മഴയുടെ സന്ദേശം

നാസിർ സ്വലാഹി

2025 ആഗസ്റ്റ് 02, 1447 സഫർ 08

ഭൂമിയിൽ ജീവന്റെ നിലനിൽപിന് ആധാരമായി വർത്തിക്കുന്ന ഘടകങ്ങളിൽ അതിപ്രധാനമായ ഒന്നാണ് മഴ. ഭൂമിയുടെ മൂന്നിൽ രണ്ടു ഭാഗവും കടലാണ്. അതിലെ ജലമാകട്ടെ ഉപ്പുരസമുള്ളതാണ്. അതുകൊണ്ടുതന്നെ തങ്ങളുടെ ജീവിതനിലനിൽപിന് കരജീവികൾക്ക് സമുദ്രജലത്തെ നേരിട്ട് ആശ്രയിക്കുവാൻ സാധ്യമല്ല. അവയ്ക്കാവശ്യം ഉപ്പു കലരാത്ത ശുദ്ധജലമാണ്. സമുദ്രത്തിലെ ഉപ്പുജലത്തെ മനുഷ്യരടക്കമുള്ള കരയിലെ ജീവജാലങ്ങൾക്ക് ഉപകാരപ്രദമാക്കുന്നതിന് വേണ്ടി സർവശക്തൻ സംവിധാനിച്ച ഒരു സംവിധാനമാണ് മഴ. മഴയില്ലെങ്കിൽ ഭൂമിയിലെ ജീവിതം അസാധ്യമാകും. കാരണം ശുദ്ധജലത്തിന്റെ മുഖ്യ സ്രോതസ്സ് മഴയാണ്. മഴയാകുന്ന അനുഗ്രഹം നമുക്ക് ലഭിക്കുമ്പോഴും ആസ്വദിക്കുമ്പോഴും ചില ചിന്തകൾ നമ്മുടെ മനസ്സിലൂടെ കടന്നുപോകേണ്ടതുണ്ട്. ക്വുർആൻ പല അധ്യായങ്ങളിലൂടെയും അത് ബോധ്യപ്പെടുത്തുന്നുണ്ട്.

മഴ ഉണ്ടാവണമെങ്കിൽ സൂര്യൻ ജ്വലിക്കണം, ആ ചൂടിൽ സമുദ്രജലം ബാഷ്പീകൃതമാവണം. അത് ഉയർന്നുപൊങ്ങണം, തണുത്തുറയണം, പെയ്തിറങ്ങണം, അതിനു ഗ്രാവിറ്റി വേണം, അന്തരീക്ഷ മർദം വേണം. അങ്ങനെ ഒന്ന് മറ്റൊന്നിനോട് ബന്ധപ്പെട്ട് കിടക്കുന്നു. ഇങ്ങനെ മഴ പെയ്യാൻ ആവശ്യമായ സംവിധാനം യാദൃച്ഛികമായി ഉണ്ടായതല്ല. അതിന്റെ പിന്നിൽ വ്യക്തമായ ആസൂത്രണമുണ്ട്. ആ ആസൂത്രകനെ നാം അറിയണം. ക്വുർആൻ നമ്മുടെ ചിന്തയെ തട്ടിയുണർത്തുന്നത് ഇങ്ങനെ:

“ഇനി, നിങ്ങൾ കുടിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങൾ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത് മേഘത്തിൽനിന്ന് ഇറക്കിയത്; അതല്ല, നാമാണോ ഇറക്കിയവൻ? നാം ഉദ്ദേശിച്ചിരുന്നുവെങ്കിൽ അത് നാം ദുഃസ്വാദുള്ള ഉപ്പുവെള്ളമാക്കുമായിരുന്നു. എന്നിരിക്കെ നിങ്ങൾ നന്ദി കാണിക്കാത്തത് എന്താണ്?’’ (56:68-70).

അതായത്, മഴ യാദൃച്ഛികമായി ഉണ്ടായിത്തുടങ്ങിയതല്ല. അതിന്റെ പിന്നിൽ നല്ല ആസൂത്രണം നടന്നിട്ടുണ്ട്. അത് മനുഷ്യരോ മറ്റു സൃഷ്ടികളോ സംവിധാനിച്ചതല്ല. അതുകൊണ്ട് ആ സംവിധായകനെ, അഥവാ പ്രപഞ്ച സ്രഷ്ടാവിനെ നാം അറിയണം. അവനോട് നാം നന്ദി കാണിക്കണം.

മഴ ലഭിക്കാതെ വരുമ്പോൾ അന്ധവിശ്വാസത്തിൽ അധിഷ്ഠിതമായ പല കാര്യങ്ങളും ചെയ്യുന്നവരുണ്ട്. ഉത്തർപ്രദേശ്, അസം, പശ്ചിമബംഗാൾ, ഒഡീസ, കർണാടക മുതലായ സംസ്ഥാനങ്ങളിൽ മഴ ലഭിക്കാനായി തവളകളെ വിവാഹം കഴിപ്പിക്കുന്ന വിചിത്രമായ ചടങ്ങ് നടക്കാറുണ്ട്.

മഴ ലഭിക്കാത്ത സന്ദർഭങ്ങളിൽ കേരളത്തിലെ മുസ്‌ലിം സമൂഹത്തിലെ ചിലയാളുകളും ഇതുപോലുള്ള അന്ധവിശ്വാസങ്ങളിൽ അഭയം തേടിയിരുന്നു. ‘മഴപെയ്യാൻ മമ്പുറത്തെ കൊടി’ എന്ന പേരിൽ സിറാജിൽ വന്ന ഒരു വാർത്ത: “വരൾച്ചകൊണ്ട് ദുരിതമനുഭവിക്കുമ്പോഴും നടപ്പ് ദീനങ്ങൾ പടർന്നു പിടിക്കുമ്പോഴും ഏറനാടിന്റെ മക്കൾ മമ്പുറത്തെ കൊടിയെടുക്കുന്നു. ആ കൊടിക്കുവേണ്ടി ഗ്രാമീണർ കാത്തിരിക്കും.’’

‘വേങ്ങര കോയപ്പാപ്പയുടെ കറാമത്ത്’ എന്ന പേരിൽ സുന്നത്ത് മാസികയിൽ എഴുതിയത് ഇങ്ങനെ വായിക്കാം: “കടുത്ത വരൾച്ച! എവിടെയും വെള്ളത്തിന്റെ ക്ഷാമം! വേങ്ങര നിവാസികളായ ഏതാനമാളുകൾ തങ്ങളെ സമീപത്തെത്തി കാര്യങ്ങൾ ധരിപ്പിച്ചു. ഓ മഴ ഇല്ല അല്ലേ എന്നുപറഞ്ഞ് മൂപ്പർ ഉടുതുണി പൊക്കി അങ്ങ് മൂത്രിച്ചു. ഇനി നിങ്ങൾ പോയിക്കൊള്ളൂ മഴ ഉടൻ ഉണ്ടാകും. ആശ്ചര്യം! അതാ വരുന്നു തകർപ്പൻ മഴ!’’ (സുന്നത്ത് മാസിക, 1995 ജനുവരി, പേജ് 17).

മഴ ലഭിക്കാതിരുന്നാൽ അല്ലാഹുവിനോട് പ്രാർഥിക്കാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അത്തരം സന്ദർഭത്തിൽ പാപമോചനം തേടി അല്ലാഹുവിലേക്ക് കൈകൾ ഉയർത്താനാണ് ക്വുർആനും സുന്നത്തും പഠിപ്പിക്കുന്നത്. നബിﷺയുടെ കാലഘട്ടത്തിൽ മഴ ലഭിക്കാതിരുന്നപ്പോൾ അവിടുന്ന് മിമ്പറിന്റെ മുകളിൽ നിന്ന് അല്ലാഹുവിനോട് പ്രാർഥിച്ചതായും മഴക്കു വേണ്ടി പ്രത്യേകം നമസ്‌കാരം നിർവഹിച്ചതായും നമുക്ക് കാണുവാൻ സാധിക്കും.

ഉമർ(റ)വിന്റെ ഭരണകാലത്ത് മഴ ലഭിക്കാതിരുന്നപ്പോൾ അബ്ബാസ് ഇബ്‌നു അബ്ദുൽ മുത്ത്വലിബിനെ ഇമാമാക്കി നമസ്‌കരിച്ചതും നമുക്കറിയാം. ആ നമസ്‌കാരത്തിൽ അദ്ദേഹം ഇങ്ങനെ പ്രാർഥിച്ചു: “അല്ലാഹുവേ, മനുഷ്യരുടെ പാപം കൊണ്ടല്ലാതെ പരീക്ഷണങ്ങൾ ഇറങ്ങുന്നില്ല. തൗബകൊണ്ടല്ലാതെ അതിൽനിന്നും മോചനവുമില്ല’’ (ഫത്ഹുൽ ബാരി).

മഴ എന്ന, അല്ലാഹുവിന്റെ കാരുണ്യം ലഭിക്കുമ്പോൾ ‘അല്ലാഹുവേ, ഉപകാരപ്രദമായ നല്ല മഴയാക്കേണമേ’ എന്നു പ്രാർഥിക്കാനും മഴ പെയ്തു കഴിഞ്ഞാൽ ‘അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും മൂലമാണ് നമുക്ക് മഴ നൽകപ്പെട്ടത്’ എന്ന് നന്ദി പറയാനും നബിﷺ കൽപിട്ടുണ്ട്.

മഴ എങ്ങനെ ഉണ്ടാകുന്നു എന്ന കാര്യം ഒരുപാട് കാലം മനുഷ്യർക്ക് തികച്ചും അജ്ഞാതമായിരുന്നു. കാലാവസ്ഥ റഡാറുകളുടെ കണ്ടുപിടിത്തത്തോടെയാണ് മഴ രൂപം കൊള്ളുന്ന വിവിധ ഘട്ടങ്ങളെ കുറിച്ച് ശാസ്ത്രത്തിന് മനസ്സിലായത്. മഴ പെയ്തിറങ്ങാൻ മൂന്നു ഘട്ടങ്ങളുണ്ട്.

1) മഴയ്ക്കാവശ്യമായ അസംസ്‌കൃത പദാർഥങ്ങൾ (നീരാവിയും മറ്റും). അവ അന്തരീക്ഷത്തിൽ ഉയരുന്നു.

2) മേഘങ്ങൾ രൂപം കൊള്ളുന്നു.

3) മഴ പെയ്തിറങ്ങുന്നു.

ഇതിലേക്കായിരിക്കാം ക്വുർആനിന്റെ ഈ സൂക്തം വിരൽ ചൂണ്ടുന്നത്: “അല്ലാഹുവാകുന്നു കാറ്റുകളെ അയക്കുന്നവൻ. എന്നിട്ട് അവ (കാറ്റുകൾ) മേഘത്തെ ഇളക്കിവിടുന്നു. എന്നിട്ട് അവൻ ഉദ്ദേശിക്കുന്ന പ്രകാരം അതിനെ ആകാശത്ത് പരത്തുന്നു. അതിനെ അവൻ പല കഷ്ണങ്ങളാക്കുകയും ചെയ്യുന്നു. അപ്പോൾ അതിനിടയിൽ നിന്ന് മഴ പുറത്തു വരുന്നതായി നിനക്ക് കാണാം. എന്നിട്ട് തന്റെ ദാസന്മാരിൽ നിന്നും താൻ ഉദ്ദേശിക്കുന്നവർക്ക് അവൻ മഴ എത്തിച്ചുകൊടുത്താൽ അവരതാ സന്തുഷ്ടരാകുന്നു’’ (30:48).

ക്വുർആൻ ഒരു ശാസ്ത്ര ഗ്രന്ഥമല്ല. ശാസ്ത്രം പഠിപ്പിക്കുക എന്നത് ക്വുർആനിന്റെ ലക്ഷ്യവുമല്ല. എന്നാൽ മനുഷ്യബുദ്ധികൊണ്ടും യുക്തികൊണ്ടും ഒരു കാലത്തും കണ്ടെത്താൻ കഴിയാത്ത ചില യാഥാർഥ്യങ്ങൾ മനുഷ്യർക്ക് മനസ്സിലാക്കാൻ സഹായിക്കുന്ന ശാസ്ത്ര സൂചനകൾ ക്വുർആനിലുണ്ട് അതിൽപെട്ട ഒന്നാണിത്.

ക്വുർആനിലെ മറ്റൊരു സൂക്തം നമുക്കിങ്ങനെ വായിക്കാം: “അപ്പോൾ അല്ലാഹുവിന്റെ കാരുണ്യത്തിന്റെ ഫലങ്ങൾ നോക്കൂ! ഭൂമി നിർജീവമായതിനു ശേഷം എങ്ങനെയാണ് അവൻ അതിന്നു ജീവൻ നൽകുന്നത്? തീർച്ചയായും അത് ചെയ്യുന്നവൻ മരിച്ചവരെ ജീവിപ്പിക്കുക തന്നെ ചെയ്യും. അവൻ ഏതു കാര്യത്തിനും കഴിവുള്ളവനത്ര’’ (30:50).

മരിച്ചവരെ വീണ്ടും ജീവിപ്പിച്ച് പരലോകത്ത് വിചാരണക്ക് കൊണ്ടുവരും എന്ന യാഥാർഥ്യം ബോധ്യപ്പെടുത്തിക്കൊടുക്കുവാൻ മനുഷ്യന് നഗ്‌നനേത്രങ്ങൾ കൊണ്ട് കാണാൻ പറ്റുന്ന വസ്തുതയെ അല്ലാഹു ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു. മഴപെയ്തതിനെ തുടർന്ന് ഭൂമി ജീവസ്സുള്ളതാവുകയും സസ്യലതാദികൾ മുളക്കുകയും ചെയ്യുന്നതുപോലെ മനുഷ്യൻ മരണമടഞ്ഞ ശേഷം അല്ലാഹു അവനെ പുനർജീവിപ്പിക്കും എന്നും ഈ സൂക്തങ്ങളിലൂടെ പഠിപ്പിക്കുന്നു.

“മേഘങ്ങൾ ഉൽപാദിപ്പിക്കുന്ന കാറ്റുകളെ നാം അയക്കുകയും എന്നിട്ട് ആകാശത്തുനിന്ന് നാം വെള്ളം ചൊരിഞ്ഞുതരികയും എന്നിട്ട് നിങ്ങൾക്ക് നാം അത് കുടിക്കുമാറാകുകയും ചെയ്തു. നിങ്ങൾക്കത് സംഭരിച്ചു വെക്കാൻ കഴിയുമായിരുന്നില്ല. തീർച്ചയായും നാം തന്നെയാണ് ജീവിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത്. (എല്ലാറ്റിന്റെയും) അനന്തരാവകാശിയും നാം തന്നെയാണ്’’ (15:22,23).

മഴക്കാറുകളെ ഒരുമിച്ചുകൂട്ടാൻ 15 കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റുകളെ അല്ലാഹു അയക്കുന്നു. അവൻ ഉദ്ദേശിക്കുന്നിടത്തേക്ക് അതിനെ വ്യാപിപ്പിക്കുന്നു. അതിനെ പല കഷ്ണ ങ്ങളാക്കുന്നു. എന്നിട്ട് അവയിൽനിന്ന് മഴ വർഷിപ്പിക്കുന്നു. അതു മുഖേന ഭൂമിയിൽ സസ്യലതാതികൾ മുളച്ചുപൊന്തുന്നു.

മരണാനന്തര ജീവിതം യാഥാർഥ്യമാണെന്നും മരിച്ചു മണ്ണടിഞ്ഞവരെ വീണ്ടും ജീവിപ്പിക്കാൻ അല്ലാഹുവിന് യാതൊരു പ്രയാസവുമില്ലെന്നു അല്ലാഹു ബോധ്യപ്പെടുത്തുകയാണ്.

അല്ലാഹു പറയുന്നു: “ആകാശത്തുനിന്ന് ഒരു തോതനുസരിച്ച്(ക്വദർ) വെള്ളം വർഷിച്ചുതരികയും ചെയ്തവൻ. എന്നിട്ട് അതുമൂലം നാം നിർജീവമായ രാജ്യത്തെ പുനർജീവിപ്പിച്ചു. അതുപോലെ തന്നെ നിങ്ങളും (മരണാനന്തരം) പുറത്തുകൊണ്ടുവരപ്പെടുന്നതാണ്’’(43:11).

സൃഷ്ടികളുടെ ആവശ്യങ്ങൾക്കും അല്ലാഹു ഉദ്ദേശിക്കുന്ന വ്യവസ്ഥകൾക്കും യോജിച്ച നിലയിൽ അവൻ മഴ വർഷിപ്പിക്കുന്നു എന്നതാണ് ‘ക്വദർ’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ സൂക്തത്തിലെ ‘ക്വദർ’ എന്നത് മഴയുടെ രണ്ടു പ്രത്യേകതകളെ കൂടി വ്യക്തമാക്കുന്നുണ്ട്. എല്ലാ കാലവർഷങ്ങളിലും ഭൂമിയിൽ പെയ്തിറങ്ങുന്ന മഴയുടെ അളവ് ഒന്നു തന്നെയാകുന്നു. ഭൂമിയിൽ നിന്ന് ഓരോ സെക്കൻഡിലും 1.35 ബില്യൺ ലിറ്റർ ജലം നീരാവിയായി അന്തരീക്ഷത്തിലേക്ക് ഉയരുന്നു. ഈ അളവ് തന്നെയാണ് ഒരു സെക്കൻഡിൽ വർഷിക്കുന്ന മഴയും എന്നാണ് ശാസ്ത്ര നിഗമനം. അതായത് ഒരു നിശ്ചിത അളവ് ജലം ഒരു സമതുലിത പരിവർത്തിയായി ആകാശത്തിനും ഭൂമിക്കും ഇടയിൽ ചുറ്റിക്കറങ്ങുന്നുവെന്ന്!

മേഘങ്ങൾ ഭൂമിയിൽനിന്ന് 1200 മീറ്റർ ഉയരത്തിലാണ്. ഇത്രയും ഉയരത്തിൽ മഴത്തുള്ളിയുടെ അത്ര വലിപ്പമുള്ള ഒരു വസ്തു ഭൂമിയിലേക്ക് വരികയാണെങ്കിൽ 500 കിലോമീറ്റർ വേഗതയിലായിയിരിക്കും. അപ്പോൾ കൃഷിയിടങ്ങളും ആവാസ കേന്ദ്രങ്ങളും വീടുകളും നശിക്കുമെന്നുമാത്രമല്ല മഴയത്ത് മനുഷ്യർക്ക് പുറത്തിറങ്ങി നടക്കണമെങ്കിൽ പ്രത്യേകം മുൻകരുതലുകൾ പോലും വേണ്ടിവരും. എന്നാൽ ഭൂമിയിലേക്ക് പതിക്കുന്ന മഴത്തുള്ളികളുടെ വേഗം 8 കി.മീ. മുതൽ10 കി.മീ. മാത്രമാണ്. ഇതിനു കാരണം മഴത്തുള്ളികൾ കൈവരിക്കുന്ന അവയുടെ പ്രത്യേക രൂപമാണ്. ഈ പ്രത്യേക രൂപത്തിലുള്ള മഴത്തുള്ളികൾ കടന്നുപോകുന്ന അന്തരീക്ഷത്തിൽ ഘർഷണം കൂടുകയും അതിവേഗത കൈവരിക്കുന്നതിൽനിന്നും അവയെ നിയന്ത്രിക്കുകയും ചെയ്യുന്നു. മഴ കടന്നുവരുന്ന അന്തരീക്ഷ പാളികളുടെ താപം പൂജ്യത്തിന് താഴെയായിരുന്നിട്ടും മഴത്തുള്ളികൾ ഹിമകണങ്ങളായി മാറുന്നില്ല എന്നത് അത്ഭുതകരം തന്നെയാണ്.

ചെറിയ തോതിലൊക്കെ കൃത്രിമ മഴ പെയ്യിക്കാൻ ശാസ്ത്രത്തിന്റെ സഹായത്തോടെ നമുക്ക് സാധിക്കും. ചൈന, യുഎഇ, അമേരിക്ക, റഷ്യ, ഇസ്രായേൽ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലും നമ്മുടെ രാജ്യത്ത് മഹാരാഷ്ട്ര, കർണാടക, ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലും കൃത്രിമ മഴ പെയ്യിച്ചിട്ടുണ്ട്. 2008ൽ കൃത്രിമ മഴ പെയ്യിക്കാൻ നമ്മുടെ സംസ്ഥാനത്തും ശ്രമം നടന്നു. അത് പരാജയപ്പെട്ടു. 2023 ൽ ഇടുക്കി ഡാം, ശബരിഗിരി, മലമ്പുഴ എന്നീ പ്രദേശങ്ങളിൽ ഐഐടി മദ്രാസിന്റെയും ഇന്ത്യൻ മെട്രോളജിക്കൽ ഡിപ്പാർട്ട്‌മെന്റിന്റെയും കീഴിൽ കൃത്രിമ മഴ പെയ്യിക്കാൻ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു. കൃത്രിമ മഴ പെയ്യിക്കാൻ മേഘങ്ങൾ ആവശ്യമാണ്. ശൂന്യമായ ആകാശത്തുനിന്ന് കൃത്രിമ മഴ പെയ്യിക്കാൻ സാധ്യമല്ല എന്ന് ശാസ്ത്രവും നമ്മോട് പറയുന്നു. ഇത് എപ്പോഴും 100% വിജയം കാണണമെന്നില്ല. അന്തരീക്ഷ സ്ഥിതിയും ഇണങ്ങുന്ന കാറ്റും ഫലത്തെ ബാധിക്കും.Silver iodide, sodiumchlorid അല്ലെങ്കിൽ ഡ്രൈ ഐസ് എന്നീ ഘടകങ്ങൾ വിമാനം വഴി വാതക മേഘങ്ങളിൽ ചേർക്കുന്നു. ഇത് മേഘങ്ങളിൽ മഞ്ഞുതുള്ളികളെ ആകർഷിക്കുകയും തൂക്കം കൂടുമ്പോൾ മഴയായി താഴേക്ക് വീഴുകയും ചെയ്യുന്നു.

“മാനത്തുനിന്ന് നാം അനുഗൃഹീതമായ വെള്ളം വർഷിക്കുകയും അങ്ങനെ അതുവഴി വിവിധയിനം തോട്ടങ്ങളും കൊയ്‌തെടുക്കാൻ പറ്റുന്ന ധാന്യങ്ങളും മുളപ്പിക്കുകയും ചെയ്യുന്നു’’ (50:9).

“ഭൂമി വരണ്ടു നിർജീവമായി കിടക്കുന്നത് നിനക്ക് കാണാം. എന്നിട്ട് അതിന്മേൽ നാം വെള്ളം ചൊരിഞ്ഞാൽ അത് ഇളകുകയും വികസിക്കുകയും കൗതുകമുള്ള എല്ലാത്തരം ചെടികളെയും അത് മുളപ്പിക്കുകയും ചെയ്യുന്നു. അതെന്തുകൊണ്ടെന്നാൽ അല്ലാഹു തന്നെയാണ് സത്യമായുള്ളവൻ. അവൻ മരിച്ചവരെ ജീവിപ്പിക്കും. അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്. അന്ത്യസമയം വരികതന്നെ ചെയ്യും. അതിൽ യാതൊരു സംശയവുമില്ല. ക്വബ്‌റുകളിൽ ഉള്ളവരെ അല്ലാഹു ഉയർത്തെഴുന്നേൽപിക്കുക തന്നെ ചെയ്യും’’ (ക്വുർആൻ 22:5-7).

കടൽ, കാറ്റ്, നീരാവി, മേഘം, മഴ എന്നിവ മുഴുവൻ അല്ലാഹുവിന് പൂർണമായി കീഴൊതുങ്ങുന്നു. അതുകൊണ്ട് നാം ആ സ്രഷ്ടാവിനെ പൂർണമായി അനുസരിച്ച് ജീവിതത്തെ ക്രമപ്പെടുത്തുക. അവന്റെ കാരുണ്യമായി മഴയെ നൽകി അനുഗ്രഹിച്ചതിന് നന്ദിചെയ്യുക.