സംഭാഷണങ്ങളിലെമാനസിക ഭാവങ്ങൾ

ഡോ. ടി. കെ. യൂസുഫ്

2025 ജൂലൈ 19, 1447 മുഹറം 23

(ക്വുർആൻ കഥകളിലെ ദൃഷ്ടാന്തങ്ങൾ 4)

ക്വുർആനിലെ ധാരാളം കഥകൾ സംഭാഷണ രൂപത്തിലാണ് അവതരിപ്പിക്കപ്പെട്ടിട്ടുളളത്. ആദമി(അ)ന്റെ സൃഷ്ടിപ്പുമായി ബന്ധപ്പെട്ട് അല്ലാഹുവും മലക്കുകളും തമ്മിൽ സംഭാഷണം നടത്തുന്നതായി കാണാം: “ഞാനിതാ ഭൂമിയിൽ ഒരു ഖലീഫയെ നിയോഗിക്കാൻ പോകുകയാണ് എന്ന് നിന്റെ നാഥൻ മലക്കുകളോട് പറഞ്ഞ സന്ദർഭം (ശ്രദ്ധിക്കുക). അവർ പറഞ്ഞു: അവിടെ കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെയാണോ നീ നിയോഗിക്കുന്നത്’’ (അൽബക്വറ : 30).

അല്ലാഹുവും ഇബ്‌ലീസും തമ്മിലുളള സംഭാഷണം: “അവൻ (അല്ലാഹു) പറഞ്ഞു: ‘ഞാൻ നിന്നോട് കൽപിച്ചപ്പോൾ സുജൂദ് ചെയ്യാതിരിക്കാൻ നിനക്കെന്ത് തടസ്സമായിരുന്നു?’ അവൻ പറഞ്ഞു: ‘ഞാൻ അവനെക്കാൾ (ആദമിനെക്കാൾ) ഉത്തമനാകുന്നു. എന്നെ നീ അഗ്‌നിയിൽനിന്നാണ് സൃഷ്ടിച്ചത്. അവനെ നീ സൃഷ്ടിച്ചത് കളിമണ്ണിൽനിന്നും’’ (അൽഅഅ്‌റാഫ്: 12).

കൂടുതൽ സംഭാഷണം കാണുന്നത് മൂസാ നബി(അ)യുടെ കഥ പറയുന്നിടത്താണ്. ക്വുർആനിൽ പലയിടങ്ങളിലായി കൂടുതൽ അവർത്തിക്കപ്പെട്ടിട്ടുളളതും അദ്ദേഹത്തിന്റെ ചരിത്രമാണ്. അല്ലാഹുവും മൂസാനബി(അ)യും തമ്മിലുള്ള ഒരു സംഭാഷണം ഇപ്രകാരമാണ്: “അല്ലാഹു പറഞ്ഞു: ‘ഹേ, മൂസാ! നിന്റെ വലതുകയ്യിലുളള ആ വസ്തു എന്താകുന്നു?’ അദ്ദേഹം പറഞ്ഞു: ‘ഇത് എന്റെ വടിയാകുന്നു. ഞാനതിന്മേൽ ഊന്നിനിൽക്കുകയും അതുകൊണ്ട് എന്റെ ആടുകൾക്ക് (ഇല) അടിച്ചുവീഴ്ത്തി കൊടുക്കുകയും ചെയ്യുന്നു. അതുകൊണ്ട് എനിക്ക് വേറെയും ഉപയോഗങ്ങളുണ്ട്’’(താഹാ: 17).

മൂസാ നബി(അ)യും ഫിർഔനും തമ്മിലുളള സംഭാഷണം രണ്ടുപേരുടെയും മാനസികാവസ്ഥ വളരെ വ്യക്തമായി വിശദീകരിക്കുന്നുണ്ട്. മൂസാ നബി(അ)യുടെ ശാന്തഭാവവും ഫിർഔനിന്റെ അസ്വസ്ഥതയും ഇതിൽ കാണാവുന്നതാണ്. തുടക്കത്തിൽ ഫിർഔൻ മൂസാ(അ)യുടെയും ഹാറൂനിന്റെ(അ)യും റബ്ബിനെ കുറിച്ച് അജ്ഞത നടിക്കുകയാണ്. അപ്പോൾ മൂസാ(അ) അതിന് അനുയോജ്യമായ മറുപടി തന്നെ നൽകി. എന്നാൽ ഫിർഔൻ അതിനെ ഗൗനിക്കാതെ പൂർവ സമുദായത്തിന്റെ അവസ്ഥയെ കുറിച്ച് മറ്റൊരു ചോദ്യം കൊണ്ട് വിഷയം മാറ്റാനാണ് ശ്രമിക്കുന്നത്. മൂസാ(അ) അതിന് മറുപടി നൽകിയതിന് ശേഷം സ്രഷ്ടാവായ രക്ഷിതാവിനെ കുറിച്ച് വിശദമായ മറുപടിയാണ് നൽകുന്നത്. ഫിർഔനിന്റെ ചോദ്യത്തിന്റെ മറുപടി ആശങ്കയോടെ പ്രതീക്ഷിക്കുന്ന സദസ്യർക്ക് ഇത് തൃപ്തികരമായ ഒരു മറുപടിയാണ്. അത് ക്വുർആൻ വിവരിക്കുന്നത് ഇപ്രകാരമാണ്:

“അവൻ (ഫിർഔൻ) ചോദിച്ചു: ‘ഹേ, മൂസാ! അപ്പോൾ ആരാണ് നിങ്ങളുടെ രണ്ടു പേരുടെയും രക്ഷിതാവ്?’ അദ്ദേഹം (മൂസാ) പറഞ്ഞു: ‘ഓരോ വസ്തുവിനും അതിന്റെ പ്രകൃതം നൽകുകയും എന്നിട്ട് അതിന് വഴികാണിക്കുകയും ചെയ്തവനാരോ അവനത്രെ ഞങ്ങളുടെ രക്ഷിതാവ്.’ അവൻ പറഞ്ഞു: ‘അപ്പോൾ മുൻതലമുറകളുടെ അവസ്ഥയെന്താണ്?’ അദ്ദേഹം പറഞ്ഞു: ‘അവരെ സംബന്ധിച്ചുളള അറിവ് എന്റെ രക്ഷിതാവിങ്കൽ ഒരു രേഖയിലുണ്ട്. എന്റെ രക്ഷിതാവ് പിഴച്ചുപോകുകയില്ല. അവൻ മറന്നുപോകുകയുമില്ല’’(ത്വാഹാ: 49).

പിന്നീട് ഫിർഔൻ മൂസാ(അ)യെ നിസ്സാരനാക്കി തന്റെ മേൽക്കോഴ്മ സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. അവൻ (ഫിർഔൻ) പറഞ്ഞു: “കുട്ടിയായിരുന്നപ്പോൾ ഞങ്ങളുടെ കൂട്ടത്തിൽ നിന്നെ ഞങ്ങൾ വളർത്തിയില്ലേ? നിന്റെ ആയുസ്സിൽ കുറെ കൊല്ലങ്ങൾ ഞങ്ങളുടെ ഇടയിൽ നീ കഴിച്ചുകൂട്ടിയിട്ടുമുണ്ട്. നീ ചെയ്ത നിന്റെ ആ ദുഷ്പ്രവൃത്തി നീ ചെയ്യുകയുണ്ടായി. നീ നന്ദികെട്ടവരുടെ കൂട്ടത്തിൽ തന്നെയാകുന്നു’’ (ശുഅറാഅ്: 18-19).

ഇതരകഥകളിലെ സംഭാഷണങ്ങളിൽ കഥാപാത്രങ്ങൾ തമ്മിലുളള സംഭാഷണത്തിൽ അവരുടെ വികാരങ്ങൾ ചിത്രീകരിക്കപ്പെടുന്നത് പോലെ ക്വുർആൻ കഥകളിലും കാണാവുന്നതാണ്. എന്നാൽ ഒരു ചെറുകഥയിലെന്ന പോലെ കുറഞ്ഞ സമയം കൊണ്ട് കാര്യങ്ങൾ വ്യക്തമാക്കുന്ന ശൈലിയാണ് ക്വുർആൻ സ്വീകരിച്ചിട്ടുളളത്. ചില ഭാഗങ്ങൾ ചില അധ്യയങ്ങളിലും മറ്റു ചില ഭാഗങ്ങൾ വേറെ അധ്യായങ്ങളിലുമായാണ് ക്വുർആൻ വിവരിക്കുന്നത്.

മുൻകഴിഞ്ഞ പ്രവാചകന്മാരുടെയും ദൂതന്മാരുടെയും ജീവിതത്തിൽനിന്ന് നമുക്ക് മനസിക്കാൻ കഴിയുന്ന ഒരു യാഥാർഥ്യം അവരെല്ലാം ജീവിതത്തിൽ പരീക്ഷണങ്ങൾ നേരിട്ടിരുന്നു എന്നതാണ്. ഉദാഹരണമായി; ആദം നബി(അ)യുടെ ഒരു മകൻ മറ്റൊരു മകനെ വധിക്കുന്നു. ഒരു പിതാവിനെ സംബന്ധിച്ചേടത്തോളം ഇതിനെക്കാൾ വലിയ ഒരു പരീക്ഷണം വേറെ ഉണ്ടാകാനിടയില്ല. അദ്ദേഹത്തിന്റെ ജീവിത കാലത്ത് തന്നെയാണ് ഇത് സംഭവിച്ചത് എന്നാണ് ചരിത്രത്തിൽനിന്നും ഗ്രഹിക്കാൻ കഴിയുന്നത്. കാരണം ഹാബീലും കാബീലും ആദമിന്റെ ആദ്യകാല സന്തതികളിൽ പെട്ടവരായിരുന്നു.

നൂഹ് നബി(അ)യുടെ ജീവിത്തിൽ സ്വന്തം ഭാര്യയും മകനും അദ്ദേഹത്തിന്റെ പ്രബോധത്തിന് എതിരായിരുന്നു. വിശ്വസിച്ചില്ല എന്ന് മാത്രമല്ല പ്രളയം സംഭവിക്കുമെന്ന് ഉറപ്പായിട്ടും അവൻ കപ്പലിൽ കയറാതെ മലമുകളിൽ കയറി രക്ഷപ്പെട്ടുകൊളളാമെന്ന് പറയുകയാണ്. ധിക്കാരം കൊണ്ട് സ്വയം നശിക്കുന്ന ഒരു മകൻ പിതാവിന് ഒരു പരീക്ഷണം തന്നെയാണ്. ഇതുപോലെ എല്ലാ പ്രവാചകരിലും എന്തെങ്കിലും പരീക്ഷണങ്ങൾ കാണാവുന്നതാണ്. വിശ്വാസികളെ തിരിച്ചറിയാൻ വേണ്ടി പൂർവസമുദായങ്ങളെ പരീക്ഷിച്ചിട്ടുണ്ട് എന്ന് ക്വുർആൻ പറയുന്നുണ്ട്.

“ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്നതുകൊണ്ട് മാത്രം തങ്ങൾ പരീക്ഷണത്തിന് വിധേയരാകാതെ വിട്ടേക്കപ്പെടുമെന്ന് മനഷ്യർ വിചാരിക്കുകയാണോ? അവരുടെ മുമ്പുണ്ടായിരുന്നവരെ നാം പരീക്ഷിച്ചിട്ടുണ്ട്...’’ (അൽഅൻകബൂത്: 2,3).

പൂർവ പ്രവാചകന്മാർ പ്രബോധനവുമായി വന്ന സമയത്ത് അവർക്ക് എതിർപ്പുകൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അവർ വിശ്വാസത്തിന്റെ കരുത്ത് ജനങ്ങളുടെ മുമ്പിൽ പ്രകടിപ്പിച്ചതായി കാണാം.

“നീ അവർക്ക് നൂഹിനെപ്പറ്റിയുളള വിവരം ഓതിക്കേൾപിക്കുക. അദ്ദേഹം തന്റെ ജനതയോട് പറഞ്ഞ സന്ദർഭം: ‘എന്റെ ജനങ്ങളേ, എന്റെ സാന്നിധ്യവും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെപ്പറ്റിയുളള എന്റെ ഉൽബോധനവും നിങ്ങൾക്ക് ഒരു വലിയ ഭാരമായിട്ടുണ്ടെങ്കിൽ അല്ലാഹുവിന്റെമേൽ ഞാനിതാ ഭരമേൽപിച്ചിരിക്കുന്നു. എന്നാൽ നിങ്ങളുടെ കാര്യം നിങ്ങളും നിങ്ങൾ പങ്കാളികളാക്കിയവരും കൂടി തീരുമാനിച്ചുകൊളളൂ. പിന്നെ നിങ്ങളുടെ കാര്യത്തിൽ നിങ്ങൾക്ക് ഒരു അവ്യക്തതയും ഉണ്ടായിരിക്കരുത്. എന്നിട്ട് എന്റെ നേരെ നിങ്ങൾ നടപ്പിൽ വരുത്തൂ. എനിക്ക് നിങ്ങൾ ഇട തരികയേ വേണ്ട. ഇനി നിങ്ങൾ പിന്തിരിഞ്ഞുകളയുന്ന പക്ഷം ഞാൻ നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിച്ചിട്ടില്ല. എനിക്ക് പ്രതിഫലം തരേണ്ടത് അല്ലാഹു മാത്രമാകുന്നു. അല്ലാഹുവിന് കീഴ്‌പെടുന്നവരുടെ കൂട്ടത്തിൽ ആയിരിക്കുവാനാണ് ഞാൻ കൽപിക്കപ്പെട്ടിട്ടുളളത്’’ (യൂനുസ്: 71-72).

ഇബ്‌റാഹിം നബി(അ) തന്നെ എതിർത്ത ജനങ്ങളോട് ഇതിനെക്കാളും ആർജവത്തോടെയാണ് മറുപടി പറയുന്നത്. അദ്ദേഹം പറഞ്ഞു: “അപ്പോൾ നിങ്ങൾ ആരാധിച്ചുകൊണ്ടിരിക്കുന്നത് എന്തിനെയാണെന്ന് നിങ്ങൾ ചിന്തിച്ച് നോക്കിയിട്ടുണ്ടോ; നിങ്ങളും നിങ്ങളുടെ പൂർവപിതാക്കളും? എന്നാൽ അവർ (ദൈവങ്ങൾ) എന്റെ ശത്രുക്കളാകുന്നു. ലോകരക്ഷിതാവ് ഒഴികെ. അതായത് എന്നെ സൃഷ്ടിച്ച് എനിക്ക് മാർഗനിർദേശനം നൽകിക്കൊണ്ടിരിക്കുന്നവൻ. എനിക്ക് ആഹാരം തരികയും കുടിനീർ തരികയും ചെയ്യുന്നവൻ. എനിക്ക് രോഗം ബാധിച്ചാൽ അവനാണ് എന്നെ സുഖപ്പെടുത്തുന്നത്. എന്നെ മരിപ്പിക്കുകയും പിന്നീട് ജീവിപ്പിക്കുകയും ചെയ്യുന്നവൻ’’ (ശുഅറാഅ്: 75-81).

മൂസാ നബി(അ)യും അദ്ദേഹത്തെ പിൻപറ്റിയ ജാലവിദ്യക്കാരും ഫിർഔനിനോട് പറഞ്ഞത് വളരെ ധീരതയോടെയാണ്. അവർ പറഞ്ഞു: “ഞങ്ങൾക്ക് വന്നുകിട്ടിയ പ്രത്യക്ഷമായ തെളിവുകളെക്കാളും ഞങ്ങളെ സൃഷ്ടിച്ചവനെക്കാളും നിനക്ക് ഞങ്ങൾ മുൻഗണന നൽകുകയില്ല തന്നെ. അതിനാൽ നീ വിധിക്കുന്നതെന്തോ അത് വിധിച്ചുകൊളളുക. ഈ ഐഹിക ജീവിതത്തിൽ മാത്രമെ നീ വിധിക്കുകയുളളൂ’’ (ത്വാഹാ: 72).

ഇബ്‌റാഹീം നബി(അ) തന്റെ പിതാവിനെ തൗഹീദിലേക്ക് ക്ഷണിക്കുമ്പോൾ വളരെ വിനയത്തോടും ബഹുമാനത്തോടെയുമാണ് അഭിസംബോധന ചെയ്യുന്നത്. ‘എന്റെ പിതാവേ’ എന്നതിന് ‘യാ അബീ എന്ന പദമാണ് അറബിയിൽ ഉപയോഗിക്കാറുളളത്. എന്നാൽ ഇബ്‌റാഹീം നബി(അ) ഇവിടെ ‘യാ ബുനയ്യ’ എന്ന് പറയുന്നതുപോലെ ‘യാ അബതി’ എന്ന് വളരെ സ്‌നേഹത്തോടുകൂടിയാണ് പറയുന്നത്. അതുപോലെ പ്രബോധനം ഫലപ്രദമാകാതെ അദ്ദേഹം പിന്തിരിയുന്ന സന്ദർഭത്തിൽ നിങ്ങളെ വെടിയുന്നു എന്ന് പറയുന്നിടത്ത് ബഹുവചനരൂപത്തിൽ ‘അഅ്തസിലുകും’ എന്ന് ബഹുമാനപുരസ്സരമാണ് പറയുന്നത്.

സ്ത്രീ സഹജ വികാരങ്ങൾ

മറ്റു മത നിയമസംഹിതകളിലൊന്നും കണാത്തവിധം സ്ത്രീകളുടെ അവകാശങ്ങൾ നമുക്ക് ക്വുർആനിൽ കാണാം. ആദം നബി(അ) സ്വർഗത്തിൽനിന്ന് പുറത്താക്കാൻ വേണ്ടി പിശാച് ആദ്യം ഹവ്വയോട് ദുർബോധനം നടത്തി എന്നാണ് ബൈബിളിലുളളത്. എന്നാൽ ക്വുർആനിൽ ‘അവരിൽ നിന്ന് മറച്ചുവെക്കപ്പെട്ടിരുന്ന അവരുടെ ഗോപ്യസ്ഥാനങ്ങൾ അവർക്കു വെളിപ്പെടുത്തുവാനായി പിശാച് അവർ ഇരുവരോടും ദുർമന്ത്രണം നടത്തി’ (അഅ്‌റാഫ്: 20) എന്നാണ് പറയുന്നത്. ആ തെറ്റിൽനിന്ന് പശ്ചാതപിക്കുന്നത് അവർ രണ്ടുപേരും കൂടിയാണ്.

“അവർ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾ ഞങ്ങളോടുതന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങൾക്ക് പൊറുത്ത് തരികയും കരുണ കാണിക്കുകയും ചെയ്തില്ലെങ്കിൽ തീർച്ചയായും ഞങ്ങൾ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും’’ (അൽഅഅ്‌റാഫ്: 23).

ഇബ്‌റാഹീം നബി(അ)ക്ക് സന്താനമുണ്ടാകുന്നതിനെ കുറിച്ച് ഒരിക്കൽ അദ്ദേഹത്തിന് സന്തോഷ വാർത്ത അറിയിച്ചുവെന്നും (ദാരിയാത്: 28) മറ്റൊരിടത്ത് അവൾക്ക് സന്തോഷ വാർത്ത അറിയിച്ചുവെന്നും (ഹൂദ്: 71) പറയുന്നതായി കാണാം. ഒരാളെ അറിയിച്ചാൽ തന്നെ മതിയെങ്കിലും സ്ത്രീകൾക്ക് നൽകിയ പരിഗണനയാണ് ഇവിടെ വ്യക്തമാകുന്നത്.

മാതൃവികാരം

ഒരു കുഞ്ഞുണ്ടാകാനുളള ആഗ്രഹം സ്ത്രീകളുടെ സഹജമായ വികാരമാണ്. കുഞ്ഞിനെ ലഭിച്ചാൽ ഓരോ സ്ത്രീക്കും അവളുടെ കുഞ്ഞ് പ്രിയപ്പെട്ടതുമായിരിക്കും. ഈ രണ്ട് വികാരങ്ങളും നമുക്ക് ഫിർഔനിന്റെ ഭാര്യയിലും മൂസാ(അ)യുടെ മാതാവിലും കാണാം. ഫിർഔനിന്റെ ഭാര്യ പറഞ്ഞു: “എനിക്കും അങ്ങേക്കും കണ്ണിന് കുളിർമയത്രെ (ഈ കുട്ടി). അതിനാൽ ഇവനെ നിങ്ങൾ കൊല്ലരുത്. ഇവൻ നമുക്ക് ഉപകരിച്ചേക്കാം. അല്ലെങ്കിൽ ഇവനെ നമുക്ക് ഒരു മകനായി സ്വീകരിക്കാം’’ (അൽഖസ്വസ്വ്: 9). “മൂസായുടെ മാതാവിന്റെ മനസ്സ് (അന്യചിന്തകളിൽ നിന്ന്) ഒഴിവായിത്തീർന്നു. അവളുടെ മനസ്സിനെ നാം ഉറപ്പിച്ചു നിർത്തിയില്ലായിരുന്നുവെങ്കിൽ അവന്റെ കാര്യം അവൾ വെളിപ്പെടുത്തുമായിരുന്നു’’(അൽ ഖസ്വസ്വ്:10).

സ്ത്രീസഹജമായ മറ്റൊരു വികാരമാണ് ലജ്ജയും നാണവും. ഈ വികാരം മൂസാ നബി(അ)യുടെ ചരിത്രത്തിൽ മദ്‌യനിലെ വൃദ്ധന്റെ മകളിലൂടെ വെളിപ്പെടുത്തുന്നതായി കാണാം: “അപ്പോൾ ആ രണ്ട് സ്ത്രീകളിൽ ഒരാൾ നാണിച്ചുകൊണ്ട് അദ്ദേഹത്തിന്റെ അടുത്ത് ചെന്നിട്ട് പറഞ്ഞു: ‘താങ്കൾ ഞങ്ങൾക്ക് വേണ്ടി (ആടുകൾക്ക്) വെളളം കൊടുത്തതിനുളള പ്രതിഫലം താങ്കൾക്ക് നൽകുവാനായി എന്റെ പിതാവ് താങ്കളെ വിളിക്കുന്നു’’ (അൽഖസ്വസ്വ്: 25). സ്ത്രീസഹജമായ നാണത്തോടുകൂടിയാണ് അവൾ വന്നതെങ്കിലും വളരെ സൂക്ഷ്മവും വ്യക്തവുമായ രൂപത്തിലാണ് അവൾ വന്ന കാര്യം പറഞ്ഞത്.

സ്ത്രീകൾ പൊതുവെ ദുർബലരാണെങ്കിലും അവർക്ക് അവരുടെതായ വ്യക്തിത്വവും തന്റേടവും ഇഛാശക്തിയുമുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് ഫിർഔനിന്റെ ഭാര്യയുടെ നിലപാട്. മൂസാ(അ) പറയുന്നതാണ് ശരി എന്ന് ബോധ്യപ്പെട്ടതോടുകൂടി അവൾ പ്രലോഭനത്തിനും സമ്മർദത്തിനും കീഴടങ്ങാതെ സത്യത്തിന്റെ കൂടെ നിൽക്കുകയാണ് ചെയ്തത്:

“സത്യ വിശ്വാസികൾക്ക് ഒരു ഉപമയായി അല്ലാഹു ഫിർഔന്റെ ഭാര്യയെ എടുത്ത് കാണിച്ചിരിക്കുന്നു. അവൾ പറഞ്ഞ സന്ദർഭം: ‘എന്റെ രക്ഷിതാവേ, എനിക്ക് നീ നിന്റെ അടുക്കൽ സ്വർഗത്തിൽ ഒരു ഭവനം ഉണ്ടാക്കിത്തരികയും ഫിർഔനിൽനിന്നും അവന്റെ പ്രവർത്തനത്തിൽനിന്നും എന്നെ നീ രക്ഷിക്കേണമേ. അക്രമികളായ ജനങ്ങളിൽനിന്നും എന്നെ നീ രക്ഷിക്കുകയും ചെയ്യേണമേ’’(അത്തഹ്‌രീം:11).

ക്വുർആനിൽ പരാമർശിച്ച ഏക വനിതയും ലോക സ്ത്രീകളിൽനിന്ന് അല്ലാഹു തെരഞ്ഞെടുത്തവരും ഏറെ മഹത്ത്വമുളളവരുമായ മർയമിന്റെ കൂടെയാണ് ഇവിടെ ഫിർഔനിന്റെ ഭാര്യയുടെ പേര് പറയുന്നത്. സ്ത്രീ ദുർബലയാകുന്ന രംഗങ്ങളും ക്വുർആൻ വെളിപ്പെടുത്തുന്നുണ്ട്.

(തുടരും)