സംസാരം നന്നാക്കുക; സ്രഷ്ടാവിന്റെ പ്രീതി നേടുക
ഹന്ന മുഹമ്മദ്
2025 ജനുവരി 18, 1446 റജബ് 18

(പുനരാഖ്യാനം)
ഈ ലോകത്തുള്ള കോടാനുകോടി ജീവജാലങ്ങളിൽനിന്നും അല്ലാഹു മനുഷ്യനെ വ്യതിരിക്തനാക്കിയ കാര്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് സംസാരിക്കുവാനുള്ള കഴിവ്. വ്യക്തിബന്ധങ്ങളിലെ അകൽച്ചയെയും അടുപ്പത്തെയും അളക്കുവാനുപകരിക്കുന്ന ഒരു മാധ്യമമാണ് സംസാരം. അങ്ങകലെയുള്ളവരോടും അടുത്തുള്ളവരോടും ജീവിതത്തിൽ ഇന്നേവരെ കാണാത്തവരോടും ഹൃദയബന്ധം സ്ഥാപിക്കുവാൻ സംസാരത്തിലൂടെ കഴിയുന്നു. മനുഷ്യനെ അധഃപതിക്കുവാനും മഹത്ത്വമുള്ളനാക്കുവാനും സംസാര രീതിക്ക് കഴിയും. എത്ര അറിവുള്ളവനായാലും പണമുള്ളവനായാലും സ്ഥാനമാനങ്ങളുള്ളവനായാലും സംസാര രീതി പ്രധാന ഘടകമാണ്. അതിലൂടെ ബഹുമാനിതരാകുവാനും അപമാനിതരാകുവാനും കഴിയും.
ഇന്ന് കൂടുതലായി കാണപ്പെടുന്ന ബന്ധങ്ങളുടെ ശിഥിലീകരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് പരസ്പര ബഹുമാനത്തോടെയും സ്‌നേഹത്തോടെയും ഗുണകാംക്ഷയോടെയുമുള്ള തുറന്ന സംസാരത്തിന്റെ അഭാവമാണ്.
ഉന്നത ഉദ്യോഗസ്ഥൻ കീഴുദ്യോഗസ്ഥരോട് മാന്യമായി സംസാരിച്ചില്ലെങ്കിൽ അതിന്റെ അനന്തരഫലം ആ സ്ഥാപത്തിനു തന്നെ ദോഷകരമായിരിക്കും. വിദ്യാർഥികളെ മാനസികമായ വളർച്ചയിലേക്കെത്തുന്ന വിധം സ്‌നേഹത്തോടെയും ഗുണകാംക്ഷയോടെയും അവരോട് അധ്യാപകർ സംസാരിച്ചാലേ സമൂഹത്തോട് പ്രതിബദ്ധതയുള്ളൊരു ഭാവി തലമുറയെ വാർത്തെടുക്കുവാൻ സാധിക്കുകയുള്ളൂ. അവരുടെ വ്യക്തിത്വത്തെ അംഗീകരിക്കാതെയും മാനസികമായി തളർത്തുവിധവും അവരോട് പെരുമാറിയാൽ അവർ വഴിപിഴച്ചുപോകുവാനാണ് സാധ്യത. ഏതൊരു മേഖലയിലും ഏതു ബന്ധത്തിലും നല്ല സംസാരത്തിന്റെ അഭാവം ബന്ധങ്ങൾ വഷളാക്കുവാനേ ഉപകരിക്കുകയുള്ളൂ.
തന്റെ സംസാര രീതി നന്നാക്കുക എന്നത് ഓരോ മുസ്‌ലിമിന്റെയും ബാധ്യതയാണ്. അത് വളരെയേറെ പുണ്യമുള്ള കാര്യവുമാണ്.
ഏറ്റവും നല്ല സംസാര രീതിയാണ് നമ്മെ സൃഷ്ടിച്ച റബ്ബിന്റെത്. മനസ്സിൽ സ്‌നേഹവും ഭയവും പ്രതീക്ഷയുമെല്ലാം നൽകും വിധം ഉത്തമമായ രീതിയിൽ അവൻ നമ്മോട് അവന്റെ പരിശുദ്ധ ക്വുർആനിലൂടെ സംസാരിക്കുന്നു.

നബിﷺ വളരെയേറെ സൗമ്യമായി സംസാരിക്കുന്ന മഹദ് വ്യക്തിത്വമായിരുന്നു. പ്രവാചകരുടെ ഈ സൗമ്യ ശീലം കൊണ്ടുതന്നെ ഇസ്‌ലാമിലേക്ക് എത്രയോ ആളുകൾ ആകൃഷ്ടരായി കടന്നുവന്നു. പ്രവാചകന്റെ ശിഷ്യഗണങ്ങളെല്ലാം സൗമ്യസ്വഭാവത്തിന്റെയും മാന്യമായ സംസാരരീതിയുടെയും വക്താക്കളായിരുന്നു.
നബിﷺ പറഞ്ഞു: “അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവൻ നല്ലതു പറയട്ടെ, അല്ലെങ്കിൽ മിണ്ടാതിരിക്കട്ടെ’’ (ബുഖാരി, മുസ്‌ലിം).
നല്ലതല്ലാത്ത സംസാരങ്ങളെല്ലാം ഉപേക്ഷിക്കാൻ നാം ബാധ്യസ്ഥരാണ് എന്നർഥം. അനാവശ്യമായ സംസാരങ്ങളും തമാശകളുമെല്ലാം ഒരു വിശ്വാസി ഉപേക്ഷിക്കണം. ശരിയായതും നല്ലതുമായ വാക്കുപറയൽ നമ്മുടെ കർമങ്ങൾ നന്നാകുവാനും പാപങ്ങൾ പൊറുക്കപ്പെടാനുമുള്ള കാരണവുമായിത്തീരും.
അല്ലാഹു പറയുന്നു: “സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും ശരിയായ വാക്കു പറയുകയും ചെയ്യുക. എങ്കിൽ അവൻ നിങ്ങൾക്ക് നിങ്ങളുടെ കർമങ്ങൾ നന്നാക്കിത്തരികയും നിങ്ങളുടെ പാപങ്ങൾ അവൻ പൊറുത്തുതരികയും ചെയ്യും. അല്ലാഹുവെയും അവന്റെ ദൂതനെയും ആർ അനുസരിക്കുന്നുവോ അവൻ മഹത്തായ വിജയം നേടിയിരിക്കുന്നു’’ (അൽഅഹ്സാബ് 70,71).
ഒരു മുസ്‌ലിം ഏറ്റവും നല്ല വാക്ക് പറയുന്നവനാകണം. അല്ലാഹു പറയുന്നു: “നീ എന്റെ ദാസന്മാരോട് പറയുക; അവർ പറയുന്നത് ഏറ്റവും നല്ല വാക്കായിരിക്കണമെന്ന്’’ (അൽഇസ്റാഅ് 53).
ഒരാൾ സംസാരിക്കുമ്പോൾ ഇടയിൽ കയറി പറയാതിരിക്കാൻ ശ്രദ്ധിക്കണം. അപരന്റെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കുക, അതിനുശേഷം മറുപടി പറയുക എന്നത് പ്രവാചകന്റെ രീതിയാണ്.
തന്നോട് തർക്കിക്കാൻ വന്ന വലീദുബ്‌നു മുഗീറയുടെ സംസാരം പ്രവാചകൻﷺ സശ്രദ്ധം ശ്രവിച്ചു. അദ്ദേഹം സംസാരം നിർത്തിയപ്പോൾ പ്രവാചകൻﷺ ചോദിച്ചു: ‘അബൂൽ വലീദ്, താങ്കൾക്ക് പറയാനുള്ളത് പറഞ്ഞുകഴിഞ്ഞോ?’ നബിﷺ സ്‌നേഹത്തോടെയാണ് വലീദുബ്‌നു മുഗീറയുടെ വിളിപ്പേര് ഉപയോഗിച്ചത്. അദ്ദേഹത്തിന്റെ സംസാരം പൂർത്തിയാകുന്നതുവരെ കാത്തിരിക്കുകയും ചെയ്തു.
തന്നോട് ഒരാൾ സംസാരിക്കുമ്പോൾ അയാൾക്ക് അഭിമുഖമായി തിരിഞ്ഞിരിക്കലാണ് പ്രവാചകന്റെ രീതി. അത് ആദരവിന്റെയും അംഗീകാരത്തിന്റെയും ഭാഗമാണ്. എന്നാൽ ഇന്ന് പലരും ഈ മര്യാദ കാണിക്കുന്നില്ല. പരസ്പരം മുഖത്തുനോക്കി സംസാരിക്കുവാൻ അല്ലെങ്കിൽ കേൾക്കുവാൻ ശ്രമിക്കുന്നില്ല. തന്നോട് സംസാരിക്കുന്നവന്റെ മുന്നിൽ വച്ച് -അയാൾ സംസാരിക്കുമ്പോഴും- മൊബൈൽ ഫോണിൽ നോക്കിയിരിക്കുന്ന സ്വഭാവം ഒട്ടും ശരിയല്ല. ഇത് അപരന് തീരെ ഇഷ്ടപ്പെടുകയില്ല. തന്നെ അവഗണിക്കുന്നതായും അപമാനിക്കുന്നതായും അയാൾ മനസ്സിലാക്കും. അത് ബന്ധത്തെ വഷളാക്കുമെന്നതിൽ തർക്കമില്ല.
‘ഒരു കാരക്കച്ചീളുകൊണ്ടെങ്കിലും നിങ്ങൾ നരകത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുക. അത് ലഭ്യമല്ലാത്തവൻ ഒരു നല്ല വാക്കുകൊണ്ടെങ്കിലും’ എന്ന നബി വചനം ഏറെ ചിന്തനീയമാണ്.
മാതാപിതാക്കളോട് സൗമ്യമായും ബഹുമാനത്തോടെയും സംസാരിക്കുക, ഇണകളെ സ്‌നേഹത്തോടെ അഭിസംബോധന ചെയ്യുക, കുഞ്ഞുങ്ങളോട് വാത്സല്യത്തോടെയും മുതിർന്നവരോട് ആദരവോടെയും സംസാരിക്കുക.
ആളുകൾക്ക് പറയുന്നത് വ്യക്തമാകുന്ന രീതിയിൽ കാമ്പുള്ള സംസാരമായിരിക്കണം നമ്മിൽനിന്നും ഉണ്ടാവേണ്ടത്. പ്രവാചകൻ അങ്ങനെയായിരുന്നു.
ആഇശ(റ) പറയുന്നത് നോക്കൂ: “മുറിച്ചു മുറിച്ചുള്ള സംസാരമായിരുന്നു പ്രവാചകന്റെത്. കേൾക്കുന്ന ആർക്കും അത് മനസ്സിലാകുമായിരുന്നു.’’
കേട്ടതെല്ലാം പറഞ്ഞുനടക്കൽ സത്യവിശ്വാസിയുടെ സ്വഭാവമല്ല. നബിﷺ പഞ്ഞു: “കേട്ടതു മുഴുവൻ പറയുക എന്നതുതന്നെ മതി ഒരാൾ കളവ് പറയുന്നവരിൽ പെടാൻ.’’
ഏറ്റവും നന്നായി സംസാരിക്കുന്ന രീതി സൽസ്വഭാവങ്ങളിൽ പെട്ടതാണ്. സൽസ്വഭാവമുള്ളവരുടെ പദവികൾ മഹനീമായതാണ്. നബിﷺ പറഞ്ഞു:
“നിങ്ങളിൽ ഏറ്റവും മികച്ച സ്വഭാവമുളളവനാണ് എനിക്ക് ഏറ്റവും പ്രിയങ്കരൻ. അവനായിരിക്കും അന്ത്യനാളിൽ എന്റെ ഏറ്റവും അടുത്ത് ഇരിപ്പിടം ലഭിക്കുന്നവൻ. അതേസമയം വായാടികളും നാവിട്ടടിക്കുന്നവരും അഹങ്കാരികളുമാണ് നിങ്ങളിൽ എനിക്ക് ഏറ്റവും വെറുപ്പുള്ളവർ. പുനരുഥാന നാളിൽ എന്നിൽനിന്ന് ഏറെ അകലെ സ്ഥാനം ലഭിക്കുന്നവരും അവരായിരിക്കും.’’
നല്ല സംസാരം നല്ല സംസ്‌കാരത്തിന്റെ അടയാളമാണ്. നമ്മുടെ ഓരോ വാക്കും അല്ലാഹു കേൾക്കുന്നുണ്ട്, അവൻ ഏൽപിച്ച മലക്കുകൾ അതെല്ലാം രേഖപ്പെടുത്തിവെക്കുന്നുണ്ട്. ഇക്കാര്യം എപ്പോഴും നാം ഓർക്കുക.

