ഇബ്‌റാഹീം നബി(അ)യുടെ മഹത്ത്വവും വിശേഷണങ്ങളും
മുനവ്വർ ഫൈറൂസ്. എ
2025 മെയ് 24, 1446 ദുൽഖഅദ് 22

അല്ലാഹു ഒരുപാട് മഹത്ത്വങ്ങളും വിശേഷണങ്ങളും നൽകി ആദരിച്ച പ്രവാചകനാണ് മഹാനായ ഇബ്‌റാഹീം(അ). വിശുദ്ധ ക്വുർആനിലൂടെ അല്ലാഹു മാനവരാശിയോട് അത് അറിയിക്കുന്നുണ്ട്. കൂടുതൽ വിശദീകരണമില്ലാതെ അവയിലൂടെ ഒന്ന് കണ്ണോടിക്കാം:
1. ഇബ്‌റാഹീം നബി(അ)യുടെ കുടുംബത്തെ അല്ലാഹു ഉൽകൃഷ്ടരായി തെരഞ്ഞെടുത്തു:
“തീർച്ചയായും ആദമിനെയും നൂഹിനെയും ഇബ്‌റാഹീം കുടുംബത്തെയും ഇംറാൻ കുടുംബത്തെയും ലോകരിൽ ഉൽകൃഷ്ടരായി അല്ലാഹു തെരഞ്ഞെടുത്തിരിക്കുന്നു’’ (ക്വുർആൻ 3:33).
2. ഇഹലോകത്തും പരലോകത്തും ഉന്നതസ്ഥാനം നൽകി ആദരിച്ചു:
“ഇഹലോകത്ത് അദ്ദേഹത്തിന് നാം നൻമ നൽകുകയും ചെയ്തിരിക്കുന്നു. പരലോകത്താകട്ടെ തീർച്ചയായും അദ്ദേഹം സദ്‌വൃത്തരുടെ കൂട്ടത്തിലായിരിക്കും’’ (16:122).
“സ്വന്തം ആത്മാവിനെ മൂഢമാക്കിയവനല്ലാതെ മറ്റാരാണ് ഇബ്‌റാഹീമിന്റെ മാർഗത്തോട് വിമുഖത കാണിക്കുക? ഇഹലോകത്തിൽ അദ്ദേഹത്തെ നാം വിശിഷ്ടനായി തെരഞ്ഞെടുത്തിരിക്കുന്നു. പരലോകത്ത് അദ്ദേഹം സജ്ജനങ്ങളുടെ കൂട്ടത്തിൽ തന്നെയായിരിക്കും’’ (2:130).
3. സത്യസന്ധനായ പ്രവാചകൻ:
വേദഗ്രന്ഥത്തിൽ ഇബ്‌റാഹീമിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീർച്ചയായും അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു’’ (19:41).
4. ലോകത്തിന്റെ നേതാവായി നിശ്ചയിച്ചു:
“ഇബ്‌റാഹീമിനെ അദ്ദേഹത്തിന്റെ രക്ഷിതാവ് ചില കൽപനകൾകൊണ്ട് പരീക്ഷിക്കുകയും, അദ്ദേഹമത് നിറവേറ്റുകയും ചെയ്ത കാര്യവും (നിങ്ങൾ അനുസ്മരിക്കുക). അല്ലാഹു (അപ്പോൾ) അദ്ദേഹത്തോട് പറഞ്ഞു: ഞാൻ നിന്നെ മനുഷ്യർക്ക് നേതാവാക്കുകയാണ്. ഇബ്‌റാഹീം പറഞ്ഞു: എന്റെ സന്തതികളിൽപ്പെട്ടവരെയും (നേതാക്കളാക്കണമേ). അല്ലാഹു പറഞ്ഞു: (ശരി; പക്ഷേ) എന്റെ ഈ നിശ്ചയം അതിക്രമകാരികൾക്ക് ബാധകമായിരിക്കുകയില്ല’’ (2:124).
5. അല്ലാഹു തന്റെ കൂട്ടുകാരനായി സ്വീകരിച്ചു:

“സദ്‌വൃത്തനായിക്കൊണ്ട് തന്റെ മുഖത്തെ അല്ലാഹുവിന് കീഴ്‌പെടുത്തുകയും നേർമാർഗത്തിലുറച്ച് നിന്നുകൊണ്ട് ഇബ്‌റാഹീമിന്റെ മാർഗത്തെ പിന്തുടരുകയും ചെയ്തവനെക്കാൾ ഉത്തമ മതക്കാരൻ ആരുണ്ട്? അല്ലാഹു ഇബ്‌റാഹീമിനെ സുഹൃത്തായി സ്വീകരിച്ചിരിക്കുന്നു’’ (4:125).
6. ഉത്തമ മാതൃക:
“നിങ്ങൾക്ക് ഇബ്‌റാഹീമിലും അദ്ദേഹത്തിന്റെ കൂടെയുള്ളവരിലും ഉത്തമമായ ഒരു മാതൃക ഉണ്ടായിട്ടുണ്ട്. അവർ തങ്ങളുടെ ജനതയോട് ഇപ്രകാരം പറഞ്ഞ സന്ദർഭം: ‘നിങ്ങളുമായും അല്ലാഹുവിന് പുറമെ നിങ്ങൾ ആരാധിക്കുന്നവയുമായുള്ള ബന്ധത്തിൽനിന്നു തീർച്ചയായും ഞങ്ങൾ ഒഴിവായവരാകുന്നു. നിങ്ങളിൽ ഞങ്ങൾ അവിശ്വസിച്ചിരിക്കുന്നു. നിങ്ങൾ അല്ലാഹുവിൽ മാത്രം വിശ്വസിക്കുന്നതുവരെ എന്നെന്നേക്കുമായി ഞങ്ങളും നിങ്ങളും തമ്മിൽ ശത്രുതയും വിദ്വേഷവും പ്രകടമാവുകയും ചെയ്തിരിക്കുന്നു. തീർച്ചയായും ഞാൻ താങ്കൾക്കുവേണ്ടി പാപമോചനം തേടാം. താങ്കൾക്ക് വേണ്ടി അല്ലാഹുവിങ്കൽനിന്ന് യാതൊന്നും എനിക്ക് അധീനപ്പെടുത്താനാവില്ല എന്ന് ഇബ്‌റാഹീം തന്റെ പിതാവിനോട് പറഞ്ഞ വാക്കൊഴികെ. (അവർ ഇപ്രകാരം പ്രാർഥിച്ചിരുന്നു:) ഞങ്ങളുടെ രക്ഷിതാവേ, നിന്റെ മേൽ ഞങ്ങൾ ഭരമേൽപിക്കുകയും നിങ്കലേക്ക് ഞങ്ങൾ മടങ്ങുകയും ചെയ്തിരിക്കുന്നു. നിങ്കലേക്കുതന്നെയാണ് തിരിച്ചുവരവ്’’ (60:4).
7. അല്ലാഹുവിന്ന് സമ്പൂർണമായി കീഴ്‌പെട്ടു:
“തീർച്ചയായും ഇബ്‌റാഹീം അല്ലാഹുവിന്ന് കീഴ്‌പെട്ട് ജീവിക്കുന്ന, നേർവഴിയിൽ (വ്യതിചലിക്കാതെ) നിലകൊള്ളുന്ന ഒരു സമുദായം തന്നെയായിരുന്നു. അദ്ദേഹം ബഹുദൈവവാദികളിൽ പെട്ടവനായിരുന്നില്ല’’ (16:120).
ഈ വചനത്തിലുള്ള ‘ഉമ്മത്ത്’ എന്ന പദത്തിനാണ് ഇവിടെ ‘സമുദായം’ എന്ന അർഥം നൽകിയിട്ടുള്ളത്. ‘മാതൃക’ എന്നാണ് അതിന്റെ ഉദ്ദേശ്യാർഥമെന്ന് ക്വുർആൻ വ്യാഖ്യാതിക്കളിൽ പലരും പറഞ്ഞതായി കാണാം. അദ്ദേഹം ഒരു സമുദായം ചെയ്യുന്ന കാര്യങ്ങൾ ഒറ്റക്ക് ചെയ്ത മഹാനാണെന്നതിൽ സംശയമില്ല താനും.
“നീ കീഴ്പെടുക എന്ന് അദ്ദേഹത്തിന്റെ രക്ഷിതാവ് അദ്ദേഹത്തോട് പറഞ്ഞപ്പോൾ സർവലോകരക്ഷിതാവിന്ന് ഞാനിതാ കീഴ്‌പെട്ടിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു’’ (2:131).
8. സഹന ശീലം, അനുകമ്പ, പശ്ചാത്താപ മനസ്സ്:
“തീർച്ചയായും ഇബ്‌റാഹീം സഹനശീലനും ഏറെ അനുകമ്പയുള്ളവനും പശ്ചാത്താപമുള്ളവനും തന്നെയാണ്’’(11:75).
9. സവിശേഷമായ വിവേകവും അറിവും നൽകപ്പെട്ട മഹാൻ:
“മുമ്പ് ഇബ്‌റാഹീമിന് തന്റെതായ വിവേകം നാം നൽകുകയുണ്ടായി. അദ്ദേഹത്തെപ്പറ്റി നമുക്കറിയാമായിരുന്നു’’ (21:51).
“അദ്ദേഹം തന്റെ പിതാവിനോട് പറഞ്ഞത് ഇപ്രകാരമാണ്: എന്റെ പിതാവേ, തീർച്ചയായും താങ്കൾക്ക് വന്നുകിട്ടിയിട്ടില്ലാത്ത അറിവ് എനിക്ക് വന്നുകിട്ടിയിട്ടുണ്ട്. ആകയാൽ താങ്കൾ എന്നെ പിന്തടരൂ. ഞാൻ താങ്കൾക്ക് ശരിയായ മാർഗം കാണിച്ചുതരാം’’ (19:43).
10. കടമകൾ നിറവേറ്റിയ മഹാൻ:
“(കടമകൾ) നിറവേറ്റിയ ഇബ്‌റാഹീമിന്റെയും’’ (53:37).
“ഇബ്‌റാഹീമിനെ അദ്ദേഹത്തിന്റെ രക്ഷിതാവ് ചില കൽപനകൾകൊണ്ട് പരീക്ഷിക്കുകയും അദ്ദേഹമത് നിറവേറ്റുകയും ചെയ്തകാര്യവും (നിങ്ങൾ അനുസ്മരിക്കുക)...’’ (2:124).
11. അല്ലാഹു സൽകീർത്തി നൽകി ആദരിച്ചു:
“പിൽക്കാലക്കാരിൽ അദ്ദേഹത്തിന്റെ (ഇബ്‌റാഹീമിന്റെ) സൽകീർത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു’’ (37:108).
12. അല്ലാഹുവിന്റെ സമാധാനാശംസ:
“ഇബ്‌റാഹീമിന് സമാധാനം!’’ (37:109).
13. ബഹുദൈവ വിശ്വാസം തൊട്ടുതീണ്ടാത്ത ശുദ്ധമനസ്‌കൻ:
“ഇബ്‌റാഹീം യഹൂദനോ ക്രിസ്ത്യനോ ആയിരുന്നില്ല. എന്നാൽ അദ്ദേഹം ശുദ്ധമനഃസ്ഥിതിക്കാരനും (അല്ലാഹുവിന്ന്) കീഴ്‌പെട്ടവനും ആയിരുന്നു. അദ്ദേഹം ബഹുദൈവാരാധകരിൽ പെട്ടവനായിരുന്നിട്ടുമില്ല’’ (3:67).
14. നന്ദിയുള്ള ദാസൻ:
“അവന്റെ (അല്ലാഹുവിന്റെ) അനുഗ്രഹങ്ങൾക്ക് നന്ദികാണിക്കുന്നവനായിരുന്നു അദ്ദേഹം. അദ്ദേഹത്തെ അവൻ തെരഞ്ഞെടുക്കുകയും നേരായ പാതയിലേക്ക് നയിക്കുകയും ചെയ്തു’’ (16:120,121).
15. ഇബ്‌റാഹീം നബി(അ)യുടെ മാർഗം പിൻപറ്റാൻ അല്ലാഹു കൽപിക്കുന്നു:
“(നബിയേ,) പറയുക: അല്ലാഹു സത്യം പറഞ്ഞിരിക്കുന്നു. ആകയാൽ ശുദ്ധമനസ്‌കനായ ഇബ്രാഹീമിന്റെ മാർഗം നിങ്ങൾ പിന്തുടരുക. അദ്ദേഹം ബഹുദൈവാരാധകരുടെ കൂട്ടത്തിലായിരുന്നില്ല’’ (3:95).
ഇബ്‌റാഹീം നബി(അ)യുടെ മഹത്ത്വം വ്യക്തമാക്കുന്ന പ്രവാചക വചനങ്ങളും നമുക്ക് കാണാവുന്നതാണ്. ആ മഹാപ്രവാചകന്റെ മില്ലത്ത് (മാർഗം) പിൻപറ്റുന്ന സദ്‌വൃത്തരിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ.

