വിധിവിശ്വാസം-5

മുഹമ്മദ് അൽജിബാലി

2025 ആഗസ്റ്റ് 09, 1447 സഫർ 15

വിവ: മുഹമ്മദ് സിയാദ് കണ്ണൂർ

അല്ലാഹുവിന്റെ സ്ഥായിയായ ഉദ്ദേശ്യം

അല്ലാഹു തന്റെ സൃഷ്ടികളിൽ എല്ലാം ഉദ്ദേശിക്കും. അല്ലാഹു ഉദ്ദേശിക്കുന്നത് സംഭവിക്കുകതന്നെ ചെയ്യും. അവൻ ഉദ്ദേശിക്കാത്തത് ഒരിക്കലും സംഭവിക്കുകയുമില്ല. അല്ലാഹു പറയുന്നു:

“താൻ ഒരു കാര്യം ഉദ്ദേശിച്ചാൽ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രമാകുന്നു അവന്റെ കാര്യം. അപ്പോഴതാ അതുണ്ടാകുന്നു’’(യാസീൻ: 82).

നിസ്സംശയം, അല്ലാഹു ഉദ്ദേശിക്കുന്നത് അവന്റെ കഴിവുകൊണ്ട് നടപ്പിലാക്കുകതന്നെ ചെയ്യും. അവൻ ഉദ്ദേശിക്കാത്തത് നടപ്പിലാകുന്നതുമല്ല. അത് നടപ്പിലാകാത്തത് അല്ലാഹു നടപ്പിലാക്കാനുദ്ദേശിക്കാ ത്തതുകൊണ്ടാണ്. അല്ലാതെ അല്ലാഹുവിന്റെ എന്തെങ്കിലും കഴിവുകേടുകൊണ്ടല്ല.

പ്രകൃതിപ്രതിഭാസങ്ങൾ അല്ലാഹു ഉദ്ദേശിക്കുന്നു

ഗ്രഹങ്ങളുടെ ഭ്രമണം, മേഘങ്ങൾ, മഴ, കൃഷി, ജീവജാലങ്ങൾ, മനുഷ്യന്റെ ശരീരഘടന, പ്രകൃതി ദുരന്തങ്ങൾ പോലെയുള്ള പ്രതിഭാസങ്ങൾ പൂർണമായും അല്ലാഹുവിന്റെ ഉദ്ദേശത്തിന് വിധേയമാണ്. ഉദാഹരണത്തിന്, അല്ലാഹു പറയുന്നു:

“നിന്റെ രക്ഷിതാവിനെ സംബന്ധിച്ച് നീ ചിന്തിച്ചു നോക്കിയിട്ടില്ലേ; എങ്ങനെയാണ് അവൻ നിഴലിനെ നീട്ടിയത് എന്ന്? അവൻ ഉദ്ദേശിച്ചിരുന്നുവെങ്കിൽ അതിനെ അവൻ നിശ്ചലമാക്കുമായിരുന്നു’’ (അൽ ഫുർക്വാൻ: 45).

ആകാശഭൂമികളിലുള്ള സചേതനവും അചേതനവുമായ സകല ജീവജാലങ്ങളുടെയും സ്രഷ്ടാവും സംരക്ഷകനും അല്ലാഹു മാത്രമാണ്.

സാമൂഹ്യ പ്രതിഭാസങ്ങൾ അല്ലാഹു ഉദ്ദേശിക്കുന്നു

യുദ്ധവും സമാധാനവും, സ്‌നേഹവും വെറുപ്പും, ഐക്യവും അനൈക്യവും പോലെയുള്ള സാമൂഹ്യ പ്രതിഭാസങ്ങളും പൂർണമായും അല്ലാഹുവിന്റെ ഉദ്ദേശ്യത്തിന് വിധേയമാണ്. ഉദാഹരണത്തിന്, അല്ലാഹു പറയുന്നു:’’അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ അവർ പോരടിക്കുമായിരുന്നില്ല. പക്ഷേ, അല്ലാഹു താനുദ്ദേശിക്കുന്നത് ചെയ്യുന്നു’’ (അൽബക്വറ 253).

അല്ലാഹു പറയുന്നു: “അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ നിങ്ങളെ അവൻ ഒരൊറ്റ സമുദായമാക്കുമായിരുന്നു’’ (അൽമാഇദ 48).

സന്മാർഗവും ദുർമാർഗവും

സന്മാർഗത്തിന്റെയും ദുർമാർഗത്തിന്റെയും വിഷയത്തിൽ പോലും അല്ലാഹുവിന്റെ ഉദ്ദേശം നിലനിൽക്കുന്നുണ്ട്. അല്ലാഹു പറയുന്നു:’’ലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങൾ ഉദ്ദേശിക്കുകയില്ല’’ (അത്തക്‌വീർ 29).

നമ്മുടെ ഉദ്ദേശ്യം അല്ലാഹുവിന്റെ ഉദ്ദേശത്താൽ വലയം ചെയ്യപ്പെട്ടതും അതിന് വിധേയവുമാണ് എന്ന് ഈ ആയത്ത് സൂചിപ്പിക്കുന്നു.

അല്ലാഹു പറയുന്നു: “നാം അവരിലേക്ക് മലക്കുകളെ ഇറക്കുകയും, മരിച്ചവർ അവരോട് സംസാരിക്കുകയും, സർവ വസ്തുക്കളെയും നാം അവരുടെ മുമ്പാകെ കൂട്ടം കൂട്ടമായി ശേഖരിക്കുകയും ചെയ്താലും അവർ വിശ്വസിക്കാൻ പോകുന്നില്ല; അല്ലാഹു ഉദ്ദേശിച്ചെങ്കിലല്ലാതെ. എന്നാൽ അവരിൽ അധികപേരും വിവരക്കേട് പറയുകയാകുന്നു’’ (അൽഅൻആം 111).

അല്ലാഹു പറയുന്നു: “നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവർ ബധിരരും ഊമകളും ഇരുട്ടുകളിൽ അകപ്പെട്ടവരുമത്രെ. താൻ ഉദ്ദേശിക്കുന്നവരെ അല്ലാഹു വഴികേടിലാക്കും. താൻ ഉദ്ദേശിക്കുന്നവരെ അവൻ നേർമാർഗത്തിലാക്കുകയും ചെയ്യും’’ (അൽഅൻആം 39).

അല്ലാഹു പറയുന്നു: “അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ അവർ പങ്കുചേർക്കുമായിരുന്നില്ല’’ (അൽ അൻആം 107).

അല്ലാഹു പറയുന്നു:’’നിന്റെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നെങ്കിൽ ഭൂമിയിലുള്ളവരെല്ലാം ഒന്നിച്ച് വിശ്വസിക്കുമായിരുന്നു’’ (യൂനുസ് 99).

അതിനാൽ, അനുസരണമായാലും ധിക്കാരമായാലും ഒരു വ്യക്തിയുടെ കർമങ്ങളെല്ലാം അല്ലാഹുവിന്റെ പൊതുവായ ഈ ഉദ്ദേശത്തിനനുസരിച്ചാണ് സംഭവിക്കുന്നത്.

ഇതിനർഥം അല്ലാഹു അവനെ അനുസരിക്കാനോ ധിക്കരിക്കാനോ നിർബന്ധിക്കുന്നുവെന്നോ, നമുക്ക് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമില്ലെന്നോ അല്ല. നമ്മുടെ യുക്തിയും അനുഭവങ്ങളും മാത്രമല്ല, ക്വുർആനിന്റെയും സുന്നത്തിന്റെയും മൂലവാക്യങ്ങളും അത്തരം ഒരു ധാരണയെ നിരാകരിക്കുന്നു. നമുക്ക് ഇഛാസ്വാതന്ത്ര്യമില്ലായിരുന്നെങ്കിൽ, വിധിവിലക്കുകൾക്കും ദൂതന്മാരെ അയക്കുന്നതിലും മതപ്രബോധ നം നടത്തുന്നതിലും യാതൊരർഥവും ഉണ്ടാകുമായിരുന്നില്ല. (കൂടുതൽ ചർച്ച ശേഷം വരുന്നുണ്ട്).

4. എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവ് അല്ലാഹുവാണ്

അല്ലാഹു എല്ലാ വസ്തുക്കളും സൃഷ്ടിച്ചു. അവനല്ലാതെ മറ്റൊരു സ്രഷ്ടാവില്ല. അല്ലാഹു പറയുന്നു: “അല്ലാഹു എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാകുന്നു. അവൻ എല്ലാ വസ്തുക്കളുടെ മേലും കൈകാര്യ കർത്താവുമാകുന്നു’’ (അസ്സുമർ 62).

വിശ്വപ്രപഞ്ചം

അല്ലാഹു ആകാശങ്ങളെയും ഭൂമിയെയും അവയിലുള്ളതിനെയും സൃഷ്ടിച്ചു. അല്ലാഹു പറയുന്നു: “ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും, ഇരുട്ടുകളും വെളിച്ചവും ഉണ്ടാക്കുകയും ചെയ്ത അല്ലാഹുവിന്നാകുന്നു സർവ സ്തുതിയും’’ (അൽഅൻആം 1).

അല്ലാഹു പറയുന്നു: “ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവൻ അവരെപ്പോലുള്ളവരെ സൃഷ്ടിക്കാൻ കഴിവുള്ളവനല്ലേ? അതെ, അവനണ് സർവവും സൃഷ്ടിക്കുന്നവനും എല്ലാം അറിയുന്നവനും’’ (യാസീൻ 81).

അല്ലാഹു പറയുന്നു: “അവനത്രെ രാത്രി, പകൽ, സൂര്യൻ, ചന്ദ്രൻ എന്നിവയെ സൃഷ്ടിച്ചത്. ഓരോന്നും ഓരോ ഭ്രമണപഥത്തിലൂടെ നീന്തി(സഞ്ചരിച്ചു)ക്കൊണ്ടിരിക്കുന്നു’’ (അൽഅമ്പിയാഅ്: 33)

ജനങ്ങൾ

സ്രഷ്ടാവും സംരക്ഷകനും അല്ലാഹു മാത്രമാണ്. അവൻ നമ്മെ ഒരു വ്യക്തിയിൽനിന്നുമാണ് സൃഷ്ടിച്ചത് - ആദമി(അ)ൽനിന്ന്. അല്ലാഹു പറയുന്നു: “മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽനിന്ന് സൃഷ്ടിക്കുകയും അതിൽനിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ’’ (അന്നിസാഅ് 1).

ജനങ്ങളുടെ യോഗ്യതകളും കർമങ്ങളും

നമ്മുടെ ശരീരങ്ങളെ മാത്രമല്ല, നമ്മുടെ കഴിവുകളെയും ശേഷികളെയും നമ്മുടെ ബുദ്ധിയെയും നാമുമായി ബന്ധപ്പെട്ട എല്ലാറ്റിനെയും സൃഷ്ടിച്ചത് അല്ലാഹുവാണ്.

അബ്ദുല്ലാഹിബ്‌നു ഉമർ(റ) നിവേദനം, നബിﷺ പറഞ്ഞു: “എല്ലാ കാര്യങ്ങളും ഒരു ക്വദർ (നിശ്ചയം) അനുസരിച്ചാണ് സംഭവിക്കുന്നത്; കഴിവുകേടും സാമർഥ്യവും വരെ’’ (ബുഖാരി, മുസ്‌ലിം).

നാം പ്രവർത്തിക്കുന്ന നല്ലതും തിയ്യതുമായ മുഴുവൻ സംഗതികളെയും സൃഷ്ടിച്ചിട്ടുള്ളതും അല്ലാഹുവാണ്. അല്ലാഹു പറയുന്നു: “അല്ലാഹുവാണ് നിങ്ങളെയും നിങ്ങൾ നിർമിക്കുന്നവയെയും സൃഷ്ടിച്ചത്’’ (അസ്സ്വാഫാത്ത് 96).

ഹുദൈഫ(റ) നിവേദനം, നബിﷺ പറഞ്ഞു: “നിശ്ചയമായും എല്ലാ നിർമാതാക്കളെയും അവൻ നിർമിക്കുന്നതിനെയും സൃഷ്ടിച്ചത് അല്ലാഹുവാകുന്നു’’ (ബുഖാരി-’ഖൽക്വു അഫ്ആലിൽ ഇബാദ്,’ ഇബ്‌നു അബീ ആസിം- ‘അസ്സുന്ന.’ അൽബാനി ഇത് സ്വഹീഹാണെന്ന് പറഞ്ഞു-അസ്സ്വഹീഹ: 1637, അസ്സുന്ന: 357)

ജനങ്ങളുടെ പദവികളും വൈജാത്യങ്ങളും

ദിനംപ്രതി അല്ലാഹു ഉത്തരവിറക്കുകയും എല്ലാ മനുഷ്യരുടെയും ആപേക്ഷികമായ പദവികളെ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. അതിലൂടെ ചിലരെ ഉയർത്തുകയും ചിലരെ താഴ്ത്തുകയും ചെയ്യുന്നു. ഇതിനർഥം, ജനങ്ങൾ അന്നേദിവസം തങ്ങളുടെ യോഗ്യതകൾക്കനുസരിച്ച് എങ്ങനെ വ്യത്യാസപ്പെടണം എന്ന് തീരുമാനിക്കുന്നത് അല്ലാഹു മാത്രമാണ് എന്നാണ്. ഉദാഹരണമായി, ഏറ്റവും വലിയ സമ്പന്നൻ ആരാണ്, അതിനടുത്ത സമ്പന്നൻ, ഏറ്റവും ദരിദ്രൻ ആര്, തുടങ്ങിയവയെയും; ഏറ്റവും നല്ല ആരോഗ്യവാൻ ആര്, അതിനടുത്തവൻ ആര്, മുതലായവയെയും; ഏറ്റവും നല്ല സുന്ദരനാര്, അതിനടുത്തവനാര് എന്നിവയും, ഏറ്റവും വലിയ പണ്ഡിതൻ, അതിനടുത്തതാര് തുടങ്ങിയവയും അല്ലാഹുതന്നെയാണ് തീരുമാനിക്കുന്നത്.

അബൂഹുറയ്‌റ(റ) നിവേദനം, നബിﷺ പറഞ്ഞു:’’അല്ലാഹുവിന്റെ കൈ സമൃദ്ധമാണ്; ചെലവഴിക്കുന്നതുകൊണ്ട് അതൊരിക്കലും തീർന്നുപോവുകയില്ല. അവൻ രാവും പകലും ഉദാരശീലനാകുന്നു.’’ എന്നിട്ടദ്ദേഹം പറഞ്ഞു: “ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചതു മുതൽ അവൻ ചെലവഴിക്കുന്നത് നിങ്ങൾ കാണുന്നില്ലേ? അതൊന്നും അവന്റെ കൈയിലുള്ളതിനെ ചുരുക്കിക്കളഞ്ഞിട്ടില്ല. അവന്റെ അർശ് വെള്ളത്തിന്മേലായിരുന്നു. അവന്റെ കൈയിലാണ് (ക്വദറിന്റെ) തുലാസ്സ്, (ചിലരെ) ഉയർത്തുകയും (മറ്റുചിലരെ) താഴ്ത്തുകയും ചെയ്യുന്നു’’ (ബുഖാരി, മുസ്‌ലിം. പരിഭാഷയിലെ ആശയങ്ങൾ ഫത്ഹുൽ ബാരിയിൽ (7411) നിന്നും ലഭിച്ചതാണ്).

അബൂമൂസൽ അശ്അരി(റ) നിവേദനം, നബിﷺ പറഞ്ഞു: “നിശ്ചയം, അല്ലാഹു ഉറങ്ങാറില്ല; അത് അവന് യോജിച്ചതുമല്ല. അവൻ നീതി കൊണ്ട് (ചിലരെ) ഉയർത്തുകയും (മറ്റുചിലരെ) താഴ്ത്തുകയും ചെയ്യും. പകലിലെ കർമങ്ങൾ രാത്രിയിലും രാത്രിയിലെ കർമങ്ങൾ പകലിലും അവനിലേക്ക് ഉയർത്തപ്പെടുന്നു’’ (മുസ്‌ലിം)

(തുടരും)