തദ്ദേശം സദുദ്ദേശ്യം
നബീൽ പയ്യോളി
2025 ഡിസംബർ 20, 1447 ജമാദുൽ ആഖിർ 29

കേരളത്തിന്റെ ഗ്രാമ-നഗരങ്ങളിൽ സാധാരണ ജനങ്ങൾ വിധിനിർണയിച്ച തദ്ദേശ തെരഞ്ഞെടുപ്പ് സമീപകാലത്തെ ഏറ്റവും പ്രാധാന്യം നിറഞ്ഞ ചിന്തകൾക്ക് വഴിവെക്കും എന്ന് നിസ്സംശയം പറയാം. ജനാധിപത്യത്തിൽ താഴെത്തട്ടിൽ സാധാരണ ജനത നിർണായക ഘടകമാകുന്നു എന്നതാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളെ വ്യത്യസ്തമാക്കുന്നത്. ഓരോ വോട്ടും അമൂല്യമാണ് എന്ന് പറയുന്നത് വെറും വാക്കല്ലെന്ന് പല വാർഡുകളിലെയും റിസൽട്ട് ബോധ്യപ്പെടുത്തിയ തെരഞ്ഞെടുപ്പ്. കോർപ്പറേഷൻ, മുൻസിപ്പാലിറ്റി, ബ്ലോക്ക്, ജില്ലാപഞ്ചായത്ത് തലങ്ങളിൽ അത്രതന്നെ ചെറിയ ഭൂരിപക്ഷത്തിൽ വിജയം നിർണയിക്കുന്നത് അപൂർവമാണ്. എന്നാൽ പഞ്ചായത്ത് വാർഡുകളിൽ അങ്ങനെയല്ല.
നമ്മുടെ തെരഞ്ഞെടുപ്പുകൾ എന്നത് കേവലം അധികാരം വെട്ടിപ്പിടിക്കനുള്ള അഭ്യാസമല്ല; ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്തിലെ ജനങ്ങളുടെ ജീവിതം നിർണയിക്കുന്നത് കൂടിയാണ്. ജീവിതം ദുഃസ്സഹമാവും വിധം ദൈനംദിന ചെലവുകൾ വർധിക്കുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. പെട്രോളിനും ഡീസലിനും ഒരു രൂപയുടെ വർധനയുണ്ടായാൽ പോലും അത് സർവ സാധനങ്ങളുടെയും സേവനങ്ങളുടെയും വില വർധനവിന് കാരണമാകും എന്ന് തിരിച്ചറിയാത്തവരായി ആരുമില്ല. അത്രമേൽ പ്രബുദ്ധരാണ് നമ്മുടെ വോട്ടർമാർ. അവിടെയാണ് തെരഞ്ഞെടുപ്പുകൾ ഒരു സുപ്രഭാതത്തിൽ ഉണ്ടാക്കിയെടുക്കുന്ന അജണ്ടകൾക്കപ്പുറം ജീവിതത്തിന്റെ അനുഭവസമ്പത്തിന്റെ കൂടി പ്രതിഫലനമാവു ന്നത്.
വിലക്കയറ്റം പോലുള്ള ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങൾ തന്നെയാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജനങ്ങളെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചതെന്നാണ് മനസ്സിലാക്കുന്നത്. അതുകൊണ്ടാണ് മുന്നണികൾ പോലും പ്രതീക്ഷിക്കാത്ത ഫലം ഉണ്ടായത്. ദൈനംദിന ചെലവുകൾക്ക് പ്രയാസപ്പെടുന്ന ആയിരങ്ങൾ കോവിഡാനന്തരം നാട്ടിൻപുറങ്ങളിലും നഗരങ്ങളിലും ഒരുപോലെ കാണുന്ന കാഴ്ചയാണ്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വലിയതോതിൽ വർധിച്ചു.
ഒരു സാമ്പത്തിക അച്ചടക്കവുമില്ലാതെ ധനികരും അപ്പർ-മിഡിൽ ക്ലാസുകാരുമൊക്കെ കാണിച്ചുകൂട്ടുന്ന കോപ്രായങ്ങൾ സന്മനസ്സുകളിൽ വലിയ വേദനയുണ്ടാക്കുന്നതാണ്; മറുവശത്ത് ജീവിത ചെലവുകൾക്ക് പ്രയാസപ്പെടുന്നവരും. ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ അടിസ്ഥാന മേഖലകളിൽ കൈപൊള്ളുന്ന അവസ്ഥയാണുള്ളത്. പ്രതിസന്ധിയിൽ കാലിടറി ജീവിതം അവസാനിപ്പിക്കുന്നവരുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്നു. ധനികർ കൂടുതൽ ധനികരാവുന്നതും ദരിദ്രർ അതിദരിദ്രരാവുന്നതും സമൂഹത്തിൽ ഉണ്ടാക്കുന്ന അരക്ഷിതാവസ്ഥ അപകടകരമാണ്. ഇതിലൊക്കെ ക്രിയാത്മകമായ ഇടപെടൽ നടത്താനുള്ള തിരിച്ചറിവ് ഈ തെരഞ്ഞെടുപ്പ് ഫലം സർവ രാഷ്ട്രീയക്കാർക്കും നൽകും എന്ന് പ്രതീക്ഷിക്കാം.
ഏതൊരു സമൂഹത്തിലും ഏറ്റവും കൂടുതൽ പരിഗണന നൽകേണ്ടത് അടിസ്ഥാന ജനങ്ങൾക്ക് തന്നെയാണ്. നാട്ടിൻപുറങ്ങളിലെ ചെറിയ ബിസിനസ് സ്ഥാപനങ്ങളിൽ നടക്കുന്ന സാമ്പത്തിക ഇടപാടുകളും ബിസിനസും വിപണിയിൽ ഉണ്ടാക്കുന്ന വിനിമയ സ്വാധീനം ഏതാനും ആളുകളുടെ കൈകളിലേക്ക് എത്തുന്ന വൻകിട സ്ഥാപനങ്ങൾക്ക് സാധിക്കില്ല എന്നത് സാമൂഹിക പാഠമായി രാഷ്ട്രീയ നേതൃത്വം മനസ്സിലാക്കേണ്ടതുണ്ട്. അടിസ്ഥാന ജനവിഭാങ്ങളെ മറന്നുകൊണ്ടുള്ള മുന്നോട്ടുപോക്ക് ആത്മഹത്യാപരമാണ് എന്ന് സാരം. രാജ്യത്ത് തൊഴിലുറപ്പ് പദ്ധതിയും ഭക്ഷ്യസുരക്ഷാ പദ്ധതിയുമൊക്കെ ഈ അടിസ്ഥാനത്തിൻനിന്നും രൂപം കൊണ്ടതാണ്. സാധാരണ ജനങ്ങളാണ് സാമൂഹിക മുന്നേറ്റത്തിന്റെ അടിത്തറ.
വർഗീയതയെ ഏതാണ്ടൊക്കെ വേരോടെ പിഴുതെറിഞ്ഞു എന്നതും ഈ തെരഞ്ഞെടുപ്പിന്റെ സവിശേഷതയായി നമുക്ക് അഭിമാനപൂർവം പറയാം. കേരളത്തിലെ പ്രബല മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിച്ച സർവരും തോറ്റുപോയി. ജയിച്ചത് കേരളം കാലങ്ങളായി അഭിമാനപൂർവം പറഞ്ഞ മതേരതത്വബോധമാണ്. വർഗീയത എന്നത് ഇരുതലമൂർച്ചയുള്ള വാളാണ്. അത് ഉപയോഗിച്ചവർ സ്വയം നാശത്തിലേക്ക് കൂപ്പുകുത്തിയിട്ടേയുള്ളൂ എന്നത് ചരിത്രം പഠിക്കുന്ന ഏതൊരാൾക്കും മനസ്സിലാക്കാൻ കഴിയും. ബിജെപിക്ക് കേരളത്തിൽ വലിയ നേട്ടം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല എന്ന് മാത്രമല്ല; കേരളത്തിലെ പ്രബല സാമുദായിക സംഘടനയുടെ നേതാവ് നാടുനീളെ നടന്ന് വിഷം വമിപ്പിച്ചത് അർഹിക്കുന്ന അവജ്ഞയോടെ ആ സമുദായവും ജനങ്ങളും ഒരുപോലെ തള്ളിക്കളയുകയും ചെയ്തിരിക്കുന്നു. വർഗീയ വിഷയങ്ങൾക്ക് വാഴ്ത്തുപാട്ട് പാടുകയും മൗനം അവലംബിക്കുകയും സർക്കാർ കാറിൽ ആനയിക്കുകയും ചെയ്തവർക്ക് കൂടിയുള്ള കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം. വർഗീയയെ ചെറുത്ത് തോൽപിക്കാൻ ലഭിക്കുന്ന അവസരം ഫലപ്രദമായി ഉപയോഗിക്കാൻ ജങ്ങൾ കാത്തിരിക്കുകയായിരുന്നു എന്നു വേണം മനസ്സിലാക്കാൻ.
വിശ്വാസം ജീവവായുവായ ബഹുഭൂരിപക്ഷം ജീവിക്കുന്ന മണ്ണാണ് കേരളം. അവിടെ വിശ്വാസികളുടെ മനസ്സിന് മുറിവേൽപിക്കും വിധം നടന്ന കൊള്ളകൾ, ശബരിമല, വക്വ‌്‌ഫ് തുടങ്ങി നിരവധി വിഷയങ്ങൾ വോട്ടർമാരെ സ്വാധീനിച്ചു എന്നത് അനിഷേധ്യമാണ്. വിശ്വാസത്തിനെതിരെ ലിബറൽ മതവിരുദ്ധ കാഴ്ചപ്പാടുകൾ അടിച്ചേൽപിക്കാൻ സർക്കാർ നിരന്തരം ശ്രമിച്ചതും തെരഞ്ഞെടുപ്പിൽ തിരിച്ചടിക്ക് കാരണമായിട്ടുണ്ടാകാം. മതങ്ങളെയും വിശ്വാസങ്ങളെയും ചേർത്ത് നിർത്തുന്ന ഇന്ത്യൻ മതേതര മണ്ണിലേക്ക് അതിനെയൊക്കെ നിഷേധിക്കുന്ന യൂറോപ്യൻ ചിന്തകൾ കൊണ്ടുവരുന്നത് ഇവിടുത്തെ സാംസ്‌കാരിക പരിസരത്തെ മലീമസമാക്കുകയും വിശ്വാസിമനസ്സുകളിൽ ആഴത്തിലുള്ള മുറിവുണ്ടാക്കുകയും ചെയ്യും എന്ന കാര്യം പലപ്പോഴായി വിവേകമതികൾ ഓർമിപ്പിച്ചിട്ടും അത് ചെവിക്കൊള്ളാത്തതിന്റെ അനന്തരഫലവും തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുന്നുണ്ട്.

വ്യക്തികേന്ദ്രീകൃതവും സാധാരണ ജനങ്ങളെ നേരിട്ട് ബാധിക്കാത്തതുമായ വിഷയങ്ങളിൽ അന്തരീക്ഷമലിനീകരണം നടത്തുന്ന പിആർ കമ്പനികൾക്കും ഈ തെരഞ്ഞെടുപ്പ് വലിയ തിരിച്ചടി നൽകി എന്നതും പ്രതീക്ഷയാണ്. ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാൻ അപ്രസക്തമായ വിഷയങ്ങളെ ചർച്ചയാക്കിയ കുതന്ത്രക്കാരും മാധ്യമങ്ങളും തങ്ങളുടെ വിലപ്പെട്ട മണിക്കൂറുകൾ നഷ്ടപ്പെടുത്തിയത് മിച്ചം.
വിഷയങ്ങളെ പ്രാധാന്യമനുസരിച്ചും വിവേകത്തോടെയും അവതരിപ്പിക്കാൻ സാധിക്കുന്നിടത്താണ് ഇനിയുള്ള കാലത്ത് ജയം. കാരണം, സാമൂഹ്യമാധ്യമങ്ങളിൽ ജനങ്ങൾ മുഴുവൻ മാധ്യമപ്രവർത്തകരാണ്. അവരും ലോകത്തിന്റെ ഗതിവിഗതികൾ അറിയുന്നുണ്ട്. അനീതിയും ഇരട്ടത്താപ്പും അന്യായവും ധാർമികതയും വ്യവഛേദിച്ച് മനസ്സിലാക്കാനും അതിനെതിരെ ശക്തമായ നിലപാടെടുക്കാനും മലയാളി കൾക്ക് കഴിവുണ്ട്.
ജനങ്ങൾ നൽകുന്ന വിവിധ നികുതികളുടെ ശേഖരമാണ് ഖജനാവ്. അതിൽനിന്നും നൽകുന്ന ആനുകൂല്യങ്ങൾ അവകാശങ്ങളാണ,് ഔദാര്യമല്ല. ആത്മാഭിമാനമുള്ള മനുഷ്യർ അവകാശബോധമുള്ളവർ കൂടിയാണ്. അതുകൊണ്ട്തന്നെ ജനങ്ങളെ അവഗണിക്കാനോ വിലകുറച്ചു കാണാനോ ശ്രമിക്കുന്നത് അംഗീകരിക്കാവുന്നതല്ല. അഭിമാനബോധത്തോടെ അവകാശങ്ങൾ ചോദിച്ചുവാങ്ങാൻ അവരെ പ്രാപ്തരാക്കേണ്ടതാണ് പുതിയകാലത്തെ ഭരണാധികാരികൾ.
വികസനത്തിന് കൃത്യമായ പദ്ധതികൾ ജനങ്ങൾക്ക് ബോധ്യമാവും വിധം അവതരിപ്പിക്കാനും പാർട്ടികൾ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രകടന പത്രിക എന്നത് ജനങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും സ്വപനങ്ങളും പ്രതിഫലിക്കുന്നതാവണം. യാഥാർഥ്യബോധമുള്ള ഇടപെടൽ ഉണ്ടാവുമെന്ന പ്രതീക്ഷ അനിവാര്യമായും വോട്ടർമാർക്ക് കൈമാറാൻ സാധിക്കേണ്ടതുണ്ട്. കമ്മ്യുണിക്കേഷൻ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുകയും അവ ജനങ്ങൾക്ക് ബോധ്യപ്പെടുകയും വേണം. അത് തെരഞ്ഞെടുക്കപ്പെടാനുള്ള കാരണമായി മാറുകയും ചെയ്യണം.
കണ്ണും കാതും മനസ്സും നിലപാടുകളെ നിർണയിക്കുന്ന കാലത്ത് ഇലക്ഷനുകളെ ഗിമ്മിക്കുകളോ പുകമറകളോകൊണ്ട് മലീമസമാക്കരുത്. സജീവവും സക്രിയവുമായ ജനാധിപത്യത്തിന് സമൂഹം തയ്യാറാണെന്ന് ഈ തെരഞ്ഞെടുപ്പ് ഫലം ഓർമപ്പെടുത്തുന്നുണ്ട്. ധാരാളം പുതുതലമുറക്കാർ മത്സരിച്ച തെരഞ്ഞെടുപ്പ് എന്ന പ്രത്യേകതകൂടി ഇക്കഴിഞ്ഞ തദ്ദേശപ്പോരിനുണ്ട്. മയക്കുമരുന്നും ഇന്റർനെറ്റും തീർത്ത മാന്ത്രിക വലയത്തിൽനിന്നും യാഥാർഥ്യത്തിന്റെ ലോകത്തിലേക്കുള്ള അവരുടെ തിരിച്ചുവരവിന് അവസരം ഒരുക്കലാണത്. ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും പക്ഷം ചേർന്ന് യുവത മുന്നോട്ടു നീങ്ങൽ അനിവാര്യമായ കാലമാണിത്.
വിജയവും പരാജയവും ജീവിതത്തിന്റെ ഭാഗമാണ്. ജയിച്ചവർക്ക് ഉത്തരവാദിത്തം കൂടുതലാണ്. ജനങ്ങൾ ഏൽപിച്ച ഉത്തരവാദിത്തം കൃത്യമായി നിർവഹിക്കാൻ സദാ സന്നദ്ധരായി അവർക്കിടയിൽ പ്രവർത്തിക്കാൻ ശ്രദ്ധിക്കണം.
പതിറ്റാണ്ടുകൾ ഭരിച്ച പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മുന്നണികൾക്ക് നഷ്ടമായത് ജനങ്ങളെ അവഗണിച്ചതോ തുടർച്ചയായ അധികാരം നൽകിയ അമിത ആത്മവിശാസമോ ആവാം. തകർക്കാൻ പറ്റാത്ത കോട്ടകളും വെളിച്ചം കടക്കാത്ത ഇരുമ്പറകളും ഇന്നില്ല. എല്ലാവരും വ്യത്യസ്തരായ വ്യക്തികളാണ്. ഒഴുകിവരുന്ന ഇൻഫർമേഷൻ നിലപാടുകളെ സ്വാധീനിക്കും. ആരെയും എവിടെയെങ്കിലും തളച്ചിടാനും ഇരുട്ടിൽ നിർത്താനും സാധ്യമല്ല. ഇരുമ്പറകൾ ഭേദിച്ച് കോട്ടകൊത്തളങ്ങൾ തകർത്ത് ജനവികാരം പ്രകടമാകും വിധം പ്രബുദ്ധവും സജീവവുമായ ജനാധിപത്യ സമൂഹം ഏതൊരു നാടിനും പ്രതീക്ഷനൽകുന്നതാണ്.
നാടിെൻറ വികസനത്തിൽ കൈകോർത്ത് പിടിക്കുകയും നാശഹേതുക്കളെ പുറംകാലുകൊണ്ട് തള്ളിക്കളയുകയും ചെയ്യുക. ജനാധിപത്യ ഇടങ്ങളിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കുന്ന വർഗീയ വാദികൾക്ക് ഇടം നൽകാത്തവിധം ശക്തവും സുദൃഢവുമായ ജനാധിപത്യചേരി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ മിന്നുന്ന കാഴ്ചയാണ്. ജനാധിപത്യത്തെ സംരക്ഷിക്കാനും നാടിനു വേണ്ടിയും സദുദ്ദേശ്യത്തിൽ തദ്ദേശത്തെ കരുത്തുറ്റതാക്കിയ ജനാധിപത്യ വിശാസികൾക്ക് അഭിവാദ്യങ്ങൾ.
