നരേന്ദ്ര മോദിയുടെ ‘സ്വകാര്യ’ സന്ദർശനവും ബാബരി വിധിയിലെ ‘ദൈവിക’ ഇടപെടലും

സുഫ്‌യാൻ അബ്‌ദുസ്സലാം

2025 മാർച്ച് 01, 1446 റമദാൻ 01

(ഇന്ത്യൻ ജുഡീഷ്യറിയും ചില യാഥാർഥ്യങ്ങളും 2)

ഡി.വൈ.ചന്ദ്രചൂഡിനോട് ബിബിസിയുടെ സ്റ്റീഫൻ സാക്കൂർ ചോദിച്ച മറ്റൊരു ചോദ്യം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചന്ദ്രചൂഡ് നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയെക്കുറിച്ചായിരുന്നു. ചീഫ് ജസ്റ്റിസ് പദവിയിൽ നിന്നും വിരമിച്ച 2024 നവംബർ 10ന് ഒരാഴ്ച മുമ്പായിരുന്നു മോദിയുടെ ‘സ്വകാര്യ’ സന്ദർശനം. ചന്ദ്രചൂഡിന്റെ വസതിയിൽ നടന്ന ഗണപതി പൂജയിലാണ് മോദി പങ്കെടുത്തത്. ഏതൊരാൾക്കും അയാളുടെ വിശ്വാസങ്ങളും ആചാരങ്ങളും ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. ചീഫ് ജസ്റ്റിസ് പദവിയിലിരിക്കെ ചന്ദ്രചൂഡ് നടത്തിയ ഗണപതിപൂജയെ ആരും വിമർശിക്കില്ല. ഹിന്ദുമത വിശ്വാസങ്ങളോടും ആചാരങ്ങളോടും തനിക്കുള്ള പ്രതിബദ്ധത അദ്ദേഹം പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ വ്യക്തിപരമായ ഒരു ആരാധനാകർമത്തിന്റെ ഭാഗമായി കുടുംബാംഗം പോലുമല്ലാത്ത ഒരു വ്യക്തി പങ്കെടുക്കുന്നത് സംശയം ജനിപ്പിക്കുന്ന കാര്യമാണ്. ഒരാളുടെ വ്യക്തിഗത ആചാരങ്ങളിൽ ഇന്ത്യൻ പ്രധാനമന്ത്രിക്ക് എന്ത് റോളാണുള്ളത് എന്ന ചോദ്യം വളരെ പ്രസക്തമാണ്.

അപ്രസക്തമാവുന്ന ന്യായങ്ങൾ

ജുഡീഷ്യറിയും എക്‌സിക്യൂട്ടീവും തമ്മിലുള്ള കൂടിക്കാഴ്ചകളിൽ തെറ്റില്ലെന്നും രാഷ്ട്രപതി ഭവനിലും റിപ്പബ്ലിക് ദിനത്തിലും പരസ്പരം കണ്ടുമുട്ടാറുണ്ട് എന്നെല്ലാമായിരുന്നു അന്ന് ചന്ദ്രചൂഡ് നൽകിയ വിശദീകരണം. ബിജെപി നേതാക്കളാവട്ടെ മൻമോഹൻ സിംഗ് സംഘടിപ്പിച്ച ഇഫ്ത്വാർ വിരുന്നിൽ അന്നത്തെ ചീഫ് ജസ്റ്റിസ് പങ്കെടുത്തിരുന്നു എന്ന മറുപടിയാണ് നൽകിയിരുന്നത്. പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും തമ്മിൽ കണ്ടുമുട്ടുന്ന ഒട്ടേറെ ചടങ്ങുകൾ ഉണ്ടാവുക സ്വാഭാവികമാണ്. എന്നാൽ വ്യക്തിപരമായ സന്ദർശനങ്ങൾ നടത്തുന്നതിന് ചില പ്രോട്ടോക്കോളുകളും കീഴ്‌വഴക്കങ്ങളുമുണ്ട്. പ്രധാനമന്ത്രിമാരും മുഖ്യമന്ത്രിമാരും നടത്തുന്ന ഇഫ്ത്വാർ പാർട്ടികൾ ഔദ്യോഗിക ചടങ്ങുകളായിട്ടാണ് കരുതപ്പെടുന്നത്. ഇഫ്ത്വാർ പാർട്ടി ഒരു സാമൂഹിക സൗഹൃദ പരിപാടിയായിട്ടാണ് എല്ലാവരും കാണുന്നത്. അതിനെയാരും പൂജയോ ആരാധനാകർമമോ ആയി കാണാറില്ല. എന്നാൽ ഇവിടെ വ്യക്തിപരമായി ഒരാൾ നടത്തുന്ന പൂജയിലാണ് പ്രധാനമന്ത്രി പങ്കെടുത്തത് എന്നതുകൊണ്ടുതന്നെ അത് ശരിയായില്ല എന്നതുതന്നെയാണ് പൊതുവിൽ വിലയിരുത്തപ്പെട്ടത്.

ജുഡീഷ്യറിയെ വിലയ്ക്ക് വാങ്ങുന്നവർ

ജുഡീഷ്യറിയുടെ ഉന്നതങ്ങളിൽ ഇരുന്നവരെ ചാക്കിട്ട് പിടിക്കുക എന്ന തന്ത്രം ബിജെപിയും മോദിയും വളരെക്കാലമായി പയറ്റിവരുന്ന കാര്യമാണ്. 2019 നവംബറിൽ ചീഫ് ജസ്റ്റിസ് പദവിയിൽ നിന്നും വിരമിച്ച രഞ്ജൻ ഗൊഗോയി മൂന്ന് മാസം കഴിയുമ്പോഴേക്ക് ബിജെപിയുടെ രാജ്യസഭാ എംപിയായി സ്ഥാനമേറ്റ സംഭവം നടന്ന രാജ്യമാണ് നമ്മുടെത്. ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലം ഹിന്ദുത്വവാദികൾക്ക് വിട്ടുകൊടുത്തുകൊണ്ടുള്ള വിധി നിർവഹിച്ചത് രഞ്ജൻ ഗൊഗോയി നേതൃത്വം നൽകിയ അഞ്ചംഗ ബെഞ്ചാണ്. അതായിരുന്നു അദ്ദേഹത്തിന്റെ അവസാന വിധിയും. 2019 നവംബർ 9ന് വിധി പറയുകയും നവംബർ 17ന് ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് വിരമിക്കുകയും ചെയ്ത ഗൊഗോയി ഉടനെത്തന്നെ ബിജെപിയുടെ രാജ്യസഭാ എംപിയായതിൽ ഒരു പ്ലാനിംഗും ഉണ്ടായിരുന്നില്ലെന്ന് കരുതാൻ സാധിക്കില്ല.

ബാബരി മസ്ജിദ് വിധി പറഞ്ഞ പ്രസ്തുത ബെഞ്ചിൽ ഒരംഗമായിരുന്നു ചന്ദ്രചൂഡും. ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തിന് ഹിന്ദുത്വവാദികൾ നടത്തിയ അവകാശവാദം ഒട്ടും ശരിയല്ലെന്ന് അറിയാമായിരുന്ന അംഗങ്ങളായിരുന്നു അഞ്ചുപേരും. പക്ഷേ, പ്രശ്‌നം പരിഹരിക്കാൻ ഇതല്ലാതെ മറ്റുമാർഗങ്ങളില്ല എന്ന നിഗമനത്തിലാണ് അന്നത്തെ വിധി വന്നത് എന്ന കാര്യം എല്ലാവർക്കുമറിയാവുന്നതാണ്. രാമക്ഷേത്രത്തോടൊപ്പം മറ്റൊരു മസ്ജിദ് കൂടി പണിയണമെന്ന് വിധി പറഞ്ഞ ജഡ്ജിമാർ അതിന്റെ നിർമാണമെവിടെയെത്തി എന്നതിനെ കുറിച്ച് അന്വേഷിച്ചിട്ടുണ്ടോ? പൂജാരിമാർക്ക് പോലും അവസരം നൽകാതെ നരേന്ദ്രമോദി ധൃതിപ്പെട്ട് ഉദ്ഘാടനം നടത്തിയ ക്ഷേത്രത്തിൽ 2024 ജൂലായ് മാസത്തിൽ ചന്ദ്രചൂഡും സന്ദർശനം നടത്തിയിരുന്നു. ക്ഷേത്രങ്ങളിൽ പോകാനുള്ള അദ്ദേഹത്തിന്റെ വ്യക്തിപരമായ സ്വാതന്ത്ര്യത്തെക്കുറിച്ചും അവകാശത്തെക്കുറിച്ചും ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല. എന്നാൽ തങ്ങൾ വിധി പറഞ്ഞു നേടിക്കൊടുത്ത ഒരു ക്ഷേത്രത്തിൽ സന്ദർശനം നടത്തുമ്പോൾ തങ്ങൾ പറഞ്ഞ വിധിയിലെ മസ്ജിദിനെക്കുറിച്ച് അന്വേഷിക്കാനും അതിന്റെ നിർമാണം പൂർത്തിയാവാത്തതിനെക്കുറിച്ച് പ്രധാനമന്ത്രിയോട് ഒരു വാക്ക് പറയാനുമുള്ള ആർജവം കൂടി കാണിക്കേണ്ടതുണ്ടായിരുന്നു.

ബാബരിയിലെ ‘ദൈവിക’ ഇടപെടൽ!

ചീഫ് ജസ്റ്റിസ് പദവിയിൽനിന്നും വിരമിക്കുന്നതിന് 20 ദിവസങ്ങൾക്ക് മുമ്പ് മഹാരാഷ്ട്രയിലെ സ്വന്തം ഗ്രാമമായ കനേർസറിൽ വെച്ച് ബാബരി വിധിയുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ബിബിസി ലേഖകൻ സാക്കൂർ അതിനെക്കുറിച്ചും ചോദിച്ചിരുന്നു. ബാബരി വിധിക്ക് മുമ്പായി സ്വന്തം ദൈവത്തോട് നല്ലത് തോന്നിപ്പിക്കാൻ വേണ്ടി പ്രാർഥിച്ചിരുന്നു എന്നാണ് ഗ്രാമനിവാസികളോട് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

‘പലപ്പോഴും കേസുകൾ തീർപ്പാക്കാൻ ഒരു പരിഹാരത്തിലെത്താൻ സാധിക്കാത്ത സന്ദർഭങ്ങൾ ഉണ്ടാകാറുണ്ട്, മൂന്ന് മാസമായി എന്റെ മുന്നിലുണ്ടായിരുന്ന അയോധ്യ പ്രശ്നത്തിന്റെ സമയത്തും സമാനമായത് സംഭവിച്ചു. ഞാൻ ദൈവത്തോട് പ്രാർഥിച്ചു. സത്യം പറയട്ടെ, നിങ്ങൾക്ക് വിശ്വാസമുണ്ടെങ്കിൽ ദൈവം നിങ്ങൾക്കൊരു മാർഗം കാണിച്ചുതരും.’ ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗത്തിലെ വിവാദഭാഗം.

ഇതുസംബന്ധമായി സ്റ്റീഫൻ സാക്കൂറിനോട് അദ്ദേഹം പറഞ്ഞ മറുപടി ഇപ്രകാരമാണ്:

‘ഒരു ജഡ്ജിയുടെ നാവിൽ വരുന്ന വാക്കുകളെ സോഷ്യൽ മീഡിയയിൽകൂടി മനസ്സിലാക്കാൻ ശ്രമിക്കരുത്. ഞാൻ ഒരു വിശ്വാസിയാണെന്ന വസ്തുതയെ നിഷേധിക്കുന്നില്ല, ഒരു സ്വതന്ത്ര ജഡ്ജിയാകാൻ നിരീശ്വരവാദിയാകണമെന്ന് നമ്മുടെ ഭരണഘടന ആവശ്യപ്പെടുന്നില്ല, എന്റെ വിശ്വാസത്തെ ഞാൻ വിലമതിക്കുന്നു. എന്റെ വിശ്വാസം എന്നെ പഠിപ്പിക്കുന്നത് സാർവലൗകിക മതബോധമാണ്. സംഘർഷം നിറഞ്ഞ മേഖലയിൽ ശാന്തതയും സമത്വവും കണ്ടെത്താൻ പ്രയാസമാണ്. ശാന്തത കൈവരിക്കാൻ ഓരോരുത്തരും ഓരോ മാർഗം സ്വീകരിക്കുന്നു. ഞാൻ ധ്യാനവും പ്രാർഥനയുമാണ് അവലംബിക്കുന്നത്. എന്റെ ധ്യാനവും പ്രാർഥനയും എല്ലാ മതവിഭാഗങ്ങളോടും തുല്യമായി പെരുമാറാനാണ് പഠിപ്പിക്കുന്നത്.’

അദ്ദേഹം പറഞ്ഞതിൽ ഒരു അസാംഗത്യവുമില്ല. പക്ഷേ, ഇത്തരം കാര്യങ്ങൾ ജനങ്ങൾക്ക് മുമ്പിൽ വെക്കുമ്പോൾ സ്വാഭാവികമായും ജനങ്ങൾക്കിടയിൽ സംശയം വളരാൻ കാരണമാകും. ജഡ്ജിയുടെ മുമ്പിൽ വരുന്ന കേസുകളിൽ വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ ഉത്തരം കണ്ടെത്താനാണ് ശ്രമിക്കേണ്ടത്. അത്തരമൊരു ശ്രമം ബാബരി-അയോധ്യ തർക്കവിഷയത്തിൽ ഉണ്ടായില്ല എന്ന ആക്ഷേപം നിലനിൽക്കുന്നു. തെളിവുകളും വസ്തുതകളും നോക്കുമ്പോൾ ഹിന്ദുത്വവാദികളുടെ വാദങ്ങൾക്ക് പ്രസക്തിയില്ലെന്ന് ന്യായാധിപർക്ക് തന്നെ ബോധ്യപ്പെടുന്നു. അതേസമയം അവർക്ക് എതിരായി വിധി പ്രസ്താവിച്ചാലുണ്ടാകുന്ന പ്രശ്‌നങ്ങളെ ഭയപ്പെടുകയും ചെയ്യുന്നു. ഇങ്ങനെയൊരു ആശയക്കുഴപ്പമാണ് ദൈവത്തോട് പ്രാർഥിച്ച് പ്രതിവിധി തേടുന്നതിലേക്ക് എത്തുന്നത്. ഇതിൽ നിന്നും ബാബരി വിഷയത്തിലെ ‘ദൈവിക ഇടപെടൽ’ അസ്ഥാനത്താണെന്ന് ബോധ്യപ്പെടുന്നു. മനഃസാക്ഷിയുടെ ബോധ്യങ്ങളെ മറക്കാൻ വ്യാജ ‘ദൈവിക’ ഇടപെടലുകൾക്ക് സാധിക്കില്ല.

സംശയം ജനിപ്പിക്കുന്ന ഇടപെടലുകൾ

ബാബരിയുടെ വിധി പറഞ്ഞ ബെഞ്ചിലെ പ്രമുഖ അംഗമായിരുന്ന ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസ് ആയപ്പോൾ ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ എടുത്ത നടപടി വിമർശനവിധേയമായിരുന്നു. 1991ലെ ആരാധനാലയ സംരക്ഷണ നിയമം നിലനിൽക്കെ ഗ്യാൻവാപിയുടെ കാര്യത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് ഉദ്ഖനനത്തിനുള്ള അനുമതി നൽകിയത് ശരിയായ നടപടിയായിരുന്നില്ല. ഇനിയൊരു ആരാധനാലയത്തിന്റെ കാര്യത്തിലും ഒരു പുനഃപരിശോധനയും പാടില്ലെന്നും എല്ലാം 1947 ആഗസ്റ്റ് 15ന് ആരാധനാലയം ആരുടെ കൈവശമായിരുന്നുവോ അപ്രകാരം നിജപ്പെടുത്തണമെന്നും ബാബരി വിധിയിൽ എഴുതിവെച്ച അംഗം കൂടിയായിരുന്നു ചന്ദ്രചൂഡ്. ബാബരിയുടെ വിധി എഴുതി മഷിയുണങ്ങും മുമ്പ് തന്നെ അതിന് കടകവിരുദ്ധമായ തീരുമാനമെടുത്തത് ചന്ദ്രചൂഡിന്റെ മനഃസാക്ഷി പോലും അംഗീകരിച്ചുകാണില്ല. ‘പരിശോധന’ പാടില്ലെന്ന് വിധിയിൽ പറഞ്ഞിട്ടില്ല എന്ന സാങ്കേതികത്വം പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഉദ്ഖനന അനുമതി നൽകിയത് എന്നത് ഞെട്ടിപ്പിക്കുന്നതാണ്.

ഹാദിയാ വിധിയുടെ ഉപജ്ഞാതാവ്

ഇങ്ങനെയുള്ള വിമർശനങ്ങൾ ഡി.വൈ.ചന്ദ്രചൂഡ് നേരിടുന്നുണ്ടെങ്കിലും ബാഹ്യ ഇടപെടലുകളും മതപരമായ മുൻധാരണകളും തന്റെ വിധികളെ സ്വാധീനിക്കില്ല എന്ന് ഉറപ്പുവരുത്തിയ ഒട്ടനവധി വിധികളുടെ ഉപജ്ഞാതാവാണ് അദ്ദേഹം. ഹാദിയ കേസ് അതിനൊരു ഉദാഹരണമാണ്.

വ്യക്തിസ്വാതന്ത്ര്യവും മതനിരപേക്ഷതയും ഉയർത്തിപ്പിടിച്ച, ചരിത്രത്തിൽ ഇടം നേടിയ ഹാദിയ കേസിൽ രാജ്യത്തിന് പ്രതീക്ഷ നൽകിക്കൊണ്ടുള്ള വിധി പ്രസ്താവിച്ചതും അദ്ദേഹം തന്നെയായിരുന്നു. ‘ഹാദിയയും അച്ഛനും തമ്മിലുള്ള ഭിന്നത ദൗർഭാഗ്യകരമായിരിക്കാം. എന്നാൽ ഒരു വ്യക്തി എന്ന നിലയ്ക്ക് ന്യായമായതും ശരിയായതുമായ ജീവിതരീതി തീരുമാനിക്കാനുള്ള ഹാദിയയുടെ അവകാശത്തിൽ ഹൈക്കോടതി ഇടപെടുന്നത് ശരിയല്ല. ഹാദിയക്ക് സ്വന്തം വ്യക്തിത്വത്തിന്മേൽ പൂർണമായ സ്വയംഭരണാവകാശമുണ്ട്.’ ലളിതവും സുവ്യക്തവുമായ, ചന്ദ്രചൂഡിന്റെ പ്രസ്താവന രാജ്യത്തിന് പകർന്ന ആശ്വാസം കുറച്ചൊന്നുമായിരുന്നില്ല.

(തുടരും)