കറുപ്പിനെന്താ കുഴപ്പം?
ഡോ. ഷഹ്ബാസ് കെ അബ്ബാസ്
2025 ജനുവരി 25, 1446 റജബ് 25

കറുപ്പിനെ വെറുപ്പിന്റെ പര്യായമായി കാണുകയും വെളുപ്പിനെ സൗന്ദര്യത്തിന്റെ മാനദണ്ഡമായി നിശ്ചയിക്കുകയും ചെയ്യുന്ന, ചരിത്രാതീതകാലം മുതൽക്കേയുള്ള അന്ധതയിൽ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മനുഷ്യകുലം തപ്പിത്തടയുകയാണ്. കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ 19 വയസ്സ് പ്രായമുള്ള ഒരു നവവധു, നിറത്തെ ചൊല്ലിയുള്ള വിവേചനത്തിന്റെ പേരിൽ മനംനൊന്ത് ആത്മഹത്യ ചെയ്തത്. പെൺകുട്ടിക്ക് കുറച്ച് ഇരുണ്ട നിറമായിപ്പോയി എന്നതിന്റെ പേരിൽ ഭർത്താവും ഭർതൃവീട്ടുകാരും നിരന്തരം അവളെ മാനസികമായി ക്രൂശിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമായത് എന്നാണ് വിലയിരുത്തൽ.
ഇത്തരം ‘ഒറ്റപ്പെട്ട സംഭവങ്ങൾ’ നിരന്തരം ആവർത്തിക്കുന്നത് സൗന്ദര്യസങ്കല്പങ്ങളിലെ മലയാളിയുടെ ‘പ്രബുദ്ധത’യെ വിളിച്ചോതുന്നുണ്ട്. കുറച്ചുകാലം കാണാത്ത ഒരു സുഹൃത്തിനെ പിന്നീട് കാണുമ്പോൾ, നാം പോലും അറിയാതെ സ്വാഭാവികതയിൽ ചോദിക്കാറുള്ള ചില കുശലാന്വേഷണ ങ്ങളുണ്ട്; ‘നീയാകെ തടിച്ചു കൊഴുത്തല്ലോ, മെലിഞ്ഞു കോലുപോലെയായല്ലോ, പെൻസിൽ പോലെ നീളം കൂടിയല്ലോ, പല്ലുന്തി ആകെ ബോറായിട്ടുണ്ടല്ലോ, മുടി എന്താ മുള്ളൻപന്നിയെപ്പോലെ, ഈ കഷണ്ടി കാണുമ്പോൾ നല്ല പ്രായം തോന്നിക്കുന്നുണ്ട്; മൂത്തോള് വെളുത്തിട്ടാ, ഇവൾക്ക് തീരെ നിറമില്ല’ ഇങ്ങനെ തുടങ്ങി ആ വ്യക്തി ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത, ഹൃദയത്തിൽ തറയ്ക്കുന്ന കമന്റുകൾ പറഞ്ഞുകൊണ്ടായിരിക്കും പല സംഭാഷണങ്ങളും ആരംഭിക്കുന്നത്.
ചെറുപ്പം മുതലേ പല സമയങ്ങളിൽ തന്നെക്കുറിച്ച് കേട്ടിട്ടുള്ള ഇത്തരം സംസാരങ്ങൾ ഉണ്ടാക്കിയ, ആ ഉണങ്ങിക്കൊണ്ടിരിക്കുന്ന മുറിവിനെ കൂടുതൽ ആഴമുള്ളതാക്കാനും പലപ്പോഴും വലിയ മാനസിക സംഘർഷത്തിലേക്കും ഒരുവേള ആത്മഹത്യാ പ്രവണതയിലേക്ക് പോലും അവരെ എത്തിക്കാനും അത് കാരണമാവുകയും ചെയ്യും. സോഷ്യൽ മീഡിയയിൽ നാം കാണുന്ന ഒരു പോസ്റ്റിന് ലൈക്ക് കൊടുക്കണോ വേണ്ടയോ എന്ന് ചിന്തിക്കുന്നത് മുതൽ, എല്ലാത്തിനെയും വിമർശനബുദ്ധിയോടെ മാത്രം വിലയിരുത്തുന്ന ഈ സ്വഭാവം നാം പോലും അറിയാതെ നമ്മിലേക്ക് കടന്നുവരികയാണ്. എന്നാൽ, ചിലപ്പോഴെങ്കിലും കൂടെയുള്ളവരെ ചിരിപ്പിക്കാൻ വേണ്ടി നാം പറയുന്ന കേവലം ചില വാക്കുകൾ മൂലമുണ്ടായേക്കാവുന്ന ചെറുതും വലുതുമായ ആഘാതങ്ങളെപ്പറ്റി നാം ഓർക്കാറേയില്ല.
കറുപ്പെന്ത് ദ്രോഹമാണ് ചെയ്തത്?
വെളുപ്പും സൗന്ദര്യവും യാതൊരു ധാരണാപത്രത്തിലും ഒപ്പു വെച്ചിട്ടില്ല. കറുത്തവൻ എന്നും കൊള്ളരുതാത്തവനും വെറുക്കപ്പെടേണ്ടവനും വെളുത്തവൻ എല്ലാവരാലും അംഗീകരിക്കപ്പെടുന്നവനും സ്വീകരിക്കപ്പെടുന്നവനുമായി മാറിയത് എങ്ങനെയാണ് എന്ന് നാം പരിശോധിക്കേണ്ടതുണ്ട്. ഒരാൾ വെളുത്ത നിറത്തിലാകുന്നത് അയാളുടെ മേന്മ കൊണ്ടല്ല, കറുക്കുന്നത് അയാളുടെ പോരായ്മ കൊണ്ടുമല്ല. ‘വെളുത്തു തുടുത്തവൻ’ ഒരു സദസ്സിലേക്ക് വരുമ്പോൾ ലഭിക്കുന്ന പരിഗണന ‘കറുത്തു തുടുത്തവൻ’ വരുമ്പോൾ ലഭിക്കാത്തത് നമ്മുടെ ശരീരസാക്ഷരത എവിടെ എത്തിനിൽക്കുന്നു എന്നത് ചൂണ്ടിക്കാണിക്കുന്നു. കറുപ്പ് ഒരു വർഗമല്ല എന്നും ഒരുപാട് വർണങ്ങളുടെ കൂട്ടത്തിലെ ഒരു വർണം മാത്രമാണ് എന്നും നാം പറഞ്ഞുകൊണ്ടേയിരിക്കണം.
ഈ പ്രപഞ്ചത്തെ നയനാനന്ദകരമാക്കുന്നത് അതിലെ വർണ വൈവിധ്യങ്ങളാണ്. വെറും ബ്ലാക്ക് & വൈറ്റ് ആയി മാത്രം ഈ ലോകത്തെ കാണുന്നത് നമുക്ക് സങ്കൽപിക്കാൻ പോലുമാവില്ല. ഇനി, യൂറോപ്പിലും ആഫ്രിക്കയിലുമടക്കം ലോകത്തുള്ള എല്ലാ മനുഷ്യരും ഒരേ നിറമുള്ളവരും, ഓരോരുത്തരുടെയും നഖവും മുടിയുമടക്കമുള്ള ശരീരഭാഗങ്ങൾക്ക് പോലും യാതൊരു നിറവ്യത്യാസവും ഇല്ലാത്ത അവസ്ഥയാണെങ്കിലോ? അചിന്തനീയം! പൂമ്പാറ്റകളിലും പക്ഷികളിലും വർണമത്സ്യങ്ങളിലുമുള്ള നിറവൈവിധ്യങ്ങളാണ് അവയെ കൂടുതൽ മനോഹരമാക്കുന്നത്.

കറുത്തതും വെളുത്തതും കറുപ്പും വെളുപ്പും കലർന്നതുമായ ഒട്ടനേകം ജീവജാലങ്ങളെ നാം കാണാറുണ്ട്. ആ നിറഭേദങ്ങൾ അവയ്ക്കിടയിൽ യാതൊരു ആഭ്യന്തരകലഹങ്ങൾക്കോ കുറ്റപ്പെടുത്തലുകൾക്കോ കാരണമാവാറില്ല. എന്നാൽ ബുദ്ധിയും വിവേകവും ഇച്ഛാശക്തിയുമുള്ള മനുഷ്യർക്കിടയിലെ വർണ വ്യത്യാസങ്ങൾ അപരവൽക്കരണത്തിനും പാർശ്വവൽക്കരണത്തിനും പരസ്പരമുള്ള കൊടിയ അക്രമങ്ങൾക്കും വരെ വഴിവെക്കുന്ന സ്ഥിതിവിശേഷമാണ് ഇന്ന് സംജാതമായിട്ടുള്ളത്. വാസ്തവത്തിൽ, നമ്മെ സൃഷ്ടിച്ച് സംവിധാനിച്ച അല്ലാഹുവാണ് ഓരോ മനുഷ്യന്റെയും വർണത്തെയും രൂപത്തെയും ആകൃതിയെയും ആയുസ്സിനെയുമെല്ലാം തീരുമാനിക്കുന്നത് എന്ന ബോധ്യമാണ് നമുക്കുണ്ടാവേണ്ടത്.
ആരാണ് നമ്മുടെ സൗന്ദര്യത്തെ നിർവചിക്കേണ്ടത്?
വെളുപ്പിന് അപ്രമാദിത്വം കൽപിക്കുന്ന ഈ സൗന്ദര്യസങ്കല്പം നമ്മുടെ മനസ്സിലേക്ക് കുത്തിവെച്ചത് ആഗോളതലത്തിലുള്ള സൗന്ദര്യവർധക വസ്തുക്കളുടെ (cosmetic industry) കുത്തക കമ്പനികൾ തന്നെയാണ്. വിദ്യാഭ്യാസം, ദാരിദ്ര്യനിർമാർജനം പോലുള്ള പ്രാഥമികമായ ആവശ്യങ്ങൾക്ക് ചെലവഴിക്കുന്നതിന്റെ 10 ഇരട്ടിയോളം കൂടുതൽ തുക, ഇത്തരം വെളുപ്പിക്കാനുള്ള ഉൽപന്നങ്ങൾ മാർക്കറ്റിൽ കച്ചവടം ചെയ്യുന്നതിന് നിക്ഷേപിക്കപ്പെടുന്നു എന്നതാണ് ഓരോ വർഷത്തെയും കണക്കുകൾ പറയുന്നത്. വെളുക്കാനും ചുവക്കാനും പാടുകൾ പോകാനും തേക്കുന്ന ഫെയർനെസ് ക്രീമുകൾ മുതൽ ലിപ്പോസക്ഷൻ, ബ്രെസ്റ്റ് ഓഗ്‌മെന്റേഷൻ, ഫെയ്‌സ്‌ലിഫ്റ്റുകൾ തുടങ്ങിയ അത്യാധുനിക സർജറികൾവരെ സൗന്ദര്യവർധനവിനായി ഇന്ന് സാർവത്രികമാണ്.
തങ്ങളുടെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ വരുന്ന സെലിബ്രിറ്റികളും വ്‌ളോഗർമാരും ഇൻഫ്‌ളുവൻസർമാരും പറയുന്നതിനൊപ്പിച്ച് സ്വന്തത്തെക്കുറിച്ച് തന്നെ വലിയ അപകർഷബോധം പേറി നടക്കുകയാണ് പുതിയ തലമുറ. അതുകൊണ്ടാണല്ലോ ഒന്നാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടികൾ പോലും സ്‌കൂളിലെ ഓരോ പീരീഡിനു ശേഷവും, മാഞ്ഞുപോയോ എന്ന ഭയത്താൽ ലിപ്സ്റ്റിക് വീണ്ടും വീണ്ടും ഇട്ടുകൊണ്ടിരിക്കുന്ന അധ്യാപക അനുഭവങ്ങൾ നാം കേട്ടുകൊണ്ടിരിക്കുന്നത്. ഓരോ വർഷവും ഇന്ത്യയിൽ മാത്രം 15 ലക്ഷത്തോളം പുതിയ ക്യാൻസർ കേസുകളാണ് റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കു ന്നത്. പുകവലിയും മദ്യപാനവും മാറ്റി നിർത്തിയാൽ, ദൈനംദിന ജീവിതത്തിൽ നിരന്തരം ഉപയോഗിക്കുന്ന സൗന്ദര്യവർധക വസ്തുക്കളിലടക്കം അടങ്ങിയിട്ടുള്ള രാസപദാർഥങ്ങൾ അതിനൊരു പ്രധാന കാരണമാണ് എന്ന് നാഷണൽ സെന്റർ ഫോർ ഡിസീസ് ഇൻഫോർമാറ്റിക്‌സ് ആൻഡ് റിസർച്ചിന്റെ 2024ലെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഒരു സ്ത്രീ ഗർഭിണിയാകുന്നത് മുതൽ തുടങ്ങുകയാണ് കുഞ്ഞിനെ വെളുപ്പിക്കാനുള്ള മുറവിളികളും വെപ്രാളങ്ങളും. വെളുക്കാനായി പാലിൽ കുങ്കുമപ്പൂ ചാലിച്ച് കഴിക്കുന്നതും വിവിധതരം കോസ്‌മെറ്റിക് ലേഹ്യങ്ങൾ കഴിക്കലും കാലങ്ങളായി ഏതൊരു അമ്മയ്ക്കും നിർബന്ധമാണ്. ഇനി ആ കുഞ്ഞെങ്ങാനും ഇത്തിരി കറുത്തുപോയാലോ, പിന്നെ സഹതാപതരംഗങ്ങളും കുറ്റപ്പെടുത്തലുകളും ആരംഭിക്കുകയായി. ആ കുഞ്ഞിനെ വെളുപ്പിക്കാനുള്ള ശ്രമങ്ങളാണ് പിന്നീട് കാണാൻ കഴിയുക. ഇങ്ങനെ വെയിലു കൊള്ളിക്കാതെ ശകാരിച്ച്, ഒരു മുഖക്കുരുവിനെ പോലും വെറുതെ വിടാതെ, കൃത്രിമമായ സൗന്ദര്യവർധക വസ്തുക്കൾ ചേർത്ത് വളർത്തിയെടുക്കുന്ന മക്കൾക്ക്, ഭാവിയിലുണ്ടാവുന്ന അപകർഷതാബോധവും അതവരുടെ മനസ്സിൽ വർണവിവേചനത്തിന്റെ പുതുനാമ്പുകൾ വിടരാൻ കാരണമാകുന്നതുമൊന്നും രക്ഷിതാക്കൾ പലപ്പോഴും ചിന്തിക്കാറേയില്ല.
ഭൂഖണ്ഡങ്ങൾ ഭേദിക്കുന്ന വംശീയത
തൊലി കറുത്തു എന്നതിന്റെ പേരിൽ മാത്രം നടക്കുന്ന അക്രമങ്ങളുടെയും വംശീയതയുടെയും വാർത്തകൾക്ക് ഫുൾ സ്റ്റോപ്പുകൾ വീഴാറില്ല. കൂട്ടുകാർ തമ്മിൽ പരസ്പരമുള്ള കളിയാക്കലുകളിൽ തുടങ്ങി അന്താരാഷ്ട്ര ഫുട്‌ബോൾ ഗ്രൗണ്ടുകളുടെ ഗ്യാലറിയിൽനിന്ന് ഗ്യാലറിയിലേക്ക് പടർന്നുപിടിച്ച വർണവെറിയുടെ പ്രകടമായ ഉദാഹരണങ്ങൾവരെ നാം കാണുന്നുണ്ട്. ഇന്ത്യയിലെ മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ പല ഐഐടികളിലും സെൻട്രൽ യൂണിവേഴ്‌സിറ്റികളിലും പോലും സവർണബോധം പേറുന്ന മേധാവികളും വർണത്തെയും ജാതിയെയും ഇന്നും വിവേചനത്തിന്റെ ടൂൾ ആയി കാണുന്ന സഹപാഠികളുമുണ്ട് എന്നത് നാം വിസ്മരിക്കരുത്. ഈ വേർതിരിവുകളും വിഭാഗീയതയുമെല്ലാം മറികടക്കാൻ ഇനിയുമെത്ര രോഹിത് വെമുലമാരുടെ ജീവനാകും ആവശ്യമായി വരിക എന്ന ചോദ്യം മാത്രമാണ് അവശേഷിക്കുന്നത്.
അമേരിക്കയിലെ മിന്നസോട്ടയിൽ ഒരു സവർണനായ പോലീസ് ഓഫീസറുടെ ബൂട്ടിനടിയിൽ ഞെരിഞ്ഞമർന്ന് പിടഞ്ഞു മരിച്ച ജോർജ് ഫ്‌ളോയ്ഡ് എന്ന കറുത്തവർഗക്കാരൻ, ശ്വാസം കിട്ടാതെ കരഞ്ഞ് ‘I can’t breathe’ (എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല) എന്ന് ആവർത്തിച്ച് പറഞ്ഞതിന്റെ അലയൊലികൾ നമ്മുടെ കർണപുടങ്ങളിൽനിന്ന് അത്ര പെട്ടെന്നൊന്നും മാഞ്ഞുപോകില്ല. റോഡ് മുറിച്ചു കടക്കുന്നവരിൽ ഉണ്ടാകുന്ന അപകടങ്ങളിൽ ഭൂരിഭാഗവും കറുത്ത വർഗക്കാരാണെന്ന് ശ്രദ്ധിച്ചപ്പോൾ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് വന്നത്, വർണവെറിയുടെ മറ്റൊരു പ്രായോഗിക രൂപമായിട്ടാണ് അമേരിക്കയിലെ വെളുത്തവർ അതിനെ കണ്ടിരുന്നത് എന്നതായിരുന്നു. വർഗീയതയുടെ ചളിക്കുണ്ടിൽ മനുഷ്യമസ്തിഷ്‌കങ്ങൾ എത്രത്തോളം ആഴ്ന്നിറങ്ങിയിട്ടുണ്ട് എന്നതാണ് ഇതെല്ലാം നമ്മെ ബോധ്യപ്പെടുത്തുന്നത്.
ഇസ്‌ലാമിന്റെ സമഭാവനയുടെ കാഴ്ചപ്പാട്
മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയുന്നില്ല എന്നതാണ് ഇവിടെ അടിസ്ഥാന പ്രശ്‌നം. കറുത്തവർക്ക് നേരെയുള്ള അക്രമങ്ങൾ അതിന്റെ ഉത്തുംഗതയിൽ എത്തിയിരുന്ന ആറാം നൂറ്റാണ്ടിൽ, പുണ്യ പ്രവാചകൻ മുഹമ്മദ്ﷺ നടത്തിയ മാനവികതയുടെ മഹിതമായ അധ്യാപനങ്ങൾ നാമിതോട് ചേർത്ത് വായിക്കേണ്ടതുണ്ട്. മനുഷ്യന്റെ ഔന്നത്യത്തിന്റെ അളവുകോൽ അവൻ ആർജിച്ചെടുത്ത ദൈവബോധത്തിന്റെയും ഭയഭക്തിയുടെയും പൂർണതയിലാണ് നിലകൊള്ളുന്നത്.
പ്രവാചകന്റെ വിടവാങ്ങൽ പ്രസംഗത്തിലെ മാനവികതയുടെ വിളംബരമായ വാചകങ്ങൾ എത്ര മനോഹരം: “മനുഷ്യൻ ആദമിൽ നിന്നാണ്. ആദം മണ്ണിൽ നിന്നുമാണ്. അറബിക്ക് അനറബിയെക്കാളോ വെളുത്തവന് കറുത്തവനെക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ല, ധർമനിഷ്ഠ കൊണ്ടല്ലാതെ.’
കറുത്ത വർഗക്കാരനും അടിമയുമായിരുന്ന ബിലാലി(റ)ന് തന്റെ അടിയുറച്ച വിശ്വാസവും കറകളഞ്ഞ ഭയഭക്തിയും കാരണത്താൽ, ഇസ്‌ലാമിക ലോകത്ത് മഹനീയമായ സ്ഥാനങ്ങൾ നൽകി ചേർത്തുപിടിച്ച് മാതൃക കാണിച്ചുകൊടുത്ത പ്രവാചകാധ്യാപനങ്ങൾ, വംശവെറിക്കെതിരെയുള്ള പോരാട്ടചരിത്രത്തിൽ തുല്യതയില്ലാത്ത ഏടുകളാണ് തുന്നിച്ചേർത്തിരിക്കുന്നത്. നിറം കറുപ്പായിരുന്ന, പൊക്കം കുറഞ്ഞ, ശരീരത്തിന് സമൂഹം കൽപിച്ച ചില വൈരൂപ്യങ്ങളുണ്ടായിരുന്ന, ദരിദ്രനായിരുന്ന, യാതൊരു കുടുംബമഹിമയുമില്ലാത്ത, പ്രവാചകാനുചരനായിരുന്നു ജുലൈബീബ്(റ). ഒരിക്കൽ റസൂൽﷺ അദ്ദേഹത്തോട് വിവാഹത്തെപ്പറ്റി കുശലാന്വേഷണം നടത്തുകയാണ്. ‘ആരും വിലമതിക്കാത്ത എനിക്കെന്ത് വിവാഹം’ എന്ന് നിരാശയോടെ മൊഴിഞ്ഞ ജുലൈബീബിനോട് റസൂൽﷺ പറഞ്ഞു: ‘അല്ലാഹുവിങ്കൽ താങ്കൾ ഒരിക്കലും അധമനല്ല.’ ശേഷം മദീനയിലെ ഏറ്റവും ഉയർന്ന ഒരു അൻസാരി കുടുംബത്തിലെ, കാണാൻ സുന്ദരിയായ ഒരു യുവതിയെ അദ്ദേഹത്തിന് വിവാഹത്തിനായി നിർദേശിക്കുകയും ചെയ്തു.
മനുഷ്യർക്കിടയിൽ യാതൊരു നിലയ്ക്കുമുള്ള അസ്പൃശ്യതകളും തീണ്ടായ്മകളും വർണവിവേചനവും ഉണ്ടാവാൻ പാടില്ലെന്ന പ്രവാചക അധ്യാപനത്തെ നിറഞ്ഞ മനസ്സോടെ സ്വീകരിച്ച ആ യുവതി, വീട്ടുകാർ വിസമ്മതിച്ചെങ്കിലും അദ്ദേഹത്തെ തന്നെ വിവാഹം ചെയ്യുകയാണുണ്ടായത്. പിന്നീട് അധികം വൈകാതെ തന്നെ ഒരു യുദ്ധത്തിൽ ജൂലൈബീബ്(റ) മരണപ്പെട്ടപ്പോഴും അതിൽ മാതൃകാപരമായി ക്ഷമ കൈക്കൊണ്ട ആ യുവതിക്ക് അല്ലാഹു വലിയ സമൃദ്ധിയും ഐശ്വര്യവും നൽകി അനുഗ്രഹിച്ചു എന്ന് ചരിത്രത്തിൽ കാണാം.
ഈ ചരിത്രങ്ങളെല്ലാം വിസ്മരിച്ച്, നാം പലപ്പോഴും നമ്മിലേക്ക് തന്നെ ചുരുങ്ങി, കൂടുതൽ സ്വാർഥരാവുന്നതാണ് ഇത്തരം പല പ്രശ്‌നങ്ങളുടെയും നാരായ വേര് എന്നതാണ് യാഥാർഥ്യം. അല്ലാഹു നമുക്ക് നൽകിയ ചെറുതും നിസ്സാരവുമായ അനുഗ്രഹങ്ങളിൽ പോലും, അതിന്മേൽ മേനി നടിച്ചും അഹങ്കരിച്ചും നടക്കുന്ന പ്രകൃതമാണ് പലരിലും കാണാൻ കഴിയുന്നത്. എന്തെല്ലാം അനുഗ്രഹങ്ങൾ നമ്മിലുണ്ടോ അതിനെയെല്ലാം നമ്മെ സൃഷ്ടിച്ച റബ്ബ് നമുക്ക് നൽകിയ കാരുണ്യമായി കാണുകയും, അവ നൽകിയ സ്രഷ്ടാവിനു തന്നെ എപ്പോൾ വേണമെങ്കിലും അത് തിരിച്ചെടുക്കാനും സാധിക്കും എന്ന ബോധ്യമാണ് നമുക്ക് കൈമുതലാവേണ്ടത്. നിറത്തിന്റെ പേരിൽ അഹങ്കരിക്കുന്നവർ അറിയേണ്ടത്, ഏത് അനുഗ്രഹത്തിന്റെയും നിസ്സാരത പോലെ, ഒരു ചെറിയ കൈയബദ്ധത്തിനോ പൊള്ളലിനോ ആക്‌സിഡന്റിനോ തിരിച്ചെടുക്കാനാവാത്ത വിധത്തിൽ അടിയറവ് വെക്കാനുള്ളതായിരിക്കാം നാം വലുതായി കൊണ്ടുനടക്കുന്ന ഓരോന്നും.
എന്തൊരു വൈരുധ്യമാണ്!
കറുപ്പിനെയും വെളുപ്പിനെയും കുറിച്ചുള്ള നമ്മുടെ വീക്ഷണകോണിലുള്ള വൈരുധ്യം നോക്കൂ. കറുപ്പിനെ വെറുക്കുന്ന നമ്മൾ എന്തുകൊണ്ടാണ് കറുത്ത കഅ്ബയെ അത്രമേൽ വൈകാരികമായി സ്‌നേഹിക്കുന്നത്? വെളുപ്പിനെ അത്രമേൽ ഇഷ്ടപ്പെടുന്ന നമ്മൾ എന്തുകൊണ്ടാണ് തൂവെള്ള നിറമുള്ള കഫൻ പുടവകളിൽ നിന്നും അകലാൻ ശ്രമിക്കുന്നത്?
വെറുപ്പിന്റെ സമവാക്യങ്ങളെ സ്‌നേഹത്തിന്റെ മറുമരുന്നുകൊണ്ട് പ്രതിരോധിക്കുവാൻ നമുക്ക് കഴിയണം. വൈവിധ്യങ്ങളെയും വൈജാത്യങ്ങളെയും അംഗീകരിക്കുന്നതോടൊപ്പം വംശീയതയുടെയും വർഗീയതയുടെയും വേരുകൾ പിഴുതെറിയാൻ നാം ഒന്നിക്കേണ്ടതുണ്ട്.

