ബഹുസ്വരതയോടുള്ള ആർഎസ്എസ് സമീപനം
മുജീബ് ഒട്ടുമ്മൽ
2025 ഒക്ടോബർ 25, 1447 ജമാദുൽ അവ്വൽ 03

(ആർഎസ്എസ്: ഇന്ത്യൻ ബഹുസ്വരതയുടെ ശത്രുക്കൾ 3)
ഇന്ത്യൻ ഭരണഘടനയും ബഹുസ്വരതയും
ഇന്ത്യൻ ഭരണഘടന വൈവിധ്യങ്ങളെയും ബഹുസ്വരതയെയും സംരക്ഷിക്കുന്നതിന് വലിയ പ്രാധാന്യം നൽകുന്നുണ്ട്. 1976ലെ 42ാം ഭേദഗതിയിലൂടെ ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൻ ‘മതേതരം’ എന്ന വാക്ക് ചേർത്തുവെച്ചിട്ടുണ്ട്. ഭരണകൂടത്തിന് പ്രത്യേക മതമില്ല. എല്ലാ മതങ്ങളെയും ഒരുപോലെ കാണുകയും തുല്യമായ പരിഗണന നൽകുകയും ചെയ്യുക എന്നതാണ് ഇന്ത്യൻ മതേതരത്വത്തിന്റെ അടിസ്ഥാനം. ഇതിലൂടെ വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള സഹവർത്തിത്വം ഉറപ്പാക്കുകയും ചെയ്യുന്നു.
മതപരവും സാംസ്‌കാരികവുമായ ബഹുസ്വരതയെ നേരിട്ട് പിന്തുണക്കുന്ന പ്രധാന അവകാശങ്ങളും ഭരണഘടനയിലുണ്ട്. 14 മുതൽ 18 വരെയുള്ള അനുഛേദം സമത്വത്തിനുള്ള അവകാശമാണ്. നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണ്. മതം, ജാതി, ലിംഗം, വർഗം, ജനനസ്ഥലം എന്നിവയുടെ അടിസ്ഥാന ത്തിൽ ഒരു പൗരനോടും വിവേചനം പാടില്ല എന്ന് അനുച്ഛേദം 15ൽ പറയുന്നു. അനുച്ഛേദം 25 മുതൽ 28 വരെയും മതസ്വാതന്ത്ര്യത്തിനുള്ള അവകാശമാണ് പരികൽപിച്ചുനൽകുന്നത്. ഓരോ പൗരനും സ്വന്തം ഇഷ്ടപ്രകാരം ഏത് മതത്തിൽ വിശ്വസിക്കാനും അത് ആചരിക്കുവാനും പ്രചരിപ്പിക്കുവാനും സ്വാതന്ത്ര്യ മുണ്ട് എന്ന് അനുച്ഛേദം 25ൽ പറയുന്നു.
അനുഛേദം 29 മുതൽ 30 വരെയുള്ളവയിൽ സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങളെ കുറിച്ച് ഉൽഘോഷിക്കുന്നു.
അനുഛേദം 29ൽ ന്യൂനപക്ഷങ്ങളുടെ താൽപര്യങ്ങളുടെ സംരക്ഷണമാണ് വിശദീകരിച്ചിട്ടുള്ളത്. ഇന്ത്യയിലെ ഏത് പൗരനും സ്വന്തമായിട്ടുള്ള ഭാഷ, ലിപി, സംസ്‌കാരം എന്നിവ നിലനിർത്താനുള്ള അവകാശങ്ങളെ പ്രത്യേകം ഓർമിപ്പിക്കുന്നു. അനുച്ഛേദം മുപ്പതിലാകട്ടെ ന്യൂനപക്ഷങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനുള്ള അവകാശങ്ങളെ സൂചിപ്പിക്കുന്നു. മതപരവും ഭാഷാപരവുമായ ന്യൂനപക്ഷങ്ങൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനും നടത്താനും ഭരണഘടന സ്വാതന്ത്ര്യം നൽകുന്നു.
22 ഭാഷകളെ അംഗീകരിച്ചുകൊണ്ട് ഭാഷാപരമായ വൈവിധ്യത്തെ ഇന്ത്യൻ ഭരണഘടന ആദരിക്കുന്നുണ്ട്. നാനാത്വത്തിൽ ഏകത്വം എന്ന മഹത്തായ ഇന്ത്യൻ പൈതൃകത്തെ ജ്വലിപ്പിച്ചു നിർത്തുന്ന വിധം എല്ലാ നിലയ്ക്കുമുള്ള പരിരക്ഷ ഉറപ്പ് നൽകിക്കൊണ്ടാണ് രാഷ്ട്രശിൽപികൾ ഭരണഘടന സംവിധാനിപ്പിട്ടുള്ളത്.
ബഹുസ്വരതയോടുള്ള ആർഎസ്എസ് സമീപനം
ആർഎസ്എസിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് നടന്ന ആഘോഷത്തിൽ ഇന്ത്യയുടെ പ്രധാനമന്ത്രി അതിനെ പ്രശംസിച്ച് സംസാരിക്കുകയുണ്ടായി. എന്നാൽ ഇന്ത്യൻ ഭരണഘടനയെ നിരാകരിക്കുന്നവരാണ് അവർ എന്ന വസ്തുതയാണ് നാം മനസ്സിലാക്കുന്നത്. ഇന്ത്യയുടെ പൈതൃകവും സൗന്ദര്യവുമായ ബഹുസ്വരതയെ താത്വികമായും ദാർശനികമായും നിരാകരിക്കുന്നത് അവരുടെ പ്രത്യയശാസ്ത്ര വക്താക്കളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കും. ആർഎസ്എസും സംഘപരിവാരങ്ങളും എല്ലാ കാലത്തും ഫെഡറലിസം എന്ന ആശയത്തിനെതിരായിരുന്നു. ഭരണഘടനാ നിർമാണപ്രക്രിയയിലെ ആദ്യ തദ്ദേശീയ കാൽവയ്‌പ്പായ, 1928ലെ മോത്തിലാൽ നെഹ്‌റു റിപ്പോർട്ടിൽ ഫെഡറലിസം എന്ന ആശയം മുന്നോട്ട് വെച്ചപ്പോൾ ഹിന്ദുമഹാസഭ അതിനെ നിശിതമായി എതിർക്കുകയും യൂണിറ്ററി സംവിധാനത്തിനു വേണ്ടി വാദിക്കുകയുമാണ് ചെയ്തത്.
1961ൽ ദേശീയ ഉദ്ഗ്രഥന സമിതിക്ക് അയച്ച കത്തിൽ സംഘപരിവാര പ്രസ്ഥാനത്തിന്റ താത്വികാചാര്യനായ എംഎസ് ഗോൾവാൾക്കർ ഇങ്ങനെ പ്രസ്താവിക്കുകയുണ്ടായി: “ഇന്ന് നിലവിലുള്ള ഫെഡറൽ ഭരണ സംവിധാനം വിഘടന വാദത്തിന് ജന്മം നൽകുന്നു എന്ന് മാത്രമല്ല അതിനെ പോഷിപ്പിക്കുകയും ചെയ്യുന്നു. ഏക രാഷ്ട്രം എന്ന വസ്തുത അത് നിഷേധിക്കുകയും അതിനെ നശിപ്പിക്കുകയും ചെയ്യുന്നു. ഫെഡറലിസത്തെ നീക്കം ചെയ്തുകൊണ്ട് ഭരണഘടനയെ ശുദ്ധീകരിക്കേണ്ടതുണ്ട്. അതിന് പകരം ഒരു യൂണിറ്ററി ഭരണ സംവിധാനം സ്ഥാപിക്കേണ്ടതുണ്ട്.’’
‘വിചാരധാര’യിൽ ഒന്നുകൂടി വ്യക്തമായി ഗോൾവാൾക്കർ എഴുതി: “ഭാരതമെന്ന രാഷ്ട്രത്തിന്റെ ഉള്ളിലുള്ള സ്വയംഭരണമോ അർധസ്വയംഭരണമോ ഉള്ള സ്റ്റേറ്റുകളെ പൂർണമായും നിർമാർജനം ചെയ്യുന്നതിനുള്ള ഏറ്റവും പ്രധാനവും ഫലപ്രദവുമായ കാൽവയ്പ് നമ്മുടെ രാഷ്ട്രത്തിന്റെ ഭരണഘടനയിലെ ഫെഡറലിസത്തെ സംബന്ധിച്ച എല്ലാ ചർച്ചയും ആഴത്തിൽ കുഴിച്ചുമൂടുക എന്നതാണ്. നമ്മുടെ ഏകീകൃത മൈത്രിക്ക് മാറ്റം വരുത്താൻ പ്രാദേശികവും വിഭാഗീയവും ഭാഷാപരവുമായ അഭിമാനങ്ങളെ അനുവദിച്ചു കൂടാ. നമ്മുടെ ഭരണഘടനയെ പുനഃപരിശോധിക്കുകയും തിരുത്തിയെഴുതുകയും ഒരേ യൂണിറ്ററി ഭരണസംവിധാനം സ്ഥാപിക്കുകയും വേണം.’’
ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തെ ഭരണ-രാഷ്ട്രീയതലത്തിൽ പ്രതിഫലിപ്പിക്കുന്ന ഫെഡറലിസത്തെ മാത്രമല്ല, വികേന്ദ്രീകൃത അധികാരഘടനയെയും ജനാധിപത്യത്തെയും സാംസ്‌കാരിക ബഹുസ്വരതയെയുമെല്ലാം ശത്രുസ്ഥാനത്ത് പ്രതിഷ്ഠിച്ചവരാണ് ആർഎസ്എസും സംഘപരിവാരങ്ങളും.
ജനാധിപത്യ തത്ത്വങ്ങൾ അധികാര കേന്ദ്രീകരണം ഒഴിവാക്കാനാണ് ശ്രമിക്കുന്നതെങ്കിൽ ആർഎസ്എസിന്റെ പ്രത്യയശാസ്ത്രം അധികാര കേന്ദ്രീകരണത്തിനാണ് പ്രാമുഖ്യം നൽകുന്നത്. ഈ പ്രത്യയശാസ്ത്രവും ഭരണഘടനയുടെ ആത്മാവും യോജിച്ചു പോവുകയില്ല. ഇംഗ്ലീഷ് സാഹിത്യകാരനായ ഇഎം പോസ്റ്റർ തെന്റ ‘ടു ചിയേഴ്‌സ് ഫോർ ഡെമോക്രസി’ എന്ന കൃതിയിൽ ഇങ്ങനെ പറയുന്നുണ്ട്: “ജനാധിപത്യത്തിന് രണ്ട് അഭിനന്ദനങ്ങൾ. ഒന്ന്, അത് വൈവിധ്യം അംഗീകരിക്കുന്നു. രണ്ട്, വിമർശനം അനുവദിക്കുന്നു.’’
വൈവിധ്യവും അഭിപ്രായവ്യത്യാസങ്ങളും ബഹുമാനിക്കപ്പെടുന്ന ജനാധിപത്യക്രമം സംഘപരിവാര രാഷ്ട്രീയത്തിന് കീഴിൽ സുരക്ഷിതമല്ല. ബഹുസ്വര സംസ്‌കൃതിക്ക് പകരം ഹിന്ദുത്വത്തിലൂന്നിയ ഏകശില സംസ്‌കാരമാണ് ഇവർ അടിച്ചേൽപിക്കാൻ ശ്രമിക്കുന്നത്. ബഹുസ്വര സംസ്‌കാരത്തിനു നേരെ ഉയരുന്ന വെല്ലുവിളി ഏറ്റവും ഭീഷണിയുയർത്തുന്നത് ന്യൂനപക്ഷങ്ങൾക്കും അവരുടെ സാംസ്‌കാരിക അസ് തിത്വത്തിനും നേരെയാണ്. ന്യൂനപക്ഷങ്ങൾ, അവർ ന്യൂനപക്ഷമാണ് എന്ന ഒറ്റക്കാരണം കൊണ്ടുതന്നെ പ്രത്യേക പരിഗണനയർഹിക്കുന്നുണ്ട്.
ഒരു രാഷ്ട്രം യഥാർഥത്തിൽ സ്വതന്ത്രമാണോ എന്നറിയാനുള്ള ഏറ്റവും വ്യക്തമായ മാനദണ്ഡം അവിടെ ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന സുരക്ഷിതത്വത്തിന്റെ അളവാണ് എന്ന് ബ്രിട്ടീഷ് ചരിത്രകാരനും രാഷ്ട്രതന്ത്രജ്ഞനുമായ ആക്ഷൻ പ്രഭു നിരീക്ഷിക്കുകയുണ്ടായി. ന്യൂനപക്ഷ വിഭാഗങ്ങളുടെ അഭിമാനപൂർണമായ അസ്തിത്വം അതിനാൽതന്നെ ഒരു ബഹുസ്വര സമൂഹത്തിന്റെ ആരോഗ്യത്തിന്റെ അളവുകോലാണ്.
ആർഎസ്എസിന്റെ പിൻ ഡ്രൈവിംഗ് ഭരണത്തിലൂടെ നരേന്ദ്രമോഡിയും അമിത്ഷായും കൊണ്ടുവന്ന അധിക ബില്ലുകളും അവരുടെ തനിനിറം വ്യക്തമാക്കുന്നുണ്ട്. പൗരത്വ ഭേദഗതി ബില്ല്, വഖഫ് ബില്ല്, മുത്ത്വലാഖ്, ഏക തിരഞ്ഞെടുപ്പ് പ്രക്രിയ, അഭയാർഥി പ്രശ്‌നങ്ങളും പ്രതിസന്ധികളും, മുസ്‌ലിം ജനസംഖ്യാ വർധനവിന് കാരണം ബംഗ്ലാദേശ് പോലുള്ള രാജ്യങ്ങളിൽനിന്നുള്ള അവരുടെ നുഴഞ്ഞുകയറ്റമാണെന്ന അമിത് ഷായുടെ പ്രസ്താവന... ഇതെല്ലാം ആർഎസ്എസിന്റെ ബഹുസ്വരതയോടുള്ള സമീപനത്തെ വ്യക്തമാക്കുന്നുണ്ട്. ഇതല്ലാം മതേതരവിരുദ്ധമായ, തീർത്തും വിവേചനപരമായ ക്ലാസ് ലെജിസ്ലേഷൻ ആണെന്ന കാര്യത്തിൽ തർക്കമുണ്ടാവാൻ സാധ്യതയില്ല.
