വിധിവിശ്വാസം - 3

മുഹമ്മദ് അൽജിബാലി

2025 ജൂലൈ 26, 1447 മുഹറം 30

വിവ: മുഹമ്മദ് സിയാദ് കണ്ണൂർ

ക്വദ്‌റിലുളള വിശ്വാസത്തിന്റെ ഘടകങ്ങൾ

ക്വദ്‌റിലുള്ള വിശ്വാസം നാല് ഘടകങ്ങൾ ഉൾക്കൊള്ളുന്നുണ്ട്:

1. സൃഷ്ടിപ്പിന് മുമ്പുതന്നെ സൃഷ്ടികളെ

സംബന്ധിച്ച് സമ്പൂർണമായ അറിവ് അല്ലാഹുവിനുണ്ടായിരുന്നു.

2. സൃഷ്ടിപ്പിന് മുമ്പ്, സംഭവിക്കാൻ പോകുന്നതെല്ലാം അല്ലാഹു രേഖപ്പെടുത്തിയിരുന്നു.

3. സൃഷ്ടികളിൽ വല്ലതും സംഭവിക്കുന്നത് അല്ലാഹുവിന്റെ ഉദ്ദേശ്യത്തിനനുസരിച്ച് മാത്രമാണ്.

4. പ്രപഞ്ചത്തിലുള്ളതഖിലവും അല്ലാഹു മാത്രമാണ് സൃഷ്ടിച്ചത്.

ഈ നാല് ഘടകങ്ങളും നാം വിശദമായി ചർച്ച ചെയ്യുകയാണ്.

1. അല്ലാഹുവിന്റെ സൂക്ഷ്മമായ അറിവ്

കഴിഞ്ഞുപോയതും വരാൻ പോകുന്നതുമായ കാര്യങ്ങളെ കുറിച്ച് പൂർണമായ അറിവ് അല്ലാഹുവിനുണ്ട്. ഇപ്പോൾ നിലവിലില്ലാത്ത വസ്തുക്കൾ നിലവിൽ വന്നാൽ അവ എങ്ങനെയുണ്ടാകും എന്നത് പോലുള്ള സാങ്കൽപിക കാര്യങ്ങളെ കുറിച്ചുള്ള അറിവ് പോലും അവനുണ്ട്.

സൃഷ്ടികളെക്കുറിച്ചുള്ള കൃത്യമായ അറിവ്:

അല്ലാഹുവാണ് ഈ ലോകത്തുള്ള സകല വസ്തുക്കളുടെയും സ്രഷ്ടാവ്. അവന്റെ സൃഷ്ടി അവന്റെ സമ്പൂർണവും സൂക്ഷ്മവുമായ ജ്ഞാനത്തിന്റെ വ്യക്തമായ സാക്ഷ്യമാണ്.

അല്ലാഹു ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും പർവതങ്ങളെയും സമുദ്രങ്ങളെയും മൃഗങ്ങളെയും കീടങ്ങളെയും പരമാണുക്കളെയും ന്യൂക്ലിയസ്സുകളെയുമെല്ലാം അതിസങ്കീർണവും എന്നാൽ കുറ്റമറ്റതുമായ വ്യവസ്ഥയോടെ സൃഷ്ടിച്ചു. അല്ലാഹു പറയുന്നു:

“പരമകാരുണികന്റെ സൃഷ്ടിപ്പിൽ യാതൊരു ഏറ്റക്കുറവും നീ കാണുകയില്ല’’ (അൽ മുൽക്: 3).

അല്ലാഹു നമ്മെ ഏറ്റവും നല്ല ഘടനയോടെ രൂപപ്പെടുത്തുകയും ചെയ്തു. അവൻ പറയുന്നു: “തീർച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടുകൂടി സൃഷ്ടിച്ചിരിക്കുന്നു’’ (അത്തീൻ: 4).

മൃഗങ്ങൾക്കും കീടങ്ങൾക്കും പരിമിതമായ അറിവ് മാത്രമാണുള്ളത്. മനുഷ്യർക്ക് അവയെക്കാൾ കൂടുതൽ അറിവുണ്ട്. അവരിൽതന്നെയുള്ള ചിലർ ശരാശരി മനുഷ്യനുള്ളതിനെക്കാൾ വിപുലമായ അറിവുകൊണ്ട് അനുഗ്രഹിക്കപ്പെട്ടവരാണ്. സൃഷ്ടികൾക്കിടയിലുള്ള അറിവുകളെല്ലാം അല്ലാഹു നൽകിയതാണ്. അവയാകട്ടെ, അവന്റെ ജ്ഞാനവുമായി തുലനം ചെയ്യാൻ പോലും പര്യാപ്തമല്ല. അല്ലാഹു പറയുന്നു:

“സൃഷ്ടിച്ചുണ്ടാക്കിയവൻ (എല്ലാം) അറിയുകയില്ലേ? അവൻ നിഗൂഢഹസ്യങ്ങൾ അറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാകുന്നു’’ (അൽമുൽക്: 14).

മനുഷ്യരെയും ആകാശഭൂമികളെയും സൃഷ്ടിക്കുന്നതിനു മുമ്പ് തന്റെ സൃഷ്ടികൾക്ക് സംഭവിക്കാൻ പോകുന്നതിനെക്കുറിച്ച് അല്ലാഹുവിന് വിശദമായി അറിയുമായിരുന്നു. അതുകൊണ്ടുതന്നെ സൃഷ്ടികളുടെ ഗുണങ്ങളും കർമങ്ങളും അവന്റെ മുൻകൂട്ടിയുള്ള അറിവുമായി യോജിച്ചുവരുന്നു. അല്ലാഹു പറയുന്നു:

“അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു എന്നും ഏത് വസ്തുവെയും ചൂഴ്ന്നു അറിയുന്നവനാകുന്നു എന്നും നിങ്ങൾ മനസ്സിലാക്കുവാൻ വേണ്ടി (അല്ലാഹുവിന്റെ കൽപന നിങ്ങൾക്കിറങ്ങുന്നു)’’ (അത്ത്വലാക്വ്: 12).

അല്ലാഹുവിന്റെ മുൻകൂട്ടിയുള്ള അറിവിൽനിന്നും ഒരു വസ്തുവും ഒഴിഞ്ഞുപോയിട്ടില്ല. ചെറുതും വലുതും മറഞ്ഞതും തെളിഞ്ഞതുമായ സകലതും അതുൾക്കൊള്ളുന്നുണ്ട്. അവൻ പറയുന്നു.

“അവന്റെ പക്കലാകുന്നു അദൃശ്യകാര്യത്തിന്റെ ഖജനാവുകൾ. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത് അവൻ അറിയുന്നു. അവനറിയാതെ ഒരു ഇല പോലും വീഴുന്നില്ല. ഭൂമിയിലെ ഇരുട്ടുകൾക്കുള്ളിലിരിക്കുന്ന ഒരു ധാന്യമണിയാകട്ടെ, പച്ചയോ ഉണങ്ങിയതോ ആയ ഏതൊരു വസ്തുവാകട്ടെ, വ്യക്തമായ ഒരു രേഖയിൽ എഴുതപ്പെട്ടതായിട്ടല്ലാതെ ഉണ്ടാവില്ല’’ (അൽഅൻആം: 59).

എല്ലാ സൃഷ്ടികളുടെയും മുഴുവൻ അവസ്ഥ, ആയുസ്സ്, ഉപജീവനം തുടങ്ങിയ കാര്യങ്ങൾ, മനുഷ്യരുടെ സൽകർമങ്ങൾ, ദുഷ്‌കർമങ്ങൾ, വിചാരങ്ങൾ, ചെയ്തികൾ, അവരുടെ വിജയപരാജയങ്ങളുടെ അവസ്ഥകൾ, അതുപോലെയുള്ള മറ്റുകാര്യങ്ങൾ എന്നിവയും അല്ലാഹുവിന്റെ പൂർവ്വജ്ഞാനത്തിലുൾ പ്പെടുന്നതാണ്. ആരൊക്കെ സ്വർഗത്തിൽ പ്രവേശിക്കുമെന്നും ആരൊക്കെ നരകത്തിൽ ആപതിക്കുമെന്നും അല്ലാഹുവിന് കൃത്യമായി അറിയാം. അല്ലാഹു പറയുന്നു:

“നിങ്ങളെ ഭൂമിയിൽനിന്ന് സൃഷ്ടിച്ചുണ്ടാക്കിയ സന്ദർഭത്തിലും നിങ്ങൾ നിങ്ങളുടെ ഉമ്മമാരുടെ വയറുകളിൽ ഗർഭസ്ഥശിശുക്കളായിരിക്കുന്ന സന്ദർഭത്തിലും അവനാകുന്നു നിങ്ങളെപ്പറ്റി കൂടുതൽ അറിവുള്ളവൻ. അതിനാൽ നിങ്ങൾ ആത്മപ്രശംസ നടത്താതിരിക്കുക. അവനാകുന്നു സൂക്ഷ്മത പാലിച്ചവരെപ്പറ്റി നന്നായി അറിയുന്നവൻ’’ (അന്നജ്മ്: 32).

ഗൈബിയ്യായ അറിവ്

അല്ലാഹുവിങ്കൽ ഗൈബിയ്യായ ലോകത്തെ കുറിച്ചുള്ള മുഴുവൻ അറിവുമുണ്ട്. അതായത്, മനുഷ്യകഴിവുകൾക്കും ധാരണകൾക്കും അപ്പുറത്തുള്ള എല്ലാം. അല്ലാഹു പറയുന്നു: “അവന്റെ പക്കലാകുന്നു ഗൈബിന്റെ (അദൃശ്യകാര്യങ്ങളുടെ) ഖജനാവുകൾ. അവനല്ലാതെ അവ അറിയുകയുമില്ല’’ (അൽഅൻആം: 59).

നമ്മുടെ ഇന്ദ്രിയശേഷികൾ കൊണ്ടും കഴിവുകൾകൊണ്ടും ഭാഗികമായി ഗ്രഹിക്കാൻ കഴിയുന്ന കാര്യങ്ങളായാലും പൂർണമായും നമ്മുടെ ഗ്രാഹ്യശേഷിക്ക് പുറത്തുള്ള കാര്യങ്ങളായാലും അവയെ കുറിച്ചുള്ള സമ്പൂർണവും സൂക്ഷ്മവും വിശാലവുമായ ജ്ഞാനം അല്ലാഹുവിന് മാത്രമാണ്. അല്ലാഹു പറയുന്നു:

“താനല്ലാതെ യാതൊരു ആരാധ്യനുമില്ലാത്തവനായ അല്ലാഹുവാണവൻ. അദൃശ്യവും ദൃശ്യവും അറിയുന്നവനാകുന്നു അവൻ. അവൻ പരമകാരുണികനും കരുണാനിധിയുമാകുന്നു’’ (അൽഹശ്ർ: 22).

സാങ്കൽപിക ലോകത്തെ കുറിച്ചുള്ള അറിവ്

നാം ഒരു കളിപ്പാട്ടമോ മറ്റെന്തെങ്കിലും ഒരുപകരണമോ ഉണ്ടാക്കുകയാണെങ്കിൽ, അത് ആസൂത്രണം ചെയ്യുകയും അതിന്റെ പ്രവർത്തന രീതിയെ കുറിച്ച് പ്രവചിക്കാൻ ശ്രമിക്കുകയും ചെയ്യും. പലപ്പോഴും നമ്മുടെ പ്രവചനം യാഥാർഥ്യവുമായി പൊരുത്തപ്പെടുകയില്ല. അപ്പോൾ നാം ഉണ്ടാക്കിയതിൽ ഭേദഗതി വരുത്താൻ നിർബന്ധിതനാകും. അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം അങ്ങനെയില്ല! നിലവിലില്ലാത്ത ഒരു വസ്തു, താൻ സൃഷ്ടിക്കുകയാണെങ്കിൽ, അതെങ്ങനെയുണ്ടാകുമെന്നതിനെ കുറിച്ച് അല്ലാഹുവിന് കൃത്യമായി അറിയാം.

ഉദാഹരണത്തിന്, രണ്ടാമതൊരവസരം കൂടി ഈ ജീവിതത്തിൽ നൽകുകയാണെങ്കിൽ നല്ലത് പ്രവർത്തിക്കുമെന്ന് അവിശ്വാസികൾ പരലോകത്തുവെച്ച് വാദിക്കും. എന്നാൽ, അവർ കള്ളം പറയുകയാ ണെന്നും അവരെ ഈ ജീവിതത്തിലേക്കുതന്നെ തിരിച്ചയക്കുകയാണെങ്കിൽ അവർ തങ്ങളുടെ അവിശ്വാസത്തിലേക്കും ദുഷ്ടതയിലേക്കും മടങ്ങുമെന്നും അല്ലാഹുവിന്നറിയാം. അല്ലാഹു പറയുന്നു:

“അല്ല; അവർ മുമ്പ് മറച്ചുവെച്ചുകൊണ്ടിരുന്നത് (ഇപ്പോൾ) അവർക്ക് വെളിപ്പെട്ടിരിക്കുന്നു. തിരിച്ചയക്ക പ്പെട്ടാൽ തന്നെയും അവർ എന്തിൽ നിന്നൊക്കെ വിലക്കപ്പെട്ടുവോ അതിലേക്കുതന്നെ അവർ മടങ്ങിപ്പോ കുന്നതാണ്. തീർച്ചയായും അവർ കള്ളം പറയുന്നവരാകുന്നു’’ (അൽഅൻആം: 28).

മറ്റൊരുദാഹരണം: മാർഗദർശനം കേട്ടുകഴിഞ്ഞാൽ അവിശ്വാസികളിൽനിന്നുണ്ടാകാൻ സാധ്യതയുള്ള പ്രതികരണവും അല്ലാഹുവിന്നറിയാം: “അവരിൽ വല്ല നന്മയുമുള്ളതായി അല്ലാഹു അറിഞ്ഞിരുന്നുവെങ്കിൽ അവരെ അവൻ കേൾപ്പിക്കുക തന്നെ ചെയ്യുമായിരുന്നു. അവരെ അവൻ കേൾപിച്ചിരുന്നെങ്കിൽ തന്നെ അവർ അവഗണിച്ചുകൊണ്ട് തിരിഞ്ഞുകളയുമായിരുന്നു’’ (അൽഅൻഫാൽ: 23).

2. അല്ലാഹുവിന്റെ പരിപൂർണ രേഖ

വിധിവിശ്വാസത്തിലെ രണ്ടാമത്തെ അനിവാര്യ ഘടകം, അന്ത്യനാൾവരെ സംഭവിക്കാനിരിക്കുന്ന എല്ലാ കാര്യങ്ങളും ‘ലൗഹുൽ മഹ്ഫൂദ്വി’ൽ (സംരക്ഷിതഫലകം) അല്ലാഹു രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് വിശ്വസിക്കലാണ്.

സംരക്ഷിത ഫലകം (ലൗഹുൽ മഹ്ഫൂദ്വ്)

ആകാശങ്ങളിലുള്ള വിജ്ഞാനത്തിന്റെ മഹത്തായ ഒരു രേഖയാണ് ‘ലൗഹുൽ മഹ്ഫൂള്.’ പ്രപഞ്ചത്തിൽ നടക്കാനിരിക്കുന്ന എല്ലാ കാര്യങ്ങളും, അതോടൊപ്പം തന്റെ പ്രവാചകന്മാർക്ക് അവതരിപ്പിക്കാനിരിക്കുന്ന എല്ലാ വേദഗ്രന്ഥങ്ങളും അല്ലാഹു അതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

‘ലൗഹുൽ മഹ്ഫൂദ്വ്’ എന്നത് വെള്ളികൊണ്ടോ സ്വർണംകൊണ്ടോ ആഭരണങ്ങൾ കൊണ്ടോ മറ്റു വല്ല വിലപിടിപ്പുള്ള വസ്തുകൊണ്ടോ നിർമിച്ചതാണോ? ഇത്തരം ചോദ്യങ്ങൾക്ക് മറുപടി പറയാൻ നമുക്ക് അവകാശമില്ല. കാരണം പ്രാമാണിക ഗ്രന്ഥങ്ങളിലൂടെ അതിനെക്കുറിച്ചുള്ള അറിവ് നമുക്ക് നൽകപ്പെട്ടിട്ടില്ല.

‘ലൗഹ്’ എന്നാൽ ‘ഫലകം’ എന്നും ‘മഹ്ഫൂദ്വ്’ എന്നാൽ ‘സംരക്ഷിക്കപ്പെട്ടത്’ എന്നുമാണർഥം. അതിനാൽ ‘ലൗഹുൽ മഹ്ഫൂദ്വ്’ എന്നാൽ അല്ലാഹുവിങ്കൽ ഭദ്രമായി സൂക്ഷിക്കപ്പെട്ട ഒരു ഫലകം. ക്വുർആനിൽ വിവിധ പേരുകളിലായി അതിനെ സൂചിപ്പിക്കുന്നുണ്ട്.

1. അല്ലൗഹുൽ മഹ്ഫൂള് (സംരക്ഷിത ഫലകം):

“അല്ല, അത് മഹത്ത്വമേറിയ ഒരു ക്വുർആനാകുന്നു. സംരക്ഷിതമായ ഒരു ഫലകത്തിലാണ് അതുള്ളത്’’ (അൽബുറൂജ്: 21-22).

2. അൽകിതാബ് (ഗ്രന്ഥം അഥവാ രേഖ):

“ആകാശത്തിലും ഭൂമിയിലുമുള്ളത് അല്ലാഹു അറിയുന്നുണ്ടെന്ന് നിനക്ക് അറിഞ്ഞുകൂടേ? തീർച്ചയായും അത് ഒരു രേഖയിലുണ്ട്. തീർച്ചയായും അത് അല്ലാഹുവിന് എളുപ്പമുള്ള കാര്യമത്രെ’ (അൽഹജ്ജ്: 10).

3. ഇമാമുൻ മുബീൻ (വ്യക്തമായ രേഖ):

“അവർ ചെയ്തുവെച്ചതും അവരുടെ (പ്രവർത്തനങ്ങളുടെ) അനന്തരഫലങ്ങളും നാം എഴുതിവെക്കുകയും ചെയ്യുന്നു. എല്ലാ കാര്യങ്ങളും വ്യക്തമായ ഒരു രേഖയിൽ നാം നിജപ്പെടുത്തിവെച്ചിരിക്കുന്നു’’ (യാസീൻ:12).

4. കിതാബുൻ മസ്തൂർ (എഴുതപ്പെട്ട ഗ്രന്ഥം അല്ലെങ്കിൽ രേഖ):

“ത്വൂർ പർവതം തന്നെയാണെ, സത്യം! എഴുതപ്പെട്ട ഗ്രന്ഥം തന്നെയാണ, സത്യം. നിവർത്തിവെച്ച തുകലിൽ’’ (സൂറതുത്ത്വൂർ: 1-3).

5. ഉമ്മുൽ കിതാബ് (മൂലഗ്രന്ഥം):

“തീർച്ചയായും അത് മൂലഗ്രന്ഥത്തിൽ നമ്മുടെ അടുക്കൽ (സൂക്ഷിക്കപ്പെട്ടതത്രെ). അത് ഉന്നതവും വിജ്ഞാനസമ്പന്നവും തന്നെയാകുന്നു’’ (അസ്സുഖ്‌റുഫ്: 4).

6. അദ്ദിക്ർ (ഉൽബോധനം)

“ഭൂമിയുടെ അനന്തരാവകാശമെടുക്കുന്നത് എന്റെ സദ്‌വൃത്തരായ ദാസൻമാരായിരിക്കും എന്ന് ഉൽബോധനത്തിന് ശേഷം നാം സബൂറിൽ രേഖപ്പെടുത്തിയിട്ടുണ്ട്’’ (അൽഅമ്പിയാഅ്: 105).

(തുടരും)