ഇസ്‌ലാമിലെ സ്ത്രീ അടിച്ചമർത്തപ്പെട്ടവളോ?
ഉമ്മു മിസ്‌യാൽ മൊറയൂർ
2025 ജൂലൈ 26, 1447 മുഹറം 30

മതനിരാസവും ദൈവനിഷേധവും തോളിലേറ്റി നടക്കുന്ന ലിബറൽ ചിന്താഗതിക്കാരും ഫെമിനിസ്റ്റുകളും കാലങ്ങളായി പുലമ്പിക്കൊണ്ടിരിക്കുന്നതാണ് ‘മുസ്‌ലിം സ്ത്രീ അടിച്ചമർത്തപ്പെടുന്നു, അവർക്ക് വ്യക്തിസ്വാതന്ത്രം തിരസ്‌കരിക്കപ്പെടുന്നു’ എന്നത്. സ്വാതന്ത്ര്യം എന്നത് മാറും മേനിയും പുറത്തു കാണിച്ച്, തന്റെ സൗന്ദര്യം കഴുകക്കണ്ണുകൾക്ക് കൊത്തിവലിക്കാൻ ഇട്ടുകൊടുത്ത് അക്രമങ്ങൾക്ക് ഇരയാവുന്നതാണ് എന്നാണോ ഇവർ ധരിച്ചിരിക്കുന്നത്? അവരെ പറഞ്ഞിട്ട് കാര്യമില്ല; യുക്തിവാദികൾ, നാസ്തികർ എന്നൊക്കെ അവകാശപ്പെടുന്നവർക്ക് അവരുടെതായ വിശ്വാസ സംഹിതകളോ ആചാര നിബന്ധനകളോ ഇല്ലല്ലോ! ഇസ്‌ലാമിന്റെ നിയമനിർദേശങ്ങളും ഇസ്‌ലാമിക വസ്ത്രധാരണ രീതിയും സദാചാരവും ധാർമികതയുമൊക്കെ; സകലവിധ വിലക്കുകളുടെയും അതിരുകളുടെയും മതിലുകൾ തച്ചുടക്കുന്നവർക്ക് അടിച്ചമർത്തലായി തോന്നുക സ്വാഭാവികം!
ഇസ്‌ലാം അനുശാസിക്കുന്ന, സ്ത്രീകളുടെ വസ്ത്രധാരണരീതി ചിലർ വിചാരിക്കുന്നത് പോലെ യാഥാർഥ്യബോധമില്ലാത്തതും അവരുടെ സ്വാതന്ത്ര്യത്തിന് വിലങ്ങ് തീർക്കുന്നതുമല്ല. വൃത്തികേടുകളും ആഭാസങ്ങളും ഇല്ലായ്മ ചെയ്ത് സമൂഹാന്തരീക്ഷത്തിൽ പരിശുദ്ധിയും സദാചാരനിഷ്ഠയും വളർത്തുകയാണ് അതിന്റെ ലക്ഷ്യം. സ്രഷ്ടാവിന്റെ വിധിവിലക്കുകൾ അനുസരിച്ച് ജീവിക്കുന്ന ഒരു മുസ്‌ലിം വസ്ത്രത്തിന്റെ വിഷയത്തിൽ മാത്രമല്ല, ജീവിതത്തിന്റെ നിഖിലമേഖലകളിലും കൃത്യമായ ദൈവിക നിയമങ്ങളനുസരിച്ച് മാത്രമെ മുന്നോട്ട് പോവുകയുള്ളൂ. വിശുദ്ധ ക്വുർആനിൽ അല്ലാഹു പറയുന്നു: “നബിയേ, നിന്റെ ഭാര്യമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവർ തങ്ങളുടെ മൂടുപടങ്ങൾ തങ്ങളുടെ മേൽ താഴ്ത്തിയിടാൻ പറയുക. അവർ തിരിച്ചറിയപ്പെടുവാനും അങ്ങനെ അവർ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു’’ (അഹ്‌സാബ്: 59).
വിശ്വാസിനികളുടെ പരിശുദ്ധിയും മാന്യതയും കാത്തുരക്ഷിക്കുന്നതിനാവശ്യമായ ചില നിയമ നിർദേശങ്ങളാണ് ഈ വചനത്തിൽ അല്ലാഹു വ്യക്തമാക്കുന്നത്. അമുസ്‌ലിം സ്ത്രീകളുടെയും ചാരിത്രശുദ്ധിയിൽ താൽപര്യമില്ലാത്ത സ്ത്രീകളുടെയും വേഷവിധാനങ്ങളിൽനിന്നും വ്യത്യസ്തമാ യൊരു നിലപാട് മുസ്‌ലിം സ്ത്രീകളുടെ വേഷവിധാനത്തിൽ പാലിക്കേണ്ടതുണ്ടെന്ന് ഈ വാക്യം ചൂണ്ടിക്കാട്ടുന്നു. ഇസ്‌ലാമിക വസ്ത്രധാരണം അടിമത്തമല്ല, മറിച്ച് സുരക്ഷയും സംരക്ഷണവുമാണ്. കുത്തഴിഞ്ഞ അധാർമിക പ്രസ്ഥാനങ്ങളുടെയും അശ്ലീല കലകളുടെയും ഒഴുക്കിൽപ്പെട്ട മനുഷ്യന്റെ മനുഷ്യത്വവും സ്ത്രീയുടെ സ്ത്രീത്വവുമെല്ലാം ശിഥിലമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. അതിനാൽ മാനുഷിക മൂല്യങ്ങളെ അവഗണിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന ആധുനിക പരിഷ്‌കാരങ്ങളുടെ ദൃഷ്ടിയിൽ ഇസ്‌ലാമിലെ പർദ സമ്പ്രദായം അപമാനത്തിന്റെ അടയാളമാണെന്നതിൽ അത്ഭുതമില്ല.
അൽപ വസ്ത്രം ധരിച്ച്, ശരീരാകൃതിയെ എടുത്ത് കാണിക്കുന്ന വസ്ത്രങ്ങൾ അണിഞ്ഞു പുരുഷന്മാർക്കിടയിൽ പ്രത്യക്ഷപ്പെട്ട്; അവർ അശ്ലീല കണ്ണുകൊണ്ട് ഞങ്ങളെ കാണാതിരുന്നാൽ മതി എന്ന് പറയുന്നതിൽ എന്ത് ന്യായമാണുള്ളത്? പുരുഷന്മാരുടെ വികാര-വിചാരങ്ങൾ ജ്വലിപ്പിക്കുന്ന തരത്തിലുള്ള ഒരു വസ്ത്രവും സ്വീകരിക്കൽ മുസ്‌ലിം സ്ത്രീക്ക് അനുവദനീയമല്ല. പുരുഷന്മാർ സ്ത്രീകളെയും സ്ത്രീകൾ പുരുഷന്മാരെയും കണ്ണുകൾകൊണ്ട് ആസ്വദിക്കൽ ഭൗതികവാദികളുടെ വീക്ഷണത്തിൽ തെറ്റല്ലെങ്കിൽ ഇസ്‌ലാമിൽ അത് തെറ്റുതന്നെയാണ്. അബ്ദുല്ലാഹിബ്‌ന് ഉമ്മി മക്തൂം(റ) ഒരു അന്ധനായ സ്വഹാബിയായിരുന്നു. ഒരിക്കൽ അദ്ദേഹം കടന്നുവന്നപ്പോൾ നബിﷺ തന്റെ പത്‌നിമാരായ ഉമ്മൂസലമ(റ)യോടും മൈമൂന(റ)യോടും മാറിനിൽക്കുവാൻ കൽപിക്കുകയുണ്ടായി. ‘അദ്ദേഹം അന്ധനല്ലേ, ഞങ്ങളെ കാണുകയില്ലല്ലോ’ എന്ന് അവർ പറഞ്ഞപ്പോൾ നബിﷺ ഇപ്രകാരമാണ് അവരോട് പറഞ്ഞത്: ‘എന്നാൽ നിങ്ങൾ രണ്ട് പേരും അന്ധകളാണോ, നിങ്ങൾ അദ്ദേഹത്തെ കാണുകയില്ലേ?’ (അഹ്‌മദ്, തിർമിദി).
ഇസ്‌ലാമിക സംസ്‌കാരങ്ങളെയും ധാർമിക മൂല്യങ്ങളെയും പുച്ഛിച്ചുകൊണ്ടുള്ള ഭൗതിക പരിഷ്‌ക്കാരങ്ങളുടെ കുത്തൊഴുക്കിൽ അറിഞ്ഞോ അറിയാതെയോ പല മുസ്‌ലിം സ്ത്രീകളും ഇസ്‌ലാമിലെ പർദ നിയമങ്ങളെ പഴഞ്ചനും മാമൂലുമായി കാണുന്നുണ്ട്. ചില മുസ്‌ലിം നാമധാരികൾ ക്വുർആൻ സൂക്തങ്ങളെയും പ്രവാചക വചനങ്ങളെയും അതിനായി ദുർവ്യാഖ്യാനം ചെയ്യുവാൻ പോലും മുതിരുന്നു! മുസ്‌ലിം സ്ത്രീകളുടെ വേഷവിധാനം അവരുടെ പുരോഗതിക്ക് തടസ്സമാണെന്ന് നിരന്തരം പ്രചരിപ്പിക്കുന്ന വരുണ്ട്. എന്നാൽ ഏതു രംഗത്താണ്, എങ്ങനെയാണ് അത് പുരോഗതിക്ക് തടസ്സമാകുന്നത് എന്ന ചോദ്യത്തിന് അവർക്ക് ഉത്തരമില്ല. ഇവരുടെ കെണിയിൽ അകപ്പെടാതിരിക്കാനും ഇഹത്തിലും പരത്തിലും അല്ലാഹുവിന്റെ ശാപത്തിന് പാത്രമായിത്തീരാതിരിക്കാനും ഓരോ സത്യവിശ്വാസിനിയും സൂക്ഷിക്കേണ്ട തുണ്ട്.
പാശ്ചാത്യൻ വികൃത ചിന്തകളും ആശയങ്ങളുമെല്ലാം മലയാളികൾ വാരിപ്പുണരാൻ മത്സരിക്കുകയാണിന്ന്. ഇതിന്റെയൊക്കെ മഹത്ത്വത്തെ കുറിച്ച് വാചാലമാകുന്ന മീഡിയകൾക്കും ലിബറലിസ്റ്റു കൾക്കും ഫെമിനിസ്റ്റുകൾക്കും സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങൾക്ക് അറുതിവരുത്താനുള്ള ഒരു പോംവഴിയും നിർദേശിക്കാൻ എന്തുകൊണ്ട് സാധിക്കുന്നില്ല? അൽപവസ്ത്രം ധരിക്കലും അഴിഞ്ഞാട്ടവും വ്യക്തിസ്വാതന്ത്ര്യമാണെങ്കിൽ തന്റെ ശരീരം ഒരു കച്ചവടച്ചരക്കാക്കില്ല എന്ന് ഒരു പെണ്ണ് തീരുമാനിക്കുന്ന തും മാന്യമായ വസ്ത്രം ധരിക്കലും അവളുടെ വ്യക്തി സ്വതന്ത്രമാണ്. ഇത് അംഗീകരിക്കാൻ സ്വാതന്ത്ര്യവാദികൾക്ക് കഴിയാതെപോകുന്നതെന്തുകൊണ്ടാണ്?
മുസ്‌ലിം സ്ത്രീകളായ ഞങ്ങൾക്ക് ഇസ്‌ലാം അനുശാസിക്കുന്ന വസ്ത്രധാരണരീതിയും നിയമനിർ ദേശങ്ങളുമൊന്നും അടിച്ചമർത്തലായി തോന്നുന്നില്ല. ലിബറൽ ചിന്താഗതികൾ മനസ്സിൽ നിറച്ച് നടക്കുന്നവർക്ക് അത് അടിച്ചമർത്തലാവാം. എന്നാൽ ഒരു മുസ്‌ലിം സ്ത്രീ ഇസ്‌ലാമികമായി വസ്ത്രം ധരിക്കുന്ന തിലൂടെ വിശ്വാസത്തിന്റെ അവർണനീയമായ മാധുര്യം നുകരുകയും സുരക്ഷിതത്വം അനുഭവിക്കുകയും ചെയ്യുന്നു. എതിർക്കുന്നവർക്ക് അത് വേലിക്കെട്ടുകളാണെങ്കിൽ ആ വേലിക്കെട്ടുകൾ തന്നെയാണ് ഞങ്ങ ളുടെ മോചനത്തിന്റെ വാതിൽ!
