മുഹർറം;ആത്മവിചിന്തനത്തിന്റെ പുലരികൾ

റോഷൻ പുനലൂർ

2025 ജൂൺ 21, 1446 ദുൽഹിജ്ജ 24

മുഹർറം; ഒരുപാട് ചരിത്രസംഭവങ്ങളുടെ കേദാരം. അധർമത്തിനെതിരെ പോരാടിയ വീര ചരിതങ്ങൾ... അവയിൽ വിജയിച്ചതും പരാജയപ്പെട്ടതുമുണ്ട്. സന്തോഷത്തിന്റെയും സന്താപത്തിന്റെയും താളുകളുണ്ട്. ആഹ്ലാദത്തിന്റെയും കണ്ണുനീരിന്റെയും രസങ്ങളുണ്ട്.

ചരിത്രത്തിൽ എന്നും ഇരുട്ടിന്റെ ശക്തികളുണ്ടായിട്ടുണ്ട്. അവയോട് ഏറ്റുമുട്ടാൻ വെളിച്ചത്തിന്റെ വക്താക്കളുമുണ്ടായിട്ടുണ്ട്. അതേസമയം, പ്രതികരിക്കേണ്ടിയിരിന്നിട്ടും മിണ്ടാതെ നിന്നവരെയും കാണാം. അവരെ ചരിത്രം എന്നും അവജ്ഞയോടെയാണ് ഓർക്കുന്നത്. അധർമം കാണുമ്പോൾ, സാധ്യമായ രീതിയിലെല്ലാം അതിനെ പ്രതിരോധിക്കേണ്ടവനാണ് വിശ്വാസി. ഏറ്റവും ചുരുങ്ങിയത്, മനസ്സു കൊണ്ടെങ്കിലും എതിർപ്പ് പ്രകടിപ്പിക്കുക. വിശ്വാസികളുടെ ഹൃദയങ്ങളിൽ അലയടിക്കുന്ന ധർമബോധത്തിന്റെ പ്രതിഫലനമാണത്.

ഛിദ്രതയുടെയും അസഹിഷ്‌ണുതയുടെയും ലോകത്ത് നാം നടത്തുന്ന ഒറ്റയാൾ പോരാട്ടത്തിന് പോലും അതിന്റെതായ വിലയുണ്ട്. അന്തിമവിജയം സത്യത്തിനു തന്നെയാണ് എന്നാണ് ഓരോ മുഹർറവും നമ്മോട് പറയുന്നത്. ഈ പുതുവർഷപ്പുലരിയിൽ പിന്നോട്ട് തിരിഞ്ഞ് നോക്കുമ്പോൾ, പല ആഗ്രഹങ്ങളും സ്വപ്നങ്ങളും പരിഹാസച്ചുവയോടെ നമ്മെ നോക്കി ചിരിക്കുന്നുണ്ടാവും, നിറവേറ്റാനാകാത്ത വാഗ്ദാനങ്ങൾ ഹൃദയത്തിൽ നോവു പടർത്തുന്നുണ്ടാവും. അതേസമയം, ചെയ്തു തീർക്കാനായ നന്മകളിൽ ഏറെ സംതൃപ്തിയും തോന്നാതിരിക്കില്ല. ജീവിതത്തിനുമുണ്ട് ഋതുക്കൾ, സുകൃതങ്ങളുടെ ഒരു വസന്തകാലം, പോരായ്മകൾ കടന്നുവരുന്ന ഗ്രീഷ്മം, വർഷക്കാലം പോലുള്ള ആത്മവിചിന്തനങ്ങൾ, അവസാനം ഒരു ശരത്കാലത്തിൽ ഈ ജീവിതം തന്നെ അവസാനിക്കുകയും ചെയ്യും.

കാലം തന്നെയാണ് സത്യം! എല്ലാം ഉണ്ടായിട്ടും ഒന്നും നേടിയില്ലെന്ന് തോന്നുമ്പോൾ കടന്നുപോയ നിമിഷങ്ങളെ നാം ഓർക്കുന്നു. എത്ര സുന്ദരമായി അതിനെ വരവേറ്റുവോ അത്രയും ലളിതമായി ജീവിത വിജയങ്ങൾക്ക് ഉന്മേഷം പകരുന്നു. കത്തുന്ന വെയിലേറ്റ് തളർന്ന കരിമ്പനകൾ അതിരു തീർക്കുന്ന ഓരോ കാലവും സുകൃതങ്ങൾ പെയ്‌തൊഴിയുന്ന നല്ല നാളുകൾക്ക് വഴിമാറിക്കൊടുക്കുന്നു. എത്രയോ ചെയ്തു തീർക്കേണ്ട കാര്യങ്ങൾ പാതി വഴിയിൽ ഉപേക്ഷിച്ച് അടുത്ത ലക്ഷ്യവുമായി കടന്നുപോകുന്നു. ഒന്നും ലക്ഷ്യത്തിലേക്കെത്താതെ തടയപ്പെടുന്നു.

ഒഴിവുസമയം, ആരോഗ്യം എന്നീ അനുഗ്രഹങ്ങളെക്കുറിച്ച് മിക്കയാളുകളും അശ്രദ്ധയിലാണെന്ന പ്രവാചകവചനം ഏറെ പ്രസക്തമാണ്. ഒഴിവു സമയം ഒരുപാട് ലഭിച്ചിട്ടും ഒന്നും ചെയ്യാതെ അനന്തമായ ആകാശത്തേക്ക് നോക്കി നെടുവീർപ്പിടുന്നു ചിലർ. സമയം; അത് ഒരു വാളാണ്. അതിനെ നാം വെട്ടുന്നില്ലെങ്കിൽ അത് നമ്മെത്തന്നെ വെട്ടുകയാണ് ചെയ്യുന്നത്. ജ്ഞാന സമ്പത്ത് മറ്റെന്തിനെക്കാളും വിലയേറിയതാണ്. അന്നത്തിന് പ്രയാസപ്പെടുമ്പോഴും ഒരു ഹദീസെങ്കിലും പഠിക്കാനായാലോ എന്നു കരുതി അനവധി ദൂരം സഞ്ചരിച്ച മഹത്തുക്കളുടെ പാദമുദ്രകൾ ഇന്നും മായാതെ കിടക്കുന്നുണ്ട്. വിജ്ഞാന പ്രസാരണത്തിനുവേണ്ടി രാപകലുകളില്ലാതെ യാത്ര ചെയ്ത ധീരന്മാരുടെ വിശുദ്ധിയുടെ കെടാത്ത വിളക്കുകൾ ഇന്നും വെളിച്ചം പരത്തുന്നുണ്ട്. പൂർവികർ നടന്നുതീർത്ത വഴികൾക്ക് സൗരഭ്യം ഏറെയാണ്. അതിനെ പിന്തുടർന്ന് യാത്രയാരംഭിച്ച ക്വാഫിലക്കൂട്ടങ്ങൾക്കും അതേ സൗരഭ്യമുണ്ട്.

പ്രവാചകനിൽനിന്ന് വിജ്ഞാനം നുകർന്ന അനുചരന്മാർ നാനാദിക്കുകളിലേക്ക് നീങ്ങി. അവിടങ്ങളിൽ അറിവിന്റെ തിരികൊളുത്തി. ആ വെളിച്ചത്തിൽ വിജ്ഞാനത്തിന്റെ വലിയ പാരമ്പര്യം ഉടലെടുത്തു. ആ പാരമ്പര്യത്തിന്റെ തണലിലും വെളിച്ചത്തിലും വേണം പുതുവർഷത്തിലേക്ക് കടക്കാൻ, ജീവിതയാത്രയിലെ അതിരടയാളങ്ങൾക്ക് കെട്ടുറപ്പ് പകരാൻ. പോയവർഷത്തെ ശരിതെറ്റുകളെ തിരിച്ചറിഞ്ഞ് നമുക്ക് മുന്നേറാം. ന്യൂനതകൾ പരിഹരിക്കാൻ വേണ്ട തീരുമാനങ്ങളെടുക്കാം. ഉദയം കാണാൻ ഉറക്കമൊഴിക്കുന്നവരുടെ ജീവിതവും പോരാട്ടവുമൊന്നും വെറുതെയാവില്ല. നമ്മുടെ സ്വപ്നങ്ങൾ നമ്മുടെ നിയോഗത്തിന്റെ ഭാഗമാണ്. സ്രഷ്ടാവ് നിശ്ചയിക്കുന്നത് പ്രകാരം അവ വരികയും പോകുകയും ചെയ്യും. ആ വഴി മുള്ളുകൾ നിറഞ്ഞതാണോ, മധുരമാർന്നതാണോ എന്ന് കണ്ടെത്തേണ്ടത് നമ്മുടെ നിശ്ചയങ്ങളാണ്. നമ്മുടെ കർത്തവ്യങ്ങളെല്ലാം പരമാവധി നിർവഹിക്കാം. അതിനാണല്ലോ നമ്മോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബാക്കി നാഥനിലേക്ക് വിടാം. വരുന്നതെന്തും സന്തോഷത്തോടെ സ്വീകരിക്കാം, അങ്ങനെയെങ്കിൽ അവയെല്ലാം നമുക്ക് പ്രതിഫലാർഹം തന്നെ.