ജനങ്ങൾക്ക് സിഹ്ർ പഠിപ്പിച്ചതാര്?
അൻവർ അബൂബക്കർ
2025 മെയ് 10, 1446 ദുൽഖഅദ് 12

സുലൈമാൻ നബി(അ)ക്ക് അല്ലാഹു നൽകിയ അനുഗ്രഹങ്ങളെ തെറ്റായി സമൂഹത്തിൽ ചിത്രീകരിച്ച പിശാചുക്കൾ ആ മഹാനായ പ്രവാചകനെ സിഹ്‌റിന്റെ പ്രചാരകനും മാന്ത്രികവിദ്യ അഭ്യസിച്ചവനുമായി പരിചയപ്പെടുത്തി. പിശാചുക്കളുടെ ഈ കുപ്രചരണം ഗൗരവമുളളതും വ്യക്തത വരുത്തേണ്ടതുമായതിനാൽ അല്ലാഹു തന്നെ അതിനെ ശക്തമായി ഖണ്ഡിച്ചുകൊണ്ട് പറഞ്ഞു:
“സുലൈമാൻ അവിശ്വസിച്ചിട്ടില്ലതാനും. എങ്കിലും, മനുഷ്യർക്ക് സിഹ്ർ പഠിപ്പിച്ചുകൊണ്ട് പിശാചുക്കളാണ് അവിശ്വസിച്ചത്’’ (അൽബക്വറ 102).
പ്രമുഖ ക്വുർആൻ വ്യാഖ്യാതാവായ ഇമാം ക്വുർതുബി എഴുതി: “ആയത്തിൽ സിഹ്‌റിനെയും അത് പഠിപ്പിക്കുന്നതിനെയും സംബന്ധിച്ചു പരാമർശിച്ചതിൽനിന്നും മനസ്സിലാകുന്നത് സിഹ്‌റിന് യാഥാർഥ്യമില്ലെങ്കിൽ അത് പഠിക്കുവാൻ സാധ്യമല്ല എന്നതാണ്. അതുപോലെതന്നെ അവർ ജനങ്ങളെ അത് പഠിപ്പിക്കുന്നു എന്നും പറയില്ലായിരുന്നു. ഇതെല്ലാം അറിയിക്കുന്നത് സിഹ്‌റിന് യാഥാർഥ്യമുണ്ടെന്ന് തന്നെയാണ്. അല്ലാഹു പറയുന്നു: ‘അവർ വ്യക്തമായ സിഹ്‌റുമായിട്ടാണ് വന്നത.്’ അതുപോലെ സൂറത്തുൽ ഫലക്വ് ഇറങ്ങുവാൻ കാരണംതന്നെ ലബീദ് ഇബ്‌നു അഅ്‌സം പ്രവാചകന് സിഹ്ർ ചെയ്‌പ്പോഴാണെന്നാണ് പ്രബലമായ പണ്ഡിതാഭിപ്രായം. പ്രസ്തുത ഹദീസ് ബുഖാരിയും മുസ്‌ലിമും ഉൾപെടെയുളള ഹദീസ് പണ്ഡിതൻമാർ ആഇശ(റ)യിൽ നിന്ന് ഉദ്ധരിച്ചിട്ടുളളതാണ്. അതിൽ നമുക്ക് കാണാം: പ്രവാചകൻ
ﷺക്ക് ബാധിച്ച സിഹ്‌റിനെ നിർവീര്യമാക്കിയപ്പോൾ അവിടുന്ന് പറയുകയുണ്ടായി: ‘തീർച്ചയായും അല്ലാഹു എനിക്ക് ശിഫ നൽകിയിരിക്കുന്നു.’ ശിഫയുണ്ടാകുന്നത് കാരണത്തെയും രോഗത്തെയും നീക്കുമ്പോഴാണല്ലൊ. ഇതിൽനിന്നും നമുക്ക് മനസ്സിലാക്കാനാവുന്നത് സിഹ്‌റിന് തീർച്ചയായും യാഥാർഥ്യമുണ്ടെന്ന് തന്നെയാണ്. അല്ലാഹുവും അവന്റെ പ്രവാചകനും സിഹ്ർ ഉള്ളതാണെന്നും അത് സംഭവിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്’’ (തഫ്‌സീർ ക്വുർത്വുബി).
പരിശുദ്ധ ക്വുർആൻ ഉപയോഗിച്ച ‘സിഹ്ർ’ എന്ന പദത്തെ വിശദമായി അപഗ്രഥിച്ച പണ്ഡിതൻമാരുണ്ട്. ഇസ്‌ലാമിക പ്രമാണങ്ങളോടും ഭാഷയോടും നീതിപുലർത്തി വൈജ്ഞാനികമായി വിഷയത്തെ സമീപിച്ചവർ ഒരിക്കലും അതിന്റെ യാഥാർഥ്യത്തെ നിഷേധിച്ചിട്ടില്ല.
അമാനി മൗലവി(റഹി) സിഹ്‌റിനെ വിശദീകരിച്ചുകൊണ്ട് എഴുതി: “ആഭിചാരം, ക്ഷുദ്രം, ഇന്ദ്രജാലം, ചെപ്പടിവിദ്യ, മായതന്ത്രം, വശീകരണം, ജാലവിദ്യ, കൺകെട്ട്, മാരണം എന്നീ അർത്ഥങ്ങളിലെല്ലാം മൊത്തത്തിൽ ഉപയോഗിക്കുന്ന വാക്കാണ് സിഹ്ർ. കാര്യകാരണബന്ധം മനസ്സിലാക്കുവാൻ പ്രയാസമായ എല്ലാ ഉപായകൃത്യങ്ങൾക്കും സിഹ്ർ എന്നു പറയാം. സിഹ്‌റിന്റെ പല വകുപ്പുകളും ഉദാഹരണങ്ങളും പല മഹാൻമാരും വിവരിച്ചു കാണാം. ചുരുക്കത്തിൽ മന്ത്രതന്ത്രങ്ങൾ, ജപഹോമാദികൾ, ഉറുക്കുനറുക്കുകൾ, അക്കക്കളങ്ങൾ, രക്ഷാതകിടുകൾ, കയ്യൊതുക്കം, മെസ്മരിസം, ഹിപ്നോട്ടിസം, മയക്കുവിദ്യകൾ ആദിയായവയെല്ലാം സിഹ്റിന്റെ ഇനങ്ങളത്രെ. ‘ഇസ്മിന്റെ പണി,’ ‘ത്വൽസമാത്ത്’ മുതലായ പേരുകളിലറിയപ്പെടുന്ന വിദ്യകളും അങ്ങിനെത്തന്നെ. മിക്കതിലും ഭൂതം, ജിന്ന്, മലക്ക്, ദേവൻ, ദേവി, പിശാച്, മരണമടഞ്ഞവർ, നക്ഷത്രഗ്രഹങ്ങൾ ആദിയായ ഏതിൽനിന്നെങ്കിലുമുള്ള സഹായാർഥനകളും ചില പ്രത്യേക തരത്തിലുള്ള കർമമുറകളും അടങ്ങിയിരിക്കും. ചിലപ്പോൾ, ചില മരുന്നുകളും മന്ത്രതന്ത്രങ്ങളും കൂട്ടിയിണക്കിക്കൊണ്ടുമായിരിക്കും. ഗൂഢവും അദൃശ്യവുമായ മാർഗത്തിലൂടെ ആപത്തുകളിൽനിന്ന് രക്ഷനേടുക, ശത്രുക്കൾക്കും മറ്റും ആപത്ത് വരുത്തുക, മറഞ്ഞ കാര്യങ്ങൾ അറിയുക, വൻകാര്യങ്ങൾ സാധിക്കുക, ആളുകളെ തമ്മിൽ ഇണക്കുകയോ പിണക്കുകയോ ചെയ്യുക, മരണപ്പെട്ടവരുടെ ആത്മാക്കളുമായി ബന്ധപ്പെടുക, അത്ഭുത കൃത്യങ്ങൾ കാണിക്കുക മുതലായവയാണ് സിഹ്‌റിന്റെ ലക്ഷ്യങ്ങൾ. മിക്കവാറും ഇനങ്ങൾ യാഥാർഥ്യമില്ലാത്തതും തനി പകിട്ടും മായയുമായിരിക്കും. ചിലതാകട്ടെ, മാനസികമായ ചില മാറ്റങ്ങൾ ഉണ്ടാക്കുന്നതും, അതുവഴി ചില അനുഭവങ്ങൾ പ്രകടമാകുന്നതുമായിരിക്കും.
മേൽ വിവരിച്ചതിൽനിന്ന് സിഹ്ർ പലതരത്തിലുണ്ടെന്നും ഗൗരവത്തിലും ലാഘവത്തിലും എല്ലാം ഒരു പോലെയല്ലെന്നും മനസ്സിലാക്കാമല്ലോ. മൊത്തത്തിൽ എല്ലാം കുറ്റകരവും വെറുക്കപ്പെട്ടതും തന്നെയാണെങ്കിലും എല്ലാതരം സിഹ്‌റും യഥാർഥത്തിൽ ശിർക്കും കുഫ്‌റുമാകുന്നില്ല എന്നുള്ളതാണ് വാസ്തവം. എല്ലാ സിഹ്‌റും കുഫ്റാണെന്ന് ചിലർ പറഞ്ഞുകാണാമെങ്കിലും സിഹ്റിന്റെ അർഥവ്യാപ്തിയും അതിലെ തരാതരങ്ങളും ഗൗനിക്കാതെയുള്ള ഒരഭിപ്രായമാണത്. ഏതായാലും സത്യവിശ്വാസത്തിനും സത്യവിശ്വാസികൾക്കും യോജിക്കാത്തതും അവിശ്വാസത്തിനും, അവിശ്വാസികൾക്കും മാത്രം യോജിക്കുന്നതുമാണ് സിഹ്‌റിന്റെ എല്ലാ ഇനങ്ങളുമെന്നതിൽ സംശയമില്ല’’ (അമാനി തഫ്‌സീർ, സൂറഃ അൽബക്വറ 102ന്റെ വ്യാഖ്യാനം).
സിഹ്‌റിന്റെ പ്രവർത്തനങ്ങളിൽ ഒട്ടുമിക്ക മേഖലയിലും സഹായം ചോദിക്കപ്പെടുന്നത് ഒന്നുകിൽ ജിന്നിനോടോ മരണമടഞ്ഞുപോയവരോടോ അല്ലെങ്കിൽ ഏതെങ്കിലും സാങ്കൽപിക ശക്തികളോടോ ആയിരിക്കും എന്നർഥം. അതുവഴി പല പ്രത്യേക തരത്തിലുള്ള കർമങ്ങളും ആചാരങ്ങളും അനുഷ്ഠിക്കാൻ പിശാച് വിശ്വാസികളെ പ്രേരിപ്പിക്കുകയും നേർവഴിയിൽനിന്നും അവരെ തെറ്റിക്കുകയും ചെയ്യുന്നു. ശാശ്വതമായും നരകത്തിന്റെ അവകാശികളായി അവരെ മാറ്റാനാണ് ശപിക്കപ്പെട്ട പിശാച് സിഹ്‌റിലൂടെ അവസരമൊരുക്കുന്നത്.
ഈ പൈശാചിക ഏർപ്പാട് മൊത്തത്തിൽ കുറ്റകരവും അങ്ങേയറ്റം വെറുക്കപ്പെട്ടതുമാണെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ശരിയായ ഈമാനുള്ള ആളുകൾക്ക് യാതൊരു നിലക്കും യോജിക്കുന്ന ഒരു പ്രവർത്തനമല്ല ഇത്. അതുകൊണ്ടാണ് അല്ലാഹു മാതൃകായോഗ്യനായ സുലൈമാൻ നബി(അ)യെ പരിശുദ്ധനാക്കിക്കൊണ്ട് പറഞ്ഞത്:
“സുലൈമാൻ അവിശ്വസിച്ചിട്ടില്ലതാനും. എങ്കിലും, പിശാചുക്കളാണ് അവിശ്വസിച്ചത്’’ (അൽബക്വറ 102).
സുലൈമാൻ നബി(അ)യുടെ അറിവും അദ്ദേഹത്തിന് ലഭിച്ച രാജവാഴ്ചയും സിഹ്‌റിലൂടെ ലഭിച്ചതല്ല, മറിച്ച് അല്ലാഹുവിൽനിന്ന് അദ്ദേഹത്തിന് ലഭിച്ച അപാരമായ അനുഗ്രഹമാണ്. മനുഷ്യനെ സംബന്ധിച്ച് അവനെ എല്ലാതരം ദുർമാർഗത്തിലേക്കും ക്ഷണിക്കുന്നതും ശിർക്കിലേക്കും കുഫ്‌റിലേക്കും നയിക്കുന്നതും പിശാചുക്കളാണ്. അതിനവർ അവരാൽ കഴിയുന്ന മാർഗങ്ങളെല്ലാം ഉപയോഗപ്പെടുത്തും. മനുഷ്യൻമാർക്ക് സിഹ്‌റിന്റെ വകഭേദങ്ങൾ പഠിപ്പിക്കുന്നതും അതിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതുമൊക്കെ ഈ ലക്ഷ്യം വെച്ചുകൊണ്ടാണ്. അതും പിശാചുക്കളുടെ കുഫ്‌റിന്റെ കാരണമായി അല്ലാഹു എടുത്തു പറഞ്ഞു:
“എങ്കിലും, മനുഷ്യർക്ക് സിഹ്ർ പഠിപ്പിച്ചുകൊണ്ട് പിശാചുക്കളാണ് അവിശ്വസിച്ചത്’’ (അൽബക്വറ 102).
സത്യവിശ്വാസികൾക്ക് ഒരു നിലയ്ക്കും യോജിക്കാത്ത, അവിശ്വാസികൾക്ക് മാത്രം യോജിക്കുന്ന ഈ കാര്യത്തെ ഏഴു വൻപാപങ്ങളിൽ ഒന്നായാണ് പ്രവാചകൻﷺ പഠിപ്പിച്ചിരിക്കുന്നത്.
അബൂഹുറയ്‌റ(റ) നിവേദനം, പ്രവാചകൻ ﷺ പറഞ്ഞു: “ഏഴ് മഹാപാപങ്ങൾ നിങ്ങൾ വർജിക്കുവിൻ.’ അന്നേരം ചോദിക്കപ്പെട്ടു: ‘അല്ലാഹുവിന്റെ ദൂതരേ, അവ ഏതെല്ലാമാണ്?’ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിൽ പങ്കു ചേർക്കൽ, മാരണം (സിഹ്ർ) ചെയ്യൽ, അല്ലാഹു പവിത്രമാക്കിയ മനുഷ്യശരീരങ്ങളെ അന്യായമായി വധിക്കൽ, അനാഥകളുടെ സമ്പത്ത് തിന്നൽ, പലിശമുതൽ ഭുജിക്കൽ, യുദ്ധത്തിൽ സൈന്യങ്ങൾ അന്യോന്യം കണ്ടുമുട്ടുമ്പോൾ പിന്തിരിഞ്ഞോടൽ, വിശ്വാസിനികളും പതിവ്രതകളും ചീത്തവിചാരങ്ങൾ ഇല്ലാത്തവരുമായ സ്ത്രീകളെക്കുറിച്ച് അപവാദം പറയൽ’’ (ബുഖാരി 2766, മുസ്‌ലിം 89).
പ്രവാചകൻﷺ രണ്ടാമതായി എടുത്തുപറഞ്ഞ വൻപാപം സിഹ്ർ ചെയ്യലാണ്. ശിർക്ക് കഴിഞ്ഞാൽ ഏറ്റവും വലിയ പാപമായി അല്ലാഹു പരിഗണിക്കുന്ന കുറ്റം. ഈ പാപം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് സുലൈമാൻ നബി(അ) ഭൗതികമായ ഒരുപാട് അനുഗ്രഹങ്ങൾ കരസ്ഥമാക്കിയതെന്ന് യഹൂദികളും മറ്റും പറഞ്ഞുപരത്തി. ഇത് എത്ര വലിയ ആരോപണമാണ്! സുലൈമാൻ നബി(അ)യെ സിഹ്ർ പഠിച്ച ഒരു വിദഗ്ധനായ രാജാവായിട്ടാണ് യഹൂദികൾ ഇന്നും വിശേഷിപ്പിക്കുന്നത്. നസ്വാറാക്കളും അപ്രകാരം തന്നെ. പിശാചുക്കൾ മനുഷ്യനെ അഭ്യസിപ്പിച്ച ഈ കള്ളവിശ്വാസവും അതിനനുസരിച്ചുള്ള എല്ലാ പ്രവർത്തനങ്ങളും മുസ്‌ലിം സമുദായത്തിനകത്തുളളവർ പരിത്യജിക്കേണ്ടത് അനിവാര്യംതന്നെ.

