വിധിവിശ്വാസം 2

മുഹമ്മദ് അൽജിബാലി

2025 ജൂലൈ 19, 1447 മുഹറം 23

വിവ: മുഹമ്മദ് സിയാദ് കണ്ണൂർ

ക്വദർ മനസ്സിലാക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ

ക്വദർ മനസ്സിലാക്കുന്നതിനായി താഴെ പറയുന്ന സുപ്രധാന തത്ത്വങ്ങൾ നാം ഓർത്തിരിക്കേണ്ടതുണ്ട്:

1. ഗൈബിയായ അറിവ്

മനുഷ്യന്റെ ധാരണാശേഷിക്കപ്പുറത്തുള്ള അറിവിനെയാണ് ഗൈബ് സൂചിപ്പിക്കുന്നത്. ഗൈബിയായ കാര്യങ്ങളെക്കുറിച്ച് നമുക്ക് അറിയാൻ സാധിക്കുന്നത് അല്ലാഹുവിൽ നിന്നുതന്നെയാണ്. അത് അവൻ തന്റെ കിതാബിലോ തന്റെ റസൂലിﷺന്റെ സുന്നത്തിലോ അവതരിപ്പിച്ച പ്രകാരം മാത്രമാണ്. അല്ലാഹു പറയുന്നു: “അവന്റെ പക്കലാകുന്നു മറഞ്ഞകാര്യത്തിന്റെ (ഗൈബ്) ഖജനാവുകൾ. അവനല്ലാതെ അവ അറിയുകയില്ല’’ (അൽഅൻആം: 59).

ഗൈബിയായ അറിവിൽ അല്ലാഹുവിനെ കുറിച്ചുള്ള അറിവും അവന്റെ മലക്കുകൾ, ആകാശലോകങ്ങൾ, സ്വർഗ-നരകങ്ങൾ, ജിന്നുകൾ, ഭാവിയിലെയും അതിഭൂതകാലത്തെയും സംഭവങ്ങൾ തുടങ്ങിയവയെ കുറിച്ചുള്ള അറിവും ഉൾപ്പെടും.

ഗൈബിയായ വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ താഴെ പറയുന്ന സുപ്രധാന നിയമങ്ങൾ നാം ശ്രദ്ധിക്കണം:

എ) ക്വുർആനിലും സുന്നത്തിലും പരാമർശിക്കപ്പെട്ട ഗൈബിയായ കാര്യങ്ങൾ മുഴുവനും സ്വീകരിക്കുകയും അതിൽ വിശ്വസിക്കുകയും ചെയ്യണം.

ബി) ഗൈബിനെ സംബന്ധിച്ച് പ്രമാണങ്ങളിൽ വന്നിട്ടുള്ള വചനങ്ങൾക്ക് മനുഷ്യബുദ്ധിക്കുൾക്കൊള്ളാവുന്ന യഥാർഥ ആശയങ്ങൾ തന്നെയാണുള്ളത്. അല്ലെങ്കിൽ അല്ലാഹു അത് നമുക്ക് പറഞ്ഞുതരില്ലായിരുന്നു. ഉദാഹരണത്തിന്, സ്വർഗത്തിലെ വൃക്ഷങ്ങൾ, പഴങ്ങൾ, അരുവികൾ, ആഭരണങ്ങൾ, വസ്ത്രങ്ങൾ തുടങ്ങി നമുക്കറിയാവുന്ന വസ്തുക്കളെ കുറിച്ചുള്ള വചനങ്ങൾ. അവിടെ പ്രതീക്ഷിക്കാവുന്നതിനെകുറിച്ചുള്ള പൊതുവായ ഒരു ധാരണ ഈ വചനങ്ങൾ നമുക്ക് പ്രദാനം ചെയ്യുന്നുണ്ട്. എങ്കിലും സ്വർഗത്തിന്റെ ശാശ്വതമായ പകിട്ടും ഈ ജീവിതത്തിലെ താൽക്കാലിക ശോഭയും തുലനം ചെയ്യാൻ നമുക്ക് സാധ്യമല്ല.

സി) മേൽപറഞ്ഞവയ്ക്ക് വിപരീതമായുള്ളതിന് പ്രബലമായ തെളിവില്ലാത്തിടത്തോളം ഗൈബിയായ കാര്യങ്ങൾ വചനങ്ങളുടെ ബാഹ്യമായ ആശയങ്ങൾക്കനുസരിച്ച് മനസ്സിലാക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യേണ്ടതാണ്.

ഡി) മനുഷ്യയുക്തി എന്നത് ഈ ഭൗതികലോകത്തിലെ അവന്റെ അനുഭവങ്ങൾക്കനുസരിച്ചുള്ള താണ്. നമ്മുടെ ലോകത്തിൽനിന്നും വിഭിന്നമായ ഒന്നാണ് ഗൈബ് എന്നതിനാൽ നമ്മുടെ ഭൗതിക നിയമങ്ങളൊന്നും അതിന് ബാധകമല്ല. അതിനാൽ, ഗൈബിയായ കാര്യങ്ങളിൽ അത്തരം നിയമങ്ങൾ ബാധകമാക്കാൻ നാം ശ്രമിച്ചുകൂടാ.

2. അല്ലാഹുവിന്റെ വിശേഷണങ്ങളിൽ വിശ്വസിക്കൽ

ക്വുർആനിലും സുന്നത്തിലും പ്രതിപാദിച്ച അല്ലാഹുവിന്റെ നാമ-വിശേഷണങ്ങളിൽ നാം ശരിയായ വിശ്വാസം വെച്ചുപുലർത്തേണ്ടതാണ്. ഈ വിശ്വാസം താഴെ പറയുന്ന പ്രധാന നിബന്ധനകൾക്ക് വിധേയമായിരിക്കണം.

എ) അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും നാം പൂർണമായും സ്വീകരിക്കണം.

ബി) അല്ലാഹുവിന്റെ മുഴുവൻ നാമ-വിശേഷണങ്ങൾക്കും യഥാർഥ അർഥങ്ങളുണ്ട്.

സി) അല്ലാഹുവിന്റെ വിശേഷണങ്ങളെല്ലാം സമ്പൂർണമാണ്.

ഡി) അല്ലാഹുവിന്റെ നാമ-വിശേഷണങ്ങൾ അവന്റെ ഏതെങ്കിലും സൃഷ്ടികളുടെത് പോലെയല്ല.

ഇ) അല്ലാഹുവിന്റെ നാമ-വിശേഷണങ്ങൾ ഗൈബിയായ അറിവിന്റെ ഭാഗമായതിനാൽ, അവ ‘കയ്ഫ’ (എങ്ങനെ) എന്ന ചോദ്യം കൂടാതെ സ്വീകരിക്കണം. അതായത് നമ്മുടെ പരിമിതമായ അറിവുപയോഗിച്ച് അതിനെ വ്യാഖാനിക്കാൻ ശ്രമിക്കാവതല്ല. ക്വദറിന്റെ ചർച്ചയിൽ വളരെ പ്രസക്തമായ അല്ലാഹുവിന്റെ വിശേഷണങ്ങളിൽ ചിലത് താഴെ കാണുന്നവയാണ്:

*അറിവ്: ‘അൽഅലീം’ (എല്ലാം അറിയുന്നവൻ) എന്ന അവന്റെ നാമം പ്രതിനിധാനം ചെയ്യുന്നത്.

*നീതി: ‘അദ്ദയ്യാൻ’ (പരമാധികാരിയും വിധികർത്താവും) എന്ന അവന്റെ നാമം പ്രതിനിധാനം ചെയ്യുന്നത്.

*ജ്ഞാനം: ‘അൽഹകീം’ (തത്ത്വജ്ഞാനി) എന്ന അവന്റെ നാമം പ്രതിനിധാനം ചെയ്യുന്നത്.

*കഴിവ്: ‘അൽക്വദീർ’ (കഴിവുള്ളവൻ) എന്ന അവന്റെ നാമം പ്രതിനിധാനം ചെയ്യുന്നത്.

3. നമ്മുടെ ബുദ്ധിയുടെ പരിമിതിയെ അംഗീകരിക്കുക

നാം നമ്മുടെ രക്ഷിതാവിന്റെ പ്രവർത്തനങ്ങൾ ചോദ്യം ചെയ്യുകയോ നമ്മുടെ ബുദ്ധിവൈഭവത്തെ അമിതമായി വിലമതിക്കുകയോ ചെയ്യരുത്. അല്ലാഹുവിനാണ് നമ്മെ - അതായത് അവന്റെ പ്രജകളെ - ചോദ്യം ചെയ്യാനുള്ള പൂർണ അധികാരമുള്ളത്. അല്ലാഹു പറയുന്നു: “അവൻ പ്രവർത്തിക്കുന്നതിനെപ്പറ്റി ചോദ്യം ചെയ്യപ്പെടുകയില്ല. അവരാകട്ടെ, ചോദ്യം ചെയ്യപ്പെടുന്നതുമാണ്’’ (അൽഅമ്പിയാഅ്: 23).

നമ്മുടെ ധിഷണാശക്തിയെ ശോഷിപ്പിക്കുകയും നമ്മുടെ ബുദ്ധിയെ അതിശയിപ്പിക്കുകയും ചെയ്യുന്ന ഒരു വിഷയം നമുക്ക് മുമ്പിൽ വന്നാൽ, അല്ലാഹുവിന്റെ മാർഗനിർദേശങ്ങൾക്കു മുന്നിൽ തോൽവി സമ്മതിക്കാനും അതിൽ പൂർണമായും കീഴൊതുങ്ങാനും നാം സന്നദ്ധരാവണം; മനുഷ്യബുദ്ധിയെ എന്നും ചോദ്യം ചെയ്തിട്ടുള്ള ക്വദറുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പ്രത്യേകിച്ചും. വിശ്വാസപരമായ കാര്യങ്ങളിൽ നമ്മുടെ പരിമിതികൾ തിരിച്ചറിയുന്നത് അജ്ഞതയെയല്ല, പ്രത്യുത യഥാർഥമായ അറിവിനെയാണ് പ്രതിഫലിപ്പിക്കുന്നത്. അബൂജഅ്ഫർ അത്ത്വഹാവി മതപരമായ അറിവിനെ രണ്ടായി വിഭജിക്കുന്നു:

എ) ദിവ്യബോധനത്തിലൂടെ ജനങ്ങൾക്ക് ലഭിക്കുന്ന അറിവ്: ഈ അറിവിനെ നിഷേധിക്കുന്നത് അല്ലാഹുവിന്റെ അധ്യാപനങ്ങളെ നിഷേധിക്കലാണ്.

ബി) ഒരിക്കലും ജനങ്ങൾക്ക് നൽകപ്പെട്ടിട്ടില്ലാത്ത അറിവ്: ഈ അറിവിനെ കുറിച്ച് ഊഹിക്കുന്നതും അതിൽ മുഴുകുന്നതും വ്യക്തമായ അതിക്രമമാണ്.

4. ക്വദറിനെ കുറിച്ചുള്ള തർക്കങ്ങൾ ഒഴിവാക്കൽ

ക്വദർ എന്നത് തികച്ചും വിശ്വാസപരമായ ഒരു വിഷയമാണ്. അതിലെ പല രഹസ്യങ്ങളും വെളിപ്പെടുത്തപ്പെട്ടിട്ടില്ല. അതിനാൽ, അതിലെ നിഗൂഢമായ കാര്യങ്ങളെ കുറിച്ച് വാഗ്വാദങ്ങളിലേർപ്പെടുന്നത് നാം ഒഴിവാക്കുകതന്നെ വേണം. അത്തരം വാഗ്വാദങ്ങൾ അബദ്ധങ്ങളിലേക്ക് നയിക്കും. ഈ മേഖലയിലുള്ള അബദ്ധങ്ങൾ നിസ്സാരമായി ഗണിക്കാവുന്നതുമല്ല.

അബ്ദുല്ല ഇബ്‌നു മസ്ഊദ്(റ) നിവേദനം, നബിﷺ പറഞ്ഞു: “എന്റെ അനുചരന്മാരെ കുറിച്ച് (ആരോപണം) പറയപ്പെട്ടാൽ നിങ്ങൾ മാറിനിൽക്കുക; നക്ഷത്രങ്ങളെ (ജ്യോ

തിഷം) കുറിച്ച് പറയപ്പെട്ടാൽ, നിങ്ങൾ മാറിനിൽക്കുക; ക്വദറിനെ കുറിച്ച് (പ്രമാണബദ്ധമല്ലാതെ) പറയപ്പെട്ടാൽ നിങ്ങൾ മാറി നിൽക്കുക’’( ത്വബ്‌റാനി, അബൂനുഐം തുടങ്ങിയവർ ഉദ്ധരിച്ചത്. അൽബാനി സ്വഹീഹാണെന്ന് ഉറപ്പ് വരുത്തി -അസ്സ്വഹീഹ: 34).

അബൂഹുറയ്‌റ(റ) നിവേദനം: “ഒരിക്കൽ നബിﷺ പള്ളിയിലേക്ക് കയറിവരുമ്പോൾ തന്റെ അനുചരന്മാർ ക്വദറിന്റെ കാര്യത്തിൽ തർക്കിച്ചുകൊണ്ടിരിക്കുന്നതാണ് കണ്ടത്. നബിﷺ കോപിച്ചു. ഇരുകവിളും ഉറുമാൻ പഴത്തിന്റെ കുരു കുത്തിപ്പിഴിഞ്ഞതുപോലെ അവിടുത്തെ മുഖം ചുവപ്പ് വർണമായി. എന്നിട്ടു പറഞ്ഞു: ‘ഇപ്രകാരമാണോ നിങ്ങളോട് കൽപിക്കപ്പെട്ടിരിക്കുന്നത്? അതോ, ഇതുമായിട്ടാണോ ഞാൻ നിങ്ങളിലേക്ക് അയക്കപ്പെട്ടിരിക്കുന്നത്? നിങ്ങളുടെ മുമ്പുള്ളവർ നാശമടഞ്ഞത് അവർ ഇക്കാര്യത്തിൽ (ക്വദറിന്റെ കാര്യത്തിൽ) ഭിന്നിച്ചപ്പോഴായിരുന്നു. ഞാൻ നിങ്ങളോട് തീർത്തുപറയുന്നു; നിങ്ങൾ ഈ വിഷയത്തിൽ ഭിന്നിച്ചുപോകരുത്’’(തിർമിദി, അൽബാനി ഹസൻ എന്ന് പറഞ്ഞു-അൽ മിശ്കാത്ത്: 95).

ഇതേ സംഭവം റിപ്പോർട്ട് ചെയ്തുകൊണ്ട് അബ്ദുല്ലാഹ് ഇബ്‌നു അംറ്(റ) നിവേദനം, നബിﷺ പറഞ്ഞു: “നിങ്ങളെന്തിനാണ് അല്ലാഹുവിന്റെ ഗ്രന്ഥത്തിലെ ചില ഭാഗങ്ങളെ പരസ്പരം വൈരുധ്യമുള്ളതാക്കുന്നത്? ഇങ്ങനെയാണ് നിങ്ങളുടെ മുമ്പുള്ളവർ നാശമടഞ്ഞത്’’ (ഇബ്‌നുമാജ, അഹ്‌മദ്, അൽബാനി ഹസൻ എന്നു വിധിച്ചത്, മിശ്കാത്ത്: 95, അസ്സുന്ന: 406)

ത്വഹാവി(റഹി) പറഞ്ഞു: “തന്റെ സൃഷ്ടികൾക്കിടയിലുള്ള അല്ലാഹുവിന്റെ രഹസ്യമാണ് ക്വദർ. തന്റെ സമീപസ്ഥനായ മലക്കിനോ താൻ അയച്ച പ്രവാചകനോ അവൻ അത് അറിയിച്ചുകൊടുത്തിട്ടില്ല. അതിലേക്ക് ചൂഴ്ന്നിറങ്ങുന്നത് പരാജയത്തിനും നാശത്തിനും അതിരുകവിച്ചിലിനും വഴിവെക്കും’’ (ശർഹുത്ത്വഹാവിയ്യ).

അബൂഹുറയ്‌റ(റ) നിവേദനം: ചില സ്വഹാബികൾ നബിﷺയോട് പറഞ്ഞു: ‘(പുറത്തു) പറയാൻ ബുദ്ധിമുട്ടുള്ള ചില ചിന്തകൾ ഞങ്ങളുടെ മനസ്സിൽ വരാറുണ്ട്.’ നബിﷺ ചോദിച്ചു: ‘നിങ്ങൾക്ക് അത് യഥാർഥത്തിൽ അനുഭവപ്പെടാറുണ്ടോ?’ അവർ പറഞ്ഞു: ‘അതേ.’ അപ്പോൾ നബിﷺ പറഞ്ഞു: ‘അത് ഈമാനിന്റെ വ്യക്തമായ തെളിവാണ്’’ (മുസ്‌ലിം, അഹ്‌മദ്).

ഈ ഹദീസിൽ ക്വദറിന്റെ സൂക്ഷ്മമായ കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യാനുള്ള തന്റെ അനുചരന്മാരുടെ വൈമനസ്യത്തെ അവരുടെ ഈമാനിന്റെ വ്യക്തമായ തെളിവായിട്ടാണ് നബിﷺ കണക്കാക്കിയത്. ഇതുതന്നെയായിരിക്കണം നമ്മുടെയും നിലപാട്.