പ്രവാചകന്മാർ ഇല്ലായിരുന്നെങ്കിൽ...!

ശമീർ മദീനി

2025 ഡിസംബർ 06, 1447 ജമാദുൽ ആഖിർ 15

(പിശാചിന്റെ ചതിക്കുഴികൾ-15)

മനുഷ്യന്റെ അറിവും ചിന്തകളും സങ്കൽപങ്ങളുമെല്ലാം വ്യത്യസ്തങ്ങളാണ്. കൃത്യമായ മാർഗനിർദേശങ്ങൾ നൽകിയിട്ടില്ലെങ്കിൽ മനുഷ്യൻ പലതരം അപചയങ്ങളിൽ അകപ്പെടും എന്നത് അറിയപ്പെട്ട സംഗതിയാണ്. അതിനാൽ കൃത്യമായ മാർഗനിർദേശങ്ങൾ നൽകിക്കൊണ്ട് അല്ലാഹു വിവിധ കാലങ്ങളിൽ വ്യത്യസ്ത സമൂഹങ്ങളിലേക്ക് പ്രവാചകന്മാരെ നിയോഗിച്ചയച്ചിട്ടുണ്ട്. നന്മയുടെ വക്താക്കൾക്ക് സന്തോഷവാർത്ത അറിയിക്കുവാനും തിന്മയുടെ ആളുകൾക്ക് താക്കീതും മുന്നറിയിപ്പും നൽകുവാനും അപ്രകാരം തന്നെ ആളുകൾക്കിടയിൽ നീതിപൂർവം തീർപ്പുകൽപിക്കുവാനുമൊ ക്കെയായിട്ടാണ് ദൂതന്മാരെ അല്ലാഹു അയച്ചത്.

അല്ലാഹു പറയുന്നു: “സന്തോഷവാർത്ത അറിയിക്കുന്നവരും താക്കീത് നൽകുന്നവരുമായ ദൂതൻമാരായിരുന്നു അവർ. ആ ദൂതൻമാർക്ക് ശേഷം ജനങ്ങൾക്ക് അല്ലാഹുവിനെതിരിൽ ഒരു ന്യായവും ഇല്ലാതിരിക്കാൻ വേണ്ടിയാണത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു’’ (4:165).

“മനുഷ്യർ ഒരൊറ്റ സമുദായമായിരുന്നു. അനന്തരം (അവർ ഭിന്നിച്ചപ്പോൾ വിശ്വാസികൾക്ക്) സന്തോഷവാർത്ത അറിയിക്കുവാനും (നിഷേധികൾക്ക്) താക്കീത് നൽകുവാനുമായി അല്ലാഹു പ്രവാചകൻമാരെ നിയോഗിച്ചു. അവർ (ജനങ്ങൾ) ഭിന്നിച്ച വിഷയത്തിൽ തീർപ്പുകൽപിക്കുവാനായി അവരുടെ കൂടെ സത്യവേദവും അവൻ അയച്ചുകൊടുത്തു...’’ (2:213).

വഹ്‌യിന്റെ അതിർവരമ്പുകൾ പാലിച്ച് പ്രവാചകൻമാർ കാണിച്ച വഴികളിലൂടെ സഞ്ചരിക്കാൻ സാധിച്ചില്ലെങ്കിൽ വലിയ അബദ്ധങ്ങളും അപകടങ്ങളും വരുത്തിവെക്കുന്ന വഴികേടിലേക്ക് പിശാച് മനുഷ്യനെ അതിവിദഗ്ധമായി കൊണ്ടുപോകും.

നമുക്ക് സങ്കൽപിക്കുവാൻ പോലും കഴിയാത്ത പലതരം ആചാരങ്ങളാണ് വിവിധ സമൂഹങ്ങളിൽ നിലനിന്നിരുന്നത്. ഇബ്‌നുൽ ജൗസി(റഹി) തന്റെ ‘തൽബീസു ഇബ്‌ലീസ്’ എന്ന ഗ്രന്ഥത്തിൽ (പേജ് 81, 82) അതിന്റെ പല ഉദാഹരണങ്ങളും വിവരിക്കുന്നുണ്ട്. ശരീര പീഡകളിലൂടെ അന്നപാനീയങ്ങളും വസ്ത്രങ്ങളും മറ്റു സുഖാസ്വാദനങ്ങളുമെല്ലാം ഉപേക്ഷിച്ച് കാടുകളിലും മരുഭൂമികളിലും ചെന്നു കിടന്ന് ഇഞ്ചിഞ്ചായി മരണം വരിക്കുന്നതിലൂടെ ‘മോക്ഷത്തിന്റെ’ വഴി തേടിപ്പോയവർ അക്കൂട്ടത്തിലുണ്ട്. അതുപോലെ വന്യജീവികൾക്കും കഴുകന്മാരെ പോലുള്ള പക്ഷികൾക്കും ഭക്ഷണമായിത്തീരാൻ വേണ്ടി കിടന്നുകൊടുത്തവരുമുണ്ട്.’’

സ്വന്തമായി തീക്കുണ്ഠാരമൊരുക്കി അതിലേക്ക് ചാടി ജീവനൊടുക്കുന്നത് മുതൽ സന്താനങ്ങളെ ദേവീദേവന്മാർക്കായി ബലികൊടുക്കുന്നതടക്കമുള്ള മനുഷ്യത്വഹീനമായ പലപല പ്രവൃത്തികളും മനുഷ്യനെക്കൊണ്ട് പിശാച് ചെയ്യിച്ചതിന്റെ വാർത്തകൾ നാം കേട്ടിട്ടുണ്ട്. ശരീര പീഡകളുടെ വ്യത്യസ്തവും വൈകൃതവും നിറഞ്ഞ പല ആചാരങ്ങളും മതമെന്ന പേരിൽ വിവിധ സമൂഹങ്ങളിൽ ഇന്നും നിലനിൽക്കുന്നത് കാണാം. ആശൂറാഇന്റെ ദിനത്തിൽ ശിയാക്കൾ കാട്ടിക്കൂട്ടുന്നതും അതിന്റെ ചുവടുപിടിച്ച് കേരളക്കരയിൽ പലയിടങ്ങളിലും നടക്കുന്ന കുത്തുറാതീബ് പോലുള്ള ആഭാസങ്ങളും ഇതിന് ഉദാഹരണങ്ങളാണ്. പ്രവാചക അധ്യാപനങ്ങൾ കയ്യൊഴിച്ച് സ്വന്തമായി ആചാരാനുഷ്ഠാനങ്ങൾ പടച്ചുണ്ടാക്കുന്നതിലൂടെ മുസ്‌ലിം സമുദായത്തിൽ വന്നുചേർന്ന അനാചാരങ്ങളും അപകടങ്ങളുമാണ് ഇതുപോലുള്ളവ.

ഭൗതികമായ പല കാര്യങ്ങളിലും അറിവും സാമർഥ്യവും ഉള്ളവരായി അറിയപ്പെട്ടിരുന്ന പലരെയും പിശാച് ഇത്തരം ആഭാസങ്ങൾ ചെയ്യിപ്പിച്ചു എന്ന് കാണുമ്പോൾ അതിൽനിന്നെല്ലാം നമ്മെ രക്ഷപ്പെടുത്തിയതിന്റെ പേരിൽ പടച്ച റബ്ബിനോട് നാം എത്രകണ്ട് നന്ദിയർപ്പിക്കേണ്ടിയിരിക്കുന്നു! അല്ലാഹുവിന് സ്തുതി!

ജീവിതത്തിന്റെ സകലമാന നന്മകളിലേക്കും വഴിതെളിച്ച പ്രവാചക ജീവിതം പഠിച്ചറിഞ്ഞ് പിൻപറ്റുവാനാണ് അല്ലാഹു നമ്മളോട് കൽപിക്കുന്നത്.

അല്ലാഹു പറയുന്നു: “ഞാനല്ലാതെ യാതൊരു ദൈവവുമില്ല; അതിനാൽ എന്നെ നിങ്ങൾ ആരാധിക്കൂ എന്ന് ബോധനം നൽകിക്കൊണ്ടല്ലാതെ നിനക്കു മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല’’ (ക്വുർആൻ 33:21).

പ്രവാചകാധ്യാപനങ്ങളിൽ സകലമാന നന്മകളും നമുക്ക് അനുവദിച്ചുതരുന്നതും മ്ലേച്ചകരമായ എല്ലാ സംഗതികളെയും വിലക്കുന്നതുമായിട്ടാണ് കാണാൻ കഴിയുക.

അല്ലാഹു പറയുന്നു: “(അതായത്) തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇൻജീലിലും രേഖപ്പെടുത്തപ്പെട്ടതായി അവർക്ക് കണ്ടെത്താൻ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ (മുഹമ്മദ് നബിയെ) പിൻപറ്റുന്നവർക്ക് (ആ കാരുണ്യം രേഖപ്പെടുത്തുന്നതാണ്). അവരോട് അദ്ദേഹം സദാചാരം കൽപിക്കുകയും ദുരാചാരത്തിൽനിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കൾ അവർക്ക് അനുവദനീയമാക്കുകയും ചീത്ത വസ്തുക്കൾ അവരുടെ മേൽ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു. അപ്പോൾ അദ്ദേഹത്തിൽ വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുണക്കുകയും സഹായിക്കുക യും അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആ പ്രകാശത്തെ പിൻപറ്റുകയും ചെയ്തവരാരോ, അവർതന്നെയാണ് വിജയികൾ’’ (7:157).

അലങ്കാരവും ആസ്വാദനവും പാടെ വിലക്കുന്നതല്ല മതത്തിന്റെ അധ്യാപനം. എന്നാൽ മിതത്വം പാലിക്കുവാൻ അവിടെയും ശ്രദ്ധിക്കണം എന്നാണ് മതം ഉപദേശിക്കുന്നത്.

“ആദം സന്തതികളേ, എല്ലാ ആരാധനാലയത്തിങ്കലും (അഥവാ എല്ലാ ആരാധനാവേളകളിലും) നിങ്ങൾക്ക് അലങ്കാരമായിട്ടുള്ള വസ്ത്രങ്ങൾ ധരിച്ചുകൊള്ളുക നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക. എന്നാൽ നിങ്ങൾ ദുർവ്യയം ചെയ്യരുത്. ദുർവ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല. (നബിയേ,) പറയുക: അല്ലാഹു അവന്റെ ദാസൻമാർക്ക് വേണ്ടി ഉൽപാദിപ്പിച്ചിട്ടുള്ള അലങ്കാര വസ്തുക്കളും വിശിഷ്ടമായ ആഹാരപദാർഥങ്ങളും നിഷിദ്ധമാക്കിയതാരാണ്? പറയുക: അവ ഐഹികജീവിതത്തിൽ സത്യവിശ്വാസികൾക്ക് അവകാശപ്പെട്ടതാണ്. ഉയിർത്തെഴുന്നേൽപിന്റെ നാളിൽ അവർക്കുമാത്രമുള്ളതുമാണ്. മനസ്സിലാക്കുന്ന ആളുകൾക്ക് വേണ്ടി അപ്രകാരം നാം തെളിവുകൾ വിശദീകരിക്കുന്നു’’ (7:31,32).

എന്നാൽ പ്രവാചകാധ്യാപനങ്ങളുടെ നേർവഴിയിൽനിന്ന് മനുഷ്യരെ വഴിതെറ്റിച്ചു കൊണ്ടുപോകാൻ പിശാച് ചെയ്തത് പ്രവാചകത്വത്തെ തന്നെ നിഷേധിക്കുന്നതിനെ അലംകൃതമായി തോന്നിപ്പിക്കുക എന്നതാണ്. മതത്തിന്റെ കൃത്യമായ അധ്യാപനങ്ങളിൽ പലതിനെയും അത്തരം വികല ചിന്തകൾ കൊണ്ട് ചോദ്യം ചെയ്യുകയും പരിഹസിക്കുകയും ചെയ്യുന്നതിലേക്ക് അത്തരക്കാരെ പിശാച് ക്രമേണ കൊണ്ടെത്തിച്ചു. അങ്ങനെ സ്രഷ്ടാവിന്റെ നേർമാർഗത്തിൽനിന്നും വളരെയധികം ആളുകളെ തടഞ്ഞുവെക്കുവാനും അവന് സാധിച്ചു. അല്ലാഹു പറയുന്നത് കാണുക:

“അല്ലാഹുവെയും അവന്റെ ദൂതനെയും നിങ്ങൾ അനുസരിക്കുകയും ചെയ്യുക. നിങ്ങൾ ഭിന്നിച്ചു പോകരുത്. എങ്കിൽ നിങ്ങൾക്ക് ധൈര്യക്ഷയം നേരിടുകയും നിങ്ങളുടെ വീര്യം (നശിച്ചു) പോകുകയും ചെയ്യും. നിങ്ങൾ ക്ഷമിക്കുക. തീർച്ചയായും അല്ലാഹു ക്ഷമാശീലരുടെ കൂടെയാകുന്നു. ഗർവോടുകൂടിയും ജനങ്ങളെ കാണിക്കാൻ വേണ്ടിയും അല്ലാഹുവിന്റെ മാർഗത്തിൽനിന്ന് (ജനങ്ങളെ) തടഞ്ഞു നിർത്താൻ വേണ്ടിയും തങ്ങളുടെ വീടുകളിൽനിന്ന് ഇറങ്ങിപ്പുറപ്പെട്ടവരെ പോലെ നിങ്ങളാകരുത്. അല്ലാഹു അവർ പ്രവർത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു’’(8:46,47).

“അതായത്, പരലോകത്തെക്കാൾ ഇഹലോകജീവിതത്തെ കൂടുതൽ സ്‌നേഹിക്കുകയും അല്ലാഹു വിന്റെ മാർഗത്തിൽനിന്ന് (ജനങ്ങളെ) പിന്തിരിപ്പിക്കുകയും അതിന് (ആ മാർഗത്തിന്) വക്രത വരുത്തുവാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരാരോ അവർക്ക്. അക്കൂട്ടർ വിദൂരമായ വഴികേടിലാകുന്നു’’(14:3).

ഈ സൂക്തങ്ങളുടെ തൊട്ടുമുമ്പും ശേഷവുമുള്ള വചനങ്ങൾ പ്രവാചകാധ്യാപനങ്ങളുടെ ആവശ്യകതയും അത് പിൻപറ്റാൻ പ്രേരിപ്പിക്കുന്നവയുമാണെന്നത് പ്രത്യേകം ശ്രദ്ധേയമാണ്.