ഭാഷാവിസ്മയങ്ങൾ

ഡോ. ടി. കെ. യൂസുഫ്

2025 ജൂലൈ 26, 1447 മുഹറം 30

(ക്വുർആൻ കഥകളിലെ ദൃഷ്ടാന്തങ്ങൾ 5)

അറബി ഭാഷ പര്യായപദങ്ങൾകൊണ്ട് സമ്പുഷ്ടമാണ്. ചില വസ്തുക്കൾക്കും ജീവികൾക്കും നൂറിലേറെ പര്യായപദങ്ങളുണ്ട്. എന്നാൽ മിക്ക പര്യായപദങ്ങളും തമ്മിൽ ആശയത്തിൽ നേരിയ വ്യത്യാസമുളളതായി കാണാം. ഉദാഹരണമായി, വർഷം എന്നതിന് ‘സനത്’ (سَنَة) എന്നും ‘ആം’ (عَام) എന്നും ക്വുർആനിൽ പ്രയോഗിച്ചതായി കാണാം. ഒരേ വചനത്തിൽ തന്നെ ഇത് രണ്ടും പ്രയോഗിച്ചതായി കാണാം. വാസ്തവത്തിൽ ഇത് ആവർത്തന വിരസത ഒഴിവാക്കാൻ വേണ്ടി മാത്രം ചെയ്തതല്ല, ഇവയുടെ ആശയത്തിലും വ്യത്യാസമുണ്ട്. യൂസുഫ് നബി(അ)യുടെ കഥയിൽ ഇപ്രകാരം കാണാം:

“പിന്നീടതിന് ശേഷം പ്രയാസകരമായ ഏഴു വർഷം വരും. ആ വർഷങ്ങൾ അന്നേക്കായി നിങ്ങൾ മുൻകൂട്ടി സൂക്ഷിച്ച് വെച്ചിട്ടുളളതിനെയെല്ലാം തിന്നുതീർക്കുന്നതാണ്; നിങ്ങൾ കാത്തുവെക്കുന്നതിൽ നിന്ന് അൽപം ഒഴികെ. പിന്നീടതിന് ശേഷം ഒരു വർഷം വരും. അന്ന് ജനങ്ങൾക്ക് സമൃദ്ധി നൽകപ്പെടുകയും അന്ന് അവർ(വീഞ്ഞും മറ്റും) പിഴിഞ്ഞെടുക്കുകയും ചെയ്യും’’ (യൂസുഫ്: 48,49).

ഈ വചനത്തിൽ ‘പ്രയാസത്തിന്റെ വർഷം’ എന്ന അർഥത്തിൽ سَنَة എന്നും സമൃദ്ധിയുടെ വർഷം എന്ന അർഥത്തിൽ عَام എന്നുമാണ് പ്രയോഗിച്ചിട്ടുളളത്. ഇതുപോലെ വർഷത്തിന്റെ സ്വഭാവമനുസരിച്ച് ‘സനത്’ എന്നും ‘ആം’ എന്നും പ്രയോഗിച്ചത് വേറെ സ്ഥലത്തും കാണാം. നൂഹ് നബി(അ)യുടെ ജീവിത കാലം പറയുന്നിടത്ത്: “നൂഹിനെ നാം അദ്ദേഹത്തിന്റെ ജനതയിലേക്ക് അയക്കുകയുണ്ടായി. അമ്പത് കൊല്ലം ഒഴിച്ചാൽ ആയിരം വർഷം തന്നെ അദ്ദേഹം അവർക്കിടയിൽ കഴിച്ചുകൂട്ടി’ (അൻകബൂത് 14). നൂഹ് നബി(അ)യുടെ പ്രബോധന കാലഘട്ടം പ്രയാസകരമായിരുന്നുവെന്നതിൽ സംശയമില്ല. അതു കൊണ്ട് 950 വർഷം എന്ന് പറഞ്ഞിടത്ത് ‘സനത്’ എന്നും ധിക്കാരികളെ നശിപ്പിച്ചതിന് ശേഷമുളള അമ്പത് വർഷങ്ങൾ സുഖകരമായിരുന്നതുകൊണ്ട് അവിടെ ‘ആം’ എന്നുമാണ് പ്രയോഗിച്ചിട്ടുത്. ആധുനിക അറബി ഭാഷയിലും പുതുവർഷ ആംശസകൾ നേരുമ്പോൾ ആം എന്ന പദമാണുപയോഗിക്കാറുളളത്.

യൂസുഫ് നബി(അ)യെ ചെന്നായ പിടിച്ചതിനെ കുറിച്ച് ‘അകല’ (തിന്നു) എന്ന പദമാണ് പ്രയോഗിച്ചത്.

ചെന്നായ വേട്ടയാടിയാൽ എന്തെങ്കിലും അവശിഷ്ടങ്ങൾ ഉപേക്ഷിക്കാൻ സാധ്യതയുണ്ട്. എന്നാൽ യൂസുഫ് നബി(അ)യുടെ ശരീര ഭാഗങ്ങൾ ഒന്നും അടയാളമായി കാണിക്കാനില്ലാത്തതു കൊണ്ടാവാം അവർ ‘ചെന്നായ തിന്നു’ എന്ന് പറഞ്ഞത്. അത് യഅ്ക്വൂബ് നബി(അ)ക്ക് വിസ്മരിക്കാനാവാത്ത മനഃപ്രയാസമുണ്ടാക്കി. പിന്നീട് ബിൻയാമീനെ കൊട്ടാരത്തിൽ തടഞ്ഞു വെച്ചപ്പോൾ അതികഠിനമായ ദുഃഖമുണ്ടായി. ഈ രണ്ട് സങ്കടങ്ങളും ബസ്സ് (بَثّ), ഹുസ്ൻ (حُزْن) എന്നീ രണ്ടു പദങ്ങളിലൂടെയാണ് ആവഷ്‌കരിക്കുന്നത്. ബസ്സ (بَثَّ) എന്ന അറബി പദത്തിന് ‘വിതറുക’ എന്ന അർഥമാണുളളത്. അതികഠിനമായ സങ്കടം മനസ്സിൽ അടക്കിവെക്കാൻ കഴിയാതെ മറ്റുളളവരോട് പറയുമ്പോഴാണ് ‘ബസ്സ’ എന്ന് പറയുന്നത്.

കാലപ്പഴക്കം കൊണ്ട് മറക്കാൻ കഴിയാത്തതിനെയാണ് ‘ഹുസ്ൻ’ എന്ന് പറയുന്നത്. മലയാള പരിഭാഷകളിൽ ഇപ്രകാരമാണ് അർഥം നൽകിയിട്ടുളളത്: “അദ്ദേഹം പറഞ്ഞു: എന്റെ വേവലാതിയും വ്യസനവും ഞാൻ അല്ലാഹുവോട് മാത്രമാണ് ബോധിപ്പിക്കുന്നത്’’ (യൂസുഫ് 86).

മൂസാ നബി(അ) വടിയെ പാമ്പാക്കിയ സംഭവം പറയുന്നിടത്ത് ക്വുർആൻ ‘പാമ്പ്’ എന്ന അർഥത്തിൽ ‘ഹയ്യത്’ (حَيَّة), ‘ജാന്ന്’ (جَانّ), ‘സുഅ്ബാൻ’ (ثُعْبَان) എന്നീ മൂന്ന് പദങ്ങൾ പ്രയോഗിച്ചിട്ടുണ്ട്. ‘ഹയ്യത്’ എന്നത് സധാരണ ഗതിയിൽ എല്ലാ പാമ്പുകൾക്കും പറയുന്നതാണ്. എന്നാൽ ‘ജാന്ന്’ എന്ന പദം താരതമ്യേന ചെറിയ പാമ്പുകൾക്കാണ് പറയാറുളളത്. മായാജാലക്കാരുടെ പാമ്പുകൾ ചെറിയ പാമ്പുകളായിരുന്നു. പിന്നീട് മൂസാ നബി(അ) തന്റെ വടി ഇടുകയും അത് പാമ്പായി മാറുകയും മറ്റുളളവയെ വിഴുങ്ങുകയും ചെയ്ത കാര്യം പറയുന്നിടത്ത് ‘സുഅ്ബാൻ’ അതായത് ഭീകരസർപ്പം എന്ന അർഥമുളള പദമാണുപയോഗിച്ചത്.

ഇബ്‌റാഹിം നബി(അ)ക്ക് ഇസ്ഹാക്വിനെക്കുറിച്ച് സന്തോഷവാർത്ത അറിയിക്കാൻ വേണ്ടി മലക്കുകൾ വന്ന സംഭവം പറയുന്നിടത്ത് അദ്ദേഹത്തിന്റെ ഭാര്യ ഇപ്രകാരം പറയുന്നതായി കാണാം: “അവർ പറഞ്ഞു: കഷ്ടം! ഞാനൊരു കിഴവിയായിട്ടും പ്രസവിക്കുകയോ? എന്റെ ഭർത്താവ് ഇതാ ഒരു വൃദ്ധൻ! തീർച്ചയായും ഇതൊരു അത്ഭുതകരമായ കാര്യം തന്നെ’’ (ഹൂദ് 72).

ഭർത്താവ് എന്ന അർഥത്തിൽ സൗജ് (زوْج) എന്ന പദമാണ് പ്രയോഗിക്കാറുളളത്. എന്നാൽ ഈ ആയത്തിൽ ‘ഭർത്താവ്’ എന്നതിന് ‘ബഅൽ’ (بَعَل) എന്നാണ് ഉപയോഗിച്ചിട്ടുളളത്. ‘സൗജ്’ എന്ന പദം വ്യാപകമായി ഏത് പ്രായത്തിലുളള ഭർത്താവിനും ‘ഇണ’ എന്ന അർഥത്തിൽ പ്രയോഗിക്കാറുണ്ട്. എന്നാൽ പ്രത്യുൽപാദനക്ഷമത കൂടുതലുളളവർക്കാണ് ‘ബഅൽ’ എന്ന പദം പ്രയോഗിക്കാറുളളത്. ഈ വചനത്തിൽ ഇബ്‌റാഹീം നബി(അ)യുടെ ഭാര്യ തനിക്ക് കുഞ്ഞുണ്ടാകാതിരിക്കാനുളള രണ്ട് കാരണങ്ങൾ നിരത്തുന്നുണ്ട്. ഒന്ന്, അവർ വൃദ്ധയാണ്. രണ്ടാമത്തേത് അവരോട് സംസംർഗം നടത്തേണ്ട ഭർത്താവ് വൃദ്ധനുമാണ്. വാർധക്യം കാരണം അദ്ദേഹത്തിന്റെ പ്രത്യുത്പാദനക്ഷമത അവസാനിച്ചിട്ടുണ്ട് എന്ന സൂചന ഈ പദത്തിലൂടെ നൽകുന്നുണ്ട്.

ആവർത്തന ലക്ഷ്യം

ക്വുർആനിൽ മിക്ക കഥകളും ഒന്നിലധികം സ്ഥലങ്ങളിൽ ആവർത്തിച്ചിട്ടുണ്ട്. യൂസുഫ് നബി(അ)യുടെ കഥ മാത്രമെ ഒരിടത്ത് മുഴുവനായി പറഞ്ഞിട്ടുളളൂ. മറ്റു ചരിത്രങ്ങളെല്ലാം ഒരിടത്ത് പറഞ്ഞ കാര്യങ്ങൾ അൽപം കൂടി വ്യക്തമായിട്ടാണ് മറ്റു സ്ഥലങ്ങളിൽ പറയുന്നത്. പ്രധാന കാര്യങ്ങൾ പറയുമ്പോൾ അറബികൾ അത് ആവർത്തിച്ച് പറയാറുണ്ട്. ആ ശൈലിയാണ് ഇവിടെ കാണുന്നത്. കൂടുതൽ വ്യക്തത വരുത്താനും ചില സ്ഥലങ്ങളിൽ ആവർത്തിച്ചതായി കാണാം. അതുപോലെ പല സമയങ്ങളായിട്ടാണ് ക്വുർആൻ അവതരിച്ചത് എന്നതുകൊണ്ട് ജനമനസ്സുകളിൽ അത് സ്ഥിരപ്പെടുത്തണമെങ്കിൽ ആവർത്തനം അനിവാര്യമാണ്. തന്നെയുമല്ല, ചില സ്വഹാബിമാർ ചില സൂറത്തുകളിലെ കഥകൾ അവതരിച്ചതിന് ശേഷം ഇസ്‌ലാമിലേക്ക് വന്നവരായിരിക്കാം. അതുപോലെ ചില സ്വഹാബിമാർക്ക് ചില അധ്യായങ്ങൾ അവതരിക്കുന്ന സമയത്ത് അത് കേൾക്കാൻ അവസരം ലഭിച്ചില്ലായിരിക്കാം. ഇവർക്കെല്ലാം കഥകൾ ആവർത്തിക്കുന്നത് അനുഗ്രഹമാണ്. മൂസാ(അ)യുടെയും ഫിർഔനിന്റെയും കഥ പോലുളള ചരിത്രം പതിനൊന്ന് സൂറത്തുകളിൽ ആവർത്തിച്ചിട്ടുണ്ടെങ്കിലും ചില പദങ്ങളിലും ഘടനയിലും മാറ്റം കാണാവുന്നതാണ്. തന്നെയുമല്ല, അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട ഇരുപത് സംഭവങ്ങൾ പതിനൊന്ന് അധ്യായങ്ങളിലായിട്ടാണ് വിവരിക്കുന്നത്. ഇവയെല്ലാം ചേർത്ത് വായിക്കുമ്പോഴാണ് മൂസാ നബി(അ)യുടെ സമ്പൂർണ ചരിത്രം നമുക്ക് ലഭ്യമാകുന്നത്. എന്നാൽ ഓരോ സംഭവം മാത്രം വായിക്കുന്നവർക്കും അപൂർണത അനുഭവപ്പെടുന്നുമില്ല. സർവോപരി മനുഷ്യരുടെ സംസാരം ആവർത്തിച്ചാൽ വിരസമായിത്തീരും; എന്നാൽ ക്വുർആൻ ഒരേ സംഭവം ഒന്നിലധികം സ്ഥലങ്ങളിൽ ആവർത്തിച്ചാലും അത് കേൾക്കുമ്പോഴോ പാരായണം ചെയ്യുമ്പോഴോ മടുപ്പ് അനുഭവപ്പെടുന്നില്ല. ഒരു സൂക്തം തന്നെ യാതൊരു മാറ്റവും കൂടാതെ പല തവണ ആവർത്തിച്ചാലും വിരസത അനുഭവപ്പെടുന്നില്ല എന്നത് ക്വുർആനിന്റെ മാത്രം സവിശേഷതയാണ്.