വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ; വഴിയും വെളിച്ചവും
പി.എൻ അബ്ദുല്ലത്വീഫ് മദനി
2025 ജനുവരി 04, 1446 റജബ് 04

ഒരു നൂറ്റാണ്ടു മുമ്പ് ഇസ്‌ലാമിെൻറ യഥാർഥ ആദർശത്തിലേക്ക് സമുദായത്തെ തിരിച്ചു വിളിച്ച മുജാഹിദ് പ്രസ്ഥാനത്തിെൻറ പിന്തുടർച്ചയാണ് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ. ഇങ്ങനെയൊരു പേരിൽ വേറിട്ടു പ്രവർത്തിക്കേണ്ടിവന്നത് തികച്ചും ന്യായമായ കാരണങ്ങളാലാണ്.
ഈ പ്രസ്ഥാനത്തിനെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്നവർ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്; ഞങ്ങൾ ജനങ്ങളോട് പറയുന്നത് മുഹമ്മദ് നബിﷺയും അനുചരന്മാരും വിശ്വസിക്കുകയും ആചരിക്കുകയും പിൻതലമുറകൾക്ക് കൈമാറുകയും ചെയ്ത അതേ ആദർശമാണ്. അതിനു വിരുദ്ധമായ എന്തെങ്കിലും ഒരു കാര്യം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ വെച്ചുപുലർത്തുന്നതായി തെളിവുസഹിതം ചൂണ്ടിക്കാണിക്കാൻ വിമർശകർക്കു സാധ്യമല്ല. അതിനു ശ്രമിക്കുന്നവർ എന്തൊക്കെയോ ജൽപിക്കുന്നു എന്നല്ലാതെ അവരുടെ പക്കൽ തെളിവൊന്നുമില്ല. വിശുദ്ധ ക്വുർആനിെൻറയോ തിരുസുന്നത്തിെൻറയോ അടിസ്ഥാനത്തിൽ ഇന്നതാണ് നിങ്ങൾക്ക് സംഭവിച്ച തെറ്റ് എന്ന് ചൂണ്ടിക്കാണിക്കാൻ വിമർശകർക്ക് സാധിക്കാറില്ല.
തൗഹീദിെൻറ വഴിയിലാണ് നമ്മൾ മുന്നോട്ടു പോകുന്നത്. എെൻറ സമുദായത്തിലെ ഒരു വിഭാഗം എപ്പോഴും സത്യത്തിെൻറ മാർഗത്തിൽ നിലകൊള്ളുന്നവരായി ഉണ്ടാകുമെന്ന പ്രവാചക വചനം വ്യക്തമാക്കുന്നത് ആ മാർഗത്തിന് അല്ലാഹുവിെൻറ സംരക്ഷണം ഉണ്ടാകുമെന്നാണ്.
ഈ തൗഹീദീ ആദർശം വളരെ ശക്തമായി പ്രബോധനം ചെയ്ത കേരളത്തിലെ പൂർവിക പണ്ഡിതന്മാരായ എംസിസി അബ്ദുറഹ്‌മാൻ മൗലവി, കെഎം മൗലവി, എൻവി അബ്ദുസ്സലാം മൗലവി, ഉണ്ണീൻ മൗലവി, പി. സെയ്ദ് മൗലവി പോലെയുള്ള അനേകം പ്രമുഖരുണ്ട്. അവരുടെയൊക്കെ പ്രസംഗങ്ങൾ നേരിൽ കേട്ട ഒരുപാട് ആളുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ആ മഹാന്മാരായ പണ്ഡിതന്മാർ അന്ന് സമൂഹത്തെ എന്തൊരു ആദർശമാണോ ഉപദേശിക്കുകയും പഠിപ്പിക്കുകയും ചെയ്തത് അതിൽനിന്ന് വ്യത്യസ്തമായ യാതൊന്നും വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷെൻറ പണ്ഡിതന്മാർ ജനങ്ങളോട് പറയുന്നില്ല. അതേ ആദർശം തന്നെയാണ് അവരുടെ എഴുത്തുകളിലും പ്രസംഗങ്ങളിലും നിറഞ്ഞുനിൽക്കുന്നത്.
തികച്ചും അനാവശ്യമായ, ഖേദകരമായ ഒരു പിളർപ്പ് 2012ൽ മുജാഹിദ് പ്രസ്ഥാനത്തിനകത്ത് ചിലർ ബോധപൂർവം ഉണ്ടാക്കി. അതിനു പിന്നിൽ ചില സ്വാർഥ താൽപര്യക്കാരുടെ ദുർബുദ്ധിയാണ് പ്രവർത്തിച്ചിട്ടുള്ളത്. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ അവർ ചില പണ്ഡിതന്മാരുടെ മേൽ ഉന്നയിക്കുകയായിരുന്നു. ചില ഗുണകാംക്ഷികളായ ആളുകൾ പറയാറുണ്ട്; എല്ലാ പ്രസ്ഥാനങ്ങളും പിളർന്നാലും മുജാഹിദ് പ്രസ്ഥാനം ഇങ്ങനെ പിളർപ്പുകൾക്ക് വിധേയമാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല എന്ന്. കാരണം അതിന് വളരെ തെളിമയാർന്ന ആദർശമുണ്ട്.
അല്ലാഹു മാത്രമാണ് ആരാധനക്ക് അർഹൻ, അവനോടല്ലാതെ മറ്റാരോടും വിളിച്ച് പ്രാർഥിക്കുവാൻ പാടില്ല. അഭൗതികമായ മാർഗത്തിൽ നമുക്ക് രക്ഷാശിക്ഷകൾ നൽകാൻ അവനു മാത്രമെ സാധിക്കുകയുള്ളൂ. അവനോട് മാത്രം വിളിച്ചു പ്രാർഥിച്ചാലേ കാര്യമുള്ളൂ. ഇത് നാഴികക്ക് നാൽപതുവട്ടം ആവർത്തിച്ച് പറഞ്ഞാലും നിങ്ങൾ ജിന്നിനോട് പ്രാർഥിക്കുന്നവരാണ്, ജിന്നുകളെ വിളിച്ച് തേടുന്നവരാണ് എന്ന് നിരന്തരം ചിലർ ആരോപിച്ചുകൊണ്ടിരിക്കുകയാണ്.
ഈ ആരോപണം അടിസ്ഥാനരഹിതമാണ്, കളവാണ്. അത് ദുരുദ്ദേശപരമാണ്. നമ്മുടെ കൂട്ടത്തിലുള്ള ഒരാളും അല്ലാഹുവല്ലാത്ത ആരെയും വിളിച്ച് പ്രാർഥിക്കുന്നില്ല. സാധാരണക്കാരുടെയിടയിൽ തെറ്റുധാരണയുണ്ടാക്കാനായി ചിലർ കളവുകൾ ആവർത്തിച്ചുകൊ ണ്ടേയിരുന്നതിനാൽ നമ്മൾ അതിനു മറുപടി പറയാൻ നിർബന്ധിതരായി. എന്തിനാണ് നിങ്ങൾ പണ്ഡിതന്മാർ ഒരു റൂമിലിരുന്ന് ചർച്ച ചെയ്തു പരിഹരിക്കേണ്ട വിഷയങ്ങൾ സമൂഹമധ്യത്തിലേക്ക് ഇട്ടുകൊടുത്ത് പ്രബോധനരംഗം വഷളാക്കുന്നത് എന്ന് ചോദിക്കുന്നവർ ഇത് മനസ്സിലാക്കേണ്ടതുണ്ട്.
പണ്ടും ചില വിഷയങ്ങളിൽ പണ്ഡിതന്മാർക്കിടയിൽ വീക്ഷണവ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. ആ ഭിന്നതകൾ അവർക്കിടയിലുള്ള ഐക്യത്തിെൻറയോ ബന്ധത്തിെൻറയോ നൂലിഴകൾക്ക് യാതൊരു ദൗർബല്യവും സംഭവിക്കാതെ അവർ പരി ഹരിക്കാൻ ശ്രമിച്ചിട്ടുമുണ്ട്. ചില വിഷയങ്ങളിൽ ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യയുടെ അഭിപ്രായം തന്നെയാണ് ശൈഖ് മുഹമ്മദ് ഇബ്‌നു അബ്ദുൽ വഹ്ഹാബിനുള്ളത് എന്ന് പറയാൻ പറ്റില്ല. ചില കാര്യങ്ങളിൽ അവർക്കിടയിൽ ചില അഭിപ്രായ ഭിന്നതകൾ ഉണ്ടാവും. സലഫി മൻഹജിൽ നിലകൊണ്ട ആ മഹാന്മാരൊക്കെ കാത്തുസൂക്ഷിച്ച പരസ്പര ബഹുമാനത്തിെൻറയും ഐക്യത്തിെൻറയും സൗഹാർദത്തിെൻറയും അന്തരീക്ഷം തകർത്തുകൊണ്ടാണ് ഇന്ന് ചില സൂത്രശാലികളുടെ മുന്നോട്ടു പോക്ക്. അതിനു പിന്നിൽ സംഘടനാപരമായ താൽപര്യം മാത്രമാണുള്ളത്.
മർകസുദ്ദഅ്‌വ വിഭാഗം നേരത്തെ മുജാഹിദുകൾക്കെതിരിൽ ഉയർത്തിവിട്ട ശിർക്കാരോപണത്തിനെതിരെ പേജിലും സ്റ്റേജിലും നിരന്തരമായി മറുപടി പറഞ്ഞയാളുകൾ അതേ ആരോപണം യാതൊരു മാറ്റവുമില്ലാതെ അവരുടെ കൂടെ ഒന്നിച്ച് ആദർശവ്യതിയാനത്തിനെതിരെ പോരാടിയിരുന്ന ആളുകൾക്കെതിരിൽ ഉന്നയിക്കുകയാണ് ചെയ്തത്. ജനങ്ങളത് പെട്ടെന്ന് ഉൾക്കൊള്ളില്ല എന്നതിനാൽ അത് എങ്ങനെയൊക്കെ വിശ്വസിപ്പിക്കാം എന്നാണ് അവർ പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. അതിനായി, നിങ്ങൾ ഇങ്ങനെ പറയണം, അങ്ങനെ പറയണം എന്നൊക്കെ പറഞ്ഞ് നമുക്ക് ഇല്ലാത്ത വാദങ്ങൾ നമ്മുടെ മേൽ ആരോപിക്കാൻ പഠിപ്പിച്ചും ദുർവ്യാഖ്യാനങ്ങൾ നൽകാൻ പരിശീലനം നൽകിയുമൊക്കെ മുന്നോട്ടു പോകുകയാണ് അവർ.
അതൊടൊപ്പം, അല്ലാഹുവിെൻറ മതം മനുഷ്യരെ പഠിപ്പിക്കുന്ന ചില യാഥാർഥ്യങ്ങളെ തമസ്‌കരിക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്നു. ജനങ്ങൾ ഇതെല്ലാം തിരിച്ചറിയാതെ പോകുന്നുണ്ട് എന്നതിനാൽ നമ്മുടെ പണ്ഡിതന്മാർ രംഗത്തിറങ്ങി. ക്വുർആനും സുന്നത്തുമാകുന്ന പ്രമാണങ്ങൾ ഉപയോഗിച്ച് ജനങ്ങൾക്ക് കാര്യങ്ങൾ വിശദീകരിച്ചുകൊടുത്തു. തെറ്റായ വ്യാഖ്യാനങ്ങൾ തുറന്നുകാട്ടി. ഓരോ വിഷയത്തിലുമുള്ള നമ്മുടെ നിലപാട് പ്രാമാണികമാണെന്ന് നാം ജനങ്ങളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു.
അല്ലാഹു പറയുന്നു:
وَكَانَ حَقًّا عَلَيْنَا نَصْرُ ٱلْمُؤْمِنِين
‘...സത്യവിശ്വാസികളെ സഹാ
യിക്കുക എന്നത് നമ്മുടെ ബാധ്യതയായിരിക്കുന്നു.’
അത് അവൻ നിർവഹിച്ചുകൊണ്ടിരിക്കുന്നു. ‘ഒരു പണ്ഡിതനും അയാളോടൊപ്പം ഇറങ്ങിപ്പോയ നാലാളുകളും, ഇന്ന് മുളച്ചുപൊന്തിയ തവര പോലെ കൂടുതൽ വൈകാതെ ഇവരങ്ങ് അവസാനിച്ചു കൊള്ളും’ എന്നായിരുന്നു ‘പിരിച്ചുവിട്ട’വരുടെ വിശ്വാസം. എന്നാൽ സത്യത്തിെൻറ പക്ഷത്ത് ഉറച്ചുനിൽക്കുന്ന കൂട്ടായ്മയെ സർവശക്തൻ തളർത്തിയില്ല, വളർത്തുകയാണുണ്ടായത്.
പരലോക വിജയം മാത്രം ലക്ഷ്യമാക്കി ജീവിക്കുന്ന അനേകമാളുകളുടെ ത്യാഗനിർഭരമായ പ്രവർത്തന ഫലമാണ് അല്ലാഹു നൽകുന്ന സഹായം. അതു കണ്ട് വെപ്രാളപ്പെട്ടിട്ടും തകർക്കാൻ കുതന്ത്രങ്ങൾ മെനഞ്ഞിട്ടും കാര്യമില്ല. ദുർവാശി വിട്ട് സത്യത്തിലേക്കു മടങ്ങുവാൻ തയ്യാറാവുക. അനാവശ്യമായ ശത്രുതയും പകയും ഒഴിവാക്കുക. നമുക്ക് ഒരുമിച്ചു നീങ്ങുവാൻ ഒരുപാട് മേഖലകളുണ്ട്.
അല്ലാഹു പറയുന്നു:
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَطِيعُوا۟ ٱللَّهَ وَأَطِيعُوا۟ ٱلرَّسُولَ وَأُو۟لِى ٱلْأَمْرِ مِنكُمْ فَإِن تَنَٰزَعْتُمْ فِى شَىْءٍ فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ إِن كُنتُمْ تُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْءَاخِرِ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا
‘സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിെൻറ) ദൂതനെയും നിങ്ങളിൽനിന്നുള്ള കൈകാര്യ കർത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാകുകയാണെങ്കിൽ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ (അതാണ് വേണ്ടത്). അതാണ് ഉത്തമവും കൂടുതൽ നല്ല പര്യവസാനമുള്ളതും’ (ക്വുർആൻ 4:59).
ഇവിടെ ഭിന്നിപ്പുണ്ടാവുകയാണെങ്കിൽ കൈകാര്യകർത്താക്കളിലേക്ക് മടങ്ങണം എന്ന് പറഞ്ഞിട്ടില്ല; അല്ലാഹുവിലേക്കും അവെൻറ പ്രവാചകനിലേക്കും മടങ്ങുവാനാണ് പറയുന്നത്. അഥവാ ക്വുർആനിലേക്കും ഹദീസിലേക്കും മടങ്ങുക. പടച്ചവെൻറ സംരക്ഷണയുള്ള മതത്തെ പൊളിക്കാൻ ആർക്കും സാധ്യമല്ല. അത് ലോകാവസാനം വരെ നിലനിൽക്കും. കുടിലിലും കൊട്ടാരത്തിലും ഇസ്‌ലാം വ്യാപിക്കാതെ ലോകം അവസാനിക്കുകയില്ല എന്നത് മുഹമ്മദ് നബി(സ) അറിയിച്ചിട്ടുള്ള യാഥാർഥ്യമാണ്.
സമൂഹത്തിൽ സത്യമത പ്രബോധനം നമ്മൾ നടത്തിക്കൊണ്ടേയിരിക്കും. സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവർക്കിടയിൽ അനുവദനീയമായ എല്ലാ മാർഗങ്ങളു മുപയാഗിച്ച് ആത്മധൈര്യത്തോടുകൂടി, അല്ലാഹുവിൽ ഭരമേൽപിച്ചുകൊണ്ട് പ്രബോധന പ്രവർത്തനങ്ങളുമായി നാം മുന്നേറുകയാണ്. പഠിക്കുക, മനസ്സിലാക്കുക.
തയ്യാറാക്കിയത്: ഉസ്‌മാൻ പാലക്കാഴി

