വിധിവിശ്വാസം 8
മുഹമ്മദ് അൽജിബാലി
2025 സെപ്തംബർ 13, 1447 റബീഉൽ അവ്വൽ 20

വിവ: മുഹമ്മദ് സിയാദ് കണ്ണൂർ
അല്ലാഹു പറയുന്നു: “പറയുക: ആധിപത്യത്തിന്റെ ഉടമസ്ഥനായ അല്ലാഹുവേ, നീ ഉദ്ദേശിക്കുന്നവർക്ക് നീ ആധിപത്യം നൽകുന്നു. നീ ഉദ്ദേശിക്കുന്നവരിൽനിന്ന് നീ ആധിപത്യം എടുത്തുനീക്കുകയും ചെയ്യുന്നു. നീ ഉദ്ദേശിക്കുന്നവർക്ക് നീ പ്രതാപം നൽകുന്നു. നീ ഉദ്ദേശിക്കുന്നവർക്ക് നീ നിന്ദ്യത വരുത്തുകയും ചെയ്യുന്നു. നിന്റെ കൈവശമത്രെ നന്മയുള്ളത്. നിശ്ചയമായും നീ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു’’ (ആലുഇംറാൻ 26).
ജനങ്ങൾ സാധാരണയായി നല്ലതായി കാണുന്നതും (ഉദാ: ആധിപത്യം നൽകൽ, പ്രതാപം നൽകൽ) അവർ മോശമായി കാണുന്നതുമായ (ഉദാ: ആധിപത്യം എടുത്തുനീക്കൽ, നിന്ദ്യത വരുത്തൽ) ഉദാഹരണങ്ങൾ അല്ലാഹു ഈ ആയത്തിൽ നൽകുന്നു. മുഴുവൻ നന്മയും അവന്റെ കൈവശമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഈ വചനം അവസാനിപ്പിക്കുന്നത്. അതായത്, സാധാരണ നന്മയും സാധാരണ തിന്മയും ആത്യന്തികനന്മയാണെന്നാണ് സൂചിപ്പിക്കുന്നത്.
ഈ ആയത്തിനെ വ്യാഖ്യാനിച്ചുകൊണ്ട് ഇബ്‌നുൽ ക്വയ്യിം(റഹി) പറഞ്ഞു: “ലോകത്തിന്റെ മേലുള്ള പരമാധികാരം അല്ലാഹുവിന് മാത്രമാണ്. അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ പ്രതാപം നൽകുകയും അവൻ ഉദ്ദേശിക്കുന്നവരെ അവൻ നിസ്സാരമാക്കുകയും ചെയ്യുന്നു. അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.
അവൻ ഉദ്ദേശിക്കുന്നവരിൽനിന്നും കൈവശാവകാശങ്ങളെ എടുത്തുനീക്കുന്നതും അവൻ ഉദ്ദേശിക്കുന്നവരെ നിസ്സാരമാക്കുന്നതും രണ്ടു നന്മയാണ്; നഷ്ടപ്പെട്ടവന്നും നിന്ദ്യത ബാധിച്ചവന്നും അത് മോശമായി തോന്നിയേക്കാമെങ്കിലും.
അല്ലാഹുവിന്റെ പ്രവർത്തനങ്ങൾ നീതിയുടെയും കാരുണ്യത്തിന്റെയും ഇടയിലും, ജ്ഞാനത്തിന്റെയും താൽപര്യത്തിന്റെയുമിടയിലും നിലകൊള്ളുന്നവയാണ്. അവയെല്ലാം നന്മകൾ തന്നെയാണ്. അതിന് അവനെ വാഴ്ത്തുകയും സ്തുതിക്കുകയും വേണം; സകല തിന്മയിൽനിന്നും അവൻ പരിശുദ്ധനാണ് എന്നതുകൊണ്ട് നാം അവനെ വാഴ്ത്തുകയും സ്തുതിക്കുകയും ചെയ്യുന്നതു പോലെ. റസൂൽﷺ പറയാറുണ്ട്: ‘തിന്മ നിന്നിലേക്ക് ചേർക്കാവതല്ല’ (സ്വഹീഹ് മുസ്‌ലിം).
അല്ലാഹുവിന്റെ സൃഷ്ടികളിൽ ചിലതിൽ തിന്മയുണ്ട്. എങ്കിലും, അത് അവന്റെ നിർമാണത്തിലോ കർമത്തിലോ അല്ല. അവന്റെ സൃഷ്ടിപ്പ്, കർമം, ആജ്ഞാപനങ്ങൾ, അളവ് എന്നിവയെല്ലാം നന്മയാണ്. അനീതി, തിന്മ എന്നൊക്കെ പറഞ്ഞാൽ കാര്യങ്ങൾക്ക് അതിന് യോജിച്ചതല്ലാത്ത സ്ഥാനം നൽകലാണ്. അല്ലാഹു അതിൽനിന്നെല്ലാം പരിശുദ്ധനാണ്.’’(6)
ഇബ്‌നുൽ ക്വയ്യിം വീണ്ടും പറയുന്നു: “അല്ലാഹുവാണ് എല്ലാ വസ്തുക്കളും സൃഷ്ടിച്ചതെങ്കിലും അവന്റെ ഉൽകൃഷ്ടനാമങ്ങൾ അവനിലേക്ക് തിന്മ, കുറ്റകൃത്യം, അനീതി എന്നിവ ചേർത്തു പറയുന്നതിനെ തടയുന്നു. ജനങ്ങളുടെയും അവരുടെ കർമങ്ങൾ, ചലനങ്ങൾ, വാക്കുകൾ എന്നിവയുടെയും സ്രഷ്ടാവ് അവനാണ്. നികൃഷ്ടമായതോ വിലക്കപ്പെട്ടതോ ആയ കർമംകൊണ്ട് ഒരാൾ കുറ്റം, അല്ലെങ്കിൽ പാപം ചെയ്യുന്നുണ്ടാകാം. എന്നാൽ അവന് അത് ചെയ്യാനുള്ള കഴിവ് നൽകിയത് അല്ലാഹുവാണ്. കഴിവ് നൽകുകയെന്ന ഈ പ്രവൃത്തി നീതിയും ജ്ഞാനവും ഔചിത്യവുമാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഒരാൾക്ക് ചെയ്യാനുള്ള കഴിവ് നൽകുന്നത് നന്മയാണ്. എന്നാൽ ആ വ്യക്തിയുടെ ചെയ്തി തിന്മയും നികൃഷ്ടവുമാണ്. ഈ കഴിവ് നൽകുന്നതിലൂടെ, അല്ലാഹു ഒരു വസ്തുവിനെ അതിന്റെതായ സ്ഥാനത്ത് വെച്ചു. പ്രശംസനീയവും മഹത്തരവുമായ ജ്ഞാനമാണ് അതിന് പിന്നിലുള്ളത് കാരണം. ഇത് നന്മയും ജ്ഞാനവും പ്രയോജനവും പ്രദാനം ചെയ്യുന്നു; ആ വ്യക്തിയിൽ നിന്നും ഉണ്ടാവുന്നത് അവഹേളനവും കഴിവുകേടും തിന്മയുമാണെങ്കിലും.
ഇത് നിത്യജീവിതത്തിൽനിന്നും മനസ്സിലാക്കാവുന്നതേയുള്ളൂ. ഉദാഹരണത്തിന്, പരിചയ സമ്പന്നനായ ഒരു കെട്ടിടനിർമാതാവ് ഒരു മരക്കഷ്ണമോ പൊട്ടിയ കല്ലോ ഇഷ്ടികത്തുണ്ടോ അതിന് അനുയോജ്യമായ സ്ഥാനത്ത് സ്ഥാപിക്കുന്നുവെങ്കിൽ ആ പ്രവൃത്തി ശ്ലാഘനീയമാണ്- അവനുപയോഗിച്ചതിൽ എത്രതന്നെ ന്യൂനതകളുണ്ടെങ്കിലും ശരി. അതുപോലെ, മാലിന്യങ്ങൾ നിക്ഷേപിക്കുന്നിടത്ത് തന്നെ നിക്ഷേപിക്കുന്നതും വിവേകപൂർണവും ഉചിതവുമായ പ്രവർത്തനമാണ്. അതല്ല, അതിന് അനുയോജ്യമല്ലാത്ത സ്ഥലത്താണ് അവ നിക്ഷേപിക്കുന്നതെങ്കിലോ ഏറ്റവും വലിയ വിവരക്കേടും തെറ്റുമാണ്. പാദരക്ഷ കാലിൽ ധരിക്കുന്നതും ചവറ് ചവറ്റുകൊട്ടയിൽ നിക്ഷേപിക്കുന്നതും ഉചിതമാണ്. അത് ഒരിക്കലും പാദരക്ഷയോടോ ചവറിനോടോ കാണിക്കുന്ന അനീതിയല്ല. കാരണം അവ അവിടെത്തന്നെയാണ് വേണ്ടത്.’’(7)
സംക്ഷേപം
കഴിഞ്ഞുപോയ ചർച്ചയെ താഴെ കാണും വിധം നമുക്ക് സംക്ഷേപിക്കാം:
1. അല്ലാഹു മാത്രമാണ് സ്രഷ്ടാവ്.
2. അല്ലാഹു സൃഷ്ടിക്കുന്ന സകല വസ്തുക്കളിലും ജ്ഞാനമുണ്ട്.
3. അല്ലാഹു സൃഷ്ടിക്കുന്നതെല്ലാം നന്മയാണ്.
4. സൃഷ്ടികൾക്കിടയിൽ തിന്മയുണ്ട്.
5. കേവല തിന്മ എന്ന ഒന്നില്ല.
6. തിന്മ അല്ലാഹുവിലേക്ക് ചേർത്തു പറയാവതല്ല.
പിശാചിന്റെ സൃഷ്ടിപ്പിന് പിന്നിലുള്ള ജ്ഞാനം
കഴിഞ്ഞ ചർച്ചയുമായി ബന്ധപ്പെട്ട ഏറ്റവും സുപ്രധാനമായ ഒരുദാഹരണമാണ് പിശാചിന്റെ സൃഷ്ടിപ്പ്. ഇന്നുവരെയുള്ള സൃഷ്ടികളിൽ വെച്ച് ഏറ്റവും ദുഷ്ടനായ ഒരു സൃഷ്ടിയാണ് പിശാച്. അവൻ ജനങ്ങളുടെ മതത്തെയും കർമങ്ങളെയും വിശ്വാസങ്ങളെയും ഉദ്ദേശ്യങ്ങളെയും ദുഷിപ്പിക്കുന്നു. അല്ലാഹുവിന്റെ മാർഗത്തിൽനിന്നുള്ള ജനങ്ങളുടെ വ്യതിചലനത്തിന് കാരണക്കാരൻ അവനാണ്. അതിനാൽ ഒന്നാമതായി, എന്തിനാണ് അവനെ അല്ലാഹു സൃഷ്ടിച്ചത് എന്ന് മനസ്സിലാക്കണം.
അബ്ദുല്ലാഹിബ്‌നു അംറ്(റ) നിവേദനം: നബിﷺ പറഞ്ഞു: “അനുസരണക്കേട് കാണിക്കപ്പെടാതിരിക്കാൻ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ, അവൻ ഇബ്‌ലീസിനെ സൃഷ്ടിക്കുമായിരുന്നില്ല.’’(8)
അവൻ മനുഷ്യർക്കുണ്ടാക്കുന്ന ദ്രോഹങ്ങൾ വളരെ വലുതാണെങ്കിലും ശൈത്വാന്റെ സൃഷ്ടിപ്പ് കൊണ്ട് ഉപദ്രവത്തെക്കാൾ ഉപകാരമാണ് മൊത്തത്തിലുള്ളതെന്ന് മുകളിൽ കഴിഞ്ഞ ചർച്ചയിൽനിന്നും നമുക്ക് അനുമാനിക്കാവുന്നതാണ്. പിശാചിനെ സൃഷ്ടിച്ചതിന് പിന്നിലുള്ള പൂർണമായ ജ്ഞാനം അല്ലാഹുവിന് മാത്രമാണ്. എന്നാൽ അവയിൽ ചിലത് മാത്രം നമുക്ക് ഇവിടെ വീക്ഷിക്കാം:
1. ജനങ്ങളുടെ സൃഷ്ടിപ്പിനുള്ള കാരണം പിശാചിന്റെ നിലനിൽപുമായി യോജിക്കുന്നു. അത് അല്ലാഹുവിനാൽ പരീക്ഷിക്കപ്പെടുവാനും അല്ലാഹുവിനുള്ള യഥാർഥ കീഴ്‌വണക്കം കാണിക്കാനുമാണ്. അല്ലാഹുവിന്റെ മാർഗത്തിൽ കഠിനമായി പരിശ്രമിക്കുന്നതാണ് ആരാധനാ രീതികളിൽ അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായത്. എല്ലാവരും സത്യവിശ്വാസികളായിരുന്നെങ്കിൽ, ഇതിന്റെ ആവശ്യമുണ്ടാകുമായി രുന്നില്ല. അതല്ലെങ്കിൽ നന്മ കൽ പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക, ക്ഷമ, ദേഹേച്ഛകൾക്ക് കടിഞ്ഞാണിടൽ, പാപമോചനം തേടൽ, ഖേദിച്ചു മടങ്ങൽ, ശത്രുവിനെതിരിൽ അല്ലാഹുവോട് രക്ഷ തേടൽ തുടങ്ങിയവയുടെയും മനസ്സിന് ഒരിക്കലും നിരൂപിക്കാൻ സാധിക്കാത്തത്രയും പ്രയോജനങ്ങളുള്ള മറ്റു ആരാധനാ രീതികളുടെയും ആവശ്യമുണ്ടാകുമായിരുന്നില്ല.
2. പിശാചിന്റെ സൃഷ്ടിപ്പിലൂടെ വിപരീത വസ്തുക്കളെ സൃഷ്ടിക്കാനുള്ള അല്ലാഹുവിന്റെ കഴിവാണ് പ്രകടമാകുന്നത്. ആത്യന്തിക തിന്മയായ ഈ ജീവിയെ സൃഷ്ടിച്ച അല്ലാഹു നേർവിപരീതമായി പരിശുദ്ധനായ ജിബ്‌രീലിനെയും സൃഷ്ടിച്ചു. രാവ്-പകൽ, രോഗം-സൗഖ്യം, ജീവിതം-മരണം എന്നീ പരസ്പരവിരുദ്ധ കാര്യങ്ങളെയും അല്ലാഹു സൃഷ്ടിച്ചിട്ടുണ്ട്. സൃഷ്ടികളുടെ മേലുള്ള അല്ലാഹുവിന്റെ പൂർണമായ കഴിവും നിയന്ത്രണവുമാണ് ഇത് പ്രകടമാക്കുന്നത്.
3. പിശാചിന്റെ സൃഷ്ടിപ്പിലൂടെ തിന്മയും ധിക്കാരവും നിലവിൽവന്നു. അത് അല്ലാഹുവിന്റെ പല വിശിഷ്ട നാമങ്ങളും വിശേഷണങ്ങളും പ്രകടമാകാൻ കാരണമാകുന്നു. ഒരു വശത്ത് കാരുണ്യം, സഹനം, ദയാദാക്ഷീണ്യം, മാപ്പ് കൊടുക്കൽ, ഉദാരത, മഹാമനസ്‌കത എന്നീ ഗുണങ്ങൾ; മറുവശത്ത് ആധിപത്യം, അപ്രതിരോധ്യത, കീഴ്‌പ്പെടുത്തൽ, പ്രതികാരം, ശിക്ഷ തുടങ്ങിയ വിശേഷണങ്ങൾ.
4. പിശാചിന്റെ പാപമില്ലായിരുന്നെങ്കിൽ നന്മതിന്മകൾ തമ്മിലും, ധാർമികതയും അധാർമികതയും തമ്മിലും, ഒരു പ്രവാചകനും ഒരു പിശാചും തമ്മിലും വേർതിരിച്ചറിയാൻ നമുക്ക് സാധിക്കുകയില്ലാ യിരുന്നു. അവന്റെ പാപമില്ലായിരുന്നെങ്കിൽ, അല്ലാഹുവിന്റെ സൃഷ്ടികളിൽ ഏറ്റവും ഉത്തമനായ മുഹമ്മദിനെﷺയും മറ്റു മനുഷ്യരെയും നമുക്കൊരിക്കലും വേർതിരിച്ച് അറിയുമായിരുന്നില്ല.
കുറിപ്പുകൾ:
6. ശിഫാഉൽ അലിൽ, പേജ് 509-510.
7. ശിഫാഉൽ അലിൽ, പേജ് 512,
8. ബസ്സാർ, ബൈഹക്വി എന്നിവരും മറ്റും. അൽബാനി ഇത് സ്വഹീഹാണെന്ന് സ്ഥിരീകരിച്ചു. അസ്സ്വഹീഹ 1642.
