മുസ്ത്വഫ ലുത്വുഫി അൽമൻഫലൂത്വി: അറബി സാഹിത്യലോകത്തെ അതുല്യ പ്രതിഭ
ഇ.യൂസുഫ് സാഹിബ് നദുവി, ഓച്ചിറ
2025 നവംബർ 08, 1447 ജമാദുൽ അവ്വൽ 17

ഏറെ ഗാംഭീര്യമുള്ള കവിതകളും സാഹിത്യ രചനകളുംകൊണ്ട് ശ്രദ്ധേയനാണ് മുസ്ത്വഫ ലുത്വുഫി അൽമൻഫലൂത്വി. 1876ൽ (ഹി. 1293ഹി) ഈജിപ്തിലെ ഉസ്യൂത് പ്രവിശ്യയിലെ മൻഫലൂത് പട്ടണത്തിലാണ് അദ്ദേഹം ജനിച്ചത്. ഈജിപ്ഷ്യൻ പിതാവിന്റെയും തുർക്കി വംശജയായ മാതാവിന്റെയും മകനായിരുന്നു അദ്ദേഹം. ഭക്തിയും അറിവും കൊണ്ട് എറെ പ്രസിദ്ധമായിരുന്നു അദ്ദേഹത്തിന്റെ പിതാവിന്റെ കുടുംബം. നിരവധി ശരീഅത്ത് കോടതി ജഡ്ജിമാരും പണ്ഡിതന്മാരും സാഹിത്യകാരന്മാരും ആ കുടുംബത്തിൽ നിന്ന് ഉയർന്നുവന്നിട്ടുണ്ട്.
ഒമ്പതാം വയസ്സിൽ അദ്ദേഹം ഗ്രാമത്തിലെ ക്വുർആൻ പഠന കേന്ദ്രത്തിൽ ചേർന്നു. അവിടെവച്ച് വിശുദ്ധ ക്വുർആൻ മുഴുവൻ മനഃപാഠമാക്കി. പിന്നീട് പിതാവ് അദ്ദേഹത്തെ കയ്‌റോയിലെ അൽഅസ്ഹർ സർവകലാശാലയിൽ ഉപരിപഠനത്തിനായി അയച്ചു. സ്വന്തം നാട്ടിൽനിന്നുള്ള, അദ്ദേഹത്തിന്റെ സുഹൃത്തു ക്കളുടെ മേൽനോട്ടത്തിലായിരുന്നു ഈ പഠനം.
അൽഅസ്ഹറിൽ മൻഫലൂത്വി അറബി, ശരീഅത്ത്, ചരിത്ര വിഷയങ്ങൾ തുടങ്ങിയവ പത്തു വർഷത്തോളം പഠിച്ചു. ഈ കാലഘട്ടത്തിൽ തന്നെ അദ്ദേഹത്തിന്റെ സാഹിത്യപരമായ താൽപര്യം കൂടുതൽ വ്യക്തമാവാൻ തുടങ്ങി. പരമ്പരാഗതമായ ഇസ്‌ലാമിക വിഷയങ്ങൾ പഠിക്കുന്നതിനൊപ്പം അദ്ദേഹം പൗരാണിക അറബി സാഹിത്യ ഗ്രന്ഥങ്ങൾ തേടിപ്പിടിച്ച് വായിച്ചു തുടങ്ങി.
യുവപ്രായത്തിൽ തന്നെ അദ്ദേഹം പ്രമുഖ ഇസ്‌ലാമിക ചിന്തകനും പരിഷ്‌കർത്താവുമായ ഇമാം മുഹമ്മദ് അബ്ദുവിനെ പരിചയപ്പെട്ടു. അക്കാലത്ത് ഇസ്‌ലാമിനെക്കുറിച്ച് ഉന്നത കാഴ്ചപ്പാടുള്ള പണ്ഡിതനെന്ന നിലയിൽ അദ്ദേഹം ഏറെ പ്രസിദ്ധനായിരുന്നു. അൽഅസ്ഹറിലെ അദ്ദേഹത്തിന്റെ ക്ലാസ്സുകളിൽ സ്ഥിരമായി പങ്കെടുക്കാൻ തുടങ്ങി. മതത്തിലും സാഹിത്യത്തിലും രാഷ്ട്രീയത്തിലും ചിന്തകളിലുമുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള ക്ലാസ്സുകൾ മൻഫലൂത്വി കേട്ടു മനസ്സിലാക്കി.
1905ൽ മുഹമ്മദ് അബ്ദുവിന്റെ വിയോഗത്തിന് ശേഷം മുപ്പതുകളുടെ തുടക്കത്തിൽ മൻഫലൂത്വി തന്റെ നാട്ടിലേക്ക് മടങ്ങി. ഈ കാലയളവിൽ അദ്ദേഹം തന്റെ സാഹിത്യപരമായ കഴിവുകൾ വർധിപ്പിക്കുകയും ലേഖനങ്ങൾ എഴുതാൻ തുടങ്ങുകയും ചെയ്തു.
അൽഅസ്ഹറിൽ പഠിക്കുന്ന കാലത്ത് മൻഫലൂത്വി പ്രമുഖ കവികളായ അബൂ തമാം, അൽബുഹ്തുരി, അശ്ശരീഫ് അർറദി, അൽമുതനബ്ബി എന്നിവരുടെ കവിതകളും; ഇബ്‌നുൽ മുക്വഫ്ഫഅ്, അൽജാഹിദ്വ്, ഇബ്‌നു അബ്ദിറബ്ബിഹി, അൽഅസ്ഫഹാനി, ഇബ്‌നുഖൽദൂൻ തുടങ്ങിയ ഗദ്യകാരന്മാരുടെ കൃതികളും ഹൃദിസ്ഥമാക്കുന്നതിലും പഠിക്കുന്നതിലും ഏറെ ശ്രദ്ധ ചെലുത്തി. ഇത് അദ്ദേഹത്തിന് അതുല്യമായ ഒരു ശൈലിയും മികച്ചനിലയിലുള്ള സാഹിത്യപരമായ അഭിരുചിയും നൽകി.
അദ്ദേഹത്തിന്റെ രചനകൾ അറബ് രാജ്യങ്ങളിൽനിന്നും പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന ‘അൽഫല്ലാഹ്,’ ‘അൽഹിലാൽ,’ ‘അൽജാമിഅഃ,’ ‘അൽഉംദഃ’ തുടങ്ങിയ മാസികകളിൽ പ്രസിദ്ധീകരിക്കാൻ തുടങ്ങി. 1907 മുതൽ അദ്ദേഹം പ്രശസ്തമായ ‘അൽമുഅയ്യിദ്’ പത്രത്തിൽ ‘നദ്വ്‌റാത്ത്’ (കാഴ്ചപ്പാടുകൾ) എന്ന തലക്കെട്ടിൽ സ്ഥിരമായി എഴുതിക്കൊണ്ടിരുന്നു. പിന്നീട് ഈ ലേഖനങ്ങൾ മൂന്ന് ഭാഗങ്ങളുള്ള ‘അന്നദ്വ്‌റാത്ത്’ എന്ന പേരിൽ സമാഹരിക്കപ്പെട്ടു. ഈ പുസ്തകത്തിൽ സാമൂഹിക സാഹിത്യം, നിരൂപണം, രാഷ്ട്രീയം, ഇസ്‌ലാമിക വിഷയങ്ങൾ, കൂടാതെ ഏതാനും ചെറുകഥകളും ഉൾപ്പെടുന്നു. മൻഫലൂത്വിയുടെ രണ്ടാമത്തെ പ്രശസ്തമായ രചനയാണ് ‘അൽഇബറാത്ത്.’ ഇത് 1916ൽ അച്ചടിക്കപ്പെട്ടു. ഒമ്പത് കഥകളാണ് ഇതിലുള്ളത്.
ഇതിനുപുറമെ പത്തൊൻപതാം നൂറ്റാണ്ടിലെ ഫ്രഞ്ച് സാഹിത്യകാരനായ ഫ്രാൻസ്വാ കോപ്പേയുടെ ‘ഫി സബീലി അത്താജ്’ (കിരീടത്തിനായി) എന്ന നാടകകാവ്യവും അദ്ദേഹം ഫ്രഞ്ചിൽനിന്ന് അറബിയിലേക്ക് വിവർത്തനം ചെയ്തു. അതുപോലെ ‘പോൾ എറ്റ് വിർജിനി’ എന്ന നോവൽ ‘അൽഫദ്വീലഃ’ (പുണ്യം) എന്ന പേരിൽ വിവർത്തനം ചെയ്തു.
ഫ്രഞ്ച് എഴുത്തുകാരൻ എഡ്മണ്ട് റോസ്റ്റാൻഡിന്റെ ‘സിറാനോ ഡി ബെർജെറാക്’ എന്ന നോവൽ ‘അശ്ശാഇർ’ (കവി) എന്ന പേരിലും, ഫ്രഞ്ച് സാഹിത്യകാരനായ അൽഫോൻസ് കാറിന്റെ ‘സു ലി റ്റിൽസ് ഡു റ്റില്ലേൽ’ എന്ന നോവൽ ‘മജ്ദൂലീൻ’ എന്ന പേരിലും വിവർത്തനം ചെയ്തു. ഫ്രഞ്ച് സാഹിത്യകാരനായ അലക്‌സാണ്ടർ ഡുമാസിന്റെ ‘ലാ ദാം ഓ കാമേലിയാസ്’ എന്ന നോവലിന്റെ വിവർത്തനവും അദ്ദേഹം പ്രസിദ്ധീകരിച്ചു.
അദ്ദേഹത്തിന് ‘മുഹാദറാതുൽ മൻഫലൂത്വി’ എന്നൊരു പുസ്തകമുണ്ട്. അത് പഴയതും പുതിയതുമായ അറബി കവിതകളിൽനിന്നും സാഹിത്യത്തിൽനിന്നും അക്കാലത്തെ സ്‌കൂൾ വിദ്യാർഥികൾക്കായി അദ്ദേഹം തിരഞ്ഞെടുത്ത് സമാഹരിച്ച് അച്ചടിച്ചതാണ്. അദ്ദേഹത്തിന്റെ മറ്റൊരു പുസ്തകമാണ് ‘അത്തറാഹും’ (കാരുണ്യം). അതിൽ കരുണ എന്ന സ്വഭാവത്തെക്കുറിച്ചും അല്ലാഹുവിന്റെ ഏറ്റവും വലിയ വിശേഷണങ്ങളിൽ ഒന്നാണ് കാരുണ്യമെന്നും അദ്ദേഹം വിശദീകരിക്കുന്നു.
മുപ്പതോളം കവിതകൾ അടങ്ങിയ ഒരു കവിതാസമാഹാരമുണ്ട് മൻഫലൂത്വിക്ക്. അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം സഹയാത്രികനായിരുന്ന നിരാശയുടെയും ദുഃഖത്തിന്റെയും സ്വാധീനം ആ കവിതകളിൽ കാണാം.
ആധുനിക അറബി സാഹിത്യത്തിലെ അതിപ്രധാനികളിലൊരാളും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ അറബി സാഹിത്യത്തിന്റെ പ്രതീകങ്ങളിലൊരാളുമായിരുന്നു മൻഫലൂത്വി. ലാളിത്യവും ലോലതയും ഒരുമിച്ചുചേർന്ന അദ്ദേഹത്തിന്റെ സവിശേഷമായ സാഹിത്യശൈലി എന്നും ഏറെ ശ്രദ്ധേയമായിരുന്നു. സൂക്ഷ്മമായ വാക്കുകളിലൂടെയും ഹൃദയസ്പർശിയായ പ്രയോഗങ്ങളിലൂടെയും മനുഷ്യവികാരങ്ങളെ ചിത്രീകരിക്കാനുള്ള അദ്ദേഹത്തിന്റെ അസാമാന്യമായ കഴിവ് അദ്ദേഹത്തെ വേറിട്ട് നിർത്തി. അദ്ദേഹത്തിന്റെ സാഹിത്യം തന്റെ കാലഘട്ടത്തിലെ സമൂഹത്തിന്റെ പ്രതിഫലനമായിരുന്നു.
അദ്ദേഹത്തിന്റെ സ്വാധീനം അറബി സാഹിത്യത്തിൽ മാത്രം ഒതുങ്ങിയില്ല, മറിച്ച് വിവർത്തനങ്ങളിലൂടെ പാശ്ചാത്യ സാഹിത്യവും അദ്ദേഹം പിന്തുടർന്നിരുന്നു. അക്കാലത്ത് യൂറോപ്പിനെ കീഴടക്കിയ നവോത്ഥാന ചിന്തകളാൽ അദ്ദേഹം സ്വാധീനിക്കപ്പെട്ടുവെങ്കിലും തന്റെ സമകാലികരെപ്പോലെ ഇസ്‌ലാമിന്റെ മൂല്യങ്ങളും അടിത്തറയും ബലിയർപ്പിക്കാൻ അദ്ദേഹം തയ്യാറായില്ല എന്നത് പ്രത്യേകം എടുത്ത് പറയേണ്ടതാണ്.

ആത്മാർഥമായ വികാരവും ലോലമായ പ്രകടനരീതിയും അദ്ദേഹത്തിന്റെ മുഖ്യ സവിശേഷതയായി രുന്നു. അത് അദ്ദേഹത്തിന്റെ രചനകളെ വായനക്കാരുടെ ഹൃദയങ്ങളോട് കൂടുതലായി അടുപ്പിച്ചു. ആഴത്തിലുള്ള ചിന്തകളെ വികാരങ്ങളുമായി സംയോജിപ്പിച്ച് ലളിതവും വ്യക്തവുമായ അറബി ഭാഷയിൽ അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. തന്റെ ആശയങ്ങളുടെ വ്യക്തതയും ശൈലിയുടെ ലാളിത്യവും കാരണം പണ്ഡിതന്മാരും സാധാരണക്കാരും ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരെ തന്റെ രചനകളിലേക്ക് ആകർഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
വികാരങ്ങളെയും മാനസിക സ്വാധീനങ്ങളെയും ആശ്രയിക്കുന്ന ഒരു വൈകാരിക ശൈലിയിലേക്ക് അദ്ദേഹം ചായ്വ് കാണിച്ചു. അദ്ദേഹത്തിന്റെ രചനകൾ സൂക്ഷ്മമായ ആഖ്യാന ശൈലികൊണ്ട് മറ്റുള്ളവരിൽനിന്നും വേറിട്ട് നിന്നു. വായനക്കാരന് താൻ വിവരിക്കുന്ന മാനസികാവസ്ഥയിൽ രൂപപ്പെടാൻ കഴിയുന്ന തരത്തിൽ സാഹിത്യപരമായ രൂപകങ്ങളും ഉപമകളും അദ്ദേഹം ഉപയോഗിച്ചു. ആഴത്തിലുള്ള ആത്മപരിശോധനാപരമായ ശൈലിയും അദ്ദേഹത്തിനുണ്ടായിരുന്നു. സമൂഹത്തിന്റെ അവസ്ഥകളെക്കുറിച്ച് അദ്ദേഹം നിരന്തരം ചിന്തിക്കുകയും തന്റെ ഓരോ എഴുത്തിലും ധാർമികതയുടെയും മനുഷ്യത്വത്തിന്റെയും അർഥങ്ങൾ തേടുകയും ചെയ്തു.
അദ്ദേഹം തന്റെ രചനകളിൽ സംഭവങ്ങളുടെ സൂക്ഷ്മമായ വിവരണവും വൈകാരികമായ ആവിഷ്‌കാരവും സമന്വയിപ്പിക്കുന്ന ഒരു ആഖ്യാന ശൈലിയെ ആശ്രയിച്ചു. സമൂഹത്തിന്റെ ദുഃഖങ്ങൾ ചുമലിലേറ്റിയ സാഹിത്യകാരന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. എഴുത്ത് കേവലം ഒരു ബൗദ്ധിക ആഡംബരമല്ല, മറിച്ച് സമൂഹത്തെ നവീകരിക്കാനും ഉന്നതമായ മൂല്യങ്ങൾ പ്രചരിപ്പിക്കാനുമുള്ള ഒരു മാർഗമാണെന്ന് അദ്ദേഹം വിശ്വസിച്ചു. അതുകൊണ്ട് വിശ്വാസ ഭ്രംശനം, സാമൂഹിക അനീതി, അഴിമതി, ദാരിദ്ര്യം, സ്ത്രീകളുടെ അവകാശങ്ങൾ തുടങ്ങിയ നിരവധി വിഷയങ്ങൾ അദ്ദേഹം സമഗ്രമായി കൈകാര്യം ചെയ്തു.
അറബ് സാംസ്‌കാരിക സ്വത്വം സംരക്ഷിക്കുന്നതിന്റെ പ്രാധാന്യത്തിൽ അദ്ദേഹം വിശ്വസിച്ചു. യഥാർഥ നവോത്ഥാനം എന്നത് പൗരാണിക മൂല്യങ്ങളിൽ ഉറച്ചുനിൽക്കുകയും പാശ്ചാത്യ പുരോഗതിയിൽ നിന്ന് പ്രയോജനം നേടുകയും ചെയ്യുന്നതിലാണെന്ന് അദ്ദേഹം വീക്ഷിച്ചു. ഇസ്‌ലാമിക പാരമ്പര്യത്തെ ഉപേക്ഷിക്കാതെ പുരോഗതിയെ ഉൾക്കൊള്ളുക എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. പാശ്ചാത്യ രാജ്യങ്ങളെ അന്ധമായി അനുകരിക്കുന്നതിനെ അദ്ദേഹം എതിർത്തു. അതേസമയം സമൂഹത്തിന്റെ പുരോഗതി ലക്ഷ്യമിട്ടുള്ള പ്രബുദ്ധമായ ആശയങ്ങളെ ഹാർദ്ദമായി സ്വാഗതവും ചെയ്തു.
ശാന്തവും ആത്മപരിശോധനാപരവുമായ വ്യക്തിത്വമുള്ള ആളായിരുന്നു മൻഫലൂത്വി. പൊതുജീവിതത്തിന്റെ തിരക്കുകളിൽനിന്ന് ഏകാന്തതയിലേക്ക് അദ്ദേഹം പലപ്പോഴും മാറി സഞ്ചരിച്ചു. വായനയിലും എഴുത്തിലും അദ്ദേഹം സമാധാനം കണ്ടെത്തി. മറ്റുള്ളവരുടെ ദുരിതങ്ങളോട് ലോലവികാരമുള്ള ഒരു വ്യക്തിയായിരുന്നു അദ്ദേഹം. ഇത് അദ്ദേഹത്തിന്റെ രചനകളിൽ വ്യക്തമായി പ്രതിഫലിച്ചുകാണാം. ഒരേസമയം ദുഃഖവും ആത്മപരിശോധനയും അദ്ദേഹത്തിന്റെ രചനകളിൽ എന്നും മുഖ്യ പ്രമേയമായി.
അറബി ഭാഷാ സാഹിത്യത്തിൽ അദ്ദേഹത്തിന്റെ സ്വാധീനം വളരെ വലുതായിരുന്നു. അദ്ദേഹത്തിന് ശേഷം വന്ന നിരവധി എഴുത്തുകാരും സാഹിത്യകാരന്മാരും അദ്ദേഹത്തിന്റെ ശൈലിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടു. ലാളിത്യവും വാചാലതയും ഒരേസമയം സമന്വയിപ്പിച്ച അദ്ദേഹത്തിന്റെ ശൈലി സാഹിത്യലോകത്ത് മാതൃകയായി കണക്കാക്കപ്പെട്ടു. പ്രത്യേകിച്ചും മനുഷ്യവികാരങ്ങളെ സ്വാധീനിക്കുന്ന രീതിയിൽ ചിത്രീകരിക്കുന്ന വൈകാരിക രചനകളിൽ.
തന്റെ അതുല്യമായ സാഹിത്യശൈലിയിലൂടെ മൻഫലൂത്വി അറബി സാഹിത്യ ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ചു. ആഴത്തിലുള്ള ഉള്ളടക്കവും വാചാലമായ ശൈലിയും കാരണം അദ്ദേഹത്തിന്റെ കൃതികൾ ഇന്നും വലിയ പ്രചാരത്തിലുണ്ട്. മാനുഷികവും സാമൂഹികവുമായ മൂല്യങ്ങളാൽ അദ്ദേഹത്തിന്റെ കൃതികൾ ഏറെ സ്വാധീനിക്കപ്പെട്ടു. വായനക്കാരുടെ മനസ്സിനെ രൂപപ്പെടുത്തുന്നതിൽ അവ വലിയ സംഭാവന നൽകി.
തന്റെ അവസാന നാളുകൾവരെ സന്തത സഹചാരിയായ തൂലികയെ മുറുകെ പിടിച്ച് സാഹിത്യത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചുമുള്ള കാര്യങ്ങൾ അദ്ദേഹം എഴുതുകയും ചർച്ച ചെയ്യുകയും ചെയ്തു. അവസാന വർഷങ്ങളിൽ, ജീവിതത്തിലെ സമ്മർദങ്ങളും രോഗവും കാരണം അദ്ദേഹത്തിന് ശാരീരികമായ ക്ഷീണം അനുഭവപ്പെട്ടു തുടങ്ങി. എന്നിട്ടും അദ്ദേഹം എഴുത്ത് നിർത്തിയില്ല. താൻ അറിയപ്പെട്ടിരുന്ന അതേ ആഴത്തിലുള്ള വൈകാരിക മനോഭാവത്തോടെയുള്ള ലേഖനങ്ങളും രചനകളും അദ്ദേഹം പ്രസിദ്ധീ കരിച്ചു. അദ്ദേഹത്തിന് സാഹിത്യം ഒരു ദൗത്യമായിരുന്നു. രോഗം തന്റെ ബൗദ്ധിക ദൗത്യം നിർവഹിക്കു ന്നതിൽനിന്ന് അദ്ദേഹത്തെ തടയാൻ അനുവദിച്ചില്ല.
ആരോഗ്യപരമായ പ്രശ്‌നങ്ങൾ വർധിച്ചിട്ടും, തന്റെ വേദനകളെക്കുറിച്ച് സംസാരിക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. പകരം, ജീവിതകാലം മുഴുവൻ താൻ ശ്രദ്ധിച്ചിരുന്ന ബൗദ്ധികവും സാമൂഹികവുമായ വിഷയങ്ങളിൽ അദ്ദേഹം വ്യാപൃതനായിരുന്നു. തന്റെ സാഹിത്യ തത്ത്വങ്ങളോട് അവസാന നിമിഷം വരെ അദ്ദേഹം വിശ്വസ്തത പുലർത്തി. സമൂഹത്തിന്റെ അവസ്ഥകളെക്കുറിച്ച് അദ്ദേഹം നിരന്തരം ചിന്തിച്ചുകൊണ്ടിരുന്നു. അത് അദ്ദേഹത്തിന്റെ അവസാന രചനകളിൽ പ്രതിഫലിച്ചു. സാഹിത്യരചനയിലും വൈജ്ഞാനിക സംഭാവനകളിലും നിറഞ്ഞ ഒരു യാത്രക്ക് ശേഷം 1924ൽ മൻഫലൂത്വി അന്തരിച്ചു.
അറബി സാഹിത്യലോകത്തിന് അദ്ദേഹത്തിന്റെ മരണം അക്ഷരാർഥത്തിൽ ഒരു ഞെട്ടൽതന്നെ സമ്മാനിച്ചു. തന്റെ ബൗദ്ധിക സംഭാവനകളുടെ ഉച്ചസ്ഥായിയിലായിരുന്ന സമയത്താണ് മരണം അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയത്. അദ്ദേഹത്തിന്റെ രചനകൾ ഒരു മുഴുവൻ തലമുറയുടെയും വികാരങ്ങളെ പ്രതിനിധീകരിച്ചു. അദ്ദേഹത്തിന്റെ വിയോഗം അറബി സാഹിത്യരംഗത്ത് വലിയൊരു വിടവ് തന്നെ സൃഷ്ടിച്ചു. ഈജിപ്തിലെയും അറബ് ലോകത്തെയും പ്രമുഖ സാഹിത്യകാരന്മാരും ബുദ്ധിജീവികളും അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചിച്ചു. അദ്ദേഹത്തിന്റെ വിയോഗം അറബി സാഹിത്യത്തിന് വലിയ തീരാനഷ്ടമായി കണക്കാക്കപ്പെട്ടു.
അദ്ദേഹത്തിന്റെ രചനകൾ നിരൂപകരുടെയും വായനക്കാരുടെയും പ്രശംസ പിടിച്ചുപറ്റി. ആധുനിക അറബി സാഹിത്യത്തിന് വൈകാരികമായ ഒരു മാനം നൽകിയ ഏറ്റവും പ്രമുഖ എഴുത്തുകാരിൽ ഒരാളായി അദ്ദേഹം എന്നും കണക്കാക്കപ്പെടുന്നു. അദ്ദേഹത്തിന്റെ കൃതികളുടെ പ്രചാരം ഇന്നും നിലച്ചിട്ടില്ല, അദ്ദേഹത്തിന്റെ കൃതികൾ ഇന്ത്യക്കകത്തും പുറത്തുമുള്ള സ്‌കൂളുകളിലും സർവകലാശാലകളിലും ഇന്നും പഠിപ്പിക്കപ്പെടുന്നുണ്ട്. വായനക്കാർക്ക് അദ്ദേഹത്തിന്റെ ഭാഷയുടെ സൗന്ദര്യവും വികാരത്തിന്റെ ശക്തിയും കണ്ടെത്താൻ കഴിയും.
അടുത്തലക്കം വായിക്കുക: മൻഫലൂത്വി എഴുതിയ ‘ഇസ്‌ലാമിനു വേണ്ടി ഒരിറ്റു കണ്ണുനീർ’
