ക്വുർആൻ കഥകളിലെ ദൃഷ്ടാന്തങ്ങൾ
ഡോ. ടി. കെ. യൂസുഫ്
2025 ജൂൺ 14, 1446 ദുൽഹിജ്ജ 17

നിനക്ക് ഈ ക്വുർആൻ ബോധനം നൽകിയതുവഴി ഏറ്റവും നല്ല ചരിത്ര വിവരണങ്ങളാണ് നാം നിനക്ക് നൽകിക്കൊണ്ടിരിക്കുന്നത്. തീർച്ചയായും ഇതിനുമുമ്പ് നീ അതിനെപ്പറ്റി ബോധമില്ലാത്തവനായിരുന്നു’’ (ക്വുർആൻ 12:3).
സാഹിത്യ രംഗത്ത് കഥകൾ എക്കാലത്തും വലിയ പങ്ക് നിർവഹിച്ചിട്ടുണ്ട്. എന്നാൽ ക്വുർആൻ കഥകൾ സാഹിത്യമൂല്യങ്ങളിലുപരി ഏകദൈവവിശ്വാസം, മുന്നറിയിപ്പുകൾ, അക്രമികളുടെ പതനങ്ങൾ, ധാർമിക- സദാചാര നിയമങ്ങൾ തുടങ്ങി ഒട്ടേറെ വസ്തുതകൾ ഉൾകൊളളുന്ന ചരിത്ര യാഥാർഥ്യങ്ങളാണ്. ലോകത്ത് വിവിധ ജനവിഭാഗങ്ങൾക്കിടയിൽ പ്രചാരത്തിലുള്ള കഥകളും ഇതിഹാസങ്ങളുമെല്ലാം തന്നെ, കളിയും കാര്യവും സത്യവും മിഥ്യയും നിറഞ്ഞ, ചരിത്ര പിൻബലമില്ലാത്ത ഭാവനാസൃഷ്ടികൾ മാത്രമാണ്.
قَصَص എന്ന അറബി പദത്തെ ‘കഥകൾ’ എന്ന് ഭാഷാന്തരം ചെയ്യാറുണ്ടെങ്കിലും അതിന്റെ ശരിയായ അർഥം സത്യസന്ധമായ ചരിത്രവിവരണം എന്നാണ്. ഭാവന, അതിശയോക്തി എന്നിവയ്ക്ക് അതിൽ ഒട്ടും സ്ഥാനമില്ല. ക്വുർആനിലെ കഥകൾ അനേകം ഗുണപാഠങ്ങൾകൂടി ഉൾകൊളളുന്നതാണ്. ആരംഭത്തിൽ സൂചിപ്പിച്ച ക്വുർആൻ വചനത്തെ തുടർന്ന് യൂസുഫ് നബി(അ)യുടെ ചരിത്ര കഥയാണ് നമുക്ക് വായിക്കാൻ കഴിയുന്നത്. മാനവിക മനഃശാസ്ത്രത്തിന്റെ പല തലങ്ങളും സ്പർശിക്കുന്ന ഈ ചരിത്രകഥ എന്നും പഠനാർഹമാണ്.
കഥകളുടെ ആരംഭത്തെക്കുറിച്ച് പഠനം നടത്തുകയാണെങ്കിൽ അതിന് മാനവചരിത്രത്തോളം പഴക്കമുണ്ടെന്ന് കണ്ടെത്താനാകും. പൗരാണികരിലും ആധുനികരിലും പ്രാകൃതരിലും പരിഷ്‌കൃതരിലു മെല്ലാം ഭാഷ-ദേശ ഭേദമന്യെ കഥകൾ കാണപ്പെടുന്നുണ്ട്. ചരിത്രം എന്നത് ഒരുതരം കഥകളാണ്. എ ഡി ഒന്ന്, രണ്ട് നൂറ്റാണ്ടുകളിൽ ഗ്രീക്കിലും റോമിലുമാണ് ആദ്യമായി കഥകൾ കാണപ്പെട്ടിട്ടുളളത്. അറബികൾക്കിടയിൽ എന്നുമുതലാണ് കഥകൾ ഉണ്ടായതെന്ന് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ജാഹിലിയ്യ കാലത്ത് അവർ സാഹിത്യാസ്വാദനത്തിന്റെയും നിരൂപണത്തിന്റെയും കുലപതികളായിരുന്നു.
കഥകൾക്ക് പ്രധാനമായും നാലു ഘടകങ്ങളാണുളളത്. ഒന്ന് സംഭവമാണ്. ജനങ്ങൾക്ക് അറിയാൻ താൽപര്യമുളള ഒരു സംഭവമില്ലെങ്കിൽ പിന്നെ കഥകൾ ആരും വായിക്കുകയില്ല. വ്യക്തികൾ, സ്ഥല-കാലം, രൂപം എന്നിവയാണ് മറ്റു ഘടകങ്ങൾ. അതുപോലെ കഥക്ക് ഒരു ലക്ഷ്യവുമുണ്ടായിരിക്കണം. അതില്ലെങ്കിൽ അത് അനാവശ്യ സംസാരം മാത്രമായിരിക്കും. അതോടൊപ്പം സമൂഹത്തിന്റെ ഒരു പരിഛേദമായും കഥകളെ പരിഗണിക്കാറുണ്ട്. സാഹിത്യത്തിന്റെ മറ്റു ഇനങ്ങളെ അപേക്ഷിച്ച് കഥകളാണ് സമൂഹത്തിന്റെ നേർചിത്രം ആവിഷ്‌കരിക്കുന്നത്. കേവലം ആസ്വാദനത്തിനുവേണ്ടി രചിക്കപ്പെടുന്ന കഥകൾ പോലും ധാരാളം ഗുണപാഠങ്ങൾ ഉൾകൊളളാറുണ്ട്.
ക്വുർആനിലെ ഓരോ വചനവും മനുഷ്യന്റെ വിശ്വാസവും വികാരവുമായി ബന്ധപ്പെട്ടതാണ്. അതു കൊണ്ട് തന്നെ ക്വുർആൻ കഥകളെ ഒരു ഉത്തമ സാഹിത്യമൂല്യമായി പരിഗണിക്കാനാകും. ഏത് അഭിരുചിയുളള ആളുകൾക്കും അത് ഒരുപോലെ ആസ്വാദ്യകരമാണ്. വാർത്തകൾ, വൃത്താന്തങ്ങൾ എന്നീ അർഥങ്ങളിലെല്ലാം ക്വുർആൻ قَصَص എന്ന് പ്രയോഗിച്ചതായി കാണാം. കഥകളുടെ ആധുനിക നിർവചനമനുസരിച്ച് ക്വുർആൻകഥകളെ നമുക്ക് ചരിത്രകഥകളുടെയോ സംഭവ്യകഥകളുടെയോ ഗണത്തിൽ പെടുത്താവുന്നതാണ്. ഓറിയന്റലിസ്റ്റുകളായ നിരൂപകർ ക്വുർആൻ കഥകളെ കഥകളായി പരിഗണിക്കുന്നില്ല. കാരണം അവരുടെ നിർവചന പ്രകാരം ക്വുർആൻ പറയുന്ന കഥകൾ സ്ഥലകാലം വ്യക്തമായി വിവരിക്കുന്നില്ല. ഒരു സംഭവം എന്ന് നടന്നു, എപ്പോൾ നടന്നു എന്നതല്ല, അത് മനുഷ്യന് നൽകുന്ന ഗുണപാഠങ്ങൾക്കാണ് ക്വുർആൻ ഊന്നൽ നൽകുന്നത്. ഇക്കാര്യം ക്വുർആൻതന്നെ വ്യക്തമാക്കുന്നുണ്ട്.
“തീർച്ചയായും അവരുടെ ചരിത്രത്തിൽ ബുദ്ധിമാൻമാർക്ക് പാഠമുണ്ട്. അത് കെട്ടിയുണ്ടാക്കാവുന്ന ഒരു വാർത്തയല്ല. പ്രത്യുത; അതിന്റെ മുമ്പുളളതിനെ (വേദങ്ങളെ) ശരിവയ്ക്കുന്നതും എല്ലാ കാര്യത്തെയും സംബന്ധിച്ചുളള ഒരു വിശദീകരണവും വിശ്വസിക്കുന്ന ജനങ്ങൾക്ക് മാർഗദർശനവും കാരുണ്യവുമാകുന്നു’’ (12:111).
വേദക്കാർക്ക് പോലും അവലംബം ക്വുർആനാണ് എന്നാണ് ക്വുർആൻ പറയുന്നത്. “ഇസ്‌റാഈൽ സന്തതികൾ അഭിപ്രായഭിന്നത പുലർത്തിക്കൊണ്ടിരിക്കുന്ന വിഷയങ്ങളിൽ മിക്കതും ഈ ക്വുർആൻ അവർക്ക് വിവരിച്ചുകൊടുക്കുന്നു’’ (27:76).
അതുപോലെ ക്വുർആൻ കഥകൾക്ക് ചരിത്രത്തിന്റെ പിൻബലം ആവശ്യമില്ല. കാരണം, ചരിത്ര രചനക്ക് മുമ്പുളള കാര്യങ്ങളാണ് ക്വുർആൻ ഉൾകൊളളുന്നത്.

ക്വുർആൻ ചില സംഭവകഥകൾ വിവരിക്കുന്നതിലൂടെ മനുഷ്യർക്ക് ചില പാഠങ്ങൾ നൽകുകയാണ് ചെയ്യുന്നത്. ഉദാ: ആദം നബി(അ)യുടെ രണ്ട് മക്കളുടെ കഥ ഇപ്രകാരം വായിക്കാം: “നബിയേ, നീ അവർക്ക് ആദമിന്റെ രണ്ട് പുത്രന്മാരുടെ വൃത്താന്തം സത്യപ്രകാരം പറഞ്ഞുകേൾപിക്കുക. അവർ ഇരുവരും ഓരോ ബലി അർപ്പിച്ച സന്ദർഭം. ഒരാളിൽനിന്ന് ബലി സ്വീകരിക്കപ്പെട്ടു. മറ്റവനിൽനിന്ന് സ്വീകരിക്കപ്പെട്ടില്ല. മറ്റവൻ പറഞ്ഞു: ‘ഞാൻ നിന്നെ കൊലപ്പെടുത്തുക തന്നെ ചെയ്യും.’ അവൻ (ബലി സ്വീകരിക്കപ്പെട്ടവൻ) പറഞ്ഞു: ‘ധർമനിഷ്ഠയുളളവരിൽനിന്ന് മാത്രമെ അല്ലാഹു സ്വീകരിക്കുകയുളളൂ. എന്നെ കൊല്ലുവാൻ വേണ്ടി നീ എന്റെ നേരെ കൈ നീട്ടിയാൽ തന്നെയും നിന്നെ കൊല്ലുവാൻ വേണ്ടി ഞാൻ നിന്റെ നേരെ കൈ നീട്ടുന്നതല്ല. തീർച്ചയായും ഞാൻ ലോകരക്ഷിതാവായ അല്ലാഹുവിനെ ഭയപ്പെടുന്നു. എന്റെ കുറ്റത്തിനും നിന്റെ കുറ്റത്തിനും നീ അർഹനായിത്തീരും. അങ്ങനെ നീ നരകവാസികളുടെ കൂട്ടത്തിലാകുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതാണ് അക്രമികൾക്കുളള പ്രതിഫലം.’ എന്നിട്ട് തന്റെ സഹോദരനെ കൊല്ലുവാൻ അവന്റെ മനസ്സ് അവന്ന് പ്രേരണ നൽകി. അങ്ങനെ അവനെ കൊലപ്പെടുത്തി. അതിനാൽ അവൻ നഷ്ടക്കാരിൽ പെട്ടവനായിത്തീർന്നു’’ (5: 27-30).
മനുഷ്യപ്രകൃതിയിലെ ശത്രൂതയും തിന്മയുമാണ് ഈ കഥ ആവഷ്‌കരിക്കുന്നത്. ഇത് സംഭവിച്ച കാലമോ സ്ഥലമോ ആളുകളുടെ പേരുകളോ പരാമർശിക്കുന്നില്ല. ഇത് ഹാബീലും കാബീലുമാണെന്ന് നാം മനസ്സിലാക്കുന്നത് ബൈബിൾ വിവരണങ്ങളുടെ അടിസ്ഥാനത്തിലാണ്. ആളുകളുടെ പേരിലല്ല അവയിലെ കഥാതന്തുവിലാണ് പാഠം ഉൾകൊളളുന്നത്. കൊലപാതകത്തിന്റെ ഗൗരവവും അതിനുളള പ്രതിക്രിയവും ഈ വചനങ്ങളിൽനിന്ന് വ്യക്തമായി മനസ്സിലാക്കാനാകും. നിരപരാധികളെ വധിക്കുന്നത് വലിയ പാതകം തന്നയാണ്. അതുകൊണ്ടാണ് ഇത് മനുഷ്യകുലത്തെ ആകമാനം വകവരുത്തിയതിന് തുല്യമാണെന്ന് ക്വുർആൻ പറയുന്നത്. ബനൂഇസ്‌റാഈല്യരും ആദ്യകാലത്ത് കൊലപാതകത്തിന് വധശിക്ഷ തന്നെയാണ് നൽകിയിരുന്നത്. എന്നാൽ പിന്നീട് അവർ അതിൽ ഇളവ് വരുത്തുകയാണുണ്ടായത്. ഇക്കാര്യവും ഇതിൽ നിന്ന് ഗ്രഹിക്കാവുന്നതാണ്.
മനുഷ്യൻ തന്റെ സഹോദരങ്ങളെയൂം ഉറ്റവരെയും ഉടയവരെയും വകവരുത്തുന്ന പ്രവണത ഇന്ന് വർധിച്ചുവരികയാണ്. എന്നാൽ നാം അതിന് എന്തെങ്കിലും കാരണം കണ്ടെത്താൻ ശ്രമിക്കാറാണുളളത്. ഈ കാരണങ്ങൾ ഒന്നും ഇല്ലാത്ത കാലത്ത് കാബീൽ ഹാബീലിനെ കൊന്നത് അവന്റെ മനസ്സിന്റെ പ്രേരണ കൊണ്ട് മാത്രമാണ്. കൊല ഒരു പാതകമാണെന്നും അതിന് ഞാൻ മുതിരില്ലെന്നും അത് നരക പ്രവേശനത്തിന് നിമിത്തമാകുമെന്നും ആബീൽ ഉപദേശിച്ചിട്ടും അത് ചെവിക്കൊളളാൻ കാബീൽ തയ്യാറായില്ല. നമ്മുടെ ബുദ്ധികൊണ്ട് വ്യാഖ്യാനിക്കാൻ കഴിയാത്ത ഒരു പ്രേരണ എല്ലാ കൊലപാതകങ്ങൾ ക്കും പിന്നിലുണ്ടെന്ന വസ്തുതയാണ് ഇത് വെളിപ്പെടുത്തുന്നത്.
മനുഷ്യരുടെ മാനസിക ഭാവങ്ങൾ വ്യക്തമാക്കുന്ന മറ്റൊരു കഥ രണ്ട് തോട്ടക്കാരന്റെ ഉപമയിലൂടെ ക്വുർആൻ വിവരിക്കുന്നുണ്ട്. അഹംഭാവം കാണിക്കുന്നവന്റെയും അല്ലാഹുവിൽ അവലംബിക്കുന്നവ ന്റെയും ഉപമകൾ ഇതിൽ നമുക്ക് കാണാം. ഇതിൽ പറയുന്ന രണ്ട് തോട്ടങ്ങളുടെ ഉടമ, തന്റെ സമ്പത്ത് കണ്ട് അന്തംവിടുകയും അനുഗ്രഹങ്ങളിൽ അഹങ്കരിക്കുകയും ചെയ്യുന്നവനാണ്. അനുഗ്രഹം അനശ്വരമായിരിക്കുമെന്നാണ് അവൻ ധരിച്ചിരുന്നത്. മനുഷ്യരുടെ ജീവിതത്തെ ആകമാനം തകിടം മറിക്കുന്ന ഒരു വൻശക്തിയെ അവൻ വിസ്മരിക്കുകയാണ് ചെയ്യുന്നത്. എന്നാൽ അദ്ദേഹത്തിന്റെ കൂട്ടുകരൻ ദൈവ സ്മരണയിൽ വ്യപൃതനാകുന്ന യഥാർത്ഥ വിശ്വാസിയുമാണ്. ക്വുർആൻ പറയുന്നു.
“നീ അവർക്ക് ഒരു ഉപമ വിവരിച്ചു കൊടുക്കുക. രണ്ട് പുരുഷന്മാർ; അവരിൽ ഒരാൾക്ക് നാം രണ്ട് മുന്തിരിത്തോട്ടങ്ങൾ നൽകി. അവയെ (തോട്ടങ്ങളെ) നാം ഈന്തപ്പനകൊണ്ട് വലയം ചെയ്തു. അവയ്ക്കിടയിൽ ധാന്യ കൃഷിയിടവും നൽകി. ഇരു തോട്ടങ്ങളും അവയുടെ ഫലങ്ങൾ നൽകിവന്നു. അതിൽ യാതൊരു ക്രമക്കേടും വരുത്തിയില്ല. അവയ്ക്കിടയിലൂടെ നാം ഒരു നദി ഒഴുക്കുകയും ചെയ്തു. അവന്നു പല വരുമാനവുമുണ്ടായിരുന്നു. അങ്ങനെ അവൻ തന്റെ ചങ്ങാതിയോട് സംവാദം നടത്തിക്കൊണ്ടിരിക്കെ പറയുകയുണ്ടായി: ‘ഞാനാണ് നിന്നെക്കാൾ കൂടുതൽ ധനമുളളവനും കൂടുതൽ സംഘബലമുളളവനും.’ സ്വന്തത്തോടുതന്നെ അന്യായം പ്രവർത്തിച്ചുകൊണ്ട് അവൻ തന്റെ തോട്ടത്തിൽ പ്രവേശിച്ചു. അവൻ പറഞ്ഞു: ‘ഒരിക്കലും ഇതൊന്നും നശിച്ചുപോകുമെന്ന് ഞാൻ വിചാരിക്കുന്നില്ല. അന്ത്യസമയം നിലവിൽ വരും എന്ന് ഞാൻ വിചാരിക്കുന്നില്ല. ഇനി ഞാൻ എന്റെ രക്ഷിതാവിങ്കലേക്ക് മടക്കപ്പെടുകയാണെങ്കിലോ, തീർച്ചയായും മടങ്ങിച്ചെല്ലുന്നതിന് ഇതിനെക്കാൾ ഉത്തമമായ ഒരു സ്ഥലം എനിക്ക് ലഭിക്കുക തന്നെ ചെയ്യും.’ അവന്റെ ചങ്ങാതി അവനുമായി സംവാദം നടത്തിക്കൊണ്ടിരിക്കെ പറഞ്ഞു: ‘മണ്ണിൽനിന്നും അനന്തരം ബീജത്തിൽനിന്നും നിന്നെ സൃഷ്ടിക്കുകയും പിന്നീട് നിന്നെ ഒരു പുരുഷനായി സംവിധാനിക്കുകയും ചെയ്തവനിൽ നീ അവിശ്വസിച്ചിരിക്കുകയാണോ? എന്നാൽ എന്റെ വിശ്വാസമിതാണ്; അവൻ അഥവാ അല്ലാഹുവാകുന്നു എന്റെ രക്ഷിതാവ്. എന്റെ രക്ഷിതാവിനോട് യാതൊന്നിനെയും ഞാൻ പങ്കുചേർക്കുകയില്ല. നീ നിന്റെ തോട്ടത്തിൽ കടന്ന സമയത്ത് ഇത് അല്ലാഹു ഉദ്ദേശിച്ചതത്രെ, അല്ലാഹുവെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും ഇല്ല എന്ന് നിനക്ക് പറഞ്ഞു കൂടായിരുന്നോ? നിന്നെക്കാൾ ധനവും സന്താനവും കുറഞ്ഞവനായി നീ എന്നെ കാണുന്നുവെങ്കിൽ; എന്റെ രക്ഷിതാവ് എനിക്ക് നിന്റെ തോട്ടത്തെക്കാൾ നല്ലത് നൽകി എന്നു വരാം. നിന്റെ തോട്ടത്തിന്റെ നേരെ അവൻ ആകാശത്തുനിന്ന് ശിക്ഷ അയക്കുകയും അങ്ങനെ അത് ചതുപ്പുനിലമായിത്തീരുകയും ചെയ്തു എന്നു വരാം. അല്ലെങ്കിൽ അതിലെ വെളളം നിനക്ക് ഒരിക്കലും തേടിപ്പിടിച്ച് കൊണ്ടുവരാൻ കഴിയാത്തവിധം വറ്റിപ്പോയെന്നും വരാം.’ അവന്റെ ഫലസമൃദ്ധി (നാശത്താൽ) വലയം ചെയ്യപ്പെട്ടു. അവ അവയുടെ പന്തലുകളോടെ വീണടിഞ്ഞ് കിടക്കവെ താൻ അതിൽ ചെലവഴിച്ചതിന്റെ പേരിൽ അവൻ (നഷ്ടബോധത്താൽ) കൈ മലർത്തുന്നവനായിത്തീർന്നു. എന്റെ രക്ഷിതാവിനോട് ആരെയും ഞാൻ പങ്കുചേർക്കാതിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ എന്ന് അവൻ പറയുകയും ചെയ്തു കൊണ്ടിരുന്നു. അല്ലാഹുവിന് പുറമെ യാതൊരു കക്ഷിയും അവന് സഹായം നൽകുകയുണ്ടായില്ല. അവന്ന് (സ്വയം) അതിജയിക്കാൻ കഴിഞ്ഞതുമില്ല’’ (18: 32-43).
ഈ കഥ തുടങ്ങുന്നത് പ്രൗഢവും പ്രശോഭിതവുമായ രണ്ട് തോട്ടങ്ങളെ വർണിച്ചുകൊണ്ടാണ്. ഇവയ്ക്ക് യാതൊരു കുറവുമില്ല എന്ന് സൂചിപ്പിക്കാൻ ക്വുർആൻ ‘ تَظْلِم’ എന്ന പദമാണ് പ്രയോഗിച്ചത്. സാധാരണ ‘അക്രമം’ എന്ന അർഥത്തിലാണ് ഈ പദം പ്രയോഗിക്കാറുളളത്. തോട്ടക്കാരൻ അക്രമം ചെയ്‌തെങ്കിലും തോട്ടം യാതൊരു അക്രമവും കാണിച്ചില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്. തോട്ടങ്ങളുടെ ഉടമ സംസാരം ആരംഭിക്കുന്നതുതന്നെ താൻ സമ്പത്തും ജനപിന്തുണയുമുളള ഒരാളാണ് എന്ന അഹംഭാവത്തോടെയാണ്. അപരനെ കൊച്ചാക്കാനുളള ഒരു പ്രവണതയും ഇതിൽ നിഴലിക്കുന്നുണ്ട്. സംഭാഷണം കേൾക്കുന്നവൻ ഇതിലൊന്നും അത്ഭുതപ്പെടാതെ നിസ്സാരമായ ഒരു ബീജത്തിൽനിന്ന് മനുഷ്യനെ സൃഷ്ടിച്ച് ഈ പരുവത്തിലാക്കിയ സ്രഷ്ടാവിന്റെ മഹത്ത്വമാണ് ഓർമിപ്പിക്കുന്നത്. ഇക്കാര്യം മറന്ന് അഹങ്കരിക്കുന്നവന്റെ പരിണിതഫലമാണ് കഥയുടെ അവസാനത്തിൽ നാം കാണുന്നത്. തകർന്നടിഞ്ഞ ഒരു തോട്ടം വിഭാവനം ചെയ്യുന്ന രൂപത്തിലാണ് തിരശ്ശീല വീഴുന്നത്. ഇത്തരം ശിക്ഷകൾ വന്നുകഴിഞ്ഞാൽ അതിനെ തടയാൻ അഹങ്കരിക്കുന്നവനോ അവന്റെ അനുയായികൾക്കോ കഴിയാതെ വരികയും ചെയ്യും. കണ്ട് കണ്ണു തളളുകയല്ലാതെ അത്തരം സന്ദർഭങ്ങളിൽ കൈമലർത്തിയതുകൊണ്ടോ ഖേദിച്ചതുകൊണ്ടോ യാതൊരു ഫലവും ഉണ്ടാകയുമില്ല. പ്രപഞ്ച നാഥന്റെ കഴിവിന് മുമ്പിൽ ഏതു കൊലകൊമ്പനും അതിനിസ്സാരനാണ് എന്ന പാഠമാണ് ഈ കഥ നൽകുന്നത്.
(തുടരും)

