സൃഷ്ടിപൂജ നടത്തുന്നവർ
ശമീർ മദീനി
2025 നവംബർ 15, 1447 ജമാദുൽ അവ്വൽ 24

(പിശാചിന്റെ ചതിക്കുഴികൾ-14)
ജീവൻ നൽകിയ, ആവശ്യമായ വായുവും വെള്ളവും അടക്കമുള്ള എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങൾ നിരന്തരമായി നൽകിക്കൊണ്ടിരിക്കുന്ന കാരുണ്യവാനായ സ്രഷ്ടാവിനെ വിട്ടുകൊണ്ട് പല ദുർന്യായങ്ങൾ തോന്നിപ്പിച്ചും വ്യാമോഹങ്ങൾ നൽകിയും സൃഷ്ടിപൂജ നടത്തുന്നതിലേക്ക് മനുഷ്യരെ നയിക്കുന്നു എന്നതാണ് പിശാച് ചെയ്യുന്ന ഏറ്റവും വലിയ അക്രമം. തീയും ചൂടും ലോകത്തിന് അനിവാര്യമായ ഒന്നാണെന്നും അതില്ലെങ്കിൽ ലോകത്തിന്റെ നിലനിൽപ്പുതന്നെ അവതാളത്തിലാകുമെന്നും ബോധനം നൽകിയ പിശാച് ആ ചിന്തയിൽനിന്ന് തീയിനെയും സൂര്യനെയുമൊക്കെ ആരാധിക്കുന്ന അവസ്ഥയിലേക്ക് മനുഷ്യനെ കൊണ്ടെത്തിച്ചു. സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും ആരാധിക്കുന്ന ജനവിഭാഗങ്ങൾ അങ്ങനെ മനുഷ്യകുലത്തിൽ ഉണ്ടായി.
ഇബ്‌റാഹീം നബി(അ)യുടെ ജനത അത്തരം ആരാധന നടത്തിയിരുന്നതായി വിശുദ്ധ ക്വുർആനിന്റെ പ്രസ്താവനകളിൽനിന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. അല്ലാഹു പറയുന്നു:
“അങ്ങനെ രാത്രി അദ്ദേഹത്തെ (ഇരുട്ടുകൊണ്ട്) മൂടിയപ്പോൾ അദ്ദേഹം ഒരു നക്ഷത്രം കണ്ടു. അദ്ദേഹം പറഞ്ഞു: ‘ഇതാ, എന്റെ രക്ഷിതാവ്!’ എന്നിട്ട് അത് അസ്തമിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: ‘അസ്തമിച്ച് പോകുന്നവരെ ഞാൻ ഇഷ്ടപ്പെടുന്നില്ല.’ അനന്തരം ചന്ദ്രൻ ഉദിച്ചുയരുന്നത് കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു: ‘ഇതാ എന്റെ രക്ഷിതാവ്!’ എന്നിട്ട് അതും അസ്തമിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: ‘എന്റെ രക്ഷിതാവ് എനിക്ക് നേർവഴി കാണിച്ചുതന്നില്ലെങ്കിൽ തീർച്ചയായും ഞാൻ വഴിപിഴച്ച ജനവിഭാഗത്തിൽ പെട്ടവനായിത്തീരും.’ അനന്തരം സൂര്യൻ ഉദിച്ചുയരുന്നതായി കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു: ‘ഇതാ എന്റെ രക്ഷിതാവ്! ഇതാണ് ഏറ്റവും വലുത്!’ അങ്ങനെ അതും അസ്തമിച്ചു പോയപ്പോൾ അദ്ദേഹം പറഞ്ഞു: ‘എന്റെ സമുദായമേ, നിങ്ങൾ (ദൈവത്തോട്) പങ്കുചേർക്കുന്നതിൽനിന്നെല്ലാം തീർച്ചയായും ഞാൻ ഒഴിവാകുന്നു. തീർച്ചയായും ഞാൻ നേർമാർഗത്തിൽ ഉറച്ചുനിന്നുകൊണ്ട് എന്റെ മുഖം ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനിലേക്ക് തിരിച്ചിരിക്കുന്നു. ഞാൻ ബഹുദൈവവാദികളിൽ പെട്ടവനേ അല്ല’’(6:76-79).
തീയിനെയും സൂര്യചന്ദ്രനക്ഷത്രാദികളെയുമെന്നല്ല, മലക്കുകളെയും ആരാധിക്കുന്നവർ മനുഷ്യരുടെ കൂട്ടത്തിൽ ഉണ്ടായി. മലക്കുകൾ അല്ലാഹുവിന്റെ പെൺമക്കളാണ് എന്ന് അവർ ജൽപിക്കുകയും ചെയ്തു. ക്വുർആൻ പറയുന്നു: “പരമകാരുണികന്റെ ദാസൻമാരായ മലക്കുകളെ അവർ പെണ്ണുങ്ങളാക്കിയിരിക്കുന്നു. അവരെ (മലക്കുകളെ) സൃഷ്ടിച്ചതിന് അവർ സാക്ഷ്യം വഹിച്ചിരുന്നോ? അവരുടെ സാക്ഷ്യം രേഖപ്പെടു ത്തുന്നതും അവർ ചോദ്യം ചെയ്യപ്പെടുന്നതുമാണ്. ‘പരമകാരുണികൻ ഉദ്ദേശിച്ചിരുന്നെങ്കിൽ ഞങ്ങൾ അവരെ (മലക്കുകളെ) ആരാധിക്കുമായിരുന്നില്ല’ എന്ന് അവർ പറയുകയും ചെയ്യും. അവർക്ക് അതിനെ പറ്റി യാതൊരു അറിവുമില്ല. അവർ ഊഹിച്ച് പറയുക മാത്രമാകുന്നു’’ (43:19,20).
കുതിര, പശു തുടങ്ങിയ പലതരം മൃഗങ്ങളെയും പിശാചിനെയുംവരെ ചിലർ ആരാധിച്ചു. അല്ലാഹു പറയുന്നു: “അവർ പറയും: നീ എത്ര പരിശുദ്ധൻ! നീയാണ് ഞങ്ങളുടെ രക്ഷാധികാരി; അവരല്ല. എന്നാൽ അവർ ജിന്നുകളെയായിരുന്നു ആരാധിച്ചിരുന്നത്...’’ (34:41).
“ആദം സന്തതികളേ, ഞാൻ നിങ്ങളോട് അനുശാസിച്ചിട്ടില്ലേ; നിങ്ങൾ പിശാചിനെ ആരാധിക്കരുത് (എന്ന്)? തീർച്ചയായും അവൻ നിങ്ങൾക്ക് പ്രത്യക്ഷശത്രുവാകുന്നു’’(36:60).
മൂസാ നബി(അ)യുടെ ജനതയിൽപ്പെട്ട സാമിരി പശുക്കുട്ടിയെ ഉണ്ടാക്കുകയും ആളുകൾ അതിനെ ആരാധിക്കുകയും ചെയ്ത കാര്യം ക്വുർആൻ പറയുന്നുണ്ട്: “എന്നിട്ട് അവർക്ക് അവൻ (ആ ലോഹംകൊണ്ട്) ഒരു മുക്രയിടുന്ന കാളക്കുട്ടിയുടെ രൂപം ഉണ്ടാക്കികൊടുത്തു. അപ്പോൾ അവർ (അന്യോന്യം) പറഞ്ഞു: നിങ്ങളുടെ ദൈവവും മൂസായുടെ ദൈവവും ഇതുതന്നെയാണ്. എന്നാൽ അദ്ദേഹം മറന്നുപോയിരിക്കുകയാണ്’’(20:88).
“അവർ പറഞ്ഞു: മൂസാ ഞങ്ങളുടെ അടുത്തേക്ക് മടങ്ങിവരുവോളം ഞങ്ങൾ ഇതിനുള്ള ആരാധനയിൽ നിരതരായിത്തന്നെ ഇരിക്കുന്നതാണ്’’(20:91). അതിന്റെ നിരർഥകത സൂചിപ്പിച്ചുകൊണ്ട് അല്ലാഹു പറഞ്ഞത് ഇപ്രകാരമാണ്: “മൂസായുടെ ജനത അദ്ദേഹം പോയതിനുശേഷം അവരുടെ ആഭരണങ്ങൾ കൊണ്ടുണ്ടാക്കിയ മുക്രയിടുന്ന ഒരു കാളക്കുട്ടിയുടെ സ്വരൂപത്തെ ദൈവമായി സ്വീകരിച്ചു. അതവരോട് സംസാരിക്കുകയില്ലെന്നും അവർക്ക് വഴി കാണിക്കുകയില്ലെന്നും അവർ കണ്ടില്ലേ? അതിനെ അവർ (ദൈവമായി) സ്വീകരിക്കുകയും അതോടെ അവർ അക്രമികളാവുകയും ചെയ്തിരിക്കുന്നു’’(7:148).
ഇങ്ങനെ മനുഷ്യരെക്കൊണ്ട് സൃഷ്ടിപൂജ നടത്തിക്കുവാൻ പിശാച് കണ്ടെത്തിയ കുതന്ത്രങ്ങളും വഴികേടുകളും വിവരിച്ച ശേഷം ഇബ്‌നുൽ ജൗസി(റഹി) പറയുന്നു: “ഈ ആളുകളുടെ കൂട്ടത്തിലൊന്നും തന്നെ തങ്ങളുടെ ചിന്തയെ പ്രവർത്തനക്ഷമമാക്കിയവർ ഉണ്ടായില്ല. എന്തു ചെയ്യണം, കാര്യങ്ങൾ എങ്ങനെ നിയന്ത്രിക്കണം എന്ന വിഷയത്തിൽ ബുദ്ധി ഉപയോഗിച്ചവരും അവരിൽ ഉണ്ടായില്ല. (ഹാ, കഷ്ടം!) ഇരുലോകത്തും അല്ലാഹു നമ്മെ കാത്തുരക്ഷിക്കുമാറാകട്ടെ’’ (തൽബീസു ഇബ്‌ലീസ്, പേജ് 75).
ബുദ്ധിയും ചിന്തയും വിനിയോഗിക്കാതെയും കാഴ്ചയും കേൾവിയും ഉപയോഗപ്പെടുത്താതെയും ജീവിച്ച ഇത്തരം വിഡ്ഢികളെ ക്വുർആൻ ആക്ഷേപിക്കുന്നത് കാണുക: “ജിന്നുകളിൽനിന്നും മനുഷ്യരിൽനിന്നും ധാരാളം പേരെ നാം നരകത്തിനുവേണ്ടി സൃഷ്ടിച്ചിട്ടുണ്ട്. അവർക്ക് മനസ്സുകളുണ്ട്; അതുപയോഗിച്ച് അവർ കാര്യം ഗ്രഹിക്കുകയില്ല. അവർക്കു കണ്ണുകളുണ്ട്; അതുപയോഗിച്ച് അവർ കണ്ടറിയുകയില്ല. അവർക്ക് കാതുകളുണ്ട്; അതുപയോഗിച്ച് അവർ കേട്ടു മനസ്സിലാക്കുകയില്ല. അവർ കാലികളെപ്പോലെയാകുന്നു. അല്ല; അവരാണ് കൂടുതൽ പിഴച്ചവർ. അവർതന്നെയാണ് ശ്രദ്ധയില്ലാത്ത വർ’’(7:179).
ഇത്രയെല്ലാം വിവരക്കേടും അബദ്ധങ്ങളും മനുഷ്യനെക്കൊണ്ട് ചെയ്യിക്കാൻ പിശാച് ഒരുക്കിയ കെണിയാണ് അന്ധമായ അനുകരണം. തെളിവും ന്യായവും അന്വേഷിക്കാതെ മറ്റുള്ളവർ ചെയ്യുന്നത് അനുകരിക്കുന്ന ഒരുതരം ബുദ്ധിശൂന്യമായ നിലപാട്. അതാണ് പലതരം വിഡ്ഢിത്തങ്ങളിലേക്ക് മനുഷ്യരെ എത്തിച്ചതും എത്തിക്കുന്നതും.
അല്ലാഹു പറയുന്നു: “അല്ലാഹു അവതരിപ്പിച്ചത് നിങ്ങൾ പിൻപറ്റി ജീവിക്കുക എന്ന് അവരോട് ആരെങ്കിലും പറഞ്ഞാൽ; അല്ല, ഞങ്ങളുടെ പിതാക്കൾ സ്വീകരിച്ചതായി കണ്ടതേ ഞങ്ങൾ പിൻ പറ്റുകയുള്ളൂ എന്നായിരിക്കും അവർ പറയുന്നത്. അവരുടെ പിതാക്കൾ യാതൊന്നും ചിന്തിച്ച് മനസ്സിലാക്കാത്തവരും നേർവഴി കണ്ടെത്താത്തവരുമായിരുന്നെങ്കിൽ പോലും (അവരെ പിൻ പറ്റുകയാണോ?)’’ (2:170).
(5:104, 10:78, 31:21 എന്നീ ആയത്തുകളിലും ഇക്കാര്യം പറയുന്നുണ്ട്). അല്ലാഹു നമ്മെയെല്ലാം കാത്തു രക്ഷിക്കുമാറാകട്ടെ.
