എക്‌സ് മുസ്‌ലിം ഭീകരാക്രമണം മുസ്‌ലിം വിരുദ്ധത ജീവനെടുക്കുമ്പോൾ!

ഡോ. അബ്ദുല്ലാ ബാസിൽ സിപി

2025 ജനുവരി 11, 1446 റജബ് 11

വെറുപ്പുൽപാദനത്തിന്റെ അനന്തരഫലം എത്ര ഭയാനകമാണെന്നതിന്റെ ചോരയുണങ്ങാത്ത ഉദാഹരണമാണ് മഗ്ഡിബർഗ് ക്രിസ്മസ് മാർക്കറ്റ് ആക്രമണം. എക്‌സ് മുസ്‌ലിംകളും വലത് തീവ്രവാദികളും നവനാസ്തികരുമെല്ലാം വരച്ചിടുന്ന മുസ്‌ലിം വിരുദ്ധത മഹാമാരിയായി മാറുന്നതിന് മുമ്പ് നിയ ന്തിച്ചില്ലെങ്കിൽ നമ്മുടെ രാജ്യവും അരാജകത്വത്തിൽ ചെന്നുചാടുമെന്നതിൽ സംശയമില്ല.

ഈ കഴിഞ്ഞ ഡിസംബർ 20നാണ് ജർമനിയെയും ലോകത്തെ മൊത്തത്തിലും ഞെട്ടിച്ച മഗ്ഡിബർഗ് ക്രിസ്മസ് മാർക്കറ്റ് ആക്രമണം നടന്നത്. അഞ്ചു പേർ കൊല്ലപ്പെടുകയും ഇരുന്നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഈ ഭീകരാക്രമണത്തെ പറ്റിയുള്ള അന്വേഷണങ്ങൾ ഞെട്ടിക്കുന്ന ചില തിരിച്ചറിവുകളിലേക്കാണ് നമ്മെ നയിക്കുന്നത്. നമ്മുടെ നാട്ടിലടക്കം വെറുപ്പിനെയും വിദ്വേഷത്തെയും നിയന്ത്രിക്കാൻ അധികാരികൾ തയാറായായില്ലെങ്കിലെന്ത് എന്നതിന്റെ ഉത്തരമാണ് ജർമൻ ഭീകരാക്രമണം.

ഡോ. ത്വാലിബ് അബ്ദുൽ മുഹ്‌സിൻ എന്ന അമ്പത് വയസ്സുകാരനായ മുൻ സൗദി പൗരനാണ് ആക്രമണത്തിന് പിന്നിൽ. വാടകയ്ക്ക് എടുത്ത ബി.എം.ഡബ്ല്യു കാർ നൂറുകണക്കിന് ആളുകളുടെ ഇടയിലേക്ക് ഓടിച്ചു കയറ്റിയായിരുന്നു ഇയാൾ ഈ ക്രൂരത ചെയ്തത്. ഇയാൾ ആരാണ്, എന്തിനിത് ചെയ്തു എന്നന്വേഷിക്കാൻ സാവകാശം കാണിക്കാതെ മുസ്‌ലിം പേരും സൗദി വേരും കണ്ടപ്പോൾ നേരെ ഇസ്‌ലാമിന് നേരെ കുരച്ചുചാടിയവരിൽ ആഗോള ജീനിയസ്

ഇലോൺ മസ്‌ക്ക് മുതൽ നമ്മുടെ നാട്ടിലെ നവ നാസ്തികരും കാസാ ഭീകരവാദികളും വരെയുണ്ട്. പക്ഷേ, ഈ ഭീകരവാദിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നപ്പോഴാണ് ചിത്രം മാറിയത്.

ഈ ഭീകരൻ ഇസ്‌ലാം മത വിശ്വാസിയല്ലെന്ന് മാത്രമല്ല, അതിശക്തമായി ഇസ്‌ലാമിനെ വിമർശിക്കുന്ന, മുസ്‌ലിംകൾക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കാൻ സജീവമായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ഒരു എക്‌സ് മുസ്‌ലിം നാസ്തികനാണ്! എക്‌സ് മുസ്‌ലിമായി ഇസ്‌ലാമിനെ വിമർശിക്കുക മാത്രമല്ല, ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇസ്‌ലാം ഉപേക്ഷിക്കുന്ന ചെറുപ്പക്കാരെ യൂറോപ്യൻ രാജ്യങ്ങളിലേക്ക് ‘രക്ഷപ്പെടാൻ’ സഹായിക്കാനായി ഒരു വെബ്‌സൈറ്റ് തന്നെ നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം. ഇങ്ങനെയുള്ള ‘മഹത്തായ’ സേവനങ്ങൾ ഇയാൾ ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് ബി.ബി.സിയിൽ അടക്കം ഇയാൾ ഫീച്ചർ ചെയ്യപ്പെട്ടിട്ടുമുണ്ട്!

ഇങ്ങനെയുള്ള ഇയാൾ എങ്ങനെയാണ് ഇത്തരമൊരു ഭീകരാക്രമണത്തിലേക്ക് എത്തുന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരവും ഇയാളുടെ എക്‌സ് പ്രൊഫൈൽ പരിശോധിച്ചാൽ ലഭിക്കും. സൗദിയിൽ നിന്നും മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നും എക്‌സ് മുസ്‌ലിംകളെ യൂറോപ്പിലേക്ക് കടത്തുന്ന ഇയാളുടെ പ്രധാന വിരോധം സൗദിയോടാണ്. സൗദി തന്നെയും മതം ഉപേക്ഷിച്ചവരെയും വേട്ടയാടുന്നു എന്നും, ജർമനി അതിനു കൂട്ടുനിൽക്കുന്നു എന്നുമാണ് ഇയാളുടെ പക്ഷം. അതിനപ്പുറത്തേക്ക് അഭയാർഥികളെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടും മറ്റുമുള്ള ജർമനിയുടെ നയങ്ങൾ കൂടിയായപ്പോൾ ‘ജർമനി യൂറോപ്പിനെ ഇസ്‌ലാമാക്കാൻ പരിശ്രമിക്കുന്നു’ എന്നതിലേക്ക് എത്തി ഇയാളുടെ പരാതികൾ. കുടിയേറ്റ വിരുദ്ധവും മുസ്‌ലിം വിരുദ്ധവുമായ ഭ്രാന്ത് കയറി പിന്നീടിയാൾ അവിടെയുള്ള എഎഫ്ഡി എന്ന വലതുപക്ഷ തീവ്രസംഘടനയുടെ അനുഭാവിയായി മാറുന്നുണ്ട്.

ഇങ്ങനെ മുസ്‌ലിംകളോടും സൗദിയോടുമുള്ള വിയോജിപ്പ് പതിയെ ‘ഇസ്‌ലാം പ്രചരിപ്പിക്കാൻ സഹായിക്കുന്ന’ ജർമൻ അധികാരികളോടും ജർമൻ ജനതയോടും കൂടിയായി വളരുകയായിരുന്നു. ഇക്കാര്യങ്ങൾ വിശദീകരിച്ച് ഇയാൾ എഴുതിയ ദീർഘമായ ട്വീറ്റിൽ ഇങ്ങനെ വായിക്കാം: “ജർമനിയുടെ ലക്ഷ്യം വളരെ വ്യക്തമാണ്, അത് യൂറോപ്പിൽ ഇസ്‌ലാം പ്രചരിപ്പിക്കുക എന്നതാണ്. ഇസ്‌ലാമിനെതിരായ സംഘങ്ങളിലേക്ക് നുഴഞ്ഞു കയറ്റക്കാരെ അയച്ചുകൊണ്ടും മറ്റും ഇസ്‌ലാമിന് എതിരായ ഞങ്ങളുടെ നീക്കങ്ങളെ തകർക്കാനാണ് അവർ ശ്രമിക്കുന്നത്. ഇത്തരക്കാരെ തുറന്നു കയറ്റുന്നത് തടയാൻ വൃത്തികെട്ട വഴികളാണ് അവർ സ്വീകരിക്കുന്നത്. സൗദിയിലെ മുസ്‌ലിംകളുടെ ആദ്യ മുന്നേറ്റം വിജയകരമായപ്പോൾ അതിനെയും തകർക്കാൻ ശ്രമിക്കുകയാണ് അവർ!’’

ഇങ്ങനെ ജർമനിക്കെതിരായി ആരോപണങ്ങൾ ഉന്നയിക്കുക മാത്രമല്ല, നേർക്കുനേർ യുദ്ധപ്രഖ്യാപനം തന്നെ നടത്തുന്നുണ്ട് ഇയാൾ!: ‘ജർമനിക്ക് വേണ്ടത് ഒരു യുദ്ധമാണെങ്കിൽ ഞങ്ങൾ അതിനും തയാറാണെന്ന് ഞാൻ ഉറപ്പു നല്കുന്നു. ജർമനി ഞങ്ങളെ കൊല്ലാനാണ് ശ്രമിക്കുന്നതെങ്കിൽ ഞങ്ങൾ അവരെ കശാപ്പ് ചെയ്യുകയോ മരിക്കുകയോ അഭിമാനത്തോടെ ജയിലിൽ പോവുകയോ ചെയ്യും. പരിഹാരത്തിനുള്ള സമാധാനപരമായ എല്ലാ വഴികളും അടഞ്ഞിരിക്കുകയാണ്. പോലീസിൽ നിന്നും നിയമകൂടത്തിൽ നിന്നും പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നും മിനിസ്ട്രിയിൽ നിന്നുമെല്ലാം ഞങ്ങൾ കൂടുതൽ പ്രയാസങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇവരുമായി സമാധാനം കൊണ്ടൊരു കാര്യവുമില്ല!’

അഥവാ, ഇസ്‌ലാമിനെ പ്രചരിപ്പിക്കാൻ ജർമനി കൂട്ടുനിൽക്കുന്നുവെന്നും എക്‌സ് മുസ്‌ലിംകളെ ഉപദ്രവിക്കാൻ അവർ ശ്രമിക്കുന്നുവെന്നും അത് അവസാനിപ്പിച്ചില്ലെങ്കിൽ സമാധാനപരമല്ലാത്ത വഴികളിലൂടെ തന്നെ പരിഹാരം കാണാൻ ശ്രമിക്കുമെന്നും നേർക്കുനേർ പ്രഖ്യാപിക്കുകയാണ് ഈ ഭീകരൻ. ഇങ്ങനെ ജർമൻ അധികാരികളോടുള്ള പകയും വിദ്വേഷവും ഇയാൾ തീർത്തതാകട്ടെ നിരപരാധികളായ മനുഷ്യരുടെ ജീവനെടുത്തുകൊണ്ടും!

എങ്ങനെയാണ് ഒരു ഡോക്ടറായ ഒരു അമ്പതുകാരന് ഇത്രമേൽ ക്രൂരമായി ചിന്തിക്കാനാവുക എന്ന് പരിശോധിക്കുമ്പോഴാണ് നിരന്തരമായ വെറുപ്പുൽപാദനം മനുഷ്യനെ ഏത് രീതിയിലാണ് ബാധിക്കുക എന്ന് മനസ്സിലാവുക. രാവിലെ ഉണർന്നത് മുതൽ ഉറങ്ങുന്നത് വരേക്കും ഇയാൾ സോഷ്യൽ മീഡിയയിലൂടെ മുസ്‌ലിംകൾക്ക് എതിരായും ഇസ്‌ലാമിനെതിരായും നിരന്തരം പോസ്റ്റുകൾ ഇട്ടുകൊണ്ടിരിക്കുകയായിരുന്നു. അങ്ങനെ, ഒരു ജനവിഭാഗത്തെ തന്നെ അപരവൽകരിക്കുകയും മോശക്കാരാക്കുകയും ചെയ്തുകൊണ്ടേയിരിക്കുമ്പോൾ അവരെയും അവരെ സഹായിക്കുന്നുവെന്ന് ഇയാൾക്ക് തോന്നുന്ന അധികാരികളെയും ഏത് വിധേനയും പാഠം പഠിപ്പിക്കണം എന്ന മാനസികാവസ്ഥയിലേക്ക് ഇയാൾ ചെന്നെത്തുന്നു!

ഈ സംഭവശേഷം പലരും പങ്കുവെച്ച ഒരു ചിന്ത ജർമൻ അധികാരികളുടെ ഉദാസീനതയായിരുന്നു. ഇത്രമേൽ പച്ചയായി ഇദ്ദേഹം വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ചിട്ടും അക്രമത്തിന്റെ വഴിയടക്കം സ്വീകരിക്കുമെന്ന് വിളിച്ചു പറഞ്ഞിട്ടും എന്തുകൊണ്ട് അധികാരികൾ നടപടിയെടുത്തില്ല എന്നതാണ് പലരും ഉന്നയിക്കുന്ന ചോദ്യം. പാശ്ചാത്യൻ ചിന്തകളുടെ ആണിക്കല്ലായ ‘ആവിഷ്‌കാര സ്വാതന്ത്ര്യ’ത്തിന്റെ പരിധിയിൽ വരുന്നത് കൊണ്ടായിരിക്കും എന്ന് ഊഹിക്കാമെങ്കിലും അതിന്റെ ഒരു പ്രശ്‌നമാണ് ഇവിടെ വ്യക്തമാകുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ എന്ത് വെറുപ്പും വിദ്വേഷവും വിളിച്ചു പറയാനുള്ള സ്വാതന്ത്ര്യം അനുവദിക്കുമ്പോൾ ഇങ്ങനെയുള്ള പര്യവസാനങ്ങളിലേക്കാണ് പലപ്പോഴും അത് എത്തിച്ചേരുക. വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കാൻ സ്വാതന്ത്ര്യം നല്കുന്നതിലൂടെ ഒരു സമൂഹം പുരോഗമിക്കുകയല്ല; അധ:പതിക്കുകയാണ് ചെയ്യുക എന്നത് തീർച്ച!

വെറുപ്പുൽപാദനവും മുസ്‌ലിം വിരുദ്ധതയും ജനങ്ങളുടെ ജീവനെടുക്കുന്നത് ഇതാദ്യമോ ഒറ്റപ്പെട്ട സംഭവമോ അല്ല. യൂറോപ്പിലും അമേരിക്കയിലുമെല്ലാം വർധിച്ചു വരുന്ന മുസ്‌ലിം വിരുദ്ധ മനോഭാവവും അതിനെ തുടർന്നുണ്ടാകുന്ന ആക്രമണങ്ങളും വലിയ ചർച്ചയാണ്. ഇതിനെ തുടർന്നാണ് ഐക്യരാഷ്ട്ര സഭ മാർച്ച് 15നെ അന്താരാഷ്ട്ര ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനമായി ആചരിക്കാൻ പോലും തീരുമാനിച്ചത്.

ഏതാനും വർഷങ്ങൾക്ക് മുൻപാണ് ന്യൂസിലാൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ ബ്രണ്ടൻ ടാരന്റ് എന്ന ഭീകരവാദി മുസ്‌ലിം പള്ളിയിലേക്ക് കയറിച്ചെന്ന്, പ്രാർഥിക്കുകയായിരുന്ന വിശ്വാസികളെ കൂട്ടക്കൊല ചെയ്തത്. തന്റെ ഫേസ്ബുക്കിൽ ലൈവായി ഈ ക്രൂരകൃത്യം അയാൾ സംപ്രേക്ഷണം ചെയ്യുകയും എന്തുകൊണ്ട് താനിത് ചെയ്യുന്നു എന്ന് വിശദീകരിച്ചുകൊണ്ടുള്ള ഒരു മാനിഫെസ്റ്റോ പുറത്തിറക്കുകയും ചെയ്തു. അതിലും മുസ്‌ലിം വിരുദ്ധ വംശീയതയുടെ ഭീകരമുഖമാണ് ലോകത്തിനു വായിക്കാൻ സാധിച്ചത്. മുസ്‌ലിംകൾ യൂറോപ്പിനെയും സഹോദര രാജ്യങ്ങളെയും നശിപ്പിക്കുമെന്നും, അവർ പെറ്റുപെരുകുകയാണെന്നും ഇങ്ങനെ തുടർന്നാൽ യൂറോപ്പ് ഇസ്‌ലാം ആകുമെന്നും അത് ഏത് വിധേനയും തടയണമെന്നുമാണ് അയാൾക്കും പറയാനുണ്ടായിരുന്നത്! നമ്മുടെ നാട്ടിലെ മുസ്‌ലിം വിരുദ്ധർ ഉപയോഗിക്കുന്ന അതേ വാചകങ്ങൾ, അതേ ആശയങ്ങൾ!

തങ്ങൾ നടത്തുന്നത് കേവലം വിമർശനം മാത്രമാണെന്നും തങ്ങൾ ഭീകരവാദികൾ അല്ലെന്നുമാണ് ഏകദേശമെല്ലാ മുസ്‌ലിം വിരുദ്ധ സംഘങ്ങളുടെയും അവകാശവാദം. എന്നാൽ മുസ്‌ലിംകൾ വിശ്വസിച്ചു പോരുന്ന ക്വുർആനും അവർ മാതൃകയാക്കുന്ന പ്രവാചകനും അവരുടെ മതനിയമങ്ങളുമെല്ലാം അവരെ ഭീകരരാക്കും, ഏത് സമയവും അവർ പൊട്ടിത്തെറിച്ചേക്കാം എന്നുള്ള ഭയവ്യാപാരവും ഇവർ തന്നെ നിരന്തരം നടത്തുകയും ചെയ്യും! തങ്ങളെ കൊല്ലാനും ഇല്ലാതാക്കാനും പറയുന്ന മതം അനുഷ്ഠിക്കുന്ന ഒരു വിഭാഗം ജനതയാണ് തങ്ങൾക്ക് ചുറ്റിലും ജീവിക്കുന്നത് എന്ന് നിരന്തരം കേട്ടാൽ ആർക്കാണ് പേടി തോന്നാതിരിക്കുക? അവരെ ഇല്ലാതാക്കണം, അവർക്ക് സൗകര്യങ്ങൾ ഒരുക്കുന്ന അധികാരികളെ പാഠം പഠിപ്പിക്കണം എന്ന് ജർമനിയിലെ എക്‌സ് മുസ്‌ലിം ഭീകരന് തോന്നിയതുപോലെ തോന്നുക എന്നതും ഇതിന്റെ ഒരു സ്വാഭാവിക പരിണിതി മാത്രമാണ്.

ഇന്ത്യയിൽ സംഘപരിവാറിന്റെ നേതൃത്വത്തിൽ നടന്ന മുസ്‌ലിം വിരുദ്ധ - ഇസ്‌ലാം വിരുദ്ധ പ്രചാരണങ്ങൾ എത്രപേരുടെ ജീവനെടുത്തു എന്നതിന് നമ്മുടെ രാജ്യം സാക്ഷിയാണ്. ഗുജറാത്തിന്റെയും ഡെൽഹിയുടെയുമെല്ലാം തെരുവുകൾക്ക് ഈ വിദ്വേഷപ്രചാരണം കൊണ്ടുണ്ടാകുന്ന ഭീകരതയുടെ ഒരായിരം കഥകൾ പറയാനുണ്ടാകും.

അമേരിക്കയിൽ മാത്രം മുസ്‌ലിം വിരുദ്ധ സംഘങ്ങളുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. 2010ൽ കേവലം അഞ്ച് മുസ്‌ലിം വിരുദ്ധ സംഘങ്ങൾ ഉണ്ടായിരുന്നിടത്തു നിന്ന് 2016 ആകുമ്പോഴേക്ക് 101 വിദ്വേഷസംഘങ്ങളിലേക്ക് അത് ഉയർന്നു എന്ന കണക്ക് വായിക്കുമ്പോൾ ഈ സോഷ്യൽ മീഡിയാ വെറുപ്പുൽപാദനം എത്രവലിയ സാമൂഹ്യ വിപത്താണ് എന്ന് ബോധ്യപ്പെടും. എഫ് ബിഐയുടെ ഹെറ്റ് ക്രൈം കണക്കുകൾ പ്രകാരം 2015ൽ മാത്രം 257 മുസ്‌ലിം വിരുദ്ധ ആക്രമണങ്ങളാണ് അമേരിക്കയിൽ മാത്രം രേഖപ്പെടുത്തപ്പെട്ടത്. 2016 ആകുമ്പോഴേക്ക് അത് പെട്ടെന്ന് 307 ആക്രമണങ്ങളായി ഉയരുകയും ചെയ്തു! ഒറ്റ വർഷം മാത്രം മുസ്‌ലിം പള്ളികൾക്ക് നേരെ 78 ആക്രമണസംഭവങ്ങളാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തത്!

ഇതെല്ലാം സൂചിപ്പിക്കുന്നത് ഒരു ലളിതമായ ഒരു യാഥാർഥ്യത്തിലേക്കാണ്. നിരന്തരമായി ഒരു സമുദായത്തെയും മതത്തെയും ആക്രമിക്കാനും അവർക്കെതിരെ പ്രചാരണം നടത്താനും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ അനുവദിച്ചാൽ അവിടെയുണ്ടാവുക ഇത്തരത്തിലുള്ള വെറുപ്പ് നിറഞ്ഞ അന്തരീക്ഷവും അതിനെ തുടർന്ന് ഭീകരാക്രമണങ്ങളും അക്രമപരമ്പരകളും കലാപങ്ങളുമാണ്. വൈകീട്ട് ജോലി കഴിഞ്ഞെത്തിയാൽ യൂടൂബ് തുറന്ന് വിദ്വേഷം വിളമ്പുകയും അത് ആസ്വദിച്ച് കേട്ടിരിക്കുകയും ചെയ്യുന്ന പ്രവണത നമ്മുടെ നാട്ടിൽ വ്യാപകമാവുമ്പോൾ സാമൂഹ്യ പ്രതിബദ്ധതയുള്ളവർക്ക് ഒരുപാട് ദൗത്യങ്ങളുണ്ട്.

ഇത്തരത്തിൽ എക്‌സ് മുസ്‌ലിംകളും വലത് തീവ്രവാദികളും നവനാസ്തികരുമെല്ലാം മലീമസമാക്കുന്ന ഈ അന്തരീക്ഷത്തിൽ റോസാ പുഷ്പങ്ങൾ വിടർന്നു വരുമെന്ന് നാം പ്രതീക്ഷിക്കരുത്. അവിടെ സ്‌നേഹവും സൗഹാർദവും സഹാനുഭൂതിയുമല്ലയുണ്ടാവുക. മറിച്ച് കബന്ധങ്ങളും ആർപ്പുവിളികളും അട്ടഹാസങ്ങളും മാത്രമായിരിക്കും. സാഹോദര്യവും സ്‌നേഹവും നിലനിർത്തണം എന്നാഗ്രഹിക്കുന്നവർ ഇത്തരം വിദ്വേഷപ്രചാരകരെ നിയന്ത്രിക്കാൻ രംഗത്ത് വരേണ്ടതുണ്ട്. ഇതൊരു സാമൂഹ്യപ്രശ്‌നമാണ്.