വിധിവിശ്വാസം-7
മുഹമ്മദ് അൽജിബാലി
2025 ആഗസ്റ്റ് 30, 1447 റബീഉൽ അവ്വൽ 06

വിവ: മുഹമ്മദ് സിയാദ് കണ്ണൂർ
ജനങ്ങൾ പൊതുവെ ‘വൈകല്യ’മായി കണക്കാക്കുന്ന കാര്യങ്ങൾ അത് ബാധിച്ച വ്യക്തിക്കും അവന് ചുറ്റുമുള്ള മറ്റുള്ളവർക്കും വലിയ അനുഗ്രഹമായി ഭവിക്കാറുണ്ട് - ആ വൈകല്യത്തെ വളരെയധികം മറികടക്കുന്ന അനുഗ്രഹങ്ങൾ. ഉദാഹരണത്തിന്:
1. വൈകല്യമുള്ള വ്യക്തിക്ക് ആ വൈകല്യം മൂലം തന്റെ ദുർബലതയും അല്ലാഹുവിന്റെ മേലുള്ള തന്റെ ആശ്രയത്വവും ബോധ്യമാവും. അത് അല്ലാഹുവിന് കീഴൊതുങ്ങുന്നതിലേക്കും ക്ഷമ പാലിച്ചതിന് അല്ലാഹുവിന്റെ പ്രതിഫലം കാംക്ഷിക്കുന്നതിലേക്കും അവനെ നയിക്കും.
2. മറ്റുള്ളവർ, പ്രസ്തുത വൈകല്യം അല്ലാഹു തങ്ങളെ ബാധിപ്പിച്ചല്ലോ എന്നോർത്ത് അവന്റെ അനുഗ്രഹത്തെ മതിക്കും. ഒപ്പം ഏതു വൈകല്യവും ബാധിപ്പിക്കാൻ അവൻ കഴിവുള്ളവനാണ് എന്ന് മനസ്സിലാക്കുകയും ചെയ്യും. ഇത് അല്ലാഹുവിന് നന്ദി കാണിക്കാനും അവന് കീഴൊതുങ്ങാനും അവനെ അനുസരിക്കാനും അവരെ പ്രേരിപ്പിക്കും.
3. മറ്റൊരാളിലെ വൈകല്യം; ജനങ്ങൾക്കിടയിലുള്ള ശാരീരികമായ വ്യത്യാസങ്ങളെ കുറിച്ചുള്ള അവബോധം ആ വൈകല്യം സമൂഹത്തിലുണ്ടാക്കും. അതുമൂലം പരസ്പരം സഹായിക്കാനും ആ സമൂഹത്തിലെ ജനങ്ങൾക്കിടയിൽ അനുകമ്പയുണ്ടാക്കാനും പ്രേരിപ്പിക്കും.
നാമനുഭവിക്കുന്ന ദുരിതങ്ങളിലും ഉണ്ടാവാനിടയുള്ള ഉപകാരങ്ങളെ സംബന്ധിച്ചാണ് അടുത്ത അധ്യായത്തിലെ ചർച്ച.
4. സൃഷ്ടികൾക്കിടയിൽ തിന്മയുണ്ട്.
അല്ലാഹുവിന്റെ സൃഷ്ടികൾക്കിടയിൽ ധാരാളം തിന്മകളുണ്ടെന്ന കാര്യം നമുക്ക് നിഷേധിക്കാൻ സാധിക്കുകയില്ല. ദുഷ്ടതകൾ, ദ്രോഹം, കള്ളം, കൂറില്ലായ്മ, വഞ്ചന, പരദൂഷണം, മോഷണം, നരഹത്യ, പലിശ, വ്യഭിചാരം തുടങ്ങി അതിരില്ലാത്ത പട്ടിക തന്നെ നമുക്ക് ചുറ്റും കാണുന്നുണ്ട്. യഥാർഥത്തിൽ, അക്രമവാസന മനുഷ്യർക്കിടയിലുള്ള വ്യക്തമായ ഒരു പ്രവണതയാണെന്ന് അല്ലാഹു സൂചിപ്പിക്കുന്നുണ്ട്:
“തീർച്ചയായും അവൻ കടുത്ത അക്രമിയും അവിവേകിയുമായിരിക്കുന്നു’’ (അൽഅഹ്‌സാബ് 72).
അല്ലാഹുവിന്റെ സൃഷ്ടികളെല്ലാം നന്മയാണെന്ന് നേരത്തെയുള്ള നമ്മുടെ അവകാശവാദത്തിന് ഇത് എതിരാകുമോ? ഒരിക്കലുമില്ല.
ചില ഉദാഹരണങ്ങൾ നാം മുകളിൽ കണ്ടു. തിന്മ എങ്ങനെയാണ് നന്മയെ കൊണ്ടുവരുന്നത് എന്ന് ബോധ്യപ്പെടുത്തുന്ന ചില ഉദാഹരണങ്ങളാണ് ഇനി പറയുന്നത്. ഒരു വ്യക്തിയുടെ ദുഷ്‌കർമം അവന്നും അവന്റെ ചുറ്റുമുള്ളവർക്കും ദോഷമായേക്കാം. എന്നാൽ മറ്റു ചിലർക്ക് ദീർഘകാലാടിസ്ഥാനത്തിലും വ്യത്യസ്ത അളവിലും അത് ഗുണകരമായേക്കാം. ഒരു ദുഷ്‌കർമവും അത് എത്തിച്ചേരുന്നയിടങ്ങളും തമ്മിലുള്ള പൂർണമായ ഈ അനുപാതം അല്ലാഹുവിന് മാത്രമെ അറിയൂ. അവനാണ് അത് മുഴുവൻ കണക്കാക്കുന്നത്. ആ കർമം എത്ര മോശമായാലും ശരി, ഈ അനുപാതങ്ങളുടെയെല്ലാം പരിണിതഫലം നന്മ മാത്രമെ ആവുകയുള്ളൂ.
5. കേവല തിന്മ എന്ന ഒന്നില്ല.
മുൻകഴിഞ്ഞ ചർച്ചയിൽനിന്നും പ്രത്യക്ഷത്തിൽ തിന്മയായി സൃഷ്ടിക്കപ്പെട്ട വസ്തുക്കളിൽ പോലും നന്മയുണ്ടെന്ന് നാം ആത്യന്തികമായി മനസ്സിലാക്കി. ശരിയായ വിശ്വാസവും ദീർഘവീക്ഷണവും കൊണ്ട് അല്ലാഹു അനുഗ്രഹിച്ചവർക്ക് ഇത് വളരെ വ്യക്തമാകുന്നതാണ്. വിവിധ സൃഷ്ടികളുടെ സമ്പർക്കങ്ങളും അവയുടെ പരിണിത ഫലങ്ങളുടെയും സമ്പൂർണ ചിത്രം അവർ നിരീക്ഷിക്കും. അങ്ങനെ, ചെറുതും വലുതുമായ അല്ലാഹുവിന്റെ സൃഷ്ടിപ്പിലുള്ള ജ്ഞാനത്തെ അവർ പ്രകീർത്തിക്കും.
അല്ലാഹു സൃഷ്ടിച്ച ഒരു കാര്യം ചിലർക്ക് നന്മയായും വേറെ ചിലർക്ക് തിന്മയായും തോന്നിയേക്കും. എന്നിരുന്നാലും, ഭാഗികമായ അതിന്റെ നന്മതിന്മകൾ മുഴുവൻ കണക്കിലെടുത്താലും മൊത്തത്തിൽ ഈ കാര്യം ശുദ്ധമായ നന്മയും അല്ലാഹുവിന്റെ ആസൂത്രണത്തിന്റെയും ജ്ഞാനത്തിന്റെയും ഭാഗവുമാണ്.
ഇവിടെ ഭാഗിക തിന്മ എന്നത് കൊണ്ടുദ്ദേശിക്കുന്നത് ചിലർക്ക് മാത്രം അത് തിന്മയായി അനുഭവ പ്പെടുന്നതാണ്. സമാനമായി, ഭാഗിക നന്മ എന്നത് ചിലർക്ക് മാത്രം നന്മയായി അനുഭവപ്പെടുന്നതാണ്.
നാം ഈ ലോകത്ത് കാണുന്ന തിന്മ കേവലമായതല്ല. പ്രത്യുത, അത് ഭാഗികമാണ്. കാരണം, അല്ലാഹുവിന്റെ സൃഷ്ടികളിൽ ഒരു വിഭാഗത്തിന് മാത്രമെ അത് തിന്മയായി തോന്നുകയുള്ളൂ. അതേ സമയം, അത് മൊത്തത്തിൽ നന്മയാണ്. കാരണം, സൃഷ്ടികളിലുള്ള അല്ലാഹുവിന്റെ ജ്ഞാനത്തോടും നീതിയോടും അത് പൂർണമായി യോജിക്കുന്നു.
ഉദാഹരണത്തിന്, യുദ്ധങ്ങൾ: അനേകം ജനങ്ങളെ കൊന്നൊടുക്കുകയും വളരെയധികം സ്വത്തുക്കൾ നശിപ്പിക്കുകയും ചെയ്യുന്ന മഹാദുരന്തങ്ങളാണ് യുദ്ധങ്ങൾ എന്നതിൽ സംശയമില്ല. എങ്കിലും അത് സംഭവിക്കാൻ അല്ലാഹു അനുവദിക്കുന്നു. കാരണം, അത് അവന്റെ ജ്ഞാനത്തിന്റെയും ആസൂത്രണത്തിന്റെയും ഭാഗം പൂർത്തീകരിക്കുന്നു. ജനസംഖ്യ സന്തുലിതപ്പെടുത്തുക, അക്രമികളായ രാഷ്ട്രങ്ങളെ ശിക്ഷിക്കുക, വിശ്വാസികളെ പരീക്ഷിക്കുക, ആരാധനാലയങ്ങളെ സംരക്ഷിക്കുക തുടങ്ങിയവയും നമുക്കറിയാത്ത മറ്റു കാരണങ്ങളും അവയ്ക്ക് പിന്നിലുണ്ടാകും. അല്ലാഹു പറയുന്നു:
“മനുഷ്യരിൽ ചിലരെ മറ്റുചിലരെക്കൊണ്ട് അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കിൽ സന്യാസിമഠങ്ങളും, ക്രിസ്തീയദേവാലയങ്ങളും, യഹൂദദേവാലയങ്ങളും, അല്ലാഹുവിന്റെ നാമം ധാരാളമായി പ്രകീർത്തിക്കപ്പെടുന്ന മുസ്‌ലിം പള്ളികളും തകർക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നതാരോ അവനെ തീർച്ചയായും അല്ലാഹു സഹായിക്കും. തീർച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു’’ (അൽഹജ്ജ് 40).
അങ്ങനെ, യുദ്ധങ്ങളുടെ സുപ്രധാനമായ പ്രയോജനങ്ങൾ കൊണ്ട് അതിന്റെ ‘തിന്മ’യെ അല്ലാഹു നിഷ്പ്രഭമാക്കുന്നു.
ഭൂമിയിൽ കുഴപ്പം: അല്ലാഹു പറയുന്നു: “മനുഷ്യരുടെ കൈകൾ പ്രവർത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവർ പ്രവർത്തിച്ചതിൽ ചിലതിന്റെ ഫലം അവർക്ക് ആസ്വദിപ്പിക്കുവാൻ വേണ്ടിയത്രെ അത്. അവർ ഒരുവേള മടങ്ങിയേക്കാം’’(അർറൂം 41).
ജനങ്ങളുടെ ദുഷ്‌ചെയ്തികൾ നിമിത്തമാണ് കുഴപ്പങ്ങളുണ്ടാകുന്നതെന്ന് ഇവിടെ അല്ലാഹു ഉണർത്തുന്നു. എന്നാൽ ഈ തിന്മക്ക് നല്ല പരിണിതഫലമാണുണ്ടായത്. അതായത് ജനങ്ങൾ സന്മാർഗത്തിലേക്ക് മടങ്ങിയേക്കും എന്നത്.
പാപം ചെയ്യൽ: നാം പാപം ചെയ്യുകയും ശേഷം അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്യുന്നത് അവൻ ഇഷ്ടപ്പെടുന്നു. നമ്മെ വിമലീകരിക്കുകയും നമ്മുടെ പ്രതിഫലങ്ങൾ വർധിപ്പിക്കുകയും ചെയ്യാനുള്ള ഒരു മാർഗമായി അവൻ ഇതിനെ നിശ്ചയിച്ചു. അബൂഅയ്യൂബ്(റ), ഇബ്‌നുഅബ്ബാസ്(റ) തുടങ്ങിയവരും മറ്റു സ്വഹാബിമാരും നിവേദനം: നബിﷺ പറഞ്ഞു:
“നിങ്ങൾ പാപം ചെയ്യുന്നില്ലെങ്കിൽ, പാപം ചെയ്യുന്ന (ശേഷം പാപമോചനം തേടുകയും ചെയ്യുന്ന) വിഭാഗത്തെ അല്ലാഹു കൊണ്ടുവരും. അവർക്ക് പൊറുത്ത് കൊടുക്കുന്നതിന് വേണ്ടി.’’(3)
ശൈത്വാൻ: ഈ വിഷയത്തിലുള്ള ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നാണ് ഏറ്റവും ദുഷിച്ച ജീവിയായ ശൈത്വാന്റെ സൃഷ്ടിപ്പ്. അവനാകട്ടെ, മുഴുവൻ പാതകങ്ങളുടെയും ഗുരുനാഥനും പരിപാലകനുമാണ്.
ശൈത്വാന്റെ സൃഷ്ടിപ്പിന്റെ ഫലമായുണ്ടായ ധാരാളം ഗുണങ്ങളെ കുറിച്ച് അടുത്ത ഭാഗത്ത് നാം ചർച്ച ചെയ്യുന്നതാണ് (ഇൻശാ അല്ലാഹ്).
6. തിന്മ അല്ലാഹുവിലേക്ക് ചേർത്തു പറയാവതല്ല.
അല്ലാഹു തിന്മയൊന്നും ചെയ്യാത്തതുകൊണ്ട്, തിന്മ അവനിലേക്ക് ചേർത്തു പറയുന്നത് തെറ്റാണ്. തിന്മ ചെയ്യുന്നത് അവന്റെ സൃഷ്ടികൾ മാത്രമാണ്. അല്ലാഹു പറയുന്നു:
“പറയുക: പുലരിയുടെ രക്ഷിതാവിനോട് ഞാൻ ശരണം തേടുന്നു. അവൻ സൃഷ്ടിച്ചിട്ടുള്ളവയുടെ കെടുതിയിൽ നിന്ന്’’(അൽഫലക്വ് 1,2).
ഇനി, അല്ലാഹുവിന്റെ ചില സൃഷ്ടികൾ ചെയ്യുന്ന തിന്മയുടെ സൃഷ്ടിപ്പ് അല്ലാഹുവിലേക്ക് ചേർത്തു പറയുകയാണെങ്കിൽ തന്നെ, അത് പൂർണമായ തിന്മയാവുകയില്ലെന്ന് നാം വ്യക്തമായി മനസ്സിലാക്കണം. കാരണം വെറും തിന്മ മാത്രമാണ് അതെങ്കിൽ അത് സംഭവിക്കാൻ അല്ലാഹു അനുവദിക്കുമായിരുന്നില്ല.
അലി(റ) നിവേദനം: നമസ്‌കാരത്തിന്റെ ആരംഭത്തിൽ നബിﷺ ഇപ്രകാരം പ്രാർഥിക്കാറുണ്ട്:
“നിന്റെ ആജ്ഞ സദാ സ്വീകരിക്കുവാൻ ഞാൻ ഇതാ ഇവിടെയുണ്ട്. സകല നന്മയും നിന്റെ കൈകളിലാകുന്നു. തിന്മ നിന്നിലേക്ക് ചേർക്കാവതല്ല. നീ കാരണമാണ് ഞാൻ ഇവിടെയുള്ളത്. നിന്നിലേക്കാണ് എന്റെ മടക്കം. ഏറെ അനുഗ്രഹീതനും ഉന്നതനുമാണ് നീ. നിന്നോട് ഞാൻ പാപമോചനം തേടുന്നു. നിന്നിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുന്നു.’’(4)
ഈ ഹദീസിനെ വ്യാഖ്യാനിക്കുന്നിടത്ത് ശൈഖ് അൽബാനി(റഹി) പറയുന്നു: “അതായത്, തിന്മ അല്ലാഹുവിലേക്ക് ചേർത്തു പറയപ്പെടാവതല്ല. എന്തെന്നാൽ, അവന്റെ പ്രവർത്തനങ്ങളിലൊന്നും തിന്മയില്ല; അവന്റെ പ്രവർത്തങ്ങളെല്ലാം നന്മയാണ്. കാരണം, അത് നീതിയുടെയും ഔദാര്യത്തിന്റെയും അറിവിന്റെയും ഇടയിൽ കറങ്ങുകയാണ്. തിന്മ തീരെയില്ലാത്തവിധം അവയെല്ലാം നന്മയാണ്. തിന്മ യഥാർഥത്തിൽ തിന്മയായിത്തീർന്നത് അത് അല്ലാഹുവിലേക്ക് ചേർത്തു പറയാൻ പാടില്ലാത്തതു കൊണ്ടാണ്.’’(5)
3. മുസ്‌ലിം. ഈ ഹദീസിന്റെ വിവിധ റിപ്പോർട്ടുകൾ അൽബാനി തന്റെ അസ്സ്വഹീഹയിൽ ചർച്ച ചെയ്തിട്ടുണ്ട്. 967-970.
4. നമസ്‌കാരത്തിലെ പ്രാരംഭ പ്രാർഥനകളിലൊന്നിന്റെ ചെറിയ ഭാഗം മാത്രമാണിത്. മുസ്‌ലിമും അബൂദാവൂദും മറ്റും ഉദ്ധരിച്ചതാണിത്.
5. നബിﷺയുടെ നമസ്‌കാരം, പേജ് 96.
