വിധിവിശ്വാസം
മുഹമ്മദ് അൽജിബാലി
2025 ജൂലൈ 12, 1447 മുഹറം 16

വിവ: മുഹമ്മദ് സിയാദ് കണ്ണൂർ
ജിബ്‌രീലിന്റെ ഹദീസ്’ എന്നറിയപ്പെടുന്ന വിഖ്യാതമായ ഒരു ഹദീസുണ്ട്. അതിൽ ജിബ്‌രീൽ എന്ന മലക്ക് ഒരു അപരിചിതന്റെ രൂപത്തിൽ നബിﷺയുടെ അനുചരന്മാരെ സുപ്രധാനമായ മതകാര്യങ്ങൾ പഠിപ്പിക്കുന്നതിന് വേണ്ടി സന്ദർശിക്കുന്നത് വിവരിക്കുകയാണ്. ഈ ഹദീസിൽ ‘ഈമാൻ എന്നാൽ എന്താണ്’ എന്ന ജിബ്‌രീലിന്റെ ചോദ്യത്തിന് നബിﷺ ഇങ്ങനെ മറുപടി പറയുന്നു:
“ഈമാൻ എന്നാൽ അല്ലാഹുവിലും അവന്റെ മലക്കുകളിലും വേദഗ്രന്ഥങ്ങളിലും അവന്റെ ദൂതന്മാരിലും അന്ത്യനാളിലും വിധിയിലും-അതിന്റെ നന്മയിലും തിന്മയിലും വിശ്വസിക്കലാണ്’’(ബുഖാരി, മുസാലിം).
ഈ ഹദീസ് ഈമാനി(വിശ്വാസത്തി)ന്റെ ആറ് സ്തംഭങ്ങൾ പരാമർശിക്കുന്നു:
1. അല്ലാഹുവിലുള്ള വിശ്വാസം.
2. മലക്കുകളിലുള്ള വിശ്വാസം.
3. വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസം.
4. ദൂതന്മാരിലുള്ള വിശ്വാസം.
5. അന്ത്യനാളിലുള്ള വിശ്വാസം.
6. ക്വദ്‌റിലുള്ള വിശ്വാസം (വിധിവിശ്വാസം).
ആറാമത്തെ സ്തംഭമായ വിധിവിശ്വാസത്തെ കുറിച്ചാണ് ഈ ലേഖനത്തിൽ വിവരിക്കുന്നത്.
ഈ സ്തംഭങ്ങളിലെല്ലാം നാം വിശ്വസിക്കണം. രണ്ട് മുതൽ ആറ് വരെയുള്ള ഏതെങ്കിലും സ്തംഭങ്ങളെ നിഷേധിക്കുന്നത് അല്ലാഹുവിലുള്ള വിശ്വാസത്തെ തന്നെ നിഷേധിക്കുന്നതിന് തുല്യമാണ്. കാരണം ഈ ഓരോ സ്തംഭവും അല്ലാഹുവിന്റെ ഔന്നത്യത്തിന്റെയും പരമാധികാരത്തിന്റെയും വശങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. അതിനെ നിഷേധിക്കുകയെന്നാൽ ഉന്നതമായ അവന്റെ ചില വിശേഷണങ്ങളെ നിഷേധിക്കുന്നതിന് തുല്യമാണ്. ഉദാഹരണമായി, അന്ത്യനാളിലുള്ള വിശ്വാസത്തെ നിഷേധിക്കുക എന്നത് നമ്മെ സൃഷ്ടിച്ചതിലുള്ള അല്ലാഹുവിന്റെ സമ്പൂർണമായ ജ്ഞാനത്തെയും നമ്മോടുള്ള അവന്റെ സമഗ്രമായ നീതിയെയും നിഷേധിക്കുന്നതിന് തുല്യമാണ്.
അതുപോലെ, അല്ലാഹുവിന്റെ ചില സുപ്രധാന ഗുണങ്ങളെ പ്രതിനിധീകരിക്കുന്നതാണ് ക്വദ്ർ. നമുക്കത് വഴിയെ മനസ്സിലാക്കാം. അല്ലാഹുവിലുള്ള വിശ്വാസവുമായി അഭേദ്യമാംവിധം ബന്ധപ്പെട്ടുകിടക്കുന്ന ഒന്നാണ് ക്വദ്‌റിലുള്ള വിശ്വാസം.
ക്വദ്‌റിൽ വിശ്വസിക്കുന്നതിന്റെ പ്രാധാന്യം
ക്വദ്‌റിലുള്ള വിശ്വാസം ഈമാനിന് അനുപേക്ഷണീയമാണ്. ഒരു മനുഷ്യൻ വിധിയിൽ വിശ്വസിക്കുന്നതുവരെ അവനെ വിശ്വാസിയായി പരിഗണിക്കുകയില്ല. അലി(റ) നിവേദനം, നബിﷺ പറഞ്ഞു:
“നാലു കാര്യങ്ങളിൽ വിശ്വസിക്കുന്നതുവരെ ഒരു അടിമ സത്യവിശ്വാസിയാവുകയില്ല:
1. അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ലെന്ന് സാക്ഷ്യം വഹിക്കുക.
2. ഞാൻ സത്യസന്ദേശവുമായി അയക്കപ്പെട്ട അല്ലാഹുവിന്റെ ദൂതനാണെന്ന് സാക്ഷ്യം വഹിക്കുക.
3. മരണത്തിലും മരണശേഷമുള്ള ഉയിർത്തെഴുന്നേൽപിലും വിശ്വസിക്കുക.
4. ക്വദ്‌റിൽ സമ്പൂർണമായി വിശ്വസിക്കുക.’’ (തിർമിദി, ഇബ്‌നുമാജ).
ജാബിറുബ്‌നു അബ്ദില്ല(റ) നിവേദനം, നബിﷺ പറഞ്ഞു: “വിധിയിൽ-അതിന്റെ നന്മയിലും തിന്മയിലും വിശ്വസിക്കുന്നതുവരെ ഒരടിമ വിശ്വാസിയാവുകയില്ല. അതായത്, അവന്ന് ബാധിച്ചതൊന്നും അവനിൽനിന്നും ഒഴിഞ്ഞുപോകേണ്ടതല്ലെന്നും അവനിൽനിന്നും ഒഴിഞ്ഞുപോയതൊന്നും അവന്ന് ബാധിക്കേണ്ടതല്ലെന്നും അവൻ അറിയുന്നതുവരെ’’(തിർമിദി).
സൈദ് ഇബ്‌നു സാബിതും(റ) ഉബയ്യ് ഇബ്‌നു കഅ്ബും(റ) മറ്റും നിവേദനം, നബിﷺ പറഞ്ഞു: “അല്ലാഹു അവന്റെ ആകാശങ്ങളിലും ഭൂമിയിലുമുള്ളവരെ ശിക്ഷിക്കുകയാണെങ്കിൽ, അതൊരിക്കലും അനീതിയാവുകയില്ല. ഇനി അവൻ അവരോട് കരുണ ചെയ്യുകയാണെങ്കിൽ, അവന്റെ കാരുണ്യം അവരുടെ കർമങ്ങളെക്കാൾ ഉത്തമമായിരിക്കും. നീ ഉഹ്ദ് മലയോളം സ്വർണം അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിച്ചാലും അവൻ നിന്നിൽനിന്നും അത് സ്വീകരിക്കുകയില്ല-നീ ക്വദ്‌റിൽ വിശ്വസിക്കുകയും നിനക്ക് ബാധിക്കുന്നത് നിന്നിൽനിന്നും ഒഴിഞ്ഞുപോകേണ്ടതല്ലെന്നും നിന്നിൽ നിന്നും ഒഴിഞ്ഞുപോയത് നിനക്ക് ബാധിക്കേണ്ടതല്ലെന്നും അറിയുകയും ചെയ്യുന്നതുവരെ’’(അഹ്‌മദ്, അബൂദാവൂദ്).
ക്വദ്‌റിനെ നിഷേധിക്കുന്നവർക്ക് കഠിനമായ ശിക്ഷയുണ്ട്
ക്വദ്‌റിനെ നിഷേധിക്കുന്നത് ഇരുജീവിതത്തിലും ശിക്ഷക്ക് കാരണമാകുന്ന ഗുരുതരമായ അവിശ്വാസമാണ്. ക്വദ്ർനിഷേധികൾക്ക് അനുഭവിക്കാനുള്ള ഐഹിക ശിക്ഷയെ സംബന്ധിച്ച് ഒരു ഹദീസുണ്ട്. അബ്ദുല്ലാഹ് ഇബ്‌നു ഉമർ(റ) നിവേദനം, നബിﷺ പറഞ്ഞു: “എന്റെ സമുദായത്തിൽ ഭൂകമ്പങ്ങളും (മൃഗങ്ങളിലേക്കുള്ള) രൂപപരിണാമങ്ങളുമുണ്ടാകും. ക്വദ്‌റിനെ നിഷേധിക്കുന്നവരിലാണ് അതുണ്ടാവുക’’(തിർമിദി, അബൂദാവൂദ്).
അതിനു പുറമെ, പരലോക ജീവിതത്തിലും ക്വദ്ർ നിഷേധികളെ വമ്പിച്ച ശിക്ഷ കാത്തുനിൽക്കുന്നുണ്ട്. അബൂഹുറയ്‌റ(റ) നിവേദനം: “ക്വുറൈശികളായ മുശ്‌രിക്കുകൾ ക്വദ്‌റിന്റെ വിഷയത്തിൽ നബിﷺയുമായി തർക്കിച്ചപ്പോൾ അല്ലാഹു ഇപ്രകാരം ആയത്ത് അവതരിപ്പിച്ചു: ‘മുഖം നിലത്തു കുത്തിയ നിലയിൽ അവർ നരകാഗ്‌നിയിലൂടെ വലിച്ചിഴക്കപ്പെടുന്ന ദിവസം. (അവരോട് പറയപ്പെടും:) നിങ്ങൾ നരകത്തിന്റെ സ്പർശനം അനുഭവിച്ച് കൊള്ളുക. തീർച്ചയായും ഏതു വസ്തുവെയും നാം സൃഷ്ടിച്ചിട്ടുള്ളത് ഒരു വ്യവസ്ഥപ്രകാരമാകുന്നു’’ (അൽക്വമർ: 48-49) (മുസ്‌ലിം, തിർമിദി).
ക്വളാ ക്വദ്‌റിന്റെ വിവക്ഷ
അല്ലാഹുവിന്റെ വിധിയെ രണ്ടു പദങ്ങൾ കൊണ്ടാണ് സാധാരണ വിശദീകരിക്കാറുള്ളത്; ക്വളാ, ക്വദ്ർ. പ്രസ്തുത സംജ്ഞകളുടെ ഭാഷാർഥങ്ങളും അവ തമ്മിലുള്ള ബന്ധവുമാണ് താഴെ വിവരിക്കുന്നത്.
‘ക്വളാ’ എന്ന പദം
‘ക്വളാ’(قَضَاء) എന്ന പദവും അതിന്റെ വ്യത്യസ്ത രൂപങ്ങളും അറുപതിലധികം തവണ ക്വുർആനിൽ പരാമർശിച്ചിട്ടുണ്ട്. അതിന് വ്യത്യസ്ത അർഥങ്ങളുമാണുള്ളത്. അതിൽ പലതും താഴെ വരുന്ന രൂപത്തിലാണ്.
1. വിധിക്കുക എന്ന അർഥത്തിൽ. അല്ലാഹു പറയുന്നു: “തന്നെയല്ലാതെ നിങ്ങൾ ആരാധിക്കരുതെന്നും മാതാപിതാക്കൾക്ക് നന്മചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു’’ (അൽഇസ്‌റാഅ്: 23).
അല്ലാഹു പറയുന്നു: “അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തിൽ വിധിച്ചു കഴിഞ്ഞാൽ സത്യവിശ്വാസിയായ ഒരു പുരുഷനാകട്ടെ സ്ത്രീക്കാകട്ടെ, തങ്ങളുടെ കാര്യത്തിൽ സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല’’ (അൽഅഹ്‌സാബ്: 36).
2. പരിസമാപ്തി, പൂർണത, അവസാനിപ്പിക്കൽ (കഥകഴിക്കുക) എന്നീ അർഥങ്ങളിൽ). അല്ലാഹു പറയുന്നു: “മേഘമേലാപ്പിൽ അല്ലാഹുവും മലക്കുകളും അവരുടെയടുത്ത് വരുകയും കാര്യം അവസാനിപ്പിക്കപ്പെ ടുകയും ചെയ്യുന്നത് മാത്രമാണോ അവർ കാത്തിരിക്കുന്നത്? എന്നാൽ കാര്യങ്ങളെല്ലാം അല്ലാഹുവിങ്കലേ ക്കാകുന്നു മടക്കപ്പെടുന്നത്.’ (അൽബക്വറ: 210). അല്ലാഹു പറയുന്നു: “അപ്പോൾ മൂസാ അവനെ മുഷ്ടി ചുരുട്ടി ഇടിച്ചു. അതവന്റെ കഥകഴിച്ചു’’ (അൽ ക്വസ്വസ്വ് 15).
3. ‘സൃഷ്ടിക്കുക’ അല്ലെങ്കിൽ ‘ഉണ്ടാക്കുക’ എന്ന അർഥത്തിൽ. അല്ലാഹു പറയുന്നു: “അങ്ങനെ രണ്ടു ദിവസങ്ങളിലായി അവയെ അവൻ ഏഴ് ആകാശങ്ങൾ ആക്കിത്തീർത്തു’’ (ഫുസ്സ്വിലത്ത്: 12).
4. അല്ലാഹുവിന്റെ പൂർവജ്ഞാനത്തിന്റെ അടിസ്ഥാനത്തിലുള്ള തീരുമാനം അല്ലെങ്കിൽ ഉത്തരവ്. അല്ലാഹു പറയുന്നു: “ആകാശങ്ങളെയും ഭൂമിയെയും മുൻ മാതൃകയില്ലാതെ സൃഷ്ടിച്ചവനത്രെ അവൻ. അവനൊരു കാര്യം തീരുമാനിച്ചാൽ ‘ഉണ്ടാകൂ’ എന്ന് പറയുക മാത്രമെ വേണ്ടതുള്ളൂ; ഉടനെ അതുണ്ടാകുന്നു’’ (അൽബക്വറ: 117). അല്ലാഹു പറയുന്നു: “അത് തീരുമാനിക്കപ്പെട്ട ഒരു കാര്യമാണ്’’ (മർയം: 21). മുകളിൽ പറഞ്ഞ അർഥങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നുവെങ്കിലും അവസാനം പറഞ്ഞ വിഷയമാണ് ഏറ്റവും പ്രസക്തമായത്.
‘ക്വദർ’ എന്ന പദം
‘ക്വദർ’(قَدَر) എന്ന പദവും അതിന്റെ വ്യത്യസ്ത രൂപങ്ങളും ക്വുർആനിൽ വ്യത്യസ്ത അർഥങ്ങളിൽ വന്നിട്ടുണ്ട്. അതിൽ പലതും താഴെ വരുന്ന രൂപത്തിലാണ്:
1. ‘അളവ്’ അല്ലെങ്കിൽ ‘തോത്.’ അല്ലാഹു പറയുന്നു: “യാതൊരു വസ്തുവും നമ്മുടെ പക്കൽ അതിന്റെ ഖജനാവുകൾ ഉള്ളതായിട്ടല്ലാതെയില്ല. (എന്നാൽ), ഒരു നിർണിതമായ തോതനുസരിച്ചല്ലാതെ (ഖദർ) നാമത് ഇറക്കുന്നതല്ല’’ (അൽഹിജ്ർ: 21)
2. ആദരിക്കൽ അല്ലെങ്കിൽ കണക്കാക്കൽ. അല്ലാഹു പറയുന്നു: “അവർ അല്ലാഹുവിനെ കണക്കാക്കേണ്ട പ്രകാരം കണക്കാക്കിയിട്ടില്ല (ക്വദർ)’’ (അസ്സുമർ: 6).
3. അല്ലാഹുവിന്റെ കഴിവും ശക്തിയും. അതാണ് അൽക്വദീർ (കഴിവുള്ളവൻ) എന്ന അവന്റെ നാമം ബോധ്യപ്പെടുത്തുന്നത്. അല്ലാഹു പറയുന്നു: “നിസ്സംശയം, അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു.’’ (അൽബക്വറ: 20)
ഇമാം അഹ്‌മദ് പറഞ്ഞു: “ഖദർ എന്നത് അല്ലാഹുവിന്റെ ‘ഖുദ്‌റത്ത്’ (കഴിവ്) ആണ്.’’
4. അല്ലാഹുവിന്റെ പൂർവജ്ഞാനത്തിന്റെ അടിസ്ഥാനത്തിൽ സൃഷ്ടികൾക്കുവേണ്ടി എല്ലാ കാര്യത്തിലുമുള്ള അവന്റെ വ്യവസ്ഥ. അല്ലാഹു പറയുന്നു: “തീർച്ചയായും ഏതു വസ്തുവെയും നാം സൃഷ്ടിച്ചിട്ടുള്ളത് ഒരു വ്യവസ്ഥ (ക്വദർ) പ്രകാരമാകുന്നു’’ (അൽക്വമർ:49). അല്ലാഹു പറയുന്നു: “അല്ലാഹുവിന്റെ കൽപന ഖണ്ഡിതമായ ഒരു വിധിയാകുന്നു’’ (അൽഅഹ്‌സാബ്: 38).
ഇവിടെയും മുകളിൽ പറഞ്ഞ അർഥങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണ്. എന്നാൽ അവസാനം പറഞ്ഞതാണ് നമ്മുടെ ചർച്ചയിൽ ഏറ്റവും പ്രസക്തമായത്.
‘ക്വദ്ർ’ എന്ന പദം
‘ക്വദ്ർ’ (قَدْر) എന്ന പദത്തിന് സാധാരണയായി ‘ക്വദർ’ (قَدَر) എന്നതിന്റെ അതേ അർഥമാണ് വരിക. അതായത് തോത്, വിധി, തീരുമാനം എന്നൊക്കെയുള്ള അർഥങ്ങൾ. ഉദാ: അല്ലാഹു പറയുന്നു:
“തീർച്ചയായും നാം ഇതിനെ (ക്വുർആനിനെ) ക്വദ്‌റിന്റെ രാത്രിയിൽ അവതരിപ്പിച്ചിരിക്കുന്നു. ക്വദ്‌റിന്റെ രാത്രി എന്നാൽ എന്താണെന്ന് നിനക്കറിയാമോ? ക്വദ്‌റിന്റെ രാത്രി ആയിരം മാസത്തെക്കാൾ ഉത്തമമാകുന്നു’’ (അൽക്വദ്ർ: 1-3).
ക്വദ്‌റിന്റെ രാത്രി അഥവാ ‘ലൈലത്തുൽ ക്വദ്ർ’ എന്നത് അല്ലാഹു തന്റെ ആണ്ടുതോറുമുള്ള ഉത്തരവുകൾ ഇറക്കുകയും സൃഷ്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയെല്ലാം തോത് നിർണയിക്കുകയും ചെയ്യുന്ന ഒരു രാത്രിയാണ്.
സംക്ഷേപം
മുകളിലുദ്ധരിച്ച ഉദാഹരണങ്ങളിൽനിന്നും ‘ക്വളാ’ എന്നതും ‘ക്വദർ’ എന്നതും ആശയപരമായി പരസ്പരം ബന്ധിതമാണെന്നും ഒന്ന് മറ്റൊന്നിലേക്ക് വഴിവെക്കുന്നതാണെന്നും കാണാം.
ക്വദർ എന്നത് ക്വളാഇന്റെ അർഥത്തിലും വരും. കാരണം, അല്ലാഹുവിന്റെ ക്വദ്ർ (വിധി) പിന്നീട് അവന്റെ ‘ക്വളാ’ (തീരുമാനം) ആയി മാറുന്നതാണ്.
അതുപോലെ ‘ക്വളാ’ എന്നത് ക്വദറിന്റെ ആശയത്തിലും വരും. കാരണം അല്ലാഹുവിന്റെ ‘ക്വളാ’ (തീരുമാനം) അവന്റെ ക്വദറിനെ (വിധി) മുൻകടന്നിട്ടുണ്ടാകണം.
ഇതു രണ്ടും അല്ലാഹുവിന്റെ മുൻകൂട്ടിയുള്ള അറിവിന്റെ അടിസ്ഥാനത്തിലുള്ള അവന്റെ തീരുമാനവും വിധിയുമാണ്. അവ സൃഷ്ടികളുടെ മേലുള്ള അവന്റെ ആധിപത്യത്തിന്റെയും ഉടമസ്ഥതയുടെയും പ്രകടനമാണ്. താൻ പ്രവർത്തിക്കുന്നതിനെക്കുറിച്ച് ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്ത രക്ഷിതാവാണ് അല്ലാഹു എന്നതിനെ അത് പ്രതിഫലിപ്പിക്കുന്നു.
പദങ്ങളെയും അവയുടെ ആശയങ്ങളെയും സൂചിപ്പിക്കുന്നതിന് വേണ്ടി ഈ ലേഖനത്തിൽ നാം കൂടുതലും ഉപയോഗിക്കുന്നത് ക്വദർ (അല്ലാഹുവിന്റെ വിധി) എന്ന പദമായിരിക്കും.
