ചരിത്ര കഥകൾ
ഡോ. ടി. കെ. യൂസുഫ്
2025 ജൂൺ 28, 1447 മുഹറം 02

(ക്വുർആൻ കഥകളിലെ ദൃഷ്ടാന്തങ്ങൾ - 3)
ക്വുർആൻ ചില സംഭവങ്ങൾ കഥകളായി പറയുമ്പോൾ വളരെ പുതുമയുള്ള ചിത്രീകരണത്തിലൂടെയാണ് അത് നിർവഹിക്കുന്നത്. നൂഹ് നബി(അ) തന്റെ ജനതയ തൗഹീദിലേക്ക് ക്ഷണിച്ചപ്പോഴുണ്ടായ പ്രതികരണം ഇപ്രകാരമാണ് ക്വുർആൻ വിവരിക്കുന്നത്: “അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, തീർച്ചയായും എന്റെ ജനതയെ രാവും പകലും ഞാൻ വിളിച്ചു. എന്നിട്ട് എന്റെ വിളി അവരുടെ ഓടിപ്പോക്ക് വർധിപ്പിക്കുക മാത്രമെ ചെയ്തുള്ളൂ. തീർച്ചയായും നീ അവർക്ക് പൊറുത്ത് കൊടുക്കാൻ വേണ്ടി ഞാൻ അവരെ വിളിച്ചപ്പോഴൊക്കെയും അവർ അവരുട വിരലുകൾ കാതുകളിൽ വെക്കുകയും അവരുടെ വസ്ത്രങ്ങൾ മൂടിപ്പുതക്കുകയും അവർ ശഠിച്ചു നിൽക്കുകയും കടുത്ത അഹങ്കാരം നടിക്കുകയുമാണ് ചെയ്തത്’’ (നൂഹ് 5-7).
ക്വുർആൻ കഥകൾ പറയുമ്പോൾ കഥാപാത്രങ്ങളുടെ വികാരങ്ങളും മാനസികഭാവങ്ങളും ആവിഷ്‌കരിക്കുന്നത് കാണാം. ലൂത്വ് നബി(അ)യുടെ ജനതയുടെ സ്വഭാവത്തെ കുറിച്ച് അദ്ദേഹത്തിന് നന്നായി അറിയുന്നതുകൊണ്ട് അദ്ദേഹത്തിന്റെ അടുക്കൽ മലക്കുകൾ വന്ന സമയത്ത് അദ്ദേഹം അനുഭവിച്ച വിഷമം ക്വുർആൻ വിവരിക്കുന്നതായി കാണാം. “നമ്മുടെ ദൂതന്മാർ (മലക്കുകൾ) ലൂത്വിന്റെ അടുക്കൽ ചെന്നപ്പോൾ അവരുടെ കാര്യത്തിൽ അദ്ദേഹത്തിന് ദുഃഖം തോന്നുകയും അവരെ പറ്റി ചിന്തിച്ചിട്ട് അദ്ദേഹത്തിന് മനഃപ്രയാസമുണ്ടാകുകയും ചെയ്തു. ഇതൊരു വിഷമകരമായ ദിവസം തന്നെ എന്ന് അദ്ദേഹം പറയുകയും ചെയ്തു’’ (ഹൂദ് 77).
മൂസാ നബി(അ)യുടെ മുന്നിൽ മാന്ത്രികർ വടിയിട്ട് പാമ്പായി മാറിയ സന്ദർഭത്തിൽ അദ്ദേഹത്തിന്റെ മനസിൽ ഭയം തോന്നിയതായി പറയുന്നതും ഇതിനുദാഹരണമാണ്.
മനുഷ്യരുടെ സ്വഭാവം വെളിപ്പെടുത്തുന്ന മറ്റൊരു കഥ സൂറത്തുൽ ക്വലമിൽ പരാമർശിക്കുന്ന തോട്ടം വിളവെടുത്ത കൂട്ടരുടെതാണ്. തോട്ടങ്ങളിലെ ഫലങ്ങൾ വിളവെടുക്കുന്ന സമയത്ത് അഗതികളായി കയറിവരുന്നവർക്ക് വല്ലതും നൽകേണ്ടത് വിശ്വാസികളുടെ ബാധ്യതയാണ്. എന്നാൽ ചില ആളുകളുടെ മനസ്സ് അത്തരം സന്ദർഭങ്ങളിൽ ആർക്കും ഒന്നും നൽകാതിരിക്കാൻ മന്ത്രിച്ചുകൊണ്ടിരിക്കും. അവരുടെ മനഃസാക്ഷി പാവങ്ങൾക്ക് കൊടുക്കാൻ പ്രേരിപ്പിക്കുമെങ്കിലും അവർ അതിന് വഴിപ്പെടുകയില്ല. എന്നാൽ ഇത്തരം കുടില ചിന്തകളുടെ പരിണിത ഫലം സർവനാശമാണെന്നാണ് ഈ കഥ ഓർമിപ്പിക്കുന്നത്.
ആ തോട്ടക്കാരെ പരീക്ഷിച്ച സംഭവം ഇപ്രകാരമാണ് ക്വുർആൻ വിവരിക്കുന്നത്: “പ്രഭാത വേളയിൽ ആ തോട്ടത്തിലെ പഴങ്ങൾ അവർ പറിച്ചെടുക്കുമെന്ന് അവർ സത്യം ചെയ്ത സന്ദർഭം. അവർ യാതൊന്നും ഒഴിവാക്കി പറഞ്ഞിരുന്നില്ല. എന്നിട്ട് അവർ ഉറങ്ങിക്കൊണ്ടിരിക്കെ നിന്റെ രക്ഷിതാവിങ്കൽ നിന്നുള്ള ഒരു ശിക്ഷ ആ തോട്ടത്തെ ബാധിച്ചു. അങ്ങനെ അത് മുറിച്ചെടുക്കപ്പെട്ടതുപോലെ ആയിത്തീർന്നു. അങ്ങനെ പ്രഭാത വേളയിൽ അവർ പരസ്പരം വിളിച്ചു പറഞ്ഞു: ‘നിങ്ങൾ പറിച്ചെടുക്കാൻ പോകുകയാണെങ്കിൽ നിങ്ങളുടെ കൃഷി സ്ഥലത്തേക്ക് നിങ്ങൾ കാലത്തുതന്നെ പുറപ്പെടുക.’ അവർ അന്യോന്യം മന്ത്രിച്ചു കൊണ്ടുപോയി: ‘ഇന്ന് ആ തോട്ടത്തിൽ നിങ്ങളുടെ അടുത്ത് ഒരു സാധുവും കടന്നുവരാൻ ഇടയാവരുത്.’ അവർ സാധുക്കളെ തടസ്സപ്പെടുത്താൻ കഴിവുള്ള
വരായിക്കൊണ്ട് തന്നെ കാലത്ത് പുറപ്പെടുകയും ചെയ്തു. അങ്ങനെ ആ തോട്ടം കണ്ടപ്പോൾ അവർ പറഞ്ഞു: ‘തീർച്ചയായും നാം പിഴവു പറ്റിയവരാകുന്നു. അല്ല, നാം നഷ്ടം നേരിട്ടവരാകുന്നു.’ അവരുടെ കൂട്ടത്തിൽ മധ്യനിലപാടുകാരനായ ഒരാൾ പറഞ്ഞു: ‘ഞാൻ നിങ്ങളോട് പറഞ്ഞില്ലേ; എന്താണ് നിങ്ങൾ അല്ലാഹുവെ പ്രകീർത്തിക്കാതിരിക്കുന്നത്?’ അവർ പറഞ്ഞു: ‘നമ്മുടെ രക്ഷിതാവ് എത്രയോ പരിശുദ്ധൻ! തീർച്ചയായും നാം അക്രമികളായിരിക്കുന്നു.’ അങ്ങനെ പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ട് അവരിൽ ചിലർ ചിലരുടെ നേർക്ക് തിരിഞ്ഞു. അവർ പറഞ്ഞു: ‘നമ്മുടെ നാശമേ, തീർച്ചയായും നാം അതിക്രമകാരികളായിരിക്കുന്നു’’ (ക്വലം 17-31).
ഈ കഥ വായിക്കുന്നവന് പ്രസ്തുത സംഭവം അവന്റെ കൺമുമ്പിൽ സംഭവിക്കുന്നതുപോലെയാണ് അനുഭവപ്പെടുക. തന്നെയുമല്ല, തോട്ടമുടമകൾക്ക് ഈ സംഭവം നൽകിയ ഗുണപാഠം വായനക്കാരനും ഈ കഥ നൽകുന്നുണ്ട്. ഇത്തരം സ്വഭാവ ഗുണങ്ങളുള്ള എല്ലാവരുടെയും ഗതി ഇതായിരിക്കുമെന്ന ഒരു പാഠവും പരലോക ശിക്ഷ ഇതിനെക്കാൾ കഠിനമായിരിക്കുമെന്നും ഈ സംഭവം ഓർമിപ്പിക്കുന്നു.
അതിശയിപ്പിക്കുന്ന അത്ഭുതങ്ങളിൽ അടിയറവ് പറയുക എന്നത് മനുഷ്യസഹജമായ ഒരു വികാരമാണ്. ഇത്തരത്തിലുള്ള ഒരു സംഭവം വ്യക്തമാക്കുന്നതാണ് സുലൈമാൻ നബി(അ)യുടെയും ബൽകീസ് രാജ്ഞിയുടെയും കഥ. ബൽകീസിന്റെ സിംഹാസനം സുലൈമാൻ നബി(അ)യുടെ അടുക്കൽ കണ്ടപ്പോൾ അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.

“സുലൈമാൻ നബി(അ) പറഞ്ഞു: ഹേ, പ്രമുഖന്മാരേ! അവർ കീഴൊതൊങ്ങിക്കൊണ്ട് എന്റെ അടുത്ത് വരുന്നതിന് മുമ്പായി നിങ്ങളിൽ ആരാണ് അവളുടെ സിംഹാസനം എനിക്ക് കൊണ്ടുവന്ന് തരിക?’ ജിന്നുകൂട്ടത്തിലുള്ള ഒരു മല്ലൻ പറഞ്ഞു: ‘അങ്ങ് അങ്ങയുടെ ഈ സദസ്സിൽ നിന്ന് എഴുന്നേൽക്കുന്നതിന് മുമ്പായി ഞാനത് അങ്ങേക്ക് കൊണ്ടുവന്നുതരാം. തീർച്ചയായും ഞാനതിന് കഴിവുള്ളവനും വിശ്വസ്തനുമാകുന്നു.’ വേദത്തിൽ നിന്നുള്ള വിജ്ഞാനം കരഗതമാക്കിയിട്ടുള്ള ആൾ പറഞ്ഞു: ‘താങ്കളുടെ ദൃഷ്ടി താങ്കളിലേക്ക് തിരിച്ചുവരുന്നതിന് മുമ്പായി ഞാനത് താങ്കൾക്ക് കൊണ്ടുവന്ന് തരാം.’ അങ്ങനെ അവൾ വന്നപ്പോൾ അവളോട് ചോദിക്കപ്പെട്ടു: ‘താങ്കളുടെ സിംഹാസനം ഇത് പോലെയാണോ?’ അവൾ പറഞ്ഞു: ‘ഇത് അതുതന്നെയാണെന്ന് തോന്നുന്നു. ഇതിന് മുമ്പുതന്നെ ഞങ്ങൾക്ക് അറിവ് നൽകപ്പെട്ടിരുന്നു. ഞങ്ങൾ മുസ്‌ലിംകളാവുകയും ചെയ്തിരുന്നു’’ (നംല് 38-42).
“കൊട്ടാരത്തിൽ പ്രവേശിച്ചു കൊള്ളുക എന്ന് അവളോട് പറയപ്പെട്ടു. എന്നാൽ അവളത് കണ്ടപ്പോൾ അതൊരു ജലാശയമാണെന്ന് വിചാരിക്കുകയും, തന്റെ കണങ്കാലുകളിൽനിന്ന് വസ്ത്രം മേലോട്ട് നീക്കുകയും ചെയ്തു. സുലൈമാൻ പറഞ്ഞു: ‘ഇത് സ്ഫടികകഷ്ണങ്ങൾ പാകി മിനുക്കിയ ഒരു കൊട്ടാരമാകുന്നു.’ അവൾ പറഞ്ഞു: ‘എന്റെ രക്ഷിതാവേ, ഞാൻ എന്നോടുതന്നെ അന്യായം ചെയ്തിരിക്കുന്നു. ഞാനിതാ സുലൈമാനോടപ്പം ലോക രക്ഷിതാവായ അല്ലാഹുവിന് കീഴ്‌പ്പെട്ടിരിക്കുന്നു’’ (നംല് 44).
ക്വുർആൻ കഥകളിൽ കഥാപാത്രങ്ങൾ വിശദമായി വിവരിക്കപ്പെടാറില്ല. കാരണം ആളുകൾ ഏത് കാലഘട്ടത്തിലാണെങ്കിലും അവരുടെ സ്വഭാവ ഗുണങ്ങൾ സമാനമായിരിക്കും. ഇന്ന് നാം ഏത് കഥകൾ വായിക്കുകയാണെങ്കിലും അതിലെ കഥാപാത്രങ്ങളുടെ ശാരീരിക ചലനങ്ങളും ബാഹ്യമായ എല്ലാ വിശേഷ ഗുണങ്ങളും നമുക്ക് ആ വ്യക്തികളെ കണ്ണിൽ കാണുന്ന രൂപത്തിൽ വിവരിക്കുന്നതായി കാണാറുണ്ട്. എന്നാൽ ക്വുർആൻ കഥകളിൽ കഥാപാത്രങ്ങൾക്കല്ല കഥയുടെ മർമത്തിനാണ് പ്രാധാന്യം നൽകപ്പെടുന്നത്. ക്വുർആൻ കേവലം ചരിത്രഗന്ഥമല്ല; മുഴുവൻ പ്രവാചകന്മാരുടെയും ചരിത്രം അതിൽ വിവരിക്കുന്നില്ല. ജനങ്ങൾക്ക് ഗുണപാഠമുള്ള കാര്യങ്ങൾ മാത്രമെ വിവരിക്കുന്നുള്ളൂ.
“നിനക്ക് മുമ്പ് നാം പല ദൂതന്മാരെയും അയച്ചിട്ടുണ്ട്. അവരിൽ ചിലരെ പറ്റി നാം നിനക്ക് വിവരിച്ചു തന്നിട്ടുണ്ട്. അവരിൽ ചിലരെപ്പറ്റി നിനക്ക് നാം വിവരിച്ചുതന്നിട്ടില്ല’’ (ഗാഫിർ 78). “അവരെയാണ് അല്ലാഹു നേർവഴിയിലാക്കിയിട്ടുള്ളത്. അതിനാൽ അവരുടെ നേർമാർഗത്തെ നീ പിന്തുടർന്നുകൊള്ളുക’’ (അൻആം 90).
ഒരു മനുഷ്യന്റെ ആയുസ്സിന്റെ വ്യത്യസ്ത ഘട്ടങ്ങൾ പല പ്രവാചകന്മാരിലൂടെയായി ക്വുർആൻ വിവരിച്ചതായി കാണാം. ഈസാ നബി(അ)യുടെ ബാല്യം, ഇബ്‌റാഹീം നബി(അ)യുടെ യൗവനം, മുഹമ്മദ് നബിﷺയുടെ മധ്യവയസ്‌കത, ഇബ്‌റാഹീം നബി(അ)യുടെയും സകരിയ്യാ നബി(അ)യുടെയും വാർധക്യം എന്നിവ അതിനുദാഹരണമാണ്. അതുപോലെ മർയം, ഇബ്‌റാഹീം നബി(അ)യുടെ ഭാര്യ, ഫിർഔനിന്റെ ഭാര്യ തുടങ്ങി ചില വനിതകളുടെയും ജീവിതഘട്ടങ്ങൾ വിവരിക്കുന്നതായി കാണാം. അതുപോലെ വ്യത്യസ്ത കുടുംബങ്ങളെയും ചിത്രീകരിക്കുന്നുണ്ട്. ഉദാഹരണത്തിന് ഇബ്‌റാഹീമിന്റെ കുടുംബത്തിൽ നമുക്ക് വിശ്വാസിയായ മകനെയും അവിശ്വാസിയായ പിതാവിനെയും ദർശിക്കാം. നൂഹ് നബി(അ)യുടെ കഥയിൽ വിശ്വാസിയായ പിതാവിനെയും അവിശ്വാസിയായ മകനെയും നല്ല ഭർത്താവിനെയും ചീത്ത ഭാര്യയെയും കാണാം. ഫിർഔനിന്റെ കഥയിൽ വിശ്വാസിനിയായ ഭാര്യയെയും അവിശ്വാസിയായ ഭർത്താവിനെയും ദർശിക്കാം. യൂസുഫി(അ)ന്റെ കഥയിൽ നല്ലവനായ പിതാവിന്റെയും അസൂയാലുക്കളായ ചില മക്കളുടെയും അവസ്ഥ ദർശിക്കാം.
മനുഷ്യൻ തന്റെ സമ്പത്തിലും ശരീരത്തിലും മക്കളിലും പരീക്ഷിക്കപ്പെടുന്നതിന് മാതൃക അയ്യൂബ് നബി(അ)യുടെ കഥയിൽ കാണാം. നിരപാധികളും ജയിലിൽ കഴിയേണ്ടിവരുമെന്നതിന് സാധ്യത യുസുഫ് നബി(അ)യിൽ കാണാം. ഇബ്‌റാഹീം നബി(അ)യുടെ ജീവിതത്തിൽ വളരെ മാതൃകാപരമായ പല കാര്യങ്ങളും നമുക്ക് ദർശിക്കാം. അദ്ദേഹത്തിന്റെ പിതാവ് അദ്ദേഹത്തോട് ഞാൻ നിന്നെ കല്ലെറിഞ്ഞ് ആട്ടും എന്ന് പറയുമ്പോൾ വളരെ സൗമ്യതയോടെ ‘നിങ്ങൾക്ക് അല്ലാഹുവിന്റെ രക്ഷയുണ്ടാകട്ടെ, ഞാൻ നിങ്ങൾക്കുവേണ്ടി പ്രാർഥിക്കാം’ എന്ന് പറയാനുള്ള മാനസിക ഭാവം പ്രശംസനീയം തന്നെയാണ്.

ഭാര്യയെയും മകനെയും വരണ്ട മരുഭൂമിയിൽ ഉപേക്ഷിച്ച് വരുമ്പോഴും ഏകമകനെ അറുക്കാനുള്ള സ്വപ്ന ദർശനമുണ്ടായപ്പോഴും അദ്ദേഹം പ്രകടിപ്പിച്ച വിശ്വാസം വിശ്വാസികൾക്ക് മാതൃകയാണ്. തന്നെ ധിക്കരിക്കുകയും മർദിക്കുകയും ചെയ്തവരെ ശിക്ഷിക്കാൻ പറയാതെ അവരെ അല്ലാഹുവിന്റെ പാപമോചനത്തിന് വിടുകയാണ് അദ്ദേഹം ചെയ്യുന്നത്. അതിഥികളോട് കാണിക്കുന്ന അനുകമ്പയും ആതിഥ്യമര്യാദയും അദ്ദേഹത്തിന്റെ വ്യക്തിത്വും വരച്ചുകാണിക്കുന്നതാണ്. മൂസാ നബി(അ)യുടെ കഥയിൽ രാജകൊട്ടാരത്തിൽ വളർന്ന ഒരു ചെറുപ്പക്കാരന്റെ കരുത്തും ആർജവവും കാണാം. അങ്ങനെ അദ്ദേഹം (മൂസാ) ശക്തി പ്രാപിക്കുകയും പാകത എത്തുകയും ചെയ്തപ്പോൾ അദ്ദേഹത്തിന് നാം വിവേകവും വിജ്ഞാനവും നൽകി, അപ്രകാരമാണ് സദ്‌വൃത്തർക്ക് നാം പ്രതിഫലം നൽകുന്നത്. പട്ടണ വാസികൾ അശ്രദ്ധരായിരുന്ന സമയത്ത് മൂസാ അവിടെ ചെന്നു. അപ്പോൾ അവിടെ രണ്ട് പുരുഷന്മാർ പരസ്പരം പൊരുതുന്നതായി അദ്ദേഹം കണ്ടു. ഒരാൾ തന്റെ കക്ഷിയിൽ പെട്ടവൻ, മറ്റൊരാൾ തന്റെ ശത്രുവിഭാഗത്തിൽ പെട്ടവനും. അപ്പോൾ തന്റെ കക്ഷിയിൽപെട്ടവൻ ശത്രുവിഭാഗത്തിൽ പെട്ടവനെതിരിൽ അദ്ദേഹത്തോട് സഹായം തേടി, അപ്പോൾ മൂസാ മുഷ്ടി ചുരുട്ടി അവനെ ഇടിച്ചു. അത് അവന്റെ കഥ കഴിച്ചു’’ (ഖസ്വസ്വ് 14,15).
സത്യവിശ്വാസം പ്രബോധനം ചെയ്യുന്നവർക്ക് ജനങ്ങളിൽനിന്ന് മർദനങ്ങളും പീഡനങ്ങളും പരിഹാസങ്ങളും സഹിക്കേണ്ടിവരുമെന്നതിനുള്ള തെളിവുകൾ മുഹമ്മദ് നബിﷺയുടെ ചരിത്രത്തിൽ കാണാം.
ക്വുർആനിലെ പൂർവപ്രവാചകരുടെ ചരിത്ര കഥകളിൽനിന്ന് അവരെല്ലാം പ്രബോധനം ചെയ്തത് ഏകദൈവ വിശ്വാസമാണെന്ന് ഗ്രഹിക്കാം, ബഹുദൈവാരാധകരിൽനിന്ന് അവർ വലിയ എതിർപ്പുകൾ നേരിടുകയും ചെയ്തിട്ടുണ്ട്.
“തീർച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും, ദുർമൂർത്തികളെ വെടിയുകയും ചെയ്യണം എന്ന് പ്രബോധനം ചെയ്യുന്നതിന് വേണ്ടി, എന്നിട്ട് അവരിൽ ചിലരെ അല്ലാഹു നേർവഴിയിലാക്കി. അവരിൽ ചിലരുടെ മേൽ വഴികേട് സ്ഥിരപ്പെടുകയും ചെയ്തു. ആകയാൽ നിങ്ങൾ ഭൂമിയിലൂടെ നടന്നിട്ട് നിഷേധിച്ച് തള്ളിക്കളഞ്ഞവരുടെ പര്യവസാനം എപ്രകാരമായിരുന്നു എന്ന് നോക്കുക’’ (നഹ്ൽ 36).
പൂർവസമുദായങ്ങൾ നിഷേധിച്ചത് കാരണം അവരുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് മനസ്സിലാക്കാൻ വേണ്ടി ഭൂമിയിലൂടെ സഞ്ചരിക്കാൻ നിരവധി വചനങ്ങളിലൂടെ ക്വുർആൻ ആഹ്വാനം ചെയ്യുന്നുണ്ട്. ചില സമുദായങ്ങളിലേക്ക് നിയോഗിക്കപ്പെട്ട പ്രവചകന്മാരുടെ പേരുകൾ ക്വുർആനിൽ പറയുന്നുണ്ട്, എന്നാൽ പേരു പറയാതെ ദൂതന്മാർ എന്നും ചിലയിടങ്ങളിൽ പറയുന്നുണ്ട്. അവിടേക്ക് ഒന്നിലധികം പ്രവാകന്മാർ നിയോഗിക്കപ്പെട്ടതുകൊണ്ടായിരിക്കാം അപ്രകാരം പറഞ്ഞത്.
ക്വുർആനിലെ, പൂർവസമുദായങ്ങളുടെ ചരിത്ര കഥകളിൽനിന്ന് അവരെല്ലാംതന്നെ പ്രബാധന മാർഗത്തിൽ ധാരാളം പ്രയാസങ്ങൾ നേരിട്ടതായി കാണാം. അവർ അഭിമുഖീകരിച്ച പ്രതിസന്ധികൾ വിവരിക്കുന്നതിലൂടെ പ്രവാചകന് സ്ഥൈര്യവും ആശ്വാസവും നൽകുകയാണ് ചെയ്യുന്നത്. ക്വുർആൻ തന്നെ ഇക്കാര്യം വിവരിക്കുന്നതായി കാണാം.
“ദൈവ ദൂതന്മാരുടെ വൃത്താന്തങ്ങളിൽനിന്ന് നിന്റെ മനസ്സിന് സ്ഥൈര്യം നൽകുന്നതെല്ലാം നിനക്ക് നാം വിവരിച്ചു തരുന്നു. ഇതിലൂടെ യഥാർഥ വിവരവും സത്യവിശ്വാസികൾക്ക് വേണ്ട സദുപദേശവും ഉൽബോധനവും നിനക്ക് വന്നുകിട്ടിയിരിക്കുകയാണ്’’ (ഹൂദ് 120).
(തുടരും)
