ഇഖ്‌വാനുൽ മുസ്‌ലിമൂൻ: മതത്തിന്റെ പരിവേഷമണിഞ്ഞ അപകടം - 2

മുഹമ്മദ് അമീൻ

2025 ഡിസംബർ 20, 1447 ജമാദുൽ ആഖിർ 29

സൗദി അറേബ്യയിലേക്കുള്ള കടന്നുകയറ്റം

ഈജിപ്തിലെയും സിറിയയിലെയും രാഷ്ട്രീയ സാഹചര്യങ്ങളിൽനിന്ന് രക്ഷപ്പെട്ട് സൗദി അറേബ്യയിലേക്ക് കുടിയേറിയ ഇഖ്‌വാനികൾ, എങ്ങനെയാണ് തൗഹീദിന്റെ മണ്ണിൽ തങ്ങളുടെ വിഷവിത്തുകൾ പാകാൻ തുടങ്ങിയത് എന്നതിന്റെ ആമുഖ ഭാഗം നാം മനസ്സിലാക്കി. ഈ സംഘടനയുടെ അപകടം തിരിച്ചറിഞ്ഞുകൊണ്ട്, സൗദി അറേബ്യയിലെ പരമോന്നത പണ്ഡിതസഭയായ ‘ഹൈഅത്തു കിബാറുൽ ഉലമാഅ്’ പുറപ്പെടുവിച്ച ചരിത്രപ്രസിദ്ധമായ ഔദ്യോഗിക പ്രസ്താവനയുടെ പൂർണരൂപം വായിച്ചുകൊണ്ട് നമുക്ക് ഈ അധ്യായത്തിലേക്ക് കടക്കാം. ഇസ്‌ലാമിക ലോകത്തിന് ഈ സംഘടന വരുത്തിവെച്ച വിപത്തുകൾക്കുള്ള പണ്ഡിതന്മാരുടെ സാക്ഷ്യപത്രമാണിത്.

ഇഖ്‌വാനുൽ മുസ്‌ലിമൂനെക്കുറിച്ച് സൗദി ഉന്നത പണ്ഡിതസഭ പുറത്തിറക്കിയ പ്രസ്താവന:

“സർവസ്തുതിയും ലോകരക്ഷിതാവായ അല്ലാഹുവിനാണ്. അല്ലാഹുവിന്റെ ദാസനും റസൂലും വിശ്വസ്തനും നമ്മുടെ നബിയും നേതാവുമായ മുഹമ്മദ് നബിയുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും അനുചരന്മാരുടെയും അന്ത്യനാൾ വരെ അദ്ദേഹത്തിന്റെ ചര്യ പിൻപറ്റുന്നവരുടെയും മേൽ അല്ലാഹുവിന്റെ സ്വലാത്തും സലാമും ഉണ്ടാവട്ടെ.

ഒന്നാമതായി: അല്ലാഹു സത്യവിശ്വാസികളോട് ജമാഅത്തായി (ഒറ്റക്കെട്ടായി) നിൽക്കാൻ കൽപിക്കുകയും ഭിന്നതയും കക്ഷിതിരിവും ഉണ്ടാക്കുന്നത് വിരോധിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹു പറയുന്നു: “തങ്ങളുടെ മതത്തിൽ ഭിന്നതയുണ്ടാക്കുകയും കക്ഷികളായിത്തീരുകയും ചെയ്തവരാരോ അവരുമായി നിനക്ക് യാതൊരു ബന്ധവുമില്ല. അവരുടെ കാര്യം അല്ലാഹുവിങ്കലേക്ക് തന്നെയാണ് (മടക്കപ്പെടുന്നത്.). അവർ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റി അവൻ അവരെ അറിയിച്ച് കൊള്ളും’’ (ക്വുർആൻ 6:159).

അല്ലാഹു തന്റെ അടിമകളോട് നേരായ പാത പിന്തുടരാൻ കൽപിക്കുകയും സത്യത്തിൽനിന്ന് തെറ്റിച്ചുകളയുന്ന മറ്റു വഴികൾ പിന്തുടരുന്നത് വിലക്കുകയും ചെയ്തു. അല്ലാഹു പറയുന്നു: “ഇതത്രെ എന്റെ നേരായ പാത. നിങ്ങൾ അത് പിന്തുടരുക. മറ്റുമാർഗങ്ങൾ പിൻപറ്റരുത്. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാർഗത്തിൽനിന്ന് നിങ്ങളെ ചിതറിച്ച് കളയും. നിങ്ങൾ സൂക്ഷ്മത പാലിക്കാൻ വേണ്ടി അവൻ നിങ്ങൾക്ക് നൽകിയ ഉപദേശമാണത്’’ (ക്വുർആൻ 6:153).

രണ്ടാമതായി: നേരായ പാത പിന്തുടരുക എന്നത് അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ റസൂലിന്റെ സുന്നത്തും മുറുകെപ്പിടിക്കലാണ്. സത്യത്തിൽനിന്ന് വ്യതിചലിച്ചുപോയ കക്ഷികളെ പിന്തുടരുന്നതിനെ അല്ലാഹു വിലക്കിയതായി സ്വഹീഹായ ഹദീസുകളിൽ വന്നിട്ടുണ്ട്. ഇബ്‌നു മസ്ഊദ്(റ) നിവേദനം ചെയ്ത ഹദീസിൽ ഇപ്രകാരം കാണാം:

“റസൂൽﷺ തന്റെ കൈകൊണ്ട് ഒരു വര വരച്ചു. എന്നിട്ട് പറഞ്ഞു: ‘ഇതാണ് അല്ലാഹുവിന്റെ നേരായ മാർഗം.’ ശേഷം അതിന്റെ വലത്തോട്ടും ഇടത്തോട്ടും കുറെ വരകൾ വരച്ചു. എന്നിട്ട് പറഞ്ഞു: ‘ഇതൊക്കെയും (പിഴച്ച) വഴികളാണ്, ഇതിലെല്ലാറ്റിലും അതിലേക്ക് ക്ഷണിക്കുന്ന പിശാചുക്കളുണ്ട്.’ ശേഷം അദ്ദേഹം ഈ വചനം പാരായണം ചെയ്തു: ‘ഇതത്രെ എന്റെ നേരായ പാത. നിങ്ങൾ അത് പിന്തുടരുക. (മറ്റു) മാർഗങ്ങളെ നിങ്ങൾ പിൻപറ്റരുത്...’’(ഇമാം അഹ്‌മദ് ഉദ്ധരിച്ചത്).

മൂന്നാമതായി: അല്ലാഹുവിന്റെ ഈ വചനത്തെക്കുറിച്ച് മഹാനായ സ്വഹാബി അബ്ദുല്ലാഹി ബിൻ അബ്ബാസ്(റ) ഇപ്രകാരം പറഞ്ഞു: ‘ദീനിനെ നിങ്ങൾ നിലനിർത്തുക, അതിൽ നിങ്ങൾ ഭിന്നിക്കരുത് എന്ന് അല്ലാഹു കൽപിക്കുന്നു.’

മുൻ സമുദായങ്ങൾ തർക്കിക്കുകയും ഭിന്നിക്കുകയും ചെയ്തതുപോലെ ഭിന്നിക്കുന്നതിനെയും കക്ഷിതിരിയുന്നതിനെയും അല്ലാഹു സത്യവിശ്വാസികളോട് വിലക്കിയിരിക്കുന്നു എന്ന് അല്ലാഹുവിന്റെ ഗ്രന്ഥത്തിലെ വിവധ വചനങ്ങളിൽനിന്ന് മനസ്സിലാക്കാം.

നാലാമതായി: അല്ലാഹുവിന്റെ കിതാബും റസൂലിﷺന്റെ സുന്നത്തും മുറുകെപ്പിടിക്കുന്നത് അല്ലാഹുവിന്റെ പ്രീതി ലഭിക്കാനുള്ള മാർഗവും മുസ്‌ലിം ഉമ്മത്തിന്റെ ഏകീകരണം നിലനിർത്തുന്നതിനുള്ള അടിത്തറയുമാണ്. തിന്മകളിൽനിന്നും കുഴപ്പങ്ങളിൽനിന്നുമുള്ള സംരക്ഷണവുമാണത്. അല്ലാഹു പറയുന്നു:

“നിങ്ങളൊന്നിച്ച് അല്ലാഹുവിന്റെ കയറിൽ മുറുകെ പിടിക്കുക. നിങ്ങൾ ഭിന്നിച്ചുപോകരുത്. നിങ്ങൾ അന്യോന്യം ശത്രുക്കളായിരുന്നപ്പോൾ നിങ്ങൾക്ക് അല്ലാഹു ചെയ്ത അനുഗ്രഹം ഓർക്കുകയും ചെയ്യുക. അവൻ നിങ്ങളുടെ മനസ്സുകൾ തമ്മിൽ കൂട്ടിയിണക്കി. അങ്ങനെ അവന്റെ അനുഗ്രഹത്താൽ നിങ്ങൾ സഹോദരങ്ങളായിത്തീർന്നു. നിങ്ങൾ അഗ്‌നികുണ്ഡത്തിന്റെ വക്കിലായിരുന്നു. എന്നിട്ടതിൽനിന്ന് നിങ്ങളെ അവൻ രക്ഷപ്പെടുത്തി. അപ്രകാരം അല്ലാഹു അവന്റെ ദൃഷ്ടാന്തങ്ങൾ നിങ്ങൾക്ക് വിവരിച്ചുതരുന്നു; നിങ്ങൾ നേർമാർഗം പ്രാപിക്കുവാൻ വേണ്ടി’’ (ക്വുർആൻ 3:103).

അഞ്ചാമതായി: ഇതിൽനിന്ന്, ഇസ്‌ലാമിക ഭരണാധികാരികൾക്ക് കീഴിലുള്ള മുസ്‌ലിംകളുടെ അണിയിലെ ഒരുമയെ ബാധിക്കുന്നതോ, അല്ലെങ്കിൽ (ഇസ്‌ലാമിക) ജമാഅത്തിൽനിന്ന് ഭിന്നിച്ചുനിൽക്കുന്ന ബൈഅത്തോ (പ്രതിജ്ഞ) സംഘടനാ സംവിധാനങ്ങളോ ഉള്ള കക്ഷികൾ ഉണ്ടാക്കുന്നതോ ആയ എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ ഗ്രന്ഥത്തിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിൽ ഹറാമാണ് (നിഷിദ്ധമാണ്) എന്ന് വ്യക്തമാകുന്നു.

ഇത്തരം (പിഴച്ച) കക്ഷികളിൽ മുൻപന്തിയിലുള്ളതാണ് ‘ഇഖ്‌വാനുൽ മുസ്‌ലിമൂൻ’ (Muslim Brotherhood). അതൊരു പിഴച്ച സംഘമാണ്. ഭരണാധികാരികളോട് തർക്കിക്കുക, ഭരണകൂടങ്ങൾക്കെതിരെ കലഹമുണ്ടാക്കുക, ഒരേ നാട്ടിലെ ജനങ്ങൾക്കിടയിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുക, ഇസ്‌ലാമിക സമൂഹങ്ങളെ ജാഹിലിയ്യത്തായി ചിത്രീകരിക്കുക തുടങ്ങിയ കാര്യങ്ങളിലാണ് അത് നിലകൊള്ളുന്നത്.

ഈ സംഘം സ്ഥാപിതമായത് മുതൽ, ഇസ്‌ലാമിക വിശ്വാസത്തിനോ (അക്വീദ) സുന്നത്തിനോ യാതൊരു പ്രാധാന്യവും അവർ നൽകുന്നില്ല. അവരുടെ ആകെ ലക്ഷ്യം ഭരണത്തിൽ എത്തിച്ചേരുക എന്നത് മാത്രമാണ്. അതുകൊണ്ട് തന്നെ ഈ കക്ഷിയുടെ ചരിത്രം തിന്മകളും കുഴപ്പങ്ങളും നിറഞ്ഞതാണ്. ലോകമെമ്പാടും അക്രമങ്ങളും നാശങ്ങളും വിതച്ചുകൊണ്ട് പുറത്തുചാടിയ, ഇസ്‌ലാമിന്റെ പേരിലുള്ള തീവ്ര ഗ്രൂപ്പുകൾ ഈ കക്ഷിയുടെ മടിത്തട്ടിൽനിന്നാണ് രൂപം കൊണ്ടത് എന്നത് എല്ലാവർക്കും അറിയാവുന്നതും ദൃശ്യമായതുമായ കാര്യമാണ്.

ആറാമതായി: മുകളിൽ വിവരിച്ചതിൽനിന്ന് ‘ഇഖ്‌വാനുൽ മുസ്‌ലിമൂൻ’ എന്നത് ഇസ്‌ലാമിന്റെ മാർഗത്തെ പ്രതിനിധീകരിക്കാത്ത ഒരു തീവ്ര സംഘമാണെന്ന് വ്യക്തമാകുന്നു. അത് നമ്മുടെ പരിശുദ്ധ ദീനിന് വിരുദ്ധമായ, അതിന്റെ കക്ഷിത്വപരമായ ലക്ഷ്യങ്ങളെയാണ് പിന്തുടരുന്നത്. ദീനിന്റെ പേരു പറഞ്ഞ് അവർ മറപിടിക്കുകയും ഭിന്നതയും അക്രമവും തീവ്രതയും പ്രവർത്തിക്കുകയും ചെയ്യുന്നു.

ഏഴാമതായി: ആകയാൽ എല്ലാവരും ഈ കക്ഷിയെ സൂക്ഷിക്കുകയും അവരുമായി ചേരുന്നതിനെയോ അല്ലെങ്കിൽ അവരോട് അനുഭാവം കാണിക്കുന്നതിനെയോ തൊട്ട് ജാഗ്രത പാലിക്കുകയും വേണം.

എല്ലാ തിന്മകളിൽനിന്നും കുഴപ്പങ്ങളിൽനിന്നും നമ്മെ ഏവരെയും അല്ലാഹു കാത്തുരക്ഷിക്കട്ടെ. നമ്മുടെ നബി മുഹമ്മദ്ﷺയുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും അനുചരന്മാരുടെയും മേൽ അല്ലാഹുവിന്റെ സ്വലാത്തും സലാമും ഉണ്ടാവട്ടെ.’’

ഈ പണ്ഡിതവചനങ്ങൾ നൽകുന്ന ഗൗരവത്തെ ഉൾക്കൊണ്ടുകൊണ്ട്, സൗദി അറേബ്യയുടെ ഹൃദയമായ വിദ്യാഭ്യാസ മേഖലയെ അവർ എങ്ങനെയാണ് തങ്ങളുടെ ‘ട്രോജൻ കുതിര’യായി ഉപയോഗിച്ചതെന്ന് നമുക്ക് പരിശോധിക്കാം.

വിദ്യാഭ്യാസ മേഖല: ഇഖ്‌വാനികളുടെ ട്രോജൻ കുതിര

ഒരു ജനതയെ നശിപ്പിക്കാൻ അവരുടെ ചരിത്രത്തെയും വിദ്യാഭ്യാസത്തെയും തകർത്താൽ മതിയാകും എന്നത് ചരിത്രം നമുക്ക് നൽകുന്ന പാഠമാണ്. ഇഖ്‌വാനികൾ സൗദിയിൽ നടപ്പിലാക്കിയതും ഇതുതന്നെയായിരുന്നു. 1960കളും 70കളും സൗദി അറേബ്യ ഭൗതിക സാഹചര്യങ്ങളിൽ പുരോഗതി പ്രാപിച്ചുകൊണ്ടിരുന്ന സമയമായിരുന്നു. സ്‌കൂളുകളും സർവകലാശാലകളും സ്ഥാപിക്കപ്പെട്ടു. എന്നാൽ അവിടെ പഠിപ്പിക്കാൻ യോഗ്യരായ തദ്ദേശീയരായ അധ്യാപകരുടെ ക്ഷാമം രാജ്യം നേരിട്ടു. ഈ അവസരത്തെയാണ് ഇഖ്‌വാനികൾ തന്ത്രപൂർവം മുതലെടുത്തത്. ഈജിപ്തിൽ ഗമാൽ അബ്ദുൽ നാസിറിന്റെയും സിറിയയിൽ ഹാഫിസ് അൽഅസദിന്റെയും പീഡനങ്ങൾ ഭയന്ന് ഓടിയെത്തിയ ഇഖ്‌വാനി നേതാക്കൾക്ക് സൗദി അറേബ്യ അഭയം നൽകി. എന്നാൽ,അഭയം നൽകിയ രാജ്യത്തിന്റെ അടിത്തറ ഇളക്കാനാണ് അവർ ശ്രമിച്ചത്.

ഈജിപ്തിൽ സയ്യിദ് ഖുതുബിന്റെ വധശിക്ഷ നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് അന്നത്തെ സൗദി ഭരണാധികാരിയായിരുന്ന ഫൈസൽ രാജാവ് ഈജിപ്ഷ്യൻ പ്രസിഡന്റിന് കത്തയച്ചിരുന്നു. അത്രമേൽ വിശാല മനസ്‌കതയോടെയാണ് സൗദി അവരെ കണ്ടിരുന്നത്. എന്നാൽ പിന്നീട് സംഭവിച്ചത് ചരിത്രത്തിലെ വലിയൊരു വഞ്ചനയായിരുന്നു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തലപ്പത്തും സർവകലാശാലകളിലും അവർ കൂടുകൂട്ടി. സലഫി പണ്ഡിതന്മാരുടെ കണ്ണുവെട്ടിച്ച്, വരുംതലമുറയുടെ മസ്തിഷ്‌കപ്രക്ഷാളനം അവർ ലക്ഷ്യമിട്ടു.

(തുടരും)