജ്ജ് കഴിഞ്ഞ് അവിടുന്ന് തന്റെ തല മുണ്ഡനം ചെയ്തപ്പോൾ വലതുഭാഗത്തെ മുടിയെടുത്ത് അബൂ ത്വൽഹത്തുൽ അൻസ്വാരി(റ)ക്ക് കൊടുത്ത് ബാക്കിയുള്ളവ (അതിന്റെ ബറകത്ത് ലഭിക്കാനായി) ‘ജനങ്ങൾക്കിടയിൽ നീ ഇത് വിതരണം ചെയ്യുക’ എന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യ ഉമ്മു സുലൈമി(റ)നെയും നബി(സ) ഏൽപിച്ചതായി കാണാം. (ബുഖാരി, മുസ്‌ലിം).

എന്നാൽ ഇന്ന് പ്രവാചകന്റെതെന്ന് തെളിയിക്കുന്ന ഇത്തരം ഒരു അവശേഷിപ്പും ലോകത്ത് ഇല്ല തന്നെ. അതുകൊണ്ട് പ്രവാചകന്റെതെന്നു പറഞ്ഞ് പൊടിയും മുടിയും മറ്റുമായി ആര് രംഗത്തു വന്നാലും അത് വിശ്വാസത്തിന്റെ മറവിൽ ചൂഷണം ചെയ്യാനുള്ള ശ്രമമാണെന്ന് മുസ്‌ലിം സമുദായം തിരിച്ചറിയണം.

പ്രവാചകന്റെതല്ലാത്ത മറ്റാരുടെ ആസാറുകൾക്കും ഇത്യാദി പ്രത്യേകതകൾ കൽപിക്കാൻ പാടില്ല. സ്വഹാബത്തോ താബിഉകളോ അവരെ പിൻപറ്റിയവരോ അത്തരമൊരു പാഠം പകർന്നുതന്നിട്ടില്ല. ഇഖ്‌വാനി ആശയങ്ങളോട് രമ്യപ്പെട്ട് പോകുന്നവരും ‘സലഫികൾ’ എന്ന് അറിയപ്പെടാൻ ആഗ്രഹിക്കുകയും എന്നാൽ സലഫി ആശയങ്ങളോട് വിമുഖത പുലർത്തുകയും ചെയ്യുന്നവരും മതവിരോധം വെച്ചുപുലർത്തുന്ന നാമമാത്ര മുസ്‌ലിംകളായ ചിലരും ഇത്തരം വിഷയങ്ങൾക്ക് എതിര് നിൽക്കുന്നവരാണ്.

ഇമാം ഇബ്‌നു റജബ്(റഹി) പറഞ്ഞു: “അതുപോലെ, തിരുശേഷിപ്പുകൾകൊണ്ട് അനുഗ്രഹം തേടുന്നത് സ്വഹാബികൾ പ്രവാചകനോട് മാത്രം ചെയ്തിരുന്ന ഒരു കാര്യമായിരുന്നു. അവർ പരസ്പരം അത് ചെയ്തില്ല. പിൻഗാമികൾ സ്വഹാബികളോട് -അവർക്ക് ഉന്നത പദവി ഉണ്ടായിരുന്നിട്ടും- അങ്ങനെ ചെയ്തില്ല. നബിﷺയോട് മാത്രമെ ഇത് ചെയ്യാൻ പാടുള്ളൂ എന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്; അദ്ദേഹം വുദൂഅ് എടുക്കുന്ന വെള്ളം, അതിൽ ബാക്കിയായത്, മുടി, പാനിയത്തിലും ഭക്ഷണത്തിലും മിച്ചം വന്നത് എന്നിവകൊണ്ട് അനുഗ്രഹം തേടൽ പോലെ. ചുരുക്കത്തിൽ, നൂതനാശയങ്ങളിലേക്ക് നയിക്കുന്ന അതിരുകടക്കലും ശിർക്കിലേക്ക് എത്തുമെന്ന ഭയവും കാരണം ഇതെല്ലാം മഹത്ത്വപ്പെടുത്തപ്പെടുന്നവനും മഹത്ത്വപ്പെടുത്തുന്നവനും ഇവ ഒരു പരീക്ഷണമാണ്. ഇതെല്ലാം വേദക്കാരെയും ബഹുദൈവാരാധകരെയും അനുകരിക്കുന്നതിൽ നിന്നാണ് ഉണ്ടാകുന്നത്. ഈ സമൂഹത്തിന് അത് നിഷിദ്ധമാക്കിയിരിക്കുന്നു’’ (അൽ ഹികമുൽ ജദീർ).

ജീവിതത്തിൽ യഥാർഥ ബറകത്ത് കൊതിക്കുന്നവൻ പ്രത്യക്ഷമായും പരോക്ഷമായും നബിﷺയെ പിൻപറ്റുകയും വിലക്കപ്പെട്ട കാര്യങ്ങളെ വെടിയുകയുമാണ് വേണ്ടത്. അല്ലാഹു പറയുന്നു: “നിങ്ങൾക്കു റസൂൽ നൽകിയതെന്തോ അത് നിങ്ങൾ സ്വീകരിക്കുക. എന്തൊന്നിൽനിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതിൽനിന്ന് നിങ്ങൾ ഒഴിഞ്ഞുനിൽക്കുകയും ചെയ്യുക...’’(ക്വുർആൻ 59:7).

ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ(റഹി) പറഞ്ഞു: “നബിﷺ തങ്ങളുടെ അടുക്കൽ വന്നപ്പോൾ, മദീനയിലെ ജനങ്ങൾ അദ്ദേഹത്തിൽ വിശ്വസിക്കുകയും അദ്ദേഹത്തെ അനുസരിക്കുകയും ചെയ്തതിനാൽ അവർക്ക് അനുഗ്രഹം ലഭിച്ചു. ഈ അനുഗ്രഹം നിമിത്തം അവർക്ക് ഇഹത്തിലും പരത്തിലും സന്തോഷം ലഭിച്ചു. തീർച്ചയായും, റസൂലിൽ വിശ്വസിക്കുകയും അദ്ദേഹത്തെ അനുസരിക്കുകയും ചെയ്ത ഓരോ വിശ്വാസിയും അല്ലാഹുവിനല്ലാതെ മറ്റാർക്കും അറിയാത്ത, ഇഹത്തിലും പരത്തിലും റസൂലിലൂടെയുള്ള നന്മ നേടി’’ (മജ്മൂഉൽ ഫതാവാ).

തബർറുകും പിഴച്ച വാദങ്ങളുടെ പിറവിയും

നേർമാർഗത്തിൽനിന്ന് വ്യതിചലിച്ച ശിയാക്കൾ അവരുടെ ഇമാമുമാരുടെയും സൂഫികൾ തങ്ങളുടെ മശാഇഖിന്റെയും കാര്യത്തിൽ അതിരുവിട്ടതിന്റെ ഫലമായി അവരിൽനിന്ന് ബറകത്തെടുക്കാനും മറ്റുമായി ജാറ, മക്വ‌്‌ബറ വ്യവസായത്തിന് നാന്ദി കുറിച്ചു. തിരുശേഷിപ്പുകൾ അവരുടെ കൈകളിലടക്കം പലയിടങ്ങളിലും ഉണ്ടെന്ന ജൽപനങ്ങൾ പുറപ്പെടുവിച്ച് ആത്മീയ തട്ടിപ്പിന് ആൾബലമുണ്ടാക്കി. വ്യാജ ഔലിയാക്കളുടെ മലീമസമായ വസ്തുക്കളെല്ലാം ഇറക്കുമതി ചെയ്ത് മതവാണിഭ മേഖല അവർ കെങ്കേമമാക്കി. ത്വരീക്വത്ത് വിശ്വാസങ്ങൾ കേരളത്തിലേക്ക് വഴിവെട്ടി വന്നതിലൂടെ ഇത്തരം അന്ധവിശ്വാസങ്ങളുടെ ‘നീരൊഴുക്ക്’ ഇവിടെയുമെത്തി. പല ജാറങ്ങളിലും വസ്ത്രം, വടി, ചെരുപ്പ്, തലപ്പാവ് എന്നിങ്ങനെ പലതും മതവിരുദ്ധ തബർറുക് വിതരണത്തിനായി തയ്യാറക്കപ്പെട്ടു. സമൂഹത്തിന്റെ വിശ്വാസം ചൂഷണം ചെയ്യാൻ പുരോഹിതന്മാർക്ക് ഇത് പാകമായൊരു വഴിയായി തോന്നിയപ്പോൾ അതിനെ പരിപാലിച്ച് വളർത്തുന്നതിൽ അവർ ഒട്ടും അമാന്തം കാണിച്ചതുമില്ല.

സമസ്തയുടെ മുസ്‌ലിയാക്കന്മാർ നബിﷺയുടെ ആസാറുകളിൽ പലതും തങ്ങൾക്ക് കിട്ടിയെന്നും അത് പ്രത്യേകമായി ചില കേന്ദ്രങ്ങളിൽ സൂക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും അവകാശപ്പെടുന്നവരാണ്. കണ്ണി മുറിയാത്തതും കളങ്കമറ്റതുമായ പരമ്പര ഇതിന്റെയെല്ലാം സ്വീകാര്യതക്ക് നിർബന്ധമായതിനാൽ വിശ്വാസത്തെ പോറൽ പറ്റാതെ സംരക്ഷിക്കുന്ന അഹ്‌ലുസ്സുന്നയുടെ അനുയായികൾ ആ അവകാശ വാദങ്ങളെ പ്രാമാണികമായി നേരിട്ടു.

സ്വഹാബത്തിൽനിന്ന് താബിഉകൾ വഴി അഹ്‌ലുസ്സുന്നയുടെ മഹത്തുക്കളായ ഇമാമുമാർക്ക് കിട്ടാത്ത ഒന്ന് ഇവർക്കെങ്ങനെയാണ് കിട്ടിയത്? ശിയാ, സൂഫി, ബറേൽവി പോലുള്ള പിഴച്ച കക്ഷികളുടെ നേതാക്കന്മാരിലൂടെ ഇവരെ തേടിയെത്തിയത് മതമാകുന്നതെങ്ങനെയാണ്?

വ്യാജ കേശം; വിവാദത്തിന്റെ നാൾവഴികൾ

കാന്തപുരം മുസ്‌ലിയാർ 2005ൽ വ്യക്തമായ സനദുള്ള, നബിﷺയുടെ മുടി തന്റെ കൈവശം (മർകസിൽ) ഉണ്ടെന്ന ജൽപനവുമായി സമൂഹത്തിലേക്കിറങ്ങിയത് അദ്ദേഹത്തിന്റെ വാക്കുകളിൽനിന്ന് വായിക്കാം:

“ശഅ്‌റെ മുബാറകിന്റെ സനദ് മർകസിലുണ്ട്. മഹാനായ സയ്യിദ് അലവി മാലിക്കി പണ്ട് ഞാൻ മക്കത്ത് ചെന്നപ്പോൾ എനിക്ക് ശഅ്ർ മുബാറക് കാണിച്ചു തന്നിരുന്നു. പിന്നീട് മഹാനവർകൾ കേരളത്തിൽ വന്നപ്പോൾ എനിക്കു ലഭിച്ച ശഅ്‌റ് മുബാറക്കിനെ കുറിച്ച് അദ്ദേഹത്തെ അറിയിച്ചു. മഹാനവർകൾ ഞാൻ മുതൽ അശ്‌റഫുൽ ഹൽഖ് തങ്ങﷺളുടെ ഹജ്ജത്തുൽ വിദാഅ് വരെയുള്ള സനദ് പരിശോധിച്ചുകൊണ്ട് അതൊന്ന് ചുംബനം ചെയ്യാനുള്ള സമ്മതം ചോദിച്ചു. ഞാൻ ആയിരം വട്ടം സമ്മതം കൊടുത്തു. പിന്നീടൊരിക്കൽ മർകസിലെത്തിയ മക്കയിലെ പ്രമുഖ പണ്ഡിതൻ സയ്യിദ് ഉമർ ജീലാനി എന്റെ അടുത്ത് ശഅ്ർ മുബാറക് ഉണ്ടെന്ന് കേട്ടിട്ടുണ്ടെന്നും അത് കാണിച്ചുതരാൻ ആവശ്യപ്പെട്ടു. അദ്ദേഹം അവിടെ ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നുമെത്തിയ പണ്ഡിതന്മാരെ വിളിച്ചു വരുത്തി ശഹ്ർ മുബാറക്കിന് ചുറ്റുമിരുന്നു. നേരം പുലരുംവരെ ഭക്തിപൂർവ്വം മദ്ഹുകൾ പറഞ്ഞു. അവർക്കെല്ലാം ആ സനദ് ഇഷ്ടപ്പെട്ടിട്ടുണ്ട്’’ (സെൻസിംഗ്, ജൂലൈ 2009/പേജ് 18).

മുംബൈയിലെ ഇഖ്ബാൽ ജാലിയാവാല മാലിന്യം നിറഞ്ഞ തെരുവിൽനിന്ന് പെറുക്കിയെടുത്ത വെറും ‘ജഡ’യായിരുന്നു ഇതെന്ന് പരസ്യവിചാരണയിലൂടെ തെളിയിക്കപ്പെട്ടു. എങ്കിലും, മതത്തെ വ്യവസായമായി മാത്രം കാണുന്ന കാന്തപുരം ‘വ്യാജ തിരുകേശ’ത്തിൽ പിടിച്ച് കയറി തന്റെ വ്യവസായ സാമ്രാജ്യം വലുതാക്കാനുള്ള അതിയായ കൊതിയിലായിരുന്നു. എന്നാൽ ആർക്ക് മുമ്പിലും പരമ്പര വായിക്കാനുള്ള തന്റേടം അയാളടങ്ങുന്ന മുശാവറക്കുണ്ടായില്ല! സലഫികളുടെ ഇടമുറിയാത്ത ഇടപെടൽ അയാളെ നന്നായി അലട്ടുന്നുണ്ടായിരുന്നെങ്കിലും തട്ടിപ്പിന് തടികൂട്ടാൻ അബൂദാബിയിലെ ഖസ്‌റജിയിൽ നിന്നും മറ്റൊരു മുടിക്കെട്ടു കൂടി അയാൾ കൈക്കലാക്കി. 2011 ജനുവരിയിൽ മർക്കസിന്റെ 33-ാം വാർഷിക സമ്മേളനത്തിൽവെച്ച് ‘സനദുള്ള’ പുതിയ മുടിയുടെ കൈമാറ്റച്ചടങ്ങ് സംഘടിപ്പിക്കപ്പെട്ടു. പേരോട് മുസ്‌ലിയാർ സനദ് വായിച്ചെങ്കിലും തക്ബീർ ധ്വനിയുടെ ആരവത്തിൽ അത് ലയിച്ചു. നോക്കുമ്പോൾ അത് ഖസ്‌റജിയുടെ സ്വന്തം ‘നസബ’(കുടുംബ പരമ്പര)യായിരുന്നു! തെളിയിക്കേണ്ടത് അയാളുടെ കുടുംബ പരമ്പരയല്ലായിരുന്നു. എന്നിട്ടും അതുതന്നെ ആവർത്തിച്ച് വായിച്ച് ജനങ്ങളെ കബളിപ്പിച്ചു.

ഒടുവിൽ കള്ളി വെളിച്ചത്താക്കി എല്ലാ മുടികളും കിട്ടിയത് ഒരേ കുഴിയിൽ നിന്നാണെന്ന മറ്റൊരു വാർത്തയും പുറത്ത് വന്നു:

“2005ൽ കാന്തപുരത്തിനും 2007ൽ അഹ്‌മദ് ഖസ്‌റജിക്കും മുംബൈയിലെ ഇഖ്ബാൽ ജാലിയാവാലയിൽനിന്നാണ് പ്രവാചകന്റെതെന്ന് അവകാശപ്പെടുന്ന മുടി ലഭിച്ചത്. 2007ൽ മുടി ആവശ്യപ്പെട്ട് ഖസ്‌റജി ഇഖ്ബാൽ ജാലിയവാലക്ക് നൽകിയ അപേക്ഷയും തന്റെ കൈവശമുള്ള മുടിക്ക് സനദ് ആവശ്യപ്പെട്ട് കാന്തപുരം ഇഖ്ബാൽ ജാലിയാവാലക്ക് നൽകിയ കത്തും നേരിൽ കണ്ടതായി നേതാക്കൾ അറിയിച്ചു. കാന്തപുരത്തിന് മുടി ലഭിച്ച് രണ്ട് വർഷത്തിനു ശേഷം 20. 02. 2007 നാണ് അഹ്‌മദ് ഖസ്‌റജി മുടി ആവശ്യപ്പെട്ട് അപേക്ഷ നൽകിയത്’’ (ചന്ദ്രിക/2011 ജൂലൈ 2/ശനി).

കിട്ടിയ മുടി നിഴലില്ലാത്തതും കത്താത്തതും വളരുന്നതുമാണെന്ന പ്രചാരണങ്ങളുമുണ്ടായി. തക്കം നോക്കി തരികിട കാണിക്കുന്ന മറുചേരി സമസ്തയും വിചാരണക്ക് മുന്നിൽ നിൽക്കുന്ന നിരന്തര കാഴ്ചയും കാണേണ്ടി വന്നു.

‘കേശം വ്യാജം തന്നെ: കാന്തപുരം മുബാഹലക്ക് തയ്യാറുണ്ടോ?,’ ‘തിരുകേശം: ഖസ്‌റജിയുമായി ചർച്ചക്ക് തയ്യാറെന്ന് സമസ്ത,’ ‘പ്രവാചക കേശം: ചൂഷണത്തിൽനിന്ന് പിന്തിരിയണം,’ ‘ആത്മീയ വാണിഭം അനിസ്‌ലാമികം’ തുടങ്ങിയ തലക്കെട്ടുകളിൽ ഇ. കെ വിഭാഗം സമസ്തയുടെ കേന്ദ്രത്തിൽനിന്ന് വാർത്തകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. പക്ഷേ, അവരുടെ വേദികളിൽ വെല്ലൂരിൽനിന്ന് കിട്ടിയ ‘സനദുള്ള മുടി’ മുക്കിയ വെള്ളം 25000ത്തിന് വിറ്റിരുന്നത് ചൂണ്ടിക്കാട്ടി കാന്തപുരം അവരെ അടക്കി നിറുത്താൻ നോക്കി.

“വെല്ലൂരിലെ കേശത്തിനും തെളിവില്ല. വിമർശനമുന്നയിക്കുന്നവരുടെ നിയന്ത്രണത്തിലുള്ള വെല്ലൂരിലെ പള്ളിയിൽ സൂക്ഷിച്ച പ്രവാചക കേശത്തിന് ആധികാരിക രേഖയില്ല. എങ്കിലും ഞങ്ങൾ അത് വിശ്വസിക്കുന്നു. പക്ഷേ, അതിനു തെളിവുതരാൻ അവർക്ക് സാധിച്ചിട്ടില്ല’’ (മാധ്യമം/2011 മെയ് 13, വെള്ളി).

വിവാദങ്ങൾക്ക് നടുവിൽ നട്ടംതിരിയുന്ന കാന്തപുരം മുസ്‌ലിയാർ ജനശ്രദ്ധ തിരിക്കാൻ മുടി സൂക്ഷിപ്പിന്നായി നാൽപത് കോടിയുടെ ‘മുടിപ്പള്ളി’ നിർമിക്കുന്നതായി പ്രഖ്യാപിച്ചു. 2012 ജനുവരി 30, തിങ്കളാഴ്ച കോഴിക്കോട് സ്വപ്ന നഗരിയിൽ ശിലാസ്ഥാപനം നടത്തിയെന്ന് പറയുന്നുണ്ടെങ്കിലും ഇതുവരെയും അത് പൊന്തിയിട്ടില്ല. കാന്തപുരം തന്നെ പറഞ്ഞത് നോക്കൂ:

“കോഴിക്കോട്ട് 40 കോടി രൂപ ചെലവിൽ പള്ളി നിർമിക്കുന്നത് തിരുകേശം സൂക്ഷിക്കാനും അത് കാണാൻ വരുന്നവർക്ക് നമസ്‌കരിക്കാനും വേണ്ടിയാണ്. 25000 പേർക്ക് നമസ്‌കരിക്കാനുള്ള പള്ളിയാണ് ഉദ്ദേശിക്കുന്നത്’’ (മാധ്യമം/2011 മെയ് 13, വെള്ളി)

ഈ തരികിട വേലയുമായി 2018ൽ കാന്തപുരം പിന്നെയും വന്നു: “പ്രവാചകൻ മുഹമ്മദ് നബി(സ)യുടേതെന്ന് അവകാശപ്പെട്ട് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പുതിയ കേശവുമായി രംഗത്ത്. കഴിഞ്ഞ ദിവസം മലപ്പുറം കുണ്ടൂരിൽ നടന്ന പരിപാടിയിലാണ് ഇതുസംബന്ധിച്ച് വെളിപ്പെടുതൽ നടത്തിയത്. മദീനയിൽനിന്നാണ് തനിക്കു കേശം ലഭിച്ചതെന്ന് പറഞ്ഞ അദ്ദേഹം അതിന്റെ ആധികാരികത വ്യക്തമാക്കാൻ തയാറായിട്ടില്ല’’ (സുപ്രഭാതം/2018 നവംബർ 13, ചൊവ്വ).

സനദ് ചോദ്യവും പുകിലുകളും

ഏത് കാര്യമാണെങ്കിലും, അത് മതകാര്യമാകണമെങ്കിൽ പ്രാമാണികമാകണമെന്നത് നിർബന്ധമാണ്. അല്ലാഹുവിന്റെ ദീനിന് അവനൊരുക്കിയ ആ സുരക്ഷിതത്വത്തെ തട്ടിമാറ്റി ആരുടെയെങ്കിലും വാക്കുകളെ തെളിവാക്കുന്നത് അന്ധത അഭിനയിക്കലാണ്. കള്ള മുടിക്ക് സനദുണ്ടെങ്കിൽ അതൊന്ന് ഹാജറാക്കാൻ ആവശ്യപ്പെട്ടുള്ള നിലയ്ക്കാത്ത ചോദ്യശരങ്ങൾക്ക് മുമ്പിൽ സമസ്ത വരണ്ടുണങ്ങുമെന്നായപ്പോൾ ന്യായീകരണങ്ങൾ വന്നു തുടങ്ങി.

“പ്രവാചക തിരുശേഷിപ്പുകൾ അംഗീകരിക്കാനും ഇതിൽനിന്ന് ബറകത്ത് എടുക്കാനും സനദ് ബോധ്യപ്പെടണമെന്ന് ധാർഷ്ട്യം പ്രകടിപ്പിക്കുന്നവർ ഇസ്‌ലാമിൽ നവീന ചിന്താഗതികൾക്ക് തുടക്കം കുറിച്ച ഇബ്‌നുതീമിയയുടെ പിൻമുറക്കാരാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി കാന്തപുരം എ.പി മുഹമ്മദ് മുസ്‌ലിയാർ പറഞ്ഞു’’ (സിറാജ്/2011 ജൂൺ 19, ഞായർ).

“ഇസ്‌ലാമിലെ വിധിവിലക്കുകൾ, ദീനിന്റെ പ്രമാണമായ അറിവുകൾ എന്നിവ മാത്രമാണ് സനദ് മുഖേന സ്ഥിരപ്പെടേണ്ടത്. തിരുശേഷിപ്പുകൾ ആദരണീയമാകാൻ സനദ് ആവശ്യമെന്ന് പറയുന്നത് ഇസ്‌ലാമിന്റെ രേഖകൾക്ക് വിരുദ്ധമാണ്’’ (സിറാജ്/2011 ജൂൺ 3, വെള്ളി).

മുടി വ്യാപാരത്തിനേറ്റ ക്ഷതം ഭേദമാക്കാൻ എന്തും പറയാവുന്ന ദാരുണാവസ്ഥയിലേക്ക് സമസ്തക്കാർ എത്തിച്ചേർന്നു:

“നബി(സ)യിൽനിന്ന് സ്വഹീഹായ സനദ് വഴി ലഭിച്ച, സനദ് വഴി എനിക്കു ലഭിച്ച ശഅ്‌റ് മുബാറക്കിൽനിന്നു റസൂലുല്ലാഹി(സ)യുടെ അനുമതിയോടെ അല്ലാഹുവിനെ സാക്ഷിനിറുത്തി ഞാൻ ശൈഖ് അബൂബക്‌റിനു കൈമാറുന്നു എന്നു വാക്കാലും രേഖാമൂലവും സാക്ഷ്യപ്പെടുത്തിക്കൊണ്ടാണു ഡോ. അഹ്‌മദ് ഖസ്‌റജി ‘തിരുകേശം’ മർകസിനു കൈമാറുന്നത്.

ഈജിപ്ഷ്യൻ ഗ്രാന്റ് മുഫ്തി ഉൾപ്പെടെ ആഗോളതലത്തിലും ദേശീയ തലത്തിലുമുള്ള ആയിരക്കണക്കിനു പണ്ഡിതന്മാരെയും ജനലക്ഷങ്ങളെയും സാക്ഷി നിറുത്തിയാണ് ഈ കൈമാറ്റം നടന്നത്. മർക്കസിനും സുന്നികൾക്കും ഈ സത്യസാക്ഷ്യം ധാരാളമാണ്. ഇതിനപ്പുറം ഒരു രേഖയും ആവശ്യമില്ല. അഹ്‌ലുസ്സുന്നയുടെ ആശയമനുസരിച്ച് ഈ നിലപാട് നൂറുശതമാനം ശരിയാണ്. തെറ്റാണെന്നു പ്രമാണങ്ങൾ നിരത്തിപ്പറയാൻ ആണത്തമുള്ളവരെ വെല്ലുവിളിക്കാം’’ (ശഅ്‌റെ മുബാറക് വിമർശനങ്ങൾക്ക് മറുപടി/ഒ.എം തരുവണ/പേജ് 12).

സനദ് കൈവശമുണ്ടെന്നു നിരന്തരം വിളിച്ചു പറഞ്ഞവർക്ക് അതങ്ങ് പുറത്തുവിട്ട് വിശ്വാസ്യത തെളിയിച്ചാൽ പോരേ? സനദിന്റെയൊന്നും ആവശ്യമില്ല എന്നു പിന്നീട് പറയുന്നതിന്റെ അർഥം തങ്ങളുടെ അവകാശവാദം പൊള്ളയായിരുന്നു എന്നല്ലേ?

മതത്തോട് മുസ്‌ലിയാക്കന്മാർക്കുള്ള സമീപനത്തിന്റെ കോലമാണിത്. പുണ്യമെടുക്കൽ വിശ്വാസ വിഷയമായതിനാൽ അതിന്റെ വിധി പറയാൻ സ്വഹീഹായ പരമ്പരയിലൂടെ തന്നെ ഹദീസുകൾ കിട്ടണമെന്ന സാമാന്യ അറിവ് പോലുമില്ലാത്ത ഇത്തരം

നേതാക്കൾ പറയുന്നതെല്ലാം വിശ്വസിച്ച് ജീവിക്കുന്നവർ ഒന്ന് പുനരാലോചന നടത്തുന്നത് നല്ലതാണ്. പരലോകത്ത് രക്ഷപ്പെടുത്താൻ ഇവരൊന്നും ഉണ്ടാകില്ല. ഇസ്‌ലാമിന്റെ നിലപാട് ആർക്കും ഉൾക്കൊള്ളാവുന്നതും എന്നും പ്രസക്തവുമാണ്.

അബ്ദുല്ലാഹ് ഇബ്‌നുൽ മുബാറക്(റഹി) പറഞ്ഞു: “പരമ്പര മതത്തിൽപ്പെട്ടതാണ്. സനദില്ലെങ്കിൽ തോന്നിയവൻ തോന്നിയത് പറയും’’(മുസ്‌ലിം).

ഇമാം നവവി(റഹി) പറഞ്ഞു: “ഹദീസ് ശരിയായ പരമ്പരയിലൂടെ വന്നാൽ അത് നാം സ്വീകരിക്കും. ഇല്ലെങ്കിൽ അത് ഒഴിവാക്കും. കാലുകളില്ലാതെ ജീവികൾക്ക് നിൽക്കാൻ കഴിയാത്ത പോലെ സനദില്ലാതെ ഹദീസ് നിലനിൽക്കുകയില്ല’’ (ശർഹു മുസ്‌ലിം).

വ്യാജ മുടിയുടെ വളർച്ചയും കാന്തപുരത്തിന്റെ പുതിയ ‘മിശ്രിത വെള്ളവും’

റബീഉൽ അവ്വൽ പ്രമാണിച്ച് എ.പി വിഭാഗത്തിന്റെ വ്യവസായ ശാലയായ ‘നോളജ് സിറ്റി’യിൽ കള്ള മുടി സന്ദർശനത്തിന് സൗകര്യമൊരുക്കി, മുടിയും പൊടിയുമെല്ലാം കലർത്തിയ വെള്ളം വിതരണം നടത്താൻ ഗ്രാൻഡ് മീലാദ് സംഘടിപ്പിക്കാറുണ്ട്. അതിനെപ്പറ്റി അവർ എഴുതിയത് വായിക്കാം:

“മൗലിദ് സംഗമത്തിൽ പങ്കെടുക്കാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വിശ്വാസികൾ മർകസ് നോളജ് സിറ്റിയിൽ എത്തിത്തുടങ്ങി. പ്രത്യേകം തയ്യാറാക്കിയ റൗളത്തുൽ മുസ്തഫയിലാണ് വിശ്വാസികൾക്ക് തിരുശേഷിപ്പുകൾ കാണാൻ സൗകര്യം ഒരുക്കിയിരിക്കുന്നത്’’ (സിറാജ്/2024 സെപ്തംബർ 8, ഞായർ/പേജ് 2).

സാക്ഷാൽ പൗരോഹിത്യമെന്തെന്നും മതത്തിന്റെ മറവിലുള്ള ആത്മീയ തട്ടിപ്പിന്റെ തനിച്ച രൂപമെന്തെന്നും കാണിച്ച് തരുന്ന, കാന്തപുരത്തിന്റെ പുതിയ വെളിപ്പെടുത്തലൊന്ന് വായിക്കാം:

“പ്രവാചക കേശം കൊണ്ടുവെച്ചതിനെക്കാൾ അര സെന്റിമീറ്ററോളം വലുതായെന്ന അവകാശ വാദവുമായി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ.

കൈതപ്പൊയിൽ മർകസ് നോളജ് സിറ്റിയിൽ നടന്ന പ്രവാചക പ്രകീർത്തന സദസ്സിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രവാചക കേശവും പ്രവാചകന്റെ ഉമിനീര് പുരട്ടിയ, മദീനയിൽ നിന്നുള്ള വെള്ളവും റൗളാ ഷരീഫിൽ നിന്ന് വടിച്ചെടുക്കുന്ന പൊടികൾ, പ്രവാചകൻ കൈവിരലുകൾ ഭൂമിയിൽ കുത്തിയപ്പോൾ പൊങ്ങിവന്ന വെള്ളവും ഉൾപ്പെടെ എല്ലാം ചേർത്ത വെള്ളമാണ് ഇവിടെനിന്ന് തരുന്നത്. അത് നിങ്ങൾ കൊണ്ടുപോയി നഷ്ടപ്പെടുത്തരുത്. ബഹുമാനത്തോടെ മാത്രമെ ആ വെള്ളത്തെ കാണാവൂ. വൃത്തിയില്ലാത്ത സ്ഥലത്ത് കൊണ്ടുവെക്കരുതെന്നും കാന്തപുരം പറഞ്ഞു’’ (മാധ്യമം/2025 ആഗസ്റ്റ് 27, ബുധൻ/പേജ് 7).

ഭ്രാന്തായാൽ ചങ്ങലക്കിടാം, ചങ്ങലക്കു തന്നെ ഭ്രാന്തായാലോ? ഇയാളുടെ കൈവശമുള്ള ഒന്നിലധികം മുടികളിൽ ഏതായിരിക്കും വളർന്നിട്ടുണ്ടാവുക? എല്ലാ മുടികളും വളർന്നിട്ടുണ്ടോ? ഇല്ലെങ്കിൽ ഒന്നു മാത്രം വളർന്നത് എന്തുകൊണ്ട്? വളരാത്തത് വ്യാജമാണോ? എന്ന് മുതൽ വളരാൻ തുടങ്ങിയിട്ടാണ് അര സെന്റി മീറ്ററിൽ എത്തിയത്? ഏത് പരമ്പര വഴിയാണ് ഉമിനീര് കിട്ടിയത്? റൗളയിലെ പൊടി വടിച്ചെടുത്ത് ശേഖരിക്കപ്പെട്ടിട്ടുള്ളത് എവിടെയാണ്? ആരുമായി ബന്ധപ്പെട്ടാലാണ് അത് കിട്ടുക? ആർക്കാണ് അത് കിട്ടുക?

വ്യാജന്മാർ വിശുദ്ധി ചമഞ്ഞ് വിലസുമ്പോൾ!

കൊണ്ടു നടക്കാൻ മതിയായൊരു മുടി കിട്ടാത്തത് കൊണ്ടോ അതല്ല കുശുമ്പിന്റെ ഗാഢത മൂലമോ എന്തോ ചേളാരി സമസ്ത കാന്തപുരത്തിനെതിരെ രംഗത്തു വന്നിരിക്കുന്നു!

“തിരുകേശം കൈവശമുണ്ടെന്ന അദ്ദേഹത്തിന്റെ അവകാശവാദം ഉയർന്നപ്പോൾതന്നെ അത് വ്യാജമാണെന്ന് തെളിഞ്ഞതാണ്. പ്രവാചക കേശം പവിത്രമാണെന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ, അത് ആരുടെയെങ്കിലും കൈവശമുണ്ടെങ്കിൽ അത് ലഭിച്ച സനദ് (കൈമാറ്റ പരമ്പര)അയാളുടെ കൈവശമുണ്ടാകണം. അങ്ങനെയൊരു പരമ്പര വെളിപ്പെടുത്താൻ കാന്തപുരത്തിന് കഴിയാതിരുന്നതിൽ നിന്ന് തന്നെ അദ്ദേഹം വ്യാജം പ്രചരിപ്പിക്കുകയാണെന്ന് വ്യക്തമായതാണ്. വിശ്വാസികളെ യഥാർത്ഥ വിശ്വാസത്തിൽനിന്ന് വഴിതെറ്റിക്കുന്നത് വെച്ചുപൊറുപ്പിക്കാനാകില്ല. ബഹാഉദ്ദീൻ നദ്‌വി വ്യക്തമാക്കി’’ (മാധ്യമം/2025 ആഗസ്റ്റ് 29 വെള്ളി/പേജ് 4).

വാസ്തവത്തിൽ രണ്ടുകൂട്ടരും ഒരേ തൂവൽ പക്ഷികളാണ്. ശിയാപാതയിലൂടെയാണ് അവരുടെ സഞ്ചാരം. വെല്ലൂരിലെ മുടിയുടെ പരമ്പര കാണിക്കാത്തിടത്തോളവും നിരവധി ജാറങ്ങളിലെ അന്ധ വിശ്വാസങ്ങൾ നിർത്താതെയും കാന്തപുരത്തെ ഇ.കെ വിഭാഗം വിചാരണക്കൂട്ടിൽ നിർത്തുന്നത് ഇരട്ടത്താപ്പ് മാത്രമാണ്.

ക്വുർആനിന്റെ താക്കീതിനെ ഇവർ ഓർക്കട്ടെ. അല്ലാഹു പറയുന്നു: “എന്നാൽ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച് കളഞ്ഞവരാകട്ടെ, അവരറിയാത്ത വിധത്തിൽ അവരെ നാം പടിപടിയായി പിടികൂടുന്നതാണ്. അവർക്കു ഞാൻ ഇടകൊടുക്കുകയും ചെയ്യും. തീർച്ചയായും എന്റെ തന്ത്രം സുശക്തമാണ്’’ (7:182,183).