ഇഹലോകം മാത്രം ലക്ഷ്യമാക്കുന്ന പണ്ഡിതന്മാർ

ഇമാം അബുൽ ഫറജ് ഇബ്‌നുൽ ജൗസി(റഹി)

2025 ഏപ്രിൽ 19, 1446 ശവ്വാൽ 20

വിവ: അബൂ സലീഫ് കണ്ണൂര്‍

പണ്ഡിതന്മാർക്കിടയിലെ അസൂയ (ഹസദ്) എന്ന വിഷയത്തെക്കുറിച്ച് ഞാൻ ചിന്തിച്ചു. അത് ലൗകിക ജീവിതത്തോടുള്ള സ്‌നേഹത്തിൽനിന്നാണ് ഉത്ഭവിക്കുന്നതെന്ന് ഞാൻ കണ്ടു. കാരണം പരലോകം ലക്ഷ്യം വയ്ക്കുന്ന പണ്ഡിതന്മാർ പരസ്പരം സ്‌നേഹമുള്ളവരും തമ്മിൽ അസൂയപ്പെടാത്തവരുമാണ്. അല്ലാഹു പറഞ്ഞു:

“അവർക്ക് (മുഹാജിറുകൾക്ക്) നൽകപ്പെട്ട ധനം സംബന്ധിച്ചു തങ്ങളുടെ മനസ്സുകളിൽ ഒരു ആവശ്യവും അവർ (അൻസ്വാറുകൾ) കണ്ടെത്തുന്നുമില്ല’’ (സൂറത്തുൽ ഹശ്ർ: 9).

മാത്രമല്ല, “അവരുടെ ശേഷം വന്നവർക്കും (ആ അസൂയയില്ല). അവർ (ഇപ്രകാരം) പ്രാർഥിക്കും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്കും വിശ്വാസത്തോടെ ഞങ്ങൾക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങൾക്കും നീ പൊറുത്തുതരേണമേ. സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങളുടെ മനസ്സുകളിൽ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ’’ (സൂറത്തുൽ ഹശ്ർ: 10).

അബുദ്ദർദാഅ്(റ) എല്ലാ രാത്രിയിലും തന്റെ അനുചരന്മാർക്ക് വേണ്ടി അല്ലാഹുവിനോട് പ്രാർഥിക്കാറുണ്ടായിരുന്നു.

ഇമാം അഹ്‌മദ് ഇബ്‌നു ഹമ്പൽ(റഹി) ഇമാം ശാഫിഈ(റഹി)യുടെ മകനോട് പറഞ്ഞു: ‘എല്ലാ രാത്രിയിലും അല്ലാഹുവോട് പ്രതിഫലം ചോദിച്ചുകൊണ്ട് ഞാൻ പ്രാർഥിക്കുന്ന ആറ് പേരിൽ ഒരാളാണ് നിങ്ങളുടെ പിതാവ്.’

രണ്ടുതരം പണ്ഡിതന്മാർ, അതായത് ലൗകിക ജീവിതത്തിൽ താൽപര്യമുള്ള പണ്ഡിതന്മാരും പരലോകത്തിൽ താൽപര്യമുള്ള പണ്ഡിതന്മാരും തമ്മിലുള്ള വ്യത്യാസം ഇതാണ്: ലൗകിക സുഖങ്ങളിൽ താൽപര്യമുള്ള പണ്ഡിതന്മാർ അതിലെ അധികാരത്തിലും പ്രശസ്തിയിലും മാത്രം താൽപര്യമുള്ളവരാണ്. ആൾക്കൂട്ടമുണ്ടാക്കുന്നതിലും പ്രശംസയിലും മാത്രമാണ് അവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പരലോകതാൽപര്യമുള്ള പണ്ഡിതന്മാർ അതിൽനിന്നെല്ലാം വിട്ടുനിൽക്കുക മാത്രമല്ല, അങ്ങനെ സംഭവിക്കുന്നതിനെ ഭയപ്പെടുകയും അതിലൂടെ പരീക്ഷിക്കപ്പെടുന്നവരോട് സഹതാപം തോന്നുകയും ചെയ്യുന്നവരാണ്.

പള്ളിയുടെ ഏതെങ്കിലും തൂണിൽ പുറം ചാരിയിരിക്കാൻ താബിഈ പണ്ഡിതനായ അന്നഖഈ (റഹി) കൂട്ടാക്കിയിരുന്നില്ല. (താൻ അവിടെ ഒരു ഉപദേശം നൽകാൻ ഇരിക്കുകയാണെന്ന് ആളുകൾ കരുതി അവർ അവിടെ വന്ന് തന്നോടൊപ്പം ഇരിക്കുമെന്നും അദ്ദേഹം ഭയന്നിരുന്നു).

അൽക്വമ(റഹി) പറയാറുണ്ടായിരുന്നു: ‘ആളുകൾ എന്റെ കൂടെ ഇരുന്നശേഷം എന്നെക്കുറിച്ച് പ്രശംസിച്ചു സംസാരിച്ചുകൊണ്ട് പിരിഞ്ഞു പോകുന്നത് എനിക്ക് ഇഷ്ടമല്ല.’

നാലിലധികം ആളുകൾ തങ്ങൾക്കൊപ്പം ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അവരിൽ ചിലർ അവർ ഇരിക്കുന്ന സ്ഥലം വിട്ടു പെട്ടെന്നുതന്നെ പോകുമായിരുന്നു.

മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കുന്നത് ഇഷ്ടപ്പെടാത്തതു കാരണം ഫത്‌വ ചോദിച്ചു വരുന്ന ആളുകളെ മറ്റു യോഗ്യരായ പണ്ഡിതരിലേക്ക് അവർ തിരിച്ചുവിടുമായിരുന്നു. എന്ന് മാത്രമല്ല, അവർ സാധാരണ ജനങ്ങളെ പോലെ നിലകൊള്ളുകയും ചെയ്യും.

പരലോകം ലക്ഷ്യം വയ്ക്കുന്ന പണ്ഡിതന്മാരുടെ ഉപമ പ്രക്ഷുബ്ധമായ കടലിന്റെ നടുവിലൂടെ സഞ്ചരിക്കുന്ന ഒരുവനെ പോലെയാണ്; അതിജീവനം ഉറപ്പാകുന്നതുവരെ അയാൾ തന്റെ ജോലിയിൽ വ്യാപൃതനായിരിക്കും. അവർ പരസ്പരം അല്ലാഹുവോട് പ്രാർഥിക്കുകയും തമ്മിൽതമ്മിൽ വിജ്ഞാനം കൈമാറുകയും അതിലൂടെ പ്രയോജനം നേടുകയും ചെയ്യുന്നവരാണ്. പരസ്പരം സഹവസിക്കാനും സ്‌നേഹിക്കാനുമായി തിരഞ്ഞെടുക്കപ്പെട്ട ഒരുകൂട്ടം യാത്രക്കാരാണ് അവർ. അതുകൊണ്ട് തന്നെ പകലുകളും രാത്രികളും സ്വർഗത്തിലേക്കുള്ള അവരുടെ യാത്രയിലെ സങ്കേതമാണ്.

(അബുൽ ഫറജ് ഇബ്‌നുൽ ജൗസിയുടെ ‘സൈദുൽ ഖാതിർ’ എന്ന ഗ്രന്ഥത്തിലെ പതിനൊന്നാം അധ്യായത്തിന്റെ ആശയ വിവർത്തനം)