വിധിവിശ്വാസം 6
മുഹമ്മദ് അൽജിബാലി
2025 ആഗസ്റ്റ് 23, 1447 സഫർ 29

വിവ: മുഹമ്മദ് സിയാദ് കണ്ണൂർ
നന്മയുടെയും തിന്മയുടെയും നിർവചനം
നന്മതിന്മകളെ സംബന്ധിച്ച് താഴെ പറയും പ്രകാരം നിർവചിക്കാവുന്നതാണ്:
1. നന്മ: ആനന്ദവും ആത്മസംതൃപ്തിയുമുണ്ടാക്കുന്നതും മനുഷ്യപ്രകൃതിയുമായി യോജിക്കുന്നതുമായ എല്ലാ കാര്യങ്ങളും
2. തിന്മ: അസന്തുഷ്ടിയും ഉപദ്രവവുമുണ്ടാക്കുന്നതും മനുഷ്യപ്രകൃതിക്ക് എതിര് നിൽക്കുന്നതുമായ എല്ലാ കാര്യങ്ങളും.
അല്ലാഹുവാണ് സകല വസ്തുക്കളെയും സൃഷ്ടിച്ചതെന്ന് നാം മനസ്സിലാക്കി. അല്ലാഹുവിന്റെ സൃഷ്ടികളിൽ കാണുന്ന തിന്മകളും ഇതിൽ ഉൾപ്പെടും. അതിന്റെയർഥം പരമമായ നന്മയുടെ ഉടമയും അത്യുദാത്തനുമായ അല്ലാഹു തിന്മയെ സൃഷ്ടിക്കുന്നു എന്നാണോ? പല ആളുകളെയും കുഴക്കിയിട്ടുള്ളതും അവരെ നേർമാർഗത്തിൽനിന്നും വ്യതിചലിപ്പിച്ചതുമായ സുപ്രധാന ചോദ്യമാണ് നാം ഈ അധ്യായത്തിൽ വിശദീകരിക്കുന്നത്.
തെറ്റായ വീക്ഷണങ്ങൾ
പലരും തിന്മയുടെ സൃഷ്ടിപ്പിനെ കുറിച്ച് തെറ്റായ വീക്ഷണങ്ങൾ വെച്ചുപുലർത്തുന്നവരാണ്. അവരുടെ വീക്ഷണങ്ങളിൽ പലതും താഴെ കാണുന്ന രൂപത്തിലാണ്:
1. ഒരു വിഭാഗം വാദിക്കുന്നത് അല്ലാഹു തിന്മയെ സൃഷ്ടിക്കാൻ സാധ്യതയില്ലെന്നാണ്; അതിനർഥം തിന്മ അല്ലാഹു അല്ലാത്ത മറ്റാരോ സൃഷ്ടിച്ചതായിരിക്കാമെന്ന്. അതാകട്ടെ, വ്യക്തമായ ശിർക്കാണ്. കാരണം നന്മക്കും തിന്മക്കുമായി രണ്ട് വ്യത്യസ്ത സ്രഷ്ടാക്കളെ സങ്കൽപിക്കലാണത്.
2. മറ്റൊരു വിഭാഗം വാദിക്കുന്നത് അല്ലാഹു ഈ ലോകത്തെയും അതിലെ ചരാചരങ്ങളെയും സൃഷ്ടിച്ച ശേഷം അവയെ പരിപാലിക്കാതെ തനിയെ വിട്ടിരിക്കുന്നു എന്നാണ്. സൃഷ്ടിപ്പിന് ശേഷം വന്നുഭവിക്കുന്ന ഏതെങ്കിലും തിന്മ അല്ലാഹുവിന്റെ ചെയ്തിയിൽ പെട്ടതല്ല എന്നാണവരുടെ വിശ്വാസം. ഈ വിഭാഗവും ആദ്യവിഭാഗത്തെപ്പോലെ രണ്ട് സ്രഷ്ടാക്കളെ സങ്കൽപിക്കുകയാണ് ചെയ്യുന്നത്. (മാത്രമല്ല, ലോകസൃഷ്ടിപ്പിന് ശേഷം അതിന്റെ പരിപാലനം അല്ലാഹു നിർത്തിവെച്ചു എന്ന ഗുരുതരമായ വ്യതിയാനം കൂടി ഈ വിഭാഗത്തിലുണ്ട്).
3. മൂന്നാമത്തെ വിഭാഗം വാദിക്കുന്നത് ആദ്യമുള്ളതെന്തും സൃഷ്ടിക്കാൻ അല്ലാഹുവിന് സ്വാതന്ത്ര്യമുള്ളതുകൊണ്ടുതന്നെ നന്മകളും തിന്മകളും സൃഷ്ടിക്കുന്നതും അവൻ തന്നെയാണ് എന്നാണ്. അവൻ പ്രവർത്തിക്കുന്നതിനെപ്പറ്റി ചോദ്യം ചെയ്യാവതല്ല. അങ്ങനെ ചെയ്യുന്നത് തെറ്റാണ്. കാരണം വ്യക്തമായ തിന്മ സൃഷ്ടിക്കുന്നതിൽനിന്നും അല്ലാഹു പരിശുദ്ധനാണ്.
ശരിയായ നിലപാട്
നന്മതിന്മകളെ സംബന്ധിച്ച ശരിയായ വീക്ഷണം ഉപശീർഷകങ്ങളിലൂടെ ശേഷം വിവരിക്കുന്നതാണ്. അതിന് മുമ്പ് ഒരു ഉദാഹരണം ശ്രദ്ധിക്കുക:
പെയിന്റിങ്ങിന്റെ ഉദാഹരണം: നിപുണനായ ഒരു ചിത്രകാരൻ രൂപകൽപന ചെയ്ത ഒരു വർണചിത്രം നമുക്ക് സങ്കൽപിക്കാം. അകലെ നിന്ന് നോക്കിയാൽ അത് സുന്ദരവും കുറ്റമറ്റതുമായി നാം കാണും. നാം അതിന്റെ പകിട്ടിൽ ആകൃഷ്ടരാവുകയും വിവിധ വർണങ്ങൾ ഇണങ്ങിച്ചേരുന്ന അതിന്റെ സൗകുമാര്യതയിൽ നമുക്ക് മതിപ്പ് തോന്നുകയും ചെയ്യും. അത് മൊത്തത്തിൽ സുന്ദരമാണെന്ന് നാം അഭിപ്രായപ്പെടും.
എന്നാൽ സൂക്ഷ്മ നിരീക്ഷകനായ ഒരാൾ അതേ വർണചിത്രത്തെ കണിശമായി പരിശോധിക്കുന്നുവെന്നിരിക്കട്ടെ. അയാൾ പറയും; ‘എന്തിനാണ് ഈ ചിത്രകാരൻ ഇവിടെ ഇരുണ്ട നിറം നൽകിയത്? എന്തിനാണ് ഈ പിളർന്ന പാറക്കല്ലുകൾ വരച്ചുവെച്ചത്? വിദഗ്ധനായ ചിത്രകാരനാണെങ്കിൽ ഇതിൽ ജ്വലിക്കുന്ന നിറങ്ങളും പൂർണാകാര വസ്തുക്കളും മാത്രമേ വരയ്ക്കൂ.’’
ഈ സൂക്ഷമനിരീക്ഷകൻ ചിത്രത്തിലെ ‘ബാഹ്യതല വൈരൂപ്യം’ മാത്രമെ കാണുന്നുള്ളൂ. സകലവസ്തുക്കളും വർണങ്ങളും ഒന്നിച്ചുചേർന്ന് പൂർണസൗന്ദര്യമായിത്തീരുന്നത് കണ്ടെത്തുന്നതിൽ അയാൾ പരാജിതനാണ്. ഇരുണ്ട നിറങ്ങളാണ് ജ്വലിക്കുന്ന നിറങ്ങൾക്ക് ഊന്നൽ നൽകുന്നതെന്നും ഒരു ചിത്രം സമ്പൂർണമാകണമെങ്കിൽ അപൂർണ വസ്തുക്കൾ ആവശ്യമായി വരുമെന്നും അയാൾ മനസ്സിലാക്കിയിട്ടില്ല. അതിനാൽ, ആ വർണ ചിത്രം മൊത്തത്തിൽ മങ്ങിയതോ വൈരൂപ്യമുള്ളതോ അല്ല, മറിച്ച് ശോഭനവും ആകർഷകവുമാണ്. എന്നാൽ ചിത്രത്തിന്റെ ഭാഗികമായ നിരീക്ഷകനല്ല, അതിനെ സമ്പൂർണമായി വിലയിരുത്തുന്നവനു മാത്രമെ അവ്വിധത്തിൽ ആസ്വദിക്കാനാവൂ. ഈ ഉദാഹരണം മനസ്സിലാക്കിക്കഴിഞ്ഞാൽ അല്ലാഹുവിന്റെ സൃഷ്ടികളിലുള്ള തിന്മയുടെ സ്വഭാവത്തെക്കുറിച്ച് താഴെ വരുന്ന ചർച്ചയും മനസ്സിലാകും:
1) അല്ലാഹു മാത്രമാണ് സ്രഷ്ടാവ്
അല്ലാഹു മാത്രമാണ് സ്രഷ്ടാവെന്നകാര്യം നാം മുമ്പ് ചർച്ച ചെയ്തിരുന്നു. സൃഷ്ടിക്കപ്പെട്ടതും ഇനി സൃഷ്ടിക്കാനിരിക്കുന്നതുമായ ഏതൊരു വസ്തുവും അവന്റെ മാത്രം സൃഷ്ടിയാണ്. അവനെ കൂടാതെ മറ്റൊരു സ്രഷ്ടാവില്ല. ഉദാഹരണത്തിന്, അല്ലാഹു പറയുന്നു:
“അല്ലാഹു എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാകുന്നു. അവൻ എല്ലാവസ്തുക്കളുടെ മേലും കൈകാര്യകർത്താവുമാകുന്നു’’ (അസ്സുമർ: 62).
ദുരന്തങ്ങളുണ്ടാകുന്നത് പോലും അല്ലാഹുവിന്റെ ഉദ്ദേശ്യത്തോടും അനുമതിയോടും കൂടിയാണ്. അല്ലാഹു പറയുന്നു:
“അല്ലാഹുവിന്റെ അനുമതി പ്രകാരമല്ലാതെ യാതൊരു വിപത്തും ബാധിച്ചിട്ടില്ല. വല്ലവനും അല്ലാഹുവിൽ വിശ്വസിക്കുന്നപക്ഷം അവന്റെ ഹൃദയത്തെ അവൻ നേർവഴിയിലാക്കുന്നതാണ്. അല്ലാഹു ഏതു കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു’’ (അത്തഗാബുൻ:11).
അബൂഹുറയ്‌റ(റ) നിവേദനം, നബിﷺ പറഞ്ഞു: “നിശ്ചയം, ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും അല്ലാഹു ആറ് ദിവസങ്ങളിലായി സൃഷ്ടിച്ചു. പിന്നെ, ഏഴാമത്തെ ദിവസം അവൻ അർശിൽ ആരോഹിതനായി. ശനിയാഴ്ച മണ്ണും ഞായറാഴ്ച പർവതങ്ങളും തിങ്കളാഴ്ച സസ്യവൃക്ഷാദികളെയും ചൊവ്വാഴ്ച തിന്മയെയും (വെറുക്കപ്പെട്ടവയെയും) ബുധനാഴ്ച പ്രകാശത്തെയും വ്യാഴാഴ്ച ജന്തുജാലങ്ങളെയും വെള്ളിയാഴ്ച അസ്വ്‌റിന് ശേഷമുള്ള പകലിന്റെ അന്ത്യയാമത്തിൽ ആദമിനെയും സൃഷ്ടിച്ചു. അദ്ദേഹത്തെ ചുവപ്പും കറുപ്പും (നിറമുള്ള), നല്ലതും ചീത്തയുമായ ഭൂമിയിലെ മണ്ണുകൊണ്ട് സൃഷ്ടിക്കപ്പെട്ടതാണ്. അത് കാരണം, അല്ലാഹു മനുഷ്യനിൽനിന്നും നല്ലതിനെയും ചീത്തയെയും കൊണ്ടുവന്നു’’(മുസ്‌ലിമും നസാഇയും മറ്റും റിപ്പോർട്ട് ചെയ്തത്. ചില ഹദീസ് പണ്ഡിതന്മാർ ഇതിനെ ദുർബലമായി കണക്കാക്കി. എന്നാൽ അൽബാനി അതിനെ ഖണ്ഡിച്ചുകൊണ്ട് സ്വഹീഹാണെന്ന് ഉറപ്പുവരുത്തി (അസ്സഹീഹ:1833, മുഖ്തസർ അൽഉലുവ്വ്: 71, അൽമിശ്കാത്ത്: 5666).
ഈ ഹദീസിലെ ‘വെറുക്കപ്പെട്ടത് അഥവാ തിന്മ’ എന്നത് ദുരന്തങ്ങളെയും ഹാനികരമായ ജീവികളെയും മനുഷ്യർ വെറുക്കുകയും മോശമായി കണക്കാക്കുകയും ചെയ്യുന്ന മറ്റു പാതകങ്ങളെയുമാണ് സൂചിപ്പിക്കുന്നത്.
2. സൃഷ്ടിപ്പിനു പിന്നിൽ ഒരു യുക്തിയുണ്ട്
അല്ലാഹു സൃഷ്ടിക്കുന്ന എല്ലാ കാര്യങ്ങൾക്ക് പിന്നിലും ഒരു യുക്തിയുണ്ട്. അവൻ ഒന്നും വ്യർഥമായോ അബദ്ധത്തിലോ സൃഷ്ടിക്കുകയില്ല. അല്ലാഹു പറയുന്നു: “ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം കളിയായിക്കൊണ്ട് സൃഷ്ടിച്ചതല്ല. ശരിയായ ഉദ്ദേശ്യത്തോടു കൂടിത്തന്നെയാണ് നാം അവയെ സൃഷ്ടിച്ചത്’’ (അദ്ദുഖാൻ:38,39).
ഒരു ലക്ഷ്യമില്ലാതെയും കൃത്യമായ ആസൂത്രണമില്ലാതെയും വസ്തുക്കളെ സൃഷ്ടിക്കുന്ന ഒരു സ്രഷ്ടാവ് നമ്മുടെ ആദരവിനോ ആരാധനക്കോ അർഹനല്ല. അത്തരം അസംബന്ധങ്ങളിൽനിന്നെല്ലാം അല്ലാഹു പരിശുദ്ധനാണ്. അവൻ പറയുന്നു: “അപ്പോൾ നാം നിങ്ങളെ വൃഥാ സൃഷ്ടിച്ചതാണെന്നും നമ്മുടെ അടുക്കലേക്ക് നിങ്ങൾ മടക്കപ്പെടുകയില്ലെന്നും നിങ്ങൾ കണക്കാക്കിയിരിക്കുകയാണോ? എന്നാൽ യഥാർഥ രാജാവായ അല്ലാഹു ഉന്നതനായിരിക്കുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ല. മഹത്തായ സിംഹാസനത്തിന്റെ നാഥനാണ് അവൻ’’ (അൽമുഅ്മിനൂൻ:115,116).
സൃഷ്ടികളെ സൃഷ്ടിക്കുമ്പോൾ അല്ലാഹുവിന് അബദ്ധം പറ്റുകയോ മറവി സംഭവിക്കുകയോ ചെയ്തിട്ടില്ല. എല്ലാ കാര്യങ്ങളും ഏറ്റവും നല്ല രീതിയിൽ ആസൂത്രണം ചെയ്ത് ‘ലൗഹുൽ മഹ്ഫൂദ്വി’ൽ പൂർണമായി രേഖപ്പെടുത്തിയ ശേഷം ആസൂത്രണം ചെയ്ത രൂപത്തിൽ കൃത്യമായി സൃഷ്ടിച്ചു. അല്ലാഹു പറയുന്നു:
‘ഭൂമിയിലുള്ള ഏതൊരു ജന്തുവും, രണ്ട് ചിറകുകൾകൊണ്ട് പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലെയുള്ള ചില സമൂഹങ്ങൾ മാത്രമാകുന്നു. ഗ്രന്ഥത്തിൽ നാം യാതൊന്നും വീഴ്ച വരുത്തിയിട്ടില്ല’’ (അൽഅൻആം:38).
3. അല്ലാഹു സൃഷ്ടിക്കുന്നതെല്ലാം നല്ലതാണ്
അല്ലാഹു സൃഷ്ടിക്കുന്ന വസ്തുക്കളെല്ലാം സോദ്ദേശ്യപരവും വിശിഷ്ടവുമാണ്. അവൻ സൃഷ്ടിക്കുന്നതൊന്നും പരിപൂർണമായ തിന്മയാവുകയില്ല. അല്ലാഹു അവനെ സ്വയം വിശേഷിപ്പിക്കുന്നത് ഇപ്രകാരമാണ്:
“താൻ സൃഷ്ടിച്ച് എല്ലാ വസ്തുക്കളെയും വിശിഷ്ടമാക്കിയവനത്രെ അവൻ...’’ (അസ്സജദ: 7).
ഉദാഹരണമായി, ഒരു വ്യക്തി അസാധാരണമായ ശരീരഘടനയുള്ളവനാണെങ്കിൽ, അതിനർഥം അവന്റെ സൃഷ്ടിപ്പിൽ വൈകല്യം സംഭവിച്ചു എന്നല്ല. പ്രത്യുത, അല്ലാഹുവിന് മാത്രം അറിയാവുന്ന ഒരു ജ്ഞാനത്തിനും ഗുണത്തിനും വേണ്ടി അവനെ സൃഷ്ടിക്കാൻ അല്ലാഹു തീരുമാനിച്ചു എന്നാണ്.
അശ്ശരീദ്(റ) നിവേദനം: ഒരിക്കൽ ഒരാൾ നബിﷺയോട് ഇപ്രകാരം ആവലാതിപ്പെട്ടു: ‘കാൽമുട്ടുകൾ പരസ്പരം തൊട്ടുരുമ്മുന്ന വിധം എന്റെ കാലുകൾ വളഞ്ഞിട്ടാണ്.’ നബിﷺ അദ്ദേഹത്തിന് വിശദീകരിച്ചുകൊടുത്തു: ‘അല്ലാഹുവിന്റെ സൃഷ്ടിപ്പ് മുഴുവൻ നന്മയാണ്.’
(തുടരും)
