ഇഖ്‌വാനുൽ മുസ്‌ലിമൂൻ: മതത്തിന്റെ പരിവേഷമണിഞ്ഞ അപകടം

മുഹമ്മദ് അമീൻ

2025 ഡിസംബർ 13, 1447 ജമാദുൽ ആഖിർ 22

മതത്തിന്റെ പരിവേഷമണിഞ്ഞെത്തുന്ന അപകടങ്ങളെയാണ് നാം ഏറ്റവും കൂടുതൽ ഭയപ്പെടേണ്ടത്. ലോകമെമ്പാടുമുള്ള മുസ്‌ലിം സമൂഹങ്ങളിൽ, പ്രത്യേകിച്ച് അറബ് ലോകത്ത്, കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി അശാന്തിയുടെയും കലാപങ്ങളുടെയും വിത്തുകൾ പാകിയതിൽ ‘അൽഇഖ്‌വാനുൽ മുസ്‌ലിമൂൻ’ എന്ന സംഘടനയ്ക്കുള്ള പങ്ക് ചെറുതല്ല. എന്തുകൊണ്ടാണ് തൗഹീദിന്റെ കോട്ടയായ സൗദി അറേബ്യ ഈ സംഘടനയെ നിരോധിച്ചത്? ഇത് കേവലമൊരു രാഷ്ട്രീയ തീരുമാനമായിരുന്നില്ല; മറിച്ച്, ഇസ്‌ലാമിക അക്വീദയെയും (വിശ്വാസം) മുസ്‌ലിം സമുദായത്തെയും കാർന്നുതിന്നുന്ന അർബുദത്തിനെതിരെയുള്ള അനിവാര്യമായ ചികിത്സയായിരുന്നു.

ഈ യാഥാർഥ്യങ്ങളെ സാക്ഷ്യപ്പെടുത്തുന്നതാണ് മുൻ ഇഖ്‌വാനി പ്രവർത്തകനായിരുന്ന ഖാലിദ് ഥാമിർ അൽസുബയീയുടെ വെളിപ്പെടുത്തലുകൾ. ഹിജ്‌റ 1401 (ക്രി.1981). അന്ന് പത്താം ക്ലാസ് വിദ്യാർഥി മാത്രമായിരുന്ന ഖാലിദ് അൽസുബയീയുടെ ഓർമകളിലൂടെയാണ് ഈ ചരിത്രം ചുരുളഴിയുന്നത്. ഈജിപ്ഷ്യൻ പ്രസിഡന്റ് അൻവർ സാദത്ത് കൊല്ലപ്പെട്ടപ്പോൾ താനും കൂടെയുള്ള യുവാക്കളും സന്തോഷിച്ച കാര്യം അദ്ദേഹം അനുസ്മരിക്കുന്നു. കാരണം, അദ്ദേഹം ഇസ്‌ലാമിന്റെ ശത്രുവാണെന്നായിരുന്നു ആ കൗമാരക്കാരുടെ മനസ്സിൽ അവർ കുത്തിവെച്ചിരുന്നത്.

‘സഹ്‌വ’ (ഉണർവ്) പ്രസ്ഥാനം എന്ന പേരിൽ അറിയപ്പെട്ട ഇഖ്‌വാനി-സുറൂറി ചിന്താധാരയിലേക്കുള്ള അദ്ദേഹത്തിന്റെ പ്രയാണം അവിടെ നിന്നാണ് തുടങ്ങുന്നത്. പള്ളികളിൽ വെച്ചാണ് അവർ ഇരകളെ കണ്ടെത്തിയിരുന്നത്. നമസ്‌കാരത്തിൽ കൃത്യത പാലിക്കുന്ന, നല്ല സ്വഭാവമുള്ള കുട്ടികളെ സമീപിച്ച് ‘ഇന്ന് നമുക്കൊരു ബീച്ച് ട്രിപ്പുണ്ട്, കൂടെ വരുന്നോ’ എന്ന സ്‌നേഹപൂർണമായ ക്ഷണം. 1981 കാലഘട്ടത്തിൽ ഫുട്‌ബോൾ കളിക്കുകയും പാട്ടുപാടുകയും രാത്രിയിൽ ക്യാമ്പ് ഫയർ നടത്തുകയും ചെയ്യുന്ന, താടിയുള്ള ‘മതഭക്തരെ’ കാണുന്നത് ആ യുവാക്കൾക്ക് അത്ഭുതമായിരുന്നു. ആ ആകർഷണീയതയിൽനിന്ന് തുടങ്ങി, കിംഗ് ഫഹദ് യൂണിവേഴ്‌സിറ്റി ഓഫ് പെട്രോളിയം ആൻഡ് മിനറൽസിലെ (KFUPM) ഉന്നതരായ അധ്യാപകരിലേക്കും ഡീനുകളിലേക്കുംവരെ ആ ബന്ധം വളർന്നു. സയൻസും കണക്കും പഠിപ്പിച്ചുതരുന്ന അധ്യാപകർ എന്ന വ്യാജേന അവർ വിദ്യാർഥികളെ സ്വാധീനിച്ചു. തുടക്കത്തിൽതന്നെ അവർ നൽകിയ ഉപദേശം ഇതായിരുന്നു: ‘നിന്റെ ഈ പ്രവർത്തനം അല്ലാഹുവിൽ മാത്രം സമർപ്പിക്കപ്പെട്ടതാകാൻ, നീ ഇക്കാര്യം നിന്റെ ഉപ്പയോടോ ഉമ്മയോടോ സഹോദരങ്ങളോടോ പറയരുത്.’ ദീൻ പഠിക്കാൻ പോകുന്ന കാര്യം മാതാപിതാക്കളിൽനിന്ന് മറച്ചുവെക്കണമെന്ന് പറയുന്നതിലെ അപകടം ആ കൗമാരക്കാർ തിരിച്ചറിഞ്ഞില്ല. ക്വുർആൻ തഫ്‌സീറിലും സീറയിലും തുടങ്ങിയ പഠനം പതുക്കെ വഴിമാറി. യൂസുഫുൽ ഖറദാവിയുടെയും മുസ്തഫ മശ്ഹൂറിന്റെയും മുഹമ്മദ് ഖുതുബിന്റെയും പുസ്തകങ്ങളിലേക്കും കാസറ്റുകളിലേക്കും അവർ കുട്ടികളെ കൊണ്ടുപോയി.

ഒടുവിൽ, ‘സാദിഖ് അമീൻ’ (അബ്ദുല്ല അസ്സാം) എഴുതിയ പുസ്തകം പഠിപ്പിക്കപ്പെടുന്നതോടെ ഒരു ഭീകരവാദിയുടെ മനസ്സ് പാകപ്പെടുന്നു. ‘ഇന്നത്തെ സമൂഹം ജാഹിലിയ്യത്തിലാണ് (അവിശ്വാസത്തിലാണ്). ഭരണാധികാരികൾ അല്ലാഹുവിന്റെ നിയമം നടപ്പിലാക്കാത്തവരാണ്. അതിനാൽ അവരുമായുള്ള ഏറ്റുമുട്ടൽ അനിവാര്യമാണ്’-ഇതായിരുന്നു ആ പുസ്തകത്തിന്റെ സാരം.

1987ഓടെ ഔദ്യോഗികമായി സംഘടനയിൽ ചേർന്ന അദ്ദേഹം, പിന്നീട് പത്ത് പേരുടെ ഉത്തരവാദിത്ത മുള്ള ‘നഖീബ്’ എന്ന സ്ഥാനത്തേക്ക് ഉയർന്നു. കുവൈത്തിനെ ഇറാഖ് ആക്രമിച്ച യുദ്ധകാലത്ത്, ഇറാഖിനെതിരെ നിൽക്കുന്ന സൗദി നിലപാടിനെ എതിർക്കാനും ജനങ്ങളെ ഇളക്കിവിടാനും മുകളിൽ നിന്ന് (ഇന്റർനാഷണൽ ഓർഗനൈസേഷനിൽനിന്ന്) കൃത്യമായ നിർദേശങ്ങൾ ലഭിച്ചിരുന്നതായി അദ്ദേഹം വെളിപ്പെടുത്തുന്നു.

സർവകലാശാലകളിൽ ‘ജവ്വാല’ എന്ന പേരിലായിരുന്നു ഇവർ പ്രവർത്തിച്ചിരുന്നത്. പുറമെ സ്‌കൗട്ട് ക്യാമ്പുകൾ; എന്നാൽ അകത്ത് നടക്കുന്നത് ഇഖ്‌വാനി കേഡർമാർക്കുള്ള പരിശീലനമായിരുന്നു. ഖൈറത്ത് അൽഷാത്വിറിനെ (ഈജിപ്ഷ്യൻ ഇഖ്‌വാനി നേതാവ്) പോലുള്ളവർ വരെ സൗദിയിലെത്തി ഇത്തരം ക്യാമ്പുകളിൽ പങ്കെടുത്തിട്ടുണ്ടെന്ന് അൽസുബയീ സാക്ഷ്യപ്പെടുത്തുന്നു. ഇത് കേവലം ഒരാളുടെ അനുഭവമല്ല, മറിച്ച് സൗദി അറേബ്യയെ തകർക്കാൻ ശ്രമിച്ച ഒരു വലിയ ശൃംഖലയുടെ നേർചിത്രമാണ്. ഈ വസ്തുതകൾ മുൻനിർത്തിയാണ്, സൗദി അറേബ്യയിലെ പണ്ഡിതനും The General Presidency for the Promotion of Virtue and Prevention of Vice ഉപദേഷ്ടാവുമായ ശൈഖ് ഹമദ് അൽഅതീഖ് ‘ഇഅ്തിദാൽ’ ചാനലിലൂടെ നടത്തിയ ചരിത്രപ്രസിദ്ധമായ വെളിപ്പെടുത്തലുകളെ അടിസ്ഥാനമാക്കിയുള്ള ഈ ലേഖന പരമ്പര പ്രസക്തമാകുന്നത്. ചരിത്രരേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ ഇഖ്‌വാനുൽ മുസ്‌ലിമൂന്റെ സൗദിയിലെ ചരിത്രവും ഗൂഢനീക്കങ്ങളും നാം ഇതിലൂടെ പരിശോധിക്കുകയാണ്.

എന്തുകൊണ്ട് ഇഖ്‌വാനുൽ മുസ്‌ലിമൂനെക്കുറിച്ച് സംസാരിക്കണം?

ഇന്നത്തെ സാഹചര്യത്തിൽ ഇഖ്‌വാനിസത്തെക്കുറിച്ച് സംസാരിക്കുന്നത് സമയം പാഴാക്കലല്ലേ എന്ന് ചോദിക്കുന്നവരുണ്ട്. ഇതിന് ശൈഖ് ഹമദ് അൽഅതീഖ് നൽകുന്ന മറുപടി വളരെ ചിന്തനീയമാണ്. ‘കൊറോണ വൈറസ് പടർന്നുപിടിച്ചപ്പോൾ ലോകം മുഴുവൻ അതിനെക്കുറിച്ച് മാത്രം സംസാരിച്ചു. കാരണം, ആ പ്രശ്‌നത്തിന്റെ വലിപ്പവും അപകടവും അത്രത്തോളമായിരുന്നു. അതുപോലെയാണ് ഇഖ്വാനുൽ മുസ്‌ലിമൂനും. കഴിഞ്ഞ 90-100 വർഷമായി ഇസ്‌ലാമിക ലോകത്തെ, വിശിഷ്യാ അറബ് ലോകത്തെ ഗ്രസിച്ചിരിക്കുന്ന ഒരു മഹാമാരിയാണത്.’

2011ൽ അറബ് ലോകത്ത് വീശിയടിച്ച ‘അറബ് വസന്തം’ (Arab Spring) എന്ന് വിളിക്കപ്പെട്ട കലാപങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചത് ഈ സംഘടനയായിരുന്നു. ഭരണം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ അവർ നടത്തിയ നീക്കങ്ങൾ പല രാജ്യങ്ങളെയും അരാജകത്വത്തിലേക്കാണ് തള്ളിവിട്ടത്. അല്ലാഹുവിന്റെ അനുഗ്രഹത്താൽ, ഈ ‘വസന്തം’ കടന്നുചെല്ലാത്ത രാജ്യങ്ങൾ ഇന്നും സുരക്ഷിതമായി നിലകൊള്ളുന്നു. എന്നാൽ അവരുടെ വലയിൽ വീണ രാജ്യങ്ങളുടെ ഇന്നത്തെ അവസ്ഥ എന്താണെന്ന് ചിന്തിക്കുന്ന ഏതൊരാൾക്കും ഈ സംഘടനയുടെ അപകടം ബോധ്യപ്പെടും.

ചരിത്രപരമായ പശ്ചാത്തലം: വേരുകൾ തേടി

ഉസ്മാനിയ ഖിലാഫത്തിന്റെ തകർച്ചയ്ക്കും പാശ്ചാത്യശക്തികളുടെ ഉയർച്ചയ്ക്കും ശേഷം മുസ്‌ലിം ലോകത്ത് ഉടലെടുത്ത അപകർഷതാബോധത്തെ മുതലെടുത്താണ് പല പ്രസ്ഥാനങ്ങളും കടന്നുവന്നത്. അങ്ങനെയാണ് 1928ൽ ഈജിപ്തിൽ ഇഖ്‌വാനുൽ മുസ്‌ലിമൂന് രൂപം നൽകുന്നത്.

ശൈഖ് ഹമദ് അൽ അതീഖ് ചൂണ്ടിക്കാണിക്കുന്ന സുപ്രധാനമായ ഒരു വസ്തുതയുണ്ട്: ‘ഹസനുൽ ബന്ന വളർന്നുവന്നത് ഒരു സ്വൂഫി പശ്ചാത്തലത്തിലാണ്. ഹസ്സാഫിയ്യ ശാദുലിയ്യ എന്ന സ്വൂഫി ത്വരീഖത്തിന്റെ അനുയായിയായിരുന്നു അദ്ദേഹം. നബിﷺയുടെ ചര്യക്ക് വിരുദ്ധമായ പല അനാചാരങ്ങളും ഇവർക്കിടയിലുണ്ടായിരുന്നു. ഈ സ്വൂഫി ത്വരീഖത്തിൽനിന്ന് കടമെടുത്തതാണ് ഇഖ്‌വാനികൾ തങ്ങളുടെ നേതാക്കന്മാർക്ക് നൽകുന്ന ‘ബൈഅത്ത്’ (പ്രതിജ്ഞ) എന്ന സമ്പ്രദായം. ശൈഖിന് മുമ്പിൽ മുരീദ് (ശിഷ്യൻ) കീഴടങ്ങുന്നതുപോലെ, സംഘടനാ നേതൃത്വത്തിന് മുമ്പിൽ അണികൾ പൂർണമായി അടിയറവ് പറയുന്ന രീതി ബന്ന തന്റെ സംഘടനയിലേക്ക് പകർത്തി.’

‘ഹസ്സാഫിയ്യ ചാരിറ്റി’ എന്ന പേരിൽ തുടങ്ങിയെങ്കിലും പിന്നീട് അഹ്‌മദ് അസ്സുക്കരിയുമായി ചേർന്ന് ഇസ്മാഈലിയ്യയിൽ വെച്ച് ഇഖ്‌വാനുൽ മുസ്‌ലിമൂൻ എന്ന പേരിൽ രാഷ്ട്രീയ രൂപം പ്രാപിക്കുകയായിരുന്നു. ദഅ്‌വത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ആഗ്രഹിച്ച സുക്കരിയെ പുറത്താക്കി, 1947ഓടെ ഹസനുൽ ബന്ന സംഘടനയുടെ പൂർണ നിയന്ത്രണം ഏറ്റെടുക്കുകയും, ‘അൽജിഹാസുൽ ഖാസ്’ (The Special Apparatus) എന്ന പേരിൽ ഒരു രഹസ്യ സൈനിക വിഭാഗം രൂപീകരിക്കുകയും ചെയ്തു.

ഇഖ്‌വാനിസത്തിന്റെ ഘടന: പല രൂപങ്ങൾ, ഒരേ ലക്ഷ്യം

പലപ്പോഴും ആളുകൾ ചോദിക്കാറുണ്ട്, ഇഖ്‌വാനികൾക്കിടയിൽ തന്നെ പല വിഭാഗങ്ങളില്ലേ? ‘ബന്നാവിയ്യുകൾ,’ ‘ഖുതുബിയ്യുകൾ’ എന്നിങ്ങനെ?

ശൈഖ് ഹമദ് അൽഅതീഖ് ഇതിനൊരു ഉദാഹരണം നൽകുന്നു: “ഇഖ്‌വാനുൽ മുസ്‌ലിമൂൻ എന്നത് ഒരു മാവ് പോലെയാണ്. അത് ഏത് അച്ചിലിട്ടാലും ആ രൂപം സ്വീകരിക്കും. ചതുരത്തിലുള്ള അച്ചിലിട്ടാൽ ചതുരമായും വട്ടത്തിലാണെങ്കിൽ വട്ടത്തിലും അത് കാണപ്പെടും. എന്നാൽ അതിന്റെ അടിസ്ഥാനം (മെറ്റീരിയൽ) ഒന്നുതന്നെയാണ്. ടുണീഷ്യയിൽ ‘അന്നഹ്ദ’ എന്ന പേരിൽ ലിബറലുകളായി അവർ വരുന്നു. മറ്റൊരിടത്ത് തീവ്രവാദികളായി വരുന്നു. സൗദി അറേബ്യയിൽ സലഫി വേഷത്തിൽ വരുന്നു. എന്നാൽ ഇവരെല്ലാവരും അടിസ്ഥാനപരമായി ഒന്നാണ്.’’

ഇവരെ ഒന്നിപ്പിക്കുന്ന ഘടകങ്ങൾ നാലാണ്:

1. ലക്ഷ്യം: അധികാരം പിടിച്ചെടുക്കുക (ഖിലാഫത്ത് സ്ഥാപിക്കുക എന്ന പേരിൽ).

2. പ്രതീകങ്ങൾ: ഹസനുൽ ബന്ന, സയ്യിദ് ഖുതുബ് തുടങ്ങിയ നേതാക്കളെ ആര് വിമർശിച്ചാലും അവർ സഹിക്കില്ല.

3. സ്രോതസ്സുകൾ: ‘ഫീ ദിലാലിൽ ക്വുർആൻ,’ ‘വഴിയടയാളങ്ങൾ’ തുടങ്ങിയ ഗ്രന്ഥങ്ങൾ.

4. മാർഗങ്ങൾ: വിപ്ലവങ്ങൾ, അട്ടിമറികൾ, രഹസ്യ നീക്കങ്ങൾ.

സയ്യിദ് ഖുതുബ് എന്ന വ്യക്തി സംഘടനയിൽ ചേരുന്നത് 1953ലാണ്. അതിനുമുമ്പ് അദ്ദേഹം മേസണിക് പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടിരുന്നു എന്ന് ചരിത്രം പറയുന്നു. സമൂഹത്തെ മൊത്തത്തിൽ ‘ജാഹിലിയ്യത്ത്’ (അവിശ്വാസം) എന്ന് മുദ്രകുത്തുന്ന ‘തക്ഫീർ’ ചിന്താഗതി ഇഖ്‌വാനിലേക്ക് കൊണ്ടുവന്നത് ഖുതുബാണ്.

സൗദി അറേബ്യയിലേക്കുള്ള നുഴഞ്ഞുകയറ്റം

ഇഖ്‌വാനികൾ സൗദി അറേബ്യയിൽ ഒരു സംഘടനയായി പ്രവർത്തിച്ചിട്ടില്ലെന്നും കേവലം ഒരു ചിന്താധാര മാത്രമായിരുന്നുവെന്നും ചിലർ വാദിക്കാറുണ്ട്. എന്നാൽ ശൈഖ് ഹമദ് അൽഅതീഖ് ഇതിനെ ശക്തമായി ഖണ്ഡിക്കുന്നു:

“അവർക്ക് സൗദിയിൽ കൃത്യമായ സംഘടനാ സംവിധാനം ഉണ്ടായിരുന്നു എന്നതിന് അവരുടെ തന്നെ ഉന്നത നേതാക്കളുടെ കുറ്റസമ്മതങ്ങൾ തെളിവാണ്. ‘അലി അഷ്മാവി’ തന്റെ ചരിത്രക്കുറിപ്പുകളിൽ വ്യക്തമാക്കുന്നത് സൗദിയിലെ ഇഖ്‌വാനികളുടെ ഉത്തരവാദിത്തം മന്നാഅ് അൽഖത്താൻ എന്ന വ്യക്തിക്കായിരുന്നു എന്നാണ്. സയ്യിദ് ഖുതുബ് തന്നെ സൗദിയിലെ ഇഖ്‌വാനികളുടെ സംഘാടന മികവിനെ പ്രശംസിച്ചിട്ടുണ്ട്.’’

കൂടാതെ, സൗദി അറേബ്യയുടെ ആഭ്യന്തര മന്ത്രിയായിരുന്ന അമീർ നായിഫ് ബിൻ അബ്ദുൽ അസീസ്, വിദേശകാര്യ മന്ത്രിയായിരുന്ന അമീർ സഊദ് അൽഫൈസൽ എന്നിവർ ഇഖ്‌വാനികൾ സൗദിയിൽ രഹസ്യമായി പ്രവർത്തിക്കുകയും ഭരണകൂടത്തെ വഞ്ചിക്കുകയും ചെയ്തതിനെക്കുറിച്ച് പരസ്യമായി പ്രസ്താവിച്ചിട്ടുണ്ട്.

എങ്ങനെയാണ് അവർ സൗദിയിൽ പ്രവേശിച്ചത്?

1937ലോ 38ലോ ഹസനുൽ ബന്ന ഹജ്ജിനായി മക്കയിലെത്തിയപ്പോൾ അബ്ദുൽ അസീസ് രാജാവിനെ കണ്ട് സൗദിയിൽ ഒരു ശാഖ തുടങ്ങാൻ അനുമതി ചോദിച്ചു. എന്നാൽ ദീർഘവീക്ഷണമുള്ള രാജാവ് അത് നിരസിച്ചുകൊണ്ട് പറഞ്ഞു: ‘നാം എല്ലാവരും സഹോദരങ്ങളാണ് (ഇഖ്‌വാനുകൾ), നമ്മളെല്ലാവരും മുസ്‌ലിംകളാണ്.’

എന്നാൽ, 1954ൽ ഈജിപ്തിൽ ജമാൽ അബ്ദുന്നാസിർ ഇഖ്‌വാനികളെ വേട്ടയാടാൻ തുടങ്ങിയപ്പോൾ, അവർ അഭയം തേടി സൗദി അറേബ്യയിലെത്തി. അല്ലാഹുവിന്റെ വചനം ഉയർത്തിപ്പിടിക്കുന്ന രാജ്യമെന്ന നിലയിൽ സൗദി അവരെ ഇരുകൈയും നീട്ടി സ്വീകരിച്ചു. എന്നാൽ അമീർ സഊദ് അൽഫൈസൽ പറഞ്ഞതുപോലെ, ‘നാം അവർക്ക് അഭയം നൽകി, എന്നാൽ അവർ നമുക്കെതിരെ തിരിഞ്ഞു. അവർ നമ്മുടെ വിദ്യാഭ്യാസ മേഖലയിലും സമൂഹത്തിലും നുഴഞ്ഞുകയറി.’

സൗദിയെ ലക്ഷ്യം വെക്കുന്നതിന് പിന്നിലെ കാരണങ്ങൾ

ശൈഖ് ഹമദ് അൽഅതീഖ് വിശദീകരിക്കുന്നു: “ഇഖ്‌വാനികൾ സൗദിയെ പ്രധാന ലക്ഷ്യമാക്കാൻ നാല് കാരണങ്ങളുണ്ട്:

1. ഇഖ്‌വാനി സിദ്ധാന്തത്തിന് ഭീഷണി: ‘ഭൂമിയിൽ അല്ലാഹുവിന്റെ ശരീഅത്ത് വിധിക്കുന്ന ഒരു ഭരണകൂടവും നിലവിലില്ല’ എന്നതാണ് ഇഖ്‌വാനികളുടെയും സയ്യിദ് ഖുതുബിന്റെയും വാദം. എന്നാൽ തൗഹീദും സുന്നത്തും മുറുകെപ്പിടിച്ച് ഭരിക്കുന്ന സൗദി അറേബ്യയുടെ നിലനിൽപ്പ് അവരുടെ ഈ വാദത്തിന് തിരിച്ചടിയാണ്. അതിനാൽ ഈ മാതൃകയെ തകർക്കേണ്ടത് അവരുടെ ആവശ്യമാണ്.

2. മതവികാരം: സൗദി ജനതയ്ക്ക് മതത്തോടുള്ള അതിയായ സ്‌നേഹത്തെ മുതലെടുക്കാൻ അവർ ആഗ്രഹിച്ചു.

3. ഹറമുകൾ: ഇരു ഹറമുകളുടെയും (മക്ക, മദീന) സംരക്ഷകർ എന്ന പദവി ആഗ്രഹിക്കാത്തവരില്ല. ഇസ്‌ലാമിക ലോകത്തെ നയിക്കാൻ ഈ പദവി അത്യാവശ്യമാണെന്ന് അവർക്കറിയാം.

4. പണ്ഡിതന്മാരുടെ സ്വാധീനം: സൗദിയിലെ സലഫി പണ്ഡിതന്മാർക്ക് മുസ്‌ലിം ലോകത്തുള്ള സ്വാധീനം വളരെ വലുതാണ്. അത് പിടിച്ചെടുക്കാൻ അവർ ആഗ്രഹിച്ചു.

നുഴഞ്ഞുകയറ്റത്തിന്റെ രീതികൾ

സൗദി സമൂഹത്തെ കൈപ്പിടിയിലൊതുക്കാൻ അവർ രണ്ട് തന്ത്രങ്ങൾ പ്രയോഗിച്ചു:

1. ഇസാല (നീക്കം ചെയ്യൽ/തഖ്‌ലിയ): തങ്ങൾക്ക് ഭീഷണിയായവരെ വ്യക്തിഹത്യ നടത്തുക. ഉദാഹരണത്തിന്, അമീർ ഖാലിദ് അൽ ഫൈസലിനെ അവർ ‘ലിബറൽ’ എന്നും ‘മതവിരുദ്ധൻ’ എന്നും മുദ്രകുത്തി ആക്രമിച്ചു. കാരണം അദ്ദേഹം തീവ്രവാദത്തെയും അധാർമികതയെയും ഒരുപോലെ എതിർത്തിരുന്നു. മഹാനായ പണ്ഡിതൻ ശൈഖ് ഇബ്‌നു ബാസിനെ അവർ ‘കൊട്ടാര പണ്ഡിതൻ’ എന്നും ‘കാഴ്ചയില്ലാത്തതിനാൽ ലോകവിവരം അറിയാത്തയാൾ’ എന്നും പറഞ്ഞ് പരിഹസിച്ചു. അദ്ദേഹത്തിന്റെ ഫത്‌വകൾക്ക് വിലയില്ലാതാക്കാൻ അവർ ശ്രമിച്ചു.

2. ഇഹ്‌ലാൽ (പകരം വെക്കൽ/തഹ്‌ലിയ): യഥാർഥ പണ്ഡിതന്മാരെ മാറ്റിനിർത്തി, സയ്യിദ് ഖുതുബിനെയും മുഹമ്മദ് സുറൂറിനെയും പോലുള്ള തങ്ങളുടെ നേതാക്കന്മാരെ ‘നവോത്ഥാന നായകരായി’ അവതരിപ്പിച്ചു.

ഇഖ്‌വാനി സേവകർ മൂന്ന് തരമാണ്:

1. സംഘടനാപരമായുള്ളവർ: ഔദ്യോഗികമായി ബൈഅത്ത് ചെയ്ത് സംഘടനയിൽ ചേർന്നവർ.

2. ചിന്താപരമായുള്ളവർ: ബൈഅത്ത് ചെയ്തിട്ടില്ലെങ്കിലും ഇഖ്‌വാനി ആശയങ്ങൾ (സുറൂറിസം പോലുള്ളവ) പേറുന്നവർ. ‘ഞാൻ ഇഖ്‌വാനിയല്ല, സലഫിയ്യ ഹറകിയ്യ ആണ്’ എന്ന് പറയുന്നവർ യഥാർഥത്തിൽ ഇഖ്‌വാനികൾ തന്നെയാണ്.

3. സഹായികൾ: ഇവരൊന്നുമല്ലെങ്കിലും ഇഖ്‌വാനികളുടെ പ്രലോഭനങ്ങളിൽ വീണ് അവർക്ക് വേണ്ടി പണിയെടുക്കുന്നവർ.

മതത്തിന്റെ പരിവേഷമണിഞ്ഞ് സൗദി അറേബ്യയിൽ നുഴഞ്ഞുകയറിയ ഇഖ്‌വാനുൽ മുസ്‌ലിമൂൻ, രാജ്യത്തിന്റെ അടിത്തറയിളക്കാൻ നടത്തിയ ഗൂഢനീക്കങ്ങളുടെ ഒരു ആമുഖം മാത്രമാണിത്. വരാനിരിക്കുന്ന ഭാഗങ്ങളിൽ, സൗദിയിലെ വിദ്യാഭ്യാസ മേഖലയെ അവർ എങ്ങനെ കൈയടക്കിയെന്നതിനെക്കുറിച്ചും ‘സഹ്‌വ’ പ്രസ്ഥാനം എന്ന പേരിൽ ഇവർ നടത്തിയ അട്ടിമറി ശ്രമങ്ങളെക്കുറിച്ചും ഗൾഫ് യുദ്ധകാലത്തെ ഇവരുടെ വഞ്ചനാപരമായ നിലപാടുകളെക്കുറിച്ചും നമുക്ക് വിശദമായി പരിശോധിക്കാം - ഇൻ ശാ അല്ലാഹ്.

(തുടരും)