ദമ്പതിമാരുടെ ശ്രദ്ധയ്ക്ക്
റോഷൻ പുനലൂർ
2025 ജൂൺ 28, 1447 മുഹറം 02

ദർശനവും സ്പർശനവും നിഷിദ്ധമായ സ്ത്രീ-പുരുഷന്മാർ, വിവാഹമെന്ന പവിത്രമായ കരാറിലേർപ്പെടുന്നതിലൂടെ വിശുദ്ധി നിറഞ്ഞ കുടുംബ ജീവിതത്തിന് ശിലയിടുകയാണ്. അതോടെ അവർ ഇണയും തുണയുമായി.
പരസ്പരപൂരകങ്ങളായ ഇണകൾക്കിടയിലുള്ള കടപ്പാടുകളെക്കുറിച്ച് ബോധവാന്മാരാവൽ അനിവാര്യമാണ്. കൂടുക, ഒരുമിക്കുക എന്നൊക്കെയാണ് ‘നികാഹ്’ എന്ന പദത്തിന്റെ ഭാഷാർഥം. അറിയപ്പെട്ട പദങ്ങൾമുഖേന നടത്തുന്നതും ലൈംഗികബന്ധം അനുവദനീയമാക്കുന്നതുമായ കരാറിനാണ് മതപരമായി നികാഹ് എന്നു പറയുന്നത്.
സന്താനപരമ്പര നിലനിർത്തുക, ജീവിതവിശുദ്ധി പാലിക്കുക എന്നിവയ്ക്ക് വിവാഹം ആവശ്യമാണെന്നതാണ് അത് സുന്നത്താകാനുള്ള കാരണം. പ്രവാചകൻﷺ പറഞ്ഞു: “ഒരാൾ ഒരു സ്ത്രീയെ വിവാഹം ചെയ്താൽ മതത്തിന്റെ പകുതി അവൻ പൂർത്തിയാക്കി. ബാക്കിയുള്ള പകുതിയിൽ അവൻ അല്ലാഹുവിനെ സൂക്ഷിച്ചുകൊള്ളട്ടെ’’ (ഹാകിം).
ഭാര്യക്കും ഭർത്താവിനുമുള്ള പ്രധാനപ്പെട്ട നാലു ബാധ്യതകൾ കർമശാസ്ത്ര പണ്ഡിതന്മാർ വിവരിക്കുന്നത് ഇപ്രകാരമാണ്:
ഭാര്യയുടെ ബാധ്യതകൾ
ഒന്ന്) ഭർത്താവിന് വഴിപ്പെടുക: ഇസ്‌ലാം അനുവദിച്ച കാര്യങ്ങളിലെല്ലാം ഭാര്യ തന്റെ ഇണയെ അനുസരിക്കണം. ഒരു സ്ത്രീക്ക് തന്റെ ഭർത്താവിനോടുള്ള ബാധ്യതകളുടെ ഗൗരവം ഹദീസുകളിൽനിന്നും ശരിക്കും വ്യക്തമാണ്. പ്രവാചകൻﷺ പറഞ്ഞു: “ഒരാൾ മറ്റൊരാൾക്ക് സുജൂദ് ചെയ്യണമെന്ന് ഞാൻ കൽപിക്കുകയാണെങ്കിൽ ഭർത്താവിന് സുജൂദ് ചെയ്യണമെന്ന് ഭാര്യയോട് കൽപിക്കുമായിരുന്നു’’ (അബൂ ദാവൂദ്).
ആഇശ(റ) പറയുന്നു: “ഞാൻ നബിﷺയോടു ചോദിച്ചു: ‘സ്ത്രീക്ക് ഏറ്റവും ബാധ്യത മനുഷ്യരിൽ ആരോടാണ്?’ പ്രവാചകൻ ﷺ പറഞ്ഞു: ‘ഭർത്താവിനോട്.’ ഞാൻ ചോദിച്ചു: ‘പുരുഷന് ആരോടാണ്?’ പ്രവാചകൻﷺ പറഞ്ഞു: ‘ഉമ്മയോട്’’ (ഹാകിം).
രണ്ട്) ഭർത്താവിനോട് നല്ല നിലയിൽ വർത്തിക്കുക: ഭർത്താവിന് കീഴിൽ അനുസരണപൂർവം ഗൃഹ ഭരണം നടത്തി അദ്ദേഹത്തിന്റെ പൊരുത്തം സമ്പാദിക്കാൻ ഭാര്യക്കു സാധിക്കണം. പ്രവാചകൻﷺ പറഞ്ഞു: ഭർത്താവ് തന്റെ ഇണയുമായി പൊരുത്തത്തിലും തൃപ്തിയിലും ജീവിച്ചുകൊണ്ടിരിക്കെ അവൾ മരണപ്പെട്ടാൽ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ് (തുർമുദി).
മൂന്ന്) ശാരീരിക ബന്ധത്തിന് അനുവദിക്കുക: അകാരണമായി ഇതിന് വഴങ്ങാതിരിക്കുന്നത് കുറ്റകരമാണ്. സ്വന്തം ഇണയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ സ്വദക്വയുടെ പുണ്യമുണ്ടെന്ന് പ്രവാചകൻﷺ പറഞ്ഞപ്പോൾ ചില സ്വഹാബിമാർ ചോദിച്ചു: ‘വികാരശമനാർഥം ഒരാൾ ചെയ്യുന്ന പ്രവൃത്തിക്ക് പ്രതിഫലമോ?’ പ്രവാചകൻﷺ തിരിച്ചു ചോദിച്ചു: ‘വികാരശമനാർഥം ഒരാൾ അനുവദനീയമല്ലാത്ത സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ അത് കുറ്റകരമാകില്ലേ?’ (മുസ്‌ലിം).
നിഷിദ്ധമായ രീതിയിൽ ഒരു കാര്യം ചെയ്യുമ്പോൾ കുറ്റമുണ്ടെങ്കിൽ അനുവദനീയമായ രീതിയിൽ അത് ചെയ്യുമ്പോൾ പ്രതിഫലമുണ്ടാകുമെന്നാണ് പ്രവാചകൻ ﷺ ഇവിടെ പഠിപ്പിക്കുന്നത്.
നാല്) ഉത്തരവാദിത്തബോധത്തോടെയുള്ള ഗൃഹഭരണം. പ്രവാചകൻﷺ പറഞ്ഞു: “സ്ത്രീ അവളുടെ ഭർത്താവിന്റെ വീട്ടിലെ ഭരണാധികാരിയാണ്. ഭരണത്തെക്കുറിച്ച് അവൾ ചോദ്യം ചെയ്യപ്പെടും’’ (ബുഖാരി).
പ്രവാചകൻﷺ പറഞ്ഞു: “അല്ലാഹുവിനോടുള്ള തക്വ്‌വ കരസ്ഥമാക്കിയതിനു ശേഷം, ഇനി പറയുന്ന സൽഗുണങ്ങളുള്ള സ്വാലിഹത്തായ ഭാര്യയെക്കാൾ ഉത്തമമായ മറ്റൊന്നും ഒരു സത്യവിശ്വാസി സമ്പാദിച്ചിട്ടില്ല; അവൾ കൽപിച്ചാൽ അനുസരിക്കും, നോക്കിയാൽ സന്തോഷിപ്പിക്കും, അവളോടവൻ വല്ലതും സത്യം ചെയ്തു പറഞ്ഞാൽ പൂർണമായും നടപ്പാക്കും, ഭർത്താവിന്റെ അഭാവത്തിൽ സമ്പത്തിലും സ്വശരീരത്തിലും അവൾ ഭർത്താവിനോടു ഗുണകാംക്ഷയുള്ളവളായിരിക്കും’’ (ഇബ്‌നു മാജ).
പ്രവാചകൻﷺ പറഞ്ഞു: ഒരു സ്ത്രീ അഞ്ചുനേരം നമസ്‌കരിക്കുകയും റമദാൻ മാസത്തിൽ നോമ്പനുഷ്ഠിക്കുകയും തന്റെ സ്വകാര്യസ്ഥാനത്തെ സൂക്ഷിക്കുകയും ഭർത്താവിന് വഴിപ്പെടുകയും ചെയ്താൽ സ്വർഗത്തിൽ ഏതു കവാടത്തിലൂടെയാണോ പ്രവേശിക്കാൻ ഉദ്ദേശിക്കുന്നത് അതിലൂടെ പ്രവേശിക്കുക എന്ന് അവളോട് പറയപ്പെടും’’ (ത്വബ്‌റാനി).
ഭർത്താവിന്റെ ബാധ്യതകൾ
ഒന്ന്) ഭാര്യയോട് നല്ല നിലയിൽ വർത്തിക്കുക: സന്തോഷകരമായ ദാമ്പത്യജീവിതത്തിന് ഇത് അത്യാവശ്യമാണ്. അല്ലാഹു പറയുന്നു: “ഭാര്യമാരോട് നിങ്ങൾ നല്ല നിലയിൽ വർത്തിക്കുക.’’
കുടുംബ നാഥൻ എന്ന പദവി പുരുഷന് മാത്രമുള്ളതാണ്. ദീർഘദൃഷ്ടി, ക്ഷമ തുടങ്ങിയ പല കാര്യങ്ങളിലും സ്ത്രീ പുരുഷന്റെ പിന്നിലാണ്. അതുകൊണ്ടുതന്നെ, അവളുടെ സ്വഭാവത്തിൽ അവധാനതക്കുറവ് കാണും. അത് പെട്ടെന്ന് മാറ്റിയെടുക്കാൻ കഴിയില്ല. ഭാര്യയോട് തോന്നുന്ന വെറുപ്പ് അവഗണിച്ചു ജീവിക്കാൻ ശ്രമിക്കണമെന്ന് പ്രവാചകൻﷺ പറഞ്ഞു: “ഒരു സത്യവിശ്വാസി (ഭർത്താവ്) സത്യവിശ്വാസിനി(ഭാര്യ)യോട് ദേഷ്യപ്പെടരുത്. അവളിൽനിന്ന് ഒരു സ്വഭാവം അവൻ വെറുത്താൽ മറ്റൊരു സ്വഭാവം അവൻ ഇഷ്ടപ്പെടും’’ (മുസ്‌ലിം).
ഇഷ്ടപ്പെടാത്ത ഒരു സ്വഭാവം ഭാര്യയിൽ കാണപ്പെടുമ്പോഴേക്കും ദേഷ്യപ്പെട്ട് എടുത്തുചാടരുതെന്നും ഇഷ്ടപ്പെടുന്ന മറ്റു സ്വഭാവങ്ങൾ അവളിൽ ഉണ്ടെന്നത് ഓർക്കണമെന്നുമാണ് ഈ ഹദീസ് നമ്മെ പഠിപ്പിക്കുന്നത്.
രണ്ട്) മഹ്ർ നൽകൽ: മഹ്ർ സ്ത്രീയുടെ അവകാശമാണ്. ഇതു ലഭിച്ചില്ലെങ്കിൽ ശാരീരിക ബന്ധത്തിന് വഴങ്ങൽ നിർബന്ധമില്ല. മഹ്ർ ഒഴിവാക്കിക്കൊടുക്കാനുള്ള അവകാശവും ഭാര്യക്കുണ്ട്; പ്രായപൂർത്തിയും കാര്യബോധവും ഉണ്ടെങ്കിൽ.
മൂന്ന്) ഒന്നിലധികം ഭാര്യമാരുണ്ടെങ്കിൽ അവർക്കിടയിൽ തുല്യനീതി പുലർത്തുക: ഒരു ഭാര്യയുടെ അടുത്തു കഴിച്ചുകൂട്ടുന്ന അത്രയും സമയം മറ്റേ ഭാര്യയുടെ അടുത്തും കഴിച്ചുകൂട്ടണം. ഇതു ഭർത്താവിന് നിർബന്ധമാണ്. അടിസ്ഥാന സമയത്ത് താമസിക്കുന്നതേ ഇവിടെ പരിഗണിക്കൂ. ഒരാളുടെ ജോലി പകലിലാണെങ്കിൽ അയാളുടെ അടിസ്ഥാന സമയം രാത്രിയാണ്. അഥവാ, അവൻ പകലിൽ താമസിക്കുന്ന കാര്യത്തിൽ തുല്യമാക്കൽ നിർബന്ധമില്ല. നീതി പുലർത്താൻ കഴിയാത്തവൻ ഒരു ഭാര്യയെക്കൊണ്ട് മതിയാക്കുകയാണ് വേണ്ടത്.
നാല്) ഭാര്യക്ക് ചെലവിന് കൊടുക്കൽ: ഇതിന്റെ മഹത്ത്വം പറയുന്ന നബിവചനങ്ങൾ കാണാവുന്നതാണ്. ചെലവിന് കൊടുക്കുക എന്നതിൽ ഭക്ഷണം മാത്രമല്ല, വസ്ത്രവും നിർബന്ധമാകും. ഭക്ഷണം പാകം ചെയ്യാനുള്ള ഉപകരണങ്ങളും ശുചീകരണ സാമഗ്രികളും മറ്റു ഗൃഹോപകരണങ്ങളും ഭാര്യക്കു നൽകൽ നിർബന്ധമാണെന്ന് കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ വിവരിക്കുന്നതു കാണാം.
