വികസിക്കുന്ന പ്രപഞ്ചം

ഡോ. ടി. കെ. യൂസുഫ്

2025 നവംബർ 08, 1447 ജമാദുൽ അവ്വൽ 17

(ക്വുർആനിലെ പ്രപഞ്ച വിസ്മയങ്ങൾ-8)

പ്രപഞ്ചം അതിന്റെ ഉത്ഭവം മുതൽ വികസിച്ചുകൊണ്ടിരിക്കുന്നു എന്നാണ് ക്വുർആനിലെ وَالسَّمَاءَ بَنَيْنَاهَا بِأَيْدٍ وَإِنَّا لَمُوسِعُونَ (‘ആകാശമാകട്ടെ, നാം അതിനെ കരങ്ങളാൽ നിർമിച്ചിരിക്കുന്നു. തീർച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു’-51:47) എന്ന വചനം സൂചിപ്പിക്കുന്നത്. പ്രപഞ്ചോൽപത്തിവരെ കാലത്തിനൊപ്പം നാം പുറകോട്ട് സഞ്ചരിക്കുകയാണെങ്കിൽ വികസിച്ചുകൊണ്ടിരിക്കുന്ന ഈ പ്രപഞ്ചം ഒരു കേന്ദ്രീകൃത പിണ്ഡത്തിൽ ഒരുമിച്ച് കൂടുന്നതായി കാണാം. ഇക്കാര്യവും ക്വുർആൻ സൂചിപ്പിക്കുന്നുണ്ട്.

أَوَلَمْ يَرَ الَّذِينَ كَفَرُوا أَنَّ السَّمَاوَاتِ وَالْأَرْضَ كَانَتَا رَتْقًا فَفَتَقْنَاهُمَا

“ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേർന്നതായിരുന്നുവെന്നും എന്നിട്ട് നാം അവയെ വേർപ്പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികൾ കണ്ടില്ലേ?’’(21:30).

ക്വുർആനിൽ പരാമർശിച്ചതുപോലെ, പ്രപഞ്ചം വികസിക്കുന്നു എന്ന വസ്തുത ശാസ്ത്രത്തിന് ബോധ്യപ്പെടുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ്. ക്വുർആനിന്റെ അവതരണകാലത്തോ അതിന് ശേഷമുള്ള ഈ സുദീർഘമായ കാലഘട്ടത്തിനിടയിലോ ഇക്കാര്യം മനുഷ്യർക്ക് അറിയുമായിരുന്നില്ല. മനുഷ്യന്റെ വിജ്ഞാന ചക്രവാളം വികസിക്കുന്നതിനുസരിച്ച് ഇനിയും ഇനിയും ക്വുർആനിന്റെ ദൈവികതക്ക് അനവധി ദൃഷ്ടാന്തങ്ങൾ കണ്ടെത്താൻ കഴിയും. നക്ഷത്രങ്ങളിൽനിന്ന് വരുന്ന പ്രകാശ കിരണങ്ങൾ വിശകലനം ചെയ്തതിൽനിന്നാണ് ഗ്യാലക്‌സികൾ പരസ്പരം അകലുന്നത് പോലെ അവ നമ്മിൽനിന്നും അകന്നു പോകുന്നതായി കണ്ടെത്തിയത്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഇത് ഗോളശാസ്ത്രജ്ഞരുടെ ഇടയിൽ വിവാദമുണ്ടാക്കിയ ഒന്നാണെങ്കിലും പിന്നീട് തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രപഞ്ചവികാസം സ്ഥിരീകരിക്കുകയുണ്ടായി.

ആരംഭത്തിൽ സൂചിപ്പിച്ച ക്വുർആൻ വചനം ഇക്കാലമത്രയും ജനങ്ങൾക്കറിയാത്ത ഒട്ടനവധി പ്രാപഞ്ചിക വസ്തുതകൾ അനാവരണം ചെയ്യുന്നുണ്ട്. അതിലൊന്ന് ആകാശം ശക്തവും ഭദ്രവും സൂക്ഷ്മവുമായ ഒരു നിർമിതിയാണെന്നതാണ്. ആകാശമെന്നത് കേവലം ശൂന്യതയല്ല. ആകാശ പിണ്ഡങ്ങൾക്കിടയിലുളള ഒഴിഞ്ഞസ്ഥലം അതീവ സൂക്ഷ്മമായ വാതകമണ്ഡലമാണ്. പ്രധാനമായും ഹൈഡ്രജൻകൊണ്ട് നിറഞ്ഞ ഈ പ്രതലത്തിൽ കാൽസ്യം, സോഡിയം, പോട്ടാസ്യം, ഇരുമ്പ് തുടങ്ങിയവയുടെ കണികകളും അമോണിയ പോലുളള രാസവസ്തുക്കളും നീരാവിയും കാണപ്പെടുന്നുണ്ട്. നക്ഷത്രങ്ങൾക്കിടയിലുളള ഈ വികസിക്കുന്ന പ്രദേശത്ത് ഈ പദാർഥങ്ങളോടൊപ്പം കാന്തിക പ്രഭാവവുണ്ട്. അതുകൊണ്ടാണ് ആകാശപിണ്ഡങ്ങൾ പരസ്പരം ബന്ധിക്കപ്പെടുന്നത്.

രണ്ടാമതായി, പ്രസ്തുത ക്വുർആൻ സൂക്തത്തിലെ ‘കരങ്ങളാൽ നിർമിച്ചു’ എന്ന വാക്യം കഴിവ് കൊണ്ടും ശക്തികൊണ്ടും ആകാശം നിർമിച്ചു എന്നാണ് സൂചിപ്പിക്കുന്നത്. പ്രപഞ്ചത്തിന്റെ വിസ്മയകര മായ വ്യാപ്തിയും നിർമാണത്തിലെ ഭദ്രതയും താളം തെറ്റാതെയുളള അതിന്റെ നിലനിൽപും നിർമിച്ചതി ന്റെ പിന്നിൽ അല്ലാഹുവിന്റെ അപാരമായ ശക്തിതന്നെയാണ് പ്രവർത്തിച്ചിട്ടുളളത്.

മൂന്നാമതായി, നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ച വ്യാപ്തിയിലേക്കും ഈ വചനം വിരൽ ചൂണ്ടുന്നുണ്ട്. അല്ലാഹു ഉദ്ദേശിക്കുന്ന കാലമത്രയും അതവൻ വികസിപ്പിച്ചുകൊണ്ടിരിക്കും. നാലാമതായി, വികസിക്കുന്ന പ്രപഞ്ചത്തിന്റെ വ്യാപ്തിക്കനുസരിച്ച് വികസിച്ച പ്രദേശത്ത് പദാർഥങ്ങൾ നിറക്കേണ്ടതുണ്ട്. പ്രപഞ്ചം വികസിക്കുന്നതിനനുസരിച്ച് ഈ വിടവ് നിലവിലുളള പദാർഥങ്ങൾകൊണ്ടും വാതകങ്ങൾകൊണ്ടും നികത്തപ്പെടേണ്ടത് അതിന്റെ നിലനിൽപിന് അനിവാര്യമാണ്. പ്രപഞ്ചം വികസിക്കുന്നതിനനുസരിച്ച് ഈ ശൂന്യപ്രദേശത്ത് അതിശയകരമായ വേഗത്തിൽ ഊർജവും പദാർഥങ്ങളും നിറക്കുന്നത് ആരാണ്? അല്ലെങ്കിൽ എവിടെനിന്നാണ് പ്രസ്തുത വസ്തുക്കൾ വന്നു ചേർന്ന് ഈ ശൂന്യത നികത്തപ്പെടുന്നത്? ആധുനികശാസ്ത്രത്തിന് വ്യക്തമായ ഉത്തരം പറയാൻ കഴിയാത്ത ചോദ്യങ്ങളുടെ പട്ടികയിലൊന്നായിട്ടാണ് ഇതും പരിഗണിക്കപ്പെടുന്നത്.

ഈ പ്രപഞ്ചം ഒരു പിണ്ഡത്തിൽനിന്ന് ആരംഭിച്ച് വികസനം തുടങ്ങിയതാണെങ്കിൽ അതിനു പിന്നിൽ ഒരു ശക്തി പ്രവർത്തിച്ചിട്ടുണ്ടെന്നതിൽ സംശയമില്ല. അതുപോലെ ഒരിക്കൽ ഈ പ്രപഞ്ചത്തിന് ഒരു അന്ത്യവും അനിവാര്യമാണ്. പ്രപഞ്ചം എന്നോ ഇവിടെ നിലനിൽക്കുന്നതാണെന്നും എന്നും ഇവിടെ നിലനിൽക്കുന്നതാണെന്നുമുളള വാദം ദൈവനിഷേധികളുടെതാണ്. എന്നാൽ പ്രപഞ്ചോൽപത്തിയെക്കു റിച്ചുളള ക്വുർആനിന്റെ വിവരണം അറിവും ബുദ്ധിയുമുളള ഏവർക്കും അംഗീകരിക്കാൻ കഴിയുന്നതാണ്.

വികസിച്ചുകൊണ്ടിരിക്കുന്ന ഈ പ്രപഞ്ചത്തിന്റെ ഭാവി ഗതി എന്തായിരിക്കും? അന്ത്യദിനത്തെ അംഗീകരിക്കാത്ത ഒരുപറ്റം ശാസത്രജ്ഞർ പറയുന്നത് ഇത് അനന്തമായി വികസിച്ചുകൊണ്ടിരിക്കുമെന്നാണ്. പ്രപഞ്ചത്തെ അതിന്റെ കേന്ദ്രബിന്ദുവിലേക്ക് ആകർഷിക്കുന്നതിനെക്കാളും ശക്തി വികാസഗതിക്കുണ്ട് എന്നാണവരുടെ വാദം. എന്നാൽ ഗോള വിജ്ഞാനത്തിൽനിന്ന് ഇതുവരെ കണ്ടെത്തിയ വിവരങ്ങൾ വിശകലനം ചെയ്താൽ തന്നെ ഈ വാദം തെറ്റാണെന്ന് മനസ്സിലാകും. കാരണം നക്ഷത്രങ്ങൾ കെട്ടടങ്ങുകയും തമോഗർത്തങ്ങളായി മാറുകയും ചെയ്യുന്ന പ്രതിഭാസങ്ങൾ പ്രപഞ്ചത്തിന്റെ അനന്ത വികാസത്തെ നിഷേധിക്കുന്ന തെളിവുകളാണ്. ഉദാഹരണമായി, സൂര്യന് ഓരോ സെക്കന്റിലും ഏകദേശം 4.6 മില്യണെങ്കിലും പദാർഥനഷ്ടം സംഭവിക്കുന്നുണ്ട്. പ്രപഞ്ചവികാസം തുടർന്നാൽ ജ്വലിക്കുന്ന താരങ്ങൾ തണുത്ത ഗ്രഹങ്ങളായി മാറുകയും വികാസഗതി വിപരീതമായിത്തീരുകയും ചെയ്യും.

പ്രപഞ്ചത്തിന്റെ വികാസം ഇനി മന്ദഗതിയിലായിത്തീരുമെന്നാണ് മറ്റൊരു വിഭാഗം ഗോള ശസ്ത്രജ്ഞരുടെ കാഴ്ചപ്പാട്. ഇവരുടെ വീക്ഷണത്തിൽ മഹാവിസ്‌ഫോടന സമയത്ത് പ്രവഹിച്ച താപവും ആകാശ പിണ്ഡങ്ങൾക്ക് ആകർഷണശക്തിയിൽനിന്ന് രക്ഷപ്പെടാനുളള ത്വരയുമാണ് വികാസത്തിന് കാരണമായി ത്തീരുന്നത്. വിസ്‌ഫോടന സമയത്തുണ്ടായ വർധിച്ച ഊഷ്മാവിന്റെ അനുപാതം ഇപ്പോൾ കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. ഇത് ഇനിയും കുറയുകയും ആകർഷണശക്തി വർധിക്കുകയും ചെയ്യുന്നതോടുകൂടി പ്രപഞ്ച കേന്ദ്രത്തിൽനിന്ന് അകന്നുപോയ പിണ്ഡങ്ങൾ വീണ്ടും ഒരുമിച്ചുകൂടി പൂർവസ്ഥിതി പ്രാപിക്കാനിടയുണ്ട്. മഹാവിസ്‌ഫോടനത്തിന് വിപരീതമായി ഒരു മഹാസങ്കോചമായിരിക്കും അപ്പോൾ സംഭവിക്കുക. വിശുദ്ധ ക്വുർആൻ ഇക്കാര്യം വളരെ വ്യക്തമായി പ്രസ്താവിക്കുന്നതായി കാണാം.

يَوْمَ نَطْوِي السَّمَاءَ كَطَيِّ السِّجِلِّ لِلْكُتُبِ ۚ كَمَا بَدَأْنَا أَوَّلَ خَلْقٍ نُّعِيدُهُ ۚ وَعْدًا عَلَيْنَا ۚ إِنَّا كُنَّا فَاعِلِينَ

“ഗ്രന്ഥങ്ങളുടെ ഏടുകൾ ചുരുട്ടുന്ന പ്രകാരം ആകാശത്തെ നാം ചുരുട്ടിക്കളയുന്ന ദിവസം! ആദ്യമായി സൃഷ്ടി ആരംഭിച്ചതുപോലെത്തന്നെ നാം അത് ആവർത്തിക്കുന്നതുമാണ്. നാം ബാധ്യതയേറ്റ ഒരു വാഗ്ദാനമത്രെ അത്. നാം അത് നടപ്പിലാക്കുകതന്നെ ചെയ്യുന്നതാണ്’’(21:104).

അല്ലാഹു ഈ പ്രപഞ്ച താളിനെ അതുൾക്കൊളളുന്ന പദാർഥവും ഊർജവും കൂട്ടി ചുരുട്ടി മഹാവിസ്‌ഫോടനത്തിന് മുമ്പുളളതിന് സമാനമായ പരുവത്തിലാക്കും എന്നാണ് ഈ വചനത്തിൽനിന്നും ഗ്രഹിക്കാൻ കഴിയുന്നത്. പിന്നീട് ഇതിൽനിന്നും അനന്തവും അനശ്വരവുമായ പാരത്രിക ജീവിതത്തിന് വേണ്ടി മറ്റൊരു സൃഷ്ടിപ്പ് കൂടി നടത്തുമെന്നും ക്വുർആൻ സൂചിപ്പിക്കുന്നുണ്ട്:

يَوْمَ تُبَدَّلُ الْأَرْضُ غَيْرَ الْأَرْضِ وَالسَّمَاوَاتُ ۖ وَبَرَزُوا لِلَّهِ الْوَاحِدِ الْقَهَّارِ ‎

“ഭൂമി ഈ ഭൂമിയല്ലാത്ത മറ്റൊന്നായും അതുപോലെ ആകാശങ്ങളും മാറ്റപ്പെടുകയും ഏകനും സർവാധികാരിയുമായ അല്ലാഹുവിങ്കലേക്ക് അവരെല്ലാം പുറപ്പെട്ടുവരികയും ചെയ്യുന്ന ദിവസം’’ (14: 48).

പ്രപഞ്ചത്തിന്റെ ആവിർഭാവം The Big Bang Theory എന്ന പേരിലറിയപ്പെടുന്ന ഒരു മഹാ വിസ്‌ഫോടനത്തിലൂടെ സംഭവിച്ചുവെന്നത് പോലെ ഇതിന്റെ അന്ത്യം The Big Crunch Theory എന്ന ഒരു മഹാവിനാശത്തിലൂടെയായിരിക്കുമെന്നാണ് ശാസ്ത്രം പറയുന്നത്. ഈ രണ്ട് സിദ്ധാന്തങ്ങളെക്കുറി ച്ചുമുളള പരാമർശം ക്വുർആനിലെ ഒരു അധ്യായത്തിൽ തന്നെ (അൽഅൻബിയാഅ്: 30,104) പ്രസ്താവിച്ചുവെന്നതും ശ്രദ്ധേയമാണ്.

(തുടരും)