മിണ്ടരുത്; താലിബാനികളാകും!

ഹാഷിം കാക്കയങ്ങാട്

2025 ജൂലൈ 05, 1447 മുഹറം 09

പൊതുവിദ്യാലയത്തിലെ പാഠ്യപദ്ധതിയുടെ ഭാഗമായി ‘ഫിറ്റ്‌നസ് ഡാൻസ്’ എന്ന പേരിൽ ഒരു സംഗതി കൊണ്ടുവരുന്നു. ‘സംഗതി’ ഒരു ലാറ്റിനമേരിക്കൻ ഡാൻസ് ആണ്. അധ്യാപക പരിശീലനത്തിൽ അവരെക്കൊണ്ട് ഇത് കളിപ്പിക്കുന്നു. കുട്ടികൾ ലഹരിയിലേക്ക് പോകാനുള്ള പ്രധാന കാരണം അവർ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളാണെന്നും അത് പരിഹരിക്കാൻ വേണ്ടിയാണ് ഇതെന്നുമാണ് ന്യായം. ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി സ്‌കൂളുകളിൽ സൂംബ കളിക്കണമെന്ന നിർദേശം വരുന്നു. ക്ലാസ് ഗ്രൂപ്പുകളിലും സ്‌കൂൾ-അധ്യാപക ഗ്രൂപ്പുകളിലും ഇത് പഠിക്കാനുള്ള യൂട്യൂബ് ലിങ്ക് ഉത്തരവാദപ്പെട്ടവർ പോസ്റ്റ് ചെയ്യുന്നു. കുട്ടികൾ ഇത് കണ്ടു പഠിച്ച് വരണമെന്ന് അധ്യാപകർ നിർദേശിക്കുന്നു. ലിങ്ക് തുറക്കുമ്പോൾ അതിൽ അൽപവസ്ത്രധാരികളായ സ്ത്രീകളുടെ വീഡിയോ വരുന്നു. പാഠപുസ്തകത്തിൽ ഇതുമായി ബന്ധപ്പെട്ട പേജുകളിൽ ഇതേ കോലത്തിൽതന്നെ ചിത്രങ്ങൾ കാണപ്പെടുന്നു.

കുട്ടികളിലെ ലഹരി നിർമാർജനത്തിന് സൂംബ എങ്ങനെയാണ് പരിഹാരമാകുന്നത്? എന്ത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് നടപ്പിലാക്കിയത്? ഈ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധരുമായി ആലോചിച്ചിരുന്നോ? ഇസ്‌ലാമിക വിശ്വാസമനുസരിച്ച് ജീവിക്കുന്നവർക്ക് ഇത് അംഗീകരിക്കാൻ കഴിയില്ല. സംസ്‌കാരം പഠിക്കാൻ വേണ്ടി പോകുന്ന വിദ്യാലയങ്ങളിൽ ഇത്തരമൊരു നിയമം അടിച്ചേൽപിക്കുന്നത് ശരിയല്ല. അതുകൊണ്ട് തന്നെ ജനാധിപത്യ രാജ്യത്തെ ഒരു പൗരനെന്ന നിലയ്ക്ക് ഇതിൽ പങ്കെടുക്കുകയോ തന്റെ കുട്ടികളെ പങ്കെടുപ്പിക്കുകയോ ചെയ്യില്ല എന്ന് അധ്യാപകൻ കൂടിയായ മുസ്‌ലിം സംഘടനാ സാരഥി ഫെയ്‌സ് ബുക്ക് പോസ്റ്റിടുന്നു.

പ്രസ്തുത പോസ്റ്റിടുന്നതിന് 2 മാസം മുമ്പ്, അതായത് ഏപ്രിൽ 29ന് ഇതിന്റെ യുക്തിരാഹിത്യത്തെ കുറിച്ച് വിശദമായ പോസ്സ് എഫ്ബിയിൽ ഇട്ടിരുന്നു. കുട്ടികളെ ഉൻമേഷമുള്ളവരാക്കാൻ ഇപ്പോൾ തന്നെ ധാരാളം പദ്ധതികൾ ഉണ്ടന്നും physical training പീരിയഡുകൾ കൃത്യമായി ഉപയോഗപ്പെടുത്തിയാൽ ഈ പറയുന്ന പ്രശ്‌നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരമാകുമെന്നും എന്നാൽ ഭൂരിഭാഗം സ്‌കൂളുകളിലും പി.ടി.അധ്യാപക പോസ്റ്റ് ഒഴിഞ്ഞുകിടക്കുകയാണെന്നും അത് നികത്താൻ വേണ്ട പണിയെടുക്കുകയാണ് വേണ്ടതെന്നും തുടങ്ങി ഒരു പാട് നിർദേശങ്ങൾ അന്നത്തെ പോസ്റ്റിൽ പറയുന്നുണ്ട്. എന്നാൽ ആരും അത് ഗൗനിച്ചില്ല.

ഇനിയാണ് കളി മാറുന്നത്. പുതിയ പോസ്റ്റ് വന്നതോടെ സകല ചാനലുകളും സംഗതി ഏറ്റെടുക്കുന്നു. ഇസ്‌ലാമിക തീവ്രവാദം ശക്തിപ്പെടുന്നേ... അധ്യാപകൻതന്നെ ഇങ്ങനെയായാൽ എന്ത് ചെയ്യും എന്ന മുറവിളികൾ ഉയരുന്നു. ‘ലഹരിയെക്കാൾ മാരകമായ വിഷം’ എന്ന് എതിർത്തവരെ വിദ്യാഭ്യാസ മന്ത്രി വിശേഷിപ്പിക്കുന്നു. മതം ഞങ്ങളോട് ആജ്ഞാപിക്കാൻ വരേണ്ടെന്ന് ഭരണകക്ഷിയുടെ ജനറൽ സെക്രട്ടറി, ഇത് മത റിപ്പബ്ലിക്കല്ലെന്ന് അവരുടെ യുവജന നേതാവ്, മന്ത്രി ബിന്ദുവിന്റെ വക പ്രാകൃതമെന്ന വിലയിരുത്തൽ. ചാനൽ വിശാരദൻ അരുൺ കുമാറിന് ഇസ്‌ലാമിക ദൃഷ്ടിയിൽ ഭൂമി ഉരുണ്ടതോ പരന്നതോ എന്നറിയണം, വേറെ കുറേയെണ്ണം മോദി ഇപ്പോൾ കൂട്ടുകാരാക്കിയ താലിബാനെവരെ ഇങ്ങോട്ട് വിളിച്ചുവരുത്തി സൂംബ വിമർശകരുമായി നിക്കാഹ് ചെയ്യിക്കാനുള്ള തിരക്കിലായിരുന്നു. ഇസ്‌ലാമിക ശരീഅത്ത് ശരിയല്ലെന്നു പറഞ്ഞ് ഭാര്യയെ രണ്ടാം നിക്കാഹ് നടത്തിയ ഒരു വക്കീലിന്റെ വക ഇത് ഇസ്‌ലാമല്ല, ഇത് ഞാൻ പഠിച്ച ഇസ്‌ലാമല്ല എന്നിങ്ങനെ സർട്ടിഫിക്കറ്റ് നൽകൽ...ഇങ്ങനെ എന്തെല്ലാം കോമഡികൾ! ഏതാണ്ടെല്ലാ ചാനൽ ചർച്ചകളിലും അവതാരകർ എതിർപക്ഷത്തെ കൂടുതൽ വിശദീകരിക്കാൻ അനുവദിക്കാതെ വിചാരണ ചെയ്യുകയായിരുന്നു. നിങ്ങളേത് ലോകത്താണ് കൂട്ടരേ ജീവിക്കുന്നതെന്നാണ് പല ആങ്കർമാരും ചോദിച്ചത്.

ജീവിക്കുന്നത് ഇരുപത്തൊന്നാം നൂറ്റാണ്ടിലാണെന്നും സ്വതന്ത്ര ഇന്ത്യയിലാണെന്നുമുള്ള നല്ല ബോധ്യത്തോടെ തന്നെയാണ് ഇതിനെ എതിർക്കാനിറങ്ങിയത്. ഒരു മത റിപ്പബ്ലിക്കിലോ മതവിരുദ്ധ കമ്യൂണിസ്റ്റ് രാജ്യത്തോ ഒന്നുമല്ല എന്നുമറിയാം. ജനാധിപത്യ രാജ്യത്തെ ഭരണഘടന ഉറപ്പ് നൽകുന്ന വിശ്വാസ-അഭിപ്രായ സ്വാതന്ത്ര്യം ഞങ്ങൾക്കുമുണ്ടെന്ന തിരിച്ചറിവും വേണ്ടുവോളമുണ്ട്. അതുകൊണ്ട് തന്നെ എതിർശബ്ദങ്ങൾ ഉയർന്നു വരുമ്പോൾ അതിനെ താലിബാനിസം, ലഹരിയെക്കാൾ വിഷം, മത റിപ്പബ്ലിക്ക്, ആറാം നൂറ്റാണ്ട് തുടങ്ങിയ ചാപ്പകൾ നൽകി അടിച്ചമർത്താം എന്ന് കരുതിയെങ്കിൽ തെറ്റി. എല്ലാ തരത്തിലുമുള്ള അടിച്ചേൽപിക്കലിനെതിരെ അഭിപ്രായം പറഞ്ഞുകൊണ്ടേയിരിക്കും.