അറിവിൽ ആസ്വാദനം കണ്ടെത്തുക
മർവാൻ ബിൻ അബ്ദുൽ മജീദ്
2025 ഒക്ടോബർ 25, 1447 ജമാദുൽ അവ്വൽ 03

അല്ലാഹുവിനെ കുറിച്ചുള്ള സത്യജ്ഞാനമാണ് ഏറ്റവും വലിയ ആസ്വാദനം. ഒന്നിൽ മനുഷ്യൻ ആസ്വാദനം കണ്ടെത്തിയാൽ ദുർഘടം പിടിച്ചതാണെങ്കിലും പിന്നീടത് വെടിയുകയില്ല. ആസ്വാദനങ്ങൾ തേടി അലഞ്ഞുകൊണ്ടിരിക്കുന്ന മനുഷ്യൻ യഥാർഥ ആസ്വാദനം തിരിച്ചറിയുന്നില്ല. ക്വുർആനിക വചനം എത്രസത്യമാണ്: “അതായത് വിശ്വസിക്കുകയും അല്ലാഹുവെ പറ്റിയുള്ള ഓർമകൊണ്ട് മനസ്സുകൾ ശാന്തമായിത്തീരുകയും ചെയ്യുന്നവരെ. ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള ഓർമകൊണ്ടത്രെ മനസ്സുകൾ ശാന്തമായിത്തീരുന്നത്’’(13:28). “ആകയാൽ അല്ലാഹുവല്ലാതെ യാതൊരു ദൈവവുമില്ലെന്ന് നീ അറിയുക...’’(47:19).
സ്രഷ്ടാവിനെ കുറിച്ചുള്ള അറിവാണ് പരമപ്രധാനം. അതില്ലാത്തവർക്ക് വിശ്വാസത്തിന്റെ മാധുര്യം അനുഭവിക്കാനാവില്ല. അറിവിനുവേണ്ടി ത്യാഗോജ്വല ജീവിതം നയിച്ചവരായിരുന്നു മുൻഗാമികൾ. മുസ്‌ലിം സമൂഹം ഒന്നടങ്കം അംഗീകരിക്കുന്ന, ഇമാം ബുഖാരി എന്നറിയപ്പെടുന്ന മുഹമ്മദ് ബിൻ ഇസ്മാഈൽ അൽബുഖാരി(റഹി) പ്രവാചകവചനം അന്വേഷിച്ചുകൊണ്ട് വർഷങ്ങളോളം യാത്രചെയ്ത , ഏറെ പ്രയാസങ്ങൾ അനുഭവിച്ച ചെയ്ത മഹാനാണ്. ഭക്ഷണവും വസ്ത്രവുമില്ലാതെ അദ്ദേഹം ബുദ്ധിമുട്ടിയിട്ടുണ്ട്.
മഹാനായ പണ്ഡിതൻ ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ(റഹി) ദീനിനു വേണ്ടിയുള്ള സേവന മാർഗത്തിൽ ഏഴുതവണ ജയിലിലടക്കപ്പെട്ടിട്ടുണ്ട്. തടവറയിൽ അദ്ദേഹം ചുമരിലുകളിൽ എഴുതിവെച്ചു: “എന്റെ ശത്രുക്കൾക്ക് എന്നോട് എന്ത് ചെയ്യാൻ കഴിയും? എന്റെ സ്വർഗവും എന്റെ പൂന്തോട്ടവും എന്റെ നെഞ്ചിലാണ്. തടവറ പര്യടനമാണ്. ഞാൻ കൊല്ലപ്പെട്ടാൽ അത് രക്തസാക്ഷിത്വമാണ്. നാട്ടിൽനിന്ന് പുറത്താക്കപ്പെടൽ എനിക്ക് ഹിജ്‌റയാണ്.’’
ഒരിക്കൽ രോഗബാധിതനായ അവസ്ഥയിൽ, ഭിഷഗ്വരൻ വായനയും എഴുത്തുമെല്ലാം നിർത്തി വയ്ക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അന്നേരം ഇമാം പറഞ്ഞു: “എന്റെ ആത്മാവ് അറിവിൽ സന്തുഷ്ടനാണ്. അങ്ങനെ ശരീരം ശക്തി പ്രാപിക്കുകയും എനിക്ക് ആശ്വാസം ലഭിക്കുകയും ചെയ്യുന്നു.’’
ജീവിതത്തിലെ ഏത് അവസ്ഥയിലും ദീനിനു വേണ്ടി പ്രയത്‌നിക്കാൻ അവർക്ക് പ്രേരണയായത് അതിൽനിന്നും ലഭിക്കുന്ന ആസ്വാദനമാണ്. ഇമാം അബൂഹാതിം(റഹി) തന്റെ പിതാവിന്റെ മരണാസന്നസമയത്ത് ഹദീസിന്റെ രിവായത്തിനെ കുറിച്ച് പിതാവിനോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാൽ പിതാവിന്റെ മരണവെപ്രാളം തിരിച്ചറിയാൻ പോലും കഴിഞ്ഞില്ല. ഇതിനെക്കുറിച്ച് ഇമാം സ്മരിക്കാറുള്ളത് ഇങ്ങനെയായിരുന്നു: “അദ്ദേഹത്തിന്റെ വൈദഗ്ധ്യം ഹദീസുകളെക്കുറിച്ചുള്ള അറിവിലും പാരമ്പര്യങ്ങൾ കൈമാറുന്നതിലുമായിരുന്നു. ജീവിതകാലത്ത് അദ്ദേഹം അദ്ദേഹത്തിൽനിന്ന് പഠിക്കാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം, ജീവിതകാലത്ത് അദ്ദേഹം എങ്ങനെയായിരു ന്നുവെന്ന് വെളിപ്പെടുത്തണമെന്ന് അല്ലാഹു ആഗ്രഹിച്ചു.’’ ഏറ്റവും വലിയ വേദനയായ മരണവേദന പോലും മറക്കാൻ പ്രേരണയായത് അറിവിന്റെ മാധുര്യമാണ്.
‘ഇമാം അഹ്‌ലുസ്സുന്നത്തി വൽജമാഅ’ എന്നറിയപ്പെടുന്ന ഇമാം അഹ്‌മദ് ബിൻ ഹമ്പൽ(റഹി) വീട്ടുതടങ്കലിലാക്കപ്പെട്ട കാലത്ത് ഒരു അപരിചിതൻ വീട്ടിലേക്ക് വന്ന് ഹദീസ് പഠിക്കാനുള്ള താൽപര്യം ഇമാമിനെ അറിയിച്ചു. അദ്ദേഹം പറഞ്ഞു: “ഞാൻ താങ്കളെക്കുറിച്ച് കേട്ടറിഞ്ഞ് സ്‌പെയിനിലെ അന്തലൂസിൽനിന്ന് നടന്നുവന്നതാണ്.’’ അന്തലൂസിൽനിന്നും എത്രയോ കിലോമീറ്ററുകൾ താണ്ടിയാണ് പ്രവാചകവചനം പഠിക്കാനായി കാൽനടയായി വന്നത്. ഇമാമിന് വിലക്കേർപ്പെടുത്തിയ വിവരമറിഞ്ഞപ്പോൽ അദ്ദേഹം സങ്കടത്തിലായി. അവസാനം നിബന്ധനകളോടെ ഹദീസ് പഠിക്കാൻ സമ്മതം നൽകി. എന്നും രാവിലെ ഭിക്ഷക്കാരനെപോലെ വീട്ടിൽ വരണമെന്നും, മറ്റാരുടെയും അടുക്കൽ നിന്ന് പഠിക്കരുത് എന്നും മറ്റാരെയും അറിയിക്കരുത് എന്നുമായിരുന്നു നിബന്ധനകൾ. ഓരോ ദിവസവും രാവിലെ രണ്ടോ മൂന്നോ ഹദീസുകൾ പഠിപ്പിച്ചുകൊടുക്കും. ഒരു
റൊട്ടിയും കൊടുക്കും. അതിതീവ്രമായ പ്രയാസം നേരിട്ട ഈ പണ്ഡിതനാണ് ബഖിയ്യ് ബിൻ മുഖല്ലദ് (റഹി) എന്ന വലിയ ഹദീസ് പണ്ഡിതൻ. ഇസ്‌ലാമിക ലോകത്ത് ഒട്ടനവധി സേവനങ്ങൾ ചെയ്ത വ്യക്തിയായി ചരിത്രത്തിൽ അദ്ദേഹം അറിയപ്പെടുന്നു.
പലരുടെയും മനസ്സിൽ ഉണ്ടാകാവുന്ന ചോദ്യമാണ് എന്തുകൊണ്ട് എനിക്ക് ഈ ആസ്വാദനം ലഭിക്കുന്നില്ല എന്നത്. ആസ്വാദനം തടയപ്പെടുന്നത് അറിവില്ലാത്തതുകൊണ്ടാണ്. വർത്തമാന കാലഘട്ടത്തിൽ മതപഠനത്തെ പിന്തള്ളുന്നവരായി മുസ്‌ലിം സമൂഹം മാറിക്കൊണ്ടിരിക്കുന്നു എന്നത് ഖേദകരമായ വസ്തുതയാണ്. ലിബറലിസത്തിന്റെ നീരാളിപ്പിടുത്തവും പുരോഹിതന്മാരുടെ ആത്മീയ ചൂഷണവും മുസ്‌ലിം സമൂഹത്തെ അധഃപതനത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു, മതപരമായ അറിവിനോട് വിരക്തിയുണ്ടാക്കുന്നു.
അനസ് ഇബ്‌നു മാലിക്(റ) നബിﷺയിൽനിന്നും ഉദ്ധരിക്കുന്നു: “അന്ത്യനാളിന്റെ അടയാളങ്ങളിൽ പെട്ടതാണ് അറിവ് അപ്രത്യക്ഷമാകൽ, അജ്ഞത പ്രത്യക്ഷപ്പെടൽ, മദ്യവും വ്യഭിചാരവും വ്യാപിക്കൽ, പുരുഷന്മാർ കുറയുകയും സ്ത്രീകൾ വർധിക്കുകയും; ഒരു പുരുഷന് അമ്പത് സ്ത്രീകൾ എന്ന നിലയിൽ എത്തുകയും ചെയ്യൽ’’ (ബുഖാരി, മുസ്‌ലിം, തിർമിദി).
അനസ് (റ) പ്രവാചകനിﷺൽനിന്നും ഉദ്ധരിക്കുന്നു: “മൂന്നു കാര്യങ്ങൾ ആരിലുണ്ടോ അതുമുഖേന അവന് വിശ്വാസത്തിന്റെ മാധുര്യം അനുഭവപ്പെടും: അല്ലാഹുവും അവന്റെ ദൂതനും മറ്റെന്തിനെക്കാളും അവന് പ്രിയപ്പെട്ടവരാവുക, അല്ലാഹുവിനു വേണ്ടി മാത്രം ഒരാളെ സ്‌നേഹിക്കുക, അല്ലാഹു അയാളെ സത്യനിഷേധത്തിൽനിന്ന് രക്ഷിച്ചതിന് ശേഷം അതിലേക്കുതന്നെ മടങ്ങുന്നത് അയാൾ വെറുക്കുക, നരകത്തിൽ എറിയപ്പെടുന്നത് വെറുക്കുന്നതുപോലെ’’ (ബുഖാരി, മുസ്‌ലിം, തിർമിദി, നസാഈ, ഇബ്‌നുമാജ, അഹ്‌മദ്).
അറിവിൽ അധിഷ്ഠിതമായ വിശ്വാസമാണ് കരുത്തുറ്റ വിശ്വാസം. അങ്ങനെയുള്ളവരുടെ മൂന്ന് അടയാളങ്ങളാണ് ഈ പറഞ്ഞ ഹദീസിൽ ഉദ്ധരിച്ചിട്ടുള്ളത്. ഇതിൽ ഏതെങ്കിലും ഒരു അടയാളം നഷ്ടപ്പെട്ടാൽ അവന് യഥാർഥമായ അറിവിൻ മാധുര്യം തടയപ്പെടും എന്നതാണ് ഹദീസ് നമ്മെ പഠിപ്പിക്കുന്നത്..
