ശീഇസം; വൈരുധ്യങ്ങളുടെ കലവറ
മുജീബ് റഹ്‌മാൻ സ്വലാഹി കരുവാരകുണ്ട്
2025 മെയ് 24, 1446 ദുൽഖഅദ് 22

ഇസ്‌ലാം പ്രപഞ്ചനാഥൻ മാനവരാശിക്ക് സമ്മാനമായി നൽകിയ പ്രകാശമാണ്. സങ്കീർണതകളിൽ നിന്നും സന്ദേഹങ്ങളിൽനിന്നും മുക്തമായ സുതാര്യമായ സന്ദേശമാണത്.ലാളിത്യവും പ്രായോഗികതയുമാണ് അതിന്റെ സവിശേഷത. അതുകൊണ്ടുതന്നെ അത് പെട്ടെന്ന് ലോകമാകെ പടർന്നു. ആ പ്രകാശത്തെ കെടുത്തിക്കളയാൻ എക്കാലത്തും ശ്രമങ്ങൾ നടന്നിട്ടുണ്ട്. എല്ലാം വിഫലമാവുകയാണ് ചെയ്തിട്ടുള്ളത്. ഇസ്‌ലാമിന്റെ വളർച്ചയെ പുറമെനിന്ന് പ്രതിരോധിക്കാൻ സാധ്യമല്ലെന്ന ബോധ്യത്തിൽനിന്നാണ് അതിനെ വികൃതമാക്കി അവതരിപ്പിക്കാനുള്ള വിഫലശ്രമം പലരും നടത്തിയിട്ടുള്ളത്.
അത്തരം ശ്രമം നടത്തി ഭിന്നിച്ചുപോയവരിലെ ഒരു വിഭാഗമാണ് ശീഇകൾ (ശിയാക്കൾ). പൗലോസ് എന്ന വ്യക്തി ഈസാ നബി(അ) പ്രബോധനം ചെയ്ത സത്യസന്ദേശത്തെ വികലമാക്കാൻ ശ്രമിച്ചതുപോലെ, ഇസ്‌ലാമിന്റെ സുന്ദരമുഖത്തെ വികൃതമാക്കാൻ പണിയെടുത്ത വ്യക്തിയാണ് ഇബ്‌നുസബഅ്. അലി(റ)യിൽ ദൈവികതയും പ്രവാചകത്വവുമൊക്കെ ചാർത്തി പ്രചരിപ്പിച്ച് അയാൾ ഇസ്‌ലാമികാദർശത്തെ വികലമാക്കാൻ ശ്രമിച്ചു. നബികുടുബത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ് രംഗത്തിറങ്ങിയാൽ എളുപ്പത്തിൽ കാര്യം നേടാമെന്ന് കണക്കുകൂട്ടി. തങ്ങളുടെ ഇമാമുകൾ പാപസുരക്ഷിതരാണെന്നും അല്ലാഹുവിൽനിന്ന് സന്ദേശം നേരിൽ ലഭിക്കുന്നവരാണെന്നുമൊക്കെ ശീഇകൾ പ്രചരിപ്പിച്ചു.
വൈരുധ്യങ്ങളും കെട്ടുകഥകളും
വൈരുധ്യങ്ങൾ അസത്യത്തിന്റെ മുഖമുദ്രയാണ്. മനുഷ്യനിർമിത ആശയാദർശങ്ങളിൽ ഭിന്നതകളും വൈരുധ്യങ്ങളും അപ്രായോഗികതകളും കാണപ്പെടുക സ്വഭാവികം. ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണമായ ക്വുർആനിന്റെ ദൈവികതയും സത്യസമ്പൂർണതയും തെളിയിക്കുന്ന ഒന്നാണ് അത് വൈരുധ്യങ്ങളിൽനിന്നും മുക്തമാണ് എന്നത്.
“അവർ ക്വുർആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കൽ നിന്നുള്ളതായിരുന്നെങ്കിൽ അവരതിൽ ധാരാളം വൈരുധ്യം കണ്ടെത്തുമായിരുന്നു’’ (4:82).
ശിയാക്കളുടെ സ്വയംകൃത മതം വൈരുധ്യങ്ങളും കെട്ടുകഥകളും നിറഞ്ഞതാണ്; തികച്ചും ഇസ്‌ലാമിക വിരുദ്ധമാണ്.
ഇമാമത്തും പാപസുരക്ഷിതത്വവും
ശീഈ വിശ്വാസത്തിന്റെ മൗലികവശമാണ് ഇമാമത്തും ഇമാമുമാരുടെ പാപസുരക്ഷിതത്വവും. നുബുവ്വത്തിന് (പ്രവാചകത്വം) സമാനമാനമായ പദവിയാണ് ഇവരുടെ പക്കൽ ‘ഇമാമത്ത്.’ ഒരുവേള പ്രവാചകത്വത്തിന്റെയും മീതെയാണെന്ന് തോന്നിപ്പിക്കുന്ന പരാമർശങ്ങളും ശീഈ ഗ്രന്ഥങ്ങളിൽ കാണുവാൻ സാധിക്കും. അല്ലാഹു പ്രവാചകന്മാരെ തെരഞ്ഞെടുക്കുന്നതുപോലെ തങ്ങളുടെ ഇമാമുമാരെയും തെരത്തെടുക്കുമെന്ന് അവർ വിശ്വസിക്കുന്നു. ഇമാമത്തിൽ വിശ്വസിച്ചാൽ മാത്രമെ യഥാർഥ വിശ്വാസിയാകൂ എന്നും ഇവർ ജൽപിക്കുന്നു. ഇമാമുകളിൽ വിശ്വസിക്കാത്തവർ ജൂത-ക്രൈസ്തവരെക്കാൾ വലിയ നിഷേധികളാണെന്നുവരെ പ്രസ്താവിക്കുന്നതിൽ യാതൊരു ലജ്ജയും ഇവർക്കില്ല. അലി(റ)യുടെ ഇമാമത്ത് നിഷേധിക്കുന്നത് മുഴുവൻ പ്രവാചകന്മാരെയും തള്ളികളയുന്നതിന് സമാനമാണെന്നും ഇവർ വാദിക്കുന്നു. സ്വഹാബിമാരെ അവമതിച്ചുകൊണ്ട്, നബികുടുംബത്തെ ആദരിക്കുക എന്ന ലേബലിൽ ഇസ്‌ലാമിനെ വക്രീകരിക്കുവാനുള്ള ശ്രമമാണ് അന്ന് ശീഇകൾ തുടങ്ങിവച്ചത്.
ഇമാമുകൾ പാപസുരക്ഷിതരാണെന്ന ശീഈ വിശ്വാസത്തിന്റെ ആണിക്കല്ലിളക്കുന്ന ധാരാളം തെളിവുകൾ അവരുടെ തന്നെ കിതാബുകളിൽ കാണാം. മാതൃകക്ക് ചിലത് ചുവടെ ചേർക്കുന്നു:
ഹസൻ(റ), ഹുസൈൻ(റ) എന്നിവരുടെ കൂടെപ്പിറപ്പായ ഉമ്മുകുൽസൂമിനെ ഉമർ(റ)വിന്-ഉമർ(റ) അവരുടെ വിശ്വാസപ്രകാരം കാഫിറാണല്ലോ-വിവാഹം ചെയ്ത കൊടുത്തത്.
ഈ വിവാഹം ശീയാക്കൾ അംഗീകരിക്കുന്ന കൃതികളിൽ സ്ഥിരപ്പെട്ടതാണ്. ഇവിടെ രണ്ടിലൊരു കാര്യം അംഗീകരിക്കാൻ ഇവർ നിർബന്ധിതരാവും. സ്വന്തം മകളെ ഒരു ‘കാഫിറിന്ന്’ വിവാഹം ചെയ്ത കൊടുക്കുക വഴി അലി(റ) പാപസുരക്ഷിതനല്ലെന്ന് സമ്മതിക്കേണ്ടി വരും. അലി(റ) തന്നെ പാപം സംഭവിക്കുന്ന വ്യക്തിയാണെന്ന് വന്നാൽ മറ്റു ഇമാമുകളുടെ കാര്യം പറയാനില്ലല്ലോ.
നബിﷺയുടെ ക്വബ്‌റിന്റെ ചാരത്താണ് അബുബക്കർ(റ), ഉമർ(റ) എന്നിവരുടെ ക്വബ്ർ. ശിയാക്കളുടെ വീക്ഷണത്തിൽ ഈ മഹാന്മാർ കാഫിറുകളാണ്. കാഫിറുകളെ എങ്ങനെ നബി ﷺയുടെ ക്വബ്‌റിന്റെ ചാരത്ത് മറമാടും? അലി(റ)എങ്ങനെ അത് അംഗീകരിച്ചു കൊടുത്തു? മഅ്‌സൂമായ ഒരു വ്യക്തിയിൽ നിന്ന് ഇങ്ങനെ സംഭവിക്കുമോ? ഒന്നുകിൽ രണ്ടു ഖലീഫമാരും മുസ്‌ലിംകളായിരുന്നുവെന്ന സത്യം ഇവർക്ക് സമ്മതിക്കേണ്ടിവരും. അല്ലെങ്കിൽ അലി(റ) തന്റെ ആദർശത്തിൽ വഞ്ചന കാണിച്ചുവെന്ന് വിശ്വസിക്കാൻ ഇവർ നിർബന്ധിതരാണ്.
പാപ സുരക്ഷിതനെന്ന് ശിയാക്കൾ വിശ്വസിക്കുന്ന അലി(റ) ഈ രണ്ടു ഖലീഫമാർക്കും ബൈഅത്ത് ചെയ്യുകയും അവരുടെ ഭരണത്തിൽ സംതൃപ്തനായി കഴിയുകയും ചെയ്തു. പത്ത് വർഷത്തിലധികം ഉമർ(റ)വിന്റെ ഭരണത്തിൽ ശ്രദ്ധേയമായസേവവനമനുഷിക്കുകയും ചെയ്തു. ഇത് ഒരു ചരിത്ര വസ്തുതയാണ് .
ഒട്ടും ഭയമില്ലാതെ സത്യം തുറന്ന് പ്രഖ്യാപിച്ചിരുന്ന ധീരനായിരുന്നു അലി(റ). ഇബ്‌നു മുൽജിമിന്റെ കരങ്ങളാൽ രക്തസാക്ഷിത്വം വരിക്കുന്നതുവരെയും ഈ ഗുണം അദ്ദേഹത്തിൽ ജ്വലിച്ചുനിന്നിരുന്നു. അബുബക്കർ(റ), ഉമർ(റ), ഉസ്മാൻ(റ) എന്നിവരെ അദ്ദേഹം ആക്ഷേപിച്ചിട്ടില്ല. തനിക്ക് ലഭിക്കേണ്ട അധികാരം തട്ടിയെടുത്തു എന്ന് ആരോപിച്ചിട്ടില്ല. അനീതിക്കെതിരിൽ അദ്ദേഹം മൗനം പാലിച്ചു എന്നാണോ വിശ്വസിക്കേണ്ടത്? അത് പാപമല്ലേ? പാപസുരക്ഷിതൻ അത് ചെയ്യുമോ?
രണ്ടിലൊരു കാര്യം സമ്മതിക്കാൻ ശിയാക്കൾ നിർബന്ധിതരാണ്. ഒന്നുകിൽ അലി(റ) പാപമുക്തനല്ല എന്ന്, അല്ലെങ്കിൽ അബൂബക്കർ(റ), ഉമർ(റ) എന്നിവർ സത്യസന്ധരും സത്യവിശ്വാസികളുമാണെന്ന്. രണ്ടിൽ ഏത് സമ്മതിച്ചാലും ശിയായിസത്തിന്റെ അടിത്തറയാണ് തകരുക!
തങ്ങളുടെ ഇമാമുകൾക്ക് അവർ എപ്പോഴാണ് മരിക്കുക എന്ന് അറിയാം, തന്നിഷ്ടപ്രകാരമല്ലാതെ അവരുടെ മരണം സംഭവിക്കില്ല എന്നും ഇവരുടെ കിതാബുകളിലുണ്ട്. അതേസമയം, ഒരു ഇമാമും സ്വഭാവിക മരണം വരിക്കുന്നില്ലെന്നും വധിക്കപ്പെടുകയോ വിഷമേറ്റ് ചരമം പ്രാപിക്കുകയോ ആണ് ചെയ്യുകയെന്നും എഴുതിവയ്ക്കുന്നു!
തങ്ങളുടെ ഇമാമുകൾ അദൃശ്യജ്ഞാനികളാണെന്ന് ഇവർ പ്രചരിപ്പിക്കുന്നു. എന്നാൽ ഹുസൈൻ(റ) കർബലയിൽ ദാഹവിവശനായി മരിച്ചുവെന്ന് അവർതന്നെ സാക്ഷ്യപ്പെടുത്തുന്നു. ‘അദൃശ്യജ്ഞാനിയായ’ ഇമാം എന്തേ മതിയായ വെള്ളം ഒരുക്കിവച്ചില്ല? ആവശ്യമായ വെള്ളം തയ്യാറാക്കിവയ്ക്കുകയെന്നതും താഴെ പറയുന്ന ക്വുർആൻ വചനത്തിന്റെ പരിധിയിൽ വരുന്ന കാര്യമല്ലേ?
“അവരെ നേരിടാൻ വേണ്ടി നിങ്ങളുടെ കഴിവിൽ പെട്ട എല്ലാ ശക്തിയും കെട്ടിനിർത്തിയ കുതിരകളെയും നിങ്ങൾ ഒരുക്കുക. അതുമുഖേന അല്ലാഹുവിന്റെയും നിങ്ങളുടെയും ശത്രുവെയും, അവർക്ക് പുറമെ നിങ്ങൾ അറിയാത്തവരും അല്ലാഹു അറിയുന്നവരുമായ മറ്റുചിലരെയും നിങ്ങൾ ഭയപ്പെടുത്തുവാൻ വേണ്ടി...’’ (8:60).
ഇമാമുമാർ അദൃശ്യമറിയുന്നവരാണെന്ന, ഇവരുടെ മൗലികവും പിഴച്ചതുമായ വിശ്വാസമാണ് ഇവിടെ നിലംപതിക്കുന്നത്. ഭക്ഷണത്തിൽ വിഷമുണ്ടെന്നറിഞ്ഞിട്ടും അത് കഴിക്കുന്നത് ആത്മഹത്യയാണ്. നരകമാണ് അതിനുള്ള ശിക്ഷ.
മഹാന്മാരായ സ്വഹാബിമാരും ശ്രേഷ്ഠരായ ഖലീഫമാരുമെല്ലാം ഇവർ പറയുന്ന ആരോപണങ്ങളിൽ നിന്നും പരിപൂർണമായും മുക്തരാണ്. അവരുടെ പേരിൽ കറ്റുകെട്ടി പറയുകയാണ് ശിയാക്കൾ ചെയ്യുന്നത്.

