തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ; ഒരു വിശകലനം

മുഫീദ് പാലക്കാഴി

2025 ഡിസംബർ 13, 1447 ജമാദുൽ ആഖിർ 22

ഏറെ കൊട്ടിഘോഷിച്ച ത്രിതല പഞ്ചായത്ത് ഇലക്ഷൻ ഫലം പുറത്തുവന്നു. തിരഞ്ഞെടുക്കപ്പെട്ടത്-കക്ഷി രാഷ്ട്രീയത്തിനപ്പുറം-ജനങ്ങളുടെ പ്രതിനിധികളാണ്. ജനാധിപത്യ പ്രക്രിയയിൽ ഭരണം ഏറ്റെടുക്കുന്നത് വരെ മാത്രമല്ല, തുടർന്നും അവർ ക്ഷേമപ്രവർത്തനങ്ങളുടെ തേരാളികളാണ്. എന്തൊക്കെയാണ് ഉത്തരവാദിത്തങ്ങൾ, എന്തൊക്കെയാണ് കടമകൾ? ഹ്രസ്വ വിശകലനം.

കേരളത്തിൽ ത്രിതല പഞ്ചായത്തുകളിലേക്കുള്ള തിരഞ്ഞെടുപ്പിന് സമാപനമായി. ഈ ‘നേർപഥം’ വായനക്കാരുടെ കൈകളിലെത്തുമ്പോഴേക്കും തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നിട്ടുണ്ടാകും. ജയിച്ചത് ആരാണെങ്കിലും മെമ്പർമാരുടെ ഉത്തരവാദിത്തങ്ങൾ എന്തൊക്കെയെന്ന് അവരും വോട്ടർമാരും അറിഞ്ഞിരിക്കണം. തങ്ങൾക്ക് ലഭിക്കേണ്ട അവകാശങ്ങളെ കുറിച്ചും തങ്ങളുടെ കടമകളെ കുറിച്ചും വോട്ടർമാർ ബോധമുള്ളവരായിരിക്കണം. ത്രിതല പഞ്ചായത്ത് സംവിധാനത്തെ കുറിച്ചുള്ള സാമാന്യമായ അറിവ് എല്ലാവർക്കും ഉണ്ടായിരിക്കുന്നത് നല്ലതാണ്. ഈ വിഷയങ്ങളെ കുറിച്ച് ഒരു ലഘുവിവരണം നൽകലാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.

കേരളത്തിലെ തദ്ദേശ സ്വയംഭരണ സമ്പ്രദായം മൂന്ന് തലങ്ങളിലായാണ് പ്രവർത്തിക്കുന്നത്. ഗ്രാമതലത്തിൽ ഗ്രാമപഞ്ചായത്തുകൾ, ബ്ലോക്ക് തലത്തിൽ ബ്ലോക്ക് പഞ്ചായത്തുകൾ, ജില്ലാ തലത്തിൽ ജില്ലാ പഞ്ചായത്തുകൾ എന്നിങ്ങനെയാണ് ത്രിതല പഞ്ചായത്ത് സംവിധാനം. നഗരപ്രദേശങ്ങളിൽ മുനിസിപ്പാലിറ്റികളും കോർപ്പറേഷനുകളുമാണ്. തദ്ദേശഭരണ വകുപ്പ് ഈ സ്ഥാപനങ്ങളുടെയെല്ലാം പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. ഈ സ്ഥാപനങ്ങളിലെല്ലാം ഏറ്റവും ചെറിയ ഭരണഘടകമാണ് വാർഡ്. ഒരു വാർഡിന്റെ ഭൗതിക അതിർത്തിക്കുള്ളിലെ ജനങ്ങളുടെ പ്രശ്‌നങ്ങളെയും ആവശ്യങ്ങളെയും ഭരണസമിതിയിൽ എത്തിക്കുന്നതും ഭരണസമിതിയുടെ തീരുമാനങ്ങളെ വാർഡ് തലത്തിൽ നടപ്പിലാക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനും വാർഡ് മെമ്പറെ നിയമം ചുമതലപ്പെടുത്തുന്നു.

നഗര-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ (മുനിസിപ്പാലിറ്റി, കോർപ്പറേഷൻ) പ്രവർത്തനങ്ങളെ പരിശോധിക്കുമ്പോൾ, അവർക്ക് നിയമപരമായി നിർബന്ധമായി പാലിക്കേണ്ട (Mandatory) 30 ചുമതലകളും 14 പൊതു ചുമതലകളുമുണ്ട്. ഈ നിയമപരമായ ബാധ്യതകൾ, ഭരണസമിതി അംഗം എന്ന നിലയിൽ ഓരോ വാർഡ് മെമ്പർക്കും ബാധകമാണ്. വാർഡ് മെമ്പർ കേവലം ഒരു രാഷ്ട്രീയ പ്രതിനിധി എന്ന നിലയിൽ ഒതുങ്ങിനിൽക്കുന്നില്ല. മറിച്ച്, അദ്ദേഹം ഭരണകൂടത്തിന്റെ താഴെത്തട്ടിലുള്ള നിയമപരമായ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ ബാധ്യസ്ഥനാണ്. ലൈസൻസിംഗ് നൽകുക, പൊതുജനാരോഗ്യം സംരക്ഷിക്കുക, പരിസ്ഥിതി ശുചിത്വം ഉറപ്പാക്കുക, ജനന-മരണ രജിസ്‌ട്രേഷൻ കൃത്യമായി നടത്തുക തുടങ്ങിയവ ഈ നിർബന്ധിത ചുമതലകളിൽപ്പെടുന്നു. വികസന വാഗ്ദാനങ്ങൾ നൽകുന്നതിനെക്കാൾ പ്രാഥമികമായി ഈ ഭരണപരമായ കാര്യക്ഷമത ഉറപ്പാക്കാനാണ് മെമ്പർമാർക്ക് നിയമപരമായ ബാധ്യതയുള്ളത്.

വാർഡ് മെമ്പർ: ജനകീയ പ്രതിനിധിയും ഭരണകർത്താവും

ഒരു വാർഡ് മെമ്പർക്ക് രണ്ട് പ്രധാന ധർമങ്ങളാണ് നിർവഹിക്കാനുള്ളത്: ജനകീയ പ്രതിനിധിയുടെ ധർമവും ഭരണകർത്താവിന്റെ ധർമവും.

1. ജനകീയ പ്രതിനിധി: വാർഡിലെ ജനങ്ങളുടെ ആവശ്യങ്ങൾ, പരാതികൾ, വികസന പ്രതീക്ഷകൾ എന്നിവ ഭരണസമിതിയുടെ ശ്രദ്ധയിൽ കൊണ്ടുവരികയും അവയ്ക്ക് വേണ്ടി വാദിക്കുകയും ചെയ്യുക. വാർഡ് സഭയുടെ തീരുമാനങ്ങൾ പഞ്ചായത്ത്/മുനിസിപ്പാലിറ്റി തലത്തിൽ അവതരിപ്പിക്കുന്നത് മെമ്പറാണ്.

2. ഭരണകർത്താവ്: ഭരണസമിതിയുടെ തീരുമാനങ്ങൾ, വാർഷിക പദ്ധതികൾ, സംസ്ഥാന സർക്കാരിന്റെ നിയമപരമായ ഉത്തരവുകൾ, ലൈസൻസിംഗ് നടപടിക്രമങ്ങൾ എന്നിവ വാർഡ് തലത്തിൽ നിയമപരമായും കാര്യക്ഷമമായും നടപ്പിലാക്കുക. തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന സാമ്പത്തികവും നിയന്ത്രണപരവുമായ അധികാരങ്ങൾ നിയമങ്ങൾക്കും ചട്ടങ്ങൾക്കും മാർഗനിർദേശങ്ങൾക്കും അനുസൃതമായി വിനിയോഗിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ട കടമയും മെമ്പർക്കുണ്ട്.

3. ഈ ഇരട്ട ഉത്തരവാദിത്തങ്ങൾക്കിടയിലെ സന്തുലനം ഒരു വാർഡ് മെമ്പറെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. താൻ നൽകിയ രാഷ്ട്രീയ വാഗ്ദാനങ്ങളെ നിയമപരമായി നിലനിൽക്കുന്നതും സാമ്പത്തികമായി പ്രായോഗികവുമായ പദ്ധതികളാക്കി മാറ്റുക എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന വെല്ലുവിളി.

പ്രാദേശിക തിരഞ്ഞെടുപ്പുകളിലെ വാഗ്ദാനങ്ങളുടെ പൊതുസ്വഭാവം

തദ്ദേശ തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥികൾ നൽകുന്ന വാഗ്ദാനങ്ങൾ സാധാരണയായി മൂന്ന് പ്രധാന തലങ്ങളിലാണ് കേന്ദ്രീകരിക്കാറ്: ക്ഷേമം, അടിസ്ഥാന സൗകര്യ വികസനം, ഭരണപരമായ പരിഷ്‌കാരങ്ങൾ. വ്യക്തിഗതമായ വാഗ്ദാനങ്ങൾ രാഷ്ട്രീയ പാർട്ടികളുടെ പൊതുവായ പ്രകടന പത്രികയുടെ പ്രാദേശിക രൂപങ്ങളായിരിക്കും. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ പരിശോധിച്ചാൽ വിവിധ രാഷ്ട്രീയ മുന്നണികൾ (എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ) മത്സരിച്ച സീറ്റുകളുടെ എണ്ണം വ്യക്തമാണ്. ഈ രാഷ്ട്രീയ ശക്തികളാണ് അതത് വാർഡുകളിൽ തങ്ങളുടെ പ്രതിനിധികളിലൂടെ വാഗ്ദാനങ്ങൾ നൽകുന്നത്.

വാഗ്ദാനങ്ങളുടെ പ്രധാന മേഖലകൾ

1. ക്ഷേമ വാഗ്ദാനങ്ങൾ: പെൻഷനുകൾ, ചികിത്സാ സഹായങ്ങൾ, ഭവന പദ്ധതികൾ, ബി.പി.എൽ ആനുകൂല്യങ്ങൾ തുടങ്ങിയവ സമയബന്ധിതമായി എത്തിക്കാനുള്ള ഉറപ്പുകൾ.

2. വികസന വാഗ്ദാനങ്ങൾ: റോഡ് നിർമാണം, കുടിവെള്ള ലഭ്യത (പൊതുവാട്ടർ ടാപ്പുകൾ, പൊതുകിണറുകൾ), തെരുവുവിളക്കുകൾ സ്ഥാപിക്കൽ, മാലിന്യ സംസ്‌കരണ സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ.

3. ഭരണപരമായ വാഗ്ദാനങ്ങൾ: കാര്യക്ഷമമായ ലൈസൻസിംഗ്, അഴിമതിരഹിത ഭരണം, ജനകീയ പങ്കാളിത്തം ഉറപ്പാക്കൽ (വാർഡ് സഭകൾ കാര്യക്ഷമമാക്കുക).

വാഗ്ദാനങ്ങളുടെ പ്രായോഗികതയും നിയമപരമായ വെല്ലുവിളികളും

ഒരു വാർഡ് മെമ്പർക്ക് താൻ നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ ഭരണസമിതിയിൽ സ്വാധീനം ചെലുത്താൻ സാധിക്കുമെങ്കിലും ആ വാഗ്ദാനങ്ങൾക്ക് നിയമപരമായ ചട്ടക്കൂടിനുള്ളിൽ നിലനിൽപ്പുണ്ടോ എന്നത് ഒരു പ്രധാന ചോദ്യമാണ്.

വാർഡ് മെമ്പറുടെ വ്യക്തിപരമായ വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നതിൽ തദ്ദേശ സ്ഥാപനത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിതി ഒരു നിർണായക ഘടകമാണ്.

1. സാമ്പത്തിക പരിമിതി: തദ്ദേശ സ്ഥാപനത്തിന്റെ സ്വന്തം വരുമാനം, സംസ്ഥാന/കേന്ദ്ര സഹായ പദ്ധതികൾ, ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിൽനിന്നുള്ള ഫണ്ടുകൾ എന്നിവയുടെ ലഭ്യത പരിമിതമായിരിക്കും. ഒരു വാർഡിലെ എല്ലാ ആവശ്യങ്ങളും ഒരേസമയം നിറവേറ്റാൻ ഈ ഫണ്ട് മതിയാവില്ല.

2. ഭരണപരമായ അംഗീകാരം: ഏത് വാഗ്ദാനം നടപ്പിലാക്കാനും പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കൗൺസിൽ ഭരണസമിതിയുടെ അംഗീകാരം ആവശ്യമാണ്. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തൽ, എസ്റ്റിമേറ്റ് തയ്യാറാക്കൽ, സാങ്കേതിക വിദഗ്ധരുടെ അനുമതി, ഭരണപരമായ അനുമതി എന്നിവയെല്ലാം ഈ പ്രക്രിയയുടെ ഭാഗമാണ്.

പദ്ധതിയിൽ ഉൾപ്പെടുത്തുന്ന പ്രോജക്റ്റുകൾ ഗ്രാമസഭ/വാർഡ് സഭ അംഗീകരിച്ചവയായിരിക്കണം എന്ന നിയമപരമായ വ്യവസ്ഥ വാർഡ് മെമ്പറുടെ ഏകപക്ഷീയമായ തീരുമാനങ്ങളെ നിയന്ത്രിക്കുന്നു. താൻ നൽകിയ വാഗ്ദാനങ്ങൾ വാർഡ് സഭയുടെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്താൻ മെമ്പർക്ക് സാധിക്കേണ്ടതുണ്ട്.

നിയമപരവും നിയന്ത്രണപരവുമായ തടസ്സങ്ങൾ

അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട പല വാഗ്ദാനങ്ങൾക്കും നിയമപരമായ നിയന്ത്രണങ്ങൾ പാലിക്കേണ്ടതുണ്ട്.

1. ഭൂവിനിയോഗം: ഭൂമി സംബന്ധമായ വിഷയങ്ങളിൽ 1967ലെ കേരള ഭൂവിനിയോഗ ഉത്തരവിലെ ഏതെങ്കിലും വ്യവസ്ഥകളെ ബാധിക്കുന്ന രീതിയിൽ പഞ്ചായത്ത് രാജ് നിയമത്തിലെ വകുപ്പുകൾക്ക് മാറ്റം വരുത്താൻ പാടില്ല. കൃഷിഭൂമി നികത്തൽ, ഭൂവിനിയോഗ മാറ്റം തുടങ്ങിയവ സംബന്ധിച്ച വാഗ്ദാനങ്ങൾ നിയമത്തിന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് മാത്രമെ നടപ്പിലാക്കാൻ സാധിക്കൂ.

2. മലിനീകരണ നിയന്ത്രണം: പൊതുജനാരോഗ്യ സംരക്ഷണം വാർഡ് മെമ്പറുടെ നിർബന്ധ ചുമതലകളിൽപ്പെടുന്നു. മലിനജലത്തിന്റെ നിയന്ത്രണം സംബന്ധിച്ച നിയമങ്ങൾ കർശനമാണ്. യാതൊരാളും ഏതെങ്കിലും സിങ്ക്, ചാൽ, തൊഴുത്ത്, ഹോട്ടൽ, റസ്റ്റോറന്റ്, വീട്, വ്യവസായ സ്ഥാപനം, ആശുപത്രി അല്ലെങ്കിൽ മറ്റ് സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള മലിനജലം, പൊതു അഴുക്കുചാലുകൾ, റോഡ്, തെരുവ്, പൊതുസ്ഥലം, ജലാശയം അല്ലെങ്കിൽ ജലമാർഗം എന്നിവിടങ്ങളിലേക്ക് ഒഴുക്കുകയോ ഒഴുക്കുവാൻ അനുവദിക്കുകയോ ചെയ്യാൻ പാടില്ല. ഈ നിയമപരമായ വ്യവസ്ഥകൾ, ചില വികസന വാഗ്ദാനങ്ങൾ നടപ്പാക്കുമ്പോൾ പരിസ്ഥിതി സൗഹൃദപരമായ സമീപനം സ്വീകരിക്കാൻ മെമ്പറെ നിർബന്ധിക്കുന്നു.

ഒരു വാർഡ് മെമ്പറുടെ വാഗ്ദാനം, നിയമപരമായ അനുമതിയുടെയും (ചട്ടങ്ങൾ, എസ്റ്റിമേറ്റുകൾ), ജനകീയ അംഗീകാരത്തിന്റെയും (വാർഡ് സഭയുടെ മുൻഗണന) അടിസ്ഥാനത്തിലാണ് ഒരു പദ്ധതിയായി പരിവർത്തനം ചെയ്യപ്പെടുന്നത്. വാർഡ് സഭയുടെ അധികാരങ്ങൾ ഈ പരിവർത്തനത്തിന് ഒരു ജനാധിപത്യപരമായ നിയന്ത്രണ സംവിധാനം ഏർപ്പെടുത്തുന്നു. തന്മൂലം, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ള ധാർമിക ഉത്തരവാദിത്തം മെമ്പർക്കുണ്ടെങ്കിലും നിയമപരമായ ഉത്തരവാദിത്തം തദ്ദേശ ഭരണ സ്ഥാപനത്തിന്റെ മൊത്തത്തിലുള്ള ഭരണ നിർവഹണ രീതിയെ ആശ്രയിച്ചിരിക്കുന്നു.

വാർഡ് മെമ്പറുടെ നിയമപരമായ സ്ഥാനവും അധികാരങ്ങളും

വിജയിച്ച ഒരു വാർഡ് മെമ്പർ ജനകീയ പ്രാതിനിധ്യത്തിന്റെ ഭാഗമാണെങ്കിലും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പ്രധാനമായും കേരള പഞ്ചായത്ത് രാജ് നിയമം, കേരള മുനിസിപ്പാലിറ്റി നിയമം എന്നിവയാൽ നിയന്ത്രിക്കപ്പെടുന്നു. ഈ നിയമങ്ങളാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക കടമകൾ നിർവ്വചിക്കുന്നത്.

കേരള പഞ്ചായത്ത് രാജ് നിയമവും മുനിസിപ്പാലിറ്റി നിയമവും

തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകുന്ന പ്രധാന നിയമങ്ങളാണ് കേരള പഞ്ചായത്ത് രാജ് നിയമം, കേരള മുനിസിപ്പാലിറ്റി നിയമം എന്നിവ. വാർഡ് മെമ്പറുടെ അധികാരങ്ങൾ സ്ഥാപനത്തിന്റെ നിയമപരമായി നിർവചിക്കപ്പെട്ട അധികാരങ്ങളിൽനിന്ന് ഉടലെടുക്കുന്നവയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഭരമേൽപിച്ച വികസനപരവും ജനക്ഷേമപരവുമായ ചുമതലകളെ നിയമങ്ങൾക്കും ചട്ടങ്ങൾക്കും മാർഗനിർദേശങ്ങൾക്കും അനുസൃതമായി കാര്യക്ഷമമായും ഫലപ്രദമായും നിർവഹിക്കാനും വിനിയോഗിക്കാനും മെമ്പർക്ക് ബാധ്യതയുണ്ട്.

ജനങ്ങളോടുള്ള കടമകൾ

വാർഡ് മെമ്പറുടെ ഏറ്റവും പ്രധാനപ്പെട്ട കടമകൾ, ഭരണപരമായ കാര്യക്ഷമത ഉറപ്പാക്കുന്നതിനോടൊപ്പം ജനകീയ പങ്കാളിത്തത്തിലൂടെ സുതാര്യവും നീതിയുക്തവുമായ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുക എന്നതാണ്. ഈ ചുമതലകൾ നിയമപരമായി വാർഡ് സഭയുടെ അധികാരപരിധിയിൽ വരുന്നതാണ്.

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ യാഥാർഥ്യമാക്കുന്നതിനുള്ള ആദ്യപടി പദ്ധതി ആസൂത്രണമാണ്. ഒരു വിജയിച്ച വാർഡ് മെമ്പർ, താൻ നൽകിയ വാഗ്ദാനങ്ങളെ, പ്രദേശവാസികളുടെ കൂട്ടായ തീരുമാന ത്തോടെ നിയമപരമായ പദ്ധതി നിർദേശങ്ങളായി വാർഡ് സഭയിൽ അവതരിപ്പിക്കണം.

വാർഡ് സഭയുടെ ചുമതലകളിൽ ഉൾപ്പെടുന്നവ

1. പദ്ധതി നിർദേശങ്ങൾ: ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി പ്രദേശത്ത് നടപ്പാക്കേണ്ട പദ്ധതികളുടെയും വികസന പരിപാടികളുടെയും നിർദേശങ്ങൾ (ഏത് പ്രോജക്റ്റ് വേണം, എവിടെ തുടങ്ങണം തുടങ്ങിയവ) തയ്യാറാക്കുക.

2. മുൻഗണന നിശ്ചയിക്കൽ: ഈ പദ്ധതികളുടെ മുൻഗണന നിശ്ചയിക്കുകയും പദ്ധതിയിൽ ഉൾപ്പെടുത്തുന്ന പ്രോജക്റ്റുകൾ ഗ്രാമസഭ/വാർഡ് സഭ അംഗീകരിച്ചവയായിരിക്കണമെന്ന് ഉറപ്പാക്കുകയും ചെയ്യുക.

3 നിർവഹണ മേൽനോട്ടം: നടപ്പാക്കുന്ന വികസന-സേവന-ക്ഷേമ പദ്ധതികളുടെ നിർവഹണം നിരീക്ഷിക്കുക, വിലയിരുത്തുക, കാര്യക്ഷമത ഉറപ്പാക്കുക.

നഗരസഭകളിലെ വാർഡ് മെമ്പർമാർക്ക് നഗരം അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കൽ, മാലിന്യസംസ്‌കരണം മുതലായ കാര്യങ്ങൾക്കായുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നുവെന്ന് ഉറപ്പു വരുത്താൻ പ്രത്യേക ചുമതലയുണ്ട്. ഇത് നഗരമേഖലയിലെ ജനങ്ങളോടുള്ള മെമ്പറുടെ സുപ്രധാനമായ കടമയാണ്.

ഗുണഭോക്താക്കളുടെ അർഹത പരിശോധനയും തിരഞ്ഞെടുപ്പും

ക്ഷേമ പദ്ധതികൾ, സബ്‌സിഡികൾ, ഭവന പദ്ധതികൾ തുടങ്ങിയവ സംബന്ധിച്ച തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ ഏറ്റവും സുതാര്യത ആവശ്യമുള്ളതും നിയമപരമായി ഉറപ്പാക്കിയതുമായ കടമയാണിത്. സ്വജനപക്ഷപാതം ഒഴിവാക്കി, ഏറ്റവും അർഹരായവർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നത് വാർഡ് മെമ്പറുടെ പ്രധാന ധാർമികവും നിയമപരവുമായ ഉത്തരവാദിത്തമാണ്.

ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്ന പ്രക്രിയ വാർഡ് മെമ്പറുടെ വ്യക്തിപരമായ വിവേചനാധികാരത്തിൽപ്പെടുന്ന ഒന്നല്ല. അത് ഗ്രാമസഭയുടെ/വാർഡ് സഭയുടെ കൂട്ടായ തീരുമാനമാണ്.

അർഹതാ മാനദണ്ഡങ്ങൾ പരസ്യപ്പെടുത്തൽ

ഗുണഭോക്താക്കളെ തിരഞ്ഞെടുക്കേണ്ടിവരുമ്പോൾ അതിനുള്ള അർഹതയുടെയും മുൻഗണനയുടേയും മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് മുൻകൂട്ടി പരസ്യപ്പെടുത്തേണ്ടതും ഗ്രാമസഭ/വാർഡ് സഭയെ അറിയിക്കേണ്ടതുമാണ്.

അപേക്ഷകൾ സ്വീകരിക്കുകയും ഉദ്യോഗസ്ഥതലത്തിൽ അന്വേഷണം നടത്തുകയും ചെയ്ത ശേഷം അപേക്ഷകരുടെ കരട് മുൻഗണനാ ലിസ്റ്റ് വാർഡ് സഭയിൽ നൽകണം. അപേക്ഷകരെ കൂടി പങ്കെടുപ്പിച്ചു കൊണ്ട് അവിടെ വെച്ച് സൂക്ഷ്മ പരിശോധന നടത്തേണ്ടത് മെമ്പറുടെ കടമയാണ്.

അന്തിമ അംഗീകാരം: പരിശോധനയ്ക്ക് ശേഷം അർഹരായ ഗുണഭോക്താക്കളുടെ മുൻഗണനാ ലിസ്റ്റ് അന്തിമമായി തയ്യാറാക്കി ഗ്രാമപഞ്ചായത്തിന്/മുനിസിപ്പാലിറ്റിക്ക് ഗ്രാമസഭ/വാർഡ് സഭ സമർപ്പിക്കേണ്ടതാണ്. ഗ്രാമസഭ/വാർഡ് സഭ അംഗീകരിച്ച മുൻഗണനാ ക്രമം തദ്ദേശഭരണ സ്ഥാപനം മാറ്റം വരുത്തുവാൻ പാടില്ല എന്ന വ്യവസ്ഥ ഈ പ്രക്രിയയുടെ നിയമപരമായ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.

വിപുലമായ തിരഞ്ഞെടുപ്പ് അധികാരം: ഗ്രാമപഞ്ചായത്ത്/നഗരസഭ നടപ്പിലാക്കുന്ന പദ്ധതികളുടെ മാത്രമല്ല, ബ്ലോക്ക് പഞ്ചായത്തുകളോ ജില്ലാ പഞ്ചായത്തുകളോ മറ്റ് വകുപ്പുകളോ നടപ്പാക്കുന്ന പദ്ധതികളുടെയും ഗുണഭോക്താക്കളെ മുൻഗണനാ ക്രമത്തിൽ തെരഞ്ഞെടുക്കേണ്ടത് ഗ്രാമസഭ/വാർഡ് സഭയാണ്.

വാർഡ് മെമ്പർ നൽകിയ ക്ഷേമ വാഗ്ദാനം പോലും വാർഡ് സഭയുടെ കൂട്ടായ അംഗീകാരത്തിലൂടെ മാത്രമെ നിയമപരമായി സാധുവാകൂ. ഇത് വാർഡ് മെമ്പറുടെ അധികാരം കുറയ്ക്കുകയും സ്വജനപക്ഷപാ തത്തിനുള്ള സാധ്യത ഒഴിവാക്കി, നിയമപരമായ അർഹതയ്ക്ക് പ്രാധാന്യം നൽകുകയും ചെയ്യുന്നു. നീതിയുക്തമായ വിതരണം ഉറപ്പാക്കുക എന്നതാണ് വാർഡ് മെമ്പറുടെ ഏറ്റവും വലിയ കടമ. അർഹർക്ക് ആനുകൂല്യം ലഭിക്കുന്നുണ്ടെന്നും അനർഹർക്ക് ലഭിക്കുന്നില്ലായെന്നും ഉറപ്പുവരുത്തേണ്ടതും മെമ്പറുടെ പ്രധാന ഉത്തരവാദിത്തമാണ്.

മരാമത്ത് പണികളുടെ സുതാര്യതയും മേൽനോട്ടവും

വികസന വാഗ്ദാനങ്ങളിൽ മരാമത്ത് പണികൾ പ്രധാന പങ്ക് വഹിക്കുന്നു. ഈ പണികളുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കേണ്ടത് മെമ്പറുടെ കടമയാണ്.

1. എസ്റ്റിമേറ്റ് വിവരങ്ങൾ: വാർഡ് സഭയുടെ പ്രദേശത്ത് നടപ്പാക്കിയതോ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതോ ആയ പ്രവൃത്തികളുടെ എസ്റ്റിമേറ്റ്, അതിന്റെ സാമഗ്രികളുടെ ചെലവിന്റെ വിശദാംശം തുടങ്ങിയവ അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. ഈ വിശദാംശങ്ങൾ ഗ്രാമസഭയിൽ/വാർഡ് സഭയിൽ വിതരണം ചെയ്യേണ്ടതാണ്. ഇത് സാമ്പത്തിക സുതാര്യത ഉറപ്പാക്കുന്നു.

2. ഗുണഭോക്തൃ കമ്മിറ്റികളുടെ നിരീക്ഷണം: വികസന പരിപാടികൾ ഏറ്റെടുത്തു നടത്തുന്ന ഗുണഭോക്തൃ കമ്മിറ്റികളെ നിരീക്ഷിക്കുകയും ആവശ്യമായ സാങ്കേതികവും ഭരണപരവുമായ സഹായം നൽകുകയും ചെയ്യുക.

3. ഉദ്യോഗസ്ഥരുടെ പങ്കാളിത്തം: പ്രസിഡന്റ്/ചെയർപേഴ്‌സൺ ആവശ്യപ്പെടുന്നതിനനുസരിച്ച് ഗ്രാമപഞ്ചായത്തിന്റെ/മുനിസിപ്പാലിറ്റിയുടെ ഉദ്യോഗസ്ഥരെ യോഗങ്ങളിൽ പങ്കെടുപ്പിക്കാവുന്നതാണ്. ഇത് ഭരണപരമായ സഹായം ഉറപ്പാക്കുന്നു.

വാർഡ് സഭ, ഗ്രാമസഭ: കടമകൾ നിർവഹിക്കാനുള്ള വേദികൾ

വാർഡ് മെമ്പറുടെ കടമകൾ നിയമപരമായി നിർവഹിക്കാനും നൽകിയ വാഗ്ദാനങ്ങൾ ജനകീയമായ രീതിയിൽ പദ്ധതികളാക്കി മാറ്റാനും സഹായിക്കുന്ന പ്രധാനവേദി ഗ്രാമസഭയും വാർഡ് സഭയുമാണ്.

ഗ്രാമസഭ/വാർഡ് സഭ എന്നത് വാർഡ് മെമ്പറുടെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിനും വികസന പദ്ധതികൾക്ക് അംഗീകാരം നൽകുന്നതിനും നിയമപരമായ അധികാരം കയ്യാളുന്ന, താഴെത്തട്ടിലുള്ള ജനാധിപത്യ കേന്ദ്രമാണ്. ഗ്രാമസഭകളുടെ ശുപാർശകൾക്കും നിർദേശങ്ങൾക്കും ത്രിതല പഞ്ചായത്തുകൾ അർഹമായ പരിഗണന നൽകണം. ഗ്രാമസഭയിലൂടെയാണ് ഗ്രാമപ്പഞ്ചായത്തുകളുടെ പദ്ധതികൾ ഉരുത്തിരിയുന്നത്. പദ്ധതിയാസൂത്രണത്തിലും നിർവഹണത്തിലും ഗ്രാമസഭകൾക്ക് നിർണായകമായ സ്ഥാനം നിയമം വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഗ്രാമസഭയിൽ പാസ്സാക്കിയ ഒരു കാര്യം റദ്ദാക്കുന്നതിന് പാർലമെന്റിന് പോലും അധികാരമില്ല എന്ന വസ്തുത ഗ്രാമസഭയുടെ പരമാധികാരത്തെ ഊന്നിപ്പറയുന്നു. ഇത് വാർഡ് മെമ്പറുടെ ഭരണപരമായ കടമകളുടെ നിർവഹണത്തിൽ ജനകീയ കൂട്ടായ്മയുടെ ശക്തി എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നു.

വാർഡ് സഭയുടെ ഘടനയും പ്രവർത്തനങ്ങളും

വാർഡ് മെമ്പറുടെ കടമകൾ കാര്യക്ഷമമാക്കുന്നതിനായി വാർഡ് സഭയുടെ താഴെത്തട്ടിൽ നിരവധി ഉപഘടകങ്ങൾ പ്രവർത്തിക്കുന്നു.

ഗ്രാമ പഞ്ചായത്തുകളിൽ അയൽസഭ എന്ന സംവിധാനം നിലവിലുണ്ട്. ഒരു വാർഡിലെ 50 മുതൽ 100വരെ അടുത്തടുത്ത കുടുംബങ്ങൾ ഉൾപ്പെടുന്നതായിരിക്കണം അയൽസഭകൾ. നഗരസഭകളിലെ രജിസ്റ്റർ ചെയ്ത റസിഡൻസ് അസോസിയേഷനുകളെ അയൽസഭയായി കണക്കാക്കാവുന്നതാണ്.

ചുമതലകൾ: അയൽസഭ ഉൾപ്പെടുന്ന പ്രദേശത്ത് നടപ്പാക്കേണ്ട വികസന പ്രവർത്തനങ്ങളെ സംബന്ധിച്ചും അവയുടെ മുൻഗണനയെക്കുറിച്ചും ഗ്രാമ സഭയ്ക്ക് നിർദേശം നൽകുക എന്നതാണ് പ്രധാന ചുമതല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപ്പാക്കുന്ന വിവിധ വികസനപ്രവർത്തനങ്ങളെക്കുറിച്ച് കുടുംബങ്ങളെ അറിയിക്കുക, ഗ്രാമസഭ അംഗങ്ങളെ കൃത്യമായി പങ്കെടുപ്പിക്കുക, വികസന പ്രവർത്തനങ്ങൾക്കുള്ള വിഭവ സമാഹരണത്തിന് സഹായിക്കുക എന്നിവയും അയൽസഭയുടെ ചുമതലകളിൽപ്പെടുന്നു. അയൽ സഭയിൽനിന്നും ഒരു സ്ത്രീ, ഒരു പുരുഷൻ എന്നിവരെ വാർഡ് വികസന സമിതിയിലേക്ക് തിരഞ്ഞെടുക്കേണ്ടതാണ്.

വാർഡ് വികസന സമിതി

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഓരോ വാർഡിലും പരമാവധി 25 അംഗങ്ങൾ അടങ്ങുന്ന ഒരു വാർഡ് വികസന സമിതി രൂപീകരിക്കേണ്ടതാണ്. വാർഡിനെ പ്രതിനിധാനം ചെയ്യുന്ന പഞ്ചായ ത്തംഗം/കൗൺസിലർ ആയിരിക്കും ഇതിന്റെ ചെയർപേഴ്‌സൺ.

അംഗങ്ങളുടെ തിരഞ്ഞെടുപ്പ്: വികസന സമിതി അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് വിവിധ വിഭാഗങ്ങളിൽനിന്നാണ്.

1. വാർഡിലെ ഓരോ അയൽസഭയിൽനിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരു സ്ത്രീ, ഒരു പുരുഷൻ.

2. പൊതുസമ്മതരായ തദ്ദേശവാസികളായ 3 സ്ത്രീകൾ, 3 പുരുഷന്മാർ.

3. എസ്.സി, എസ്.ടി, പരമ്പരാഗത മത്സ്യത്തൊഴിലാളി എന്നീ വിഭാഗങ്ങളുടെ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം.

4. കർഷകർ, അധ്യാപകർ, ഡോക്ടർ, എഞ്ചിനീയർ, ശാസ്ത്രജ്ഞർ, സാങ്കേതിക വിദഗ്ധർ, റിട്ടയേർഡ് ഉദ്യോഗസ്ഥർ തുടങ്ങി വിവിധ മേഖലകളിലെ പ്രാഗത്ഭ്യം തെളിയിച്ച അഞ്ച് വിദഗ്ധർ.

ഇത് വികസന വാഗ്ദാനങ്ങൾ നടപ്പിലാക്കുമ്പോൾ സാങ്കേതികവും സാമൂഹികവുമായ വീക്ഷണങ്ങൾ ഉൾപ്പെടുത്താൻ മെമ്പറെ നിർബന്ധിക്കുന്നു. വാർഡ് മെമ്പറുടെ കടമ കേവലം പണം ചെലവഴിക്കുന്നതിൽ നിന്ന് മാറി, വിദഗ്ധരുടെ സഹായത്തോടെ കാര്യക്ഷമമായി പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിലേക്ക് മാറുന്നു.

(മുനിസിപ്പാലിറ്റി ആക്ട് 43 വകുപ്പ് പ്രകാരം വാർഡ് കമ്മിറ്റി രൂപീകരിക്കപ്പെട്ടിട്ടുള്ള വാർഡുകളിൽ വാർഡ് വികസന സമിതി രൂപീകരിക്കണമെന്നില്ല).

വാർഡ് മെമ്പർക്ക് ഗ്രാമസഭയോടുള്ള ബാധ്യതകൾ

വാർഡ് സഭകളെ കാര്യക്ഷമമായി വിളിച്ചുചേർക്കൽ വാർഡ് മെമ്പറുടെ നിയമപരമായ ബാധ്യതയാണ്.

അജണ്ടയും അറിയിപ്പും: ഗ്രാമസഭ/വാർഡ് സഭാ യോഗത്തിന് പ്രത്യേകം നോട്ടീസ് തയ്യാറാക്കണം. നോട്ടീസിൽ തീയതി, സമയം, സ്ഥലം എന്നിവ ഉൾപ്പെടുത്തണം. എല്ലാ വാർഡിലേക്കും ബാധകമായ പൊതുവായ അജണ്ടാ ഇനങ്ങൾക്ക് പുറമെ ഓരോ വാർഡിലേയും വോട്ടർമാരോ വാർഡ് മെമ്പർമാരോ ആവശ്യപ്പെടുന്ന ഇനങ്ങൾ അജണ്ടയിൽ ഉൾപ്പെടുത്താൻ വാർഡ് മെമ്പർ ബാധ്യസ്ഥനാണ്.

തീരുമാനങ്ങൾ നടപ്പാക്കൽ: നടപ്പാക്കുന്ന വികസന-സേവന-ക്ഷേമ പദ്ധതികളുടെ നിർവഹണം നിരീക്ഷിക്കാനും വിലയിരുത്താനും കാര്യക്ഷമത ഉറപ്പാക്കാനും ഗ്രാമസഭയ്ക്ക് ചുമതലയുണ്ട്. ഗ്രാമസഭയുടെ/വാർഡ് സഭയുടെ ഏതെങ്കിലും തീരുമാനങ്ങൾ തദ്ദേശഭരണ സ്ഥാപനം നടപ്പാക്കാതിരുന്നാൽ അതിനുള്ള കാരണം ഗ്രാമസഭയെ/വാർഡ് സഭയെ അറിയിക്കാൻ തദ്ദേശഭരണ സ്ഥാപനം (അതായത്, വാർഡ് മെമ്പർ മുഖേന) ബാധ്യസ്ഥനാണ്. ഇത് സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നു.

(അവസാനിച്ചില്ല)