വലിപ്പം കൂടിയ റമദാൻ ഹിലാൽ; ചില അബദ്ധ ധാരണകൾ
പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി
2025 മാർച്ച് 15, 1446 റമദാൻ 14

ഇസ്‌ലാമിക മാസനിർണയത്തിന് മാസപ്പിറവി (ഹിലാൽ) കാണുക എന്നത് പുണ്യകർമമാണ്. പ്രാമാണികരായ പണ്ഡിതന്മാർ ഹിലാൽ കാണുന്നതിനെ ഫർദു കിഫായയുടെ ഗണത്തിലാണ് ഉൾപ്പെടുത്തി യത്. മാസനിർണയത്തിന് കേരളത്തിൽ ബഹുഭൂരിപക്ഷം പേരും ഈ പ്രവാചകരീതി അനുധാവനം ചെയ്യുന്നവരാണ്. എന്നാൽ ഇതിനു വിപരീതമായി, ഹിലാൽ കാണേണ്ടതില്ല എന്നും പകരം ന്യൂമൂൺ, സൂര്യാസ്തമയ ശേഷമുള്ള ചക്രവാളത്തിലെ ചന്ദ്ര സാന്നിധ്യം എന്നീ മാനദണ്ഡങ്ങളുപയോഗിച്ചുള്ള കണക്കിനെ അടിസ്ഥാനപ്പെടുത്തി തീയതി നിർണയിച്ചാൽ മതി എന്നും വാദിക്കുന്ന ഒരു ന്യൂനപക്ഷവും കേരളത്തിലുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുസ്‌ലിം രാജ്യങ്ങളെല്ലാം പിറവിയുടെ കാഴ്ചയെത്തന്നെയാണ് മാസാരംഭത്തിന് നിദാനമാക്കുന്നത്.
ഈ വർഷത്തെ മാസനിർണയത്തിന് കണക്കുപയോഗിച്ചവർക്ക് ശഅ്ബാൻ മാസം 29ാം തീയതി ഫെബ്രുവരി 28 ന് വെള്ളിയാഴ്ചയും പിറവിയുടെ കാഴ്ചയെ അടിസ്ഥാനപ്പെടുത്തിയവർക്ക് മാർച്ച് 1ന് ശനിയാഴ്ചയുമായിരുന്നു.
ശനിയാഴ്ച ശഅ്ബാൻ 29 പൂർത്തിയാക്കിയവർക്ക് തങ്ങളുടെ ഹിലാൽ താരതമ്യേന വലിപ്പത്തിലും ഉയരത്തിലും കാണാൻ കഴിഞ്ഞു എന്ന പ്രത്യേകത ഈ വർഷം ഉണ്ടായിരുന്നു. കടൽത്തീരത്തുനിന്നും അകലെയുള്ളവർക്ക് പോലും വീട്ടുമുറ്റത്തിരുന്ന് വളരെ വലിപ്പത്തിലുള്ള ഹിലാൽ കാണാനുള്ള ഭാഗ്യമുണ്ടായി. നിയ്യത്തോടുകൂടി ഹിലാൽ കാണുകയും ഹിലാൽ കണ്ടാൽ ചൊല്ലേണ്ടുന്ന പ്രാർഥന ചൊല്ലുകയും ചെയ്ത ഒട്ടേറെ പേർക്ക് അല്ലാഹു ഉദ്ദേശിച്ചാൽ അതിന്റെ പ്രതിഫലവും ലഭിക്കും.
ശനിയാഴ്ച മാസപ്പിറവി കണ്ട് സന്തോഷത്തോടെ ശഅ്ബാൻ 29 പൂർത്തിയാക്കി റമദാനിലേക്ക് കടന്നുവെങ്കിലും പല ഭാഗത്തുനിന്നുമുള്ള വിമർശനങ്ങൾകൊണ്ട്, പ്രമാണങ്ങളെ പിന്തുടരുന്നവർ പൊറുതിമുട്ടി. പ്രത്യേകിച്ചും കണക്കുപയോഗിച്ച് മാസം നിർണയിച്ചവരിൽ നിന്നായിരുന്നു കടുത്ത വിമർശനങ്ങൾ നേരിടേണ്ടിവന്നത്. മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ മാത്രം മാസം നിശ്ചയിച്ചവർക്ക് റജബും ശഅ്ബാനും തീരുമാനിച്ചതിൽ പിഴവു പറ്റിയെന്ന് ചിലർ പറഞ്ഞുനടന്നു. മേഘമോ മറ്റു തടസ്സങ്ങളോ ഇല്ലായിരുന്നുവെങ്കിൽ വെള്ളിയാഴ്ച പിറവി കാണേണ്ടതായിരുന്നു എന്നും ശനിയാഴ്ച കണ്ടത് രണ്ടാം ദിനത്തിന്റെ ഹിലാൽ ആണെന്നും ആയതിനാൽ റമദാനിലെ ഒരു നോമ്പ് നഷ്ടപ്പെട്ടു എന്നും അക്കൂട്ടർ പ്രചരിപ്പിച്ചു. ഈ വിമർശനങ്ങളോരോന്നും ശരിയോ എന്ന് പരിശോധന നടത്തുകയാണ് ഈ കുറിപ്പിന്റെ ഉദ്ദേശ്യം.
റജബും ശഅ്ബാനും തീരുമാനിച്ചതിൽ പിഴവു പറ്റിയോ?
ജമാദുൽ ആഖിർ 29ന് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് നാം റജബിലേക്ക് കടന്നത്. പിന്നീട് റജബ് 29ന് മാസപ്പിറവി കാണാൻ ശ്രമിക്കുകയും പിറവി കാണാതിരുന്നതിനാൽ റജബ് 30 പൂർത്തിയാക്കി ഫെബ്രുവരി 1ന് ശഅബാൻ 1 ആയി സ്ഥിരീകരിക്കുകയും ചെയ്തു. പൂർണമായും പ്രവാചക നിർദേശങ്ങൾ പാലിച്ചുകൊണ്ടാണ് ഈ മാസങ്ങൾ സ്ഥിരീകരിക്കപ്പെട്ടത്. ഈ സ്ഥിരീകരണം തെറ്റായിപ്പോയി എന്ന് പറയുന്നവർക്ക് ‘എന്ത് കൊണ്ട് തെറ്റി’ എന്ന ചോദ്യത്തിന് ഒരു വിശദീകരണം നൽകാൻ കഴിയുന്നില്ല എന്നത് ഖേദകരമാണ്.
വെള്ളിയാഴ്ച മാസപ്പിറവി കണ്ടിരുന്നുവെങ്കിൽ കാഴ്ചയെ അടിസ്ഥാനമാക്കിയവർക്ക് ശഅ്ബാനിൽ 28 ദിവസം മാത്രമെ ഉണ്ടാകുമായിരുന്നുള്ളൂ. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ മാത്രമെ ശഅ്ബാൻ തീരുമാനിച്ചത് തെറ്റായിരുന്നു എന്ന് പറയാനാകൂ. എന്നാൽ അങ്ങനെയൊരു സാഹചര്യമുണ്ടായില്ല എന്നിരിക്കെ റജബ്, ശഅ്ബാൻ മാസങ്ങൾ തീരുമാനിച്ചതിൽ തെറ്റുണ്ട് എന്ന് പറയുന്നതിൽ യാതൊരു അടിസ്ഥാനവുമില്ല.
വെള്ളിയാഴ്ച പിറവി കാണാനാകുമായിരുന്നോ?
ശഅ്ബാൻ നിശ്ചയിച്ചതിൽ തെറ്റുണ്ട് എന്ന് സമർഥിക്കുന്നതിന് വേണ്ടി വെള്ളിയാഴ്ച പിറവി കാണാതിരുന്നത് മേഘം മൂലമോ മറ്റു തടസ്സങ്ങളാലോ ആണെന്നുമാണ് ഇപ്പോൾ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. സുന്നത്തനുസരിച്ച് മാസം നിശ്ചയിച്ചവർക്ക് തങ്ങളുടെ 28ന് വെള്ളിയാഴ്ച മാസപ്പിറവി നേക്കേണ്ടതില്ല. എങ്കിലും അന്ന് കണക്കനുസരിച്ച് ശഅ്ബാൻ 29 പൂർത്തിയാക്കിയവർക്ക് മാസപ്പിറവി നോക്കേണ്ടിവന്നു. എന്നാൽ അന്ന് അവർക്ക് പിറവി കാണാൻ സാധിച്ചില്ല എന്നതാണല്ലോ സത്യം. ഇതിനു കാരണം മേഘമോ മറ്റു തടസ്സങ്ങളോ ആയിരുന്നില്ല. മറിച്ച്, പിറവിയുടെ അടിസ്ഥാനത്തിൽ തുടങ്ങിയ ഇസ്‌ലാമിക മാസത്തിന്റെ 28ന് ആകാശത്ത് പിറവി കാണാനാവില്ല എന്നതു മാത്രമായിരുന്നു.
ശാസ്ത്രീയമായി പരിശോധിച്ചാലും വെള്ളിയാഴ്ച പിറവി കാണാനുള്ള സാധ്യത ഉണ്ടായിരുന്നില്ല എന്ന് കാണാൻ കഴിയും. വെള്ളിയാഴ്ച സൂര്യൻ അസ്തമിക്കുമ്പോൾ ലൂണാർ ഡിസ്‌കിന്റെ (പൂർണചന്ദ്രന്റെ വലിപ്പം) 0.37 % മാത്രമാണ് പ്രകാശിതമായത്. അതായത് ലൂണാർ ഡിസ്‌കിനെ ആയിരം ഭാഗമായി വിഭജിച്ചാൽ അതിൽ മൂന്നു ഭാഗം മാത്രം. പ്രകാശിത ഭാഗത്തിന്റെ വലിപ്പം എന്തായിരിക്കുമെന്ന് ഇതിൽ നിന്നും നമുക്ക് ഊഹിക്കാമല്ലോ. ഈ ഘട്ടത്തിൽ ദൃശ്യയോഗ്യമായ നിലയിൽ ഹിലാൽ രൂപപ്പെട്ടിരുന്നില്ല. നഗ്‌നനേത്രങ്ങൾ കൊണ്ട് ദർശിക്കാനാകാത്ത വിധം ചന്ദ്രന്റെ പ്രകാശിത ഭാഗം വളരെ വളരെ വളരെ നേർത്തതായിരിന്നു.
മാത്രമല്ല, വെള്ളിയാഴ്ച സൂര്യനസ്തമിക്കുമ്പോൾ ചന്ദ്രൻ ചക്രവാളത്തിൽ സൂര്യനസ്തമിച്ച ഭാഗത്ത് നിന്ന് കേവലം 5.7 ഡിഗ്രി മാത്രം ഉയരത്തിലായിരുന്നു. സൂര്യനസ്തമിച്ച ഭാഗത്ത് സൂര്യശോഭ മായാതെ നിലനിൽക്കുന്നതിനാൽ ആ ശോഭയിൽ മുങ്ങിപ്പോയ വളരെ നേർത്ത ചന്ദ്രന്റെ പ്രകാശിത ഭാഗത്തെ കാണാൻ സാധിക്കുമായിരുന്നില്ല. സൂര്യാസ്തമയ സമയത്ത് ചന്ദ്രന്റെ പ്രായം കേവലം 12 മണിക്കൂർ മാത്രമായിരുന്നു എന്നതാണ് ഇതിനു കാരണം. (വിശദീകരണം ചുവടെ)
ഈ അടിസ്ഥാനത്തിൽ മേഘാവൃതമായിരുന്നില്ലെങ്കിൽ വെള്ളിയാഴ്ച മാസപ്പിറവി കാണുമായിരുന്നു എന്ന് പറയുന്നതിൽ യാതൊരു കഴമ്പുമില്ല. അതുകൊണ്ടുതന്നെ അടുത്തദിവസം ശനിയാഴ്ച അഭൂതപൂർവമായ വലിപ്പത്തിലും ഉയരത്തിലും കണ്ട ഹിലാൽ റമദാൻ 1 ന്റെതു തന്നെയെന്ന് ഉറപ്പിച്ചു പറയാൻ കഴിയും.
ഹിലാലിന് ഇത്ര വലുപ്പമോ?
ശനിയാഴ്ച മാസപ്പിറവി കണ്ട് റമദാനിലെ നോമ്പ് ആരംഭിച്ചവർക്ക് ഒരു നോമ്പും നഷ്ടപ്പെട്ടിട്ടില്ല എന്ന് നാം മനസ്സിലാക്കി. എങ്കിൽ ശനിയാഴ്ച എല്ലാ ജനങ്ങൾക്കും കാണുമാറ് ഹിലാൽ വളരെ വലിപ്പത്തിലും ഉയരത്തിലും പ്രത്യക്ഷപ്പെട്ടത് എന്തുകൊണ്ട് എന്ന ചോദ്യമാണ് പലരിൽനിന്നും ഉയരുന്നത്. ശനിയാഴ്ച മാസപ്പിറവി കാണാൻ പുറപ്പെട്ടവരെ വിസ്ഡം ഹിലാൽ വിംഗ് ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നു. ഹിലാൽ വളരെ വലിപ്പത്തിലും ചക്രവാളത്തിൽ വളരെ ഉയരത്തിലുമായിരിക്കും കാണാനാകുക എന്നും അത് തീയതി രണ്ടിന്റെ ഹിലാൽ ആണെന്ന് ധരിക്കരുതെന്നും വിസ്ഡം മുന്നറിയിപ്പ് നൽകിയിരുന്നു. അസാധാരണമായ രണ്ടു സാഹചര്യങ്ങളാണ് ഹിലാൽ ഇപ്രകാരം വലിപ്പത്തിലും ഉയരത്തിലും കാണാൻ കാരണമായത്.
1) ചന്ദ്രന്റെ പ്രായം
വെള്ളിയാഴ്ച രാവിലെ 6:17നായിരുന്നു ന്യൂമൂൺ ഉണ്ടായത്. ന്യൂമൂണിന് ശേഷം 12 മണിക്കൂർ സമയം കഴിഞ്ഞാണ് അന്ന് സൂര്യൻ അസ്തമിച്ചത്. അതായത് സൂര്യൻ അസ്തമിക്കുമ്പോൾ 12 മണിക്കൂർ പ്രായമുള്ള ചന്ദ്രനാണ് ചക്രവാളത്തിലുണ്ടായിരുന്നത് എന്നർഥം. പ്രായം കുറഞ്ഞ ഈ ചന്ദ്രനെ സുര്യാസ്തമയ സമയത്ത് കാണാൻ കഴിയില്ല എന്നത് സുനിശ്ചിതം. 16 മണിക്കൂറെങ്കിലും പ്രായമുണ്ടായിരുന്നുവെങ്കിൽ അന്നുതന്നെ പിറവി കാണാമായിരുന്നു.
1993ൽ ഗ്രീനിച്ചിലെ Royal Astronomical Society തങ്ങളുടെ ജേർണലിൽ പ്രസിദ്ധീകരിച്ച Records of young moon sighting എന്ന പ്രബന്ധത്തിൽ പറയുന്നത് 15.4 മണിക്കൂറിൽ താഴെ പ്രായമുള്ള ബാലചന്ദ്രനെ നഗ്‌നനേത്രങ്ങൾ കൊണ്ട് ലോകത്താരും തന്നെ കണ്ടിട്ടില്ലെന്നാണ്.
ഈ നിഗമനത്തിന്റെ അടിസ്ഥാനത്തിൽ 12 മണിക്കൂർ മാത്രം പ്രായമുള്ള ചന്ദ്രനെ കാണുക പ്രയാസകരമായിരുന്നു. അതുകൊണ്ടാണ് കണക്ക് പ്രകാരം ശഅ്ബാൻ 29 പൂർത്തിയാക്കിയവർക്ക് അന്ന് പിറവി കാണാൻ കഴിയാതെ പോയത്.
അസ്തമിച്ചു പോയ ഈ ചന്ദ്രനെ പിന്നീട് കാണാൻ സാധിച്ചത് അടുത്ത ദിവസം, ശനിയാഴ്ചയുടെ സൂര്യാസ്തമയ സമയത്താണല്ലോ. അപ്പോഴാകട്ടെ അതിന്റെ പ്രായം 24 മണിക്കൂർ കൂടി പിന്നിട്ട് 36 മണിക്കൂർ (12+24) കടന്നുകഴിഞ്ഞിരുന്നു. വളരെയേറെ പ്രായം കൂടുതലുള്ള ഈ ചന്ദ്രന് വലിപ്പവും കൂടുമെന്ന് പറയേണ്ടതില്ലല്ലോ. പ്രായം കൂടുതലായതിനാൽ ചന്ദ്രൻ ചക്രവാളത്തിൽ കൂടുതൽ ഉയരത്തിൽ പ്രത്യക്ഷപ്പെടുകയും കൂടുതൽ സമയം ചക്രവാളത്തിൽ നിലനിൽക്കുകയും ചെയ്തു. നാട്ടുകാർക്ക് മുഴുവൻ കാണത്തക്കവിധം ആകാശത്ത് ആദ്യമായി പ്രത്യക്ഷപ്പെട്ട ഈ ഹിലാൽ റമദാൻ ഒന്നാം തീയതിയുടേത് തന്നെയാണെന്നതിൽ ആർക്കും സംശയം വരേണ്ട കാര്യമില്ല.
സൂര്യാസ്തമയ സമയത്ത് ചന്ദ്രന്റെ പ്രായം 15 മണിക്കൂറിൽ താഴെയാകുന്ന സന്ദർഭങ്ങളിൽ അതിന്റെ കാഴ്ച അടുത്ത ദിവസത്തേക്ക് മാറ്റപ്പെടുകയും ഇരുപത്തിനാലു മണിക്കൂർകൂടി കടന്ന് താരതമ്യേന വലിപ്പമുള്ള ഹിലാൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഇതാണ് ശനിയാഴ്ച പ്രത്യക്ഷപ്പെട്ട ഹിലാൽ കൂടുതൽ വലിപ്പത്തിൽ കാണാനിട വന്നതിനുള്ള ഒരു കാരണം. സമാനമായ രൂപത്തിൽ AD 2003 ലെ റമദാനിന് വലിയ ഹിലാൽ പ്രത്യക്ഷപ്പെട്ടത് ചർച്ചയായിരുന്നു.
2) ചന്ദ്രന്റെ സ്ഥാനം പെരിജി(Perigee)യിൽ
ഈ സമീപകാലത്തൊന്നും കാണാത്തവിധം വളരെ വലിപ്പം കൂടിയ ഹിലാൽ പ്രത്യക്ഷപ്പെടാനുള്ള പ്രധാന കാരണം ചന്ദ്രൻ പെരിജി(Perigee)യിലായിരുന്നു എന്നതാണ്. ഭുമിക്കു ചുറ്റും ചന്ദ്രൻ ചലിക്കുന്ന പാതയിൽ (Orbit)മാസാവസാനം ചന്ദ്രൻ എവിടെ നിൽക്കുന്നു എന്നതാണ് ഹിലാലിന്റെ വലിപ്പം, ചക്രവാളത്തിൽ അതിന്റെ ഉയരം എന്നിവ നിർണയിക്കുന്ന പ്രധാന ഘടകം. ഭുമിക്കു ചുറ്റും ചന്ദ്രൻ ചലിക്കുന്നത് ദീർഘവൃത്താകൃതിയിലുള്ള ഒരു പാതയിലൂടെയാണെന്ന് നമുക്കറിയാം. അതിനാൽ എല്ലാ സമയത്തും ചന്ദ്രനും ഭൂമിയും ഒരേ അകലത്തിലായിരിക്കില്ല. പാത വൃത്താകൃതിയായിരുന്നുവെങ്കിൽ ഈ അകലം എല്ലായ്‌പോഴും ഒന്നുതന്നെയായിരിക്കും. എന്നാൽ പാതയുടെ ആകൃതി ദീർഘവൃത്തമായതിനാൽ ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലം ഓരോ ദിവസവും വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. മാസത്തിലൊരിക്കൽ ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന സന്ദർഭവും ഭൂമിയോട് ഏറ്റവും അകലത്തിൽ നിൽക്കുന്ന സന്ദർഭവും ഉണ്ടാകും. ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന സ്ഥാനത്തെ പെരിജി (Perigee) എന്നും അകലത്തിൽ വരുന്ന സ്ഥാനത്തെ അപോജി (apogee) എന്നും പറയുന്നു.

ഒരു ഗോളം മറ്റൊരു ഗോളത്തെ ചുറ്റുന്നതുമായി ബന്ധപ്പെട്ട കെപ്ലറുടെ നിയമം (Kepler’s law of planetory motion) അനുസരിച്ച് ചുറ്റുന്ന ഗോളത്തിന്റെ വേഗത ആ ഗോളങ്ങൾ തമ്മിലുള്ള അകലത്തിന്റെ വർഗത്തിന് വിപരീതാനുപാതത്തിലായിരിക്കും. അതായത് ഗോളങ്ങൾ തമ്മിലുള്ള അകലം കുറയുമ്പോൾ ചുറ്റുന്ന ഗോളത്തിന്റെ വേഗത വർധിക്കും എന്ന് സാരം. ഇതനുസരിച്ച് ചന്ദ്രൻ ഭൂമിയോട് അടുത്ത് വരുന്ന സന്ദർഭത്തിൽ അഥവാ പെരിജിയിൽ ചന്ദ്രന്റെ വേഗത ഗണനീയമായി വർധിക്കും. ഈ ഘട്ടത്തിൽ പ്രത്യക്ഷപ്പെടുന്ന ഹിലാൽ ക്രമാതീതമായ വലിപ്പം ആർജിച്ചിരിക്കുകയും ചെയ്യും. ഇങ്ങനെ പെരിജിയിൽ ഹിലാൽ ഉണ്ടാകുന്ന സാഹചര്യം അപൂർവങ്ങളിൽ അപൂർവമായേ ഉണ്ടാകാറുള്ളൂ.
മാർച്ച് 1ന് ശനിയാഴ്ച അത്തരം അപൂർവ സംഭവത്തിന് നാം സാക്ഷിയായി. ഹിലാൽ രൂപപ്പെടുന്ന ആ ദിവസം ചന്ദ്രൻ പെരിജിയിലായിരുന്നു. അതിനാൽ ശനിയാഴ്ച ഹിലാൽ അതിവേഗം വളരുകയും ക്രമാതീതമായ വലിപ്പം ആർജിക്കുകയുമാണുണ്ടായത്. അടുത്ത കാലത്തൊന്നുംതന്നെ ചന്ദ്രൻ പെരിജിയിലാകുമ്പോൾ ഹിലാൽ രൂപപ്പെട്ടതായി കാണുന്നില്ല. അപൂർവങ്ങളിൽ അപൂർവമായേ ഇങ്ങനെയൊരു സാഹചര്യമുണ്ടാകാറുള്ളൂ എന്നതുകൊണ്ടാണ് ശനിയാഴ്ച സാധാരണയിൽനിന്ന് ഭിന്നമായി ഹിലാലിന് അഭൂതപൂർവമായ വലിപ്പമുണ്ടായത്.
ഹിലാൽ വലിപ്പത്തിൽ കാണാൻ കാരണമായ, മുകളിൽ പരാമർശിച്ച രണ്ടു സാഹചര്യങ്ങളും ഒരുമിച്ചു വന്നു എന്നത് മാത്രമാണ് ശനിയാഴ്ച എല്ലാ പ്രദേശങ്ങളിലുള്ളവർക്കും ഹിലാൽ കാണാനുള്ള അവസരമുണ്ടാക്കിയത്. ശനിയാഴ്ച വലിപ്പത്തിലും ഉയരത്തിലും കണ്ടത് റമദാൻ 2ന്റെ ഹിലാൽ അല്ല, ഒന്നിന്റെതു തന്നെയാണ് എന്നാണ് ശാസ്ത്രീയ പരിശോധനയിൽനിന്നും നാം മനസ്സിലാക്കുന്നത്. കണക്കിനു പിന്നാലെ പോയി മാസം തീരുമാനിച്ചവർ ഇത്തരം സാഹചര്യങ്ങളെക്കുറിച്ച് പഠിക്കാതെയാണ് കാഴ്ചയെ അടിസ്ഥാനപ്പെടുത്തി റമദാൻ ആരംഭിച്ചവരെ വിമർശിക്കാൻ ശ്രമിക്കുന്നത്. വലിപ്പത്തിലും ഉയരത്തിലും നാം കണ്ട ഹിലാൽ റമദാൻ 1ന്റെതു തന്നെയാണെന്നും നോമ്പ് ആർക്കും നഷ്ടപ്പെട്ടിട്ടില്ലെന്നും ഈ ചർച്ചയിൽ നിന്നും വ്യക്തമാണ്.
വലിപ്പം കൂടിയ ഹിലാൽ; പ്രവാചകൻﷺ എന്ത് പറയുന്നു?
മാസപ്പിറവി കണ്ടത് എന്നു മുതലാണോ അന്നു മുതൽ മാസം പിറന്നതായി കണക്കാക്കണമെന്നും വലിപ്പം നോക്കി അത് തീയതി രണ്ടിന്റെ ഹിലാലാണെന്ന് പറയരുതെന്നും പഠിപ്പിച്ച പ്രവാചക തിരുമേനിﷺയുടെ നിർദേശങ്ങൾ നാം ഇതോടൊപ്പം ചേർത്തു വായിക്കേണ്ടതാണ്.
ആർക്കും വളരെ എളുപ്പത്തിൽ കാണാവുന്ന വലിപ്പത്തിലും ഉയരത്തിലും ഇത്രയും ദീർഘിച്ച സമയം ചക്രവാളത്തിൽ നിലനിന്ന ചന്ദ്രനെ റമദാൻ രണ്ടിന്റെ ചന്ദ്രനായി വിശേഷിപ്പിക്കുന്നതിന് ശാസ്ത്രത്തിന്റെ പിൻബലമില്ലെന്ന് നാം മനസ്സിലാക്കിയതു പോലെ ഇസ്‌ലാമികമായ യാതൊരു അടിസ്ഥാനവുമില്ല എന്നാണ് പ്രവാചകാധ്യാപനങ്ങളിൽ നി ന്നും മനസ്സിലാകുന്നത്. പ്രവാചകൻﷺയുടെ കാലത്തോ, പിന്നീട് സ്വഹാബാക്കളുടെ കാലഘട്ടത്തിലോ ഇത്തരം പരാമർശങ്ങൾ തള്ളിക്കളഞ്ഞിരുന്നതായി ഹദീസ് പരിശോധിക്കുന്നവർക്ക് മനസ്സിലാകും. മുസ്‌ലിം റിപ്പോർട്ട് ചെയ്യുന്ന ഈ ഹദീസ് ശ്രദ്ധിക്കുക:
അബുൽ ബഖ്തരി ഉദ്ധരിക്കുന്നു: “ഉംറ നിർവഹിക്കാനായി പുറപ്പെടുകയും നഖല താഴ്‌വരയിൽ തമ്പടിക്കുകയും ചെയ്ത വേളയിൽ ഞങ്ങൾ മാസപ്പിറവി കാണാൻ ശ്രമിച്ചു. (പിറവി കണ്ടപ്പോൾ) ചില ആളുകൾ പറയുകയുണ്ടായി; ‘അതിനു മൂന്ന് രാത്രിയുടെ പ്രായമുണ്ട്.’ മറ്റുചിലർ പറഞ്ഞു: ‘അത് രണ്ട് രാത്രി പ്രായമുള്ളതാണ്.’ ഞങ്ങൾ പിന്നീട് ഇബ്‌നു അബ്ബാസി(റ)നെ കാണുകയും മാസപ്പിറവി കണ്ട കാര്യം പറയുകയും ചെയ്തു. അതിനു മൂന്ന് രാത്രിയുടെ പ്രായമുണ്ടെന്ന് ചിലർ പറയുന്നു; രണ്ട് രാത്രിയുടെ പ്രായമുണ്ടെന്ന് മറ്റു ചിലരും പറയുന്നു. (അപ്പോൾ) ഏതു രാത്രിയാണ് നിങ്ങളതിനെ കണ്ടതെന്ന് അദ്ദേഹം ചോദിച്ചു. ഇന്ന രാത്രിയാണ് ഞങ്ങൾ അതിനെ കണ്ടതെന്ന് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു: ‘അത് കാണുമാറാകുന്ന സമയംവരെ അല്ലാഹു അതിനെ താമസിപ്പിക്കുന്നു എന്ന് റസൂൽﷺ പറഞ്ഞിട്ടുണ്ട്. അതിനാൽ നിങ്ങൾ അതിനെ കണ്ടത് എന്നു മുതലാണോ അന്നു മുതൽ (മാസം) കണക്കാക്കുക’’ (സ്വഹീഹു മുസ്‌ലിം, ഹദീസ് നമ്പർ: 1088).
പിറവിചന്ദ്രൻ പ്രത്യക്ഷപ്പെടുന്നത് വലിപ്പത്തിലാണോ അതോ ചെറുതായാണോ എന്നു നാം നോക്കേണ്ടതില്ല. മറിച്ച് കാണുന്നതെന്നു മുതലാണോ അന്നുമുതൽ മാസമാരംഭിച്ചതായി കണക്കാക്കുക എന്നാണ് ഇബ്‌നു അബ്ബാസ്(റ) കൽപിക്കുന്നത്. ആ രൂപത്തിൽ ദൃശ്യയോഗ്യമാകുന്ന തരത്തിലാണ് അല്ലാഹു അത് കാണിച്ചുതന്നത് എന്ന് മനസ്സിലാക്കാനാണ് പ്രവാചകൻﷺ നമ്മെ പഠിപ്പിച്ചതെന്നും ഇബ്‌നു അബ്ബാസ്(റ) വ്യക്തമാക്കുന്നു.
പിറവിചന്ദ്രൻ വലുതായിക്കാണുന്നു എന്നതുകൊണ്ട് അത് തീയതി രണ്ടിന്റെ ചന്ദ്രനാണെന്ന് തെറ്റുധരിക്കേണ്ടതില്ല എന്നാണ് ഈ ഹദീസിൽനിന്നും നമുക്ക് മനസ്സിലാക്കാനാകുന്നത്. ശാസ്ത്രീയ പഠനത്തിൽനിന്നും നമുക്ക് ബോധ്യമായതും ഇതുതന്നെ. മാസപ്പിറവി വളരെ നേർത്തതായോ വലിപ്പത്തിലോ കാണാനാവുമെന്നും വലിപ്പത്തോടുകൂടി കാണുമ്പോൾ അത് ഒന്നാം തീയതിയുടേതല്ല എന്ന് ധരിക്കേണ്ടതില്ല എന്നുമാണ് ജ്യോതിശാസ്ത്ര പഠനത്തിൽ നിന്നെന്നതുപോലെ പ്രവാചകാധ്യാപനത്തിൽനിന്നും നമുക്ക് മനസ്സിലാകുന്നത്. പിറവി എപ്പോൾ നമുക്ക് ദൃശ്യയോഗ്യമാകുന്നുവോ അന്നുമുതൽ നാം നോമ്പെടുക്കുക. മറ്റു സംശയങ്ങൾക്ക് യാതൊരു സ്ഥാനവും റസൂൽﷺ കൽപിക്കുന്നില്ല.

