മുഖത്തെ തെളിച്ചത്താൽ തിരിച്ചറിയപ്പെടുന്നവർ
ഹാശിം വി.എം
2025 നവംബർ 29, 1447 ജമാദുൽ ആഖിർ 08

തന്റെ ഉത്തമ സൃഷ്ടികളായ മനുഷ്യർക്ക് മാർഗദർശനമായാണ് അല്ലാഹു വിശുദ്ധ ക്വുർആൻ അവതരിപ്പിച്ചത്. അവർക്ക് ഇസ്‌ലാം അനുസരിച്ച് ജീവിച്ച് മാതൃക കാണിക്കാനാണ് അന്തിമ ദൂതനെ നിയോഗിച്ചത്. ക്വുർആനിന്റെ വെളിച്ചത്തിൽ, റസൂലിന്റെ മാതൃക പിൻപറ്റി ജീവിച്ച് അല്ലാഹുവിന്റെ ഇഷ്ട ദാസന്മാരായി മാറലും അങ്ങനെ സ്വർഗ പ്രവേശനം നേടലുമായിരിക്കണം വിശ്വാസികളുടെ ജീവിത ലക്ഷ്യം. പ്രതികൂലസാഹചര്യങ്ങളിൽനിന്നും ഒഴിഞ്ഞുമാറി നന്മയുടെ മാർഗത്തിൽ ചരിക്കുവാൻ അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം കൂടിയേ തീരൂ.
അല്ലാഹുവിന്റെയും റസൂലിന്റെയും കൽപനകളെ ധിക്കരിച്ച് ജീവിക്കുന്നവരും അനുസരിച്ച് ജീവിക്കുന്നവരും മനുഷ്യരിലുണ്ട്. അനുസരിച്ച് ജീവിക്കുന്നവർ അല്ലാഹുവിന്റെ പ്രത്യേകമായ അനുഗ്രഹം ലഭിച്ചവരാണ്.
വിശ്വാസികൾക്കും ധിക്കാരികൾക്കും അന്ത്യനാളിലുണ്ടാകുന്ന ചില അവസ്ഥാവിശേഷങ്ങൾ ക്വുർആൻ പറഞ്ഞുതരുന്നത് കാണുക:
“ചില മുഖങ്ങൾ വെളുക്കുകയും ചില മുഖങ്ങൾ കറുക്കുകയും ചെയ്യുന്ന ഒരു ദിവസത്തിൽ. എന്നാൽ മുഖങ്ങൾ കറുത്തുപോയവരോട് പറയപ്പെടും: വിശ്വാസം സ്വീകരിച്ചതിന് ശേഷം നിങ്ങൾ അവിശ്വസിക്കുകയല്ലേ ചെയ്തത്? എങ്കിൽ നിങ്ങൾ അവിശ്വാസം സ്വീകരിച്ചതിന്റെ ഫലമായി ശിക്ഷ അനുഭവിച്ചുകൊള്ളുക’’ (ആലു ഇംറാൻ: 106).
“കുറ്റവാളികൾ അവരുടെ അടയാളം കൊണ്ട് തിരിച്ചറിയപ്പെടും. എന്നിട്ട് (അവരുടെ) കുടുമകളിലും പാദങ്ങളിലും പിടിക്കപ്പെടും’’ (അർറഹ്‌മാൻ: 41).
“...അല്ലാഹുവിങ്കൽ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട് അവർ കുമ്പിട്ടും സാഷ്ടാംഗം ചെയ്തും നമസ്‌കരിക്കുന്നതായി നിനക്ക് കാണാം. സുജൂദിന്റെ ഫലമായി അവരുടെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്...’’ (അൽഫത്ഹ്: 29)
അവരുടെ മുഖങ്ങളിൽ സുജൂദിന്റെ ഫലമായി അടയാളമുണ്ട് എന്നതിന്റെ താൽപര്യം നമസ്‌കാര്ത്തഴമ്പല്ല എന്ന് മിക്ക ക്വുർആൻ വ്യാഖ്യാതാക്കളും പറയുന്നു. വിശ്വാസം ഉൾക്കൊണ്ട് സൽകർമങ്ങൾ അനുഷ്ഠിക്കുമ്പോൾ അവരുടെ മുഖത്ത് കാണപ്പെടുന്ന സന്തോഷത്തിന്റെയും സംതൃപ്തിയുടെയും തെളിച്ചമാണത്. (വിനീതനായ ഒരാളുടെയും അഹങ്കാരിയുടെയും മുഖഭാവം നമുക്ക് മനസ്സിലാക്കാൻ കഴിയാറുണ്ടല്ലോ). കാരുണ്യവാനായ അല്ലാഹു സന്മാർഗം കൊണ്ട് അനുഗ്രഹിച്ചവർക്ക് ഇഹലോകത്ത് നൽകുന്ന ആദരവാണത്.
പരലോകത്ത് വുദൂഇന്റെ അവയവങ്ങൾ പ്രകാശിക്കുന്ന അവസ്ഥയിലാണ് സത്യവിശ്വാസികൾ ഹാജറാക്കപ്പെടുക. വുദൂഇന്റെ അവയവങ്ങളുടെ (മുഖം, കൈകാലുകൾ) തെളിച്ചം മൂലം നബിﷺ തന്റെ അനുയായികളെ മനസ്സിലാക്കുകയും അവർക്ക് സ്വന്തം കൈകൊണ്ട് ഹൗദുൽ കൗസറിൽനിന്നും വെള്ളം കോരിക്കൊടുക്കുകയും ചെയ്യും. എന്നാൽ ഒരു വിഭാഗം അതിൽനിന്നും തടയപ്പെടും. അതിനു കാരണം അവർ മതത്തിൽ പുതുനിർമിതികൾ (ബിദ്അത്തുകൾ) ഉണ്ടാക്കിയവരാണ് എന്നതാണ്.
നബിﷺ പറഞ്ഞു: ‘എന്റെ ഉമ്മത്ത് മുഴുവൻ സ്വർഗത്തിൽ പ്രവേശിക്കുന്നവരാണ്; വിസമ്മതിച്ചവരൊഴികെ.’ സ്വഹാബികൾ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, ആരാണ് വിസമ്മതിക്കുന്നത്?’ നബിﷺ പറഞ്ഞു: ‘ആർ എന്നെ അനുസരിച്ചുവോ അവർ സ്വർഗത്തിൽ പ്രവേശിക്കും. ആർ എന്നോട് അനുസരണക്കേട് കാണിക്കുന്നുവോ അവരാണ് വിസമ്മതിച്ചത്’ (ബുഖാരി).
