വിശുദ്ധ ക്വുർആൻ; മാനവരാശിയുടെ വഴികാട്ടി

മെഹബൂബ് മദനി

2025 മാർച്ച് 22, 1446 റമദാൻ 21

നാം മനുഷ്യർ, കരുണാവാരിധിയായ നാഥന്റെ വൈവിധ്യമാർന്ന സൃഷ്ടിജാലങ്ങളിൽ സവിശേഷ ബുദ്ധിയാൽ ആദരിക്കപ്പെട്ട സമൂഹം. ഭൂമിയിലെ നമ്മുടെ സമാധാനമായ ജീവിതത്തിന് ആവശ്യമായെതെല്ലാം സൃഷ്ടികർത്താവ് നൽകിയിട്ടുണ്ട്. വിശപ്പ് ശമിപ്പിക്കാൻ സ്വാദിഷ്ടമായ ഭക്ഷ്യവസ്തുക്കൾ, കുടിക്കാൻ ശുദ്ധജലവും പഴച്ചാറുകളും, ഉടുക്കാൻ അലങ്കാരമാർന്ന വസ്ത്രങ്ങൾ, സഞ്ചരിക്കൻ ഉചിതമായ വാഹനങ്ങൾ... ഇങ്ങനെ അല്ലാഹു നൽകിയ അനുഗ്രഹങ്ങൾ എണ്ണിയാലൊടുങ്ങാത്തതാണ്. എന്നാൽ നമ്മുടെ മാനസിക സമാധാനത്തിനും ആത്മീയദാഹമകറ്റാനും അതിലുപരി മരണാനന്തര ജീവിതത്തിലെ മോക്ഷത്തിനുമായി അല്ലാഹു നൽകിയ വലിയ അനുഗഹമാണ് വിശുദ്ധ ക്വുർആൻ.

അതെ, ക്വുർആൻ നമുക്ക് വേണ്ടി നമ്മുടെ സ്രഷ്ടാവ് അവതരിപ്പിച്ച നന്മയാർന്ന ഗ്രന്ഥമാണ്. എന്നാൽ പല കാരണങ്ങളാൽ ഈ ദൈവിക ഗ്രന്ഥത്തെ കുറിച്ച് മനുഷ്യരിലധികവും അജ്ഞരാണ്. ദൈവദൂതന്മാരിൽ അവസാനത്തെ കണ്ണിയായ മുഹമ്മദ് നബിﷺയിലൂടെയാണ് അതിന്റെ അവതരണമുണ്ടായത്. ദൈവിക ഗ്രന്ഥത്തെ അടുത്തറിയാനും അതിൽ പറയുന്നതിനനുസരിച്ച് ജീവിതത്തെ ചിട്ടപ്പെടുത്താനും ശ്രമിച്ചിട്ടില്ലെങ്കിൽ പര്യവസാനം ദുരന്തമായിരിക്കുമെന്നതിൽ സംശയമില്ല.

ക്വുർആനിനെ കുറിച്ച്, അതൊരു പ്രത്യേക വിഭാഗത്തിനോ ഗോത്രത്തിനോ വേണ്ടി മാത്രം അവതരിക്കപ്പെട്ട ഒരു ഗ്രന്ഥമാണെന്ന് ആരെങ്കിലും വിചാരിക്കുന്നുവെങ്കിൽ അത് അറിവില്ലായ്മയിൽ നിന്നുയിർകൊണ്ട തെറ്റുധാരണ മാത്രമാണ്. സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിന്റെ കലാമുകളാണ് അഥവാ സംസാരങ്ങളാണ് ക്വുർആനിക വചനങ്ങൾ. മനുഷ്യരെ അന്ധവിശ്വാസങ്ങളുടെയും അബദ്ധധാരണകളുടെയും കൂരിരുട്ടുകളിൽനിന്ന് ദൈവിക സന്ദേശങ്ങളുടെ തെളിമയാർന്ന സരണിയിലേക്ക് നയിക്കുകയെന്നതാണ് ക്വുർആനിന്റെ ലക്ഷ്യം. അല്ലാഹു പറയുന്നത് ശ്രദ്ധിക്കുക: “അലിഫ് ലാം റ്വാ. മനുഷ്യരെ അവരുടെ രക്ഷിതാവിന്റെ അനുമതി പ്രകാരം ഇരുട്ടുകളിൽനിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരുവാൻ വേണ്ടി നിനക്ക് അവതരിപ്പിച്ചുതന്നിട്ടുള്ള ഗ്രന്ഥമാണിത്. അതായത്, പ്രതാപിയും സ്തുത്യർഹനും ആയിട്ടുള്ളവന്റെ മാർഗത്തിലേക്ക്’’ (14:1).

അന്തിമ വേദഗ്രന്ഥമായ ക്വുർആനിനെ ലോകാവസാനംവരെ യാതൊരുവിധ മാറ്റത്തിരുത്തലുകൾ ക്കും വിധേയമാക്കപ്പെടാതെ സംരക്ഷിക്കുമെന്നത് അല്ലാഹുവിന്റെ പ്രഖ്യാപനമാണ്. മറ്റൊരു വേദഗ്രന്ഥത്തിനും ഈ പ്രത്യേകത അവകാശപ്പെടാനില്ലെന്നതാണ് യാഥാർഥ്യം. അല്ലാഹു പറയുന്നു: “തീർച്ചയായും നാമാണ് ആ ഉൽബോധനം അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തു സൂക്ഷിക്കുന്നതുമാണ്’’ (15:9).

ഒരു ഗ്രന്ഥം ദൈവീകമാണോ എന്നു പരിശോധിക്കാൻ ഏതെല്ലാം മാനദണ്ഡങ്ങളുണ്ടോ, അതെല്ലാം വെച്ചു നോക്കിയാലും ക്വുർആൻ അല്ലാഹു അവതരിപ്പിച്ചത് തന്നെയാണെന്ന് ബോധ്യപ്പെടുമെന്നുള്ളത് അത്ഭുതാവഹം തന്നെയാണ്. ഇത്തരമൊരാശയത്തിലേക്ക് വിരൽ ചൂണ്ടുന്ന ദൈവിക വചനം കാണുക:

“അവർ ക്വുർആനെ പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കൽ നിന്നുള്ളതായിരുന്നെങ്കിൽ അവരതിൽ ധാരാളം വൈരുദ്ധ്യം കണ്ടത്തുമായിരുന്നു’’(4:82).

ഇത്തരമൊരു ഗ്രന്ഥം കൊണ്ടുവരാനുള്ള ക്വുർആനിന്റെ വെല്ലുവിളി ഏറ്റെടുക്കാനും ഇന്നേവരെ ആർക്കും സാധിച്ചിട്ടില്ല. ക്വുർആനിന്റെ ദൈവികതയാണ് ഇതും വ്യക്തമാക്കുന്നത്.

“നമ്മുടെ ദാസന് നാം അവതരിപ്പിച്ച് കൊടുത്തതിനെ (ക്വുർആനിനെ) പറ്റി നിങ്ങൾ സംശയാലുക്കളാ ണെങ്കിൽ അതിന്റെത് പോലുള്ള ഒരു അധ്യായമെങ്കിലും നിങ്ങൾ കൊണ്ടുവരിക. അല്ലാഹുവിന്ന് പുറമെ നിങ്ങൾക്കുള്ള സഹായികളെയും വിളിച്ചുകൊള്ളുക. നിങ്ങൾ സത്യവാൻമാരാണെങ്കിൽ (അതാണല്ലോ വേണ്ടത്). നിങ്ങൾക്കത് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ, നിങ്ങൾക്കത് ഒരിക്കലും ചെയ്യാൻ കഴിയുകയുമില്ല. മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരഗാഗ്നിയെ നിങ്ങൾ കാത്തു സൂക്ഷിച്ച് കൊള്ളുക. സത്യനിഷേധികൾക്കു വേണ്ടി ഒരുക്കിവെക്കപ്പെട്ടതാകുന്നു അത്’’ (2:23,24).

ക്വുർആനിന്റെ സ്വാധീനം

വിശ്വാസത്തിന്റെയും സംസ്‌കാരത്തിന്റെയുമെന്നല്ല, മുഴുമേഖലകളിലും അധമത്വത്തിന്റെ പടുകുഴിയിലാണ്ടു കിടന്നിരുന്ന ഒരു സമൂഹത്തെ ലോകാവസാനം വരെയുള്ള മുഴുവൻ മനുഷ്യർക്കും മാതൃകയാക്കാൻ പോന്ന ഉത്തമരാക്കി മാറ്റാൻ നബിﷺക്ക് സാധിച്ചത് ക്വുർആനിന്റെ പിൻബലം കൊണ്ട് മാത്രമാണ്. അല്ലാഹു പറയുന്നു: “രാജാവും പരമ പരിശുദ്ധനും പ്രതാപശാലിയും യുക്തിമാനുമായ അല്ലാഹുവെ ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം പ്രകീർത്തിച്ചുകൊണ്ടിരിക്കുന്നു. അക്ഷരജ്ഞാനമില്ലാത്തവർക്കിടയിൽ, തന്റെ ദൃഷ്ടാന്തങ്ങൾ അവർക്ക് വായിച്ചു കേൾപിക്കുകയും അവരെ സംസ്‌കരിക്കുകയും അവർക്ക് വേദഗ്രന്ഥവും തത്ത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാൻ അവരിൽ നിന്നു തന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവൻ. തീർച്ചയായും മുമ്പ് അവർ വ്യക്തമായ വഴിയിലായിരുന്നു’’ (62:1,2).

ദൈവികവചനങ്ങളിലൂടെ പഠിപ്പിക്കുന്ന ഏകദൈവാരാധനയും പരലോക വിശ്വാസവും ബോധ്യപ്പെ ട്ടതോടെ തുല്യതയില്ലാത്ത പരിവർത്തനം ആ സമൂഹത്തിൽ സാധ്യമാവുകയായിരുന്നു. അങ്ങനെ ക്വുർആനിന്റെ അവതരണത്തിനനുസരിച്ച് അതിന്റെ അന്തസ്സത്ത മുഴുവൻ ഉൾക്കൊണ്ട ഒരു സമൂഹം വളർന്നു വന്നു.

ക്വുർആനിന്റെ അനുകരണാതീതമായ വശ്യത അവിശ്വാസികളപ്പോലും അമ്പരിപ്പിച്ചിരുന്നു. പേരും പെരുമയും നിമിത്തം ക്വുറൈശീ ഗോത്രത്തിന്റെ സുഗന്ധച്ചെടി എന്നുവരെ വിശേഷിക്കപ്പെട്ടിരുന്ന വലീദ്ബ്‌നുമുഗീറ നബിﷺയുടെ അരികിൽ വന്നു. പ്രവാചകൻﷺ അദ്ദേഹത്തിന് ക്വുർആനിക വചനങ്ങൾ ഓതിക്കൊടുത്തു. ഇതു മുഖേന അദ്ദേഹത്തിന്റെ ഹൃദയത്തിൽ അൽപം അലിവുണ്ടായതുപോലെയായി. ഈ സംഭവം ക്വുറൈശീ നേതാവായ അബൂജഹല്ബ്‌നു ഹാഷിം അറിഞ്ഞു. ഉടനെത്തന്നെ അയാൾ വലീദിന്റെ അടുക്കലെത്തി ഇങ്ങനെ പറഞ്ഞു: ‘ഹേ, പിതൃവ്യാ! നിങ്ങളുടെ ജനത നിങ്ങൾക്ക് അൽപം സമ്പത്ത് ശേഖരിച്ചു തരാനുദ്ദേശിക്കുന്നു.’ വലീദ് ചോദിച്ചു: ‘എന്തിനാണത്?’ അബൂജഹൽ: ‘നിങ്ങൾക്ക് തരുവാൻ തന്നെ. കാരണം, നിങ്ങൾ മുഹമ്മദിന്റെ പക്കലുള്ളത് ചോദിക്കുവാൻ വേണ്ടി അദ്ദേഹത്തിന്റെ അടുക്കൽ ചെന്നിരുന്നുവല്ലോ.’ വലീദ്: ‘ഞാൻ ക്വുറൈശികളുടെ കൂട്ടത്തിൽ ധാരാളം ധനമുള്ളവനാണെന്ന് അദ്ദേഹത്തിനറിയാമല്ലോ.’

അബൂജഹൽ: ‘എങ്കിൽ നിങ്ങൾ മുഹമ്മദ് കൊണ്ടുവന്ന കാര്യത്തോട് വെറുപ്പുളവാക്കുമാറുള്ള വല്ലതും ക്വുറൈശികൾ അറിയുന്നതിന് വേണ്ടി പറയുകതന്നെ വേണം.’ വലീദ്: ‘ഞാൻ അദ്ദേഹത്തെ കുറിച്ച് എന്തു പറയാനാണ്! അല്ലാഹുവാണ് സത്യം! നിങ്ങളിലാരും എന്റെയെത്ര കവിതകളറിയുന്നവരായില്ല. പാട്ടോ ഗാനമോ ജിന്നുകളുടെ കവിതയോ എന്റെയത്ര നിങ്ങൾക്കറിയില്ല. അല്ലാഹുവാണ് സത്യം! മുഹമ്മദ് പറയുന്നത് (ക്വുർആൻ) ഇതിനോടൊന്നും സാമ്യമില്ലാത്തതാണ്. അല്ലാഹുവാണ് സത്യം! അവൻ പറയുന്ന കാര്യങ്ങൾക്ക് വല്ലാത്തൊരു മാധുര്യമുണ്ട്. അതിന്റെ താഴെ വരുന്നതിനെയെല്ലാം അത് (ക്വുർആൻ) ചവിട്ടിത്താഴ്ത്തുകതന്നെ ചെയ്യും. അത് ഉന്നതിയിലെത്തും. അതിന്നുപരിയായി ഒന്നും നിലകൊള്ളുകയില്ല.’ അബൂജഹൽ: ‘എങ്കിലും താങ്കൾ അതിനെ കുറിച്ച് എന്തെങ്കിലും (എതിർത്ത്) പറയാതെ താങ്കളുടെ ജനത തൃപ്തരാവില്ല.’ വലീദ്: ‘ശരി, എങ്കിൽ നിങ്ങളെന്നെ ഒഴിവാക്കിത്തരിക. ഞാനൊന്ന് ആലോചിക്കട്ടെ.’ ആലോചനക്ക് ശേഷം അദ്ദേഹം പറഞ്ഞു: ‘ഇത് മറ്റാരിൽനിന്നോ ഉദ്ധരിക്കപ്പെടുന്ന സിഹ്‌റാണ് അഥവാ മാരണമാണ്’’ (ഇബ്‌നുകസീർ 4/534).

നബിﷺ ക്വുർആൻ പാരായണം ചെയ്യുമ്പോൾ അതിന്റെ സ്വാധീന വലയത്താൽ അവിടുത്തെ എതിർക്കുന്ന സത്യനിഷേധികൾപോലും സാഷ്ടാംഗം ചെയ്ത ചരിത്രവും ഇത്തരുണത്തിൽ സ്മരണീയമാണ്.

ക്വുർആൻ പഠനം

അല്ലാഹു മനുഷ്യരുടെ നൻമയ്ക്കായി അവതരിപ്പിച്ച ഗ്രന്ഥം പഠിക്കൽ ഓരോരുത്തരുടെയും ബാധ്യതയാണെന്നതിൽ സംശയമില്ല. ദൈവിക വചനങ്ങളുടെ പഠനത്തിലൂടെ മാത്രമാണ് നമുക്ക് നല്ല സംസ്‌കാരവും സ്വഭാവവുമുള്ളവരായി മാറാൻ കഴിയുക. പഠനത്തിന് വളരെയെളുപ്പമുള്ളതാണ് അതിന്റെ ശൈലി. അല്ലാഹുതന്നെ അക്കാര്യം പറയുന്നത് കാണുക: “തീർച്ചയായും ആലോചിച്ച് മനസ്സിലാക്കുവാൻ ക്വുർആൻ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നാൽ ആലോചിച്ച് മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?’’ (54,32).

മനുഷ്യരിൽ അല്ലാഹുവിന്റെയടുക്കൽ ഏറ്റവും ഉത്തമർ ക്വുർആൻ പഠിക്കുകയും അത് പഠിപ്പിക്കുകയും ചെയ്യുന്നവരാണെന്ന് നബിﷺ പഠിപ്പിച്ചിട്ടുണ്ട്.

അബൂഹുറയ്‌റ(റ)യിൽ നിന്ന് നിവേദനം: അല്ലാഹുനിന്റെ റസൂൽﷺ പറഞ്ഞു: “രണ്ട് കാര്യങ്ങളിലല്ലാതെ അസൂയ ഇല്ല. ഒരാൾ അല്ലാഹു അയാൾക്ക് ക്വുർആൻ പഠിപ്പിച്ചു. അയാളാകട്ടെ രാപകലുകളിൽ ക്വുർആൻ പാരായണം ചെയ്യുന്നു. അപ്പോൾ അയാളുടെ അയൽവാസി അതു കേൾക്കുകയും ശേഷം (ഇപ്രകാരം) പറയുകയും ചെയ്യുന്നു: ‘എനിക്കും ഇയാൾക്ക് നൽകപ്പെട്ടതുപോലെ നൽകപ്പെട്ടിരുന്നുവെങ്കിൽ അയാൾ അനുഷ്ഠിക്കുന്നത് പോലെ കർമങ്ങൾ ഞാനും അനുഷ്ഠിച്ചിരുന്നു.’ മറ്റൊരാൾ, അയാൾക്ക് അല്ലാഹു സമ്പത്ത് നൽകി. അയാളാകട്ടെ ആ സമ്പത്ത് അല്ലാഹുവിന്റെ മാർഗത്തിൽ യഥേഷ്ടം വിനിയോഗിക്കുന്നു. അപ്പോൾ ഒരാൾ പറയുന്നു: ‘ഇയാൾക്ക് നൽകപ്പെട്ടിരിക്കുന്നത് പോലെ എനിക്കു നൽകപ്പെട്ടിരുന്നുവെങ്കിൽ അയാൾ അനുഷ്ഠിക്കുന്നത് പോലെ കർമങ്ങൾ ഞാനും അനുഷ്ഠിക്കുമായിരുന്നു’’(ബുഖാരി).

ക്വുർആൻ പഠിക്കാനും പാരായണത്തിനുമായി ഒരുമിച്ചുകൂടുന്നതിന്റെ മഹത്ത്വം തിരുദൂതർﷺ വിശദീകരിച്ചതിങ്ങനെയാണ്: “ഒരു വിഭാഗം അല്ലാഹുവിന്റെ ഭവനങ്ങളായ പള്ളികളിലെ ഒരു പള്ളിയിൽ ഒരുമിച്ച് കൂടുകയും അല്ലാഹുവിന്റെ കിതാബ് പാരായണം ചെയ്യുകയും അവർ അത് അന്യോന്യം പഠിക്കുകയുമായാൽ അവരുടെ മേൽ ശാന്തത വന്നിറങ്ങുകയും കാരുണ്യം അവരെ മൂടുകയും മലക്കുകൾ അവരെ പൊതിയുകയും അല്ലാഹു തന്റെ അടുക്കലുള്ളവരിൽ അവരെ അനുസ്മരിക്കുകയും ചെയ്യും, തീർച്ച!’’ (മുസ്‌ലിം).

“കിതാബിൽ നിന്നും (ക്വുർആനിൽനിന്നും) ആരെങ്കിലും ഒരു അക്ഷരം ഓതിയാൽ അവന് അതുകൊണ്ട് ഒരു പുണ്യമുണ്ട്. ഒരു പുണ്യം അതിന്റെ പത്തിരട്ടിയാണ്. അലിഫ്, ലാം, മീം എന്നത് ഒരു അക്ഷരമാണെന്ന് ഞാൻ പറയുന്നില്ല. എന്നാൽ അലിഫ് ഒരു അക്ഷരമാണ്. ലാം ഒരു അക്ഷരമാണ്. മീമ് ഒരു അക്ഷരമാണ്’’ (സുനനുത്തിർമുദി).

അല്ലാഹു പറയുന്നു: “ക്വുർആൻ പാരായണം ചെയ്യപ്പെട്ടാൽ നിങ്ങളത് ശ്രദ്ധിച്ച് കേൾക്കുകയും നിശ്ശബ്ദത പാലിക്കുകയും ചെയ്യുക. നിങ്ങൾക്ക് കാരുണ്യം ലഭിച്ചേക്കാം’’(7,204).

“നിനക്ക് നാം അവതരിപ്പിച്ചു തന്ന അനുഗൃഹീത ഗ്രന്ഥമത്രെ ഇത്. ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവർ ചിന്തിച്ച് നോക്കുന്നതിനും ബുദ്ധിമാൻമാർ ഉൽബുദ്ധരാകേണ്ടതിനും വേണ്ടി’’ (38:29).

മനശ്ശാന്തി ക്വുർആനിലൂടെ

ദൈവികവചനങ്ങളുടെ പാരായണവും പഠനവും മനുഷ്യമനസ്സുകൾക്ക് പകർന്നുനൽകുന്ന സമാധാനം വിവരണാതീതമാണ്. മാനസിക പ്രശ്‌നങ്ങൾക്ക് ഒരു പരിഹാരത്തിന് കൂടിയാണത്. കാരുണ്യവാനായ അല്ലാഹു പറയുന്നു: “ഹേ, മനുഷ്യരേ! നിങ്ങളുടെ നാഥനിൽനിന്നുള്ള സദുപദേശവും മനസ്സുകളിലുള്ള രോഗത്തിനു ശമനവും നിങ്ങൾക്ക് വന്നുകിട്ടിയിരിക്കുന്നു. സത്യവിശ്വാസികൾക്ക് മാർഗ ദർശനവും കാരുണ്യവും (വന്നുകിട്ടിയിരിക്കുന്നു)’’ (10:57).

“സത്യവിശ്വാസികൾക്ക് ശമനവും കാരുണ്യവുമായിട്ടുള്ളത് ക്വുർആനിലൂടെ നാം അവതരിപ്പിച്ചിരിക്കുന്നു’’ (17:82).

ദൈവസ്ണരമയിലൂടെ മാത്രമെ അനിർവചനായമാം വിധത്തിൽ മനസ്സുകൾക്ക് സമാധാനം ലഭിക്കുകയുള്ളൂ എന്നത് നാം അടിവരയിട്ടു മനസ്സിലാക്കേണ്ടതാണ്. “അതായത് വിശ്വസിക്കുകയും അല്ലാഹുവെ പറ്റിയുള്ള ഓർമകൊണ്ട് മനസ്സുകൾ ശാന്തമായിത്തീരുകയും ചെയ്യുന്നതുവരെ. ശ്രദ്ധിക്കുക, അല്ലാഹുവെ പറ്റിയുള്ള ഓർമകൊണ്ടത്രെ മനസ്സുകൾ ശാന്തമായിത്തീരുന്നത്’’ (13:28).