തുള്ളൽകൊണ്ട് ലഹരിയുടെ തള്ളൽ നിൽക്കുമോ?

അബ്ദുൽ മാലിക് സലഫി

2025 ജൂലൈ 05, 1447 മുഹറം 09

സുംബാ ഡാൻസ് വിവാദമായിരിക്കുന്നു!

പൊതുവിദ്യാലയങ്ങൾ പരീക്ഷണ ശാലകളല്ല. ഒരു വിഭാഗത്തിന്റെ ആശയങ്ങളെ വിരിയിപ്പിച്ചെടുക്കുന്ന ഫാമുകളുമല്ല. വൈവിധ്യങ്ങളുടെ പൂന്തോപ്പാണ് വിദ്യാലയങ്ങൾ! വിദ്യാലയങ്ങളിൽ പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നത് സാമൂഹിക സംവാദങ്ങൾക്ക് ശേഷമാവണം. ഒരു ചർച്ചയും ഈ വിഷയത്തിൽ നടന്നതായി അറിയില്ല. മതിൽ ചാടിക്കടന്ന് വല്ലതും ഒളിച്ചുകടത്തേണ്ട ഇടങ്ങളല്ല പള്ളിക്കൂടങ്ങൾ. അത് വിവാദങ്ങൾക്ക് മരുന്നിടലാണ്.

വിദ്യാഭ്യാസത്തെ ഇത്തരം അഭ്യാസങ്ങൾകൊണ്ട് ആഭാസത്തിലാക്കാതിരിക്കാൻ ഭരണകൂടം ശ്രദ്ധിക്കേണ്ടതുണ്ട്. സൂംബയോടുള്ള എതിർപ്പ് മതപരം കൂടിയാണ്.

കേരളത്തിലെ വിദ്യാർഥികളിൽ മഹാഭൂരിപക്ഷ വും മതവിശ്വാസികളാണ്. മതമില്ലാത്തവർക്ക് മതിലുകൾ ഉണ്ടാവില്ല. മതത്തിന് അതിരുണ്ട്, മതിലുണ്ട്. അവ തകർക്കാൻ ആഗ്രഹിച്ചുള്ളതെന്തും എതിർക്കപ്പെടും; സംശയമില്ല. മതരഹിത സമൂഹസൃഷ്ടിക്കുവേണ്ട വിത്തിറക്കൽ കുറച്ച് കാലമായി തകൃതിയായി നടക്കുന്നുണ്ട്. അതിനെ വൈജ്ഞാനികവും ബൗദ്ധികവുമായി നേരിടുന്നവരാണ് വിസ്ഡം പ്രവർത്തകർ. ഈ എതിർപ്പിനെ നേരിടാൻ

ത്രാണിയില്ലാതെ വരുമ്പോൾ ‘തീവ്രവാദി’ ചാപ്പ കുത്തി തോൽപിക്കാൻ ശ്രമിക്കുന്നത് വ്യാമോഹം മാത്രമാണ്. ‘ഇവർ ഏതു കാലത്താണ് ജീവിക്കുന്നത്’ എന്നാണ് ചാനലുകളിലെ ചിലർ ചോദിക്കുന്നത്!

നമുക്കും ചോദിക്കാനുള്ളത് ആ ചോദ്യം തന്നെയാണ്. പടിഞ്ഞാറിലെ പരീക്ഷണ വേസ്റ്റുകളെല്ലാം കേരളത്തിലേക്ക് തട്ടണമെന്ന് പറയുന്ന ഇവരൊക്കെ ഏതു ലോകത്താണ് ജീവിക്കുന്നത്? പടിഞ്ഞാറിനെന്താണ് പറ്റിയതെന്ന് പഠിക്കാനുള്ള സമയം,

ചാനലുകളിലെ ‘സുംബാ വ്യായാമ’ത്തിനിടക്ക് ഇവർ കണ്ടെത്തണം. പടിഞ്ഞാറിന്റെ പഴഞ്ചൻ കീറത്തുണികൾ എടുത്തണിയേണ്ട ഗതികേട് മതവിശ്വാസികൾക്കില്ല. ലഹരി വിതരണക്കാർക്കെതിരെ നിഷ്‌കപടമായി നടപടിയെടുത്താൽ ഒരു പരിധിവരെ ലഹരി തീരും! ബോധവൽക്കരണം ശക്തമാക്കുകയും ചെയ്യുക. തുള്ളൽകൊണ്ട് ലഹരിയുടെ തള്ളൽ നിൽക്കില്ല; അത് വെറും തള്ള് മാത്രം!